പോലീസ് ഡ്രൈവർ പെട്ടെന്ന് ജീപ്പ് സ്റ്റാർട്ട് ആക്കി ആ കാറിനു പിന്നാലെ പോകാൻ തയാറായി. കാറിന്റെ കമ്പനിയുടെ പേരും നിറവും നമ്പറുമെല്ലാം വയർലെസ്സിലൂടെ കണ്ട്രോൾ റൂമിലേയ്ക്ക് വിളിച്ചു പറഞ്ഞു. അപ്പോഴേക്കും പിങ്ക് പോലീസിൻ്റെ കാർ അവിടെയെത്തുകയും പരിക്കേറ്റ പോലീസുകാരനെ കാറിൽ കയറ്റുകയും ചെയ്തു.
പിങ്ക് പോലീസ് കാറിലുണ്ടായിരുന്ന വനിതാ പോലീസ് നിധിനോട് സ്വന്തം കാറിൽ അവരുടെ പിറകിൽ വരാൻ ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച ശേഷം അവർ ദേവിയോട് കുഴപ്പമൊന്നുമില്ലല്ലോ എന്ന് തിരക്കി. താലൂക്ക് ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടി ഡോക്ടർ ഭയന്ന് പോയ ദേവിയെ പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലായെന്നു പറയുകയും ചെയ്തു.
“ആരാണ് വക്കീലേ നിങ്ങളെ പിന്തുടർന്നത്. വക്കീൽ ലേശം ഭയന്ന പോലുണ്ടല്ലോ, പേടിക്കാനൊന്നുമില്ല.
ഇനി ഇങ്ങനുള്ള സാഹചര്യങ്ങൾ, ഈ സമയത്ത് ഒഴിവാക്കണം. എനിക്കറിയാം ഈ ജോലിയിൽ കുടിപ്പകകളും ശതുതകളും ഉണ്ടാകുമെന്ന്. “
നിധിനാണ് ഉത്തരം പറഞ്ഞത്.
“അവരാരാണ് എന്ന് ഞങ്ങൾക്കറിയില്ല ഡോക്ടർ. ഞങ്ങളുടെ കാറിൽ ആ കാർ പലപ്രാവശ്യം മുട്ടിയുരുമ്മി. പാലത്തിൽ വച്ച് ഞങ്ങളുടെ കാർ ഇടിച്ചു താഴെ പുഴയിലേക്ക് ഇടാനുള്ള ശ്രമമുണ്ടായി. “
പിങ്ക് പോലീസ് നിധിനേയും ദേവിയേയും സുരക്ഷിതമായി വീട്ടിൽ കൊണ്ട് ചെന്നാക്കി.
അന്ന് രാത്രി മുഴുവൻ ദേവിയുടെ ആലോചന തന്റെ ശത്രുക്കളെ കുറിച്ചായിരുന്നു.
“ഇനി നിധിന് ഞാനറിയാതെ വേറെ ഏതെങ്കിലും ശത്രുക്കളുണ്ടാകുമോ?”
“നിനക്ക് എന്നെ സംശയം തോന്നി തുടങ്ങിയോ ?ദേവി നമ്മൾ ഒന്നിച്ചുണ്ടായിരുന്ന സമയങ്ങളിൽ ആണ് അവർ നമ്മളെ ആക്രമിക്കാൻ ശ്രമിച്ചത്. ആദ്യം നമ്മുടെ കല്യാണപിറ്റേന്ന്, പിന്നെ ബോധി ഹൗസിലെ ആ സുന്ദരമായ
രാത്രിയിൽ, പിന്നെ ഈ വീടിന്റെ മുറ്റത്ത് വച്ച്, പിന്നെ ദാ ഇപ്പോൾ ഈ രാത്രിയിൽ…. അവിടെയെല്ലാം നമ്മൾ രണ്ടുപേരും ഒരുമിച്ച് ഉണ്ടായിരുന്നു. “
“നിന്നെ സംശയിച്ചതല്ല, ആരാണെന്നറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ. ശത്രു ആരാണെന്നറിഞ്ഞാൽ യുദ്ധം എളുപ്പമായി. “
“നമുക്കിപ്പോൾ ആരോടും യുദ്ധം വേണ്ട. നിനക്കിപ്പോൾ സമാധാനമാണ് വേണ്ടത്. എന്റെ ദുബായ് യാത്ര എല്ലാവരിൽ നിന്നും രഹസ്യമാക്കി വയ്ക്കണം. പ്രത്യേകിച്ച് സുമതി അറിയണ്ട. അവരിപ്പോൾ നമ്മുടെ മുമ്പിൽ സന്തോഷിക്കുന്നത് പോലെ അഭിനയിക്കുകയാണെങ്കിലോ. “
“അമ്മയോടും പറയണ്ടേ. നമ്മൾ ഈ വീട്ടിൽ ഒന്നിച്ചു താമസിക്കുമ്പോൾ?”
