അതിരാവിലെ തന്നെ ഫോൺ നിർത്താതെ ബെല്ലടിക്കുന്ന ശബദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
തലേദിവസം രാത്രി ചാർജ് ചെയ്യാൻ വെച്ച ഫോൺ എഴുന്നേറ്റ് പോയി എടുക്കാനുള്ള മടിയിൽ അലസമായി കിടക്കയിൽ തന്നെ കിടന്നു.
വീണ്ടും മിസ്സ്കാൾ കേട്ടപ്പോളാണ് മടിച്ചു മടിച്ചു ഫോൺ എടുത്തു നോക്കിയത്. പതിനാല് മിസ്സ്കാൾ. അതും അവളുടെ..
എന്നും വിളിച്ച് ഏറെ നേരം സംസാരിക്കുന്നവൾ. പക്ഷെ, കഴിഞ്ഞ ഒരാഴ്ചയായിട്ട് വിവരമൊന്നുമില്ലാതെ വന്നപ്പോൾ മനസ്സിൽ ഒരു വേവലാതിയുണ്ടായിരുന്നു. അങ്ങോട്ടയച്ച മെസേജുകൾക്കൊന്നും മറുപടിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ നേരം പുലരുന്നതിനു മുന്‍പെ തുരുതുരാ ഉള്ള മിസ്കാൾ മനസ്സിൽ വല്ലാത്ത ആശങ്കയുണ്ടാക്കി.
ഒരു വാട്സാപ്പ് കൂട്ടായ്മയിൽ നിന്നുകിട്ടിയ കൂട്ടുകാരിയണവൾ, നിഷ്ക്കളങ്ക സ്വഭാവവും കുട്ടിത്തം നിറഞ്ഞ സംസാരവുമാണ് അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയത്.
കുടുകുടാ ചിരിക്കുകയും, നന്നായിട്ട് പാട്ട് പാടുകയും ചെയ്യുന്ന അവൾ
അസ്സലൊരു എഴുത്തുകാരിയും, ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്. എപ്പോഴും സന്തോഷവതിയായി മാത്രംകാണുന്ന അവളുമായി സംസാരിക്കുമ്പോൾ കിട്ടുന്ന പോസിറ്റിവിറ്റിയാണ് അവളുമായി കൂടുതൽ അടുപ്പിച്ചത്. നിർത്താതെയുള്ള ഫോൺ സംഭാഷണം ചിലപ്പോൾ പാതിരാത്രിവരേ നീളും.
ഉറക്കകുറവ് കാരണം മൈഗ്രേൻ അവളെ വിടാതെ പിന്തുടർന്നു. അതിന്റെ പേരിൽ പലപ്പോഴും അവളെ വഴക്കു പറഞ്ഞാലും മറുപടി ഒരു ചിരിയിലൊതുക്കി അവൾ സംസാര വിഷയം മാറ്റുകയാണ് പതിവ്.
ഫോൺ കയ്യിലിരുന്നു വീണ്ടും ബെല്ലടിച്ചപ്പോഴാണ് തിരിച്ചുവിളിച്ചില്ലല്ലോ എന്നകാര്യം ഓർമ്മവന്നത്.
ആദ്യബെല്ലിൽ തന്നെ മറുതലക്കൽ ഫോൺ എടുത്ത് സംസാരിച്ച അവളുടെ ശബ്ദത്തിൽ എന്നത്തേയും പോലുള്ള പ്രസരിപ്പോ ഊർജ്ജമോ ഉണ്ടായിരുന്നില്ല.
കരഞ്ഞു കരഞ്ഞു അടഞ്ഞു പോയ ശബ്ദം കേട്ടപ്പോഴേ എന്തോ പന്തികേടു തോന്നി മറുതലക്കൽ അവൾ
” എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ. ”
“എന്നോട് സംസാരിക്കാൻ നിനെക്കെന്തിനാ ഇത്ര ഫോർമാലിറ്റി? നീ പറ പെണ്ണെ. ”
ഒരു ദീർഘനിശ്വാസമെടുത്ത് അവൾ തുടർന്നു
” കുറച്ചു വർഷങ്ങളായി എന്റെ മനസ്സ് നീറിപ്പുകയുന്ന ഒരു അഗ്നികുണ്ഡമാണ്. പുറത്തേക്കുള്ള ഈ കളിയും ചിരിയുമൊക്കെ എന്റെ ദുഃഖങ്ങളെ മറച്ചുവെക്കാനുള്ള വെറും മാറലായാണ്. നീറിപ്പുകഞ്ഞ് സദാ എരിഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മനസ്സ് ഞാൻ ആർക്കും തുറന്നു കാണിക്കയോ ആരോടും തുറന്നു പറയുകയോ ചെയ്തിട്ടില്ല.
