അവൾ കഴിച്ചു തീരുന്നതിനു മുൻപ് നിധിൻ വേഷം മാറി പുറത്തേയ്ക്കു നടന്നിരുന്നു. അവന്റെ ഒപ്പം പോകാനായി അവൾ ഗ്ലാസിലെ ജ്യൂസ് വലിച്ചു കുടിച്ചു. അവൾ ബിൽ പേ ചെയ്തു വന്നപ്പോഴേക്കും അവൻ പോയി കഴിഞ്ഞിരുന്നു. അവൾക്കു നിരാശ തോന്നി.
ഇനി എവിടെ വച്ചാണ് അവനെ കാണേണ്ടതെന്നു അവൾക്കു ഒരു നിശ്ചയമില്ല. അവന്റെ പേര് മാത്രം ദേവിക്ക് അറിയാം. അവളുടെ യാത്ര വെറുതെ ആയി പോകുമോ എന്ന് സങ്കടം അവൾക്കുണ്ടായി.
അവൾ മുറിയിൽ പോയി സാധനങ്ങൾ പാക്ക് ചെയ്തു, മുറി വെക്കേറ്റ് ചെയ്തു. അവൾ ഒരു കറുത്ത സ്റ്റാൾ കൊണ്ട് തല മറച്ചു, അതിനു മുകളിലേയ്ക്കു ഹൂഡിയുടെ ക്യാപ് തലയിലേക്ക് വലിച്ചിട്ടു.. ബാഗുമെടുത്ത് അവൾ ഹോട്ടലിൽ നിന്നും പുറത്തേയ്ക്കു നടന്നു.
അവൾ ഹോട്ടലിന്റെ പുറത്തു നിന്നും ചുറ്റും നിരീക്ഷിച്ചു. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പു വരുത്തിയ ശേഷം അവൾ മുന്നിൽ കണ്ട ഓട്ടോയിൽ കയറി. ബസ് സ്റ്റേഷനിലേയ്ക്കുള്ള ഓട്ടത്തിനിടയിൽ തന്റെ പിറകിൽ വന്ന ബൈക്കിനെ അവൾ ശ്രദ്ധിച്ചു. കറുത്ത ജാക്കറ്റും കറുത്ത ഹെൽമറ്റും ധരിച്ച നിധിനെ അവൾ കണ്ടു. ഇവനെന്തിനാ തന്റെ പിറകെ ?അവളവനെ കണ്ടില്ലെന്നു നടിച്ചു, അടിവാരം വഴി കോട്ടയത്തേക്ക് പോകുന്ന ഒരു കെ എസ് ആർ ടി സി ബസ് പുറപ്പെടാൻ തയാറായി നിൽക്കുന്നു. അവൾ കൈ കാണിച്ചു ബസിൽ കയറി.
ബസിൽ വളരെ കുറച്ചു യാത്രക്കാരെ ഉണ്ടായിരുന്നുള്ളു. ഒരു ജനാലയ്ക്കരികിലുള്ള സീറ്റിൽ അവൾ ഇരുപ്പുറപ്പിച്ചു. ലഗേജ് താഴെ വച്ച് ഒരു മഫ്ളർ കൊണ്ട് അവൾ തൻ്റെ ചെവികൾ മൂടി, ഉറങ്ങാനുള്ള തയാറെടുപ്പ് നടത്തി. അവൾ സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകളടച്ചു. ചെറിയൊരു കുലുക്കത്തോടെ ബസ് നിരങ്ങി നീങ്ങി.
അടുത്താരോ വന്നിരുന്നത് അവൾ ആ മയക്കത്തിനിടയിലും തിരിച്ചറിഞ്ഞു. കണ്ണുകൾ തുറക്കാതെ തന്നെ അവൾ ജനലരികിലേയ്ക്ക് ചേർന്നിരുന്നു. അടിവാരത്തെത്തിയപ്പോഴേക്കും എട്ടു മണി കഴിഞ്ഞിരുന്നു. അരമണിക്കൂർ ഹാൾട്ട് ഉണ്ടെന്നും ആഹാരം കഴിക്കേണ്ടവർക്കു അതിനുള്ള സമയമുണ്ടെന്നും കണ്ടക്ടർ വിളിച്ചു പറഞ്ഞു.
