Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രണം, നിണം, പണം
കഥ

രണം, നിണം, പണം

By Nisha PillaiOctober 15, 2023Updated:October 25, 20238 Comments8 Mins Read369 Views
Bookmark Now
Please login to bookmark Close

No account yet? Register

“അവള് വന്നോ ഗീതേ? എൻ്റെ മോൾ അമ്പിളി. “

കുഞ്ഞുകുട്ടിയമ്മ രണ്ടാമത്തെ മകൾ ഗീതയോടു ചോദിച്ചു. 

“ഇല്ലമ്മേ വന്നിട്ടില്ല. അടുത്ത വണ്ടിയ്ക്ക് വരുമായിരിയ്ക്കും. “

ചുക്കി ചുളിഞ്ഞ മെലിഞ്ഞ വിരലുകൾ കൊണ്ട് ആ അമ്മ പീള കെട്ടിയ കണ്ണുകൾ തടവി. 

“ആഹ് കുറെയായി ഞാനിതു കേൾക്കുന്നു. പിന്നെയാരാ അവിടെ വന്നത്. ഉമ്മറത്ത് ആരൊക്കെയോ സംസാരിയ്ക്കുന്ന ശബ്ദം കേൾക്കാനുണ്ടല്ലോ. “

കുഞ്ഞുക്കുട്ടി യമ്മ ഈ കിടപ്പ് തുടങ്ങിയിട്ട് വർഷം നാലഞ്ചായി. മൂത്ത മകൾ ശോഭന മുറിയിലേയ്ക്കു കയറി വന്നു, അനിയത്തി ഗീതയെ പുറത്തേയ്ക്കു പോകാൻ നിർബന്ധിച്ചു. 

“നീ അങ്ങോട്ടൊന്ന് ചെന്ന് നോക്കിക്കേ, വന്നവർക്ക് ചായയോ വെള്ളമോ എന്താന്ന് വച്ചാൽ കൊടുക്ക്. “

“എന്റെ ചേച്ചി പുറത്ത് നിന്ന് ആൾക്കാരൊക്കെ വരുന്നതല്ലേ, അമ്മയെ നല്ലൊരു വേഷമെങ്കിലും ധരിപ്പിക്കൂ. ഉള്ളതൊക്കെ അലമാരയിൽ കെട്ടി പൂട്ടി വച്ചിരിക്കുന്നതെന്തിനാ?”

“‘അമ്മ കൂടെ കൂടെ മൂത്രം ഒഴിക്കുമ്പോൾ മാറി കൊടുക്കണ്ടേ. ഞാൻ തന്നെ വേണ്ടേ ഇതൊക്കെ കഴുകാൻ. ഡയപ്പറിനൊക്കെ എന്താ വിലയെന്നറിയാമോ ഗീതേ. “

“അമ്മയ്ക്ക് നല്ല ബോധവും ഓർമ്മയും ഉണ്ടെന്ന് ചേച്ചി മറക്കരുത്. പണമൊക്കെ അമ്പിളി അയയ്ക്കുന്നുണ്ടല്ലോ. കുറച്ചൊക്കെ അമ്മയ്ക്ക് വേണ്ടി ഉപയോഗിച്ചൂടെ. “

കട്ടിലിന്റെ താഴെ, മഗ്ഗിൽ കരുതിയിരുന്ന വെള്ളത്തിൽ തോർത്ത് നനച്ചു ശോഭന അമ്മയുടെ കണ്ണുകളിലെ പീള തുടച്ചു മാറ്റി. അമ്മയുടെ നഗ്നമായ ശരീരത്തിൽ പുതച്ചിരുന്ന പുതപ്പു മാറ്റി, അമ്മയെ കസവു മുണ്ടു ഉടുപ്പിച്ചു, ഒരു പുതിയ ബ്ലൗസ് അമ്മയെ ധരിപ്പിപ്പിക്കുകയും ചെയ്തു. 

മുറിയിലേയ്ക്കു കയറി വന്ന ശോഭനയുടെ മകൻ വൈശാഖൻ അമ്മുമ്മയുടെ മെലിഞ്ഞ കൈകൾ തടവി. കുഞ്ഞുക്കുട്ടിയമ്മയുടെ മുഖം അവനോടുള്ള വാത്സല്യത്താൽ ദീപ്തമായി. 