“അമ്മയോട് പോകുന്നതിന്റെ തലേന്ന് ഞാൻ പറഞ്ഞോളാം. എന്റെ ഒരു സുഹൃത്ത് തല്ക്കാലം ഈ റെസ്റ്റോറന്റ് ഏറ്റു നടത്തി ക്കൊള്ളും, അവന്റെ പേര് അജ്മൽ എന്നാണ്. അവന്റെ ചേട്ടൻ അൻവർ ആണ് ദുബായിലെ എന്റെ പാർട്ട്ണർ. നീ റസ്റ്റോറന്റിൽ എന്നും പോകണമെന്നില്ല. അവിടെ അശോകദാസിന്റെ മേൽനോട്ടം മതിയാകും. “
ദേവി നിധിന്റെ മടിയിൽ കിടന്നു ഉറങ്ങി. അവളിൽ നിന്നും ദുബായ് യാത്ര ഇത്രയും ദിവസം മറച്ച വിഷമം അവൾക്കുണ്ട്. അവൾ തന്റെ വളരെ വിശ്വസ്തയായ ഭാര്യയാണ്, അവൾക്കു തന്നെ അത്ര വിശ്വാസമാണ്. എന്നിട്ട് അവളോട് താൻ ചെയ്തതോ? അവൾ മനസ്സ് കൊണ്ട് പൊറുക്കില്ല. അവൾ വളരെ ധൈര്യവതിയായ പെണ്ണാണ്. കുറച്ചു ആത്മാഭിമാനം അവൾക്ക് കൂടുതലാണ്, അതിനാൽ അവളുടെ സങ്കടം അവളൊരിക്കലും പുറത്തു കാട്ടില്ല.
തെറ്റാണു താൻ ചെയ്തത്. തനിക്കു ഈ ലോകത്തിൽ ആരാണുള്ളത് അവളല്ലാതെ, അമ്മ പോയി. അച്ഛൻ പോയി, കൂടപ്പിറപ്പു പോയി. എല്ലാം അറിഞ്ഞു കൊണ്ട് സ്നേഹിച്ചു കൂടെ കൂടിയ പെണ്ണാണ്. അവളെ താൻ ചതിക്കില്ല. നാളെ എല്ലാം അവളെ പറഞ്ഞു മനസിലാക്കണം. അല്ലെങ്കിൽ ഒരു സമാധാനവും തനിക്കു ലഭിക്കില്ല. ഓരോന്ന് ആലോചിച്ചു നിധിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അവന്റെ കണ്ണുനീർ താഴേയ്ക്ക് വീണു അവളുടെ മുഖം നനഞ്ഞപ്പോൾ ദേവി ഉണർന്നു.
“നീ ഉറങ്ങിയില്ലേ നിധിൻ. “
അവൻ കരയുകയാണെന്നു മനസിലായപ്പോൾ അവൾ എഴുന്നേറ്റിരുന്നു.
“അയ്യേ ആൺകുട്ടികൾ കരയുമോ ? എന്റെ കണവൻ ഇത്രയും ദുർബല ചിത്തനായിരുന്നോ ?നാണക്കേട് തന്നെ?ആരെങ്കിലും കണ്ടാലോ?”
