പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന ആ തെങ്ങിൽ ചാരിയിരിക്കുമ്പോൾ ശ്യാമിന്റെ ഉള്ളം നീറിപ്പുകയുകയായിരുന്നു. ചുവന്നു കലങ്ങിയ മിഴികളോടെ പുഴയിലെ കുഞ്ഞോളങ്ങളിലേക്ക് കണ്ണു പായിക്കുമ്പോൾ പഴയ കാല ഓർമ്മകൾ പലതും അവന്റെ മനസ്സിലേക്ക് ഓടിയെത്തി.
കുഞ്ഞുന്നാളിൽ അച്ഛനും ചേച്ചിയ്ക്കുമൊപ്പം നീന്തൽ പഠിച്ചതും, തോർത്തു കൊണ്ട് പരൽ മീനുകൾ കോരിപ്പിടിച്ചതും, അവധി ദിനങ്ങളിൽ കൂട്ടുകാരോടൊപ്പം മുങ്ങാംകുഴിയിട്ടു നീന്തിത്തുടിച്ചതും, ഒരിക്കൽ കൂട്ടുകാരൊന്നിച്ചു പുഴ കാണാൻ വന്നു, കാൽവഴുതി പുഴയിൽ വീണ നീതുവിനെ രക്ഷപ്പെടുത്തിയതും, അന്നുമുതൽ അവളിൽ മൊട്ടിട്ട പ്രണയം അവൾ ആദ്യമായി തന്നോട് തുറന്നു പറഞ്ഞതും, അങ്ങിനെ ജീവിതത്തിലെ എത്രയെത്ര നല്ല നിമിഷങ്ങൾ..! ഒരിക്കലും മറവിക്ക് വിട്ടു കൊടുക്കാൻ കഴിയാത്ത മനോഹരമായ എത്രയെത്ര ഓർമ്മകൾ തനിക്ക് സമ്മാനിച്ചിട്ടുണ്ടീ പുഴ!
തന്റെ ആത്മവിനോട് അത്രയും ചേർന്നു നിൽക്കുന്നത് കൊണ്ടായിരിക്കുമല്ലോ ഇന്നീ ഉള്ളം തകർന്ന വേദനയിൽ ആദ്യം ഓടിയെത്താൻ തോന്നിയത് ഈ പുഴക്കരയിലേക്ക് തന്നെയായത്.!
കാലചക്രം മുന്നോട്ടു കുതിക്കുമ്പോൾ കൂട്ടുകാരിൽ പലരും ജോലിയും മറ്റുമായി ജീവിതത്തിരക്കുകളിലേക്ക് ഊളിയിട്ടപ്പോൾ ആമ്പല്ലൂർ പുഴയെയും പതിയെ മറന്നിരുന്നു. താനും കിച്ചുവും മാത്രം പതിവു ശീലങ്ങൾ തെറ്റിച്ചിരുന്നില്ല..രണ്ടു വർഷം മുൻപ് അവൻ ഗൾഫിലേക്ക് പോകുന്നത് വരെ! അവനില്ലായ്‌മ മനസ്സിലൊരു ശൂന്യത നിറച്ചപ്പോൾ പതിവു ശീലങ്ങൾ തന്നിൽ നിന്നും പതിയെ അപ്രത്യക്ഷമായി. എന്നാൽ ഈ മാസം അവൻ ലീവിന് വന്നപ്പോൾ മുതൽ വീണ്ടും ഒഴിവുവേളകൾ മുങ്ങിക്കുളിയും മീൻപിടുത്തവും ഒക്കെയായി തങ്ങൾ ആഘോഷമാക്കി മാറ്റിയിരുന്നു.
