എന്റെ ബാല്യത്തിൽ വീടിന്റെ കിഴക്കേ ദിക്കിൽ ഒരു പാരിജാതത്തിന്റെ മരമുണ്ടായിരുന്നു. നല്ല ഉയരത്തിൽ കൊമ്പും ചില്ലയും വിരിച്ച്, രാജാവിനെ പോലെ തലയുയർത്തി നിന്നു. ഞങ്ങളുടെ കുഞ്ഞേട്ടനാണ് പാരിജാതം നട്ടുനനച്ച് വളർത്തി വലുതാക്കിയത്. കുഞ്ഞേട്ടൻ വളരെ ഉയരമുള്ള ആളായിരുന്നു. അതിനാലാണ് കുഞ്ഞേട്ടൻ നട്ട പാരിജാതവും ഉയരത്തിൽ വളർന്നതെന്ന് ഞങ്ങൾ കുട്ടികൾ വിശ്വസിച്ചിരുന്നു. പാരിജാതം പൂത്താൽ ആ പ്രദേശമാകെ സുഖകരമായ പരിമളം പരക്കും. തൂക്കുവിളക്കുകൾ തൂക്കിയിട്ട പോലെയാണ് പാരിജാതത്തിന്റെ പൂക്കൾ, കുലയായി തുങ്ങി കിടക്കുക. തേൻ കുടിയ്ക്കാനായി തേനിച്ചകളും, വണ്ടുകളും, പറന്നു നടക്കും അണ്ണാറ കണ്ണൻന്മാർ പാരിജാത മരത്തിൽ ഓടി ചാടി കളിയ്ക്കും. വിവിധയിനം പക്ഷികൾ ചേക്കും. മറ്റം മുഴുവൻ പഞ്ചാര പൂഴി മണലാണ്. കാറ്റ് വീശിയാൽ, പൂക്കളെല്ലാം പൊഴിഞ്ഞ്, മുറ്റത്തെ മണലിൽ കിടക്കുന്നത് കണ്ടാൽ, നക്ഷത്രകുഞ്ഞുങ്ങൾ ആകാശത്തു നിന്നും കളിയ്ക്കാനായി താഴെ ഇറങ്ങി വന്നതാ ണെന്ന് തോന്നും.
ഞങ്ങളുടെ ബാല്യത്തിൽ എന്റെ തൊട്ടു മുതിർന്ന രഞ്ജിനി ചേച്ചി, എന്നെ വിളിച്ച് ഒരു കാര്യം വിശദീകരിച്ചു തന്നു. പാരിജാതത്തിന്റെ തടിയിൽ ശ്രീരാമഭഗവാന്റെയും, സീതാദേവിയുടെയും മുഖമുണ്ടെന്ന്. ചേച്ചിയുടെ കുഞ്ഞുവിരൽ കൊണ്ട്, മരത്തിൽ തടവി, കണ്ണുകളും, മൂക്കും ഒക്കെ തൊട്ടു വർണ്ണിച്ചപ്പോൾ എനിയ്ക്കും അവരുടെ പ്രതിച്ഛായ ദർശിയ്ക്കാൻ സാധിച്ചു. ഞങ്ങൾ പാരിജാതത്തിന്റെ ചുവട്ടിൽ കളിവീട് വച്ച് കളിയ്ക്കും, മേടാസ്, പാരിജാത മരത്തിൽ ചാരി, തടിയിൽ മുഖമമർത്തി, അമ്പസ്താനിയ്ക്കു് കണ്ണൂ മടച്ച് നൂറു വരെ എണ്ണും. ഞങ്ങളുടെ ആത്മാവായിരുന്നു ആ പാരിജാതം🙏
