പ്രിയപ്പെട്ട എൻ്റെ എഴുത്തുകാരാ ആദ്യമായി ഞാൻ താങ്കളോട് മാപ്പ് ചോദിക്കുന്നു, എന്തിന് എന്നല്ലേ? പറയാം. ‘താങ്കളുടെ കഥാപാത്രത്തിന്റെ പേര് മോഷ്ടിച്ചതിന് (ലോലയിലെ കഥാനായകന്റെ പേര്) ‘ ക്ഷമിക്കുക എഴുത്തുകാരാ…
എൻ്റെകൗമാര കാലങ്ങളിൽഞാൻ ഏറ്റവും തവണ വായിച്ച പുസ്തകം… താങ്കളുടെ ലോല.. …
ആ കഥയിലെ നായികയായ ലോല വിൽ ഫ്രെഡിനെക്കുറിച്ച്താങ്കൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെയല്ലേ… ലജ്ജാശിലയായ ഒരു അമേരിക്കൻ പെൺകുട്ടി, എത്ര മനോഹരമായിരുന്നു അവരുടെ പ്രണയം…
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല നി മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക…
വേർപാടിന്റെ 34 വർഷങ്ങൾ, നഷ്ടം നവംബറിന്റെതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ് അവനവൻ്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്…
പക്ഷേ എല്ലാവർക്കും ഒരുപോലെ വലുതാണ് എന്ന് കരുതുന്ന ചില നഷ്ടങ്ങളും ഉണ്ട്, അതിൽ ഒന്നാണ് മലയാളികളുടെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനും സംവിധായകനുമായ പത്മരാജൻ സാറിൻ്റെ ത്.. …
താൻ ഇന്നും സങ്കടത്തോടെ ഓർക്കുന്നു ആ ദിവസം
സ്കൂളിൽനിന്ന് അവസാന മോഡൽ പരീക്ഷയായ ജന്തുശാസ്ത്രം എങ്ങിനെയൊക്കെയോ എഴുതി ഒപ്പിച്ചാണ് ഞാൻ വീട്ടിലേക്ക് ഓടിയെത്തിയത്. പിറ്റേ ദിവസം സിനിമ തിയേറ്ററിൽ പോയി തന്റെ പ്രിയ എഴുത്തുകാരനെയും ഗന്ധർവനെയും കാണാം എന്ന പ്രതീക്ഷയോടെ…
പക്ഷേ തൻ്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ടാണ് റേഡിയോവിൽ നിന്നും ആ വാർത്ത പുറത്തേക്കു വന്നത് തൻ്റെ പ്രിയ എഴുത്തുകാരൻ പത്മരാജൻ സാർ ഈ ലോകത്ത് നിന്നും വിടവാങ്ങി, എത്ര ഞെട്ടലോടെയാണ് തൻ്റെ കാതുകൾ അതു ശ്രവിച്ചത് ഒരുപാടുനേരം കരഞ്ഞു കരഞ്ഞിരുന്ന തന്നെ അച്ഛമ്മ എന്തൊക്കെ പറഞ്ഞാണ് ആശ്വസിപ്പിച്ചത്.
പിറ്റേദിവസം മനോരമ പേപ്പറിൽ കണ്ട അദ്ദേഹത്തിൻ്റെ ഫോട്ടോയും വാർത്തകളും എത്രയധികം മനോവിഷമമാണ് തന്നിൽ ഉളവാക്കിയത്. അതിലധികം മനോവിഷമം തോന്നിയ വേറൊരു കാര്യം അദ്‌ദേഹത്തിൻ്റെ അമ്മയും റേഡിയോ വാർത്തയിൽ നിന്നാണ് തന്റെ മകൻ്റെ വിയോഗവാർത്ത എന്നറിഞ്ഞത് എന്ന് കേട്ടപ്പോഴാണ്…
ഇത്രയധികം അമ്മയെ സ്നേഹിച്ച മകനും, മകനെ സ്നേഹിച്ച അമ്മയും, ഉണ്ടാവില്ല…
അമ്മയായിരുന്നു മകന് കഥകൾ പറഞ്ഞുകൊടുത്തിരുന്നത്. എപ്പോഴും അമ്മയുടെ നിഴലായി മകൻ ഉണ്ടായിരുന്നു പാടത്തും പറമ്പിലും ഒക്കെ കഥകൾ പറഞ്ഞ് നടക്കുമായിരുന്നു ആ അമ്മയും മകനും…
അദ്ദേഹത്തിൻറെ എത്രയോ കഥകളാണ് സിനിമകൾ ആയത്. പ്രണയവും, രതിയും, പകയും, പ്രതികാരവും, ഇത്ര മനോഹരമായി സമന്വയിപ്പിച്ച തിരക്കഥാകൃത്തുകൾ വേറെ ഉണ്ടോ ? എന്ന് സംശയം…
ഭൂമിയിൽ താൻ വിട്ടുപോകുന്ന പ്രിയപ്പെട്ടവർക്കായി ഒരുപാട് ബാക്കി വെച്ചിട്ടാണ് ഈ നക്ഷത്രങ്ങളുടെ കാവൽക്കാരൻ പോയി മറഞ്ഞത്… …
ചെറുകഥകൾ, നോവലുകൾ, തിരക്കഥകൾ, സിനിമകൾ അങ്ങിനെ ഒരുപാട്…
അദ്ദേഹത്തിൻറെ ഒട്ടുമിക്ക സിനിമകളും, നോവലുകളും, ഒക്കെ തന്നെ ആർത്തിയോടെ താൻ വിഴുങ്ങിയിട്ടുണ്ട്… മനസ്സിൽ എല്ലാ കഥാപാത്രങ്ങളും തങ്ങിനിൽപ്പുണ്ട്. എങ്കിലും വേറിട്ട് നിൽക്കുന്നത് ഇവ രണ്ടും ആണ്…
കഥകളിൽ “മഞ്ഞുകാലം നോറ്റ കുതിര. “.
