പുറത്ത് തകർത്ത് മഴ പെയ്യുകയാണ്.
നന്നായി ചേർത്ത് അടയ്ക്കാതിരുന്ന ജനാലകൾ കാറ്റിൽ ശബ്ദമുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് അഞ്ജലി മെല്ലെ എഴുന്നേറ്റ് വന്നത്.
എന്തോ ചില ശബ്ദങ്ങളൊക്കെ വല്ലാത്ത അരോചകമാണ്.വയറിനു ചെറുതായി കൈ കൊണ്ട് ബാലൻസ് കൊടുത്ത് അഞ്ജലി ജനലയ്ക്കരികിൽ ചെന്ന് നിന്നു.
അടയ്ക്കാനായി കൈ നീട്ടിയപ്പോൾ വിരലുകളിൽ മഴയുടെ നനവ്.കുറച്ച് നേരം വിരലുകൾ നീട്ടിപ്പിടിച്ച് വച്ചു.ഒരു സുഖം.
അപ്പോഴേക്ക് അവളുടെ വയർ ഒന്ന് വിറച്ചു.ഉള്ളിൽ കിടക്കുന്ന കുരുന്ന് ചവിട്ടിയതാകും.
ഒരു നിർവൃതിയോടെ അവൾ വയറിനു മേൽ നനഞ്ഞ കൈ വച്ചു.വീണ്ടും ഇളകുന്നുണ്ട്.
മഴയുടെ സംഗീതം തന്നെപ്പോലെ അവനും അല്ലെങ്കിൽ അവൾക്കും ഇഷ്ടമായിരിക്കും.
അത് കൊണ്ടാവും ഇങ്ങനെ സന്തോഷിച്ച് തുള്ളുന്നത്.
ജനൽ ചേർത്തടച്ച് അവൾ മുറിയിൽ നിന്ന് ഹാളിലേക്ക് നടന്നു.അമ്മയുടെ മുറിയിൽ വെട്ടമില്ലല്ലോ.നേരത്തെ കിടന്നിട്ടുണ്ടാവും.
അല്ലെങ്കിലും തന്റെ ഡേറ്റ് ആയിട്ടില്ലല്ലോ ഇനിയുമുണ്ട് 4 മാസം.അമ്മ ഉറങ്ങട്ടെ.
ദേവേട്ടൻ ബിസിനസ്സ് ട്രിപ്പ് നു പോകുമ്പോഴൊക്കെ അമ്മയാണ് ഇവിടത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത്.
അല്ലാത്തപ്പോൾ അമ്മയ്ക്ക് സഹായിയുടെ റോൾ മാത്രേ ഉള്ളൂ.. എല്ലാം ദേവേട്ടൻ തന്നെ ചെയ്തോളും.
തനിക്ക് രാവിലെ ആവശ്യമുള്ള ചായ മുതൽ അത്താഴം വരെ ദേവേട്ടന്റെ നിർബന്ധങ്ങൾ ആണ്.
അമ്മ എപ്പോഴും പറയും ദേവനെ പോലെ ഒരു ഭർത്താവിനെ കിട്ടിയ എന്റെ മോൾ ഭാഗ്യവതി ആണെന്ന്.
ശരിയാണ്.ദേവേട്ടൻ തന്റെ പുണ്യമാണ്.
4 വർഷം കുഞ്ഞുങ്ങൾ ഇല്ലാതെ ഇരുന്നിട്ടും ഒരുത്തർക്ക് പോലും കുത്തുവാക്കുകൾ പറയാൻ തന്നെ വിട്ടു കൊടുക്കാതെ ഹൃദയത്തിൽ പൊതിഞ്ഞു സൂക്ഷിച്ചവൻ.
ഇപ്പോൾ തന്നെ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവതിയാക്കി തന്റെ കടിഞ്ഞൂൽ സന്തതി.
ടീപ്പോയിൽ ഫോൺ ഇരിപ്പുണ്ട്. ജഗിൽ വെള്ളവും. അമ്മ വച്ചിട്ട് പോയതാണ്.