ദേവി കണ്ണ് തുറന്നപ്പോൾ അടുത്താരും ഉണ്ടായിരുന്നില്ല. ദേവിക്ക് വിശപ്പ് തുടങ്ങിയിരുന്നു, ലഗേജ് എടുത്തു അവൾ പുറത്തിറങ്ങി. ചുറ്റുമുള്ള കടകളിലെല്ലാം യാത്രക്കാരുടെ തിരക്കായിരുന്നു. അറ്റത്തുള്ള ചെറിയ കടയിൽ നിന്നും അവൾ തട്ട് ദോശയും ചമ്മന്തിയും കഴിച്ചു.
അവൾ തിരികെ വന്നപ്പോഴേക്കും യാത്രക്കാരൊക്കെ സീറ്റിൽ പഴയ പോലെ ഇടം പിടിച്ചിരുന്നു. അവളിരുന്ന സീറ്റ് ഒരു തമിഴ് ദമ്പതികൾ കരസ്ഥമാക്കിയിരുന്നു. അവൾ നാലുപാടും നോക്കി. ഒരാൾ ഒറ്റക്കിരിക്കുന്ന സീറ്റ് ലക്ഷ്യമാക്കി അവൾ നടന്നു. അവളെ കണ്ടതും അയാൾ വിൻഡോ സീറ്റ് അവൾക്കായി ഒഴിഞ്ഞു നൽകി. അയാളെ കടന്നു ഉള്ളിലേയ്ക്ക് കടക്കുന്നതിനിടയിൽ അവളാ മുഖത്തേക്കൊന്നു പാളി നോക്കി. അത് അവനായിരുന്നു, നിധിൻ.
ഡ്രൈവർ ബസ്, സ്റ്റാൻഡിൽ നിന്നുമെടുത്തു. നിധിൻ അവളുടെ അടുത്തേയ്ക്കു മെല്ലെ മുഖമടുപ്പിച്ചു.
“ആരെങ്കിലും പിന്തുടർന്ന് വന്നാലോ എന്ന് കരുതി ഞാൻ കൂടെ വന്നതാണ്. ദേവി ഹോട്ടലിൽ നിന്നിറങ്ങിയത് മുതൽ ഞാൻ പിറകെയുണ്ട്. എനിക്കെന്തോ ഒരു ടെൻഷൻ തോന്നി. ബൈക്കിലായിരുന്നു ഞാൻ ഫോളോ ചെയ്തത്. പക്ഷെ കോടയിറങ്ങി തുടങ്ങിയപ്പോൾ ഞാൻ ബൈക്കൊരിടത്തു ഒതുക്കി വച്ചു, ഈ ബസിൽ ചാടി കയറി. ദേവി നല്ലയുറക്കമായിരുന്നു. ഞാൻ രണ്ടു സീറ്റ് പിറകിൽ ഇരിക്കുന്നുണ്ടായിരുന്നു. “
അവൾ അവിശ്വാസത്തോടെ അവനെ നോക്കി.
“ഞാൻ തന്നെ വിളിച്ചു വരുത്തിയതല്ലേ, സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന് തോന്നി. “
“ഇവിടെ വന്നിട്ട് എന്ത് പ്രയോജനം? ഞാൻ വന്ന പോലെ വെറും കയ്യോടെ മടങ്ങുന്നു. കൈലാസന്റെ കൊലപാതകി എവിടെയോ സുരക്ഷിതമായി ഉണ്ട്. “
“തന്റെ കൂടെ ഞാനുണ്ട്, നമ്മളത് കണ്ടു പിടിക്കും, പക്ഷെ അതിന്റെ അന്വേഷണം തന്റെ വീട്ടിൽ നിന്നും തുടങ്ങണം. “
“എന്റെ വീട്ടിലോ?”
“അതെ നിങ്ങളെ നിർബന്ധിച്ചു ഹണി മൂണിന് ഈ ഹോട്ടലിലേക്ക് പറഞ്ഞു വിട്ടതിൽ സംശയമൊന്നും തോന്നുന്നില്ലേ. “
അവൾ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ കൈലാസന് ആ യാത്ര ഒട്ടും ഇഷ്ടമായിരുന്നില്ല എന്നവൾ ഓർത്തു. പുറപ്പെടുന്നതിന്റെ അന്നും അവൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അവൾ അന്നത്തെ ദിവസത്തെ കാര്യങ്ങൾ ഓരോന്നോരോന്നായി മനസ്സിലിട്ടു കീറി മുറിച്ചു പരിശോധിച്ചു.
