ദേവി പ്രതീക്ഷിച്ച ഒരു രൂപമായിരുന്നില്ല അവളുടെ മുന്നിൽ വന്ന് നിന്നയാൾക്ക്. പതിനെട്ടു പത്തൊൻപത് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പൊടിമീശക്കാരൻ പയ്യൻ.
“ഇവനാണോ അത്? ദിവസങ്ങളായി താൻ കാത്തിരിക്കുന്ന തന്റെ രക്ഷകൻ. “
എല്ലാ പ്രശ്നങ്ങളിൽ നിന്നും പി ബി യ്ക്ക് തന്നെ രക്ഷിക്കാൻ കഴിയുമെന്നായിരിക്കുന്നു അവളുടെ ധാരണ. ഇപ്പോൾ അവൾക്കു സംശയമായി. ദേവി ചിന്തകളിൽ മുഴുകിയതു കണ്ടപ്പോൾ പി ബി ഒന്ന് ചുമച്ചു.
“എന്താണ് മാഡമിപ്പോൾ ചിന്തിക്കുന്നതെന്നു ഞാൻ പറയട്ടെ. “
ദേവി മറുപടിയൊന്നും പറയാതെ അവന്റെ മുന്നിലേയ്ക്ക് ഒരു കസേര നീക്കിയിട്ടു.
“ക്ഷമിയ്ക്കണം. ഞാൻ ഇത് വരെ നിങ്ങളോടു ഇരിക്കാൻ പറഞ്ഞില്ല. “
ദേവിയുടെ ഓഫീസിൽ, അവളുടെ മേശയുടെ എതിർവശത്തായി പി ബി ഇരുന്നു.
“എന്ത് സഹായമാണ് ഞാൻ മാഡത്തിന് ചെയ്തു തരേണ്ടത്?”
ദേവി മേശയിൽ നിന്നുമൊരു കല്യാണ കാർഡ് എടുത്ത് അവന്റെ നേരെ നീട്ടി.
“എന്റെ കല്യാണമാണ്. എന്റെ പ്രതിശ്രുത വരൻ ഡൽഹിയിലെ അറിയപ്പെടുന്ന ഒരു ടാരോ കാർഡ് റീഡറാണ്. “
“ഓഹ്?”
“നാലാമത്തെ കല്യാണം. “
ദേവി പൊട്ടിച്ചിരിച്ചു. പി ബി അതിശയത്തോടെ ദേവിയുടെ മുഖത്തേയ്ക്ക് നോക്കി. അവളുടെ വലിപ്പമുള്ള, ആഴമേറിയ കണ്ണുകളിൽ അവൻ ഉറ്റു നോക്കി. അതിൽ തുളുമ്പി നിൽക്കുന്ന വെള്ളത്തുള്ളികൾ അവനിൽ നിന്നും മറയ്ക്കാനായി ദേവി പുറം തിരിഞ്ഞു കളഞ്ഞു. അപരിചിതനായ ഒരാളുടെ മുൻപിൽ കണ്ണുനീർ പൊഴിക്കുന്നത് ബലഹീനതയായി അവൾക്കു തോന്നി.
“കുടിയ്ക്കാൻ ചായയോ കാപ്പിയോ?”
അവൾ കാപ്പി തയാറാക്കാൻ എഴുന്നേറ്റു. വൃത്തിയുള്ള തൂവെള്ള കപ്പുകളിൽ ദേവി ചൂട് കാപ്പി നിറച്ചു. ഫിൽറ്റർ കോഫിയുടെ നറുമണം ചുറ്റിലും പരന്നു.
