ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന പോലീസുകാരന്റെ അടുത്തേയ്ക്കു നടന്നു. മുറ്റത്ത് കിടന്ന ജീപ്പിൽ ഡ്രൈവറെ കൂടാതെ മറ്റൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നു. അയാൾ ജീപ്പിലിരുന്നു കൊണ്ട് അവളുടെ ഓരോ ചലനവും നിരീക്ഷിക്കുകയായിരുന്നു.
“എന്താ ടീച്ചറമ്മേ. ” ദേവി ചോദിച്ചു.
“ഇത് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ, എന്റെ ഒരു പഴയ സ്റ്റുഡൻ്റാണ്. നിന്നോട് എന്തോ ഇദ്ദേഹത്തിന് സംസാരിക്കാനുണ്ട്. നിങ്ങൾ സംസാരിക്കൂ, ഞാൻ ചായ എടുക്കാം. “
ടീച്ചറമ്മ എഴുന്നേറ്റു വീടിനകത്തേക്ക് പോയി.
“ഇരിക്ക് മാഡം. “
ഇൻസ്‌പെക്ടർ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു.
“മാഡം ഞാൻ വന്നത് ചില വിവരങ്ങൾ അറിയാനാണ്. ഒരു മാൻ മിസ്സിംഗ് കേസ് ഉണ്ട്, ആളുടെ പേര് നിധിൻ വേണുഗോപാൽ, 24 വയസ്സ്, നല്ല പൊക്കം, ഇരുനിറം, തോളറ്റം നീണ്ട മുടി. മിസ്റ്റി മെഡോസ് എന്ന ഹോട്ടലിലെ സ്റ്റാഫ് ആണ്. അയാളെ കാണാതായിട്ട് നാലു ദിവസം കഴിഞ്ഞു. സി സി ടി വി ക്യാമറകൾ ചെക്ക് ചെയ്തപ്പോൾ അയാളെ അവസാനമായി കണ്ടത് മാഡം ആണെന്ന് മനസിലായി. നിങ്ങൾ തമ്മിൽ എന്താ ഇടപാട്, അയാളെ എങ്ങനെയാണ് മാഡത്തിന് പരിചയം. “
“ഞാൻ മൂന്നാറിലെ ഹോട്ടലിൽ വച്ച് നിധിനെ പരിചയപ്പെട്ടതാണ്. അയാൾ നന്നായി പാചകം ചെയ്യും, എനിക്കയാളെയും അയാളുടെ രുചിക്കൂട്ടുകളേയും വളരെ ഇഷ്ടമായി. അത്രേയുള്ളു. പിന്നെ ഞാനാണ് അയാളെ അവസാനമായി കണ്ടെന്ന ആരോപണം പോലീസുകാരുടെ ഊഹമാണോ? എന്താണ് അതിനു തെളിവ്, ഞാനൊരു വക്കീലാണ്, പല ആളുകളും എന്നെ സമീപിക്കാറുണ്ട്. “
“ഞങ്ങൾ പോലീസുകാർ അങ്ങനെ വെറും ഊഹങ്ങൾ വച്ച് നീങ്ങില്ല മാഡം, ശക്തമായ തെളിവുകളുണ്ട്. അന്ന് മാഡം ഹോട്ടലിൽ നിന്നും പുറത്തിറങ്ങുമ്പോൾ അയാൾ ഒരു ബൈക്കിൽ മാഡത്തിനെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് അയാൾ മാഡം സഞ്ചരിച്ചിരുന്ന ബസിൽ കോട്ടയം വരെ യാത്ര ചെയ്തിരുന്നു. പിന്നെ, അയാളെ ആരും കണ്ടിട്ടില്ല. മാഡത്തിന് അയാളുമായി കോൺടാക്ട് ഉണ്ടായിരുന്നോ.?”
“എനിക്കയാളുമായി ഒരു കോണ്ടാക്ടുമില്ല എന്നു നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ, രണ്ടു പേരുടെയും ഫോണും കാൾ ഡീറ്റെയിൽസും ഒക്കെ നിങ്ങൾ ചെക്ക് ചെയ്തു കാണുമല്ലോ. ഞാൻ അയാളുടെ പാചകത്തിന്റെ ആരാധികയായിരുന്നു. അതിലപ്പുറം ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ല. ഈ മാൻ മിസ്സിംഗ് കേസ് ആരാണ് ഫയൽ ചെയ്തത് എന്നറിയാൻ പറ്റുമോ?”