അച്ഛൻ മരിച്ചശേഷം അമ്മയെ ഇങ്ങോട്ട് കൊണ്ട് വരാൻ മുൻകൈ എടുത്തത് ദേവേട്ടൻ ആണ്.
അപ്പോഴും അമ്മയ്ക്ക് മരുമോനെ പറ്റി പറയാൻ നൂറു നാവ്.
ജഗിലെ വെള്ളം എടുത്ത് കുടിച്ചിട്ട് അഞ്ജലി സോഫയിലേക്ക് ഇരുന്നു.
ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി. അമ്മ കണ്ടാൽ വഴക്ക് പറയും.
ഫോൺ ഗർഭിണികൾ അധികം ഉപയോഗിക്കരുത് എന്നാ അമ്മ പറയുന്നത്.
മെസ്സേഞ്ചറിൽ നിന്നുള്ള നോട്ടിഫിക്കേഷൻ സൗണ്ട്.
എടുത്തു നോക്കിയപ്പോൾ ഹരിയാണ്.
ഓൺലൈനിൽ ഉണ്ട് കക്ഷി.
“ഹൈ ചേച്ചി..”
മറുപടി ടൈപ്പ് ചെയ്തു.
“ഹരീ..”
പെട്ടെന്ന് തന്നെ റിപ്ലൈ വന്നു.
“ചേച്ചി ഉറങ്ങിയില്ലേ..”
“ഒരുറക്കം കഴിഞ്ഞു.ഒന്ന് എണീറ്റതാ.നല്ല മഴ..”
“മഴ കാണാത്ത സങ്കടത്തിൽ അല്ലായിരുന്നോ.. ഇപ്പോ ഹാപ്പി ആയില്ലേ?”
“പെരുത്ത് ഹാപ്പി. അവിടെ എന്തായി.?”
“ഫിക്സ് ആയി ചേച്ചി.
കഥാ ചർച്ച പുരോഗമിക്കുന്നു. ഇതിൽ എന്റെ ആത്മകഥാംശം കൂടി ഉണ്ടല്ലോ.
അത് കൊണ്ട് അധികം ഭാവന വർക്ക് ചെയ്യേണ്ടി വന്നില്ല..”
“താങ്ക്സ് ടു യൂ ചേച്ചി. അങ്ങനൊക്കെ പറഞ്ഞെന്നെ മോട്ടിവേറ്റ് ചെയ്തില്ലാരുന്നെങ്കിൽ ഇപ്പോ ഈ ഹരി ഉണ്ടാവില്ലാരുന്നു.”
“അങ്ങനെ എന്നെ മഹാൻ ആക്കണ്ട ഹരീ. തോന്നിയത് പറഞ്ഞു എന്നേ ഉള്ളൂ.
അത് കേട്ടതും മനസ്സിലാക്കേണ്ട വിധത്തിൽ എടുത്തതും നീ തന്നെയാണ്.
നമ്മൾ രക്ഷപെടണമെന്ന് നമ്മൾ സ്വയം വിചാരിക്കാതെ ആർക്കും ഒന്നും ചെയ്യാൻ ആവില്ല ഹരീ.”
“ചേച്ചിയെ പോലാ എന്റെ വിനീഷും.
അവൻ ഇത് പോലെ ഓരോന്ന് പറഞ്ഞ് പിരി കേറ്റിക്കൊണ്ടേ ഇരിക്കും.
സിനിമ ഒന്ന് റെഡി ആയാൽ ഇതിലെ പ്രധാന വേഷങ്ങളിൽ ഒന്ന് അവന് വേണ്ടി മാറ്റി വച്ചേക്കുവാ ഞാൻ. അവന് അന്നും അഭിനയത്തോടാ താല്പര്യം.”
“നാട്ടിലൊക്കെ മഴയാണോ? നീ വിനീഷിനെ വിളിച്ചോ.?”
“അതേ. അവിടേം മഴയാ. അവിടെ ബാംഗ്ലൂർ കുറച്ചു മഴ കൂടുതൽ ആണെന്നാ കേട്ടത്.