തൻ്റെ ചുറ്റുമുള്ള അന്തരീക്ഷം പെട്ടെന്ന് മാറിയതായി അവന് തോന്നി. കുഞ്ഞുനാളിൽ അച്ഛൻ ജോലി ചെയ്തിരുന്ന അഗ്രഹാരങ്ങളിലെ കാപ്പി മണം അവൻ്റെ ഓർമ്മയിലേയ്ക്ക് വന്നു. അച്ഛന്റെ ഗുരുവായ സ്വാമിയുടെ വീട്ടിൽ നിന്നും പിത്തള ഗ്ലാസിൽ ലഭിച്ചിരുന്ന മധുരവും കടുപ്പവും നിറഞ്ഞ കോഫികൾ. തന്റെ ബാല്യകാലത്തെ ഓർമ്മകളുടെ അവശേഷിപ്പുകൾ അവന്റെ കണ്ണിനെ ഈറൻ അണിയിച്ചു. അവൻ തെല്ലുനേരം ആലോചനയിലായി.
“മധുരം കൂടിയോ? എനിക്ക് മധുരം അൽപ്പം അധികമാണ്. “
“ഇല്ല മധുരവും കടുപ്പവും പാകത്തിനാണ്. “
“ഞാനങ്ങനെ എപ്പോഴും എല്ലാവർക്കും വേണ്ടി കാപ്പി തയാറാക്കില്ല. നിങ്ങൾ എന്റെ മാത്രം ഗസ്റ്റ് ആയതു കൊണ്ട്. “
“മ്മ് എനിക്ക് പോകാൻ അൽപ്പം ധൃതിയുണ്ട്. നമുക്ക് കാര്യത്തിലേക്കു കടക്കാം. “
“എന്താ അറിയേണ്ടത്? ചോദിക്കൂ പിബി. “
“മാഡം ഇപ്പോൾ നിങ്ങളുടെ പ്രശ്നമെന്താണ്? തുറന്നു പറയൂ. “
ദേവി കാപ്പി കപ്പ് മേശമേൽ വച്ച് കഥ പറയാൻ തുടങ്ങി.
“എന്റെ കല്യാണം അടുത്തമാസത്തെ പൗർണ്ണമി നാളിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ഞാൻ ഒന്നും രണ്ടും തവണയല്ല, മൂന്നു തവണ ! മൂന്ന് പുരുഷന്മാരെ പ്രണയിച്ചു. ഒന്നിനൊന്നു വ്യത്യസ്തരായവരെ, വിവാഹവും ചെയ്തു. പക്ഷെ ഒന്നും നീണ്ടു നിന്നില്ല. അവരൊക്കെ ദുർമരണപ്പെട്ടു. എല്ലാത്തിനും മൂക സാക്ഷിയായി ഞാനും. മൂന്നാമത്തെ വൈധവ്യം ഏറ്റു വാങ്ങിയപ്പോൾ സ്വന്തം അമ്മ പോലും എന്നെ ജാതക ദോഷക്കാരിയെന്നു വിളിച്ചു.
എല്ലായിടങ്ങളിൽ നിന്നും കുറ്റപ്പെടുത്തലുകൾ, കളിയാക്കലുകൾ മാത്രം. മറ്റേതൊരു പെണ്ണായാലും ദുഃഖക്കടലിൽ മുങ്ങി ചത്ത് പോകുന്ന അവസ്ഥ. ചിലപ്പോൾ അവരൊക്കെ സഹികെട്ടു സ്വയം മരണത്തിലേക്ക് മുങ്ങാം കുഴിയിട്ടിരിക്കും. ഞാൻ എല്ലാവരിൽ നിന്നും അകന്നു പോയി, ഒറ്റപ്പെട്ടു.
എന്നെ സഹായിക്കാൻ എന്റെ ആത്മമിത്രം അനുപമ മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ വിവാഹ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അവൾ എനിയ്ക്കായി മാറ്റി വച്ചു. അവൾ ആത്മാർഥമായി എനിക്ക് എല്ലാ പിന്തുണയും നൽകി.