“ഹോട്ടൽ മാനേജ്‌മെന്റ് ആണ് ലോക്കൽ പൊലീസിന് പരാതി കൊടുത്തത്. അവരുടെ സ്റ്റാഫ് ആണല്ലോ മിസ്സിംഗ് ആയത്, നിധിന്റെ ചേച്ചിയായ നിത്യ മുൻപ് ആ ഹോട്ടലിലെ സ്റ്റാഫ് ആയിരുന്നു. അവർ ഏതോ വിദേശ ടൂറിസ്റ്റിന്റെ വലയിൽ വീണ്, അയാൾ കൊടുത്ത മയക്കു മരുന്ന് കഴിച്ചു പൂളിൽ വീണു മരിച്ച് പോയിരുന്നു. അത് പിന്നെ ആ ഹോട്ടലിനു വലിയ ചീത്ത പേരുണ്ടാക്കി. ഈ കേസും അവരുടെ തലയിൽ വീഴുമോയെന്ന ആശങ്ക മാനേജ്മെന്റിന് ഉണ്ട്. അത് കൊണ്ട് അവർ അവരുടെ സൈഡ് സേഫാക്കി. “
“സർ പറഞ്ഞത് എനിക്ക് മനസിലായി, മാനേജ്മെന്റിന്റെ ആശങ്ക അതല്ലേ. എന്റെ രണ്ടാനച്ഛന്റെ മക്കളുടേതാണ് ഈ പറയുന്ന ഹോട്ടൽ. അവിടം നിഗൂഢതകളുടെ കേന്ദ്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവിടെ പൂളിലും തടയണയിലുമായി വീണു മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷെ ഇതൊന്നും പുറം ലോകം അറിയുന്നില്ല. കാരണം അവരുടെ ഭാഗത്ത് പണവും അധികാരവുമുണ്ട്. “
ദേവി കസേരയിൽ മുന്നോട്ടു ആഞ്ഞിരുന്നു.
“ഞാനൊരു സത്യം പറയാം, ഇന്ന് വരെ എന്റെ ഭർത്താവിന്റെ മരണ കാരണം കണ്ടെത്താൻ പോലീസിനായിട്ടില്ല. ഹണിമൂൺ ആഘോഷിക്കാൻ വന്ന ഒരു ചെറുപ്പക്കാരൻ ഡോക്ടറെ, വളരെ ക്രൂരമായി തടയണയിൽ മുക്കി കൊല്ലുക. അവിടെ എല്ലായിടത്തും സി സി ടി വി ക്യാമറകൾ ഉണ്ട്, മുഴുവൻ സമയം സെക്യൂരിറ്റി ഉദ്യോഗസ്ഥരുണ്ട്. എന്നിട്ടും… അതിൽ സാറിന് സംശയമില്ലേ. “
“മാഡം കേസ് അന്വേഷണം ഇത് വരെ കഴിഞ്ഞിട്ടില്ലല്ലോ. “
ദേവി അയാളെ പരിഹസിച്ചു ചിരിച്ചു.
“എന്ന് കഴിയും സർ, കുറ്റവാളികൾ പ്രബലർ ആയതിനാൽ ഈ കേസ് എങ്ങനെ അവസാനിക്കും എന്ന കാര്യത്തിൽ എനിക്കും ടീച്ചറമ്മയ്ക്കും നല്ല ആശങ്കയുണ്ട്. നേരത്തെ സർ ചോദിച്ച കാര്യത്തിന്റെ ഉത്തരം, നിധിൻ എങ്ങനെ എന്നിലേയ്ക്ക് എത്തിയെന്ന കാര്യം.
