“നീയറിഞ്ഞോ വാസുവൻ കൊച്ചേട്ടൻ ചത്തു. അമ്പലക്കുളത്തിന്റെ പടിയിൽ ചത്തു കിടക്കുന്നു. മനസ്സിലായില്ലേ നിന്റെ അച്ഛമ്മ യുടെ പഴയ സംബന്ധക്കാരൻ. ” അത് പറയുമ്പോൾ സജിത്തിന്റെ മുഖത്തൊരു പരിഹാസച്ചിരി കാണാമായിരുന്നു. ഇന്നത്തേക്ക് അവർക്ക് അമ്മയ്ക്കും മോനും ഉള്ളതായി. എന്നെ പരിഹസിക്കുമ്പോൾ ഈ മനുഷ്യന്റെ മുഖത്ത് വിരിയുന്ന സംതൃപ്തി വേറെ ഒരു കാര്യം ചെയ്യുമ്പോഴും കാണാറില്ല.
അച്ഛമ്മ മരിച്ചിട്ട് ഇപ്പോൾ മൂന്നു മാസമായി. വർഷങ്ങളായി കിടപ്പിലായിരുന്നു. അവരുടെ മരണദിവസവും സജിത്തിന്റെ അമ്മ അടക്കി പിടിച്ച ചിരിയോടെ ചോദിച്ചിരുന്നു “നിന്റെ അച്ഛമ്മയുടെ ഭർത്താവ് വന്നോടി”.
ആ മനുഷ്യൻ അച്ഛമ്മയുടെ ജീവിതത്തിലേക്ക് വരുന്നത് അവരുടെ മുപ്പതുകളിലാണ്. അപ്പോൾ അയാൾക്ക് പ്രായം വെറും പതിനെട്ടു വയസ്സ്. എന്റെ അച്ഛനേക്കാളും വെറും നാലു വയസ്സിന്റെ മൂപ്പ്. എന്റെ അച്ഛന്റെ അച്ഛൻ, അച്ഛമ്മയ്ക്ക് മൂന്നു മക്കളെ സമ്മാനിച്ച ശേഷം സന്യാസിയ്ക്കാൻ പോയ ഒരു പരമ സാത്വികൻ ആയിരുന്നു. ഒരു വലിയ വീടിന്റെ ചായ്‌പ്പിൽ വാടകക്കാരിയായി, മൂന്നു മക്കളുമായി കഴിഞ്ഞു കൂടിയ അച്ഛമ്മയ്ക്ക് സാത്വികയാകാൻ കഴിയുമായിരുന്നില്ല.
അവർ തമ്മിൽ എങ്ങനെ പ്രണയത്തിലായി എന്നൊന്നും എനിക്കറിയില്ല. ഞാൻ കാണുന്ന അച്ഛമ്മ ആരോടും അധികമൊന്നും മിണ്ടാത്ത നാമജപവുമായി കഴിഞ്ഞു കൂടിയ ഒരു സ്ത്രീയായിരുന്നു. ഭക്തി ഒരു തരം ഒളിച്ചോട്ടമാണല്ലോ.
എന്നോടെന്നല്ല ആരോടും അവർ ആ മനുഷ്യനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. പക്ഷെ അവർ തമ്മിലുള്ള ബന്ധം ഒരു കൗമാരക്കാരാന് തോന്നിയ ചാപല്യത്തിൽ നിന്നോ, ഒരു സ്ത്രീ യുടെ നിസ്സഹാവസ്ഥ യിൽ നിന്നോ ഉണ്ടായതല്ല. അതിനുമപ്പുറം അതിനൊരു സത്യമുണ്ടായിരുന്നു.
