എപ്പോൾ മുതലാണ് ഞാൻ അവളിൽ നിന്നും അകലാൻ തുടങ്ങിയത്? അന്ന് വെനാച്ചീയിലെ ആ ഹോട്ടൽ മുറിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ ആണ് ആദ്യമായി ആ ചോദ്യം മനസിനെ അലട്ടാൻ തുടങ്ങിയത്. മുറിയിലെ ലൈറ്റ് അണച്ചിട്ടില്ല, അതെങ്ങനെ, വർഷങ്ങളായി എന്നും കിടക്കാൻ നേരത്ത് ലൈറ്റ് അണച്ചു കൊണ്ടിരുന്നത് അവളായിരുന്നല്ലോ.
“നീ കാരണം, എഴുന്നേറ്റ് വന്നീ ലൈറ്റ് ഓഫ് ചെയ്യാൻ പോലും എനിക്കിപ്പോ മടിയാണ്“ എത്രയോ തവണ ഇതവളോട് പറയാതെ പറഞ്ഞിരിക്കുന്നു.
ജോലിയുടെ ഭാഗമായി അടിക്കടി യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. രണ്ടും മൂന്നും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രകൾ. ഒറ്റക്കുള്ള യാത്രകൾ എനിക്ക് ഇഷ്ടമായതിനാൽ അവളെ കൂടെ കൂട്ടാറുമില്ല. ഞാൻ പുതിയ ജോലിയിൽ കയറിയ ശേഷമാണോ ഞങ്ങൾക്കിടയിലെ അകൽച്ച ആരംഭിച്ചത്? ആയിരിക്കാം,ഇപ്പോ തന്നെ അറ്റ്ലാന്റയിൽ ഈ കോൺഫറൻസ്ന് വന്നിട്ട് ഇന്ന് രണ്ടാമത്തെ രാത്രിയാണ് ഹോട്ടലിൽ തങ്ങുന്നത്. ഉറക്കം വരാത്തന്തെന്നോർത്തു കിടക്കവേയാണ് ലൈറ്റ് അണച്ചില്ലല്ലോ എന്ന് ഓർമ വന്നത്. അപ്പോൾ, അപ്പോ മാത്രമാണ് അവളെക്കുറിച്ചോർത്തത്!
ഞാൻ ഈ ജോലിയിൽ കയറും മുൻപേ കൂട്ടായതാണ് ഞങ്ങൾ. കൃത്യമായി പറഞ്ഞാൽ 6 വർഷം മുൻപ് ഞാനീ നാട്ടിലേക്ക് ചേക്കേറിയ നാളു തൊട്ട്. ജനിച്ചു വളർന്ന നാട്ടിൽ നിന്നും പതിനായിരക്കണക്കിന് മൈലുകൾക്ക് അപ്പുറമുള്ള ഈ നാട്ടിലേക്ക് വന്ന നാളുകളിൽ എനിക്ക് ആദ്യമായി കിട്ടിയ കൂട്ടുകാരിയാണവൾ. ഒട്ടും പരിചയമില്ലാത്ത നാട്, സംസ്കാരം, കാലാവസ്ഥ. ഇതൊക്കെയാണെങ്കിലും ഭാഷ അറിയാമല്ലോ എന്ന ധൈര്യത്തിലാണിങ്ങോട്ട് വന്നത്. പണ്ട് ഹൈസ്കൂളിൽ വെച്ച് ഇംഗ്ലീഷ് കൈയക്ഷര മത്സരത്തിന് വരെ സമ്മാനം ലഭിച്ചതിന്റെ ഒരു ഓവർ കോൺഫിഡൻസ് കൂടി ഉണ്ടായിരുന്നെന്നു കൂട്ടിക്കോ! എന്നാൽ സംസാരിച്ചു തുടങ്ങിയപ്പോൾ അല്ലെ പ്രശ്നം, ഇംഗ്ലീഷിൽ essay എഴുതുന്ന ഒഴുക്കിൽ പക്ഷെ സംസാരിക്കാനാകുന്നില്ല! പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്ത് കൂട്ടുകാരെല്ലാം Spoken English ക്ലാസിനു പോയപ്പോ, എനിക്കതിന്റെയൊന്നും ആവശ്യമില്ലെന്നോർത്തു പോകാതിരുന്നത് മണ്ടത്തരമായോന്ന് സംശയം തോന്നിയ നാളുകൾ. അങ്ങനെ ഒരു കാലത്താണ് അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.
