ഉത്തർപ്രദേശിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായിരുന്നു മാധവ് സിംഗ്. അയാളുടെ അനന്തരവനായ കിരൺ കുമാർ സിംഗ് ആയിരുന്നു, പദ്‌മിനിയുടെ വരൻ. അയാളൊരു അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായിരുന്നു.
രഞ്ജി ട്രോഫിക്കിടയിൽ എതിർ ടീമിലെ ബൗളറുടെ ബീമർ ബോൾ മൂലം കിരണിന് സാരമായ പരിക്ക് പറ്റുകയും അയാൾ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയും ചെയ്തു. കിരൺ കുമാർ വളരെ സൽസ്വഭാവിയും സത്യസന്ധനും ആയിരുന്നു. പദ്‌മിനിയുടെ സമ്മതം കൂടാതെ തന്നെ അവളുടെ ഏട്ടന്മാർ അവളുടെ കല്യാണം തീരുമാനിച്ചു. അവളുടെ അമ്മയ്ക്ക് കല്യാണത്തിന് സമ്മതിക്കാതെ തരമില്ലായിരുന്നു. തുടർ പഠനമെന്ന പദ്മിനിയുടെ സ്വപ്നം അവിടെ അവസാനിച്ചു.
രണ്ടു വീട്ടുകാരുടെയും അന്തസ്സിന് യോജിച്ച തരത്തിൽ, ആർഭാടമായി പദ്‌മിനിയുടെ വിവാഹം നടത്തപ്പെട്ടു. പക്ഷെ ആ വിവാഹം ഒരു കെണിയായിരുന്നു. അവൾ വരന്റെ വീട്ടിലേയ്ക്ക് പോയതോടെ അവളുടെ അമ്മ മൂത്തചേട്ടന്റെ വീട്ടിലെ വേലക്കാരിക്ക് സമമായി മാറി. പദ്മിനി ചെന്ന് കയറിയ വീട് അവൾക്കു നരക തുല്യമായിരുന്നു. അമ്മായി അച്ഛനും അമ്മായിയമ്മയും അമ്മാവനും വേലക്കാരിയും ഭർത്താവും മാത്രമുള്ളൊരു വീട്. അവിടെയാർക്കും പുറംലോകവുമായി യാതൊരു ബന്ധവുമില്ല. അമ്മാവനായിരുന്നു വീടിന്റെ ഭരണം, വീട്ടിലെ ഓരോ ഇലയും അനങ്ങുന്നതു പോലും അയാളുടെ നിർദ്ദേശപ്രകാരമാണെന്നു അവൾക്കു വൈകാതെ മനസ്സിലായി.
രണ്ടാം ദിവസം അവൾ ആ സത്യം മനസിലാക്കി. അവളുടെ ഭർത്താവിൻ്റെ നിസ്സഹായത, ക്രിക്കറ്റ് ഗ്രൗണ്ടിലെ ആ ബീമർ അയാളുടെ ആണത്വത്തെ നശിപ്പിച്ചിരുന്നു. അയാൾ അവളോട് മാപ്പു പറഞ്ഞു. അവളുടെ കുടുംബത്തിൽ നിന്നും ലഭിച്ച വമ്പിച്ച സ്ത്രീധനം മാത്രം കണ്ടു കൊണ്ടാണ് അമ്മയും അമ്മാവനും ഈ വിവാഹം നടത്തിയത്. അമ്മാവൻ അവിവാഹിതനാണ്, അയാളുടെ ആവശ്യത്തിന് പദ്മിനി വഴങ്ങി കൊടുക്കണമെന്നാണ് അമ്മയുടെ നിർദ്ദേശം. അയാളെ മറ്റൊരു കല്യാണം കഴിക്കാൻ സഹോദരിയായ അമ്മായിയമ്മ സമ്മതിക്കില്ല. കുടുംബസ്വത്ത് വീതം വച്ച് നഷ്ടപ്പെടുമെന്ന ഭീതി. കിരൺ കല്യാണം കഴിച്ചാലും കുട്ടികൾ ഉണ്ടാകില്ലെന്ന സത്യം അവർ എല്ലാവരിൽ നിന്നും മറച്ച് വച്ചു. അമ്മാവൻ്റെ ആവശ്യത്തിനാണ് സുന്ദരിയായ ഒരു വേലക്കാരിയെ അമ്മ നിയമിച്ചിരിക്കുന്നത്.