അവനെ ചിരിപ്പിക്കാനായി ദേവി ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
“ആര് കണ്ടാലും എനിക്ക് പ്രശ്നമില്ല. നീയാണ് എനിക്ക് മുഖ്യം. എന്റെ ഒരു ആഗ്രഹമായിരുന്നു നിന്നെയും കൊണ്ട് വിദേശത്തേയ്ക്ക് പറക്കുന്നത്. ഒന്നും ശരിയാകുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് നിന്നോട് ഇതുവരെ പറയാതിരുന്നത്. അതിന്റെ കുറ്റബോധം എന്നെ വല്ലാതെ വേട്ടയാടുന്നു. “
“എന്താ നിധിൻ ഈ കുമ്പസാരമൊക്കെ. എനിക്ക് നിന്നെ മനസിലാകും. കാര്യമായ കാരണമില്ലാതെ നീ എന്നിൽ നിന്നും ഒന്നും മറയ്ക്കില്ലായെന്ന വിശ്വാസം എന്നിലുണ്ട്. “
`”അതല്ല ദേവി അവിചാരിതമായി ഞാൻ കുറച്ചു ദിവസം മുൻപ് അജ്മലിനെ ആശുപത്രിയിൽ വച്ചാണ് കണ്ടു മുട്ടിയത്. അവന്റെ ഉമ്മാന്റെ മുട്ടിന്റെ ഓപ്പറേഷന് വേണ്ടി നാട്ടിലെത്തിയതാണവൻ. ഇനി ആറു മാസം കഴിഞ്ഞു പെണ്ണ് കെട്ടിയിട്ടേ അവൻ ദുബായിലേക്ക് മടങ്ങുന്നുള്ളു എന്ന് എന്നോട് പറഞ്ഞു. ഞാൻ എന്റെ ആഗ്രഹം പറഞ്ഞപ്പോൾ നമുക്ക് ശരിയാക്കാം. ഇക്കാ വിചാരിച്ചാൽ എല്ലാം ഓക്കേ ആക്കാം. പക്ഷെ തല്ക്കാലം നീ ഇത് ആരോടും പറയണ്ട എന്നവൻ പറഞ്ഞു. ഞാൻ കരുതിയത് അഥവാ ഇതൊന്നും നടന്നില്ലെങ്കിൽ ഒരു ഭർത്താവെന്ന നിലയിൽ ഞാൻ നിന്റെ മുന്നിൽ വളരെ ചെറുതായി പോകില്ലേ. അതാ ഞാൻ അപ്പോൾ മറച്ചു വച്ചത്. എല്ലാം ശരിയാകുമ്പോൾ നിന്റെ മുന്നിൽ വന്നു അഭിമാനത്തോടെ പറയാല്ലോ എന്ന് കരുതി. ഇപ്പോൾ തോന്നുന്നു നിന്നോട് മറച്ചത് അതീവ ഗുരുതരമായ വീഴ്ചയായിരുന്നുവെന്ന്. “
“പറഞ്ഞിട്ടും നടന്നില്ലെങ്കിൽ നീ എങ്ങനെയാണു നിധിൻ എന്റെ മുൻപിൽ ചെറുതാകുന്നത്. എനിക്കതു മനസിലാകുന്നില്ല. ഞാൻ അന്യയാണോ നിധിൻ. നമ്മൾ അപ്പോൾ രണ്ടാണോ?നമ്മൾ ഒന്നാണെന്നാണ് ഞാൻ ഓരോ നിമിഷവും ചിന്തിച്ചിരുന്നത്. പക്ഷെ നീയോ?നിന്റെ ഈഗോ ?ശരിക്കും ഇപ്പോൾ ഞാനല്ലേ ചെറുതായത്. എന്നെ നീ ആരുമല്ലാതാക്കിയില്ലേ. ശത്രുക്കൾ നൽകുന്നതിനേക്കാൾ വേദനയാണ് പ്രിയപ്പെട്ടവർ നൽകുന്നത്. “
ദേവി അവന്റെ മുന്നിൽ ദുഖിതയായി ഇരുന്നു.
