എനിക്ക് ചുറ്റും കാണുന്ന മുഖങ്ങളിൽ ഞാൻ എന്നെ തന്നെ തിരയുന്നു. ഞാൻ കണ്ട ജീവിതങ്ങൾ, അനുഭവങ്ങൾ, പരിഭവങ്ങൾ, സ്നേഹം, വെറുപ്പ്, ഇവയൊക്കെ എന്റെ ചുറ്റും ചടുല താളങ്ങളാൽ നൃത്തം ചെയ്യുന്നു. ഓരോ ഓരോ ജീവിതങ്ങളിലും ഞാൻ എന്നെ കാണുന്നു.
പക്ഷേ എന്നെ ആരും മനസ്സിലാക്കുന്നില്ല, ഈ ഞാൻ പോലും. ഞാൻ എന്ന മനുഷ്യൻ അനുഭവിക്കുന്ന പരിഭവങ്ങളും സങ്കടങ്ങളും എന്താണെന്ന് മനസിലാക്കാനോ പരിഹരിക്കാനോ ആരും ഇല്ലെന്നും എന്റെ സന്തോഷവും സങ്കടവും എന്റേതു മാത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ ഞാൻ എന്നെ തിരിച്ചറിഞ്ഞു. എനിക്കു വേണ്ടി ശബ്‌ദിക്കാൻ ഞാൻ മാത്രമേ ഉള്ളുവെന്ന സത്യം. ഒരുപക്ഷെ ഉൾക്കിടിലത്തോടെ എന്നിലേക്ക് ആഴ്‌ന്നിറങ്ങിയ നിമിഷം. എന്റെ കൊച്ചു കൊച്ചു മോഹങ്ങൾ കണ്ണാടി കഷ്ണങ്ങൾ പോലെ ചിതറിത്തെറിക്കുന്ന കാഴ്ച ഉൾക്കണ്ണാൽ ഞാൻ അറിയുന്നു. എവിടെയോ എന്നെ തേടി പ്രത്യാശയുടെ ഒരു തരി വെളിച്ചംവരുന്നതായി സ്വപ്നം കാണുന്നു.
എന്റെ ഉള്ളിലെ നിഗൂഢതകൾ, വേദനകൾ അങ്ങനെ തന്നെ നിൽക്കട്ടെ. ആർക്കും അറിയാത്ത, കയറി ചെല്ലാൻ സാധിക്കാത്ത ആ നിലവറയിൽ ഞാൻ എന്നെ തന്നെ സ്നേഹച്ചരടാൽ അടച്ചിടുകയാണ്. ആരാലും അറിയാത്ത എന്നെ, എന്റെ മോഹങ്ങളെ, എന്റെ പരിഭവങ്ങളെ, എന്റെ വേദനകളെ, എന്റെ കടമകളെ, ഞാനിപ്പോൾ സ്നേഹിക്കുന്നു. എല്ലാപേരുടെയും ഉള്ളിൽ ഞാൻ എന്ന സ്വത്വം ഉണ്ട്. എന്നെ ഞാൻ തന്നെ അന്വേഷിക്കുന്നു എന്നു പറയുന്നതാണ് ഒരർത്ഥത്തിൽ ശരി. എന്നെങ്കിലും ഒരിക്കൽ, പച്ചയായ എന്നെ, ഞാൻ തന്നെ കണ്ടെത്തുമെന്ന അഭിമാനത്തോടെ, ആഗ്രഹത്തോടെ, പ്രതീക്ഷയോടെ…. ഇന്നും കാത്തിരിക്കുന്നു.


2 Comments
ഹൃദയത്തിൽ തൊട്ടൊരു രചന. അതിജീവനത്തിന്റെ, ആത്മപരിശോധനയുടെ, ആത്മവിരുദ്ധതയുടെ, ഒടുവിൽ ആത്മസ്നേഹത്തിലേക്കുള്ള അക്ഷര വഴി.
നന്ദി, സ്നേഹം❤️
❤️👌🌹