അനുപമയുടെ ഭർത്താവ് പ്രണവ് അറിയപ്പെടുന്ന ഒരു സിനിമ നടനാണ്. അയാളുടെ കരിയറിലെ ഏറ്റവും മികച്ച രണ്ടു മൂന്നു സിനിമകൾ അയാൾ ചെയ്ത സമയം. ജീവിതത്തിൽ വിജയക്കൊടി പാറിച്ച സമയത്താണ് അനുപമ രണ്ടു ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
പെട്ടെന്നാണ് അവരുടെ ജീവിതത്തിൽ എല്ലാം തകിടം മറിഞ്ഞത്. പ്രണവിന് ഒരു അപൂർവ രോഗം. എല്ലാത്തരം ടെസ്റ്റുകളും സ്കാനുകളും നടത്തി, മാസങ്ങളോളം പലയിടത്തും ചികിത്സ തേടി. ഒരു മാറ്റവുമില്ല.
ഒടുവിൽ പ്രണവ് ആര്യനെന്ന നോർത്ത് ഈസ്റ്റ്കാരനായ ടാരോ കാർഡ് റീഡറുടെ സഹായം തേടി. അമേരിക്കൻ ട്രിപ്പിലായിരുന്ന ആര്യൻ പ്രണവിന് വേണ്ടി മടങ്ങി വന്നു. അപ്പൊഴൊന്നും എനിക്ക് ആര്യനെ അറിയില്ലായിരുന്നു. ഗായകൻ കുമാർ സാനുവിൻ്റെ ഛായയുള്ള അയാളെ ഞാനിഷ്ടപ്പെട്ടിരുന്നില്ല.
പ്രണവിൻ്റെ രോഗം വളരെയധികം മൂർച്ഛിച്ചു. ആ ദിവസം ഡോക്ടർമാർ അനുപമയെ വിളിച്ച് ബന്ധുക്കളെയെല്ലാം അറിയിക്കാൻ പറഞ്ഞു. കൂടി പോയാൽ രണ്ടു ദിവസം കൂടി മാത്രം അയാൾ ജീവിച്ചിരിക്കും. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം.
അനുപമ ഡിസ്ചാർജ്ജ് ചെയ്യാൻ നിർബന്ധം പിടിച്ചു. ഒടുവിൽ പ്രണവിനെ വീട്ടിലേക്ക് മടക്കി കൊണ്ട് വന്നു. അയാളുടെ പ്രിയപ്പെട്ട മുറിയിൽ അയാൾ മരണത്തിനായി കാത്തു കിടന്നു.
ഒടുവിൽ പ്രണവിനെ കാണാൻ ആര്യനെത്തി. ആര്യൻ വന്നപ്പോൾ പ്രണവ് അർദ്ധ ബോധാവസ്ഥയിൽ ആയിരുന്നു.
“അയാൾ ആര്യൻ ആരാണ്.?”
” അയാൾ ഡൽഹിയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഹീലറാണ്, ഒരു മെൻ്റലിസ്റ്റും കൂടിയാണ്. മിക്കവാറും എല്ലാം സിനിമാക്കാരും സ്പിരിച്വൽ ഗൈഡൻസിൽ വിശ്വസിക്കാറുണ്ട്. പ്രപഞ്ചവും ചിഹ്നങ്ങളും അത് നൽകുന്ന സന്ദേശങ്ങളും. അവരുടെ വിജയവും ഭാവിയുമൊക്കെ മാറ്റി മറിക്കുന്ന പ്രവചനങ്ങൾ ആര്യൻ നടത്താറുണ്ട്. “
“എന്താണ് ഈ ടാരോ കാർഡ്സ്?”
“78 കാർഡുകൾ ഉണ്ട്, ഓരോ കാർഡിനും ഓരോ അർത്ഥം. ജീവിതത്തിൽ മാർഗനിർദ്ദേശങ്ങൾ നേടുന്നതിന് പ്രതീകാത്മക ചിത്രങ്ങളുള്ള കാർഡുകൾ ഉപയോഗിക്കുന്നു, അതാണ് Tarot കാർഡുകൾ. ഓരോ കാർഡിനും അതിൻ്റേതായ അർത്ഥമുണ്ട്, അത് വ്യാഖ്യാനിക്കുമ്പോൾ, ഒരു വ്യക്തിയുടെ സാഹചര്യം, ഭൂതകാലം, വർത്തമാനം, ഭാവി എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകാൻ കഴിയും.
