വർഷം 2005.
ബാംഗ്ലൂർ.
ശിവാജി നഗറിലെ ഒരു ചെറിയ കുടുംബം.
അമ്മാ, ഞാൻ ഇറങ്ങുന്നു.
ഇന്ന് നേരത്തെ ആണല്ലോ മോളെ? ഇതെന്താ ചാർട്ടോ?
ഞാൻ പറഞ്ഞില്ലേ അമ്മാ, ഇന്ന് പ്രസന്റേഷൻ ഉണ്ട്.
അമ്മ ഉടനെ നിവിയയുടെ ക്രീം എടുത്തോണ്ട് വന്ന ശേഷം.
ഇത് ഇട്ടോണ്ട് പോ മോളെ. സെമിനാറൊക്കെ അവതരിപ്പിക്കാനുള്ളതല്ലേ? മുഖം അങ്ങോട്ട് വെട്ടി തിളങ്ങട്ടെ.
ആ ബെസ്റ്റ്! അമ്മക്ക് അറിയില്ലേ ഞാൻ ഒരു പൗഡർ പോലും ഇടില്ല എന്ന്? ഇപ്പോൾ തന്നെ ഒത്തിരി വൈകി. പോയി വരാം.
ഈശ്വരാ ഈ ജോലി എങ്കിലും എന്റെ മോൾക്ക് കിട്ടണേ…
ശേഷം തന്റെ കൈനറ്റിക് ഹോണ്ടയിൽ കയറി ആ പെൺകുട്ടി എങ്ങോട്ടോ യാത്ര തിരിച്ചു.
തല്ക്കാലം നമുക്ക് അവളെ പല്ലവി ഗൗഡ എന്ന് വിളിക്കാം.
മോള് രാവിലെ എങ്ങോട്ടാ ഉമേച്ചി പോയത്?
അവൾക്ക് 5 ദിവസം നീണ്ടു നിൽക്കുന്ന ഒരു ട്രെയിനിങ്. ഇന്റർവ്യൂ ആദ്യമേ പാസ്സ് ആയി (പതിഞ്ഞ സ്വരത്തിൽ). ഇന്നെന്തോ സെമിനാറിന്റെ പ്രസന്റേഷൻ എങ്ങാണ്ട് ഉണ്ടത്രേ. നീ ആരോടേം പറയണ്ടാട്ടോ.
ഞാൻ ആരോട് പറയാനാ എന്റെ ഉമേച്ചി. എന്തായാലും നല്ല കാര്യം.
ഇനി അവൾക്ക് പറ്റിയ ഒരു ചെക്കനെ കൂടി കണ്ടെത്തണം.
ഇതേ സമയം ശിവാജി നഗറിന്റെ സമീപത്തുള്ള ഒരു കടയിൽ കയറിയ ശേഷം പല്ലവി.
ചേട്ടാ, രണ്ട് മാർക്കർ. ഒരെണ്ണം കട്ട ചുവപ്പും ഒരെണ്ണം കറുപ്പും ആയിക്കോട്ടെ.
ശേഷം ലതാജി ഭക്തയായ പല്ലവി ശിവാജി നഗറിലെ റോഡിൽ കൂടി പോകവേ മൂളിപ്പാട്ട് തുടങ്ങി…
🎵 Mere khwabon mein joh aaye
Aake mujhe chhed jaaye
Mere khwabon mein joh aaye
Aake mujhe chhed jaaye
Usse kaho kabhi samne toh aaye🎵
അന്നത്തെ ഒരു ഇരുപത്തൊന്നുകാരിക്ക് വേണ്ടി ഒരു അറുപത്താറുകാരി പാടി തകർത്ത ലെജെൻട്രി ഐറ്റം ❤️
ഇനി നമുക്ക് നേരെ ബാംഗ്ലൂരിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലോട്ട് പോകാം.
( NB: ദയവ് ചെയ്ത് ഇനി അങ്ങോട്ട് നിങ്ങൾ ധരിച്ചിരിക്കുന്ന ചെരുപ്പ് എന്ന ‘ലോജിക്ക്’ പുറത്ത് ഊരി വെച്ച ശേഷം മാത്രം സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കൂ, ക്ഷമിക്കണം വായിക്കൂ )
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം.
ചേട്ടാ ഗേറ്റ് തുറക്കാറായോ?
ആ ഇപ്പോൾ തുറക്കും.
അയ്യോ തുറക്കല്ലേ. ഞാൻ കൊടി അടിച്ചിട്ട് വരാം.
ആഹാ കുട്ടി ഇന്നും എത്തിയോ?
ഇന്നെന്താ വരക്കേണ്ടത്?
