ചരിത്രം എന്നത് കുറെ മിഥ്യകളുടെയും കൂട്ടിച്ചേർക്കലുകളുടെയും വെട്ടി തിരുത്തലുകളുടെയും മനഃപൂർവ്വമായ മറവികളുടെയും കൂടെകൂടിയ സത്യത്തിന്റെ എഴുത്തുകളാണ്, എന്ന വ്യാഖ്യാനമാകും ശരിയെന്നു ചരിത്രം പഠിച്ച കാലം മുതൽ മനസ്സ് പറയുന്നുണ്ടായിരുന്നു. വാഴ്ത്തപ്പെട്ടവന്റെ ചരിത്രത്തിൽ അവനെ അതിലേക്കു എത്താൻ സഹായിച്ചവർ ഉണ്ടാകില്ല, വെട്ടിപിടിച്ചെടുത്ത ഭൂമിയുടെ കഥയിൽ അതെന്നോ സ്വന്തമായിരുന്നവന്റെ കണ്ണീരിന്റെ കഥയില്ല. ചിലപ്പോഴൊക്കെയല്ല എപ്പോഴും വീണു പോയവന്റെയല്ല, ജയിച്ചവന്റെ കഥയാണ് ചരിത്രം.
കഥകൾ കേൾക്കാൻ ഇഷ്ടമാണ്, പ്രത്യേകിച്ച് പടയോട്ടത്തിന്റെ പോരാട്ടത്തിന്റെ അതിൽ എപ്പോഴും മനസ്സ് നഷ്ടപ്പെട്ടവന്റെ വിലാപങ്ങളിൽ കുരുങ്ങി അലയുമ്പോൾ മസ്‌തിഷ്കമതിന്റെ ലോജിക്കുകൾ തിരയുകയാകും. മറ്റുള്ള പുസ്തകങ്ങളെ പോലെയല്ല എത്ര താല്പര്യമുണ്ടെങ്കിലും കുറച്ചധികം വായിച്ചു കഴിയുമ്പോഴാണ് നമ്മുടെ മനസ്സിനെ അതിൽ ഇഴുകി ചേർത്തു വായിക്കാൻ കഴിയുക. കഥയോ നോവലോ ഒക്കെ ഒന്നോ രണ്ടോ പേജിൽ നിന്നു തന്നെ അതിലേക്കു നമ്മളെ ബന്ധിപ്പിച്ചു വായിക്കാൻ കഴിയാറുണ്ട് ഇതെന്റെ മാത്രം വായനയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ്.
പക്ഷെ എന്റെ എല്ലാ ധാരണയും തിരുത്തിയ പുസ്തകമായിരുന്നു 2023ഇൽ ദീപു എഴുതി പുറത്തിറങ്ങിയ “മുകിലൻ “. സിദ്ധാർത്ഥന്റെ ജനനത്തിൽ തുടങ്ങി അവനിലൂടെ ഒടുങ്ങുന്ന പറയപ്പെടാതെ പോയ വായ്മൊഴിയിലൂടെ കൈമാറിയ എഴുത്തപ്പെടാതെ പോയ ഒരു ചരിത്രത്തിന്റെ വെളിപ്പെടുത്തൽ. ഒരൊറ്റ പേജിൽ നിന്നു തന്നെ സിദ്ധാർത്ഥനിൽ മനസ്സ് ബന്ധിക്കാനെനിക്ക് സാധിച്ചു അവനലഞ്ഞ വഴികൾ അവന്റെ മനോവ്യാപാരങ്ങൾ ഒക്കെയും എന്നിലൂടെ വാക്കുകൾപ്പുറം കടന്നു പോയി.. നിധികളെന്നും മൂല്യമേറിയ വസ്തുക്കളെക്കാൾ ശാപം പേറുന്നവയാണെന്നു തലമുറകളായി പറഞ്ഞു വരുന്നു കണ്ണീരിന്റെയും പടയോട്ടത്തിന്റെയും