മരച്ച് കിടന്ന തീവണ്ടിപ്പാളം ഏതോ വണ്ടി വരുന്നുണ്ടെന്ന സൂചനയോടെ പതിയെ വിറച്ചു തുടങ്ങി. ഒറ്റക്കണ്ണിലെ വെളിച്ചവും കാതടപ്പിക്കുന്ന ചൂളം വിളിയുമായി മാംഗ്ലൂർ മെയിൽ വളവിനപ്പുറം തല കാണിച്ചു.
തീചാമുണ്ഡിയുടെ കൂറ്റ് പോലെ തീവണ്ടി കൂവിവിളിച്ച് പാളങ്ങളെ ഞെരിച്ചു കൊണ്ട് അയാൾക്ക് മുൻപിലൂടെ കുതിച്ച് പാഞ്ഞു. അതിന് പിന്നിലെ ചുവന്ന വെളിച്ചം അകലെ മറഞ്ഞതും പാളങ്ങൾ വീണ്ടും മരവിപ്പിലേക്ക് മടങ്ങി.
റെയിൽവേ ട്രാക്കിനപ്പുറത്തെ വിശാലമായ വയലിനോട് ചേർന്നുള്ള അമ്പാട്ട് കുറുപ്പന്മാരുടെ തറവാട്ടമ്പലത്തിലേക്ക് നോക്കിക്കൊണ്ട് ചന്ദ്രൻ പണിക്കർ തന്റെ മുറിച്ചു മാറ്റിയ വലംകാലിന്റെ തുടയിലൂടെ കൈയ്യോടിച്ചു.
നേരം പുലർച്ചയോടെ പള്ളിയറയില് ഒറ്റക്കോലമിറങ്ങും. തന്നെ നാടറിയുന്ന പണിക്കരാക്കിയതും ഒടുവിൽ ആർക്കും വേണ്ടാത്ത ഒറ്റക്കാലനാക്കിയതും ഇത് പോലൊരു ഒറ്റക്കോലമാണെന്ന ചിന്ത അയാളുടെ തലച്ചോറിനെ മദിച്ചു.
ദൂരക്കാഴ്ചകളിലേക്ക് നോക്കിയിരിക്കെ പണിക്കരിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു വീണു. കലുങ്കിൽ പതിച്ച ഒറ്റക്കോല മഹോത്സവത്തിന്റെ വലിയ നോട്ടീസിലെ പശയിളകിയ ഭാഗം വലതുകാലിന്റെ മുട്ടിന് താഴെയുള്ള ശൂന്യതയിൽ പാറിക്കളിച്ചു.
ആരോടെക്കെയോ ഉള്ള ദേഷ്യവും നിരാശയുമൊക്കെ കാർക്കിച്ച് കൂട്ടി നീട്ടിത്തുപ്പിക്കൊണ്ട് അയാളാ നോട്ടീസ് വലിച്ചിളക്കി പാളത്തിലേക്കിട്ടു.
മുറിച്ച കാലിന്റെ അറ്റത്ത് പൊതിഞ്ഞു കെട്ടിയ തുണിയിൽ ചോരയുടെ ചുവപ്പ് തെളിഞ്ഞു നിൽക്കുന്നു. പഴുപ്പ് അധികമായാൽ കാല് വീണ്ടും മുറിക്കേണ്ടി വരുമെന്നാണ് ഡോക്ടർ പറഞ്ഞത്, ഇനിയെന്ത് മുറിക്കാൻ ബാക്കിയെന്ന് മനസ്സിൽ ചോദിച്ചു കൊണ്ടാണ് അവിടെ നിന്നിറങ്ങിയത്.
വയൽ വരമ്പിലൂടെ നിരത്തിക്കെട്ടിയ ട്യൂബ് ലൈറ്റിന്റെ വെട്ടത്തിൽ ഒറ്റക്കോലത്തിന്റെ മേലേരി കാണാം. ഇങ്ങനെ വലിയ കുട്ടകളും ഇടത്തരം തടികളും, നീളമുള്ള ഇടമുട്ടികളും ചേർന്ന് ആൽപ്പൊക്കത്തോളം ഉയരുന്ന മേലേരിയിലേക്ക് എത്രയോ വട്ടം താനും ഒറ്റക്കോലമായി എടുത്ത് തുള്ളിയിരിക്കുന്നു.