പുതുപെണ്ണിന്റെ ആനുകൂല്യം ഒരാഴ്ച മാത്രമേ അവൾക്ക് ലഭിച്ചുള്ളു.
വേലക്കാരിയോടൊപ്പം അടുക്കളയിൽ അവളും കഷ്ടപ്പെട്ടു. അമ്മയുടെ കാലിൽ കുഴമ്പിട്ടു തടവലും, വെള്ളം ചൂടാക്കലും കുളിപ്പിക്കലും ഒക്കെ അവളുടെ മാത്രം ജോലിയായി മാറി. അവളെക്കാൾ സ്വാതന്ത്രം ആ വീട്ടിൽ ജോലിക്കാരിക്കുണ്ടായിരുന്നു.
പലപ്പോഴും വേലക്കാരി അമ്മാവന്റെ മുറിയിൽ നിന്നും ഇറങ്ങി പോകുന്നത് അവൾ കണ്ടിരുന്നു. ഈ വിവരങ്ങൾ കിരണിനോട് പങ്കു വച്ചപ്പോൾ അതൊക്കെ കണ്ടില്ലയെന്ന് വയ്ക്കാൻ അവളെ ഉപദേശിച്ചു.
വേലക്കാരി നാട്ടിൽ പോയൊരു രാത്രിയിൽ കിരണിന്റെ മാറിൽ ചേർന്നു ഉറങ്ങുമ്പോൾ, വാതിലിൽ ഒരു മുട്ട് കേട്ടു. ചെന്ന് തുറന്നപ്പോൾ അമ്മായിഅമ്മയാണ്.
“നീ ഇന്ന് രാത്രി മാധവിന്റെ മുറിയിലേക്ക് ചെല്ലൂ. “
അവളോട് അവർ പറഞ്ഞു. അവൾ നിസ്സഹായതയോടെ കിരണിനെ നോക്കി. അവൻ അമ്മയോട് കുറെ വഴക്കിട്ടെങ്കിലും അവർ അവളുടെ മുടിയിൽ പിടിച്ചു മുറിയിൽ നിന്നും പുറത്തിറക്കി. നിന്റെ സൗന്ദര്യവും സ്വത്തും കണ്ടു തന്നെയാണ് വിവാഹം കഴിച്ചത്. പക്ഷെ നിർഭാഗ്യവശാൽ അതൊന്നും കിരണിനു ഉപകരിക്കില്ല, അതിനുള്ള ഭാഗ്യം അവനില്ല. യോഗമുള്ളവർ വേറെ ഉണ്ട്. അവൾ എതിർത്ത് പറഞ്ഞെങ്കിലും അവർ മുഖമടച്ചു ഒരു അടി കൊടുത്തു. ദേഷ്യം വന്നിട്ട് കിരണിനോട് വായിൽ തോന്നിയതൊക്കെ അവൾ വിളിച്ചു പറഞ്ഞു.
മാധവ് സിംഗ് എന്ന ക്രൂരനായ രാഷ്ട്രീയക്കാരന് പക്ഷേ അവളോട് വാത്സല്യമായിരുന്നു, പ്രണയമായിരുന്നു. ഒരു സ്ത്രീയുമൊത്തൊരു ജീവിതം അയാളും ആഗ്രഹിച്ചിരുന്നു. അവൾക്കു വേണ്ടി ജീവൻ ത്യജിക്കാൻപോലും ആ അമ്പത്താറുകാരൻ തയ്യാറായി. ആദ്യമൊക്കെ വെറുപ്പായിരുന്നുവെങ്കിലും പതിയെ പതിയെ അവൾക്കും അയാളോട് അടുപ്പം തോന്നി തുടങ്ങി.