ജീവന്റെയുമൊക്കെ എത്ര കഴുകിയാലും പോകാത്ത കണ്ണീരണിഞ്ഞ കറുത്ത രക്തകറകളും ഒടുങ്ങിയ ജീവനുകളുടെ കണ്ടെത്തുന്നവന്റെ ജീവനെടുക്കുന്ന പകയുടെ ഉത്തരമില്ലാത്ത നിഗൂഢത കൂടിയാണ് അതിലുള്ളതെന്നു വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ ഉറപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നുണ്ട്
മുഗൾ രാജാവിന്റെ സർദാറായിരുന്ന മുകിലന്റെ കഥയാണിത്. അല്ല, ആന്ധ്ര കർണാടക തമിഴ് മലയാള നാടുകളെ അടക്കി ഭരിച്ചു മൂല്യമളക്കാൻ കഴിയാത്ത സമ്പത്തു കൊള്ളയടിച്ച പടയോട്ടത്തിന്റെ രേഖപ്പെടുത്താതെ പോയ പോരാട്ടത്തിന്റെ കഥ. മുകിലന്റെ കഥ എന്റെ അമ്മൂമ്മയും അമ്മയും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ ഒരു ക്ഷേത്രം ആക്രമിച്ചുവെന്നും അവുടുത്തെ സ്വത്തു മുഴുവൻ ശിവലിംഗത്തിന്റെ അടിയിൽ ആയിരുന്നുവെന്നും അതു നീക്കാനോ തച്ചുടയ്ക്കാനോ കഴിയാത്ത ദേഷ്യത്തിൽ അമ്പലം മുഴുവൻ തച്ചുടച്ചുവെന്ന് കഥ. കുറച്ചു കാലം മുൻപ് വരെ തകർന്ന ക്ഷേത്രവും കുളവും ചെമ്പക മരവും ഒക്കെ അവിടെ അവശേഷിപ്പുകളായി നിന്നിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറം അവിടെ ഇന്നു ക്ഷേത്രം പുനർനിർമിച്ചു ആ ശിവലിംഗമൊക്കെ ഇളക്കി പ്രതിഷ്ഠ നടത്തി. ആ കഥകളുടെ വർണ്ണചിത്രം മനസ്സിൽ ഉള്ളതുകൊണ്ടാകും ഈ നോവൽ എനിക്ക് പ്രിയപ്പെട്ടതായത്. ഓരോ മതത്തിനും അതു രൂപപ്പെട്ട കാലത്തിന്റെ രീതികളുമായി ബന്ധമുണ്ട് പക്ഷെ ഇന്നത്തെ സമൂഹത്തിനും അതിൽ മാറ്റങ്ങളെ ഉൾകൊള്ളാൻ മടിയാണ്. തിരുവിതാംകൂറും വേണാടുമൊക്കെയായിരുന്ന നമ്മുടെ പ്രാചീന കേരളത്തിൽ രാജാഭരണം ആയിരുന്നെങ്കിലും അധികാരം പ്രഭുക്കന്മാരും ജന്മികളും, അങ്ങനെ പണമുള്ളവരിൽ ആയിരുന്നു. ശരീരത്തെ അളന്നു പോലും കരങ്ങൾ ഉണ്ടായിരുന്നു. വിശപ്പു കൊണ്ടു ഭക്ഷണം എടുത്താലും രണ്ടു തേങ്ങാ എടുത്താലോ പോലും ചിത്രവധം വരെ നൽകിയിരുന്നു.
