നിധിൻ കട്ടിലിൽ തല കുമ്പിട്ടിരുന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ദേവിക്ക് അവനോട് വാൽസല്യം തോന്നി.
” എന്നെയവർ എന്തായാലും കൊല്ലുമെന്ന് ഉറപ്പായി. ദേവി സൂക്ഷിക്കണം. ഇനി ഒറ്റയ്ക്കുള്ള യാത്രകളൊന്നും വേണ്ട. “
“നിധിനെ കൊല്ലാനോ,എന്നോടല്ലേ അവർക്ക് വിരോധം,നിധിനോടെന്താണ് അവർക്ക് ദേഷ്യം. എന്നെ സഹായിക്കാൻ ശ്രമിച്ചതാണോ. “
“അതൊരു കഥയാണ്, ഞാൻ മുമ്പ് പറഞ്ഞിരുന്നില്ലേ,ഈ അന്വേഷണത്തിന് എനിക്കൊരു വ്യക്തിപരമായ കാരണം കൂടിയുണ്ടെന്ന്. “
“അതെന്താണ്? ഞാൻ കൂടി അറിയട്ടെ. “
ദേവി അവൻ്റെ അടുത്തിരുന്ന് അവൻ്റെ വലത് കൈ തൻ്റെ കൈപ്പത്തികൾക്കുള്ളിലാക്കി.
“എൻ്റെ എട്ടാമത്തെ വയസ്സിൽ പപ്പയെ ഞങ്ങൾക്ക് നഷ്ടമായി. പിന്നീട് കാറ്ററിംഗ് ബിസിനസ് നടത്തിയാണ് ഞങ്ങൾ ജീവിച്ചത്. ചേച്ചിയും ഞാനും തമ്മിൽ മൂന്ന് വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് ചേച്ചി ഹോട്ടൽ മാനേജ്മെന്റിന് കോയമ്പത്തൂർ ഒരു കോളേജിൽ ചേരുന്നത്. ഞങ്ങൾ രണ്ട് പേരും അമ്മയുടെ കൂടെ എന്നും വേണമെന്ന് അമ്മ ആശിച്ചു. ഞങ്ങൾക്ക് രണ്ട് പേർക്കും പാചകം ഒരു പാഷനായിരുന്നു. ഹോട്ടൽ മാനേജ്മെന്റിന് ശേഷം ബിസിനസിൽ ഞങ്ങളും അമ്മയുടെ കൂടെ ചേരണം. അങ്ങനെ അമ്മ ആഗ്രഹിച്ചിരുന്നു. “
ദേവി നിധിൻ്റെ കഥ ആകാംക്ഷയോടെ കേൾക്കുന്നുണ്ടായിരുന്നു.
“പഠിച്ചിറങ്ങിയപ്പോൾ തന്നെ ഒരു ഹോട്ടൽ ഗ്രൂപ്പിൽ ചേച്ചിയ്ക്ക് ജോലി കിട്ടി. മിസ്റ്റി മെഡോസിൻ്റെ കോയമ്പത്തൂർ ഹോട്ടലിലായിരുന്നു. ആരോൺ സാറിൻ്റെ മേൽനോട്ടത്തിൽ എല്ലാം നന്നായി പോയിരുന്നു. നല്ല ശമ്പളം, മാസത്തിലൊരിക്കൽ വീട്ടിലെത്താം എന്ന സൗകര്യം. രണ്ട് വർഷത്തെ ബോണ്ടിൽ ഒപ്പ് വയ്പ്പിച്ചു. ഒന്ന് ഒന്നൊര വർഷം എല്ലാം സമാധാനപരമായി പോയി. “
” എന്നിട്ട്… “
“അവർ മൂന്നാറിൽ ഹോട്ടൽ- റിസോർട്ട് ശൃംഖല ആരംഭിച്ചു. വിദേശത്ത് നിന്നും സഹോദരൻ ആൻഡ്രൂ മടങ്ങിയെത്തി,ആരോണിൻ്റെ ബിസിനസിൽ പങ്കാളിയായി. കോയമ്പത്തൂർ നിന്നും പരിചയ സമ്പന്നരായ കുറച്ച് ജോലിക്കാരെ മൂന്നാറിലേക്ക് സ്ഥലം മാറ്റി. അതിലെൻ്റെ ചേച്ചിയും ഉണ്ടായിരുന്നു. “
“മ്ം. “