കൈലാസന്റെ മരണ ശേഷം ഞാൻ ഒരു പത്ര സമ്മേളനം നടത്തിയിരുന്നു. ഞാൻ അവിടെ വച്ച് പോലീസിനേയും നമ്മുടെ നിയമവ്യവസ്ഥയേയും കുറ്റപ്പെടുത്തിയിരുന്നു. ഹോട്ടലിൽ നിന്നും നഷ്ടപെട്ട സി സി ടി വി യുടെ തെളിവുകൾ അതിനെക്കുറിച്ചൊക്കെയുള്ള എന്റെ പ്രതിഷേധം ഞാനന്ന് രേഖപ്പെടുത്തിയിരുന്നു. അത് വായിച്ചിട്ടാണ് നിധിൻ എന്നെ ബന്ധപ്പെടുന്നുത്. അവന്റെ സഹോദരിയുടെ മരണം ഞാൻ അങ്ങിനെയാണ് അറിയുന്നത്. അവിടെ നടക്കുന്ന നിഗൂഢതയെക്കുറിച്ച് അന്വേഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കാൻ ഞങ്ങൾ രണ്ട് പേരും തീരുമാനിച്ചിരുന്നു. പക്ഷെ ഇപ്പോൾ അവനെ കാണാനില്ല എന്നറിഞ്ഞപ്പോൾ എനിക്ക് സംശയം ഹോട്ടലിലെ മാനേജ്മെന്റിനെ തന്നെയാണ്. അവർ അവനെ എന്തെങ്കിലും ചെയ്തു കാണും സർ. അവന്റെ അവസാന മൊബൈൽ ലോക്കേഷൻ കണ്ടു പിടിച്ചു കാണുമല്ലോ പോലീസ്. “
“അതാണ് പ്രശ്നം, അവന്റെ മുറിയാണ് അവസാന ലൊക്കേഷൻ. അവന്റെ ഫോൺ രാത്രി മുഴുവൻ സ്വിച്ച് ഓൺ ആയിരുന്നു, വെളുപ്പാൻ കാലമായപ്പോൾ അത് ഓഫായി, അതായിരുന്നു അവസാനം. “
“ഒരു പക്ഷെ അതവന്റെ മുറി ആകണമെന്നില്ലല്ലോ സർ. അവൻ അവിടെ ആരുടെയെങ്കിലും കസ്റ്റഡിയിൽ ആയിരിക്കുമോ?ആ ഹോട്ടലിൽ വല്ല ഇടിമുറികളോ നിലവറകളോ ഉണ്ടോയെന്ന് എനിക്ക്
സംശയമുണ്ട്. “
ടീച്ചറമ്മ ചായയുമായി വന്നപ്പോൾ ദേവി സംസാരം നിർത്തി.
“ടീച്ചറെ, ഞാൻ ഈ മാഡത്തിനെ സംശയിച്ചാണ് ഇങ്ങോട്ടു വന്നത്. ഇവിടെ വന്നപ്പോൾ ഞാൻ ഈ മാഡത്തിന്റെ ആരാധകനായി മാറി. വക്കീലിന് പറയുന്നതിനെ കുറച്ചു നല്ല ക്ലാരിറ്റിയുണ്ട്. “
പോലീസ് ജീപ്പ് മുറ്റത്തു നിന്നും മറയുന്നത് വരെ ടീച്ചറും ദേവിയും നോക്കി നിന്നു.
“എന്തായി ദേവി, ആ പയ്യൻ സേഫ് ആണോ?”
ടീച്ചറമ്മയുടെ കവിളിൽ അവൾ ഉമ്മ വച്ചു. പിന്നെ ചുറ്റും നോക്കി ശബ്ദം കുറച്ചു അന്നത്തെ പകൽ നടന്ന വിശേഷങ്ങൾ അവൾ പങ്ക് വച്ചു.
“ദേവി, വല്ലാത്തൊരു ജീവിതമാണല്ലോ കുട്ടീ നിന്റേത്. എന്നും നിനക്ക് ടെൻഷനാണല്ലോ, അതിന് പറ്റിയ ഒരു ജോലിയും. നിന്നെക്കുറിച്ചോർത്തു എനിക്ക് നല്ല ആധി തോന്നുന്നു മോളെ, ഈ ലോകത്തു ആര് കൂടെയില്ലെങ്കിലും ഈ അമ്മ നിന്റെ കൂടെയുണ്ടാകും, നിനക്ക് താങ്ങായിട്ട്”
“എനിക്കറിയാം ടീച്ചറമ്മേ, വേറെയാരാ ഈ ലോകത്ത് എനിക്കുള്ളത്. “
അവൾ ടീച്ചറെ ചേർത്ത് പിടിച്ചു.