അവിടേയ്ക്കാണ് വടക്കേ ഇന്ത്യ മുഴുവൻ കീഴടക്കി തെക്കിനെ കീഴടക്കി ഭരിക്കാൻ പടയുമായി മുകിലൻ എത്തുന്നത്. വരുന്ന വഴി മുഴുവൻ കൊള്ളയടിച്ചും കപ്പം കൊടുക്കാത്തവരെ കൊന്നൊടുക്കിയും ബലാത്കാരം നടത്തിയും ആരാധന സ്ഥലങ്ങൾ കൊള്ളയടിച്ചു കഴിഞ്ഞു തച്ചുടച്ചും തീ വയ്ച്ചും ഒപ്പം തന്റെ മതത്തിലേയ്ക്ക് ആൾക്കാരെ പരിവർത്തനവുമൊക്കെയായിരുന്നു പടയോട്ടത്തിന്റെ സ്വഭാവം. കേരളത്തിൽ എത്തുമ്പോൾ ദക്ഷിണേന്ത്യയിലെ മുഴുവൻ കൊള്ള ചെയ്ത മൂല്യമിന്നുമറിയാത്ത സമ്പത്തും കൂടെ കൂട്ടിയാണ് അവരെത്തിയത്. തിരുവിതാംകൂർ, വേണാട്, തമിഴ്കൊള്ള സംഘങ്ങൾ, അന്നത്തെ ഇവിടെയുണ്ടായിരുന്ന മുസ്ലിം മതസ്ഥർ, കച്ചവടം, ഇംഗ്ലീഷുകാർ ഇവരുടെയൊക്കെ അക്കാലത്തെ വ്യക്തമായ ചിത്രങ്ങൾ ഈ നോവലിലുണ്ട്. അധികാരത്തിന്റെ ചാട്ടവാറടിയിൽ പുളഞ്ഞ ജനതയുടെ വേദനയും, അധികാരത്തിന്റെ പണത്തിന്റെ നിധിയുടെ പേരിൽ തമ്മിൽ തല്ലിയ രാജാക്കന്മാരുടെ കഥയും ഒപ്പം അധികമാരും പറയാത്ത പത്മനാഭസ്വാമിയുടെ നിധിയുടെ ചുരുളുകൾ അങ്ങനെ കുറെയധികം ചരിത്രത്തിൽ ഇല്ലാത്ത ചരിത്രം ഫാന്റസിയും ചേർത്തെഴുതിയ എഴുത്തിന്റെ പുസ്തകം.എന്റെ ബാല്യകാലത്തിൽ കഥകളിലൂടെ തലയിലുറച്ച കാലങ്ങൾ തിരഞ്ഞിട്ടും ഉത്തരമില്ലാതിരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ തന്ന രചന.
മറ്റു പുസ്തകങ്ങളുടെ അവലോകനം പോലെ ഇതിന്റെ കഥയെ ഞാൻ കൂടുതലായി എഴുതുന്നില്ല. കുട്ടിക്കാലം മുതൽ കേട്ടു പതിഞ്ഞ കഥകളെ ചരിത്രം പഠിച്ചപ്പോൾ അതിൽ റിസർച്ച് വിഷയമാക്കി മറഞ്ഞിരുന്ന ചരിത്രത്തെ തന്റെ ജീവിതവും മനസ്സും ജീവനും നൽകി പുറത്തെത്തിച്ച സിദ്ധാർത്ഥന്റെ കഥ വായിച്ചറിയണം. വലിയ ലോക വിവരമില്ലാത്ത വിദ്യാഭ്യാസമോ ചരിത്രമോ അറിയാത്ത അമ്മൂമ്മമാർക്ക് അറിയുന്ന മുകിലന്റെ ചരിത്രം എങ്ങനെ രേഖപ്പെടുത്താതെ പോയി എന്നതിന്റെ ആവിഷ്കാരം.
കഥകൃത്തിന്റെ വാക്കുകളിൽ “ആരുവാമൊഴി ചുരം കടന്നെത്തിയ മുകിലപ്പട വേണാടു പിടിച്ചടക്കിയ ചരിത്രം ഏറെയൊന്നും പറയപ്പെട്ടിട്ടില്ല. ഡൽഹി മുതൽ കന്യാകുമാരിവരെ മുഗളന്മാർ നടത്തിയ പടയോട്ടത്തിനൊടുവിൽ ആറു സ്റ്റേറ്റുകളെ കീഴടക്കി നേടിയ വമ്പിച്ച സ്വത്തുക്കൾ വേണാട്ടിൽനിന്ന് അവർക്ക് തിരിച്ചുകൊണ്ടുപോകാനായില്ല”കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവൽ അതാണ് മുകിലൻ.
പറ്റുന്നവർ വായിക്കുക. ഡിസി ബുക്സാണ് പ്രസാധകർ. ഓരോ പേജും ആകാംക്ഷയോടെ വായിച്ചു പോകാം.