പണ്ടു മുതലേ കൂട്ടുകാരിൽ തനിക്കെന്നും അടുപ്പക്കൂടുതൽ കിരൺ എന്ന കിച്ചുവിനോടായിരുന്നു. അച്ഛന്റെ കൂട്ടുകാരൻ രവിയേട്ടന്റെ മകൻ ആണെന്നുള്ളതും വീടുകൾ തമ്മിൽ നൂറു മീറ്റർ ദൂരമേയുള്ളു എന്നതും അതിനൊരു കാരണവും കൂടിയായിരുന്നു. കിച്ചു..! ഏതു കാര്യത്തിനും തന്റെ ഒപ്പം നിന്നിരുന്ന തന്റെ ചങ്കായിരുന്നവൻ, നീണ്ട മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് നീതു വീട് വിട്ട് ഇറങ്ങി വന്നപ്പോൾ തങ്ങളെ ഒന്നിപ്പിക്കാൻ മുൻ പന്തിയിൽ നിന്നവൻ, എന്നും തന്റെ സന്തതസഹചാരിയായിരുന്നവൻ.
ഓർമ്മകളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയപ്പോൾ ശ്യാമിന്റെ മിഴികൾ സജലങ്ങളായി. ഒരു ഇളംകാറ്റ് തഴുകിക്കടന്നു പോയപ്പോൾ, വ്യാമോഹമാണെന്നറിഞ്ഞിട്ടും തന്റെ ഉള്ളിലെ കനലെരിയിക്കാൻ ഉള്ള ശക്തി ആ കുളിർക്കാറ്റിനുണ്ടായിരുന്നുവെങ്കിൽ എന്നവൻ വെറുതെ മോഹിച്ചു.
നീതു.. അവളെന്നും പിടിവാശിക്കാരിയായിരുന്നു. തന്റെ പ്രണയവും അവൾ അത്തരത്തിൽ തന്നെ നേടിയെടുത്തതാണല്ലോ..!!ഒരു നെടുവീർപ്പോടെ ഓർത്തു ശ്യാം.
സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള അവളുടെ വീട്ടുകാർക്ക് വെറുമൊരു പ്ലമ്പർ ആയ തന്നെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പൂർണ്ണ ബോധ്യമുള്ളത് കൊണ്ടായിരുന്നു ഉള്ളിലെ ഇഷ്ടം മറച്ചു വെച്ചു കൊണ്ട് തന്നെ അവളെ തന്നാലാവുന്ന വിധം പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. ഒടുവിൽ പുഴയിൽ ചാടി ജീവൻ വെടിയുമെന്ന അവളുടെ ഭീഷണിക്ക് മുൻപിൽ താനും കീഴടങ്ങുകയായിരുന്നു..
തന്റെ അമ്മയും ചേച്ചിയും പൂർണ്ണ മനസ്സോടെ തന്നെയാണ് നീതുവിനെ സ്വീകരിച്ചത്. അച്ഛനുണ്ടായിരുന്നുവെങ്കിൽ അച്ഛനും നിറമനസ്സോടെ തന്നെ അവളെ സ്വീകരിക്കുമായിരുന്നു. അതായിരുന്നു തന്റെ കുടുംബം. സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ.
തന്നെ സ്നേഹിച്ച കാരണം കൊണ്ട് എല്ലാ സുഖങ്ങളും ത്യജിച്ചു വന്നവൾക്ക് ഒരു കുറവും വരാതിരിക്കാനായിരുന്നു പലപ്പോഴും ഒഴിവുദിനങ്ങളിൽ പോലും പണിക്കിറങ്ങിയത്. എന്നിട്ടും അവളുടെ പരാതികളും പരിഭവങ്ങളും തീരുന്നുണ്ടായിരുന്നില്ല. അവളുടെ പരാതികൾ ഒരു പരിധി വരെ അവസാനിച്ചത് ഒരിക്കൽ വീട്ടിൽ വന്ന ചേച്ചിയോടൊപ്പം അമ്മ വീടിന്റെ പടിയിറങ്ങിപ്പോയപ്പോഴായിരുന്നു.
തിരികെ വിളിക്കാൻ ചെന്ന തന്റെ തലയിൽ സ്നേഹത്തോടെ തലോടിക്കൊണ്ടാണ് അമ്മ പറഞ്ഞത്.