തന്നെപ്പോലെ ജീവിക്കുന്ന രക്തസാക്ഷികൾ ഒരുപാടുണ്ടായിട്ടും മാറ്റമില്ലാത്ത സമ്പ്രദായങ്ങളോർക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ.
അപ്പനും അപ്പന്റെ അപ്പനും അകാലമരണമായിരുന്ന്.
പൊട്ടനും, വിഷ്ണുമൂർത്തിയും, വലിയ തമ്പുരാട്ടിയുമൊക്കെ കെട്ടിയാടി സർവ്വ മാരി മാറ്റാൻ അനുഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്ന അപ്പൻ വയസ്സ് അൻപത് കടന്നപ്പോഴേക്കും നടുവേദന കൂടി പാതിതളർന്ന് കിടപ്പിലായി.
മരിക്കുന്നന്നും താൻ എഴുന്നേക്കുമെന്നും ഒരിക്കക്കൂടി തിരുമുടി അണിയുമെന്നും പ്രതീക്ഷ വച്ചെങ്കിലും ആഗ്രഹങ്ങളൊക്കെ ബാക്കിയാക്കി അപ്പനങ്ങ് പോയ്.
വീണു പോകുമെന്ന് തോന്നിയത് കൊണ്ടാകണം മനസ്സില്ലാമനസ്സോടെ ആ മനുഷ്യൻ തന്നെ ഒറ്റക്കോലത്തിന്റെ ബാലപാഠങ്ങൾ ചൊല്ലിപ്പടിപ്പിച്ചത്. അപ്പൻ വീഴുന്നതിന് കൃത്യം ഒരു വർഷം മുൻപാണ് ആദ്യത്തെ ഒറ്റക്കോലം കെട്ടുന്നത്, അതും പന്ത്രണ്ടാം വയസ്സിൽ.
മലപോലെ പൊങ്ങിയ മേലേരിക്ക് മുൻപിൽ നിൽക്കുമ്പോൾ കണ്ണിൽ തെളിഞ്ഞത് ഒരു പന്ത്രണ്ടുകാരന്റെ അത്ഭുതമല്ല, മറിച്ച് ഭയമാണ്. ഒരാശ്രയത്തിനെന്ന പോലെ അപ്പന്റെ കൈയ്യിൽ മുറുകെ പിടിച്ചു. ശരീരം മൊത്തമൊരു വിറയലാണ്.
ഇതിനേക്കാൾ വലിയ ആഴികളിൽ അപ്പൻ കെട്ടിയ ഒറ്റക്കോലം ഉറഞ്ഞാടുന്നത് കണ്ടിട്ടുണ്ട്, എന്നിട്ടും ഉള്ളിലെ ഭയം മാത്രം വിട്ടു പോയിട്ടില്ല.
“കണ്ണാ നീയ് പേടിക്കണ്ട്രാ, പരദേവത കൂടെ ണ്ട്” അപ്പന്റെ ആശ്വാസവാക്കുകൾ ആഴിയുടെ ചൂടിൽ വരണ്ടു പോയി.
പൊള്ളുമെന്ന് ചിന്തിക്കാൻ കൂടി പാടില്ല, മെയ് കണ്ണായും കണ്ണ് മനസ്സായും മാറണം, പരദേവതയൊഴികെ ബാക്കിയെല്ലാം മറക്കണം, മനസ്സ് പിഴച്ച കണ്ണ് തെറ്റും കണ്ണ് തെറ്റിയ മെയ് വഴക്കം തെറ്റും, നാടോന്നാകെ കോലക്കാരന്റെ കുറ്റം പറയും, ദൈവ കോപമെന്ന് വിധിയെഴുതും.
ആഴിയുടെ ചൂടിൽ നിന്ന് കുളിച്ചു തോറ്റത്തിനുള്ള ഒരുക്കത്തിലേക്ക് മടങ്ങുമ്പോൾ അപ്പന്റെ വാക്കുകൾ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു.
ചെമ്പട്ട് ചുറ്റി കുളിച്ചു തോറ്റത്തിന് ആഴിയെ വലം വയ്ക്കുമ്പോൾ എരിഞ്ഞു കൂടിയ കനൽക്കൂനയിൽ നിന്നുയർന്ന ചൂട് കാറ്റ് ചെവി തുളച്ചു. ചവിട്ടുന്ന മണ്ണിന് പോലും പഴുത്ത ഇരുമ്പിന്റെ ചൂടാണ്.