“എന്നോട് ക്ഷമിക്കൂ ദേവി, എന്റെ തെറ്റാണ്, എന്റെ ഈഗോ. നീ റെസ്റ്റോറന്റ് തുടങ്ങാൻ നിന്റെ സമ്പാദ്യത്തിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നൽകിയപ്പോൾ മുതലാണ് എനിക്ക് ഒരു തരം അപകർഷതാ ബോധം തോന്നിയത്. “
“അപ്പോൾ നമ്മളിനി ഒന്നിച്ചു ജീവിക്കുന്നതിൽ എന്തർത്ഥമാണ്. അത് എന്റെ സമ്പാദ്യമല്ല നിധിൻ, നമ്മുടെ പണം. നമ്മുടെ റെസ്റ്റോറന്റ്, എന്ത് കൊണ്ട് നീ അങ്ങനെ ചിന്തിച്ചില്ല. “
“എനിക്ക് മാപ്പു തരൂ ദേവി. എനിക്ക് ഒന്നും വേണ്ട നീ മാത്രം മതി. നമ്മുടെ ലോകം മതി. “
രണ്ടു പേരും കുറ്റപ്പെടുത്തിയും ആശ്വസിപ്പിച്ചും നേരം വെളുപ്പിച്ചു. നിലത്തിരുന്നു കൊണ്ട് ദേവിയുടെ മടിയിൽ തല ചായ്ച്ചിരുന്ന, നിധിന്റെ മുടിയിഴകളിൽ അവൾ തലോടി.
“എഴുന്നേൽക്കു നിധിൻ, ഇനി ഒരിക്കൽ എന്നോട് ഈ വിധം പെരുമാറിയാൽ നമ്മളിനി ഒന്നിച്ചുണ്ടാകില്ല. “
“ഇല്ല ഒരിക്കലുമില്ല. വിചാരത്താലും, വാക്കാലും, പ്രവർത്തിയിലും ഞാൻ പാപം ചെയ്തു, എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ. “
നിധിൻ കുമ്പസരിച്ചു. അവളുടെ കാലുകളിൽ തലോടി.
“മതി മതി എഴുനേൽക്കൂ, എനിക്ക് നല്ല ഉറക്കം വരുന്നു. ഞാൻ ഉറങ്ങിയില്ലേൽ നമ്മുടെ കുഞ്ഞിന് ക്ഷീണം വരും. “
രണ്ടു പേരും പരസ്പരം ആശ്വസിപ്പിച്ചു കിടന്നുറങ്ങി.
പിറ്റേ ദിവസം ദേവി ഓഫീസിൽ പോയില്ല. അവളുടെ വസ്ത്രങ്ങളിൽ കണ്ട ചുവന്ന സ്‌പോട്ടിങ് അവളെ പരിഭ്രമിപ്പിച്ചു. അവൾ നിതിനോടും അനുപമയോടും ഒപ്പം ഡോക്ടറെ കാണാൻ പോയി.
“എന്താണ് ദേവി എന്തെങ്കിലും ടെൻഷനുണ്ടോ മനസ്സിന്. മനസ്സ് എപ്പോഴും സന്തോഷമാക്കി വയ്ക്കുക. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ നാലില്‍ ഒന്ന് സ്‌ത്രീകള്‍ക്ക് രക്ത്രസ്രാവം ഉണ്ടാകാറുണ്ട്. അത് കൊണ്ട് ഇത് പേടിക്കാനൊന്നുമില്ല. എന്നാലും മുൻകരുതലെന്ന നിലയ്ക്ക് ഞാൻ പറയുന്നു, രണ്ടാഴ്ചത്തെ പൂർണ വിശ്രമമാണിപ്പോൾ ആവശ്യം. എനിക്കറിയാം ദേവിയെത്ര ആഗ്രഹിച്ചു ലഭിച്ച കുഞ്ഞാണ് ഇതെന്ന്. “
ഡോക്ടർ നിധിനെ നോക്കി.
