കുഞ്ഞ് നവമി ആയിരുന്നു ദേവിയുടെ ലോകം, ദേവി നല്ലൊരു അമ്മയായി മാറി. നിധിന്റെ അസാന്നിധ്യം ദേവിയെ വല്ലാതെ വിഷമിപ്പിച്ചെങ്കിലും തൻ്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ദേവി പഴയത് പോലെ മുഴുകി തുടങ്ങി.
കൈലാസന്റെ മരണം ഒരു ആത്മഹത്യയാണെന്ന് പോലീസ് റിപ്പോർട്ട് വന്നു. അതറിഞ്ഞ് ദേവി ഇൻസ്‌പെക്ടർ സഞ്ജീവിനോട് തട്ടി കയറി.
“കൈലാസൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവനൊരു ഭീരുവല്ലായിരുന്നു. “
സഞ്ജീവ് ദേവിയെ ആശ്വസിപ്പിച്ചു.
“ദേവി, ഇന്ത്യൻ നിയമ വ്യവസ്ഥയിൽ തെളിവുകൾക്കല്ലേ പ്രാധാന്യം. അന്ന് രാത്രി കൈലാസൻ ഉപയോഗിച്ചിരുന്ന ഫോൺ ആരുടേതാണ്?ആരെയാണ് വിളിച്ചത്, ഇക്കാര്യങ്ങളൊക്കെ പോലീസ് അന്വേഷിച്ചിരുന്നു. ഫോണിന്റെ ഉടമസ്ഥനെ കണ്ടു പിടിക്കാൻ സാധിച്ചു. അത് ആ ഹോട്ടലിൽ താമസിച്ചിരുന്ന ഒരു നോർത്ത് ഇന്ത്യക്കാരൻ്റേതാണ്. അയാൾ പൂളിൽ വച്ച് തന്റെ ഫോൺ നഷ്ടപ്പെട്ടെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ആരെങ്കിലും മനപ്പൂർവ്വം എടുത്ത് മാറ്റിയതാകും. പക്ഷേ തെളിവില്ല. “
“ആ ഫോൺ എന്തിന് കൈലാസൻ ഉപയോഗിക്കണം. “
“ആ ഫോൺ എങ്ങനെ കൈലാസന്റെ കയ്യിലെത്തിയെന്നു അറിയില്ല, അത് കണ്ട് പിടിക്കാൻ സാധിച്ചിട്ടില്ല. ആ സമയത്ത് ആ ടവറിന്റെ കീഴിൽ ഫോൺ ഉപയോഗിച്ചവരുടെ ലിസ്റ്റ് പോലീസ് എടുത്തിരുന്നു. കൈലാസൻ ഉപയോഗിച്ച ഫോണിൽ നിന്നും ലാസ്റ്റ് കാൾ പോയിരിക്കുന്നത് ഒരു ബംഗാളിയുടെ ഫോണിലേക്കാണ്. അയാൾ ഇപ്പോൾ നാട്ടിലില്ല. പക്ഷേ പോലീസ് അന്വേഷിച്ച് അയാളുടെ മുർഷിദാബാദ് അഡ്രസ്സിൽ പോയി. അയാൾ കേരളത്തിൽ നിന്നും മടങ്ങി ചെന്നിട്ട് ഇല്ല. അയാളുടെ വിവരം വീട്ടുകാർക്ക് അറിയില്ല. അയാളുടെ ഫോൺ പിന്നെയാരും ഉപയോഗിച്ചിട്ടില്ല.