നമ്മുടെ രാജ്യം വലിയ ഒരു ലക്ഷ്യം മറി കടക്കാൻ ഇറങ്ങുകയല്ലേ? ഇന്ത്യൻ പതാക തന്നെയായിക്കോട്ടെ.
മുഖത്ത് ചായം പൂശവേ, നിവിയയുമായി പുറകെ വന്ന അമ്മയെ ഓർത്ത് ഊറി ഊറി ചിരിക്കുന്ന പല്ലവിയിലെ ക്രിക്കറ്റ് ആരാധിക.
ചേട്ടാ, എനിക്ക് ഒരു ഹെല്പ് കൂടി ചെയ്ത് തരണം.
ഈ ചാർട്ട് പേപ്പറിൽ Zaheer I❤️U എന്ന് എഴുതി തരാമോ?
അങ്ങനെ തന്റെ മകളുടെ പ്രായമുള്ള പല്ലവിയുടെ ആഗ്രഹം കൊടി വരപ്പുകാരൻ ശിവരാജ് നിറവേറ്റി.
ശേഷം ആ വരികൾ എഴുതിയ അദ്ദേഹത്തിന്റെ കയ്യിൽ ഒരു ചുംബനവും നൽകി തുള്ളി ചാടി കൊണ്ട് ആ ഇരുപത്തൊന്നുകാരി ഗേറ്റിന് മുന്നിലേക്ക് ഓടി…
ഇന്ത്യ 🇮🇳 ഇന്ത്യ 🇮🇳
സച്ചിൻ ✌️ സച്ചിൻ
ആരവം മുഴങ്ങി.
കളി തുടങ്ങി കുറച്ച് സമയത്തിന് ശേഷം.
ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ ഉയർത്തിയ 570 എന്ന വമ്പൻ സ്കോറിനെ മറി കടക്കാൻ ഇറങ്ങിയ ഇന്ത്യൻ സ്കോർ ബോർഡിൽ ഇപ്പോൾ ഉള്ളത് ഒരു വിക്കറ്റ് നഷ്ടത്തിൽ 121 റൺസ്.
പാകിസ്താന്റെ ഓഫ് ബ്രേക്ക് ബൗളർ അർഷദ് ഖാൻ തന്റെ മൂന്നാം സ്പെൽ എറിയാൻ വന്നതിന് തൊട്ട് മുമ്പാണ് സ്റ്റേഡിയത്തിലെ ആ വലിയ സ്‌ക്രീനിൽ പല്ലവിയുടെ മുഖം ആദ്യമായി തെളിഞ്ഞത്.
മുഖത്ത് ശിവരാജ് വരച്ച് കൊടുത്ത ത്രിവർണ്ണ പതാകയും കയ്യിൽ Zaheer I❤️U എന്നെഴുതിയ പ്രണയാഭ്യർത്ഥനയും.
വലിയ സ്‌ക്രീനിൽ തന്റെ മുഖം ക്യാമറാമാൻ ഒപ്പിയെന്നറിഞ്ഞതോടെ പല്ലവിയിലെ കാമുകി നാണം കൊണ്ട് മുഖം മറച്ചു…
ക്രീസിൽ അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ ഇന്ത്യയുടെ വൻമതിൽ ഹെൽമറ്റിലെ മുൻവശത്തെ വിടവിൽ കൂടി വിയർപ്പ് ഒഴുക്കി വിട്ട ശേഷം അടുത്ത പന്ത് സ്വന്തം കാൽകീഴിൽ പ്രതിരോധിച്ചിട്ടു.
സില്ലി പോയിന്റിൽ നിന്ന ലേ യുനീസ് ഖാൻ
: ഇയ്യാൾ ഇത് എന്തോന്ന്!!!
അങ്ങനെ ആ ഓവറും കഴിഞ്ഞു…
സ്കോർ ഇപ്പോഴും 121/1.
സേവാഗ് 82*
ദ്രാവിഡ് 5*
എന്നാൽ ഇക്കുറി പരസ്യത്തിന് പോലും ഇട കൊടുക്കാതെ ക്യാമറാമാൻ നേരെ ഡ്രസിങ് റൂമിൽ ഇരിക്കുന്ന സഹീർ ഖാനെ ലക്ഷ്യമാക്കി ക്യാമറ ചലിപ്പിച്ചു.
അവിടെ കല്യാണം ഇവിടെ പാലു കാച്ചൽ എന്ന് ആംബുജാക്ഷൻ പറഞ്ഞ പോലെ മാറിയും തിരിഞ്ഞും സഹീറിനേയും പല്ലവിയേയും സ്‌ക്രീനിൽ കാണിക്കാൻ തുടങ്ങി.