നിങ്ങളുടെ ഫ്ലാറ്റ് പ്രശ്നം വല്ലതും ഉണ്ടാകുന്ന ഏരിയ ആണോ?”
“ഞങ്ങൾ ഫ്ലാറ്റിൽ നിന്ന് മാറി ഹരീ.ഇപ്പോ ഒരു വീടാ. നല്ല ഏരിയ ആണ്. ദേവേട്ടന് ഓഫിസിൽ പോകാനും വരാനും എളുപ്പവും”
“പുള്ളി എവിടെ? ഇപ്പോഴും ബിസിനസ്സ് ടൂർ തന്നെയാണോ?”
“മ്മ്.. ഇപ്രാവിശ്യം ഹൈദ്രബാദ് ആണ്. രണ്ട് ദിവസമായി പോയിട്ട്. രണ്ട് ദിവസം കൂടി കഴിയുമ്പോൾ വരും.”
“ഓക്കെ.ചേച്ചി.ഈസമയത്ത് അധികം ഉറക്കം കളയണ്ട.കിടന്നോളൂ. കുഞ്ഞാവ വന്നിട്ട് ഞാൻ കാണാൻ വരുന്നുണ്ട്.”
“ദേവേട്ടൻ വിളിക്കുന്നുണ്ട് ഹരീ.. അപ്പോ ഓക്കേ. ഗുഡ്‌നൈറ്റ്.”
ഫോൺ ഓഫ് ചെയ്തിട്ട് ഹരി ഒന്ന് മൂരി നിവർത്തി. ഹോട്ടൽ മുറിയിലെ കിടക്കയിൽ ഒന്ന് തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം എഴുന്നേറ്റിരുന്നു.
അഞ്ജലി ചേച്ചി ഫേസ്ബുക്ക് ഫ്രണ്ട് ആണ്.ചേച്ചിയുടെ കാലികപ്രസക്തമായ പോസ്സ്റ്റുകളിൽ കമന്റിട്ട് തുടങ്ങിയ സൗഹൃദം.
ആശങ്കയോടെയാണ് മെസ്സേജ് അയച്ചത്.
പക്ഷേ തന്നെ അതിശയിപ്പിച്ചു കൊണ്ട് ചേച്ചി തിരിച്ച് റിപ്ലൈ ചെയ്യുകയും ഇന്നാൾ വരെ താനൊരു പോക്സോ കേസിലെ പ്രതി ആണെന്ന് അറിഞ്ഞിട്ട് കൂടി ആ ബന്ധം മുറിച്ച് കളയാതെ കൂടെ നിൽക്കുകയും ചെയ്തു.
പലപ്പോഴും വീണ് പോകുമെന്ന് തോന്നിയപ്പോഴും ഒരു വിരൽപ്പാടകലെ നിന്ന് ചേച്ചി സമാധാനിപ്പിച്ചു.
ആശ്വസിപ്പിച്ചു. ധൈര്യം തന്നു.
ഒരു കുഞ്ഞനിയനെ പോലെ കൂടെ നിർത്തി. ഇടയ്ക്ക് ചേച്ചിയെ ഒന്ന് കാണാൻ പോകണം. കുഞ്ഞാവെയും ദേവേട്ടനെയും കാണണം.
അവൻ വാഷ്‌റൂമിൽ കേറി ഫ്രഷ് ആയിട്ട് പുറത്തേക്ക് ഒന്ന് നടക്കാൻ ഇറങ്ങി.
റൂം പൂട്ടി ഇറങ്ങിയതും എതിരെ വന്ന മനുഷ്യനെ ഇടിച്ചിട്ടതും ഒരുമിച്ച്.
അയാളുടെ കയ്യിൽ നിന്ന് ഫോൺ താഴെ പോയി.
ഹരി പെട്ടെന്ന് അതെടുത്ത് കൊടുത്ത് ‘സോറി ‘പറഞ്ഞു.
അയാൾ ‘ഇറ്റ്സ് ഓക്കേ ‘പറഞ്ഞു നടന്നുപോയി.