എന്തോ മറുപടി പറയാനായി അവളവൻ്റെ മുഖത്തേയ്ക്ക് നോക്കി. അവൻ ഉറങ്ങി തുടങ്ങിയിരുന്നു. ആ ബസിലെ മിക്ക ആളുകളും ഉറക്കത്തിലായിരുന്നു. ചില ആളുകൾ മൊബൈലിൽ കണ്ണും നട്ടിരുന്നു. കണ്ടക്ടർ ഡ്രൈവറോടൊപ്പം മുന്നിൽ തന്നെയുണ്ടായിരുന്നു.
പിന്നീട് അവൾക്കുറക്കം വന്നില്ല. കോട്ടയത്തെത്തിയപ്പോൾ അവളവനെ വിളിച്ചുണർത്തി.
“ഞാനിറങ്ങുവാണ്, ഇപ്പോൾ തിരുവനന്തപുരത്തേയ്ക്കു ബസ് വല്ലതും കിട്ടിയാൽ നേരം വെളുക്കുമ്പോഴേക്കും എനിക്ക് അങ്ങെത്താം. ചെയ്ത സഹായത്തിനു നന്ദി. “
അവൾ അവനു ഷേക്ക് ഹാൻഡ് കൊടുത്തു.
അവനും അവളോടൊപ്പം അവിടെയിറങ്ങി.
“തന്നെ ബസ് കയറ്റി വിട്ടിട്ടു ഞാൻ തിരികെ മടങ്ങാമെന്നു കരുതുന്നു. “
കോട്ടയത്ത് നിന്നും തിരുവന്തപുരത്തേയ്ക്കു പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ അവൾ കയറി. അവൾ ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള സീറ്റിൽ സുരക്ഷിതമായി ഇരിക്കുന്നത് വരെ നിധിൻ നോക്കി നിന്നു. ബസ് കണ്ണിൽ നിന്നും മറയുന്നതു വരെ നിധിൻ അവിടെ തന്നെ നിന്നു. ബസ് സ്റ്റാൻഡിൽ നിന്നും പുറത്തു കടന്നപ്പോൾ ദേവി വിൻഡോ ഷട്ടർ താഴ്ത്തി. അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല. തന്നെ ആരോ പിന്തുടരുന്നതായി അവൾക്ക് ഭയം തോന്നി.
എപ്പോഴോ അവൾ മയങ്ങി പോയി. ഞെട്ടി ഉണർന്നപ്പോൾ താൻ സുരക്ഷിതയാണെന്നും ബസിൽ തന്നെ കൂടാതെ വളരെ കുറച്ചു ആൾക്കാർ മാത്രമേയുള്ളുവെന്നും, അവരെല്ലാം നല്ല ഉറക്കത്തിലാണെന്നും അവൾക്കു മനസ്സിലായി.
കൂടെ നിധിൻ ഉണ്ടായിരുന്നെങ്കിൽ ഒരു ധൈര്യം കിട്ടിയേനെ. അത്ര പരിചയമില്ലാത്ത ആ ചെറുപ്പക്കാരനെ താൻ വല്ലാതെ മിസ് ചെയ്യുന്നതെന്തിനാണ് ?ഇപ്പോൾ എന്തോ അവനോടൊരിഷ്ടം തോന്നുന്നു. ഇനി അവനെ കാണാതിരിക്കുന്നതാണ് തനിക്ക് നല്ലത്. അല്ലെങ്കിൽ അവനോടു കൂടുതൽ ഒരു അടുപ്പം തോന്നാൻ സാധ്യതയുണ്ട്.