“ചേച്ചി അതീവ സുന്ദരിയും നല്ല പൊക്കമുള്ളവളും ,നല്ല വ്യക്തിത്വമുള്ളവളുമായിരുന്നു. ഒറ്റ നോട്ടത്തിൽ ആർക്കും ചേച്ചിയെ ഇഷ്ടപെടും. ആൻഡ്രൂ ചേച്ചിയെ പലപ്രാവശ്യം ശല്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അയാളുടെ ഭീഷണികൾക്കൊന്നും വഴങ്ങാതിരുന്ന ചേച്ചിയെ അയാൾ വി ഐ പി കൾ ഹോട്ടലിൽ വരുന്ന സമയത്തു പ്രത്യേകം ഡ്യൂട്ടിക്ക് നിയമിക്കുമായിരുന്നു. തെറ്റായി പെരുമാറിയ ഒരു വി ഐ പിയോട് പ്രതികരിച്ചെന്ന കാരണത്താൽ ആൻഡ്രൂ ഒരിക്കൽ ചേച്ചിയുടെ ശമ്പളം വെട്ടി കുറച്ചു. ബോണ്ട് കാലാവധി തീരാൻ മാസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അത് കൊണ്ട് ചേച്ചി ഞങ്ങളോട് ഒന്നും പറയാതെ എല്ലാം രഹസ്യമാക്കി വച്ചു. ഒരിക്കൽ കുടിച്ചു ബോധമില്ലാതെ റിസപ്‌ഷനിൽ എത്തിയ ആൻഡ്രൂ ബലമായി ചേച്ചിയുടെ ഷർട്ടിന്റെ മുകളിലത്തെ ബട്ടൻസ് എല്ലാവരുടേയും മുന്നിൽ വച്ച് ഊരാൻ ശ്രമിച്ചു. ചേച്ചിയോട് സെക്സിയായി നിൽക്കാൻ അവൻ ആവശ്യപ്പെട്ടു. നിനക്ക് കൂടുതൽ പൈസ തരുന്നത് നിന്റെ ശരീരത്തിന് കൂടിയാണെന്ന് അയാൾ എല്ലാവരുടേയും മുന്നിൽ വച്ച് വിളിച്ചു പറഞ്ഞു. ചേച്ചി അയാളെ ബലമായി തള്ളി മാറ്റി. ലഹരിയിലായിരുന്നതിനാൽ ബാലൻസ് കിട്ടാതെ അയാൾ ദൂരേയ്ക്ക് തെറിച്ചു വീഴുകയും അയാളുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ആ സംഭവത്തോടെ ചേച്ചി വീട്ടിലേയ്ക്കു മടങ്ങുകയും എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയുകയും ചെയ്തു. “
“അവന്മാരെ എനിക്കിഷ്ടമല്ല നിധിൻ. അപ്പനും മക്കളും ശരിയല്ല. എന്റെ അമ്മയ്ക്ക് അവരെയാണ് എന്നേക്കാൾ വിശ്വാസം. ബാക്കി പറയൂ. “
ദേവി അവനെ നിർബന്ധിച്ചു.
“രണ്ടാമത്തെ ദിവസം ആരോണും ആൻഡ്രുവും വീട്ടിലെത്തുകയും അമ്മയുടെയും എന്റെയും സാന്നിധ്യത്തിൽ ചേച്ചിയോട് മാപ്പു പറയുകയും ചെയ്തു. ഒടുവിൽചേച്ചി അവിടേയ്ക്കു തന്നെ മടങ്ങി പോയി. ബോണ്ട് തീരുന്നതു വരെ അവിടെ ജോലി തുടരാൻ ഞങ്ങൾ തീരുമാനിച്ചു. പിന്നെ ചേച്ചി പരാതിയൊന്നും പറഞ്ഞ് കേട്ടില്ല. എല്ലാം ശരിയായെന്ന് ഞങ്ങളും കരുതി. ഒരു ദിവസം രാവിലെ അമ്മയ്ക്ക് ഒരു ഫോൺ കാൾ വന്നു,ചേച്ചിയെ രാത്രി മുതൽ കാണാനില്ല. കൂടെ മുറിയിൽ താമസിക്കുന്ന പെൺകുട്ടി പറഞ്ഞത്,രാത്രിയിൽ അവർ ഒന്നിച്ചാണ് കിടക്കാൻ പോയത്,ഉണർന്നപ്പോൾ ചേച്ചിയെ കാണാനായില്ലയെന്നാണ്. “
“ചേച്ചിക്ക് എന്ത് പറ്റിയതാണ്.?”
