വെളുപ്പാൻ കാലത്ത് മാത്യുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.
“ടാ മാത്യൂ, ഞാൻ അവിടെ മുഴുവൻ തെരഞ്ഞു, ഒന്നും കിട്ടിയില്ല. “
“എൻ്റെ തരകോ ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ടാന്ന്, എടുത്ത് ചാടി ഒന്നും ചെയ്യല്ലേയെന്ന്. ആരോ വമ്പൻ കളി നടത്തുന്നുണ്ട്. നമ്മളീ കളിയിൽ ഇല്ല, ഗാലറിയിൽ ഇരുന്ന് കണ്ടേച്ചാൽ മതി. “
“എന്നാലും വിൽഫ്രഡിന്റെ മരണം, അതൊരു സങ്കടമാണ്. അതേ പോലൊരുത്തനെ ഇനി എങ്ങനെ കണ്ട് പിടിയ്ക്കാൻ. ഇനി നമ്മളെ സഹായിക്കാൻ വിശ്വസ്തനായ, ആത്മാർത്ഥയുള്ള ഒരാൾ എവിടുന്ന് വരും. “
” നീ വിഷമിക്കാതെ. ഒന്ന് ചീഞ്ഞാൽ മറ്റൊന്ന്. അത് പ്രകൃതി നിയമമാണ്. “
“മുറ്റം മുഴുവൻ അവന്മാർ കുത്തി മറിച്ചിട്ടു നോക്കി, അവർക്ക് ഒളിക്കാനൊന്നുമില്ലേൽ അവർ പോലീസിൽ പരാതി പെടില്ലേ. നമുക്ക് നോക്കാമല്ലോ അവരുടെ അടുത്ത നീക്കമെന്താണെന്ന്. “
“അത് ശരിയാ, ഞാൻ അറിയാതെ അവിടെ ഒന്നും നടക്കില്ല. രാവിലെ തന്നെ ഞാൻ അങ്ങോട്ട് പോകുന്നുണ്ട്. “
കാൾ കട്ട് ചെയ്ത ഉടനെ തന്നെ മാത്യു സമയം നോക്കി. നാലര മണി, മാലതി എഴുന്നേൽക്കാൻ ഏഴു മണിയാകും. നേരത്തെ അങ്ങോട്ട് കയറി ചെന്നാൽ അവർക്കു സംശയം ആകും.
നേരം വെളുക്കാറായപ്പോൾ അശോകദാസ് മതിൽ ചാടി സ്വന്തം വീട്ടിലേക്കും നിധിൻ അടുക്കള വാതിൽ വഴി തന്റെ കിടപ്പു മുറിയിലേക്കും പോയി.
ഉറങ്ങി കിടന്ന ദേവിയുടെ അടുത്തേയ്ക്കവൻ നീങ്ങി കിടന്നു. അവന്റെ സാമീപ്യം അറിഞ്ഞ് അവളവനെ ചേർത്ത് പിടിച്ചു.
“നീ എവിടെയായിരുന്നു നിധിൻ, ആരുടെയോ കാൽപ്പെരുമാറ്റം മുറ്റത്തു കേട്ടിരുന്നു. ഞാൻ അപ്പോൾ തന്നെ നിന്നെ വിളിച്ചിരുന്നു, നിന്റെ ഫോൺ മേശപ്പുറത്തിരുന്ന് റിംഗ് ചെയ്തു. അശോകദാസ് കൂടെയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഞാൻ ജനലിന്റെ പിറകിൽ ഒളിച്ചു നിന്നത്. “
അവൾ തലയിണയുടെ അടിയിൽ വച്ചിരുന്ന തോക്കു ഉയർത്തി കാണിച്ചു.