വാസുവൻ കൊച്ചാട്ടൻ അച്ഛമ്മയുടെ രക്ഷകനാകുകയായിരുന്നു. എന്റെ അച്ഛന്റെയും, ചെറിയച്ചന്റെയും ഉയർന്ന ബിരുദങ്ങളിൽ, അച്ഛൻ പെങ്ങളുടെ സ്ത്രീധന തുകയിൽ എല്ലാത്തിലും ആ മനുഷ്യന്റെ അധ്വാനം കൂടിയുണ്ട്. ആ മനുഷ്യൻ കൊണ്ട വെയിലായിരുന്നു അച്ഛനും സഹോദരങ്ങൾക്കും തണലായത്. അത് കൊണ്ട് തന്നെ മക്കൾ നല്ല നിലയിൽ എത്തിക്കഴിഞ്ഞപ്പോൾ അയാളെ ഒഴിവാക്കണമെന്ന ആവശ്യം അച്ഛമ്മ തള്ളി കളഞ്ഞു. അങ്ങനെ ഉപയോഗം കഴിയുമ്പോൾ ഉപേക്ഷിക്കാനുള്ളതല്ലായിരുന്നു അവർക്ക്” വാസു “. മക്കളുടെ സമ്മർദ്ദം ശക്തമായപ്പോൾ മക്കളുടെ വീട്ടിൽ താമസിക്കാതെ അവർ വേറൊരു വാടക വീടെടുത്തു മാറി. ആ വീടിനോട് ചേർന്ന് ഒരു പ്രസ്സ് നടത്തി. പ്രണയം മനുഷ്യർക്ക് കൊടുക്കുന്ന ധൈര്യം ചില്ലറയല്ല.
പക്ഷെ വിധി നിശ്ചയിച്ചത് വേറൊന്നായിരുന്നുവല്ലോ. ആദ്യമൊക്കെ നല്ല രീതിയിൽ പോയിരുന്ന പ്രസ്സ് പിന്നീട് നഷ്ടത്തിലായി. നഷ്ടത്തിൽ നിന്ന് കര കയറാൻ നടത്തിയ ശ്രമങ്ങൾ കൂടുതൽ സാമ്പത്തിക ഭാരം വരുത്തി വെച്ചു. അച്ഛമ്മയ്ക്ക് മക്കളുടെ മുൻപിൽ അടിയറവ് പറയേണ്ടി വന്നു. സാമ്പത്തിക ബാധ്യതകൾ വീട്ടി അവർ അമ്മയെ വീണ്ടെടുത്തു. അവരുടെ ജീവിതത്തിൽ ഒരു കാലത്ത് താങ്ങായ ആ മനുഷ്യനോട് അച്ഛനും സഹോദരങ്ങൾക്കും കുറച്ചുകൂടി ദയ കാണിയ്ക്കാമെന്നെനിക്ക് തോന്നിയിട്ടുണ്ട്. അച്ഛമ്മയെ കാത്ത് മക്കളുടെ വീട്ടിലെ സുഖസൗകര്യങ്ങളുണ്ടായിരുന്നു. പക്ഷെ വാസുദേവൻ പൊരിവെയിലിൽ തനിച്ചായി. ബന്ധുക്കൾ അയാളെ മറന്നു കഴിഞ്ഞിരുന്നു. അല്ലെങ്കിൽ ഓർക്കാൻ ഇഷ്ടമല്ലായിരുന്നു. സ്വന്തം ജീവിതം ഒരു സ്ത്രീയ്ക്ക് വേണ്ടി കളഞ്ഞു കുളിച്ച അയാളെ ലോകം പരിഹസിച്ചു.
ഒരിക്കൽ ബസ് സ്റ്റോപ്പിൽ വെച്ചു ഞാൻ ഇദ്ദേഹത്തെ കണ്ടു. അടുത്ത് നിന്ന ഓട്ടോക്കാരനോടായി അദ്ദേഹം എന്നെ പരിചയപ്പെടുത്തി.