“കണ്ണാ.. അമ്മയ്ക്ക് പരാതിയൊന്നും ഉണ്ടായിട്ടല്ല അമ്മ വരണില്ലാന്ന് പറഞ്ഞതെ. അമ്മ ഇനീം അവിടെ നിന്നാൽ ന്റെ കുട്ടിയ്ക്ക് ഒരു സമാധാനോം കിട്ടില്ല.. ന്റെ മക്കൾ സുഖായി ജീവിക്കണത് കണ്ടാ മതി അമ്മയ്ക്ക്..ഇടയ്ക്ക് അമ്മ വന്നോളാം.. പിന്നെ നിങ്ങൾക്ക് എപ്പോ വേണേലും അമ്മയെക്കാണാൻ വരാല്ലോ.”
ചേച്ചിയും ഹരിയേട്ടനും കൂടി അമ്മയുടെ വാക്കുകളെ പിന്തുണച്ചപ്പോൾ നിരാശനായി മടങ്ങേണ്ടി വന്നു.. ഒരു ദിവസം പോലും തങ്ങളുടെ വീട് വിട്ടു നിൽക്കാൻ ഇഷ്ടപ്പെടാതിരുന്ന അമ്മ സ്വന്തം വീട്ടിൽ അങ്ങിനെ വിരുന്നുകാരിയായി മാറി. അതിന്റെ പേരിൽ പോലും താൻ ഇന്നു വരെ നീതുവിനെ കുറ്റപ്പെടുത്തിയിട്ടില്ല. അല്ലെങ്കിലും ഒന്നിന്റെ പേരിലും താൻ അവളെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ലല്ലോ.. സ്വന്തം വീട്ടുകാർ പൂർണ്ണമായും കയ്യൊഴിഞ്ഞ അവൾക്ക് താങ്ങായി താൻ മാത്രമേ ഉള്ളു എന്ന തോന്നലായിരുന്നു എപ്പോഴും ഉള്ളിൽ. എന്നിട്ടും.. എന്തിനു വേണ്ടി?
ഉത്തരം കിട്ടാത്ത ആ ചോദ്യം കൂരമ്പു പോലെ തന്റെ ഉള്ളം കീറിമുറിക്കുന്നതായി തോന്നി ശ്യാമിന്..
ജോലി സ്ഥലം അല്പം ദൂരെയായിരുന്നതിനാൽ ഇന്നു രാവിലെ വീട്ടിൽ നിന്നും അല്പം നേരത്തെ തന്നെയിറങ്ങിയിരുന്നു. അല്പദൂരം ചെന്നപ്പോൾ തന്നെ മഴ തുള്ളിയിടാൻ തുടങ്ങി. അപ്പോഴാണ് റെയിൻ കോട്ട് എടുത്തിട്ടില്ലെന്ന കാര്യം ഓർമ്മ വന്നത്. തലേന്ന് വൈകിട്ട് ജോലി കഴിഞ്ഞുള്ള മടക്കത്തിൽ പ്രതീക്ഷിക്കാതെ പെയ്ത പെരുമഴയിൽ നനഞ്ഞു കുതിർന്നാണ് വീട്ടിലെത്തിയത്.. ഇന്നും റെയിൻ കോട്ടില്ലെങ്കിൽ അതാവർത്തിക്കേണ്ടി വരുമല്ലോ എന്നോർത്താണ് വീട്ടിലേക്ക് തിരിച്ചത്. വീടിന്റെ പിന്നാമ്പുറത്തെ ബഹളത്തിൽ നിന്നും മക്കളെ കുളിപ്പിക്കുന്ന തിരക്കിലാണ് നീതുവെന്നു മനസ്സിലായി. സ്കൂൾ ബസ് എത്താൻ ഇനി അരമണിക്കൂർ കൂടിയേ ഉള്ളൂ. അതുകൊണ്ട് തന്നെ അവളെ വിളിച്ചു ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. ചാരി വെച്ച മുൻവശത്തെ വാതിൽ തുറന്നു റൂമിലെ അലമാരയിൽ നിന്നും റെയിൻകോട്ടെടുക്കാൻ തുടങ്ങുമ്പോഴാണ് ഒരു പുതിയ ഫോൺ ശ്രദ്ധയിൽ പെട്ടത്..