“കൂടെയിരുന്നു പരിചരിക്കൂ രണ്ടാഴ്ച. “
നിധിൻ സന്തോഷത്തോടെ തലയാട്ടി.
“ഡോക്ടർ പറഞ്ഞത് കേട്ടല്ലോ, രണ്ടാഴ്ച നോ ഓഫീസ്, നോ കേസ്, നോ കോടതി. “
“അതെ, അജ്മലിന്റെ റെസ്റ്റോറന്റ് ഏൽപ്പിച്ചു നീ എന്റെ കൂടെ തന്നെ വേണം. “
“എന്നാൽ പിന്നെ ഞാനും കൂടെ അവിടേയ്ക്കു വരാം. പ്രണവിനാണേൽ പാചകമൊന്നും അറിയില്ല, നിധിൻ ദേവിക്ക് ഉണ്ടാക്കി കൊടുക്കുന്നതിന്റെ ഒരു പങ്ക് എനിക്കും കിട്ടുമല്ലോ?”
“ആഹാരമൊക്കെ തരാം, നിന്റെ പ്രണവിനെ പ്രണയിക്കാൻ പഠിപ്പിക്കാനൊന്നും നിധിനോട് ആവശ്യപ്പെടരുത്. ആളൊരു റൊമാന്റിക് ഹീറോയാണ്. പാട്ട്, ഡാൻസ് എല്ലാം നല്ല വശമാണ്. സിനിമയിൽ ഒരു ചാൻസ് വാങ്ങി കൊടുക്കുമോ?”
അവർ മൂവരും ചിരിച്ചു.
രണ്ടാഴ്ച നിധിൻ കുറെ കഷ്ടപ്പെട്ടു. ദേവിക്കൊപ്പവും റെസ്റ്റോറന്റിലുമായി പാവം ഓടി നടന്നു ജോലി ചെയ്തു.
“എന്തായാലും ഡോക്ടർ ബെഡ് റസ്റ്റ് പറഞ്ഞത് നന്നായി. നീ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടു എന്റെ മനസ് നിറഞ്ഞു. എപ്പോഴും ഓടി ഓടി ഇങ്ങോട്ട് വരേണ്ട. ഞാൻ സുമതി ഉണ്ടാക്കി തരുന്നതൊക്കെ കഴിച്ചോളാം, പക്ഷെ രാത്രി നിന്റെ കൈകൊണ്ടു എന്തേലും ഉണ്ടാക്കി തരണം. ഇത്തിരി ലാഭം കുറഞ്ഞാലും കുഴപ്പമില്ല. നേരത്തെ വീട്ടിൽ കയറണം. നീ വീട്ടിൽ മടങ്ങി വരുന്നത് വരെ എനിക്കൊരു സമാധാനമില്ല. “
രണ്ടാഴ്ച കഴിഞ്ഞ് ദേവി വീണ്ടും ഓഫീസിൽ സജീവമായി. അവളൊരു കേസിന്റെ ഡിസ്ക്കഷൻ തൻ്റെ ജൂനിയർ വക്കീലൻമാരുമായി നടത്തി കൊണ്ടിരുന്നപ്പോഴാണ് നിധിൻ വന്നത്. അവൻ്റെ വരവോടെ അവരുടെ ചർച്ച നിന്നു.
ചോദ്യ ഭാവത്തോടെ ദേവി അവൻ്റെ മുഖത്തേയ്ക്ക് നോക്കി.
“നാളെ ഞാൻ പോകുന്നു. “
“നാളെയോ ? എന്താ ഇത്ര പെട്ടെന്ന്? വിസ വരാൻ വൈകുമെന്ന് പറഞ്ഞിട്ട്. “
“അൻവർ വിളിച്ചിരുന്നു. അവൻ്റെ സ്വാധീനം മൂലമാണ് പേപ്പറൊക്കെ പെട്ടെന്ന് ശരിയാക്കിയത്. ഞാൻ വീട്ടിൽ പോയി അമ്മയോട് പറഞ്ഞിട്ട്, പാക്ക് ചെയ്യട്ടെ. “
ദേവി വിഷമത്തോടെ തലയാട്ടി.