“അവർ രണ്ടു പേരുണ്ടായിരുന്നു. കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു, അതുകൊണ്ടു ഞങ്ങൾ ശ്വാസമടക്കി ഒളിച്ചിരുന്നു. പുറത്തേയ്ക്കു ഇറങ്ങിയതേയില്ല. മുറ്റം മൊത്തം അവർ കിളച്ചു മറിച്ചിട്ടിരിക്കുന്നു. വിൽഫ്രഡിന്റെ മരണത്തിൽ അവർ നമ്മളെ സംശയിക്കുന്നു. മാത്രമല്ല പട്ടിക്കൂടിന്റെ നിർമ്മാണം അവർ അറിഞ്ഞിരിക്കുന്നു. തെളിവുകളുടെ മുകളിൽ പട്ടിക്കൂട് കെട്ടുന്നുവെന്നാണ് അവരുടെ സംശയം. “
“നിധിൻ ഇത് നമ്മളെ പരീക്ഷിക്കാനുള്ള അവരുടെ അടവാണ്. നമുക്കിത് പോലീസിനെ അറിയിക്കണം. പോലീസിനെ അറിയിച്ചില്ലെങ്കിൽ നമ്മൾ എന്തോ മറയ്ക്കുന്നു എന്നവർ കരുതും. പോലീസിൽ അറിയിച്ചാൽ തല്ക്കാലം നമ്മുടെ സൈഡ് നമുക്ക് സേഫ് ആക്കാം. പോലീസിന്റെ ഭാഗത്തു നിന്നും പല തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടാകും. എല്ലാത്തിനും നമുക്ക് ഉത്തരം തയാറാക്കണം. “
“അവർ ഇവിടെയൊക്കെ വന്നു പരിശോധന നടത്തില്ലേ. “
“ആദ്യം അവർ നമ്മുടെ സി സി ടി വി ക്യാമറകൾ പരിശോധിക്കും. ഒരു മാസമായി ക്യാമറകൾ പ്രവർത്തിക്കുന്നില്ലായെന്ന് പറയേണ്ടി വരും. അത് സത്യമാണ്, ഇടിമിന്നലേറ്റതാണെന്ന് സംശയം പറയണം. പിന്നെ തൊട്ടടുത്ത വീട്ടിലെ ക്യാമറ അവർ പരിശോധിക്കും. ഇന്നല വന്നവരുടെ ദൃശ്യങ്ങൾ അതിൽ പതിഞ്ഞു കാണും. അപ്പോൾ ചിലപ്പോൾ മുൻദിവസങ്ങളിലെ ദൃശ്യങ്ങളൊക്കെ അവർ നോക്കും. മിനിഞ്ഞാന്ന് രാത്രി പന്ത്രണ്ടു മണിക്ക് നമ്മുടെ കാർ പുറത്ത് പോകുന്നത് അതിൽ കാണും. തല മറച്ചിരുന്നു കൊണ്ട് ഡ്രൈവ് ചെയ്യുന്നത് നീയും പിറകിലിരിക്കുന്നത് ഞാനും ആണെന്ന് കരുതി കൊള്ളും. പക്ഷെ ആ ബുള്ളറ്റിന്റെ ദൃശ്യം, ചോദ്യം ചെയ്യപ്പെടും. “
“അത് വളരെ പിന്നിലായിരുന്നു. റോഡിലൂടെ പോയ ആരോ ആണത്. അതല്ല പ്രശ്നം. നമ്മളെന്തിനാണ് ആ സമയത്തു പുറത്തു പോയത്. തിരികെ വന്ന മൂന്നര മണി വരെ നമ്മൾ എവിടെയായിരുന്നു. എന്തെങ്കിലും ഉത്തരം നമ്മൾ കണ്ടു വയ്‌ക്കേണ്ടി വരും. ഇനി ആ ബുള്ളറ്റ് ആരുടെ ആണെന്ന് കണ്ടെത്തിയാൽ വീണ്ടും കാര്യങ്ങൾ കുഴഞ്ഞു മറിയും. “
“എന്തായാലും മാത്യുവിന്റെ മക്കളാണ് ഇതിന്റെ പിന്നിലെങ്കിൽ, ഈ സംഭവം ആദ്യം മാത്യുവിനെ തന്നെ അറിയിക്കണം. “
“നേരം കുറച്ചും കൂടെ വെളുക്കട്ടെ, സുമതി മുറ്റമടിക്കാൻ പോകുന്നത് വരെ നമുക്ക് കാത്തിരിക്കാം. “
നിധിൻ ദേവിയെ തന്നോട് ചേർത്ത് പിടിച്ചു.