“മോളിപ്പോൾ ഇടയ്ക്കിടയ്ക്ക് അനുപമയുടെ വീട്ടിൽ പോകണ്ട. മോൾ അവരുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ഇവിടെ വന്നു പോലീസ് അന്വേഷിക്കുമ്പോൾ മോൾ പാനിക് ആയിട്ട് എന്തെങ്കിലും മണ്ടത്തരം കാണിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. “
പിറ്റേ ദിവസം ദേവി ഓഫീസിൽ പോയില്ല. രാഹുലിനെ വിളിച്ചു എല്ലാം ഏർപ്പാടാക്കി. നാളെ ടീച്ചറമ്മ ആശ്രമത്തിലേക്കു പോകുകയാണ്. ഇനി മുതൽ ടീച്ചറമ്മയ്ക്ക് ജീവിതത്തിൽ എല്ലാത്തിനും നിയന്ത്രണം വയ്‌ക്കേണ്ടി വരും. അത് കൊണ്ട് അവൾ ആ ദിവസം ആഘോഷിക്കാൻ തീരുമാനിച്ചു. ടീച്ചറമ്മയ്ക്കു വേണ്ടി സദ്യയുണ്ടാക്കി. അവളും ടീച്ചറമ്മയും മാത്രമുള്ള ഒരു ദിവസം. അവൾക്കു വേണ്ടി അവളുടെ ടീച്ചറമ്മ മാറ്റി വച്ച ആ ദിവസം.
സന്ധ്യ കഴിഞ്ഞപ്പോഴേക്കും പലരും ടീച്ചറമ്മയെ കാണാൻ വന്നു, ദേവിയുടെ പപ്പയും അമ്മയും, ടീച്ചറുടെ പഴയ സുഹൃത്തുക്കൾ, സഹപ്രവർത്തകർ,
വിദ്യാർഥികൾ, ഒടുവിൽ അനുപമയും എത്തി ചേർന്നു. അനുപമ ദേവിയുടെ ചെവിയിൽ പറഞ്ഞു.
“നീയല്ലേ പറഞ്ഞത് ടീച്ചറമ്മയ്ക്ക് നിധിനെ ഒന്ന് കാണണമെന്ന്. പാവം, ആ കാറിന്റെ ഡിക്കിയിൽ ചുരുണ്ട് കൂടി ഇരിക്കാൻ തുടങ്ങിയിട്ട് സമയം കുറെയായി. “
“അയ്യോ, ഞാനൊന്നു പോയി നോക്കാം.. “
“നീ സൂക്ഷിക്കണേ, കാർ ഏറ്റവും പിറകിലായി നിർത്തിയിട്ടിരിക്കുവാണ്. “
“നീ പോയി പപ്പയെ ഒന്ന് ബ്ലോക്ക് ചെയ്യൂ ഞാൻ അവനെ നോക്കി വരാം. “
ആരുടെയും കണ്ണിൽ പെടാതെ അനുപമയുടെ കാറിനടുത്തേയ്ക്കു ദേവി നടന്നു. അവൾ ശബ്ദമുണ്ടാക്കാതെ ഡിക്കി തുറന്ന് നോക്കി. അതിൽ ആരുമില്ലായിരുന്നു. ദേവിക്ക് പേടിയായി. വീട്ടിൽ നിന്നും ഗേറ്റ് വരെ അരകിലോമീറ്ററോളം ദൂരമുണ്ട്. അവിടേയ്ക്കു എങ്ങാനും രക്ഷപെട്ടു പോയി കാണുമോ?”