” ഇതേ നമ്മുടെ ബാബുന്റെ മോളാ. മനസ്സിലായില്ലേ എന്റെ ഭാര്യയുടെ…. “
“പെണ്ണ് കെട്ടാത്ത നിങ്ങൾക്ക് എവിടുന്നാ കൊച്ചേട്ടാ ഭാര്യ”
ഓട്ടോക്കാരന്റെ ചോദ്യം കേട്ട് സ്റ്റോപ്പിൽ നിന്നവരെല്ലാം ചിരിച്ചു.
എനിക്ക് മാത്രം ചിരി വന്നില്ല. ഞാൻ ആ മനുഷ്യന്റെ കണ്ണുകളിൽ അനുകമ്പയോടെ നോക്കി. ഉപേക്ഷിക്കപ്പെട്ട പെണ്ണുങ്ങളെക്കുറിച്ച് ഒരു പാട് പേർ എഴുതിയിട്ടുണ്ട്. പക്ഷെ ഉപേക്ഷിക്കപ്പെട്ട ആണിന്റെ നിസ്സഹാവസ്ഥ ആരും പറഞ്ഞു കേട്ടിട്ടില്ല.
അമ്മയേ പേടിച്ചു ഒരു സിനിമയ്ക്ക് പോലും എന്നെ കൊണ്ട് പോകാൻ ധൈര്യമില്ലാത്ത സജിത്തിന്റെ കൂടെ കഴിയുമ്പോഴാണ് എനിക്ക് ആ മനുഷ്യൻ ശരിക്കും വിസ്മയമാകുന്നത്. അപ്പോൾ അച്ഛമ്മയോട് കുശുമ്പ് തോന്നും.
ബോഡിഅമ്പലക്കുളക്കരയിലായത് കൊണ്ട് അമ്പലകമ്മിറ്റക്കാർ വേണ്ടത് ചെയ്യും. മിക്കവാറും പൊതു ശ്‌മശാനത്തിലായിരിക്കും അടക്കം. എനിക്കെന്തോ അച്ഛമ്മയെ കാണണമെന്ന് തോന്നുന്നു. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് അവരെ മനസ്സിലാക്കാൻ സാധിക്കുന്നു.


8 Comments
വേറിട്ട പ്രമേയം.
നന്നായി എഴുതി. 👏
നല്ല ത്രെഡ്.. ഒന്നൂടെ എഡിറ്റ് ചെയ്ത് അവസാന ഭാഗം കുറച്ചൂടെ ഭംഗിയാക്കാം 👍
ഉപേക്ഷിക്കപ്പെട്ട ആണുങ്ങളുടെ അവസ്ഥ വളരെ പരിതാപകാരമാണ്!
കണ്മുന്നിൽ അങ്ങനെ ചില മനുഷ്യരെ കണ്ടിട്ടുണ്ട്.
ഒറ്റപ്പെടലിൽ, കരയാൻ പോലും ആവാതെ ജീവിക്കുന്ന മനുഷ്യ ജന്മങ്ങൾ..
നല്ലെഴുത്ത്…
എങ്കിലും അച്ഛമ്മ കാണിച്ചത് വല്ലാത്ത ചെയ്ത്തായി പോയി..😏
അങ്ങനെയും ചിലരുണ്ട്. സ്വയമെരിഞ്ഞ് മറ്റുള്ളവർക്കു വെളിച്ചം പകരുന്നവർ. നല്ല കഥ❤️👌🌹
മനസ്സിൽ തട്ടിയ പ്രമേയം ഒത്തിരി ഇഷ്ടമായി
നല്ല കഥ 👌
സ്വയമെരിഞ്ഞു വിളക്കാവുന്നവർ.. നോവുകൾ..
🥲🥲🥲🥰🥰🥰 എന്നാലും അച്ഛമ്മ സ്വന്തം നിലനില്പിനായി അവസാനം വാസവൻ കൊച്ചേട്ടനെ തള്ളിക്കളഞ്ഞത് ശരിയായില്ല