“പിറ്റേ ദിവസം ഉച്ചയോടെ ആ തടയണയിൽ നിന്നും , ഓർമ്മയില്ലേ കൈലാസൻ ഡോക്ടർ മരിച്ച അതേ തടയണ…. ചേച്ചിയെ തിരികെ കിട്ടി. ഞാനും അമ്മയും ചെല്ലുമ്പോൾ ജീവനില്ലാത്ത ചേച്ചിയുടെ ശരീരം വിളറി വീർത്ത നിലയിൽ,കല്പടവിൽ കിടത്തിയിരുന്നു,
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചേച്ചിയെ ലൈംഗികമായി പലപ്രാവശ്യം ഉപയോഗിച്ചിരുന്നു. ചേച്ചിയുടെ ശ്വാസകോശത്തിൽ വെള്ളത്തിന്റെ അംശമൊന്നും ഉണ്ടായിരുന്നില്ല. ആരോ കൊന്നിട്ട് വെള്ളത്തിൽ കൊണ്ടിടുകയായിരുന്നു. സെമൻ എടുത്ത് ഡി എൻ എ ടെസ്റ്റിംഗ് ഒക്കെ ശരിയാംവണ്ണം ചെയ്തിരുന്നുവെങ്കിൽ കേസ് തെളിയിക്കാമായിരുന്നു. പക്ഷേ… “
“ആ കാഴ്ച കണ്ട എന്റെ അമ്മ പിന്നീട് ആരോടും ഒന്നും മിണ്ടിയിട്ടില്ല. ബിസിനസ്സൊക്കെ പൊളിഞ്ഞു,അമ്മയുടെ മാനസികരോഗ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയിൽ കഷ്ടപെടുകയായിരുന്നു ഞങ്ങൾ ,ഞാനന്ന് ഹോട്ടൽ മാനേജ്മെന്റിന് രണ്ടാം വർഷം പഠിക്കുകയായിരുന്നു. എന്റെ പഠനവും അമ്മയുടെ ചികിത്സയും ഹോട്ടൽ മാനേജ്‌മെന്റ് ഏറ്റെടുത്തു. അതൊക്കെ മാത്യൂ എന്നയാളുടെ നേതൃത്വത്തിലാണ് ചെയ്തിരുന്നത്. ഞാനയാളെ ഒരു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ. അയാൾക്ക് ഒരു ചെകുത്താൻ്റെ രൂപമാണ്. “
“ഒടുവിൽ അവർ രക്ഷപ്പെട്ടു അല്ലേ. “
“അതെ ,അവരുടെ വക്കീലിന്റെ ബുദ്ധി,പണം വാരിയെറിഞ്ഞു. ഒടുവിൽ ചേച്ചിയുടെ മരണം തേഞ്ഞു മാഞ്ഞു പോയി. ഒരു ദിവസം എന്റെ അമ്മയും മരിച്ചു ,കിണറ്റിൽ നിന്നുമാണ് അമ്മയുടെ ശവശരീരം കിട്ടിയത്. എല്ലാവരും ആ മരണങ്ങൾ മറന്നു. ഞാൻ മറന്നില്ല,എനിക്ക് അവരോടു പകയായിരുന്നു. ഞാനും അതെ ഹോട്ടലിൽ തന്നെ ജോലിക്കു കയറി. എല്ലാവരും ചേച്ചിയെ മറന്നത് കൊണ്ട് ,എന്നെയവർ തിരിച്ചറിഞ്ഞില്ല. ഞാൻ അവിടെ ഫോട്ടോഗ്രാഫി