ദേവി തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ നേരം നല്ലവണ്ണം വെളുത്തു തുടങ്ങിയിരുന്നില്ല. ഇനി അമ്മയെയും മാത്യുവിനേയും എങ്ങനെ നേരിടുമെന്നായി അവളുടെ ടെൻഷൻ. വീടിനു മുന്നിൽ ഓട്ടോ റിക്ഷയിൽ ചെന്നിറങ്ങുമ്പോൾ സുമതിയക്ക ചെടികൾ നനയ്ക്കുകയാണ്. ദേവിയെ കണ്ടതും ഹോസ് പൈപ്പ് ദൂരെ എറിഞ്ഞിട്ടു അവർ അകത്തേയ്ക്കു ഓടി.
“അമ്മാ ദേവി കുഞ്ഞു വന്നു. “
അമ്മയുടെ ഒപ്പം മാത്യു പുറത്തേയ്ക്ക് വന്നു. രണ്ടു പേരുടെയും മുഖ ഭാവം സന്ദർഭത്തിന്റെ ഗൗരവം വർധിപ്പിച്ചു.
“നീ എവിടെ പോയിരുന്നു? സുമതി വിളിച്ചു പറഞ്ഞിട്ടാണ് ഞങ്ങൾ അപ്പോൾ തന്നെ അവിടെ എത്തിയത്. നീയെന്താ ഫോൺ കൂടെ കൊണ്ട് പോകാഞ്ഞത്. ഞാൻ എത്ര വിളിച്ചിരുന്നു. “
“ഞാൻ”
പെട്ടെന്നൊരു കള്ളം മനസ്സിൽ തോന്നി.
“ഞാൻ ഈയിടെയായി തീരെ ഉറങ്ങാറില്ല. സ്വപ്നത്തിൽ കൈലാസൻ വന്നെന്നോട് ചോദിക്കുന്നു എന്നെ എന്തിനാണ് കൊന്നതെന്ന്. നിനക്കതിൽ സങ്കടമില്ലേയെന്ന്. കുറ്റവാളിയെ കണ്ടു പിടിക്കുന്നില്ലേയെന്ന്. ഇവിടെ പറഞ്ഞാൽ നിങ്ങളാരും എന്നെ പോകാൻ സമ്മതിക്കില്ലായെന്നറിയാം. അതാ ഞാൻ ഒറ്റയ്ക്ക് മൂന്നാറിൽ പോയത്. ഞാൻ ആ പൂളും മലഞ്ചെരിവും തടയണയും പോയി ഒന്നും കൂടെ കണ്ടു. എന്തെങ്കിലും ഒരു സൂചന കിട്ടിയാലോ എന്ന് കരുതി. “
“ഉം… നിന്നെ കാണാതായപ്പോൾ തന്നെ മാത്യൂ പറഞ്ഞിരുന്നു നീ മൂന്നാറിൽ പോയതാകുമെന്ന്. അപ്പോൾ തന്നെ മാത്യു ആരോണിനെയും ആൻഡ്രുവിനെയും വിളിച്ചിരുന്നു. അവർ സ്ഥലത്തില്ലായിരുന്നുവെങ്കിലും മാനേജർ സി സി ടി വി ചെക്ക് ചെയ്തു നീ അവിടെ മുറിയെടുത്തെന്ന് വിളിച്ചു പറഞ്ഞിരുന്നു. നിന്റെ മുഖം ആൻഡ്രൂ അയച്ചു തന്ന വീഡിയോയിലൂടെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസം ആയത്. ഇന്നലെ വൈകിട്ട് നീ മുറി ഒഴിഞ്ഞ സമയത്തും ആൻഡ്രൂ വിളിച്ചിരുന്നു. എനിക്കാകെ ടെൻഷനായിരുന്നു രാത്രിയിലെ ഒറ്റക്കുള്ള യാത്ര. പിന്നെ കരുതി നീ കൊച്ചു കുട്ടിയല്ലല്ലോയെന്ന്, എന്തായാലും നീ ഫോൺ കൊണ്ട് പോകാഞ്ഞതെന്താണ് ?വിളിച്ചു കിട്ടിയിരുന്നെങ്കിൽ ഒരു സമാധാനമുണ്ടായിരുന്നു. ഞാൻ നിന്നെ ഹോട്ടലിലെ ഫോണിൽ വിളിക്കാൻ തുടങ്ങിയതാണ്. മാത്യു ആണ് നീ പോയി വരട്ടെ എന്ന് പറഞ്ഞെന്നെ ആശ്വസിപ്പിച്ചത്. “
പ്രൊഫസർ മാലതി വളരെ കൂളായി പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് ദേവി അത്ഭുതപ്പെട്ടു. മാത്യൂവും അയാളുടെ രണ്ടു മക്കളും, അവരെന്തിനാണ് തന്റെ പിറകെ കൂടുന്നത്? ഒരു പക്ഷെ നിധിന്റെ കാര്യം അവർക്കറിയാമോ?അവൻ തന്നെ ഹെല്പ് ചെയ്തതറിഞ്ഞാൽ അവന്റെ ജോലി നഷ്ടപ്പെടില്ലേ.
