ഉമ്മറത്തെ ചാരുപടിയിൽ ചിന്താധീനനായി ഇരിക്കുകയായിരുന്നു ശങ്കരൻ. മനസ്സിലൂടെ ഒരുപാട് സംഘർഷങ്ങൾ കടന്നു പോവുന്നത് മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. വച്ചാരാധനയുള്ള കുടിയിൽ ദൈവങ്ങൾ പോലും കൈവിട്ടതുപോലെയാണ്. എത്രയോ തെയ്യക്കോലങ്ങൾക്ക് ജീവൻ പകർന്ന ശരീരം ഇന്നു പാതി തളർന്ന അവസ്ഥയിലാണ്. സന്ധ്യയ്ക്ക് കാവിൽ തിരി തെളിക്കാൻ കൂടി കഴിയാത്ത സാഹചര്യം.
അനുഗ്രഹം ചൊരിഞ്ഞ കുലദൈവങ്ങൾ പടിയിറങ്ങിപ്പോയതിനു കാരണം തന്റെ വലിയൊരു പിഴവാണെന്ന ചിന്ത ശങ്കരനെ വല്ലാതെയുലച്ചു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വേച്ചു നടക്കാൻ തുടങ്ങിയപ്പോൾ ദേവയാനി താങ്ങാൻ ശ്രമിച്ചെങ്കിലും അവളുടെ കൈ തട്ടിത്തെറുപ്പിച്ച് കാവിന്റെ നടയിലേക്ക് നടന്നു. സമസ്താപരാധം ചൊല്ലി നടയിൽ നമസ്ക്കരിക്കുമ്പോൾ അറിഞ്ഞുകൊണ്ടു ചെയ്ത അപരാധം അയാളെ ഉമിത്തീയിൽ നീറ്റുകയായിരുന്നു.
ശങ്കരനും യശോദയ്ക്കും ഒരേയൊരു മകൾ ദേവയാനി. കഷ്ടപ്പാടുകൾക്കിടയിലും ഒരു രാജകുമാരിയേപ്പോലെയാണ് ദേവയാനിയെ ശങ്കരൻ കൊണ്ടു നടന്നത്. കൈകാലിട്ടടിച്ചും അച്ഛന്റെ വിരൽത്തുമ്പിൽ പിച്ചവെച്ചും അവൾ വളർന്നു. കാലം അവളിൽ നിറഭംഗിയുടെ ചായക്കൂട്ട് വരച്ചു ചേർത്തു. അച്ഛന്റെ പൊന്നുമോളുടെ മനസ്സിൽ പ്രണയത്തിന്റെ ചെന്തീപടർത്തിയത് ഉത്സവത്തിനു പുതുതായി വന്ന സുമുഖനായ കോലധാരിയായിരുന്നു. ദൂരെയിവിടെയോ ആണ് താമസമെങ്കിലും അമ്മ താവഴിയിലൂടെ കോലം കെട്ടാനുള്ള അവകാശത്തിലെത്തിയതാണ്. സൂര്യൻ എന്നായിരുന്നു പേര്. ചെറിയ വയസ്സിൽ ബാലപാഠങ്ങളോതിക്കൊടുത്തു, എല്ലാചിട്ടവട്ടങ്ങളും പഠിപ്പിച്ചു മികച്ച ഒരു കോലധാരിയായി മാറ്റിയെടുത്തതും ശങ്കരനായിരുന്നു. ചെറിയ ചെറിയ തെയ്യക്കോലങ്ങളിൽ നിന്നും തീച്ചാമുണ്ഡി വരെ കെട്ടിയാടുന്ന, പട്ടും വളയും ലഭിച്ച മികച്ച കോലധാരിയായി ചെറിയപ്രായത്തിലേ അവൻ മാറി. അന്നു ബാല്യത്തിൽ കണ്ടതിനുശേഷം പിന്നീട് ദേവയാനി സൂര്യനെ കാണുന്നത് ആ ഉത്സവത്തിനിടയിലായിരുന്നു. അമ്മ രോഗശയ്യയിലായതുകൊണ്ട് അച്ഛനു തുണവന്നതവളായിരുന്നു. ആദ്യകാഴ്ചയിൽ തന്നെ അവർ അനുരാഗബദ്ധരായി. ആ ഉത്സവം കൊടിയിറങ്ങിയപ്പോൾ മനസ്സിൽ പ്രണയപ്പൂരത്തിനു കൊടിയേറിയിരുന്നു. ഒരു തെയ്യക്കാലം അവരുടെ പ്രണയകാലം കൂടിയായി. പക്ഷേ അവരുടെ ബന്ധമറിഞ്ഞ ശങ്കരൻ ക്രുദ്ധനായി. അയാൾക്കൊരിക്കലും ആ ബന്ധം അംഗീകരിക്കാൻ കഴിഞ്ഞില്ല. തന്റെ കൺവെട്ടം വിട്ടു മകൾ ദൂരെ പോകുന്നത് അയാളെ സംബന്ധിച്ച് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. ഒപ്പം സൂര്യന്റെ കുടുംബപശ്ചാത്തലവും കൂട്ടുകെട്ടുമെല്ലാം ഒരിക്കലും ചേർന്നു പോകുന്നതായിരുന്നില്ല. മികച്ച കോലധാരി എന്നതിപ്പുറം ഒരു പരാജയമായിരുന്നു അവന്റെ ജീവിതം. ഏകമകളെ കുരുതികൊടുക്കാനാവാതെ പിൻതിരിപ്പിക്കാൻ ഏറെ ശ്രമിച്ചു . പിൻമാറുന്നില്ലെന്നു കണ്ടു അയാൾ വിഷണ്ണനായി.