“അമ്മയെ അച്ഛൻ ഉമ്മറത്ത് അന്വേഷിക്കുന്നു. ഞാനിരുന്നോളാം അമ്മുമ്മയ്ക്കു കൂട്ടായി. “

“എല്ലാവളുമാരും വന്നു എന്നെയങ്ങു കുറ്റപ്പെടുത്തുകയാണ്. ഞാനമ്മയെ നോക്കുന്നില്ലെന്ന്. “

“അത് സത്യമല്ലേ, ചിറ്റമ്മമാർ പറഞ്ഞതിലെന്താണ് തെറ്റ്. കൃത്യ സമയത്ത് ഭക്ഷണം എങ്കിലും കൊടുക്കണ്ടേ? മരുന്ന് മാറി കൊടുത്തത് കൊണ്ടല്ലേ അമ്മൂമ്മ തളർന്ന് വീണത്. “

“ഒന്ന് പതിയെ പറ ചെക്കാ, നീ എൻ്റെ വയറ്റിൽ പിറന്നത് തന്നെയാണോ?”

ശോഭന ദേഷ്യപ്പെട്ടു മുറിയിൽ നിന്നും ഇറങ്ങി പോയി. 

അമ്മുമ്മയുടെ കൈ എടുത്ത് മടിയിൽ വച്ച് വൈശാഖൻ കുഞ്ഞുക്കുട്ടിയമ്മയ്ക്കു പ്രിയങ്കരമായ അഷ്ടപദി മൂളാൻ തുടങ്ങി. 

യാഹി മാധവാ യാഹി കേശവ

അമ്മുമ്മയും കൊച്ചുമകനും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്. ഏറ്റവും മൂത്ത പേരകുട്ടിയായ വൈശാഖനെ ഗർഭത്തിൽ വച്ച് നശിപ്പിക്കാൻ മുതിർന്ന അമ്മുമ്മയാണ് കുഞ്ഞുക്കുട്ടിയമ്മ. ശോഭനയ്ക്ക് കല്യാണത്തിന് മുൻപേ ലഭിച്ച സമ്മാനമാണ് വൈശാഖൻ. പിന്നെയും ശോഭന മൂന്നു പെൺകുട്ടികൾക്ക് കൂടി ജന്മം കൊടുത്തെങ്കിലും കുഞ്ഞുകുട്ടിയമ്മയ്ക്കു വൈശാഖനോടാണ് ഏറ്റവും പ്രിയം. 

“മോനെ എന്താ അവിടെ എല്ലാവരും കൂടിയിരുന്നു സംസാരിക്കുന്നത്, ആരൊക്കെയോ പുറത്തൂ നിന്നും വന്നിട്ടുണ്ടല്ലോ. “

“അച്ഛൻ കൊച്ചച്ചന്മാരോട് രഹസ്യമായി എന്തൊക്കെയോ പറയുന്നത് കണ്ടു. എന്തൊക്കെയോ ഗൂഡാലോചനയാണ് അമ്മുമ്മേ. “

“എന്റെ അമ്പിളിയെക്കുറിച്ചാണോ മോനെ സംസാരം, അവിടെ, ആ രാജ്യത്ത് രണ്ടു മൂന്ന് ദിവസമായി യുദ്ധം ആണെന്നു ടി വി യിൽ പറയുന്നത് കേട്ടല്ലോ. അവൾ വിളിച്ചോ മോനെ.? ആരും അവളെക്കുറിച്ചൊന്നും പറയുന്നില്ലല്ലോ എന്നോട്. “

“അമ്മുമ്മേ, യുദ്ധം തുടങ്ങി സത്യമാണ്, പക്ഷെ അമ്പിളി ചിറ്റ സുരക്ഷിതയാണ്. അവിടെ ഭൂമിയ്ക്കടിയിൽ, ബങ്കറുകളിൽ ആളുകളെ പട്ടാളക്കാർ സുരക്ഷിതരായി ഇരുത്തും. ഒരു അപകടവുമില്ല. “