സിനിമകളിൽ “ഞാൻ ഗന്ധർവ്വൻ”
മഞ്ഞുകാലം നോറ്റ കുതിര പത്മരാജൻ സാറിൻ്റെഏറ്റവും ജനസമ്മതിനേടിയ ഒരു കൃതിയാണ്… …
എല്ലാ മനുഷ്യബന്ധങ്ങളും നിയമങ്ങൾക്കും കണക്കുകൂട്ടലുകൾക്കും പുറത്താണ് സംതൃപ്തിയടയുന്നത്എന്ന സത്യം തന്റെ മറ്റെല്ലാ രചനങ്ങളിലും എന്നപോലെ ഈ രചനയിലും അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിക്കുന്നു…
മഞ്ഞുകാലം, കുതിര എന്നീ രണ്ടു പ്രതീകങ്ങളെ മനോഹരമായി സമന്വയിപ്പിച്ചതാണ് ഈ നോവലിൻറെ സൗന്ദര്യം. മഞ്ഞുകാലവും, കുതിരയും അദ്ദേഹം ആവർത്തിച്ചുപയോഗിക്കുന്ന ലൈംഗിക പ്രതീകങ്ങളാണ്. ഋതുക്കളോടുള്ള ആഭിമുഖ്യവും പത്മരാജന്റെ രചനകളിൽ ആവർത്തിക്കപ്പെടുന്നുണ്ട്.
പാല പൂക്കുന്ന മണത്തോടെയാണ് കഥ ആരംഭിക്കുന്നത് പാലപ്പൂവിന്റെ സുഗന്ധത്തെക്കുറിച്ച് പറയുന്നതോടൊപ്പം പാലപ്പൂമണത്തോടൊപ്പം വരുന്ന യക്ഷി മണവും പ്രതിപാദിക്കപ്പെടുന്നു..
ഊർമ്മിള, ഖാൻ ദമ്പതിമാരുടെ ജീവിതത്തെ ഏറ്റവും വൈദഗ്ധത്തോടെയാണ് മഞ്ഞുകാലവുമായും കുതിരയുമായും ബന്ധിപ്പിച്ചിരിക്കുന്നത്. ഊർമ്മിളക്ക് കുതിരയെ സമ്മാനിക്കുന്നതിലൂടെ തങ്ങൾക്കിടയിലെതകർന്നുപോയ ബന്‌ധത്തെവിളക്കി ച്ചേർക്കാമെന്ന് ഖാൻ കരുതുന്നു… പക്ഷേ അങ്ങനെയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ ഊർമ്മിള മടങ്ങി പോകുമ്പോൾ കുതിരയെ തന്നെ തകർത്തു കളയുകയാണ് അയാൾ.
നഗര പശ്ചാത്തലത്തിൽ എഴുതപ്പെട്ട ലാളിത്യമാർന്നൊരു പ്രതീകാത്മകനോവലെന്ന് മഞ്ഞുകാലം നോറ്റ കുതിരയെനിർവചിക്കാം.
ലാളിത്യത്തിന്റെ വായനാ സുഖമാണ് മഞ്ഞുകാലം നോറ്റ കുതിരയിൽ പിടയുന്നത്. അതിലേറെ ചില പോസ്റ്റ്മോഡേൺ സ്വഭാവങ്ങളും.
സാറ, പ്രശാന്ത്, സുകന്യ ഡാനിയേൽ, ഖാന്റെ സുഹൃത്തുക്കൾ, ദുർഗ, ഗുരു ഇങ്ങനെ ഒത്തിരി കഥാപാത്രങ്ങൾ ഇതിലുണ്ട്.