ആ വർഷത്തെ അകത്തേത്തറകളിയാട്ടത്തിൽ തീച്ചാമുണ്ഡിക്കോലധാരി സൂര്യനായിരുന്നു. ഭഗവതിയുടെ തിരുമുടിയേന്തുന്നത് ശങ്കരനും. സൂക്ഷ്മമായി ചെയ്യേണ്ടതാണ് മുഖത്തെഴുത്തും അലങ്കാരങ്ങളും പച്ചയോലയുടെ ഇലകൾ ക്രമത്തിലടുക്കിയ വസ്ത്രാലങ്കാരമാണ് തീച്ചാമുണ്ഡിയുടേത്. മേലേരികൂട്ടിയ അഗ്നിയിലേക്ക് വീഴുമ്പോൾ അതിനുതകുന്ന രീതിയിലുള്ള ചമയമായിരുന്നു അത്. തീ പടരാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കാറുണ്ട്. അതിലെ ചെറിയ പിഴവുകൾ പോലും ജീവഹാനിക്ക് ഹേതുവാകും. എണ്ണയുടെ അംശം കലർന്ന വസ്ത്രം ചേർത്തു വസ്ത്രാലങ്കാരം ചെയ്യുമ്പോൾ ദേവയാനിയുടെ മുഖം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. കാലു തൊട്ടനുഗ്രഹം വാങ്ങുമ്പോഴും മനസ്സിനെ കല്ലാക്കി മാറ്റി.
ഭഗവതിയുടെ തിരുമുടിയേന്തുന്നതിനുമുൻപേ തീച്ചാമുണ്ഡി അഗ്നിപ്രവേശനം ചെയ്തിരുന്നു. പൊള്ളലുകളേറ്റ് അപകടാവസ്ഥയിലാവുമെന്ന ചിന്തയെ തകിടം മറച്ചു തീയാളിപ്പടർന്നു. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. വെള്ളമൊഴിച്ച് കെടുത്തുമ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു ദേഹം. കാവിന്റെ തിരുമുറ്റത്തു സംഭവിച്ച ദുർമരണം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ഒരു നാടിനെ തന്നെയതു ഇരുളിലാഴ്ത്തി.
അന്നു തളർന്നതാണ് ഒരു വശം. പിന്നെ ദുരിതങ്ങളുടെ പെയ്ത്തായിരുന്നു. യശോദ മരിച്ചു. ദേവയാനി മൂകയായി. എല്ലാ സന്തോഷങ്ങളും അസ്തമിച്ചു. ഐശ്വര്യം പടിയിറങ്ങി. കെടാവിളക്കിലെ തിരിനാളം പോലുമണഞ്ഞു. ഉള്ളിലെ മേലേരിയിൽ അഗ്നിനൃത്തമാടി കുറ്റബോധത്തിന്റെ തീച്ചാമുണ്ഡിക്കോലം. ആർക്കു വേണ്ടി അപരാധം പ്രവർത്തിച്ചോ അവളുടെ തേജസ്സറ്റ മുഖം ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. നിഗൂഢരഹസ്യമായി ഉള്ളിലൊതുക്കിയ സത്യത്തിന്റെ ചൂടിൽ അകംപുറം വെന്തുരുകി കഴിഞ്ഞ അഞ്ചു വർഷങ്ങൾ. ഇന്നലെ അകത്തേത്തറക്കാവിൽ പാപപരിഹാരകർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണവുമായി അധികാരികളെത്തിയിരുന്നു. പുനഃപ്രതിഷ്ഠയടക്കമുള്ള ചടങ്ങിൽ അവകാശിയായ സ്ഥാനീയൻ കൂടിയാണല്ലോ താൻ. ആ നിമിഷം മുതൽ പശ്ചാത്താപത്തിന്റെ കനലുകൾ മേലേരി ഏറ്റിത്തുടങ്ങി.
നിറഞ്ഞമിഴികളോടെ എഴുന്നേറ്റ് തിരിഞ്ഞു നോക്കുമ്പോൾ പിറകിൽ തീക്കണ്ണുകളുമായി നിൽക്കുന്ന ദേവയാനിയേയാണ് കണ്ടത്. നോക്കി നിൽക്കെ അഗ്നിച്ചിറകുമായി തീച്ചാമുണ്ഡിയായവൾ രൂപം മാറുന്നതുപോലെ. അടയുന്ന കണ്ണുകളുമായി പിറകിലോട്ടു മറഞ്ഞു നടക്കല്ലിലേക്ക് തലയടിച്ചു വീഴുമ്പോൾ ആയിരം തീപന്തങ്ങളേന്തി കുലദൈവങ്ങൾ ചുറ്റും താണ്ഡവമാടുകയായിരുന്നു.
****നിഷിബ എം നിഷി ****
#എന്റെ രചന
#നീറ്റൽ
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ


9 Comments
മനോഹരമായ എഴുത്ത് നിഷിബ 👌👌👌👌
സ്നേഹം സന്തോഷം 😍
വായിക്കുകയല്ലായിരുന്നു . കാണുകയായിരുന്നു 👌👌😍😍👍
സ്നേഹം സന്തോഷം 😍
വല്ലാത്ത നൊമ്പരം തന്നെ. മനോഹരം നിഷീ
❤️👌🌹
സ്നേഹം സന്തോഷം 😍
നന്നായി എഴുതി 👍
നീറ്റലായി 😰
സ്നേഹം സന്തോഷം 😍
നന്നായി എഴുതി.