ഇപ്പോൾ നിന്നോട് സംസാരിച്ചാൽ കുറച്ച് ആശ്വാസമുണ്ടാകുമെന്ന് തോന്നി”
“മുഖവുരയില്ലാതെ നീ പറ കുട്ടീ. ”
അതുപറയുമ്പോൾ എന്റെ മനസ്സിലും ചെറിയ വിങ്ങലുണ്ടായി.
കാരണം എപ്പോഴും സന്തോഷവതിയായി മാത്രമേ അവളെ കണ്ടിട്ടുള്ളു.
സ്വന്തമായി വലിയ വീടും ഗൾഫിൽ ഉയർന്ന ജോലിയും സമ്പാദ്യവുമുള്ള ഭർത്താവും സ്നേഹനിധികളായ രണ്ടു മക്കളും. എല്ലാത്തിനും സ്വാതന്ത്ര്യമുള്ള അവളുടെ ജീവിതം കണ്ട് അതുപോലെ ഒരു ജീവിതം കിട്ടിയിരുന്നെങ്കിൽ എന്നുവരെ കൊതിച്ചു പോയിട്ടുണ്ട്. പക്ഷെ ഇപ്പൊള്‍ എന്തു പറ്റിയതാവും അവൾക്കെന്ന ചോദ്യം തലക്കുചുറ്റും വട്ടമിട്ടു.
പുറത്തേക്കുവന്ന കരച്ചിൽ കടിച്ചമർത്തിക്കൊണ്ട് അവൾ പറഞ്ഞു.
” ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുന്‍പ് അയാളുടെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് കടന്നുവന്നത്. എല്ലാ പെൺകുട്ടികളെയും പോലെ ആദ്യരാത്രിയെ കുറിച്ച് ഞാനും ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു. സർവ്വാഭരണ വിഭൂഷയായി അണിഞ്ഞൊരുങ്ങി നാണത്തോടെ മണിയറയിലേക്കു കാലെടുത്തു വെച്ചപ്പോൾ തന്നെ എന്റെ എല്ലാപ്രതീക്ഷകളും തകർന്നിരുന്നു.
നെഞ്ചിടിപ്പോടെ മണവാട്ടിയെ കാത്തിരിക്കുന്ന മണവാളന് പകരം ബോധംകെട്ട് കൂർക്കം വലിച്ചുറങ്ങുന്ന ഒരു മനുഷ്യനെയാണ് അന്ന് ആ മണിയറയിൽ ഞാൻ കണ്ടത്.
കല്യാണത്തിന്റെ തിരക്കും ക്ഷീണവും കാരണം അറിയാതെ ഉറങ്ങിപ്പോയതാകുമെന്നു കരുതി ആ കട്ടിലിന്റെ ഒരറ്റത്തു കിടന്ന് എന്റെ ആദ്യരാത്രി അവസാനിപ്പിച്ചു.
പക്ഷെ പിന്നീടുള്ള എല്ലാരാത്രികളിലും ഇത് തന്നെയായിരുന്നു അവസ്ഥ
ഒറ്റക്ക് ഒന്ന് സംസാരിക്കാൻ പോലും അയാൾക്ക് സമയമില്ലായിരുന്നു.
ഒന്ന് പുറത്തു കൊണ്ടു പോകാനോ ഒന്ന് മനസ്സറിഞ്ഞു സ്നേഹിക്കാനോ അയാൾക്കറിയില്ലായിരുന്നു. പകരം കൂട്ടുകാരുമായി കറങ്ങിനടക്കാനായിരുന്നു അയാൾക്ക് ഇഷ്ടവും താല്പര്യവും.
