ഇന്നത്തെ എഴുത്തു തികച്ചും വ്യത്യസ്തമായ രണ്ടു പുസ്തകങ്ങളെ കുറിച്ചാണ്. ഒന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ഭർത്താവിനെ അന്വേഷിച്ചു മധുരയുടെ തെരുവിലൂടെ അലഞ്ഞ കണ്ണകിയുടെ കഥയാണ്, മറ്റൊന്ന് പ്രണയിച്ച പുരുഷനെ തേടി അവന്റെ ജീവനെ ഉദരത്തിൽ താങ്ങി ഇസ്‌താംബൂൾ കലാപഭൂമിയിലേയ്ക്ക് വരുന്ന സീതയെന്ന ഇന്ത്യൻ പെണ്ണിന്റെ കഥയാണ്. കാലവും ദേശവും ഭാഷയും എഴുത്തും ഭേദങ്ങൾ തീർക്കുന്ന രണ്ടെഴുത്തുകൾ പക്ഷെ, പെണ്ണിന്റെ വിശ്വാസത്തിന്റെ പ്രണയത്തിന്റെ സ്നേഹത്തിന്റെ സഹനത്തിന്റെ പ്രതീക്ഷയുടെ അക്ഷരങ്ങൾ അവയെ ചേർത്തു നിർത്തുന്നു.
കണ്ണകീ ചരിതം നമുക്കെല്ലാം ഒരുപോലെ അറിവുള്ള കഥയാണ്. ഇളംങ്കോവടികളുടെ “ചിലപ്പതികാരo”കൃതിയെക്കാൾ തോറ്റം പാട്ടു കഥകളിലൂടെ മനസ്സിൽ പതിഞ്ഞ വേദനയും കണ്ണീരും പ്രതികാരത്തിലുറഞ്ഞു പോയ പെണ്ണിന്റെ കഥ. കേരളത്തിന്റെ തെക്കുഭാഗത്തെ ഒട്ടുമിക്ക ദേവി ക്ഷേത്രങ്ങളിലും ക്ഷേത്ര ചരിത്രത്തോടൊപ്പം തോറ്റം പാട്ടിൽ കണ്ണകി ചരിതവും പാടാറുണ്ട്. ഭർത്താവിനു നേരിട്ട അന്യായത്തിൽ മധുരാപുരി വെണ്ണീറാക്കിയതിനുശേഷം കണ്ണകി ഓരോ പ്രദേശത്തു എത്തുകയും അവിടുത്തെ ജനങ്ങൾ ഭക്ഷണം നൽകുകയും പിന്നീട് അവിടത്തെ ദേവിയായി മാറിയതുമാണ് മിക്കയിടത്തേയും തോറ്റം പാട്ട്. അതിൽ ദേവിയുടെ അംശവതാരമായി തന്നെയാണ് വാഴ്ത്തുന്നത്. എന്നാൽ പലയിടങ്ങളിലും പല തരത്തിലാണ് കഥകൾ, ചിലപ്പതികാരം കഥയെക്കാൾ കൂടുതൽ രാജ സ്തുതികളാണ്.
കണ്ണകിയുടെ ജനനം, വളർച്ച, കോവാലന്റെ പൂർവ്വ കാലം എന്നതിന്റെ വിവരങ്ങൾ കൃത്യമല്ല, അതിന്റെ ഉത്തരമാണ് ഈ നോവൽ. കൃത്യവും വ്യക്തവുമായ പഠനം ഈ നോവലിനു പിന്നിലുണ്ട്. ഗ്രീക്ക്, അറബി അങ്ങിനെ സംഘകാലത്തും അതിനു മുൻപും കേരള തമിഴ്നാടുകളുമായി കടൽ കടന്നുള്ള കച്ചവടം ചെയ്ത രാജ്യങ്ങളുടെ കഥകൾ, കപ്പലോട്ടങ്ങൾ, ചേര ചോഴ പാണ്ഡ്യ രാജാക്കന്മാരുടെ ഭരണവും അരാജകത്വവും, അന്നത്തെ കാലത്തെ ജീവിതവും ഇതിലെ അക്ഷരങ്ങളിലൂടെ നമ്മുടെ മുന്നിൽ കടന്നു പോകും. അന്ന് നടന്ന വെള്ളപൊക്കവും കടൽക്ഷോഭങ്ങളും ഉൽക്കാപതനവും, ഒരു രാജ്യത്തു നിന്നും കടലേഴും താണ്ടി അനേകായിരം പേരെ കൊന്നു തള്ളിയ വസൂരിയുടെ കഥകളും നമുക്ക് വായിക്കാം. കപ്പലോട്ടങ്ങളും യുദ്ധവും മംഗളാ ദേവി ചരിതവും ഒക്കെയായി ഒരു കാലഘട്ടത്തിന്റെ ചരിത്രം വാക്കുകളിലൂടെ മനസ്സിൽ വരച്ചിടുന്ന നോവൽ.
അടുത്തത് 2023ലെ കേരള സാഹിത്യ അക്കാദാമി അവാർഡ് നേടിയ ഹരിത സാവിത്രിയുടെ സിൻ(ZIN ). ആഖ്യാനരീതിയിൽ ഗവേഷണ വിദ്യാർത്ഥിയുടെ പാടവം വ്യക്തമാകുന്ന വാക്കുകളാണ്. കലാപങ്ങൾ ഒരു ജനതയുടെ ജീവിതത്തെ എങ്ങനെ തൂത്തെറിയുന്നു എന്ന് വ്യക്തമാക്കുന്ന നോവൽ. തന്റെ പ്രണയിതാവിനെ തേടി ഇസ്‌തംബൂളിൽ എത്തുന്ന സീതായെന്ന ഇന്ത്യൻ പെണ്ണിന്റെയും അവളെ സഹായിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെയും നിസ്സഹായരായി കലാപത്തിൽ എരിഞ്ഞമർന്ന കുറദു ജനതയുടെയും കഥ. തടവറയിൽ സീതയും പുറത്തു കുറദിഷ് പെൺകുട്ടികളും അനുഭവിക്കുന്ന ക്രൂരതയുടെ കഥ. നോവലിൽ ഉടനീളം മനസ്സിനെ നോവിക്കുന്ന കലാപത്തിന്റെ കാഴ്ചകളാണ്. ഇടയ്ക്കെപ്പോഴേ സീതയുടെ പ്രണയത്തിന്റെ ഓർമ്മകൾ. സൗഹൃദത്തിന്റെ പേരിൽ ജീവൻ വെടിഞ്ഞ തിമൂർ ഒടുവിൽ നൊമ്പരമാകുമ്പോഴും സീതയുടെ മോചനവും അതിജീവനവും നോവലിനെ ശുഭ പര്യവസായി ആക്കി തീർക്കുന്നു വായിക്കാൻ ഒരുപാടു ഇഷ്ടം തോന്നുന്ന നോവൽ….


3 Comments
അവലോകനം വായിച്ചപ്പോ തന്നെ നോവൽ വായിക്കാൻ തിടുക്കമായി
🙏🏼🙏🏼🙏🏼
സിൻ വായിക്കാൻ കൊതിയായി….. നല്ല അവലോകനം👍❤️