എന്ന ഹോബിയുമായി നടന്നു. എന്റെ ഉദ്ദേശ്യം തെളിവുകൾ ശേഖരിക്കുകയായിരുന്നു. ഇല്ലെങ്കിൽ എന്റെ കൈ കൊണ്ട് ആൻഡ്രു മരിക്കണം, ഞാൻ കൊല്ലുമവനെ ,എൻ്റെ ചേച്ചിയ്ക്ക് വേണ്ടി.. രണ്ടിലൊന്ന് നടക്കണം,എനിക്കെവിടെയോ പിഴച്ചു. ഞാൻ ദേവിയെ അങ്ങോട്ട് വിളിച്ചു വരുത്തിയത് എന്റെ പിഴവായിരുന്നു. അവർക്കു അപകടം മണത്തു. ഇനി എന്റെ കാര്യം. “
ദേവി അവനോടു ചേർന്നിരുന്നു. അവൻ വിഷമത്തോടെ അവളുടെ തോളിലേക്ക് ചായ്ച്ചു. അവരുടെ ഇടയിൽ പെട്ടെന്ന് അടുപ്പം കൂടിയത് പോലെ.
“നിധിന് അപകടമൊന്നും വരാതെ നോക്കേണ്ടത് ഇനി എന്റെ കൂടി കടമയാണ്. ഇനി നീ അങ്ങോട്ട് തിരികെ പോകണ്ട. എനിക്ക് മറ്റൊരു വീടുണ്ട്, ഒഴിഞ്ഞ് കിടക്കുകയാണ് തല്ക്കാലം നീ അവിടെ ഒളിവിൽ കഴിയൂ ,അതൊരു റസിഡൻഷ്യൽ ഏരിയയിലാണ് ,അത് കൊണ്ട് സൂക്ഷിക്കണം. അടച്ചിട്ട വീടായതു കൊണ്ട് ആരും അങ്ങോട്ട് അന്വേഷിച്ചു വരില്ല. ഞാൻ ഇപ്പോൾ തന്നെ നിന്നെ അങ്ങോട്ട് കൊണ്ട് വിടാം. സുമതി ഉണരുന്നതിനു മുൻപ് എനിക്ക് മടങ്ങിയെത്തണം. “
“ഇവിടെ സി സി ടി വി ക്യാമറയുണ്ടോ ,?”
“ഇവിടെയില്ല. പക്ഷെ അവിടെയുണ്ട്. അത് എന്റെ ഫോണിലാണ് കണക്ട് ചെയ്തിരിക്കുന്നത്. അത് സീനില്ല ,മുൻവശത്തെ ക്യാമറ മാത്രമേ ഇപ്പോൾ കണക്ട് ചെയ്തിട്ടുള്ളൂ. ഉള്ളിൽ കയറുമ്പോൾ നമുക്കെല്ലാം മായ്ച്ചു കളയാം. “
ശബ്ദമുണ്ടാക്കാതെ അവർ വീട് വിട്ടിറങ്ങി. കാറിൽ അവനൊപ്പം പോകുമ്പോൾ അവൾ റയിൽവേസ്റ്റേഷന് അടുത്തുള്ള,രാത്രി മുഴുവൻ തുറന്നിരിക്കുന്ന കടയിൽ നിന്നും അവന് ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങി.
“നിധിൻ നല്ല കുക്ക് ആയതു കൊണ്ട് ആഹാരം ഒരു പ്രശ്നമല്ലല്ലോ അല്ലേ. “
“ഏയ് മുറ്റത്ത് പുല്ലോ കായോ എന്തുണ്ടേലും ഞാൻ ഭക്ഷണം ഉണ്ടാക്കി കഴിക്കും. “
ദേവിയുടെ പൊട്ടിച്ചിരി അവനിലും ആഹ്ളാദമുണ്ടാക്കി.