രാവിലെ കൃത്യം ഒന്‍പത് മണിക്ക് അയാളുടെ മുമ്പിൽ പ്രാതൽ എത്തണം. കൃത്യം ഒരു മണിക്ക് ഉച്ചയൂണും രാത്രി എട്ട് മണിക്ക് അത്താഴവും.
അതിൽ വല്ലമാറ്റവും സംഭവിച്ചാൽ വഴക്കുപറയാനും ആളുകളുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കാനും അയാൾക്ക് മടിയില്ലായിരുന്നു.
ഒരുപാട് പേരുള്ള കൂട്ടുകുടുംബമായിരുന്നു അയാളുടേത്, അവിടെ എടുത്താൽ തീരാത്ത പണികളും.
ഒരു മണവാട്ടിയുടെ പരിഗണനയൊന്നും പണികൾ ചെയ്യിപ്പിക്കുന്നതിൽ ആ വീട്ടുകാരും തന്നിരുന്നില്ല.
പണികൾ കഴിഞ്ഞു ഞാൻ മുറിയിലെത്തുമ്പോഴേക്കും അയാൾ ഉറങ്ങിയിരിക്കും.
ഉറക്കത്തിൽ വിളിച്ചുണർത്താൻ പലവട്ടം ശ്രമിച്ചപ്പോഴും അയാളുടെ അവഗണന നിറഞ്ഞവാക്കുകളായിരുന്നു ഫലം.
വിവാഹത്തിനു ശേഷം സ്നേഹപൂർവ്വമുള്ള അയാളുടെ ഒരു തലോടലിനായ് ഏറെ കൊതിച്ചെങ്കിലും ചത്തു കിടക്കുന്ന അയാളിൽ നിന്നും ഒരിക്കൽ പോലും അതുണ്ടായില്ല. ”
” അപ്പോൾ അയാളുടെ ഈ സ്നേഹമില്ലാത്ത പെരുമാറ്റ രീതിയെപറ്റി അയാളോട് ചോദിച്ചില്ലേ നീ ”
അവിശ്വസനീയമായ എന്റെ ചോദ്യം കേട്ട അവൾ
“ചോദിച്ചിട്ട് ഒരു കാര്യവുമില്ല. എന്നോട് ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറയും അത്രതന്നെ.
അയാൾ ഒരു നാർസിസ്റ്റാണ്. സ്വന്തം ഭക്ഷണം ഉറക്കം സന്തോഷം മാത്രം അയാൾക്ക് വലുത്.
കെട്ടിക്കൊണ്ടുവന്ന പെണ്ണിന്റെ ആവശ്യങ്ങൾ നടത്തിത്തരാനോ അവൾക്ക് വേണ്ട പരിഗണനയും സ്നേഹവും നൽകാനോ അയാൾക്ക് താല്പര്യമില്ല.
ഇരുപത്തിനാല് മണിക്കൂറും പോൺ വീഡിയോകൾ കണ്ടിരിക്കലാണ് അയാളുടെ മറ്റൊരു വിനോദം.
എന്നിട്ട് സ്വയം സംതൃപ്തനാകും. ഒരു കട്ടിലിന്റെ ഇരുവശത്തായ് പുറം തിരിഞ്ഞു കിടക്കുന്ന എന്നെയൊന്നു ശ്രദ്ധിക്കാൻപോലും അയാൾ ശ്രമിച്ചിട്ടില്ല”.
“അപ്പോൾ നിന്റെ കുട്ടികൾ എങ്ങനെ?”, എന്റെ സംശയം സ്വാഭാവികമായിരുന്നു.
” മാസത്തിൽ ഒന്നോ രണ്ടോ തവണ അയാളിൽ ഏതോ മൃഗത്തിന്റെ സ്വഭാവം കടന്നുവരും. ആ സമയങ്ങിളിൽ എന്റെ താല്പര്യത്തിനോ ഇഷ്ടത്തിനോ മുൻതൂക്കം തരാതെ എന്നെ ചവിട്ടിമെതിച്ചു കളയും. വേദനകൊണ്ട് പുളയുന്ന എന്റെ മുഖത്തേക്കുപോലും അയാൾ അപ്പോൾ നോക്കാറില്ല.