“ഞാനിത് തീർത്തിട്ട് പെട്ടെന്ന് വരാം. “
“വെറുതെ പോയാൽ പോര. ഒരു ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആണ് എന്നെ ഇപ്പോൾ സ്പോൺസർ ചെയ്തിരിക്കുന്നത്. അവരുടെ ഹോട്ടലിൽ ജോലി ചെയ്ത് കഴിവ് തെളിയിക്കണം. ചിലപ്പോൾ രണ്ടാഴ്ച എന്നത് വീണ്ടും വൈകും. “
ദേവി നെറ്റി ചുളിച്ചു.
“ഇതൊക്കെ അവരുടെ ഇപ്പോഴത്തെ ഡിമാൻഡ് ആണ്. പത്ത് ദിവസമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. “
“സാരമില്ല. പോയി വാ. എല്ലാം നമുക്ക് വേണ്ടിയല്ലേ. എനിക്ക് നിന്റെ കഴിവിൽ വിശ്വാസമാണ്. നീ ജയിക്കും, അവർ നിന്നെ സെലക്ട് ചെയ്യും. ഉറപ്പ്…
“
“ദേവി വെസ്റ്റേൺ ഫുഡ് ഒന്നും ഞാനിത് വരെ പരീക്ഷിച്ചിട്ടില്ല. അതാണ് എൻ്റെ പേടി. “
“അതൊക്കെ ശരിയാകും. ഞാനിപ്പോൾ തന്നെ അമ്മയെ വിളിച്ച് പറയാം. “
ദേവി മുന്നോട്ട് വന്ന് അവൻ്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് കുലുക്കി.
പിറ്റേന്ന് വൈകുന്നേരമായിരുന്നു നിധിൻ്റെ ഫ്ലൈറ്റ്. ആദ്യമായി വിദേശത്ത് പോകുന്ന ടെൻഷൻ, ദേവിയെ പിരിയുന്ന സങ്കടം, ആറ്റു നോറ്റ് ആരംഭിച്ച റസ്റ്റോറന്റ് മറ്റാൾക്കാരെ ഏൽപ്പിച്ചു പോകുന്നതിന്റെ ആശങ്ക, എല്ലാം കൊണ്ടും നിധിൻ പ്രയാസപ്പെട്ടു.
“നിധിൻ നീ ധൈര്യമായി പോയി വരൂ. ദേവിയുടെ കാര്യം എനിക്ക് വിട്ടേര്. ഞാനവളുടെ പെറ്റമ്മയാണ്. നീ പോകുന്ന കാര്യം സഫലമാക്കിയിട്ട് മടങ്ങി വരുക. “
മാലതിയോടും മാത്യുവിനോടും യാത്ര പറഞ്ഞ് നിധിൻ അജ്മലിന്റെ കാറിൽ കയറി, സങ്കടം കാരണം ദേവി മുറിക്ക് പുറത്തിറങ്ങി വന്നില്ല. അവളോട് യാത്ര പറയാനായി ചെന്ന നിധിനെ അവൾ ആശ്ലേഷിച്ചു.
“ഇനി എന്നാ ദേവി നിന്നെ കാണുന്നത്. “
“ഒരു മാസം സമയമുണ്ട്, അതിന് മുമ്പ് ഇങ്ങ് വന്നില്ലേൽ ഞാനങ്ങോട്ട് വിമാനം കയറും. “
മുറ്റത്ത് നിന്നും റോഡിലേക്ക് ഇറങ്ങിയ കാറിനെ നോക്കി ദേവി ജനലിലൂടെ കൈ വീശി. ആ സമയത്ത് റോഡിൽ നിന്നുമൊരു പോലീസ് ജീപ്പ് മുറ്റത്ത് വന്നു നിന്നു.
(തുടരും…… )
✍️✍️നിഷ പിള്ള