അവളുടെ മാറ്റം തിരിച്ചറിഞ്ഞ കിരൺ അവളോട് ചോദിച്ചു.
“രാവണനെ പ്രണയിക്കുന്ന സീതയോ?”
“എനിക്ക് അയാളോട് പ്രണയമൊന്നുമില്ല കിരൺ, ഈ നരകത്തിൽ നിന്നും രക്ഷപെടാനൊരു കച്ചി തുരുമ്പാണയാൾ. “
ഒരിക്കൽ കിരണിന്റെ കൈ അവൾ തന്റെ അടിവയറിൽ ചേർത്ത് വച്ചു. കിരണവളെ അദ്‌ഭുതത്തോടെ നോക്കി. അവളുടെ മുഖത്തെ രക്തത്തുടിപ്പും സ്തനങ്ങളുടെ വലിപ്പവും അവനിൽ സംശയം ജനിപ്പിച്ചു.
“മാല പറഞ്ഞു ഞാൻ ഗർഭിണിയാണെന്ന്. അമ്മ അറിഞ്ഞാൽ എന്റെ ഗർഭം നശിപ്പിക്കും. മാലയെ ആറേഴ് തവണ ഒരു മരുന്ന് കുടിപ്പിച്ചിട്ടുണ്ടെന്ന്. ഭയങ്കര വയറുവേദനയും രക്ത സ്രാവവും ഉണ്ടാകുമെന്ന്, കിരൺ എന്റെ കുഞ്ഞിനെ എനിക്ക് വേണം. ആരും അറിയരുത്. നമുക്ക് ഇവിടെ നിന്നും രക്ഷപെടാം. അല്ല നമുക്ക് രണ്ട് പേർക്കും ഇവിടെ നിന്നും രക്ഷപ്പെടാം. ഞാൻ ജോലി ചെയ്ത് ഈ കുഞ്ഞിനെ വളർത്താം. എനിക്ക് വേറെയൊന്നും വേണ്ട. ഈ ജീവിതത്തിൽ ഇനിയൊന്നും ഞാൻ നിങ്ങളോടു ആവശ്യപ്പെടില്ല. “
“ശരീ, നമുക്ക് ഇവിടെ നിന്നും രക്ഷപെടാം. നിന്നെ നഷ്ടപ്പെടുത്താൻ ഞാനും തയ്യാറല്ല. “
പക്ഷെ അവർക്കും മാലക്കും മാത്രം അറിയാവുന്ന രഹസ്യം താമസിയാതെ പരസ്യമായി. നിർത്താതെയുള്ള ശർദ്ദിയും, കൂടെ കൂടെയുള്ള തലചുറ്റലും അമ്മായിയമ്മയെ സംശയാലുവാക്കി. നാട്ടുവൈദ്യരുടെ നാടൻ മരുന്ന് അവൾക്കു നൽകിയെങ്കിലും അവൾ കൈ കൊണ്ട് തട്ടി കളഞ്ഞു.
മാധവ് സിംഗിന്റെ അഭാവത്തിൽ കിരണിന്റെ അച്ഛനും അമ്മയും അവളെ ബലമായി ഏതോ മരുന്ന് കുടിപ്പിച്ചു. വീടിനു പുറത്തെ സ്റ്റോർ റൂമിൽ പൂട്ടിയിട്ടു. അർദ്ധരാത്രിയിൽ അവളെ കിരണും മാലയും കണ്ടെത്തുമ്പോൾ വയറുവേദനയാൽ പുളയുന്ന, കാലുകൾക്കിടയിലൂടെ രക്തപ്പുഴ ഒഴുകുന്ന, മൃതാവസ്ഥയിലായ പദ്മിനിയെയാണ്. നിവർത്തിയില്ലാതെ കിരൺ ഡൽഹിയിലുള്ള മാധവ് സിംഗിനെ വിവരമറിയിച്ചു. അയാളുടെ നിർദ്ദേശത്താൽ, അയാളുടെ കരുണ കൊണ്ട് അവൾ ആശുപത്രിയിലാക്കപ്പെട്ടു.