തന്റെ ഇരയെ തിന്നുതീർത്ത ആലസ്യത്തിൽ അയാൾ വീണ്ടും പതിവ് ഉറക്കത്തിലേക്ക് വഴുതിവീഴും.
അത്തരം ആക്രമണങ്ങളുടെ തെളുവുകളാണ് ഇന്നെന്റെ മുന്നിലുള്ള രണ്ടുമക്കളും
അല്ലാതെ അയാളുടെ സ്നേഹത്തിന്റെയോ പരിഗണനയുടെയോ അടയാളങ്ങളല്ല. ”
“നീ ഇതൊന്നും സ്വന്തം വീട്ടുകാരോട് തുറന്നു പറഞ്ഞിട്ടില്ലേ, ഇതുപോലുള്ള ആളുടെ കൂടെ എങ്ങനെ ജീവിക്കും? “
” അയാൾ മാന്യതയുടെ മുഖമൂടി അണിഞ്ഞുനടക്കുന്ന കൗശലക്കാരനായ കുറുക്കനാണ്. അയാളെപ്പറ്റി പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നുമാത്രമല്ല എന്റെ വീട്ടിൽ എനിക്ക് താഴെയുള്ളവരെയും ഉപ്പാടെയും ഉമ്മാടേയും അവസ്ഥ ഓർത്തു ഞാൻ ക്ഷമിച്ചും സഹിച്ചും ജീവിതം മുന്നോട്ട് തള്ളിനീക്കുന്നു.
എന്നെയും കുട്ടികളെയും സംരക്ഷിക്കാനുള്ള സാമ്പത്തികമൊന്നും
വൃദ്ധരായ എന്റെ മാതാപിതാക്കൾക്കില്ല.
അവരുടെ കഴിവിനേക്കാൾ കൂടുതൽ സ്വർണ്ണവും സ്ത്രീധനവും തന്നാണ് എന്നെ കെട്ടിച്ചുവിട്ടത്. അതും അയാൾ വിറ്റ് തുലച്ചു.
ഞാൻ ഇതൊന്നും എന്റെ മാതാപിതാക്കളെ അറിയിക്കില്ലെന്ന് അയാൾക്കറിയാം.
അതും അയാൾക്കൊരു വളമാണ്.
കാണുന്നവർക്ക് ഞാൻ എല്ലാ സുഖങ്ങളും അനുഭവിക്കുന്ന ഒരു പെണ്ണാണെന്ന് തോന്നിയേക്കാം. പക്ഷെ ആരോടും തുറന്നുപറയാനാകാത്ത ഈ വേദനയും സഹിച്ചു ഇരുപത്തിരണ്ട് വർഷങ്ങളായി യാന്ത്രികമായ ഒരു ജീവിതമായിരിക്കുന്നു.
രണ്ടുവർഷത്തിൽ രണ്ടുമാസം അയാൾ അവധിക്ക് നാട്ടിൽവരും. എന്നിട്ട് മുഴുവൻ സമയവും കൂട്ടുകാരുമായി കറങ്ങി രാത്രി കയറിവരും.
പണികളെല്ലാം ഒതുക്കി റൂമിലെത്തുമ്പോഴേക്കും അയാൾ കൂർക്കം വലി തുടങ്ങിയിട്ടുണ്ടാവും.
നീണ്ട രണ്ടുവർഷത്തിനു ശേഷം കാണുകയാണെങ്കിൽപോലും സ്നേഹത്തോടെയുള്ള ഒരു വാക്കുപോലും അയാൾ എന്നോട് പറയാറില്ല.
രണ്ടുമാസം അവധിക്കിടയിൽ അയാളിലെ മൃഗം ഒന്നോ രണ്ടോ പ്രാവശ്യം പരകായപ്രവേശം നടത്തും. അത്യധികം വെറുപ്പോടെ ഞാൻ അയാൾക്ക് കീഴടങ്ങി കട്ടിലിന്റെ ഒരുവശത്തേക്ക് പുറം തിരിഞ്ഞു കിടന്നു കരയും.
എന്റെ കരച്ചിൽപോലും അലോസരമായിട്ടാണ് അയാൾ കാണുന്നത്.