തൂവെള്ള ചുരിദാറിൽ വളരെ മനോഹരിയായ ദേവി ആ ഇരുട്ടിൽ പോലും ദേവതയെ പോലെ തിളങ്ങി നിന്നു. പെട്ടെന്ന് ആരോ അവളുടെ വാ പൊത്തി പിടിച്ചു. അവൾ കുതറാൻ ശ്രമിച്ചപ്പോൾ അവളുടെ വയറിനു കുറുകെ വളരെ മൃദുലമായ ഒരു കൈയുടെ സ്പർശനം. അപ്പോൾ തന്നെ അവൾക്കു ആ കൈ ആരുടെതെന്ന് മനസിലായി.
“നീ പുറത്തിറങ്ങിയതെന്തിനാ. ആരേലും നിന്നെ കണ്ടിരുന്നെങ്കിലോ “
“ഞാൻ ഇതിൽ ഇരുന്നു വെന്തു പോയി, എന്തൊരു ചൂടാണ് “
“എന്റെ ജനലിന്റെ അടുത്ത് വന്നു കൂടായിരുന്നോ?”
“ഞാൻ വന്നു നോക്കി. നിന്നെ അവിടെയൊന്നും കണ്ടില്ല. ഞാൻ പിന്നെ ഈ ചാമ്പ മരത്തിൽ കയറിയിരുന്നു. എല്ലാവരും വരുന്നതും പോകുന്നതും നോക്കി. ആ മുറ്റത്തു നിന്ന ബുൾഗാൻ താടിയല്ലേ മാത്യൂസ്, ഞാനയാളെ ഒരിക്കലും മറക്കില്ല. ദുഷ്ടൻ… “
“നീ വാ നിനക്ക് വിശക്കുന്നില്ലേ. ഞാൻ അടുക്കള വാതിൽ തുറന്നിടാം, നീ പിന്നിലൂടെ വന്നു എൻ്റെ മുറിയിൽ കയറണം. ഞാൻ അവിടെ വരാം. “
മുറ്റത്തു നിന്നവരെയൊന്നും ഗൗനിക്കാതെ ദേവി ഉമ്മറത്തേക്ക് കയറി പോയി.
“ദേവൂ, നീ ഈ ഇരുട്ടത്ത് എവിടെ പോയി. “
മാത്യു ആയിരുന്നു ചോദ്യകർത്താവ്. അയാളവളെ സംശയത്തോടെ നോക്കി.
“എൻ്റെ കൂട്ടുകാരികളെ പറഞ്ഞയക്കാൻ… “
“ഉം. “
അവൾ പിന്നിലെ വാതിൽ മെല്ലെ തുറന്നിട്ടു. ഹാളിൽ അതിഥികൾ ഭക്ഷണം കഴിക്കുകയാണ്. അടുക്കളയിലും സ്റ്റോർ റൂമിലും സുമതി ജോലിത്തിരക്കിലാണ്. ഇനിയെന്ത് ചെയ്യും?അവൾ കൈലാസന്റെ മുറി തുറന്നു, അതിന്റെ ഒരു വാതിൽ കായലിന്റെ വശത്തേയ്ക്ക് തുറക്കുന്നതാണ്. അവൾ വാതിൽ മെല്ലെ തുറന്നിട്ടു, പക്ഷെ നിധിൻ എങ്ങനെ അറിയും ഇത് വഴിയാണ് അകത്ത് കയറേണ്ടതെന്ന്?അവനടുക്കള വാതിൽ തുറക്കുന്നത് സുമതി കണ്ടാൽ? ദേവിക്ക് പേടി തോന്നി.
അനുപമയെ വിളിക്കാം, അവൾക്കു നല്ല പ്രാക്ടിക്കൽ ബുദ്ധിയാണ്. ഹാളിൽ നിന്ന അനുപമയുടെ ചെവിയിൽ ദേവി കാര്യം പറഞ്ഞു. അനുപമ അടുക്കളയുടെ പിൻഭാഗത്തേയ്ക്കു നടന്നു. കൂടെ സുമതിയും, അവരങ്ങനെയാണ് ആരേയും വിശ്വാസമില്ല, ശരിക്കും ശല്യക്കാരിയാണ്. ദൂരെ ഇരുട്ടത്ത് നിഴൽ അനക്കം കണ്ടു അനുപമ കൈ കായലിനരികിലേയ്ക്ക് ചൂണ്ടി. അടുക്കള വാതിൽ അകത്തു നിന്നും അടച്ചു പൂട്ടി.