നീതുവിന്റെ ഫോണല്ലെന്നു മനസ്സിലായതും സംശയത്തോടെ ആ ഫോൺ കയ്യിലേക്കെടുത്തപ്പോൾ തന്നെ’ MySoul ‘എന്ന് സേവ് ചെയ്തു വെച്ച നമ്പറിലേക്ക് പകുതി ടൈപ്പ് ചെയ്തു വെച്ച മെസ്സേജ് കണ്ടു. ആ നമ്പറിലെ DP യിൽ തെളിഞ്ഞു കണ്ട കിച്ചുവിന്റെ ചിത്രം ഉള്ളിൽ പല വിധ ചോദ്യങ്ങളും ഉയർത്തി. അമ്പരപ്പോടെ മുകളിലെ ഒന്നു രണ്ടു വോയിസ് മെസ്സേജുകൾ കേട്ടപ്പോൾ ഇടനെഞ്ചു പൊട്ടുന്നതായി തോന്നി ശ്യാമിന്.! തന്റെ ആത്മാവിന്റെ അംശങ്ങൾ തന്നെയെന്ന് താൻ കരുതിയിരുന്ന തന്റെ പ്രാണന്റെ പാതിയും തന്റെ ആത്മ മിത്രവും പരസ്പരം അയച്ച പ്രണയാതുരമായ ശബ്ദ സന്ദേശങ്ങൾ. താൻ കണ്ടത് സ്വപ്നമല്ലെന്ന് വീണ്ടും വീണ്ടും സ്വയം ബോധ്യപ്പെടുത്തി. മനസ്സ് എന്തിനൊക്കെയോ വേണ്ടി മുറവിളി കൂട്ടി. മക്കളുടെ മുഖങ്ങൾ മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ നിസ്സഹായതയോടെ ഒരു നിമിഷം കട്ടിലിലേക്കിരുന്നു.
ഒന്നാർത്തു കരയണമെന്ന് തോന്നിയപ്പോൾ കാലുകൾ വലിച്ചു മുറ്റത്തേക്കോടുകയായിരുന്നു. തകർന്ന മനസ്സോടെ ഫോണും ഓഫാക്കി ഇവിടെ ഈ ഇരുപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി. ഇനിയെത്ര മണിക്കൂറുകൾ ഇരുന്നാലും തന്റെ മനസ്സെന്ന കടലിലെ തിരയടങ്ങുമെന്ന് തോന്നുന്നില്ല. തെറ്റ് തന്റെ ഭാഗത്തുമുണ്ട്. അവർക്കിടയിൽ താൻ കണ്ട സഹോദരസ്നേഹം കാപട്യത്തിന്റെ മുഖം മൂടിയാണെന്ന് തിരിച്ചറിയാൻ തനിക്കായില്ല.. ഒരു കൂടപ്പിറപ്പിനെപ്പോലെ കരുതി തന്റെ വീട്ടിൽ, കിച്ചുവിന് അമിത സ്വാതന്ത്ര്യം നൽകിയത് താൻ തന്നെയായിരുന്നു. എല്ലാം തിരുത്തണം.. നീതുവിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണം. എന്തു തന്നെയായാലും തന്റെ മക്കൾക്ക് അവരുടെ അമ്മയെ വേണമല്ലോ.!
കിച്ചുവിനെക്കൊണ്ട് എത്രയും വേഗം ഒരു വിവാഹത്തിനു സമ്മതിപ്പിക്കണം. വിവാഹക്കാര്യം പറയുമ്പോഴുള്ള അവന്റെ ഒഴിഞ്ഞു മാറ്റം രവിയേട്ടനെയും ഭാമേച്ചിയേയും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. ആ സങ്കടം അവരിന്നലെയും തന്നോട് പങ്കു വെച്ചിരുന്നു.
എല്ലാം ശരിയാക്കണം!
ആ ഉറച്ച തീരുമാനത്തോടെ ഇരു കൈകൾ കൊണ്ടും കണ്ണുകൾ അമർത്തിത്തുടച്ചു കൊണ്ട് ശ്യാം ബൈക്കിലേക്ക് കയറി വീട്ടിലേക്ക് തിരിച്ചു.