അയാളോട് ഞാൻ പലവട്ടം സംസാരിച്ചിട്ടും മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല എന്നുമാത്രമല്ല എന്നെ കാമഭ്രാന്തിയെന്നു മുദ്രകുത്തി എസ്‌കേപ്പ് ചെയ്യുക മാത്രമാണുണ്ടായത് .
ലീവ്കഴിഞ്ഞു തിരികെപോയാൽ അയാൾക്ക് മറ്റൊരു മുഖമാണ് . സ്നേഹംനടിച്ചു സംസാരിക്കും എന്നിട്ട് വീഡിയോകാളിൽ സ്വകാര്യഭാഗങ്ങൾ കാണിക്കണമെന്നുപറഞ്ഞു എന്നെ നിർബന്ധിക്കും .
കൂടെയുണ്ടായിട്ടും സ്നേഹത്തോടെ ഒരുവാക്കു പറയാത്ത അയാളുടെ നീചമായ ആഗ്രഹത്തിന് ഞാൻ വഴങ്ങാതെവന്നപ്പോൾ അയാളുടെ ജീവൻനശിപ്പിക്കാൻ വന്നവളെന്നു പറഞ്ഞു ആക്രോശമാണ് .
സത്യത്തിൽ എനിക്കയാളോട് തോന്നുന്ന വികാരം അറപ്പുമാത്രമാണ് . എന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കിയവൻ”.
സങ്കടവും നിരാശയും സമ്മിശ്രമായിരുന്നു അവളുടെ വാക്കുകളിൽ.
”അയാളോടൊപ്പം നീ ഗൾഫിൽ പോയിട്ടുണ്ടോ? അപ്പോൾ എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നോ അയാളിൽ”.
” കുട്ടികൾ ഗൾഫിൽ പോകണമെന്ന് വാശിപിടിച്ചപ്പോൾ മൂന്നുമാസത്തെ വിസിറ്റിംഗ് വിസയിൽ ഞങ്ങളെ കൊണ്ടുപോയിരുന്നു.
അതീവ സന്തോഷത്തോടെ വിമാനമിറങ്ങിയ ഞങ്ങളെ കൊണ്ടുപോകാൻ എയർപോർട്ടിൽ പോലും അയാൾ വന്നിരുന്നില്ല. പകരം അയാളുടെ സഹോദരിയും ഭർത്താവുമാണ് എയർ പോർട്ടിൽ വന്നത്. അന്നും അയാൾ കൂട്ടുകാരുമായി ചുറ്റിക്കറങ്ങാൻ പോയിരിക്കുകയായിരുന്നു.
അവിടെ വന്നിട്ടും അയാൾക്കൊരു മാറ്റവുമില്ലായിരുന്നു.
ഭക്ഷണമുണ്ടാക്കാൻ ചെന്ന ജോലിക്കാരി മാത്രമായിരുന്നു ഞാനയാൾക്ക്.
അവിടെ നിന്ന മൂന്നുമാസം ഞാൻ അയാളെ കൂടുതൽ വെറുത്തു.
മുഴുവൻ സമയവും പോൺ വീഡിയോകൾ കണ്ട് സ്വയംഭോഗം നടത്തി ആസ്വദിച്ച് ജീവിക്കുന്ന രതിവൈകൃതമുള്ള മൃഗമാണയാൾ.
അയാളോട് ഒരു സഹതാപം പോലുമില്ല എനിക്കിന്ന്.
ഇപ്പോൾ ഞാൻ ജീവിക്കുന്നത് തന്നെ എന്റെ കുട്ടികൾക്കു വേണ്ടിയാണ്.
ഇല്ലെങ്കിൽ എന്നേ അവസാനിപ്പിച്ചേനെയെല്ലാം. ”
അത്രയും പറഞ്ഞു പൊട്ടിക്കരയുന്ന അവളെ സമാധാനിപ്പിക്കാൻ ഞാൻ
ഏറെ പ്രയാസപ്പെട്ടു.