എന്തോ അപകടം മനസ്സിലാക്കിയ നിധിൻ ഇരുട്ടിന്റെ നിഴൽ പറ്റി വീടിനോടു ചേർന്ന് നടന്നു. ഇരുട്ടത്ത് കണ്ട വാതിലിൽ മെല്ലെ തള്ളിയപ്പോൾ അത് തുറന്നു വന്നു. മുറിയിൽ നിറയെ ഇരുട്ടാണ്. ഉപയോഗിക്കാതെയിരുന്ന മുറിയുടെ പൊടിമണം അവൻ്റെ മൂക്കിലടിച്ചു. അവൻ പേടിച്ചു മുറിയിൽ കയറിയപ്പോൾ ആരോ തന്നെ വലിച്ചു മാറോടു ചേർക്കുന്നതറിഞ്ഞു. ആ മണമിപ്പോൾ അവന് പരിചിതമാണ്. ആ വസ്ത്രങ്ങളുടെ നൈർമല്യം അവനെ കോരിത്തരിപ്പിച്ചു.
“ഇവിടെയിരിക്കൂ. ഞാൻ പുറത്തു പോയി നോക്കിയിട്ടു വരാം. “
അവനെ ഉമ്മ വച്ച് കൊണ്ട് ദേവി പറഞ്ഞു.
അവനൊരു അലമാരയുടെ പിറകിൽ ഒളിച്ചു. ഇരുട്ടത്ത് അവൾ മെല്ലെ മറഞ്ഞു.
വിരുന്നുകാർ ഒക്കെ മടങ്ങി തുടങ്ങി. എല്ലാവരും മടങ്ങിയിട്ടും അനുപമയും ദേവിയുടെ വീട്ടുകാരും മടങ്ങിയില്ല.
അപ്പോഴാണ് ഒരു പോലീസ് ജീപ്പ് ഗേറ്റ് കടന്നു വന്നത്. ഇൻസ്‌പെക്ടർ സഞ്ജീവ് അനൗദ്യോഗിക വേഷത്തിൽ പുറത്തിറങ്ങി. ദേവി ഭയന്ന് വിറച്ചു കൊണ്ട് അനുപമയുടെ പിറകിൽ ചെന്ന് നിന്നു. പേടിച്ച് വിരണ്ടു അനുപമയുടെ ചെന്നികളിലൂടെ വിയർപ്പൊഴുക്കി. നിധിൻ ഉണ്ടെന്നു അറിഞ്ഞു കൊണ്ടുള്ള വരവാണ്. ഇൻസ്‌പെക്ടറുടെ മുഖത്തെ കള്ള ലക്ഷണം കണ്ടു ദേവി വിചാരിച്ചു.
ടീച്ചറമ്മ സീനിൽ വന്നത് സന്ദർഭത്തിന്റെ ഗൗരവത്തിനു അയവു വരുത്തി.
“ക്ഷമിക്കണം ടീച്ചറെ, ഒരു മൂന്നാർ ട്രിപ്പ് കഴിഞ്ഞു മടങ്ങി വന്നതേയുള്ളു, അതാ ലേറ്റ് ആയത്. “
അനുപമ ആശ്വാസത്തോടെ കസേരയിൽ ഇരുന്നു. ടീച്ചറമ്മ ദേവിയെ നോക്കി ഇങ്ങനെ പറഞ്ഞു.
“ഇന്നത്തെ വിരുന്നിൽ പങ്കെടുക്കാൻ ഞാൻ സഞ്ജീവിനെ ക്ഷണിച്ചിരുന്നു. “
“വൈകി ആണെങ്കിലും നീ വന്നല്ലോ സഞ്ജീവേ, സന്തോഷം. “
ടീച്ചർ അയാൾക്കൊപ്പം ഭക്ഷണത്തിനു ഇരുന്നപ്പോൾ ദേവിയുടെ അമ്മയും പപ്പയും സുമതിയുമായി യാത്ര പറഞ്ഞ് പോയി.