“വാ ഇനി ഞാൻ കുറച്ചു ഉറങ്ങട്ടെ. “
സുമതി ഓടി വന്നു വാതിലിൽ മുട്ടിയപ്പോഴാണ് ദേവി നിധിനെ വിളിച്ചു ഉണർത്തിയത്.
“എന്താ അക്കാ, എന്തിനാ ബഹളം ഉണ്ടാക്കുന്നത്. “
“മോനെ ഒന്ന് വന്നേ, മുറ്റം മുഴുവൻ ആരോ കുഴിച്ചിട്ടിരിക്കുന്നു. രാത്രിയിൽ ഒരു ശബ്‌ദവും ഞാൻ കേട്ടില്ല. രാവിലെ മുറ്റമടിച്ചപ്പോൾ എന്റെ കാലുകൾ ഇളകിയ മണ്ണിൽ പുതഞ്ഞു പോയി. “
മുറ്റത്തു നോക്കി മാലതി വിഷമിച്ചു നിന്നിരുന്നു. ആ സമയത്ത് മാത്യുവിന്റെ ജീപ്പ് മുറ്റത്തു വന്നു നിന്നു. നിധിനും ദേവിയും വന്നപ്പോഴേക്കും മാത്യുവും അവിടേയ്ക്കു വന്നു ചേർന്നു.
“എന്താ ഇവിടെ, ആരാ ഇതൊക്കെ ചെയ്തത്. ?”
“അതാണ് ഞങ്ങളും നോക്കുന്നത്. നമുക്ക് പോലീസിനെ വിളിക്കാം. ഇത് പോലൊരു പോഷ് ഏരിയായിലുള്ള ഒരു വീട്ടിൽ അതിക്രമിച്ചു കയറി ഇങ്ങനെ ചെയ്യണമെങ്കിൽ അസാമാന്യമായ ധൈര്യം വേണം. “
നിധിൻ വിളിക്കാനായി ഫോണെടുത്തു. ദേവി ആ ഫോൺ വാങ്ങി ഇൻസ്‌പെക്ടർ സഞ്ജീവിനെ വിളിച്ചു.
“സർ എത്രയും പെട്ടെന്ന് ഇങ്ങോട്ടൊന്നു വരണം. ഞങ്ങൾക്ക് ഇവിടെ സ്വസ്ഥമായി കഴിയാൻ വയ്യാത്ത അവസ്ഥയാണ്. “
ദേവിയുടെ ശബ്ദത്തിലെ സങ്കടം മനസിലായത് കൊണ്ട് സഞ്ജീവ് അവളെ ആശ്വസിപ്പിച്ചു.
“ദേവി വിഷമിക്കാതെ ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം. “
അവർ നാലുപേരും ചായ കുടിച്ചു കൊണ്ട് സിറ്റ് ഔട്ടിലിരിക്കുകയാണ്. അപ്പോഴാണ് സഞ്ജീവും രണ്ടു പോലീസുകാരും ജീപ്പിൽ നിന്നിറങ്ങി വന്നത്.
വന്നപാടെ അവർ മുറ്റത്തു പരിശോധന നടത്തി.
“എപ്പോഴാണ് ഇത് കണ്ടത്? ആരാണ് ആദ്യം കണ്ടത്. “
സഞ്ജീവ് ചോദിച്ചു.