പലകാര്യങ്ങളിലും അദ്ദേഹം നമ്മളെ കൺഫ്യൂസ്ഡ് ആക്കുന്നു. ഒരു ക്ലാരിഫിക്കേഷനും തരാതെ… സാറയും ഖാനുംതമ്മിൽ… ഗുരുവും ഊർമ്മിളയും തമ്മിൽ
എപ്പോഴും തന്റെ വായനക്കാരെ മുൾമുനയിൽ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വായിക്കുന്തോറും ആ മാന്ത്രിക വലയത്തിൽ നാം അകപ്പെട്ടു പോകും, അതാണ് അദ്ദേഹത്തിൻറെ കാന്തിക ശക്തി. വാക്കുകൾകൊണ്ട് മാസ്മരികത സൃഷ്ടിക്കുന്ന ഗന്ധർവ്വൻ…
ഞാൻ ഗന്ധർവ്വൻ സിനിമയും അങ്ങനെയൊക്കെ തന്നെയല്ലേ. …
ആകാശത്തിനും അപ്പുറത്തുനിന്നും ഭൂമിയിലെത്തുന്ന ഒരു അമാനുഷിക ശക്തി, പ്രണയത്തിനു വേണ്ടി എല്ലാം മറക്കുന്ന ഒരു ഗന്ധർവ്വൻ ഒടുവിൽ മനസ്സില്ലാമനസ്സോടെ ഭൂമി വിട്ടു പോകുന്നു
ആ സിനിമയുടെ അവസാന ഭാഗങ്ങളിൽ ഇങ്ങനെ ഒരു അശരീരി ഉണ്ട് “സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീ ഇല്ല പകലുകൾ നിന്നിൽ നിന്നും ചോർത്തി കളഞ്ഞിരിക്കുന്നു ചന്ദ്രസ്പർശം ഉള്ള രാത്രികളിലും നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശുമ്പോൾ നീ ഭൂമിയിൽനിന്ന് യാത്രയാകും ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല… അശരീരിക്കു പിന്നാലെ ഗന്ധർവനെയും ഒരു കാർമേഘം കൊണ്ടുപോകുന്നു… അദ്ദേഹത്തിൻറെ ജീവിതത്തിലും ഇങ്ങനെയല്ലേ സംഭവിച്ചത് ഗന്ധർവ്വൻ സിനിമയുടെ പ്രമോഷനായി നടന്ന അദ്ദേഹവും ഈ ഡയലോഗ് കേട്ടുകൊണ്ടാണ് കിടന്നുറങ്ങിയത്, ഗന്ധർവ്വൻ അദ്ദേഹത്തെ കൂടെ കൂട്ടിയതാണോ ഗന്ധർവ ലോകത്തെ കഥ പറയാൻ. …
അദ്ദേഹത്തിൻറെ നോവലുകളും കഥകളിലും ഇങ്ങനെയൊക്കെ തന്നെയല്ലേ നമുക്ക് ആർക്കും പിടിതരാത്തഎന്തോ ഒന്ന്… അദ്ദേഹത്തിൻ്റെ സഹധർമ്മിണിയുടെ വാക്കുകളും അത് ശരിവെക്കുന്നു
അറിയില്ല തെളിയിക്കാനും കഴിയില്ല വിശ്വസിക്കാൻ മാത്രം കഴിയൂ…
പണ്ടു കുട്ടിക്കാലത്ത് അച്ഛനമ്മമാരോടൊപ്പം ഞാൻ ഗന്ധർവ്വൻ സിനിമ കണ്ടു പുറത്തിറങ്ങിയപ്പോൾ അച്ഛമ്മ പറഞ്ഞത് ഓർത്തു എൻ്റെ… കുട്ട്യേ…
ഈ ഗന്ധർവന്മാരൊന്നും കെട്ടുകഥകൾ അല്ല കുട്ട്യേ സത്യാ… അങ്ങേരെയും ആ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ വന്നതാ അവിടത്തെ കഥകളൊക്കെ പറയാൻ…
…


4 Comments
പപ്പേട്ടൻ… നൊമ്പരത്തിപ്പൂവ് സിനിമ
എഴുത്ത്👌
❤️🌹👌
❤️👌👍
പത്മരാജൻ ഒരു സിനിമാക്കാരൻ എന്ന രീതിയിലാണ് കൂടുതൽ ജനപ്രിയനായത് എന്ന് തോന്നുന്നു. പക്ഷേ അദ്ദേഹത്തിലെ എഴുത്തുകാരനെ പ്രണയിക്കുന്ന ഒരുപറ്റം ആസ്വാദകരെ പ്രതിനിധീകരിക്കുന്നു ഈ എഴുത്ത്. 👌👌👌