നിധിനെ ടീച്ചറമ്മയെ പരിചയപ്പെടുത്താൻ കൊണ്ട് വന്നത് വെറുതെയായി. അനുപമയ്‌ക്ക് മടങ്ങാൻ സമയമായി. സഞ്ജീവിന്റെ മുൻപിൽ വച്ച് അവനെ കാറിൽ കടത്തി ഇരുത്താനും വയ്യ. അവന് കഴിക്കാൻ ഒന്നും കൊടുത്തതുമില്ല.
“ഇനിയിപ്പോൾ എന്ത് ചെയ്യും അനൂ. “
സഞ്ജീവ് യാത്ര പറഞ്ഞു പോയി. ദേവിയെ നോക്കി അയാൾ മനോഹരമായി പുഞ്ചിരിച്ചു. ദേവിയുടെ ചുറ്റും അയാളൊന്ന് കറങ്ങി, യാത്ര പറയാൻ മടിക്കുന്നത് പോലെ അയാൾ ഉമ്മറത്ത് തന്നെ നിന്നു. ഒടുവിൽ അയാൾ വാച്ചിലെ സമയം നോക്കി സ്ഥലം കാലിയാക്കി.
“ദേവീ സഞ്ജീവിനു നിന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഒരു സൂചന നൽകി. “
“എന്നിട്ട് ടീച്ചറമ്മ എന്ത് പറഞ്ഞു. “
“ഒരു വർഷം കഴിയട്ടെ എന്ന്. “
അനുപമ പെട്ടെന്ന് വിഷയം മാറ്റി.
“ടീച്ചറെ, മുറിയിൽ നിധിൻ ഉണ്ട്. ടീച്ചറെ കാണാൻ വന്നതാണ്. ഞങ്ങൾക്ക് പെട്ടെന്ന് മടങ്ങണം, നേരം ഏറെ വൈകി. “
അവർ മൂന്നുപേരും കൈലാസന്റെ മുറിയിൽ ചെല്ലുമ്പോൾ ഇരുട്ടത്ത് ഭക്ഷണം കഴിക്കുന്നു നിധിൻ. മൂന്നുപേരും പൊട്ടിച്ചിരിച്ചു.
“ഇതാരാ ഇവിടെ ഭക്ഷണം കൊടുത്തത്. കൈലാസന് അതൊന്നും ഇഷ്ടമാകില്ല. “
“ഞാൻ ഇടയ്ക്ക് വന്ന് നിധിനെ കണ്ടിരുന്നു, ഞങ്ങൾ സംസാരിച്ചു. എനിയ്ക്കു നിധിനെ ഇഷ്ടമായി. പിന്നെ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ച കാര്യം, നീ പേടിയ്‌ക്കേണ്ട ദേവി, ഞാൻ എന്ത് ചെയ്താലും എന്റെ മോന് ഇഷ്ടമാകും. “
ടീച്ചർ നിധിന്റെ മുടിയിഴകളിൽ തലോടി.
“നിങ്ങൾ ഉമ്മറത്ത് പോയി നിന്നോളൂ. ഞാൻ ഇവനെ ഈ വഴി തന്നെ കടത്തി വിടാം. പിന്നെ അനുപമേ സൂക്ഷിക്കണേ, ചുറ്റും ശത്രുക്കളാണ്. ഇവളെ ഇനി നോക്കാൻ നിങ്ങൾ രണ്ടു പേരും മാത്രമേയുള്ളു. “
ടീച്ചറോട് യാത്ര പറഞ്ഞു അനുപമ കാറിനടുത്തേയ്ക്കു പോയി. ഉമ്മറത്ത് അവർ സംസാരിക്കുന്ന സമയം കൊണ്ട് ഇരുട്ടിൻ്റെ മറവിൽ നിധിന് കാറിന്റെ ഡിക്കിയിൽ കയറി പറ്റണം. അതാണ് വ്യവസ്ഥ. കുനിഞ്ഞു ടീച്ചറമ്മയുടെ കാലിൽ തൊട്ട് തൊഴുത് കൊണ്ട് നിധിൻ ഇരുട്ടത്ത് ഓടി മറഞ്ഞു.
(തുടരും… )
✍️✍️നിഷ പിള്ള