കോളിംഗ് ബെല്ലിൽ വിരലമർത്താൻ തുടങ്ങുമ്പോഴാണ് പടികളുടെ ഒരു വശത്തായി അഴിച്ചു വെച്ച കിച്ചുവിന്റെ ഷൂസ് ശ്രദ്ധയിൽ പെട്ടത്. എന്തോ ഒരുൾപ്രേരണയാൽ വീടിന്റെ പുറകു വശത്തേക്ക് നടക്കുമ്പോൾ കണ്ടു, ഒരു വശത്തായി വീടിനോട് ചേർന്ന് ചാരി നിർത്തിയിട്ടിരിക്കുന്ന അവന്റെ ബൈക്ക്. തകർന്ന ഹൃദയത്തോടെ അതിലേക്ക് നോക്കുമ്പോൾ വീടിനുള്ളിൽ നിന്നും അടക്കിപ്പിടിച്ച ചിരിയൊച്ചകൾ കേൾക്കാമായിരുന്നു. ഇരുകൈകൾ കൊണ്ടും ചെവികൾ പൊത്തിപ്പിടിച്ച് കണ്ണുകൾ ഇറുകെയടക്കുമ്പോൾ തന്റെയുള്ളിൽ തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു ഭാവം ഉടലെടുക്കുന്നതായി തോന്നി ശ്യാമിന്. തലയ്ക്കുള്ളിൽ ആയിരം വണ്ടുകൾ ഒരുമിച്ചു വട്ടമിട്ടു പറക്കുന്നതു പോലെ. മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഒറ്റച്ചവിട്ടിന് വലിയൊരു ശബ്ദത്തോടെ ആ ബൈക്ക് നിലം പതിച്ചു. ഭ്രാന്തമായ ആവേശത്തോടെ വീടിന്റെ പിന്നിലേക്ക് ഓടുമ്പോൾ കണ്ണിൽ കണ്ടതെല്ലാം കാലു കൊണ്ട് തട്ടിയെറിഞ്ഞു. രാവിലെ തേങ്ങ വെട്ടി മുറ്റത്തു തന്നെ വെച്ചിരുന്ന കൊടുവാളിൽ കണ്ണുടക്കിയപ്പോൾ ശ്യാമിന്റെ കണ്ണുകൾ നിർവചിക്കാനാവാത്ത ഭാവത്തോടെ വെട്ടിത്തിളങ്ങി.
മുറ്റത്തെ ശബ്ദം കേട്ട് അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി വാതിൽ തുറന്ന നീതു കനലെരിയുന്ന കണ്ണുകളോടെ കൊടുവാളും പിടിച്ചു നിൽക്കുന്ന ശ്യാമിനെ കണ്ട് അമ്പരന്നു. സ്വബോധം വീണ്ടെടുത്ത് ഒരു നിലവിളിയോടെ തിരിഞ്ഞോടാൻ തുടങ്ങിയ അവളും അവളുടെ നിലവിളി കേട്ട് അകത്തു നിന്നും ഓടിയെത്തിയ കിരണും നിമിഷങ്ങൾക്കകം ശ്യാമിന്റെ കയ്യിലെ കൊടുവാളിനിരകളായി.
മണിക്കൂറുകൾക്ക് ശേഷം..
വാപൊത്തി പൊട്ടിക്കരയുന്ന അമ്മയേയും ചേച്ചിയേയും ചുറ്റിപ്പിടിച്ചു കൊണ്ട് നിറമിഴികളോടെ ദയനീയ ഭാവത്തിൽ തന്നെ നോക്കുന്ന ആറു വയസ്സുകാരന്റെയും നാലു വയസ്സുകാരിയുടെയും മുഖങ്ങളിലേക്ക് നോക്കാനുള്ള ത്രാണിയില്ലാതെ ഹൃദയം തകർന്നു കൊണ്ട് പോലീസ് ജീപ്പിലേക്ക് കയറുമ്പോൾ ശ്യാം കണ്ടു.. തലേന്ന് താനും നീതുവും മക്കളും കൂടി ഉണ്ടാക്കിയ കടലാസു വഞ്ചികളിലൊന്ന് ജീപ്പിന്റെ ചക്രങ്ങളിലൊന്നിന്റെ അടിയിൽ കിടന്ന് ഞെരിഞ്ഞമരുന്നത്.