“രാവിലെ സുമതി മുറ്റമടിക്കാനെത്തിയതാണ്. കാല് മണ്ണിൽ പുതഞ്ഞപ്പോഴാണ് മണ്ണിളകിയത് ശ്രദ്ധിച്ചത്. മുന്നിൽ വലിയ കുഴികൾ. വീടിന്റെ പിൻവശത്തും കുഴികൾ കണ്ടു. “
“സുമതി എത്ര മണിക്കാണ് ഉണർന്നത്. രാത്രിയിൽ എന്തെങ്കിലും ശബ്ദം പുറത്തു നിന്നും കേട്ടിരുന്നോ. “
“ഞാൻ പതിവ് പോലെ ആറരയ്ക്ക് എഴുന്നേറ്റു, ചായ ഉണ്ടാക്കി ഫ്ലാസ്കിൽ വച്ചിട്ട് മുറ്റത്തേയ്ക്ക് ഇറങ്ങിയതാണ്. അപ്പോഴാണ് ഈ കാഴ്ച. ആദ്യം ഞാൻ വിചാരിച്ചത്, നിധിൻ മോൻ പട്ടിക്കൂടിനു വേണ്ടി ചെയ്തതാണെന്നാണ്. പക്ഷെ നോക്കിയപ്പോൾ മുറ്റം മുഴുവൻ വലിയ വലിയ കുഴികൾ. ജനലിനടുത്തു ചെടികളൊക്കെ ഇളക്കി ഇട്ടിരുന്നു. “
“ഇവിടത്തെ ക്യാമറകൾ വർക്ക് ചെയ്യുന്നുണ്ടോ? അങ്ങനെയാണേൽ നമുക്ക് എന്തെങ്കിലും സൂചനകൾ കിട്ടും. “
“ഇവിടത്തെ ക്യാമറകൾ ഒരു മാസത്തോളമായി വർക്ക് ചെയ്യുന്നില്ല. മഴയും മിന്നലും ഉള്ള ഒരു ദിവസം മുതലാണ് ഇത് കേടായത്. പിന്നെ നിധിനും ഞാനും ഒന്നിച്ചു ജീവിച്ചു തുങ്ങിയപ്പോൾ ശരിയാക്കാൻ മറന്നും പോയി. ഇന്ന് തന്നെ ശരിയാക്കാം, ഇവിടെ കഴിയാൻ എനിക്കിപ്പോൾ പേടിയാണ്. “
“അടുത്ത വീടുകളിൽ ക്യാമറ ഉണ്ടാകില്ലേ, “
“രണ്ടു വീടിനു അപ്പുറത്തുള്ള വീട്ടിൽ ക്യാമറയുണ്ട്. “
സഞ്ജീവ് മറ്റു രണ്ടു പേരോടും നിർദ്ദേശം കൊടുത്തു.
“ആ വീട്ടിൽ പോയി ക്യാമറയുടെ ഹാർഡ് ഡിസ്ക് കോപ്പി ചെയ്തിട്ട് വരൂ. “
“നിധിനും ദേവിയും കൂടെ സ്റ്റേഷനിൽ വന്നൊരു പരാതി എഴുതി തരൂ. ഇവിടെ കഴിയാൻ ദേവിക്ക് പേടിയുടെങ്കിൽ രണ്ടു ദിവസം ഇവിടെ നിന്നൊന്നു മാറി നിൽക്കൂ. “
സഞ്ജീവും പോലീസുകാരും മടങ്ങുന്നത് വരെ മാത്യു അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല എന്നത് നിധിൻ ശ്രദ്ധിച്ചു.
“എന്നാലും ദേവിയോട് ആർക്കാണ് ഇത്ര വിരോധം. അതിനു മുറ്റം കുഴിച്ചത് എന്ത് സൂചനയാണ് നൽകുന്നത്. “
“എന്നെ കുഴി കുത്തി മൂടുമെന്നായിരിക്കും സൂചന. “
ദേവി ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട മാലതിയുടെയും നിധിന്റെയും മുഖം വിവർണ്ണമായി.
“എന്തായാലും നിങ്ങൾ പോലീസ് സ്റ്റേഷനിലേയ്ക്ക് പോയി പരാതി എഴുതി കൊടുക്ക്. “
മാത്യു അങ്ങനെ ആണവരെ ഉപദേശിച്ചത്.