ക്യാമറാമാൻ അഴകപ്പന്റെ ( പല്ലവിയെ സംബന്ധിച്ചിടത്തോളം പുള്ളി അഴകപ്പൻ അല്ല പൊന്നപ്പൻ ആണ്) കൈകൾ എന്നിലെ കാമുകിയെ സഹീറിന് മുന്നിൽ എത്തിച്ചെന്ന് അറിഞ്ഞതും പല്ലവിയുടെ മുഖം ത്രിവർണ്ണ പതാകയെ പോലും അമ്പരപ്പിച്ച് കൊണ്ട് ചുവന്ന് തുടുത്തു…
ഇതേ സമയം സഹീറിന്റെ സമീപത്തിരുന്ന യുവരാജ് സഹീറിന്റെ കൈ പൊക്കി പല്ലവിയെ കാണിക്കാൻ തുനിഞ്ഞു.
അത് കണ്ടതും പല്ലവി സന്തോഷം കൊണ്ട് മതി മറന്ന് ഒരിക്കൽ കൂടി മുഖം മറച്ചു.
അളിയാ സക്കീ,
കണ്ടിട്ട് പാവം ഒരു കൊച്ച്.
യുവി? ഞാൻ അതിന് എന്ത് ചെയ്യാനാ?
നീ തിരിച്ചും ഇഷ്ടം ആണെന്ന് പറ.
അയ്യേ, പോടാ… എനിക്ക് എങ്ങും വയ്യ.
ഒന്നാമത് പാത്രക്കാര് ഓരോന്ന് കിട്ടാൻ കാത്തിരിക്കാ.
നീ പറയുന്നുണ്ടേൽ പറ. എന്നെ എങ്ങാനും ആയിരിക്കണമായിരുന്നു. എപ്പോൾ കേറി…
നിന്റെ കിം ശർമ്മ കേൾക്കണ്ട.
അവൾ കേട്ടാലും എനിക്ക് കുഴപ്പമില്ല.
സ്‌ക്രീനിൽ അപ്പോഴും സഹീറിനെ നോക്കി മുത്തം നൽകി കൊണ്ട് I love you പറയുന്ന പല്ലവിയെ കാണാം.
യുവി വീണ്ടും സഹീറിനെ ഇളക്കാൻ തുടങ്ങി.
അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കൂല്ലല്ലോ.
നിന്റെ കാര്യത്തിൽ അത് 101% ശരിയാ. ചാടി വന്ന് എറിയാൻ മാത്രം ഞാൻ നോക്കിയിട്ട് കൊള്ളാം.
സ്‌ക്രീനിൽ നാണത്തോടെ പുഞ്ചിരിക്കുന്ന സഹീർ ഖാൻ.
ഇതേ സമയം ക്രീസിൽ നിൽക്കുന്ന ലേ ദ്രാവിഡ്.
അടുത്ത ഓവർ കനേരിയ ആണെന്നാ തോന്നുന്നത്. 100 അടിക്കും വരെ കൊട്ടി നിന്നാൽ മതി.
വ്യക്തിഗത സ്കോർ 82 ൽ നിൽക്കുന്ന ലേ സേവാഗ്:
എന്റെ ജാമി, ഏതോ ഒരു കുട്ടി നമ്മുടെ സക്കിയെ പ്രൊപ്പോസ് ചെയ്യുന്നുണ്ട്. അതൊന്ന് കഴിഞ്ഞു കിട്ടിയെങ്കിൽ മൂന്ന് സിക്സ് അടിച്ച് 100 ആക്കാമായിരുന്നു.
ദ്രാവിഡിന്റെ മുഖത്തെ ഭാവം!!!
ദൃശ്യം വീണ്ടും ഡ്രസിങ് റൂമിലേക്ക്.
ഇക്കുറി രണ്ടും കൽപ്പിച്ചോണ്ട് സാക്ഷാൽ യുവിയെ പോലും കാഴ്ചക്കാരൻ ആക്കി സഹീർ ഒരു യോർക്കർ മുത്തം പല്ലവിക്ക് നേരെ തൊടുത്തു വിട്ടു…
ഗാലറി മൊത്തം അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞ നിമിഷം.
ഈ കാഴ്ച കണ്ട് വീരു പോലും ചിരിച്ചു പോയി. ഒപ്പം മിസ്റ്റർ ബീൻ കണ്ടാൽ പോലും ചിരിക്കാത്ത പാകിസ്ഥാൻ നായകൻ ഇൻസിയും.