കാറ്റിന്റെ ഗതിയും, മണ്ണിന്റെ ചൂടും, ആഴിയുടെ വീതിയുമറിഞ്ഞ മൂന്ന് പ്രദക്ഷിണം കഴിഞ്ഞ് തോറ്റത്തിന് നിൽക്കുമ്പോൾ പച്ചോല മേടഞ്ഞു കുത്തി ചൂട് തടുക്കാൻ ശ്രമിക്കുന്ന തീയ്യക്കിടാങ്ങളെ കണ്ടു. ഓലപ്പഴുതിലൂടെ ഇരച്ചു കയറുന്ന ചൂട് അവരുടെ മുഖത്ത് വിയർപ്പായി പൊടിയുന്നു.
കണ്ട കാഴ്ചകളും ഉദിച്ച ചിന്തകളും മറന്നു കൊണ്ട് പരദേവതയുടെ മൂർത്തീഭാവം മനസ്സിൽ ആവാഹിച്ച് തോറ്റം ചൊല്ലി.
മുഖത്തെഴുത്ത് കഴിഞ്ഞ് ചൂടിന്റെ കടുപ്പം കുറയാൻ ചെവി മറച്ച് കാട്ടു ചെത്തിപ്പൂ കൊണ്ടുള്ള കമ്പി കെട്ടി, ഒലിയുടുത്ത് ഒറ്റ വച്ച് ഉടുത്ത് കെട്ട് മുറുകിയോന്നറിയാൻ ഒരാൾപ്പൊക്കം ഉയർത്തി കുത്തിയതും ജനനേന്ദ്രിയത്തിൽ പച്ചീർക്കിലി കുത്തിയ വേദന പുളഞ്ഞു.
വേദനയുണ്ടോ? അയവുണ്ടോ? ആചാരം പോലെ ചോദ്യങ്ങളുയർന്നു.
വേദനയുണ്ടെന്ന് പറഞ്ഞാലും കാര്യമില്ല, അയവുണ്ടെന്ന് പറഞ്ഞാൽ ഒന്ന് കൂടി കെട്ട് മുറുകും. ഇനി അയവുണ്ടായിട്ട് ഇല്ലന്ന് പറഞ്ഞാലോ? അവിടെയാണ് അടുത്ത പ്രശ്നമുദിക്കുന്നത് മേലേരി കൈയ്യാളി പിന്നിലേക്ക് വലിക്കപ്പെടുമ്പോൾ ഉടയഴിഞ്ഞു പോയാൽ ആഴിയിൽ കുടുങ്ങും.
എല്ലാം ശരിയായെന്ന് ഉറപ്പാക്കിയ ചമയക്കാർ മേലാസകലം അരിമാവും മഞ്ഞളും കലക്കി തേച്ച് പിടിപ്പിച്ചു, ഇരുകൈകളും മൂടി നനച്ച കൈക്കൂടിട്ടു. വലിയ ഒട കൂടി കെട്ടിയുറപ്പിച്ചതോടെ അരയ്ക്ക് കീഴ്പ്പോട്ട് മരവിച്ച അവസ്ഥയായി.
അഗ്നിപ്രവേശനത്തിന് സമയമായെന്ന് അറിയിച്ചു കൊണ്ടുള്ള കതിന മുഴങ്ങി. ഇടംതല മുറുകിയ അസുരവാദ്യങ്ങൾ, ശംഖ് വിളി, ആളിരമ്പം, കൂട്ടം കൂടിയ ഭക്തർ ലഹരിയിൽ മുങ്ങി ഗോവിന്ദ, ഗോവിന്ദാ, എന്ന പ്രാർത്ഥനാമന്ത്രമുരുവിടുന്നു, തീയ്യക്കിടാങ്ങൾ കൂറ്റ് കൂട്ടുന്നു, അന്തരീക്ഷം ഭക്തിമുഖരിതം.
ഒന്ന് വലം വച്ച് ആഴിയിലേക്ക് കുതിച്ചു, ഗോവിന്ദാ വിളി ഉച്ചസ്ഥായിലാകുന്നു, മേളം മുറുകുന്നു. വലംവച്ച് വീണ്ടും വീണ്ടും ആഴിയിലേക്ക് എടുത്ത് തുള്ളവെ നെഞ്ചിനുള്ളിൽ കുരുങ്ങിപ്പിടഞ്ഞ ശ്വാസം കണ്ണ് മിഴിപ്പിച്ചു.