ഹരിക്ക് ഫോൺ സ്‌ക്രീനിൽ കണ്ട പെൺകുട്ടിയെ എവിടോ കണ്ട പോലെ തോന്നി. എങ്കിലും കൂടുതൽ ആലോചിക്കാൻ നിൽക്കാതെ അവൻ ലിഫ്റ്റിൽ കയറി താഴേക്കുള്ള ബട്ടൺ അമർത്തി.
അതേ സമയം ഹരി ഇടിച്ചിട്ട ആൾ ഫോണിൽ സംസാരം തുടർന്നു.
“പറ മോളെ.. എന്നിട്ട്..?”
“എന്നിട്ടെന്താ. മഴവിരലുകൾ കൊണ്ട് ഞാൻ നമ്മുടെ കുഞ്ഞിനെ മെല്ലെ ചേർത്തു പിടിച്ചു. അവൻ വീണ്ടും എന്നെ ചവിട്ടി.”
“ആഹാ.. അച്ഛന്റെ മുന്നിൽ മാത്രം അവൻ സൈലന്റ് ആണല്ലോ അമ്മയുടെയും മഴയുടെയും മുന്നിൽ കില്ലാഡി..”
അപ്പുറത്ത് പൊട്ടിച്ചിരി.
“ഫോണിന് ഒന്നും പറ്റീലല്ലോ ദേവേട്ടാ..?”
“ഇല്ലെടാ..ആ പയ്യൻ അറിയാതെ വന്നിടിച്ചതല്ലേ.ഫോണിനും ഒന്നും പറ്റീട്ടില്ല..”
“ആഹ്..എന്നാ വയ്ക്കട്ടെ ദേവേട്ടാ..
അവിടുത്തെ ഹൈദ്രബാദ് ബിരിയാണി ഫേമസ് ആണെന്ന് കേട്ടിട്ടുണ്ട്. ഒന്ന് ട്രൈ ചെയ്യൂട്ടോ..”
“ശരി മോളെ.. ഇനി എപ്പോഴെങ്കിലും നമുക്ക് ഒരുമിച്ച് വരാം കേട്ടോ.”
അയാൾ ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് കേറ്റി വച്ചിട്ട് അയാളുടെ റൂമിന്റെ വാതിലിൽ തട്ടി.
അകത്ത് നിന്ന് അല്പവസ്ത്രധാരിയായ ഒരു സുന്ദരി വാതിൽ തുറന്നു.
അവൾ ആവേശത്തോടെ അയാളെ ആലിംഗനം ചെയ്ത് ചുണ്ടുകളിൽ ഉമ്മ വച്ചു.
ചുറ്റിനും നോക്കിയ ശേഷം അയാൾ അവളെ ചേർത്ത് പിടിച്ച് അകത്തേക്ക് കയറി.
അവർക്ക് പിന്നിൽ വാതിലടഞ്ഞു.
വെള്ള വിരിയുള്ള കിടക്കയിൽ അഞ്ജലിയുടെ ദേവേട്ടനും ആംഗ്ലോ ഇന്ത്യൻ സെക്രട്ടറിയും കൂടി കെട്ടി മറിയുമ്പോൾ ഹൃദയത്തിൽ അയാളെയും ഉദരത്തിൽ അയാളുടെ പ്രാണനെയും പേറി ഒരു പാവം പെണ്ണ് സ്വപ്നങ്ങൾ നെയ്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.
കുഞ്ഞ് വീണ്ടും വയറിനുള്ളിൽ കിടന്ന് താളം ചവിട്ടി.
ആ അനക്കത്തെ കൈപ്പടം കൊണ്ട് ഉള്ളിലേക്ക് ആവാഹിച്ച് അഞ്ജലി നെടുവീർപ്പോടെ കണ്ണുകൾ അടച്ചു മയങ്ങി.
തുടരും


3 Comments
നന്നായി എഴുതി, എന്നത്തേയും പോലെ❤️🩷
മനോഹരം
Pingback: പല നദികൾ ചേർന്നൊരൊറ്റ കടൽ! (2) - By Anju Ranjima - കൂട്ടക്ഷരങ്ങൾ