അപ്പോഴും ദൂരെ.. ഇതൊന്നുമറിയാതെ ആമ്പല്ലൂർ പുഴ ശാന്തമായി ഒഴുകുന്നുണ്ടായിരുന്നു..
Sajna VP
#എന്റെരചന
#മുഖംമൂടികൾ


18 Comments
💯💯💯👌👌👌👌
നിറഞ്ഞ നന്ദി 🥰🥰
ശ്യാമിൻ്റെ അനുഭവമുള്ളവരെ ഇന്ന് നമ്മൾ കാണുന്നുണ്ട്….. നന്നായെഴുതി👍🌹
നന്ദി.. നിറഞ്ഞ സ്നേഹം ❤️
ഒറ്റയിരിപ്പിൽ വായിച്ചുതീർത്തു. ഇത്തരം ബന്ധങ്ങളും- തകരുന്ന കുടുംബങ്ങളും ഏറിവരികയാണ്-
പുതിയ കഥകളുമായി ഇനിയും വരിക- ആഭിനന്ദനങ്ങൾ
വായിച്ചതിന്.. മറുകുറിപ്പ് നൽകിയതിന് നിറഞ്ഞ സ്നേഹം നന്ദി..
Thank you🥰
സജ്‌ന നല്ല എഴുത്തു ഡിയർ, ശ്യാമിനെ പോലെ ചതിക്കപ്പെടുന്നവർ ഇന്നു കൂടി വരുന്നു..
സാബി… Thanks dear ❤️❤️
Super dear❤️
Thanks dear ❤️❤️
വിവാഹബന്ധങ്ങൾ വഞ്ചനകൊണ്ട് തകരുന്നതും അതിൽ മനസു നുറുങ്ങുന്ന പങ്കാളിയും നന്നായി മനസ്സിൽ തങ്ങി നിൽക്കുന്നു. നിയമത്തിന് കീഴടങ്ങുന്ന ഭാഗം ഉൾപ്പെടുത്തിയത് നന്നായി. നിയമം കൈയിലെടുക്കാനും ഒരു കൊലപാതകം ഗ്ലോറിഫൈ ചെയ്യാനും ശ്രമിച്ചില്ല, എന്നതാണ് എഴുത്തിന്റെ നന്മ.👍
എന്റെ എഴുത്ത് വായിച്ചു എന്നറിഞ്ഞതിൽ തന്നെ നിറഞ്ഞ സന്തോഷം. ഒപ്പം ഈ മറുകുറിപ്പു കൂടിയായപ്പോൾ ആ സന്തോഷം ഇരട്ടിയായി..
Thank you❤️❤️
നന്നായി എഴുതി👌
നന്ദി.. സ്നേഹം ❤️❤️
ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു. പ്രിയ കൂട്ടുകാരി സജ്‌നയുടെ എഴുത്തുകൾ എല്ലാം തന്നെ പച്ചയായ ജീവിതങ്ങൾ തുറന്നു കാട്ടുന്നവയാണ്. നമുക്ക് ചുറ്റും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പലരുടെയും ജീവിതാനുഭവങ്ങൾ തന്നെയാണ് ഈ കഥ. വായിച്ചു കഴിഞ്ഞപ്പോൾ എല്ലാം നഷ്ടപ്പെട്ട ശ്യാം എന്ന ചെറുപ്പക്കാരൻ ഉള്ളിൽ ഒരു നീറ്റലായ് ബാക്കിയായി. ഇനിയും സജ്‌നയുടെ എഴുത്തുകൾ പ്രതീക്ഷിക്കുന്നു ❤️.
Thank you dear..
വായിച്ചതിന്… മനോഹരമായ മറുകുറിപ്പ് നൽകിയതിന്…
❤️❤️
Super dear❤️
❤️❤️