” ഞാൻ അവളോട് പറഞ്ഞതാ മോളിങ്ങ് മതിയാക്കി പോരെന്ന്, മതി സമ്പാദിച്ചത്, മടങ്ങി പോരാൻ. അവൾക്ക് വയസ്സ് നാൽപ്പതായി. ഇനിയെങ്കിലും അവൾക്കൊരു ജീവിതം വേണ്ടേ. കുടുംബത്തിനും സഹോദരങ്ങൾക്കും വേണ്ടി പതിനെട്ട് വർഷമായി കഷ്ടപെടുകയല്ലേ. അവൾ വരാൻ തയാറായതാണ്. പക്ഷേ ആ അമ്മ വിടണ്ടേ. അവള് കെയർ ടേക്കർ ആയി ജോലി ചെയ്യുന്ന വീട്ടിലെ അമ്മയ്ക്ക് വയസ്സ് തൊണ്ണൂറ്റിനാലായി, ഒരേ കിടപ്പു തന്നെ, അമ്പിളിയുടെ കൈ കൊണ്ട് എന്തെങ്കിലും കൊടുത്താലേ അവർ കഴിക്കൂ. എപ്പോഴും അവളെ കണ്ടു കൊണ്ടിരിക്കണം. അവർക്കു വേണ്ടി അവരുടെ മക്കൾ വാരിക്കോരിയാണ് പണം ചെലവാക്കുന്നത്, അതുകൊണ്ടാണ് നമ്മുടെ കുടുംബം പച്ച പിടിച്ചത്. നിനക്ക് ആ ഓർമ്മ വേണം. നിന്റെ അമ്മയും ചിറ്റമ്മമാരും പഴയതൊക്കെ മറന്ന മട്ടാണ്. അവൾക്കു ആ സ്ത്രീ സ്വന്തം അമ്മയെ പോലെ തന്നെയാ, പോറ്റമ്മ എന്നാ അവള് പറയുന്നേ. മരണം വരെ കൂടെയുണ്ടാകുമെന്ന് അവർക്ക് വാക്ക് കൊടുത്തത്രേ. “

അമ്മുമ്മയുടെ കണ്ണുകൾ വൈശാഖൻ മുണ്ടിന്റെ തുമ്പു കൊണ്ട് തുടച്ചു. കാഴ്ച മങ്ങിയ, ചെമ്പിച്ച കണ്ണുകൾ. നരച്ച കൺപീലികൾ. വീണതോടെ അമ്മുമ്മയ്ക്ക് പെട്ടെന്ന് പ്രായമായപോലെ. ഓർമ്മയ്ക്കിപ്പോഴും നല്ല തെളിച്ചമാണ്. 

“അമ്മുമ്മ കരയാതെ. കരഞ്ഞ് കരഞ്ഞ് കണ്ണുകൾ തടിച്ചു. ഞാനില്ലേ അമ്മൂമ്മയ്ക്ക്. “

“മോനെ അമ്പിളി നമ്മളെ വിട്ടു പോയോ? നിന്റെ അച്ഛനും അമ്മയും കൊച്ചച്ചന്മാരും ചിറ്റമ്മമാരും കൂടി സ്വത്തുക്കൾ ഭാഗം വയ്ക്കുന്നതിനെക്കുറിച്ച് സംസാരിയ്ക്കുന്നത് കേട്ടുവല്ലോ. ഞാനൊന്നു മയങ്ങിയപ്പോൾ അവൾ എന്റെ അടുത്ത വന്നിരുന്നത് പോലെ തോന്നി. കൂടെ വെളുത്തു തടിച്ച്, തല മറച്ച പ്രായമുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നു. പെറ്റമ്മയെ അവസാനമായി കാണാൻ പോറ്റമ്മയെ കൂട്ടി വന്നതാണോ അവൾ. അമ്മുമ്മയ്ക്കു സഹിക്കാൻ കഴിയുന്നില്ല മോനെ. “

“ഏയ് അങ്ങനെയൊന്നും സംഭവിയ്ക്കില്ല. ആ രാജ്യത്തെക്കുറിച്ച് അമ്മുമ്മയ്ക്കു അറിയാഞ്ഞിട്ടാണ്. അവർക്കു എല്ലാത്തിലും വലുത് അവരുടെ പൗരന്മാരാണ്. “

“നിനക്കറിയാമല്ലോ നമ്മുടെ കുടുംബത്തിൻ്റെ കഥ. അമ്മുമ്മ ഇനി അധികകാലം ഉണ്ടാകില്ല. എനിക്കെന്തെങ്കിലും സംഭവിയ്ക്കുന്നതിനു മുൻപ് ചെയ്യാനുള്ളത് ചെയ്തിരിക്കണം. നീ ആ വാതിലൊന്നു അടയ്ക്കൂ, അവർ ഇൻഷുറൻസ് തുകയെ പറ്റി പറയുന്നത് ഞാൻ കേട്ടു. എന്റെ മകളുടെ ജീവന്റെ വിലയാണത്. അവളുടെ ചോരപ്പണം, അത് സ്വന്തമാക്കുന്നത് ആർക്കും നല്ലതല്ല. അത് പാവങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കണം. അതിനു എനിക്ക് നിന്റെ സഹായം വേണം. “

“അമ്മുമ്മ പറഞ്ഞോളൂ ഞാൻ എന്ത് ചെയ്യണമെന്ന്?”