പത്തു മണിയോടെ നിധിനും ദേവിയും സ്റ്റേഷനിലേയ്ക്ക് ചെന്നു. ആ സമയത്തു സഞ്ജീവ് അവിടെ ഉണ്ടായിരുന്നില്ല. ഹെഡ് കോൺസ്റ്റബിളുമായി സംസാരിച്ചു അവർ പരാതി എഴുതി കൊടുത്തു. അവരുടെ മുന്നിലിരുന്നു അയാൾ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു.
“ഇന്നലെ രാത്രിയിൽ ആരും റോഡിലൂടെ കടന്നു പോകുന്ന ദൃശ്യങ്ങളൊന്നും ഇതിലില്ല. പിന്നെ എങ്ങനെ അവർ സംഭവ സ്ഥലത്തെത്തി. വേറെ ഒരു ഗേറ്റു പിറകുവശത്തില്ലേ, അത് വഴിയാകും അവർ മുറ്റത്തേയ്ക്ക് എത്തിയത്. “
“പക്ഷെ അതെങ്ങനെ കണ്ടെത്തും. ആ വശത്തു വീടുകൾ കുറവാണ്, അവിടെ കാടു പിടിച്ച കുറച്ചു പുരയിടവും കുട്ടികളുടെ ക്രിക്കറ്റ് ഗ്രൗണ്ടും ആണുള്ളത്. “
“എന്തായാലും സഞ്ജീവ് സാർ, ഇതിന്റെ എല്ലാ കാര്യങ്ങളും പി സി സൂരജിനെ ഏല്പിച്ചിരിക്കുവാണ്. സഞ്ജീവ് സാറും സൂരജും വിൽഫ്രഡിന്റെ കേസുമായി പുറത്തു പോയിരിക്കുവാണ്. അയാളുടെ മരണവുമായി ബന്ധപ്പെട്ട ഏതോ നിർണായക വിവരവുമായി ആരോ വിളിച്ചിരിക്കുന്നു. അവരവിടെ പോയി വരട്ടെ. വന്നിട്ട് ഞാൻ വക്കീലിനെ വിളിക്കാം. “
ദേവിയും നിധിനും കാറിൽ കയറി.
“എന്തായിരിക്കും ആ നിർണായകമായ വിവരം. നമ്മുടെ കാറിന്റെ ദൃശ്യം ഏതെങ്കിലും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകുമോ ദേവി. “
“ആ ഇരുട്ടിൽ കാർ കണ്ടാൽ തന്നെ തിരിച്ചറിയുമോ? അത് കായൽ തീരത്തു പാർക്ക് ചെയ്തിരുന്നതല്ലേ. കാറിൽ അങ്ങോട്ട് പോയതും നമ്മൾ രണ്ടു പേര്, തിരികെ വന്നതും നമ്മൾ രണ്ടു പേര്. “
“പക്ഷെ ആ സമയത്ത്, എന്തിനു പോയി എന്ന് ചോദിക്കില്ലേ. “
“ഗർഭിണിയായ ഭാര്യയ്ക്ക് തട്ട് ദോശ തിന്നാൽ കൊതി തോന്നി. നമ്മൾ അതും തേടി അവിടെ വരെയൊന്ന് പോയി. കടകൾ അടഞ്ഞു കിടന്നതു കൊണ്ട് നമ്മൾ കാറ്റും കൊണ്ട് അവിടെ കിടന്നുറങ്ങി. കാർ കിടന്നിരുന്ന സ്ഥലത്തു ക്യാമറകൾ ഇല്ല എന്നെനിക്കുറപ്പാണ്. “
“ഗർഭിണിയോ ?”
