ലൈബ്രറിയുടെ ഒരു മൂലയിൽ അയാൾ വെറുതേ ഓരോന്നും ആലോചിച്ചിരിക്കയായിരുന്നു. അധികം ദൂരത്തല്ലാതെ കബനീ നദിയുടെ ശാന്തമായ ഒഴുക്കു ഒരു ഭംഗി തന്നെ. വയനാട്ടിൽ കുറച്ചു ദിവസത്തെ സന്ദർശനത്തിനെത്തിയത്, എന്നോ നിന്നു പോയ നീണ്ട കഥയുടെ പൂർത്തീകരണത്തിനായിട്ടായിരുന്നു. എത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞു. എഴുത്തൊട്ട് തുടങ്ങുവാനും ആയില്ല. ആരോ ഒക്കെ അവ്യക്തതയോടെ മനസ്സിൽ വന്നു പോകുന്നു. അവർ ആരാണെന്നു ഉറപ്പിക്കാനാവുന്നില്ല അയാൾക്ക്. ജീവിതത്തിലെ അനേകം യാത്രകൾക്കിടയിൽ എവിടെയോ ഒക്കെ കണ്ടു മുട്ടി, വഴി വേർപിരിഞ്ഞു പോയവർ. ഭംഗിയുള്ളവർ. ഹൃദയം തൊട്ടറിഞ്ഞവർ. അടുത്തിരുന്നപ്പോഴെല്ലാം സ്നേഹത്തിന്റെ നറുചിരി സമ്മാനിച്ചവർ. കരുതലിന്റെ സുഗന്ധം പരത്തിയവർ. പിന്നീട് ദു:ഖിതനായിരുന്നപ്പോഴൊക്കെ ഓർമ്മയിൽ വന്നെത്തി നോക്കിയവർ. പ്രണയം .. പ്രണയമായിരുന്നോ അവ ? ആയിരുന്നു എന്നയാൾ ആശ്വസിച്ചു.
ജനാലയ്ക്കരുകിൽ ഒരു കിളി വന്നു മൂളിയപ്പോൾ അയാൾ തിരിഞ്ഞു നോക്കി, തന്റെ പഴയ പ്രണയങ്ങളെ. പ്രണയമെന്നു ലോകം പേർ ചൊല്ലി വിളിച്ചിരുന്നെങ്കിലും, തികഞ്ഞ സ്നേഹ സൗഹാർദ്ദങ്ങളായാണ് അവയെ .അയാൾ കരുതിയിരുന്നത്. മൂന്നു പേരായിരുന്നു ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അയാളെ സ്പർശിച്ചിരുന്നത്. മൂന്നു പ്രായക്കാർ.
ജാസ്മിൻ. സ്വപ്നങ്ങളായിരുന്നു അവളിൽ നിറയെ. ടീനേജിന്റെ പ്രസരിപ്പും കാഴ്ചപ്പാടുകളുടെ വൈവിദ്ധ്യങ്ങളും കൗതുകങ്ങളുടെ തീക്ഷണതയുമെല്ലാം അയാൾക്കും പ്രിയങ്കരമായി. ഒരു ചിത്ര ശലഭം കണക്കേ അയാൾക്കു ചുറ്റും അവൾ പാറി നടന്നു.
ഗൗതമി. ചെറുപ്പക്കാരി. ലോകം ഫാഷന്റെ പിറകേ പോയപ്പോൾ, ഇവൾ ലളിത ജീവിതത്തിനു പ്രാധാന്യം നൽകി. ആഗ്രഹങ്ങളധികം ഇല്ലായിരുന്നെങ്കിലും, അയാളുടെ സാമീപ്യത്തെ അവളെന്നും കൊതിച്ചിരുന്നു.
സന്ധ്യ. മദ്ധ്യവയസ്കയായിരുന്നെങ്കിലും സുന്ദരി. ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും ഒരു സ്വച്ഛത നിറയും നിറം. പക്വതയോടെ അയാൾക്കെന്നും തണൽ വിരിച്ചിരുന്നു അവൾ. അയാളുൾപ്പെടെ ഒന്നും സ്വന്തമാണെന്നു കരുതാതെ കരുതിയവൾ.
എന്നിട്ടും ജീവിതത്തിൽ അയാൾ തനിയെയായിരുന്നു. അവരോടൊക്കെ മനസ്സു തുറന്നു സംസാരിച്ചപ്പോഴും, പ്രതീക്ഷകൾ വച്ചിരുന്നില്ല ആരിലും. മൂവരുമായും മനസ്സ് ഒരു പരിധി വരെ അടുക്കാൻ കൊതിച്ചു എന്നതു സത്യം. പക്ഷെ, അത് തമ്മിൽ സംവദിച്ച ഭാഷയിൽ ഒതുക്കി. ഒന്നും ഇല്ലാത്തവനു അതു തന്നെ ധാരാളമായിരുന്നു.
സംവാദത്തിലൂടെ തമ്മിൽ അറിഞ്ഞു. ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം. ഭാഷയുടെ ഭംഗിയാൽ ആയിരിക്കാം, എവിടെയോ ഒക്കെ പൊരുത്തങ്ങളും അനുഭവപ്പെട്ടു. ദിനം തോറും വന്നു വീണ സമയം, ആവശ്യത്തിനുണ്ടെന്നു തോന്നിയതും ഏറെ ആശ്വാസം നൽകി.
പിന്നീടെപ്പോഴോ, സമയമെന്നത് ചതിച്ചു. സമയ ക്രമീകരണവും മുൻഗണനയും പരിഗണനയുമൊക്കെ പലതായി. ആശ്വാസമായിരുന്ന സമയം കാത്തിരിപ്പിന്റെ വേദനയുമായി. ഏകനെന്ന അവസ്ഥയെ സ്വയം താലോലിക്കേണ്ട ഭാഗ്യം വീണ്ടുമെത്തി. പരാതിയില്ല പരിഭവവുമില്ല.
അവൾ, ഭംഗിയുള്ളൊരു പൂവ് ആയിരുന്നു .. അതൊരിക്കലും വാടരുതേ എന്നു പ്രാർത്ഥന.
അവൾ, മനോഹരമാമൊരു പുഴ ആയിരുന്നു .. അതിനി വറ്റാതൊഴുകണമേയെന്നു പ്രാർത്ഥന.
അവൾ, ഇരുളാൽ മൂടാൻ തുടങ്ങിയിരുന്ന സായാഹ്നം ആയിരുന്നു. നൽ നിലാവിൻ പ്രഭയാൽ അവൾ സമൃദ്ധമാകേണമേയെന്നും പ്രാർത്ഥന.


1 Comment
Wow…. Beautiful… അങ്ങനെ ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങളെയും ധന്യമാക്കി എത്രയോപേർ, അല്ലേ. എഴുത്തിന് നല്ല ഒഴുക്ക്. 👌👌👌👌