ആ അന്വേഷണം അവിടെ വച്ച് വഴി മുട്ടി. “
“കൊലപാതകി എത്ര സമർത്ഥനാണ്. തെളിവുകളൊക്കെ പൂർണ്ണമായും നശിപ്പിച്ചു. കൈലാസന് അങ്ങനെ ആരോടും അടുപ്പമുണ്ടായിരുന്നില്ല. അപരിചിതരോട് പെട്ടെന്ന് അടുക്കാൻ കൈലാസന് കഴിയുമായിരുന്നില്ല. ഞാൻ മുഖ്യമന്ത്രിയെ ഒന്നും കാണാൻ പോകുന്നു. ഈ കേസിൻ്റെ അന്വേഷണം പുനരാരംഭിക്കണം. സി ബി ഐ വിടണം. അല്ലെങ്കിൽ എനിക്ക് നീതി കിട്ടില്ല. “
” നമ്മുടെ പൊലീസിന് പരിമിതികൾ ഉണ്ട്. എന്നാലും അന്വേഷണം നല്ല രീതിയിൽ നടന്നിട്ടുണ്ടെന്ന് കോടതിയുടെ വിലയിരുത്തലുണ്ട്. മുകളിൽ നിന്നുള്ള സമ്മർദ്ദം, എതിർഭാഗത്തുള്ള വലിയ ആൾക്കാർ, അതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ല.. സി ബി ഐ ആകുമ്പോൾ, ഇതൊക്കെ തന്നെയല്ലേ നടക്കുന്നത്. ഞാൻ ദേവിയെ നിരുൽസാഹപ്പെടുത്തുന്നില്ല. പുനർ അന്വേഷണത്തെ ഇതൊന്നും ബാധിക്കില്ലല്ലോ. “
“എനിക്ക് നീതി കിട്ടണം സർ. “
ദേവിയുടെ ജീവിതത്തിൽ ഇപ്പോൾ സമാധാനമുണ്ട്. റെസ്റ്റോറന്റ് അജ്മലിന് ലീസിനു കൊടുക്കാൻ ദേവി തീരുമാനിച്ചു. ഇനി അതിലൊന്നും കൂടുതൽ ശ്രദ്ധ കൊടുക്കാൻ പറ്റില്ല. മകളോടൊപ്പം കൂടുതൽ നേരം ചെലവഴിക്കണം, അവൾക്ക് വേണ്ടി ജീവിയ്ക്കണം.
ദേവി പുതിയൊരു കാർ വാങ്ങി. കാറിന്റെ ഡ്രൈവറായി അശോകദാസിനെ നിയമിച്ചു. വീടും ഓഫീസുമായി അവൾ തൻ്റെ മുഴുവൻ സമയം ചെലവിട്ടു. പ്രൊഫസ്സർ മാലതി മാത്യുവിന്റെ അടുത്തേയ്ക്ക് പോകുന്നത് കുറഞ്ഞു. മുഴുവൻ സമയവും മകൾക്കും പേരകുട്ടിയ്ക്കുമായി അവർ ചെലവഴിച്ചു. വീട്ടിൽ നല്ല സന്തോഷം കളിയാടി.
നവമിയും അനുപമയുടെ ഇരട്ട കുട്ടികളും ഒരേ പ്രായമായിരുന്നു. കുട്ടികൾക്ക് ഒരു മാസത്തെ പ്രായ വ്യത്യാസം മാത്രമേയുള്ളൂ. ദേവി മകളുമായി അവിടെ പോകും അല്ലെങ്കിൽ അനുപമ കുട്ടികളുമായി ഇവിടേയ്ക്ക് വരും.
ദേവിയുടെ സന്തോഷം അധികം നീണ്ടു നിന്നില്ല. അമ്മയും ദേവിയും മാത്രമുള്ള ഒരു ദിവസം. മുറിയിൽ ഉറക്കി കിടത്തിയിരുന്ന കുഞ്ഞിനെ കട്ടിലിൽ കണ്ടില്ല. ദേവി എല്ലായിടത്തും നോക്കി. അമ്മയെ വിളിക്കാനായി വാ തുറന്നപ്പോൾ അവളെ ആരോ പിറകിൽ നിന്നും വാ പൊത്തി. ഒരു കയ്യിൽ കുഞ്ഞും മറുകൈ കൊണ്ട് ദേവിയുടെ വായും പൊത്തി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ. അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“നിധിൻ എവിടെയുണ്ടെന്ന് പറയെടീ. നിനക്ക് നിന്റെ കുഞ്ഞിനെ ജീവനോടെ തരാം. അല്ലെങ്കിൽ?”