“ഒരു ചെറിയ സംശയമാണ്, ചിലപ്പോൾ ശരിയാകും. എനിക്ക് രണ്ടു ദിവസമായി മോർണിംഗ് സിക്ക്നെസ്സ് തുടങ്ങിയിട്ട്. മാത്രമല്ല തീയതി കഴിഞ്ഞിട്ട് നാലഞ്ചു ദിവസമായി. ഉറപ്പാക്കിയിട്ടു നിന്നോട് വളരെ റൊമാന്റിക് ആയിട്ടു പറയണമെന്ന് കരുതിയതാണ്. പക്ഷെ നമ്മുടെ ജീവിതം കുറച്ചു ദിവസമായി ആകെ താളം തെറ്റി. “
“അതൊന്നും സാരമില്ല, എല്ലാം ശരിയാകും. നിനക്ക് ഞാൻ എന്ത് സമ്മാനമാണ് ദേവി തരേണ്ടത്. “
പോലീസ് സ്റ്റേഷൻ പരിസരമാണെന്നു നോക്കാതെ അവനവൾക്കൊരു ഫ്രഞ്ച് കിസ്സ് കൊടുത്തു. മനസ്സിൽ നിന്നും ടെൻഷൻ തൽക്കാലം മാറ്റി വച്ച് അവർ സന്തോഷിക്കാൻ ആഗ്രഹിച്ചു. മടങ്ങി വരുന്ന വഴി ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങാൻ നിധിൻ മറന്നില്ല.
നിധിൻ അന്നത്തെ അടുക്കള ഏറ്റെടുത്തു. വീട്ടിലെ മൂന്നു സ്ത്രീകൾ തീൻ മേശക്കു മുന്നിൽ നിധിന് വേണ്ടി കാത്തിരുന്നു. മൂന്ന് പേർക്കും കുത്തരി ചോറ് മലബാർ ചിക്കൻ കറിയും, കരിമീൻ പൊള്ളിച്ചതും, വാഴ പിണ്ടി തോരനും പയർ മെഴുക്കു പുരട്ടിയും വിളമ്പി.
“ഇന്നെന്താ പ്രത്യേകത. എന്തായാലും നിധിന്റെ കൈ കൊണ്ടുണ്ടാക്കിയ ആഹാരം കഴിക്കാൻ ഇന്നാണ് ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായത്. ഇതുകഴിച്ചിട്ടു എന്റെ കൂട്ടുകാരികളെയൊക്കെ റെസ്റ്റോറന്റിന്റെ ഉൽഘാടനത്തിനു ക്ഷണിയ്ക്കണം. “
മാലതി സന്തോഷത്തോടെ നിധിനോട് പറഞ്ഞു.
“സൂപ്പർ ചിക്കൻ കറി, ഇത്രേം ടേസ്റ്റ് ആയിട്ടു ഞാൻ മുമ്പ് കഴിച്ചിട്ടില്ല. “
സുമതിയും നിധിന്റെ പാചകത്തെ പുകഴ്ത്തി.
അന്ന് രാത്രിയിൽ മറ്റൊരിടത്ത് മാർട്ടിൻ രണ്ട് ഗ്ലാസുകളിൽ വോഡ്ക നിറച്ചു. ഒരു ഗ്ലാസ് എടുത്ത് എതിർവശത്തിരിക്കുന്ന ചെറുപ്പക്കാരനെ ഏൽപ്പിക്കുമ്പോൾ ആ ചെറുപ്പക്കാരൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിരുന്നു.
“പണി പാളി പോയി. വിൽഫ്രഡിന് അബദ്ധം പറ്റി പോയി. പക്ഷെ അവൻ്റെ കൊലയാളിയെ ഞാൻ കണ്ടെത്തും. “
“അവൻ്റെ സമയം കഴിഞ്ഞു, അവൻ പോയി.
” അവള് വലിയ സന്തോഷവതിയാണ്, അതിനി അധികം നീണ്ടു നിൽക്കില്ല. അവളെ ഞാൻ കരയിക്കും. “
മാർട്ടിൻ അയാളെ തോളിൽ തടവി ആശ്വസിപ്പിച്ചു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-27 - By Nisha Pillai - കൂട്ടക്ഷരങ്ങൾ