ഒരാഴ്ച മാലയാണ് അവൾക്കു ആശുപത്രിയിൽ കാവലിരുന്നത്. പതിയെ പതിയെ അവൾ ജീവിതത്തിലേക്കു തിരികെ വന്നെങ്കിലും അവൾ വിഷാദത്തിന് അടിമയായി. മാലയൊഴിച്ച് ആരോടുമവൾ മിണ്ടാതെയായി.
മാധവ് സിംഗ് അവളുടെ കാലിൽ പിടിച്ചു അവളോട് മാപ്പു പറഞ്ഞു. അതയാളുടെ അഭിനയമാണോ ആത്മാർത്ഥതയാണോ എന്നവൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല.
“മേരി സപ്നോം കി റാണി, എന്നോട് ക്ഷമിക്കണം. “
അവളുടെ കാലുകൾകൊണ്ട് അയാളുടെ തലയിൽ തൊടുകയും, അവളുടെ കാൽ പാദങ്ങളിൽ ഉമ്മ വെയ്ക്കുകയും ചെയ്തു.
“എന്റെ കുഞ്ഞിനെ നിങ്ങൾ എല്ലാവരും കൂടി കൊന്നില്ലേ, എനിക്കിനി ജീവിക്കേണ്ട, ഞാൻ മരിക്കും. “
“ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല. നീയാണെന്റെ എല്ലാം. നിന്റെ സ്വപ്നങ്ങളാണ് ഇനി മുതൽ എന്റെ സ്വപ്‌നങ്ങൾ. “
അവളെ സന്തോഷിപ്പിക്കാനായി അയാൾ വിലകൂടിയ വസ്ത്രങ്ങൾ അവൾക്കു വാങ്ങി നൽകി. വീണ്ടുമൊരു അമ്മയാകാനും കിരണുമായി മറ്റൊരു വീട്ടിലിലേക്കു താമസം മാറ്റാനും ആഗ്രഹിക്കുന്നുവെന്ന് അവൾ മാലയോടു പറഞ്ഞു.
വീണ്ടുമവൾക്ക് ജീവിതത്തിൽ പ്രത്യാശ തോന്നി. ഒരു അമ്മയാണകമെന്ന ആഗ്രഹമായിരുന്നു, അവളുടെ ജീവിതത്തെ മുന്നോട്ട് നയിച്ചത്. പക്ഷെ അവൾ ആകാംക്ഷയോടെ ഓരോ മാസവും കാത്തിരുന്നിട്ടും അവൾ ഗർഭിണിയായില്ല.
മാല പറഞ്ഞ് പിന്നെയവൾ ആ സത്യം മനസ്സിലാക്കി. കിരണിൻ്റെ അമ്മ മാധവ് സിംഗിനെ കൊണ്ട് നിർബന്ധിച്ച് വാസക്ടമി ശസ്ത്രക്രിയ ചെയ്യിച്ചു. ഇനിയൊരു കുഞ്ഞ് കുടുംബത്തിൽ ജനിക്കാൻ പാടില്ല. കുടുംബസ്വത്ത് ഇൻഡോറിൽ താമസിക്കുന്ന കിരണിന്റെ സഹോദരിയ്ക്കും മക്കൾക്കും ഉള്ളതാണ്. മാധവ് സിംഗ് അവളെ വീണ്ടും ചതിച്ചു. ഒരു കുഞ്ഞിനെ ലഭിയ്ക്കാൻ വേണ്ടിയാണ് അവൾ എല്ലാം സഹിച്ചതും ക്ഷമിച്ചതും.
പദ്മിനി നിരാശയിലായി. മാലയുടെ സഹായത്തോടെ അവൾ ഏട്ടൻമാരുടെ സഹായം തേടിയെങ്കിലും അവരവളെ കയ്യൊഴിഞ്ഞു.