” കാഞ്ചനക്കൂട്ടിൽ ബന്ധിതയായ കിളിയുടെ അവസ്ഥയാണ് എനിക്കിപ്പോൾ”, സ്വയം പരിഹസിച്ച് അവള്‍ ചിരിച്ചു
പുറത്തു നിന്നു കാണുന്നവർക്ക് രാജ്‌ഞിയുടെ പദവിയിൽ കഴിയുന്നവളാണ് ഞാൻ.
പക്ഷെ ഒരു പരിചാരികയുടെ സ്ഥാനത്തേക്കാൾ താഴെയാണ് ഞാനെന്ന് എനിക്കല്ലേ അറിയൂ.
അയാൾക്ക് ഞാൻ വീടിനു കാവൽ നിൽക്കുന്ന കാവൽപ്പട്ടി മാത്രമാണ്.
സന്തോഷിച്ചും കളിച്ചും ചിരിച്ചും എഴുതുകയും പാടുകയും ചെയ്യുന്ന എന്നെ മാത്രമേ എല്ലാവർക്കും അറിയൂ. ഈ വിഷമങ്ങളൊക്കെ മറക്കാൻ വേണ്ടി ഞാൻ മനപ്പൂർവ്വം അണിയുന്ന മൂടുപടം മാത്രമാണത്. ”
“എല്ലാം തുറന്നു പറഞ്ഞപ്പോൾ ഇന്ന് മനസ്സിന് ചെറിയൊരാശ്വാസം. ”
ഇത് പറഞ്ഞു ഫോൺകട്ട് ചെയ്യാൻതുടങ്ങിയ അവളോട്
ഞാന്‍ ചോദിച്ചു
“ഇങ്ങനെ ചെറിയ ആശ്വാസത്തിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാനാണോ പ്ലാൻ ?
നിനക്ക് സമാധാനമായൊരു ജീവിതം വേണ്ടേ. ”
“എന്ത് ചെയ്യാൻ പറ്റും ഇങ്ങനെയൊക്കെ കുട്ടികൾക്കു വേണ്ടിജീവിച്ചു പോകണം അല്ലാതെ എന്നെപ്പോലുള്ള ഒരു സ്ത്രീക്ക് എന്തുചെയ്യാൻ പറ്റും. ”
നിരാശ നിറഞ്ഞിരുന്നു അവളുടെ ആ വാക്കുകളിൽ.
” നിന്നെപ്പോലുള്ള ഒരു സ്ത്രീക്കെ എന്തെങ്കിലും ചെയ്യാൻ പറ്റൂ. അതിനുള്ള കഴിവും പക്വതയും നിനക്കുണ്ട്. സമൂഹത്തേയും വീട്ടുകാരെയും പേടിച്ചില്ലാതാക്കേണ്ടതല്ല നിന്റെ ഈ ജീവിതം.
നിന്റെ ഭർതൃവീട്ടുകാരോടും മാതാപിതാക്കളോടും ഇതുവരെ പറയാത്തത് ഇനിയെങ്കിലും ഭയക്കാതെ ഓപ്പണായിപറഞ്ഞ് അയാളിൽ നിന്നും രക്ഷപ്പെടാൻ നോക്കൂ.
ഇല്ലെങ്കിൽ നിന്റെ ഈ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്.
നിനക്ക് പലതും ചെയ്യാൻകഴിയും നീ ധൈര്യമായി മുന്നോട്ട് വന്നാൽ നിന്നെപ്പോലെ അതേ അവസ്ഥയിൽ ജീവിക്കുന്ന പെൺകുട്ടികൾക്ക് കൂടി അതൊരു പ്രചോദനമാകും.
ഒന്നും പുറത്തു പറയാതിരുന്നാൽ ഇത്തരം ആണുങ്ങൾക്ക് ഇനിയും വളമാവുകയെ ഉള്ളൂ.