അമ്മുമ്മ പറഞ്ഞു കുടുംബത്തിൻ്റെ കഥകൾ വൈശാഖാനറിയാമായിരുന്നു. അത് കേട്ട് കേട്ട് വളർന്നത് കൊണ്ട് അമ്മയോട് അവന് ഒരു ഇഷ്ടക്കേട് കുഞ്ഞിലെ മുതൽ ഉണ്ടായിരുന്നു. 

അമ്മുമ്മയെ വിവാഹം കഴിച്ചു ഈ നാട്ടിലേയ്ക്ക് കൊണ്ട് വരുമ്പോൾ അമ്മുമ്മയ്ക്കു വെറും ഇരുപത്തഞ്ച് വയസ്സ് പ്രായം. അപ്പുപ്പനാകട്ടെ ആ പട്ടണത്തിലെ ഫാക്ടറിയിലെ ജോലിക്കാരനും. അപ്പൂപ്പന്റെ സുഹൃത്തായ വിശ്വംഭരൻ മാമനും കുടുംബവും അടുത്ത വീട്ടിലായിരുന്നു താമസം. അവർക്കു മൂന്നു പെൺകുട്ടികളും അപ്പൂപ്പന് നാലു പെൺകുട്ടികളും. ദാരിദ്ര്യത്തിലും സന്തോഷത്തോടെ കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങൾ. 

രാത്രി പന്ത്രണ്ടു മണിയുടെ ജോലി ഷിഫ്റ്റ് കഴിഞ്ഞു കൂട്ടുകാരൊന്നിച്ച് വീടുകളിലേക്ക് സൈക്കിളിൽ മടങ്ങുന്നു. പെട്ടെന്ന് അതിവേഗതയിൽ വന്ന ഒരു കാർ അപ്പൂപ്പനെ ഇടിയ്ക്കുന്നു. കാറോടിച്ചിരുന്നയാൾ അന്നത്തെ ധനമന്ത്രിയുടെ അരുമ പുത്രനായിരുന്നു. അയാളാകട്ടെ മദ്യ ലഹരിയിൽ ആടിയാടി കാറിൽ നിന്നിറങ്ങി വന്നു. പിറകെ ആ കാറിന്റെ ഡ്രൈവറും. മന്ത്രിപുത്രന്റെ വാശിയ്ക്കു വഴങ്ങി താക്കോൽ കൈമാറിയതിനുള്ള ശിക്ഷ, അയാൾ തന്റെ ഗതികേടിനെ ശപിച്ചു. തറയിൽ വീണ് കിടക്കുന്ന അപ്പൂപ്പന് അനക്കമൊന്നും ഉണ്ടായില്ല, എന്നാലും എത്രയും പെട്ടെന്ന് ആശുപത്രിയിൽ ആക്കിയിരുന്നെങ്കിൽ ചിലപ്പോൾ രക്ഷപെട്ടേനെ. അപ്പൂപ്പന് അനക്കമില്ലെന്നു കണ്ടപ്പോൾ മന്ത്രി പുത്രനെ വലിച്ചു കാറിൽ കയറ്റി ഡ്രൈവർ കാറുമായി രക്ഷപ്പെട്ടു. വളരെ വൈകി ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് അപ്പൂപ്പനെ രക്ഷപെടുത്താൻ കഴിഞ്ഞില്ല. 

അപ്പൂപ്പന്റെ ജീവനാംശത്തിനു വേണ്ടി അമ്മുമ്മ കുറെ കേസും കോടതിയുമായി കയറി നടന്നു. അപ്പൂപ്പന്റെ ആത്മാർത്ഥ സുഹൃത്തും കാറിന്റെ ഡ്രൈവറുമായിരുന്നു ദൃക്‌സാക്ഷികൾ. രണ്ട് പേരും ചതിച്ചു. കോടതിയിൽ മൊഴിമാറ്റി പറഞ്ഞു അവർ രക്ഷപെട്ടു. വിശ്വംഭരന്റെ കുടുംബത്തിനാകട്ടെ പിന്നെ നല്ല ഉയർച്ചയായിരുന്നു. മന്ത്രിയുടെ സഹായത്താൽ അവർ നഗരത്തിൽ നല്ലൊരു വീട് വാങ്ങുകയും കുടുംബവുമായി അങ്ങോട്ടേയ്ക്ക് താമസം മാറുകയും ചെയ്തു. പിന്നെ ആ കുടുംബം അമ്മുമ്മയെ സമൂഹത്തിന്റെ മുന്നിൽ വലിയൊരു അപരാധിയാക്കി മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അമ്മുമ്മയുടെ സ്വഭാവ ദൂഷ്യം കൊണ്ടാണ് അപ്പൂപ്പന് അപമൃത്യു സംഭവിച്ചെന്ന് പറഞ്ഞു നടന്നു. 