പല്ലവി ഒരിക്കൽ കൂടി നാണം കൊണ്ട് മുഖം മറക്കവേ ആ മനോഹര ദൃശ്യത്തിന് സ്‌ക്രീനിൽ തിരശ്ശീല വീണു…
അന്ന് കാണികൾക്ക് ഇരട്ടി മധുരം നൽകി കൊണ്ട് വീരു തന്റെ ഇരട്ട സെഞ്ച്വറിയും കുറിച്ചു.
ഇനി അന്നേ ദിവസത്തെ ശിവാജി നഗറിലെ സായാഹ്നത്തിലോട്ട് ഒന്നൂടി പോയി വരാം.
വീട്ടിൽ ചെന്നാൽ ഉടൻ DDLJ യിലെ കാജോളിനെ പോലെ കുളിച്ച് കയറി ടവ്വലും ചുറ്റി കട്ടിലിൽ കിടന്ന് ചാടി കുത്തി മറിയണം.
പല്ലവിക്ക് സന്തോഷം അടക്കി പിടിക്കാനായില്ല.
അവൾ വീണ്ടും അതേ പാട്ട് ഉറക്കെ പാടി കൊണ്ട് വീട്ടിലേക്ക് തിരിച്ചു.
ഉമേച്ചി നിങ്ങളുടെ മോൾ എവിടെ ട്രൈയിനിങ്ങിന് പോണെന്നാ പറഞ്ഞത്?
കഷ്ടം…
എങ്ങനെ ഉണ്ടായിരുന്നു നിന്റെ സെമിനാർ?
അമ്മ, അത് നന്നായി…
പല്ലവി വാക്കുകൾ മുഴുവിക്കും മുമ്പേ ഉമ അവളുടെ മുഖത്ത് ആഞ്ഞടിച്ചു.
ഇനി നീ ഈ വീട്ടിൽ നിന്നും പുറത്തിറങ്ങി പോകരുത്. കേട്ടല്ലോ?
സഹീറിന്റെ ചിത്രങ്ങൾ കൊണ്ട് ചുമരുകൾ അലങ്കരിച്ചിരുന്ന പല്ലവിയുടെ മുറി എന്നന്നേക്കുമായി അടയ്ക്കപ്പെട്ട സായാഹ്നം.
അവളുടെ ഒരു ക്രിക്കറ്റ് പ്രാന്ത്.
ആളുകളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും?
ഉമയുടെ ശകാരത്തിന് മുന്നിൽ വികാരാധിതയായി തല താഴ്ത്തി നിൽക്കാനേ പല്ലവിക്ക് സാധിച്ചുള്ളൂ.
ഇതേ സമയം പ്രാക്ടീസീന് ശേഷം ഹോട്ടലിലേക്ക് പോകവേ യുവിയെ കണ്ട ശിവരാജ്.
സാർ, സാർ ഒന്ന് നിൽക്കാമോ?
സഹീർ സാറിനെ പ്രൊപ്പോസ് ചെയ്ത ആ കുട്ടി കളി കഴിഞ്ഞ ശേഷം അദ്ദേഹത്തെ കാത്ത് ഓട്ടോഗ്രാഫ് വാങ്ങാൻ ഡ്രസിങ് റൂമിന്റെ മുന്നിൽ മണിക്കൂറുകളോളം നിന്നു. പക്ഷെ സെക്യൂരിറ്റി ടീം അവളെ വഴക്ക് പറഞ്ഞ് മടക്കിയയച്ചു.
ആണോ? നാളെ കളി കാണാൻ പുള്ളിക്കാരി വരുമെങ്കിൽ ഞാൻ സഹീറിനെ ആ കുട്ടിയുടെ മുന്നിൽ കൊണ്ട് വന്ന് നിർത്തും. പോരെ?
ആ കുട്ടി തീർച്ചയായും വരും. എനിക്ക് ഉറപ്പാ…
യുവരാജ് ഈ കാര്യം സഹീറിനോട് പറയുകയും പിറ്റേ ദിവസം അവൾക്കൊരു സമ്മാനം ഒരുക്കി സഹീറും യുവിയും പല്ലവിക്കായി ഡ്രസിങ് റൂമിൽ കാത്തിരുന്നു…
ഇന്നലെ വന്ന ആ പെൺകുട്ടി ഇന്ന് വന്നാൽ കയറ്റി വിടണം.
ശരി സാർ.
സെക്യൂരിറ്റി സമ്മതം മൂളി.
പക്ഷെ പല്ലവി?
എത്ര മനോഹരമായാണ് ഒരു ഫോണിന്റെയോ പ്രേമ ലേഖനങ്ങളുടെയോ അകമ്പടി ഇല്ലാതെ ഇരുവരും അവരുടെ പ്രണയം കൈ മാറിയത്.