അതു കൊണ്ട് എല്ലാം തുറന്നുപറഞ്ഞു ഇതിൽ നിന്നും നീ രക്ഷപ്പെടണം വിശാലമായൊരു ലോകം നിനക്കുമുന്നിൽ തുറന്നു കിടപ്പുണ്ട്
അതിനു നിന്നോടൊപ്പം ഞാനമുണ്ടാകും ഒരു സഹോദരിയെപ്പോലെ. ”
“ഇത്രയുംകാലം ഞാനെല്ലാം മറച്ചുവെച്ചത് ആളുകളുടെയും സമൂഹത്തിന്റെയും ചോദ്യങ്ങളെ ഭയന്നായിരുന്നു. ഇനിയും മനസ്സിൽ കരഞ്ഞു പുറത്തു ചിരിവെച്ചുകെട്ടി നടക്കാൻ വയ്യാ. മനസ്സിൽ പഴയപോലെ എല്ലാം താങ്ങാനുള്ള ശേഷിയില്ലാതായിരിക്കുന്നു. ഇപ്പോൾ നിന്നോട് എല്ലാം പറഞ്ഞപ്പോൾ എന്റെ ആത്മവിശ്വാസം കൂടിയപോലെ, ജീവിതത്തോടെ ചെറിയ പ്രതീക്ഷ കൈവന്നപോലെ.
ഒരുമാറ്റം അനിവാര്യമാണെന്ന് എനിക്കും ഇപ്പോൾ തോന്നുന്നുണ്ട്.
പ്രതീക്ഷയും സമാധാവും നിറഞ്ഞവാക്കുകളായിരുന്നു അപ്പോൾ അവളിൽനിന്നും കേട്ടത്.
കുടുംബ കോടതിയിലെ വരാന്തയിൽ എല്ലാം അവസാനിപ്പിച്ച് അവള്‍ രക്ഷപെടുന്ന ദിവസവും മനസ്സിൽ കണ്ട് ഫോൺകട്ട് ചെയ്യുമ്പോൾ.
മറുതലക്കൽ അവളുടെ ആശ്വാസത്തിന്റെ നിശ്വാസം എന്റെ കാതുകളിൽ അലയടിച്ച് കൊണ്ടിരുന്നു.
റംസീന നാസർ
nb: ഇത്തരം കുറവുകളുള്ള സ്ത്രീയോ പുരുഷനോ ദയവ് ചെയ്തു വിവാഹിതരായി നിങ്ങളുടെ പങ്കാളികളുടെ ജീവിതം കൂടി നശിപ്പിക്കാതിരിക്കുക.
ഒന്നുകിൽ ചികിൽത്സ ചെയ്ത ശേഷം തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താനുള്ള
പ്രാപ്‌തി കെെവരിക്കാന്‍ കഴിയുമെങ്കിൽ മാത്രം വിവാഹ ജീവിതം തിരഞ്ഞെടുക്കുക.
#പറയാതെ പോയത്
#എന്റെരചന


17 Comments
എത്രയോ സ്ത്രീകൾ ഇങ്ങനെ അടിമകളായി കഴിയുന്നുണ്ടാകും….. നന്നായെഴുതി👍🌹
നന്ദി മിനി സുന്ദരേശൻ വായനക്ക് 🥰🥰🥰🙏
Nalla ezhuthu anubhavangal ezhudii kandappolu vallaatha sangadavum sandoshavum thonni
Thank u shajith ashahir
ചിന്തനീയം. പ്രസക്തമായ വിഷയം . നന്നായി എഴുതി..
Thank u nishiba 🥰🥰🥰
വ്യത്യസ്തം, സുന്ദരം
Thank u sreeja 🥰🥰
നന്നായി എഴുതി. നമ്മുടെ ചുറ്റും പലതും പറയാൻ മടിച്ചു ആണും പെണ്ണും ഇത് പോലെ കഴിയുന്നവരുണ്ട്.
വീർപ്പുമുട്ടി കഴിയുന്ന സ്ത്രീ ജീവിതങ്ങളെ കുറിച്ച് നന്നായി എഴുതി.👍
നന്ദി joyce 🥰🥰🙏🙏
നന്ദി ഇത്താത്താ 🥰🥰🥰
നല്ല കഥ❤️👌🌹
thank u നന്ദേച്ചി 🥰🙏
thank u സുമ ജയമോഹൻ 🥰🙏
നല്ല കഥ റംസി.
നന്നായി എഴുതി.
എത്ര എത്ര ജീവിതങ്ങൾ ഇങ്ങനെ നീറി പുകയുന്നു.
മാറ്റം അനിവാര്യമാണ്.
thank u നന്ദേച്ചി 🥰🙏