അമ്മുമ്മ കരുത്തയായ ഒരു സ്ത്രീയായിരുന്നു. അപ്പുപ്പൻ മരിക്കുമ്പോൾ കുഞ്ഞായിരുന്ന ഇളയ മകൾ അമ്പിളിയെയും കൊണ്ട് അമ്മുമ്മ പാറമടയിൽ ജോലിയ്ക്കു പോയി തുടങ്ങി. പെൺകുട്ടികൾ നാല് പേരും വളർന്നു. ഇളയമകൾ ഒഴിച്ച് ബാക്കി മൂന്നു പേരും പത്താം തരം കഷ്ടിച്ച് ജയിച്ചു. അമ്പിളി പഠിയ്ക്കാൻ മിടുക്കിയായിരുന്നു. പിന്നെ അവരും അമ്മയെ സഹായിക്കാനായി ചെറിയ ജോലികൾക്കു പോയി തുടങ്ങി. 

മൂത്ത മകൾ ശോഭന അടുത്ത പട്ടണത്തിലെ വക്കീൽ ഓഫീസിൽ ടൈപ്പിസ്റ്റ് ആയി പോകാൻ തുടങ്ങി. സ്ഥിരമായി പോകുന്ന പ്രൈവറ്റ് ബസിന്റെ ഡ്രൈവറുമായി അവൾ ലോഹ്യത്തിലുമായി. 

അവിവാഹിതയായ മകൾ ഗർഭിണി ആണെന്ന് അറിഞ്ഞ ദിവസം ആരുമറിയാതെ രാത്രി ഭക്ഷണത്തിൽ കുഞ്ഞുക്കുട്ടിയമ്മ വിഷം കലർത്തി. എല്ലാവരും ഒന്നിച്ചു മരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഇളയ മകൾ അമ്പിളി ആ കാഴ്ച കണ്ടു വന്നത് കൊണ്ട്, അമ്മയ്ക്ക് ആ മകളോട് എല്ലാം തുറന്നു പറയേണ്ടി വന്നു. നാലു പെണ്മക്കൾ, മൂന്നുപേരും പുര നിറഞ്ഞു നില്ക്കുന്നു. 

അന്നന്നത്തെ അന്നം തന്നെ കഷ്ടിച്ചാണ് സംഘടിപ്പിയ്ക്കുന്നത്. കെട്ടിച്ചു വിടാൻ നിവൃത്തിയില്ല. മൂത്ത മകൾക്കു വയസ്സ് ഇരുപത്തിയാറായി, പോരെങ്കിൽ ഇപ്പോൾ പേരുദോഷം കേൾപ്പിച്ചു നിൽക്കുകയാണ്. നിസ്സഹായായ അമ്മ എന്ത് ചെയ്യാനാണ്?. 

ഇളയമകൾ ഒരു തീരുമാനം പറഞ്ഞു, അവളുടെ കൂട്ടുകാരി ദൂരെ എങ്ങോ ഉള്ള ഒരു രാജ്യത്തു ഹോം നേഴ്സ് ആണ്. പ്രായമായവരെ വീട്ടിൽ നിന്ന് ശുശ്രൂഷിക്കുക, നല്ല ശമ്പളം കിട്ടും. മകളെ അന്യദേശത്തേയ്ക്കു വിടാൻ ആഗ്രഹമുണ്ടായിട്ടല്ല. പക്ഷെ കുടുംബത്തിന് പറ്റിയ നാണക്കേട് പുറത്തറിയുന്നതിനു മുൻപ് മൂത മകളുടെ വിവാഹം നടത്തുക. പിറ്റേ ദിവസം തന്നെ അമ്മ മൂത്ത മകളുടെ കല്യാണത്തിന്റെ തീരുമാനമെടുത്തു. ഇളയ മകളെ വിദേശത്തേയ്ക്ക് ജോലിയ്ക്കയക്കാൻ തീരുമാനിച്ചു. 

മറ്റു മക്കൾക്ക് അമ്മയുടെ പ്രയാസങ്ങൾ ഒന്നും മനസിലായില്ലയെങ്കിലും, അമ്മയുടെ മൗനത്തിന്റെ അർത്ഥങ്ങൾ പോലും ഇളയമകൾ എളുപ്പത്തിൽ മനസിലാക്കി. 

“അമ്മ ഇത് എന്ത് ഉദ്ദേശിച്ചാണ്. വീടിനു ചീത്തപ്പേരുണ്ടാക്കാനാണോ ഇവളെ വിദേശത്തേയ്ക്ക് അയയ്ക്കുന്നത്? അച്ഛനുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഈ വീട്ടിൽ നടക്കത്തില്ലായിരുന്നു.”