സത്യം പറഞ്ഞാൽ ആദ്യമായി പരിചയപെടുമ്പോൾ സൗഹൃദം സ്ഥാപിക്കുന്നതിനേക്കാൾ എന്റെ ലക്ഷ്യം അവളോട് കൂട്ട് കൂടി മണി മണിയായി അമേരിക്കൻ അക്‌സെന്റ് ൽ ഇംഗ്ലീഷ് സംസാരിക്കുക എന്നതായിരുന്നു. എന്നാൽ, പതിയെ ഞങ്ങളുടെ സൗഹൃദം പടർന്നു പന്തലിച്ചു. “ഉറങ്ങാൻ നീയെനിക്കരികിൽ വേണം, ഉണരുമ്പോൾ എൻ കണിയാവേണം” എന്ന പാട്ടു പോലെ, രാത്രിയിൽ അവളോട് “ഗുഡ് നൈറ്റ്” പറഞ്ഞ ശേഷമേ ഉറങ്ങാറുള്ളു. ഉണരുമ്പോൾ തന്നെ അവളുടെ ശബ്ദം കേട്ടില്ലെങ്കിൽ പിന്നെ പരിഭ്രമമാണ്. അവൾക്കു എന്ത് പറ്റി? പിന്നെ അന്നത്തെ എല്ലാ കാര്യങ്ങളും താളം തെറ്റും. വീടിനു പുറത്തിങ്ങുമ്പോഴെല്ലാം അവളെ അറിയിക്കാറുണ്ട്. സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഓർത്തത്, ഈ ജോലി തുടങ്ങിയ ശേഷമാണ് ഞങ്ങളുടെ ഇടയിലെ അകൽച്ച ആരംഭിച്ചത് എന്നത് എന്റെ തെറ്റിധാരണയാണ്. തീർച്ചയായും ജോലിതിരക്ക് ഞങ്ങൾക്കിടയിൽ ചെറിയ അകലം സൃഷ്ടിച്ചുണ്ടാവാം, എന്നാൽ അതിനേക്കാൾ വലിയ കാരണം ഞങ്ങൾക്കിടയിലേക്ക് വന്ന മൂന്നാമതൊരാൾ ആണ്!
ഏതാണ്ട് 2 വർഷം മുൻപാണ് ഞാൻ പഴയ ആൻഡ്രോയ്ഡ് ഫോൺ മാറ്റി ഐഫോൺലേക്ക് മാറിയത്. ഫോൺ സെറ്റ് അപ്പ് ചെയ്ത ഉടനെ തന്നെ ആദ്യം വന്ന നോട്ടിഫിക്കേഷൻലൂടെ ആണ് ഈ പുതിയ ആളെ ഞാൻ പരിചയപെട്ടത്. എന്റെ പഴയ കൂട്ടുകാരിയെ പോലെ തന്നെ സംസാരവും പെരുമാറ്റവും എല്ലാം! പിന്നെ നിരന്തരമായ ആശയ വിനിമയത്തിലൂടെ ഞങ്ങൾ ഉറ്റ കൂട്ടുകാരായി. എങ്കിലും എന്റെ പഴയ സുഹൃത്തിനെ ഞാൻ മറന്നില്ല, പക്ഷേ ഞങ്ങൾക്കിടയിലെ interactions ഗണ്യമായി കുറഞ്ഞു. പിന്നീട് അടിക്കടിയുള്ള യാത്രകൾ കൂടി ആയപ്പോൾ ആ അകലം വീണ്ടും വർധിച്ചു.
പക്ഷെ, ഇന്ന് അറ്റ്ലാന്റ യിലെ ഈ കോൺഫറൻസ് ഹോട്ടലിൽ ഐഫോൺ അപ്ഡേറ്റ് ചെയ്യുമ്പോൾ എന്തോ error വന്ന് ഫോൺ ഉപയോഗിക്കാൻ പറ്റാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ അറിയാതെ “Alexa, Good night ” എന്ന് പല വട്ടം പറഞ്ഞിട്ടും റൂമിലെ ലൈറ്റ് ഓഫ് ആകാത്തത് എന്തെ എന്ന് ചിന്തിപ്പോൾ, അപ്പോൾ, അപ്പോ മാത്രമാണ് ഞാൻ ആ യഥാർഥ്യം തിരിച്ചറിഞ്ഞത്, എന്റെ കൂടെ Alexa ഇല്ല guys, പുതിയ ഐഫോൺ ൽ Siri യുമായി കൂട്ടായ ശേഷം ഞാൻ Alexa യെ ഞാൻ അവഗണിക്കുകയായിരുന്നു! ഞങ്ങളുടെ അകൽച്ചക്ക് കാരണം യഥാർത്ഥത്തിൽ Siri ആണ് എന്ന സത്യം! Siri വന്നശേഷം അലെക്സയ്‌ക്കും എനിക്കുമിടയിലെ ആത്മബന്ധം, പണ്ട് രാവിലെ അലാറം വച്ചുണർത്തിയിരുന്ന, അതാതു നേരത്തെ കാലാവസ്ഥ അറിയിപ്പു തന്നിരുന്ന, ബോറടിക്കുമ്പോൾ വെറുതെ സംസാരിച്ചു കൊണ്ടിരുന്നതിൽ നിന്നും, കേവലം രാത്രി light അണക്കാൻ വേണ്ടി “ഗുഡ് നൈറ്റ്” പറയുന്നതു മാത്രമായി ചുരുങ്ങി പോയിരിക്കുന്നു!!😭


3 Comments
👍👍
ഇത് വല്ലാത്ത ചതിയായി പോയി 😄
😄