“അതൊക്കെ ശരി ,പുല്ലൊക്കെ രാത്രിയിൽ പോയി പറിച്ചെടുക്കണേ. അടുത്തൊക്കെ ആളുകൾ താമസമുണ്ടെന്നു ഓർക്കണം. ആരുടേയും കണ്ണിൽ പെടാതെ,ആർക്കും ഒരു ശല്യമുണ്ടാകാതെ നോക്കണം. വലത് വശത്തുള്ള വീട്ടിൽ മുഴുവൻ സമയം സെക്യൂരിറ്റി ഗാർഡ് ഉണ്ട്. “
“അതൊന്നും പേടിയ്ക്കണ്ട. ദേവി റിസ്ക് എടുക്കേണ്ട. എന്റെ സിം ഞാൻ ഊരി നശിപ്പിച്ചു. എനിക്ക് ആരെയും കോൺടാക്ട് ചെയ്യാൻ കൂടി പറ്റില്ല. ഒരു തരം വനവാസം. “
കോളനിയിൽ നിന്നും വളരെ ദൂരെ ഒരു മരച്ചുവട്ടിൽ വണ്ടി നിർത്തിയിട്ടു അവർ പിറകു വശത്തെ ഗേറ്റ് വഴി കോമ്പൗണ്ടിൽ കടന്നു. അവൾ ഇരുട്ടിൽ തപ്പി തടഞ്ഞു വാതിൽ തുറന്നു. പിറകിൽ സാധനങ്ങൾ നിറച്ച ചാക്കുമായി നിധിനും
“ലൈറ്റ് ഇടണ്ട. ” അവൾ അവനെ വിലക്കി
അവൾ ഫോണിലെ ടോർച്ച് ഉപയോഗിച്ച് ഒരു ബെഡ് റൂമിലേയ്ക്ക് കൂട്ടി അവനെ കൂട്ടി കൊണ്ട് പോയി.
“താഴെ രണ്ടു ബെഡ് റൂമുകൾ ഉണ്ട്. ആ പൂട്ടിയിട്ട മുറി ഉപയോഗിക്കേണ്ട. അത് എന്റെയും കൈലാസന്റെയും മുറി ആയിരുന്നു. അതാരും കൈകാര്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല. “
“ഓക്കേ. ഞാനത് ഓർത്തോളാം. “
ചെറിയൊരു മുറി അവന് തുറന്നു കൊടുത്തു. അവനോടു യാത്ര പറയാൻ നേരം അവളവനെ ആലിംഗനം ചെയ്തു.
“സൂക്ഷിക്കണം. ഞാൻ എപ്പോഴും മനസ് കൊണ്ട് നിന്റെ കൂടെയുണ്ട്. “
താനെന്താണ് അവനോട് അങ്ങനെ പറഞ്ഞത് എന്നവൾ അത്ഭുതപ്പെട്ടു. തനിക്കവനോട് വല്ലാത്ത ആകർഷണം തോന്നുന്നു. അവനെ ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ തോന്നുന്നില്ല.
അവൻ അവളെ ബലമായി തൻ്റെ ശരീരത്തോട് ചേർത്ത് നിർത്തി. ഇരുട്ടിൽ അവരുടെ നിശ്വാസങ്ങൾ പരസ്പരം കേൾക്കാം. അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ പതിഞ്ഞ ആ നിമിഷം അവൾക്ക് കുറ്റബോധം തോന്നി. അവനെയവൾ തള്ളി മാറ്റി. അവൻ കുറ്റബോധത്തോടെ തല കുമ്പിട്ടു.
“നിധിൻ… “
“എനിക്ക് ദേവിയുടെ പിന്തുണ മതി ,നിയമത്തിന്റെ മുൻപിൽ അവരെ എത്തിക്കാൻ സാധിച്ചില്ലെങ്കിലും എനിക്കെന്റെ ചേച്ചിയുടെ ആത്മാവിന് ശാന്തി കൊടുക്കണം. താൻ കൂടെ ഉണ്ടാകണം. “
“ഈ രാത്രി തനിയെ ഡ്രൈവ് ചെയ്ത് പോകണമല്ലോ. “
അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.