രണ്ടാമത്തെ മകൾ ഗീത അമ്മയോട് ദേഷ്യപ്പെട്ടു. 

“ഈ വീട്ടിൽ ആരും ചീത്ത പേരുണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കത്തുമില്ല. “

“പിന്നെ! പിന്നെ വിശ്വംഭരൻ മാമന്റെ അവിടുത്തെ മാമി എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ ചില കാര്യങ്ങൾ. ചീത്തപ്പേരുണ്ടാക്കിയിട്ടില്ലായെന്ന്.”

മൂത്ത മകൾ ശോഭന അമ്മയോട് തട്ടി കയറി. അമ്മ മകളുടെ അടുത്തേയ്ക്കു കുതിച്ചടുത്തു, വലതുകാലിന്റെ മുട്ട് മകളുടെ അടിവയറ്റിലേയ്ക്ക് മൃദുവായി അമർത്തി. 

“മിണ്ടാതിരി നശൂലമേ. നിനക്ക് എന്ത് അവകാശമാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ, കല്യാണത്തിന് മുൻപേ വയറ്റിലാക്കി കൊണ്ട് വന്ന് അവൾ ചാരിത്ര പ്രസംഗം നടത്തുന്നു. “

ഇത് കേട്ട് ഗീതയും രോഹിണിയും അമ്പരന്നു. അമ്മയും അമ്പിളിയും എല്ലാവരിൽ നിന്നും ഒളിപ്പിച്ചു വച്ച രഹസ്യം എല്ലാവരും അറിഞ്ഞ നിമിഷം. 

“നിന്റെയും നിന്റെ ഇളയ രണ്ടു സഹോദരിമാർക്കും വേണ്ടിയാണു ഇവളെ ഞാൻ വിദേശത്തേയ്ക്ക് വിടുന്നത്. നല്ല ശമ്പളമുള്ള ജോലിയാണ്. കുടുംബം രക്ഷപെടുന്നെങ്കിൽ ആയിക്കോട്ടെ. പിന്നെ നീ നേരത്തെ പറഞ്ഞ വിശ്വംഭരൻ മാമൻ, അയാളുടെ കുടുംബം എങ്ങനെയാ രക്ഷപ്പെട്ടതെന്ന് നിനക്കറിയാമോ. അയാൾ കള്ള സാക്ഷി പറഞ്ഞതിന്റെ കൂലി. നിന്റെ അച്ഛന്റെ ചോരപ്പണം കൊണ്ട് അയാൾക്ക്‌ വീടും നല്ല ജോലിയും മക്കൾക്ക് നല്ല ഭാവിയും ഉണ്ടായി. ഞാൻ ഒന്നും ചെന്ന് ചോദിയ്ക്കാതിരിക്കാനായി എന്നെ കുറിച്ച് ഇല്ലാക്കഥകൾ ഉണ്ടാക്കി നാട്ടിൽ പ്രചരിപ്പിച്ചു. ഞാൻ പറഞ്ഞതൊക്കെ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം. ജീവിക്കുന്ന കാലം നല്ലവരായി ജീവിക്കുക, അതിനു പറ്റിയില്ലെങ്കിൽ നിങ്ങളുടെ മരണം എന്റെ കൈ കൊണ്ടാകും. “

നാലു മക്കളും അമ്മയുടെ മുൻപിൽ തല കുമ്പിട്ടു നിന്നു കരഞ്ഞു. 

അമ്പിളി വിദേശത്തു പോയി, സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചു, കുടുംബം രക്ഷപെട്ടു, കഴിഞ്ഞ അഞ്ചു വർഷങ്ങൾ അവൾ ഒരു യഹൂദ കുടുംബത്തിനൊപ്പമാണ്. സ്വന്തം മകളെ പോലെ അവൾ ആ അമ്മയെ പരിചരിച്ചു. ഇപ്പോൾ ആ രാജ്യത്തു പെട്ടെന്നൊരു യുദ്ധം പുറപ്പെട്ടു. അമ്പിളിയുടെ ഒരു വിവരവുമില്ല. ജീവിച്ചിരിക്കുന്നോ? അതോ ശത്രു സൈന്യം കൊന്നു കാണുമോ?

വളരെ ദുഖത്തോടെ അമ്മുമ്മയുടെ അരികിൽ പഴയ ഓർമ്മകളുമായി വൈശാഖനിരുന്നു. 