പറന്ന് പൊങ്ങിയ ചൂട് വെണ്ണീർ കാട്ടുചെത്തിയുടെ കമ്പിക്കിടയിലൂടെ ചെവിയിലേക്കും മിഴിഞ്ഞ കണ്ണുകളിലേക്കും ഇരച്ചു കയറി. ആവുംവിധം മുഖം മറച്ച് പിടിച്ചിട്ടും മൂക്കിലേക്ക് കയറിയ വെണ്ണീർ തലച്ചോറ് മരവിപ്പിച്ചു.
ചെവിയിലിപ്പോൾ ശബ്ദങ്ങളൊന്നുമില്ല, എരിഞ്ഞു നീറുന്ന കണ്ണുകൾ കാഴ്ച മറയ്ക്കുന്നു. മിനിറ്റുകൾ മണിക്കൂറുകൾക്ക് വഴി മാറുന്നു. മേലേരി കൊള്ളൽ നൂറ്റൊന്ന് കഴിഞ്ഞപ്പോഴാണ് ആരോ വിലക്ക് പറഞ്ഞത്.
തോറ്റവും കോലവും ഒന്നിനൊന്ന് മെച്ചമായിരുന്നെന്ന് നാട്ടുകാരും കമ്മറ്റിക്കാരും അഭിമാനം കൊണ്ടു.
നീലേശ്വരം കോവിലകത്തെ രാമവർമരാജ തിരുമനസ്സ് കൊണ്ട് പട്ടും വളയും നൽകി പണിക്കരെന്ന് വിളിച്ച് അരിയിടുമ്പോഴും ചൂട് തട്ടി കലങ്ങിയ കണ്ണിന്റെ മങ്ങൽ മാറിയിരുന്നില്ല.
പിന്നെയും എത്രയോ കാവുകളിലും കോട്ടങ്ങളിലും തെയ്യം കെട്ടിയാടിയിരിക്കുന്നു. വട്ട മുടിയുള്ളത്,വലിയ മുടിയുള്ളത്, കാര മുള്ളിൽ വീഴുന്നത്, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത തെയ്യങ്ങൾക്ക് കോലധാരിയായി.
നാല്പത്തേഴാം വയസ്സിൽ ചെറിയ കളരിയിൽ കെട്ടിയാടിയ ഒറ്റക്കോലമാണ് ജീവിതം മാറ്റി മറിച്ചത്. തോറ്റത്തിന് നിൽക്കുമ്പോഴാണ് ആ സത്യമറിയുന്നത്, കള്ളക്കൊള്ളി തിരിയാതെയാണ് ആഴി ഒരുക്കിയിരിക്കുന്നത്. നേർച്ച കഴിക്കും പോലെ വെള്ളം നനച്ച മണ്ണ് വീണ്ടും ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു.
മുഖത്തെഴുത്തിന് എഴുത്താളർക്ക് മുന്നിൽ കിടക്കുമ്പോൾ അടുത്തെത്തിയ കമ്മറ്റിക്കാരോട് കള്ളക്കൊള്ളി തിരിയാത്തതിന്റെ കാര്യം ചോദിച്ചെങ്കിലും വ്യക്തമായൊരു മറുപടി കിട്ടിയില്ല.
എല്ലാം ദൈവത്തിലർപ്പിച്ച് ഉടുത്തുകെട്ടി മേലേരിയിലേക്ക് നീങ്ങി, നൂറിലധികം നൂറ്റെട്ട് തവണ മേലേരി കൊണ്ടിട്ടും ആരും വിലക്ക് പറയുന്നില്ല, ഉയർന്നു പൊങ്ങിയ കള്ളക്കൊള്ളികളിലൊന്ന് ഉടയ്ക്കുള്ളിലേക്ക് വീണു, നെഞ്ചും വയറും നീറിപ്പുകയുന്നു. ഭക്തനാം പ്രഹ്ലാദനെ രക്ഷിക്കാൻ സ്തംഭം പിളർന്നവതരിച്ച നരഹരിയുടെ വിശ്വരൂപത്തെ മാത്രം മനസ്സിലേക്കാവാഹിച്ച് ന്റെ ദൈവേന്ന് ചൊല്ലി വിളിച്ച് വീണ്ടും വീണ്ടും മേലേരി കയ്യാളി.