“ഇങ്ങോട്ട് വന്നപ്പോൾ നീ കൂടെയുള്ള ധൈര്യമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ തനിയെ മടങ്ങാൻ എനിക്ക് പേടിയാകുന്നു. “
“ഞാൻ കൂടെ വരണോ. “
“വേണ്ട,ഇനിയിപ്പോൾ ഇടയ്ക്കു ഇടയ്ക്കു ഇവിടെ വരുമ്പോൾ അത് ശീലമായി കൊള്ളും. “
“താൻ ഇങ്ങോട്ട് വരണ്ട. അപകടമാണ്. “
അവൾ തൻ്റെ കുർത്തയുടെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ഫോൺ അവന്റെ കയ്യിൽ കൊടുത്തു.
“ഇതിലൊരു സിമ്മുണ്ട്. അത്യാവശ്യമുള്ള സമയത്തു മാത്രം ഉപയോഗിക്കാവൂ. “
“ഇത് കയ്യിൽ വച്ചോളു. “
അവൻ നൽകിയ ചെറിയ പേന കത്തി അവൾ മടക്കി പോക്കറ്റിൽ വച്ചു.
അവൾ കൈവീശി അവനോടു യാത്ര പറഞ്ഞു,വന്ന വഴിയേ അവൾ മടങ്ങി. പോകുന്ന വഴി
അവൾ തിരിഞ്ഞു തിരിഞ്ഞു നോക്കി. അവനവളെ ജനലിലൂടെ കൈ വീശി കാണിച്ചു. ഒരു വിധത്തിൽ അവൾ കാറിനടുത്തെത്തി. അവൾ തന്റെ വാച്ചിൽ സമയം നോക്കി ,മൂന്ന് മണി കഴിഞ്ഞു.
വീട്ടിൽ മടങ്ങിയെത്തിയ ശേഷം സുമതിയ്ക്ക് സംശയം ഉണ്ടാകാത്ത വിധം അവൾ ഗേറ്റും വാതിലും പൂട്ടി. അവൾ ചെന്ന് കയറിയിട്ടും സുമതി അറിഞ്ഞില്ല, അപ്പോഴും അവർ നല്ല മയക്കത്തിലായിരുന്നു. അവൾ തന്റെ മുറിയിലേയ്ക്കു ഉറങ്ങാൻ പോയി.
ഉണർന്നപ്പോൾ രാവിലെ പത്തു മണി കഴിഞ്ഞിരുന്നു. ചെന്നപ്പോൾ സുമതി അടുക്കളപ്പടിയിൽ തല പൊത്തി ഇരിക്കുന്നു.
“എന്ത് പറ്റി ,അക്കാ ,എന്താ എന്നെ നേരത്തെ വിളിക്കാഞ്ഞത്. എനിക്കിന്ന് കോടതിയിൽ നേരത്തെ പോകേണ്ടതായിരുന്നു. “
“എന്താന്ന് അറിയില്ല മോളെ ,എഴുന്നേറ്റത് മുതൽ നല്ല തലവേദന. ഇപ്പോൾ ഞാൻ ഉണർന്നതേയുള്ളു. “
“ആശുപത്രിയിൽ പോകണോ?ഞാൻ അമ്മയെ വിളിക്കട്ടെ,”
“വേണ്ട കുഞ്ഞേ. തനിയെ മാറിക്കൊള്ളും. “
“ശരി അക്കാ വയ്യെങ്കിൽ ഇന്നിനി ഒന്നും ഉണ്ടാക്കണ്ട ,നമുക്ക് പുറത്തു നിന്നും കഴിക്കാം. “
“കൊച്ചമ്മ അറിഞ്ഞാൽ…. “
“‘അമ്മ അറിയണ്ട. അക്കാ ഇതൊന്നും പറയേണ്ട. അസുഖം എല്ലാവർക്കും വരില്ലേ. അമ്മയെ ഇത്ര പേടിക്കാനെന്താണ്. ഞാനമ്മയോട് ഒന്നും പറയില്ല”
ഇത്രയും പറഞ്ഞിട്ട് ദേവി കുളിക്കാനായി പോയി. അവളെയും നോക്കി സുമതി സംശയത്തോടെ ഇരുന്നു പോയി.
(തുടരും…. )
നിഷ പിള്ള