“മോനെ വൈശാഖാ, അമ്പിളി ചിറ്റ മരിച്ചു എന്നൊരു തോന്നൽ. ഇനി വൈകിക്കൂടാ. അവൾ കഴിഞ്ഞ തവണ വന്നപ്പോൾ എന്നെ ഏല്പിച്ച ചില കാര്യങ്ങൾ നീ ആരുമറിയാത്ത എനിക്ക് നടത്തി തരണം. “

“എന്താ അമ്മുമ്മേ, എന്താ അങ്ങനെ ആരുമറിയാതെ. “

“എന്റെ മകൾക്കു ഒരു ആഗ്രഹമുണ്ട്. അനാഥരായ കുട്ടികളുടെ വിവാഹം. അവൾ വളരെ വലിയ തുകയ്ക്ക് ഇൻഷുറൻസ് എടുത്തിട്ടുണ്ട്. അതിവിടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരു പക്ഷെ അവൾ മരിച്ചാൽ അവളുടെ ഇൻഷുറൻസ് തുകയ്ക്കായി സഹോദരങ്ങൾ പരസ്പരം അടിയുണ്ടാക്കും. അങ്ങനെ അവർ അടിച്ചു നശിക്കും. അതിനു മുൻപ് ആ ഇൻഷുറൻസ് പേപ്പറുകൾ അവളുടെ വക്കീലിന്റെ അടുത്തെത്തിയ്ക്കണം. അയാൾ അവളുടെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാക്കി വേണ്ടത് ചെയ്തോളും. വിൽ പത്രമൊക്കെ അവൾ മുൻപ് തന്നെ തയാറാക്കി വച്ചിട്ടുണ്ട്. കാൽഭാഗം തുക സഹോദരങ്ങൾക്കും അമ്മയ്ക്കും. അമ്മയ്ക്കിനിയെന്തിനാ? സഹോദരങ്ങൾക്ക് ആവശ്യത്തിൽ അധികം വാരിക്കോരി നൽകിയില്ലേ. ഇനിയൊക്കെ അവളുടെ ഇഷ്ടപ്രകാരം നടക്കട്ടെ. “

“പക്ഷെ ആ വക്കീൽ ചതിച്ചാലോ അമ്മുമ്മേ. അതിനു സാധ്യതയില്ലേ. “

“ഇല്ല മോനെ. രാജു നാരായണനാണ് വക്കീൽ, അവളുടെ കൂട്ടുകാരിയുടെ ചേട്ടൻ. എല്ലാവരും ചീത്തയല്ല മോനെ, കുറെ നല്ല ആളുകളും ഈ ലോകത്തുണ്ട്. അവനു അവളെ വലിയ ഇഷ്ടമായിരുന്നു. മടങ്ങി വരുമ്പോൾ അവരുടെ വിവാഹം നടത്താമെന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു. “

അമ്മുമ്മ അലമാരയിലേയ്ക്ക് കൈചൂണ്ടി. 

“അവിടെ ഒരു വിദേശ നിർമിത പെട്ടിയുണ്ട്. നമ്പർ ലോക്കാണ്, ഒൻപത് ആറ് മൂന്ന് എന്ന് കൊടുത്താൽ തുറന്നു വരും. അതിലുള്ള പേപ്പറുകളുമായി, വീടിൻ്റെ പിൻവാതിൽ വഴി നീ വക്കീലിന്റെ അടുത്തേയ്ക്കു പൊയ്ക്കോളൂ. ആരും അറിയരുത്. ഞാൻ മരിച്ചു കഴിഞ്ഞു കർമങ്ങൾ കഴിഞ്ഞേ അവർ എല്ലാഅറിയാവൂ. “

പിൻവാതിൽ വഴി വക്കീലിനടുത്തേയ്ക്കു നടന്നപ്പോൾ പൂമുഖത്തെ ആൾക്കൂട്ടം വൈശാഖൻ ശ്രദ്ധിച്ചു. പതിവില്ലാതെ നാട്ടുകാരെല്ലാം ഒത്തു കൂടിയിരിക്കുന്നു. എന്തോ അപകടം മണക്കുന്നു. എന്തായാലും അമ്മുമ്മ ഏല്പിച്ച കാര്യം ചെയ്തു തീർക്കാനുണ്ട്. 