ആര്യൻ കുന്തിരിക്കം പുകച്ചു മുറി മുഴുവൻ അതിന്റെ സുഗന്ധം നിറച്ചു. അനുപമ കുന്തിരിക്കത്തിന്റെ പാത്രവുമായി പ്രണവിന്റെ കട്ടിലിനെ ഏഴു വട്ടം പ്രദക്ഷിണം ചെയ്തു. അയാളുടെ കാലിൽ തേച്ച ഉപ്പുനീര് തുടച്ചു മാറ്റി. പ്രണവിന്റെ വായിലേയ്ക്ക് ആര്യൻ തയാറാക്കിയ ഏതോ ദ്രാവകം ഒഴിച്ച് കൊടുത്തു.
ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുത് അർദ്ധബോധവസ്ഥയിൽ കിടന്ന പ്രണവിന്റെ പരാക്രമമായിരുന്നു. വയറിൽ അമർത്തി പിടിച്ചും കൊണ്ടയാൾ കട്ടിലിൽ കിടന്നുരുണ്ടു. പിന്നീട അയാൾ ഛർദ്ദിക്കാൻ തുടങ്ങി. നീല കലർന്ന കറുത്ത വസ്തുക്കൾ അയാളുടെ ഛർദ്ദിലിലൂടെ പുറത്തു വന്നു. ആര്യൻ ആ വസ്തുക്കൾ എന്നെയും അനുപമയെയും കാണിച്ചു തന്നു.
“കൈവിഷമാണ്, എല്ലാം പുറത്തു പോയാൽ ഇയാളുടെ രോഗം ഭേദമാകും. “
പ്രണവ് ഏകദേശം അരമണിക്കൂറോളം കട്ടിലിൽ കിടന്നുരുളുകയും വെപ്രാളം കാണിയ്ക്കുകയും ചെയ്തു. ചർദ്ദിൽ അവസാനിച്ചതും അയാൾ സുഖപ്പെട്ടതുപോലെ കട്ടിലിൽ എഴുന്നേറ്റിരുന്നു എല്ലാവരോടും സംസാരിക്കുകയും ചെയ്തു. പിന്നീട് മുറിയിൽ തെക്കു വടക്കായി അയാൾ നടക്കുകയും, അനുപമ കൊണ്ട് വന്ന ചൂട് ഭക്ഷണം കഴിക്കുകയും ചെയ്തു.
ആരോഗ്യവാനായി കാണപ്പെട്ട പ്രണവിന് അറിയേണ്ടത് കൈവിഷം നല്കിയതാരാണെന്ന് ആരായിരുന്നു.
“നിന്റെ ഒരു സഹായിയാണ് ഭക്ഷണത്തിൽ കലർത്തി നിനക്ക് കൈവിഷം തന്നത്. നിന്റെ ശത്രുവിനു വേണ്ടിയാണവനത് ചെയ്തത്. അവനു കിട്ടാനുള്ളത് കാലം കൊടുത്തു കൊള്ളും. ഇപ്പോൾ നീ പ്രതികരിയ്ക്കരുത്. ശുഭാപ്തി വിശ്വാസം കൈവിടരുത്. “
പ്രണവ് ആരോഗ്യം വീണ്ടെടുത്തു. പ്രണവിന് വേണ്ടി വീട്ടിൽ നടത്തിയ ചെറിയ പാർട്ടിയിൽ ആര്യനുമുണ്ടായിരുന്നു. അന്നായിരുന്നു ഞങ്ങൾ ആദ്യമായി മനസ്സ് തുറന്നു സംസാരിച്ചത്. ഞാൻ ഒന്നും ചോദിച്ചില്ല, അയാളൊന്നും പറഞ്ഞതുമില്ല. കുറെ നേരം ഞങ്ങൾ പരസ്പരം നോക്കിയിരുന്നു.