ദേവി പെട്ടെന്ന് അമ്മയെ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു. അവളുടെ പെട്ടെന്നുള്ള ആ പ്രതികരണത്തിൽ പ്രൊഫസർ മാലതി അത്ഭുതപ്പെട്ടു.
“എന്താ ദേവൂ “
“അമ്മേ, എനിക്കൊരു സമാധാനവും ലഭിക്കുന്നില്ല. ഇപ്പോഴും കൈലാസന്റെ ഓർമ്മകളാണ്. കണ്ണടച്ചാലും അവൻ കൂടെ ഉള്ളത് പോലെ തോന്നലാണ്. ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും. ഞാൻ ആത്മഹത്യ ചെയ്യും. “
“നിന്നെ പോലെ ഒരു ധൈര്യവതിയായ ഒരു വക്കീൽ ഇങ്ങനെ പറയുന്നതാണ് എനിക്ക് അത്ഭുതം. “
“ഞാൻ ധൈര്യവതിയാണെന്നു അമ്മ വിചാരിക്കുന്നോ. അങ്ങനെയൊരു തോന്നൽ ഉണ്ടായിരുന്നെങ്കിൽ അമ്മയുടെ ആൾക്കാർ എന്തിനാണ് എന്റെ പിറകിൽ ഇപ്പോഴും ചാരപ്പണിയുമായി നടക്കുന്നത്?”
“എന്റെ ആൾക്കാരോ ?”
“അതെ സുമതി, പപ്പാ, പപ്പയുടെ മക്കളായ ആരോൺ, ആൻഡ്രൂ, അവരുടെ സ്റ്റാഫ്. എല്ലാവരും എന്നെ പിന്തുടരുന്നതെന്തിനാണ്. അതിനർത്ഥം അമ്മയ്ക്കും പപ്പയ്ക്കും എന്നെ വിശ്വാസമില്ലെന്നല്ലേ. എനിക്കിനി ഈ ലോകത്തു വേറെ ആരുമില്ലല്ലോ. നിങ്ങൾ മാത്രമല്ലേയുള്ളു. “
“അങ്ങനെ ഒരു വിചാരം നിനക്കുണ്ടെങ്കിൽ നീ എല്ലാം ഞങ്ങളിൽ നിന്നും ഒളിക്കുന്നതെന്തിനാണ് ?”
ദേവി ഞെട്ടി തിരിഞ്ഞു, തൊട്ടു പിറകിൽ മാത്യൂ ആണ്. അയാളാകെ ദേഷ്യപ്പെട്ടു നിൽക്കുകയാണ്.
“ഞാനും മാലതിയും പറയുന്നതനുസരിച്ചു നിൽക്കുന്നതാണ് നിന്റെ ഭാവിക്കു നല്ലത്. “
“പപ്പാ ഭീഷണിപ്പെടുത്തുകയാണോ?”
ദേവി കസേര നീക്കിയിട്ടു ചാടി എഴുന്നേറ്റു. ദേഷ്യപ്പെട്ടു മുറിയിലേയ്ക്കു പോകുന്ന ദേവിയെ നോക്കി അവളുടെ അമ്മ സങ്കടപ്പെട്ടു.
“അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. പോയവർ പോയി, ഇവൾക്ക് സ്വന്തം ഭാവിയെങ്കിലും ഇനി നോക്കി കൂടെ. “
ദേവിക്ക് സങ്കടം വന്നു. അവൾ രാഹുലിന് ടെക്സ്റ്റ് ചെയ്തു.
“നാളെ രാവിലെ ബോധിയിൽ കാണണം. “
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -8 - By Nisha Pillai - കൂട്ടക്ഷരങ്ങൾ