ആർപ്പ് വിളിച്ചും കൂറ്റ് കൂട്ടിയും ഭക്തിയുടെ ലഹരിയിൽ മുങ്ങി നീരാടുന്ന ജനക്കൂട്ടത്തിന് മലയാഴിയിൽ വെന്തുരുകുന്നവന്റെ വേദനയറിയണ്ട.
എടുത്ത് തുള്ളി നെഞ്ച് തല്ലിക്കലങ്ങി വായിൽ വെണ്ണീർ നിറഞ്ഞു ശ്വാസം മുട്ടി അകംപുറം ചൂട് കയറി ശരീരം പൊള്ളിവിങ്ങിയാലും കണ്ടു നിൽക്കുന്നവരിൽ ചിലർ നെറ്റി ചുളിച്ച് മുഖം കോട്ടിപ്പറയും, ഇച്ചിരോടെ നന്നാവാൻ ണ്ട്. തീയിലേക്ക് നല്ലോണം അങ്ങ് വീണാലെന്താ?
നൂറ്റിപന്ത്രണ്ട് തവണ മേലേരി കൈക്കൊണ്ട് അനുഗ്രഹം ചൊരിഞ്ഞ് ഉടയഴിച്ച് വീഴുമ്പോൾ വെന്തമാംസത്തിന്റെ മണം മൂക്കിൽ തുളഞ്ഞു കയറി.
മുടിയിറങ്ങി വിശ്രമിക്കുമ്പോഴും കനല് കൊണ്ട് പൊള്ളിവീങ്ങിയ കാല് ഉറപ്പിച്ച് കുത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല.
നെയ് സേവയും മരുന്ന് കഞ്ഞിയുമൊക്കെയായി വിശ്രമത്തിലേക്ക് മടങ്ങിയെങ്കിലും ചുമച്ച് തുപ്പുമ്പോൾ വായിൽ വെണ്ണീർ ചുവച്ചു, വയറ്റിൽന്ന് പോകാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റാതെയായി.
കാലിൽ പൊള്ളിപ്പൊട്ടിയ മുറിവ് ഉണങ്ങാതായപ്പോഴാണ് ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അസുഖം ആണെന്നറിഞ്ഞത്.
മുറിവ് വലുതായി, വീട്ടിലെ പട്ടിണി ഓർക്കുമ്പോൾ അടങ്ങി ഇരിക്കാൻ പറ്റാത്തത് കൊണ്ട് പഴുത്ത് വീങ്ങിയ കാലിൽ ശീല കെട്ടി വേദന കടിച്ചമർത്തി തെയ്യക്കാവുകൾ കയറിയിറങ്ങി.
ഐക്കര തറവാട്ടിലെ കാരഗുളികൻ കെട്ടുമ്പോൾ വയ്യാത്ത കാല് വീങ്ങി വീർത്തിരുന്നു. തെയ്യം കഴിഞ്ഞപ്പോഴേക്ക് വേദന കാരണം കാല് നിലത്ത് കുത്താൻ പറ്റാണ്ടായതോടെ ആരൊക്കെയോ താങ്ങിപ്പിടിച്ചാണ് വീടെത്തിച്ചത്.
മുറിവ് കൂടിക്കൂടി അനങ്ങാൻ പറ്റാതായപ്പോൾ ആകെയുണ്ടായിരുന്ന പത്ത് സെന്റ് വീടുംപുരയിടത്തിന്റെ ആധാരം പണയപ്പെടുത്തി ആശുപത്രിയിൽ പോയെങ്കിലും കാല് മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ഡോക്ടർ വിധിയെഴുതി.
അന്ന് മുറിഞ്ഞു മാറിയത് കാല് മാത്രമല്ല വീടിന്റെ നടും തൂണ് കൂടിയാണ്. അരപ്പട്ടിണി മുഴുപ്പട്ടിണിയിലേക്ക് മാറി.
നാടായ നാടിന്റെയൊക്കെ മാരി മാറ്റിയവന്റെ കൂരയിൽ പട്ടിണിയും ദുരിതവും കൊടുമുടിയേന്തി ഉറഞ്ഞു തുള്ളിയിട്ടും ഒന്ന് തിരിഞ്ഞു നോക്കാനോ ഒരു കൈ സഹായത്തിനോ ആരും വന്നില്ല.