“ദേവി നല്ല പേര്… മൂന്നാമനും പോയല്ലോ, നാലാമൻ ദീർഘനാൾ വാഴും. “
അനുപമ അവിടേയ്ക്കു വന്നത് ഞാൻ കണ്ടില്ലായിരുന്നു. അനുപമ ദേവിക്ക് വേണ്ടി ആര്യനോട് അഭ്യർത്ഥിച്ചു.
“ആര്യൻ ഇവൾക്ക് വേണ്ടി ഒരു ടാരോ റീഡിങ് നടത്താമോ. “
ആര്യനും ഞാനും അനുപമയും ഒരു മേശയുടെ ചുറ്റുമിരുന്നു. അയാൾ സുഗന്ധമുള്ള രണ്ട് മെഴുകുതിരികൾ എൻ്റെ ഇടവും വലവും കത്തിച്ച് വച്ചു. എന്റെ കണ്ണുകളിലേയ്ക്ക് നോക്കി കൊണ്ട് ആര്യനൊരു കാർഡ് തെരെഞ്ഞെടുത്തു.
“ദൈവമേ… ഹൈ പ്രീസ്റ്റസ് “
“നിഗൂഢത, ആത്മീയത, ഉപബോധമനസ്സ് എന്നിവയെ സൂചിപ്പിക്കുന്ന കാർഡാണിത്. ആന്തരിക അവബോധമുള്ള ഒരാളാണ് നിങ്ങൾ. സ്വന്തം ഇന്റ്യൂഷൻ പിന്തുദാരുക. ആത്മീയ തലത്തിലേയ്ക്ക് ശ്രദ്ധിക്കാനുള്ള മാർഗ നിർദേശം കൂടിയാണ് ഈ കാർഡ്. പ്രാർത്ഥിക്കുക, പ്രപഞ്ചവുമായി ആശയവിനിമയം ചെയ്യുക. പ്രപഞ്ചം നിങ്ങൾക്ക് വഴികാട്ടിയാകും. “
” എനിക്കൊന്നും മനസിലായില്ല. “
അയാൾ വീണ്ടും കാർഡുകൾ തെരെഞ്ഞെടുത്തു.
“ലൗവേഴ്സ് കാർഡ് “
അയാളൊരു കാർഡെടുത്തു ഞങ്ങളെ കാണിച്ചു.
“ദേവി നിങ്ങൾക്കൊരു ഗൈഡിനെ കിട്ടും. അയാൾ നിങ്ങളെ മുന്നോട്ടു നയിക്കും. “
“അയാളോ? വേറെയാരുമില്ല. എന്നെ സംരക്ഷിക്കാനും നയിക്കാനും ഞാൻ മാത്രമേയുള്ളു. “
“പ്രണയ ബന്ധങ്ങളെയും പങ്കാളികളുടെ തെരഞ്ഞെടുപ്പും ഈ കാർഡ് സൂചിപ്പിക്കുന്നു. “
ദേവി പൊട്ടിച്ചിരിച്ചു.
“അല്ല എന്റെ കാർഡുകൾ കള്ളം പറയില്ല.
അതൊരു തുടക്കമായിരുന്നു. അയാൾ എനിക്ക് വേണ്ടി റീഡിങ്ങുകൾ നടത്തിക്കൊണ്ടിരുന്നു. അയാളുടെ കരുതൽ എന്നോടുള്ള പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. രണ്ടു വർഷത്തെ ഇടവേളയ്‌ക്കൊടുവിൽ ഞാൻ സ്വയം സ്നേഹിയ്ക്കാൻ തുടങ്ങി, അയാളെ സ്നേഹിക്കാൻ തുടങ്ങി.
(തുടരും….)
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -1 - By Nisha Pillai - കൂട്ടക്ഷരങ്ങൾ