വർഷങ്ങൾ കടന്നു പോയി…
2017
നവംബർ 17.
ക്രിക്കറ്റ് താരം സഹീർ ഖാനും പ്രശസ്ത ബോളിവുഡ് നായിക സാഗരികയും തമ്മിൽ വിവാഹിതരായി.
ഏതോ ഒരു കോണിൽ ഇരുന്ന് നമ്മുടെ പല്ലവിയും ഈ വാർത്ത കണ്ടിട്ടുണ്ടാകാം.
വർഷം 2025 മാർച്ച്.
IPL ന്റെ ഭാഗമായിട്ട് കാറിൽ വന്നിറങ്ങിയ സഹീർ ഖാനെ സ്വീകരിക്കാൻ ഹോട്ടലിന് മുന്നിൽ ഒത്തിരി പേർ തടിച്ചു കൂടിയിരുന്നു.
കൂട്ടത്തിൽ Zaheer I❤️U എന്ന ബോർഡുമായി നമ്മുടെ സ്വന്തം പല്ലവിയും.
തന്റെ നെറ്റിയിൽ ചാർത്തിയ പൊട്ടും പേറി തിരിഞ്ഞു നടക്കവേ സഹീറിന്റെ കണ്ണുകൾ ഒരിക്കൽ കൂടി പല്ലവിയിൽ ഉടക്കി…
20 വർഷം മുമ്പ് സഹീറിനെ കണ്ട അതേ നാണത്തോടെ ഇക്കുറിയും പല്ലവി Zaheer I❤️U എന്ന വാക്കുകൾ കൊണ്ട് മുഖം മറച്ച് പുഞ്ചിരി തൂകി…
കുറച്ചു നേരം അവളെ തന്നെ നോക്കി നിന്ന ശേഷം അമ്പരപ്പ് വിട്ടു മാറാതെ സഹീർ ഹോട്ടൽ മുറിയിലേക്ക് നടന്നു നീങ്ങി.
ശേഷം ഇതേ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സഹീർ ഖാൻ പങ്ക് വെച്ചതോടുകൂടി പല്ലവി നേരെ ഗാന്ധി നഗറിൽ താമസിക്കുന്ന ഒരാളെ കാണാൻ പോയി.
ചേട്ടൻ വയ്യാതെ ഇരുന്നിട്ടും ഇന്നലെ വന്ന് ഞാൻ ഒരിക്കൽ കൂടി Zaheer I❤️U എന്ന് എഴുതി തരാമോ എന്ന് ചോദിച്ചില്ലേ?
അത് ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നു.
നിറകണ്ണുകളോടെ അന്നത്തെ അതേ കൊടിവരപ്പുകാരൻ ശിവരാജ് പല്ലവിയെ കെട്ടിപ്പുണർന്നു.
അപ്പോഴാണ് പല്ലവിയുടെ ഫോണിലേക്ക് ആ കാൾ വന്നത്…
പല്ലവി, യുവി ആണ്. ഹാപ്പി ആയില്ലേ? അന്ന് സക്കി പല്ലവിക്ക് തരാൻ വാങ്ങിയ സമ്മാനം കൂടി പല്ലവിയുടെ അഡ്രസ്സിലേക്ക് അയച്ചിട്ടുണ്ട്.
എന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യാൻ പറ്റോളൂ…
Thank you so much SIR ❤️
തിരികെ വീട്ടിലെത്തിയ ശേഷം ഏതാണ്ട് 20 വർഷം പഴക്കമുള്ള ആ സമ്മാനപ്പൊതി ഏറെ ആകാംഷയോടെ പല്ലവി തുറക്കാൻ തുടങ്ങി…
അതിന് മുമ്പ് തന്റെ ഡയറിയിൽ അവൾ പറയാതെ പോയ രണ്ട് വരികൾ കോറിയിട്ടു…
” അവനത് മറക്കുവോളം, അവൾക്കത് മരിക്കുവോളം”
എഴുതിയത് ©️ ദർശരാജ്. ആർ.
(ഫിക്ഷൻ എഴുത്ത് )


2 Comments
നമ്മളെല്ലാം കണ്ണ് കുളിക്കെ കണ്ട ആ വിഡിയോ, അതിനെ ഈ വിഷയുമായി ചേർത്ത് വയ്ക്കാൻ തോന്നിയ ആ ബുദ്ധിക്ക് 👍.
ഇങ്ങനെ ആവണം എഴുത്തുകാർ.
A good observer can become a good writer.
Thankyou 😍
❤️🌹👌