ക്രച്ചസൂന്നിയുള്ള നടപ്പ് കണ്ട് സഹതാപം പറയാനും പരിതപിക്കാനും മനസ്സ് കാണിക്കുന്നവർ ഒരു കാലിച്ചായ്ക്ക് പോലും ക്ഷണിക്കാറില്ല.
മുഖ്യമന്ത്രിക്കൊരു നിവേദനം കൊടുത്ത് നോക്കെന്ന പാർട്ടിക്കാരുടെ ഉപദേശം കേട്ട് സങ്കടങ്ങളെല്ലാം എഴുതിക്കൂട്ടിയ കടലാസുമായി ഗസ്റ്റ് ഹൗസിൽ പോയെങ്കിലും നിരാശയായിരുന്നു ഫലം, എല്ലാം ശരിയാക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും അതൊക്കെ പാഴ് വാക്കായിപ്പോയി. ഇനി മുട്ടാനൊരു വാതിലും ബാക്കിയില്ല.
ഒരു വീഴ്ച വരുമ്പോഴാണ് ജീവിതത്തിൽ താൻ ഒറ്റയ്ക്കാണെന്ന സത്യം മനുഷ്യൻ മനസ്സിലാക്കുക.
ന്താ പണിക്കരെ കിനാവ് കാണാ?
ഓർമകളിൽ നിന്ന് തിരിച്ചു വിളിച്ച ആ ചോദ്യത്തിനപ്പുറം എരിയുന്ന സിഗരറ്റ് പുകയിൽ പലിശക്കാരൻ കുഞ്ഞച്ചന്റെ മുഖം തെളിഞ്ഞു.
നാളെ ന്താ തീയതിന്ന് അറിയാലോ ല്ലേ? മുതലും പലിശയും ചേർത്ത് അറുപത്തി അയ്യായിരത്തി അറുന്നൂർ രൂപ രാവിലെ എനിക്ക് കിട്ടണം. ഇല്ലെങ്കിൽ ഈ കുഞ്ഞച്ചന്റെ തനിക്കൊണം കാണേണ്ടി വരും.
കാശായിട്ട് തരാൻ ന്റെല് ഒന്നൂല്ല, ആകെയുണ്ടായിരുന്ന വീടും പുരയിടവും രണ്ട് നാള് കഴിഞ്ഞ ബാങ്ക് കാര് കൊണ്ടോവും, ഇനി സ്വന്തമെന്ന് പറയാൻ ഇതേയുള്ളൂ. വലം കൈയ്യിൽ കിടന്ന ആചാര വളയിലേക്ക് നോക്കിക്കൊണ്ടാണ് പണിക്കരത് പറഞ്ഞത്.
ആദ്യത്തെ ഒറ്റക്കോലം കഴിഞ്ഞപ്പോൾ തമ്പുരാന്റെ കൈകൊണ്ട് സമ്മാനിച്ചതാ, മാറ്റ് നോക്കിയിട്ടില്ല, പക്ഷേ സ്വർണ്ണ, അല്പം പോലും മായമില്ലാത്ത സ്വർണം. വിറയ്ക്കുന്ന കൈകൊണ്ട് പണിക്കരാ വളയൂരി കുഞ്ഞച്ചന് നേരെ നീട്ടി.
വള വാങ്ങി കൈയിലിട്ട് തട്ടിച്ച് നോക്കിയ ശേഷം ഒന്നിരുത്തി മൂളിക്കൊണ്ട് തിരിഞ്ഞു നടക്കുന്ന പലിശക്കാനെ നോക്കിയിരിക്കെ പണിക്കരുടെ തൊണ്ടക്കുഴിയിൽ ഒരു കരച്ചിൽ ഞെരുങ്ങി.
കയറിക്കിടക്കാൻ ഒരു വീട് പോലുമില്ലാത്ത തനിക്കിനി ആ വള കൊണ്ട് എന്ത് നേടാനെന്ന് അയാൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ആശുപത്രിയിൽ നിന്ന് മടങ്ങും വഴി കള്ളവാറ്റുകാരൻ സുകുമാരനോട് കടം പറഞ്ഞു വാങ്ങിയ റാക്കിൽ അല്പം കൂടി ബാക്കിയുണ്ട്, അത് കൂടി കഴിഞ്ഞാൽ താൻ സ്വതന്ത്ര്യനാണ്.