മാലയുടെ സഹായത്തോടെ രണ്ടു ജോഡി ഡ്രസ്സുമായി, കിരണിന്റെ ഷർട്ടും പാന്റും അണിഞ്ഞും കൊണ്ട് ഒരു രാത്രി അവൾ വീടുവിടാൻ തീരുമാനിച്ചു. രാത്രിയിൽ മതില് ചാടിയ അവൾ, അടുത്തുള്ള റോഡിൽ നിർത്തിയിട്ട ലോറിയിലെ ചരക്കിനുമുകളിൽ ഒളിച്ചിരിന്നു.
രാത്രിയിൽ ലോറിയിൽ ഒളിച്ചിരുന്ന അവളെ പകൽ ലോറിക്കാർ കണ്ടുപിടിച്ചു. അവളുടെ വേഷം കൊണ്ട് അവളൊരു ട്രാൻസ് ജെൻഡർ ആണെന്നു കരുതി. ഒന്നും പേടിക്കേണ്ടെന്നും മുംബൈയിൽ അവർക്ക് സ്വന്തം ചേച്ചിയുണ്ടെന്നും അവർ ജോലി നൽകി സംരക്ഷിക്കുമെന്നും അറിയിച്ചു. അങ്ങനെ ഇരുപത്തിയെട്ടു മണിക്കൂർ കൊണ്ട് അവർ മുംബൈയിൽ എത്തപ്പെട്ടു. മുംബൈയിലെത്തി ചരക്കു ഇറക്കുന്നതുവരെ ഡ്രൈവറുടെ ക്യാബിനിലിരുന്ന അവളെ, ഭക്ഷണം വാങ്ങി നൽകി ഒരു വീട്ടിലിലെത്തിച്ചു.
വീട്ടുടമസ്ഥ അൻപതു വയസ്സ് തോന്നിക്കുന്ന തടിച്ച പ്രകൃതമുള്ള സ്ത്രീയായിരുന്നു. അവർ ബ്ലൗസിനിടയിൽ നിന്നും ഒരു കെട്ടു നോട്ടുകൾ അവളെ കൊണ്ട് വന്ന ലോറി ഡ്രൈവർക്കു നീട്ടി.
“ബാബൂ, മാൽ ബഹുത് അച്ഛാ ഹേ, മുജേ യേ പസന്ത് ഹുവാ”
“അച്ഛാ, ലീല ബഹൻ മേ ചൽത്താ ഹും. ”
ഇരുണ്ട വെളിച്ചത്തിലെ ആ മുറിയിൽ അവളുടെ പ്രായത്തിലുള്ള ധാരാളം പെൺകുട്ടികൾ നിരന്നു നിന്നിരുന്നു. ആ മുറിയിൽ വിയർപ്പിന്റെയും വിലകുറഞ്ഞ സുഗന്ധദ്രവ്യങ്ങളുടെയും സമ്മിശ്ര ഗന്ധമായിരുന്നു. വില കുറഞ്ഞ തൊങ്ങലുകളാൽ അലംകൃതമായ വസ്ത്രം ധരിച്ചവർ അവളെ നോക്കി പുഞ്ചിരിച്ചു. അവരിൽ പലരും കൃതിമമായ നിറങ്ങളിൽ പൊതിഞ്ഞു നിൽക്കുകയായിരുന്നു. അവൾക്കവരെ കണ്ട് ഓക്കാനം വന്നു.
ലീല ബഹൻ അടുത്തേക്ക് വന്നവളെ ആലിംഗനം ചെയ്തു.
“ആവോ മേരി റാണി ബേട്ടി. ”
അന്ന് മുതൽ അവൾ അവിടുത്തെ റാണിയായി. എല്ലാവരും അവളെ റാണിയെന്ന് വിളിച്ചു. റാണി പദ്മിനിയുടെ കഥ അവിടെ ആരംഭിച്ചു.
(തുടരും….. )
✍️✍️✍️നിഷ പിള്ള
Koottaksharangal