വക്കീൽ പറഞ്ഞറിഞ്ഞു അമ്പിളി ചിറ്റയ്ക്കു സംഭവിച്ചത്. ബങ്കറിൽ പോകാൻ തയാറെടുത്ത അമ്പിളിയെയും വൃദ്ധയെയും മുഖമൂടികൾ അണിഞ്ഞ രണ്ട് പേർ തടഞ്ഞു നിർത്തി. അവർ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് ആദ്യം വൃദ്ധയുടെയും പിന്നെ അമ്പിളിയുടെയും കഴുത്തറത്തു കൊന്നു. വൃദ്ധയുടെ മകനാണ് അമ്പിളിയുടെ വക്കീലിനെ കാര്യങ്ങൾ അറിയിച്ചത്. എംബസ്സി വഴിയുള്ള അറിയിപ്പ് വീട്ടിൽ വന്നിട്ടുണ്ട്. സ്വത്തിന്റെ കാര്യത്തിൽ അച്ഛനും കൊച്ചച്ചന്മാരും ഒത്തു തീർപ്പു എത്താത്തതിനാലാണ് എല്ലാവരിൽ നിന്ന് അവർ ആ വാർത്ത മറച്ചു വച്ചിരുന്നത്. പക്ഷെ പഞ്ചായത്ത് മെമ്പർ നാട്ടിൽ അറിയിച്ചപ്പോൾ കാര്യങ്ങൾ ലീക്കായി തുടങ്ങി. 

മടങ്ങിയെത്തിയ വൈശാഖൻ കണ്ടത് ഉമ്മറത്തെ ടീപ്പോയിൽ മാലയിട്ടു വച്ചിരിക്കുന്ന അമ്പിളി ചിറ്റയുടെ ഫോട്ടോ. അമ്മുമ്മയുടെ മുറിയാകെ അലങ്കോലമായി കണ്ടു. സാധനങ്ങൾ ചിന്നി ചിതറി കിടന്നിരുന്നു. അലമാരി തുറന്നു കിടക്കുന്നു. അമ്മുമ്മയ്ക്കു എന്താ പറ്റിയത്?ഒന്നും മനസിലാകാതെ അവൻ ചുറ്റു പാടും നോക്കി. നനഞ്ഞു കിടന്ന മെത്തയിൽ അലമാരയുടെ താക്കോൽ കൂട്ടം. 

“‘അമ്മ പോയി മോനെ. എൻ്റെ ചേട്ടൻ വന്നു നോക്കിയപ്പോൾ അമ്മയ്ക്ക് ശ്വാസം ഉണ്ടായിരുന്നില്ല. എല്ലാവരും കൂടി ആശുപത്രിയിൽ കൊണ്ട് പോയി. അലമാരി ആരൊക്കെയോ തുറന്നുവെന്ന് പറഞ്ഞു നിന്റെ അച്ഛന്റെ വക ഇവിടെ ഒരു ബഹളമായിരുന്നു. ചടങ്ങു കഴിഞ്ഞാൽ ഞങ്ങളൊക്കെ മടങ്ങും. മതിയായി ഇവിടെ. ” പിറകിൽ രോഹിണി ചിറ്റയാണ്

മുറിയിൽ തൂക്കിയിട്ടിരുന്ന അമ്മുമ്മയുടെ ഫോട്ടോ അവനെ നോക്കി കണ്ണിറുക്കി ചിരിച്ച് കാണിച്ചത് പോലെ അവനു തോന്നി. 

“അവളെന്നെ വന്നു വിളിച്ചു, ഞാൻ പോകുന്നു. നിന്റെ അച്ഛന് പണ്ടേ എന്നെ പറഞ്ഞയയ്ക്കാൻ ധൃതിയായിരുന്നു. ഇത്തവണ ഞാൻ പോകുന്നു. “

ആരോ അങ്ങനെ ചെവിയിൽ പറഞ്ഞ പോലെ അവനു തോന്നി. 

നിഷ പിള്ള

Post Views: 24
2
Nisha Pillai

8 Comments

  1. Shreeja R on October 20, 2023 9:50 PM

    👌👌

    Reply
    • Nisha Pillai on December 18, 2023 11:36 AM

      സ്നേഹം 🥰🥰

      Reply
  2. Manna Mereeza on October 17, 2023 6:23 PM

    Good one 👍

    Reply
    • Nisha Pillai on December 18, 2023 11:37 AM

      സ്നേഹം 🥰🥰

      Reply
  3. Nisha Pillai on October 17, 2023 10:18 AM

    സ്നേഹം സന്തോഷം

    Reply
    • Silvy Michael on October 20, 2023 4:08 PM

      സങ്കടം 🥰🥰🥰

      Reply
  4. Joyce Varghese on October 16, 2023 6:26 AM

    നല്ല രചന 👌😍👏

    Reply
    • Nisha Pillai on October 17, 2023 10:19 AM

      സ്നേഹം സന്തോഷം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.