പണിക്കർ കലുങ്കിന്റെ തണുപ്പിലേക്ക് ചരിഞ്ഞു കിടന്ന് കണ്ണീർ വറ്റിയ കണ്ണുകളടച്ചു.
ഉയർന്നു പൊങ്ങിയ കതിന വെടിയാണ് അയാളെ ആ ഉറക്കത്തിൽ നിന്നുണർത്തിയത്. അന്തരീക്ഷത്തിൽ ഗോവിന്ദാ വിളി മുഴങ്ങുന്നു. തീ ചാമുണ്ഡി അഗ്നിപ്രവേശനത്തിന് ഇറങ്ങിക്കഴിഞ്ഞു.
പണിക്കർ നിവർന്നിരുന്ന് അവശേഷിച്ച ചാരായവും തൊണ്ടയിലേക്ക് കമിഴ്ത്തിയ ശേഷം കുപ്പി കലുങ്കിനപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.
അക്കരെ മേളം മുറുകിത്തുടങ്ങി, അതിനും മീതെ തീയ്യക്കിടാങ്ങളുടെ കൂറ്റ് കേൾക്കാം. തെയ്യം തീയിലേക്ക് എടുത്തു തുള്ളുന്നു, അടങ്ങിയ കനൽ ഉയർന്നു പൊങ്ങി ജ്വലിക്കുന്നു.
അരികിലിരുന്ന ക്രച്ചസ് കക്ഷങ്ങളിലിറുക്കി ചന്ദ്രൻ പണിക്കർ കലുങ്കിനരികിൽ നിന്ന് മുന്നോട്ട് നീങ്ങി. വളവിനപ്പുറം ഏതോ തീവണ്ടി ഉറക്കെ കൂവി. മരവിച്ച് കിടന്ന പാളങ്ങൾ വീണ്ടും വിറകൊള്ളുന്നു. ഒറ്റക്കണ്ണിൽ തീയെരിച്ച് തീവണ്ടി പാഞ്ഞടുക്കുന്നു, തീ ചാമുണ്ഡി ജ്വലിക്കുന്ന മലയാഴിയിലേക്ക് കുതിച്ച് തുള്ളുന്നു.
നോക്കി നിൽക്കെ ഒറ്റക്കോലം തനിക്ക് നേരെ ഓടിയടുക്കുന്നതായി അയാൾക്ക് തോന്നി. ഈ ദുരിതജീവിതത്തിൽ നിന്ന് തന്റെ പ്രതിപുരുഷനെ രക്ഷിക്കാൻ നരഹരി വെമ്പൽ കൊള്ളുന്നു. എന്റെ ദൈവേന്ന് അലറിവിളിച്ചു കൊണ്ട് പണിക്കർ ക്രച്ചസ് വലിച്ചെറിഞ്ഞ് ഒറ്റക്കാലിന് ബലം കൊടുത്ത് മുന്നോട്ട് കുതിച്ചു.
തീവണ്ടിയുടെ കൂവലിനും കാതടപ്പിക്കുന്ന ഒച്ചയ്ക്കും മീതെ തെയ്യത്തിന്റെ കൂറ്റ് കേൾക്കുന്നു. ഭക്തലഹരിയിൽ മുങ്ങിയ അന്തരീക്ഷത്തിലൂടെ തീവണ്ടി കടന്നു പോയി, ഇരുമ്പ് പാളത്തിലെ മെറ്റൽ കഷ്ണങ്ങൾ മേലേരിയിലെ കനൽ പോലെ ചുവന്നു തിളങ്ങി.


2 Comments
നോവുണർത്തിയ രചന. കനൽ പോലെ പൊള്ളുന്ന മേലേരി തെയ്യത്തിന്റെ അവസ്ഥ കാണാൻ ഭക്തരില്ലാതെ പോയത് ഹൃദയം നുറുങ്ങുന്ന വേദനയായി. ആ വേദന കൃത്യമായി വരച്ചിട്ട വാക്കുകൾ 👌
തെയ്യത്തിന്റെ മനോഹാരിത വാഴ്ത്തുമ്പോൾ ആരും അറിയാതെ പോകുന്നത്