തിരിഞ്ഞ് നോക്കുമ്പോൾ, തന്റെ കുഞ്ഞ് അവന്റെ കയ്യിലാണെന്ന് കണ്ടപ്പോൾ ദേവി ഉത്കണ്ഠപ്പെട്ടു. സുന്ദരനും സുമുഖനുമാണെങ്കിലും ഭ്രാന്തമായ, ലഹരിയ്ക്കടിമപ്പെട്ട ഒരുവനാണ്. വായ മുറുക്കെ പൊത്തി പിടിച്ചിരിക്കുന്നത് കൊണ്ട് ദേവിക്ക് ഒന്നും പറയാൻ കഴിയുന്നില്ല. തന്റെ ജീവനല്ല പ്രധാനം, തന്റെ കുഞ്ഞാണ് അവന്റെ കയ്യിൽ, സൂക്ഷിക്കണം.
ദേവിയുടെ പരിഭ്രമം കണ്ടു അവൻ ഭീഷണിപ്പെടുത്തി.
“ബഹളം വയ്ക്കരുത്, ബഹളം വച്ചാൽ ഇതിനെ ഞാൻ…. “
അവൻ കുഞ്ഞിനെ തറയിലേക്ക് എറിയാൻ ശ്രമിച്ചു.
ദേവി അവനു അഭിമുഖമായി നിന്നു. കുഞ്ഞു നവമി ഉച്ചത്തിൽ കരയുകയാണ്.
“എൻ്റെ കുഞ്ഞിനെ വേദനിപ്പിക്കരുത്, ഇങ്ങു തരൂ പ്ളീസ്, “
“നിധിൻ, എനിക്കവനെ കാണണം. അവനെവിടെയുണ്ട്. അതറിയാതെ ഞാൻ ഈ കൊച്ചിനെ തരില്ല. ഈ കൊച്ച് അവന്റെ ചോരയല്ലേ. “
” നിധിനെ ദുബായിൽ വച്ച് കാണാതെയായി. അവിടെ വച്ച് നിധിന് എന്ത് സംഭവിച്ചെന്ന് എനിക്കറിയില്ല. “
“ഞാൻ വിശ്വസിക്കില്ല. എന്റെ ജീവിതം അവനാണ് തകർത്തത്. “
“നിങ്ങളാരാണ്. നിധിനുമായി നിങ്ങൾക്കെന്താണ് പ്രശ്നം?”
അയാൾ കുഞ്ഞുമായി ഒരു കസേരയിലിരുന്നു. പോക്കറ്റിൽ നിന്നും എന്തോ പൊടിയെടുത്ത് അവൻ നാക്കിനടിയിൽ വച്ചു. കുഞ്ഞിന്റെ കരച്ചിൽ കൂടി കൂടി വന്നു. ദേവി അവന്റെ കയ്യിൽ നിന്നും കുട്ടിയെ പിടിച്ചെടുക്കാൻ ശ്രമിച്ചു. അയാൾ ദേവിയെ കട്ടിലിലേക്ക് തള്ളിയിട്ടു.
“ഞാൻ അമൻ മാലിക്. ഞാൻ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ്, എന്റെ ഭാവി അവൻ നശിപ്പിച്ചു, ഞാൻ വീക്കെൻഡ്‌സിൽ മൂന്നാറിൽ പോയി ചില ബിസിനസ്സ് ചെയ്തു ജീവിച്ചു കൊണ്ടിരുന്നതാണ്. അവൻ്റെ ഹോട്ടലിൽ വച്ച് ഈ പന്ന നായിന്റെ മോൻ എന്നെ ഒറ്റി കൊടുത്തു. ഒരിക്കൽ ഞാൻ അവനെ തീർക്കാൻ തൊട്ടു പിന്നിൽ വരെ എത്തിയതാണ് അന്ന് വേറെയാരോ നിങ്ങളുടെ വണ്ടിയുടെ പിറകിൽ ഉണ്ടായിരുന്നു. അവനെ ആരെങ്കിലും തീർത്താൽ മതിയല്ലോ, ഞാൻ അന്ന് കളത്തിൽ ഇറങ്ങാതെ കരയിലിരുന്നു മീൻ പിടിക്കാമെന്നു കരുതിയതാ. ഇപ്പോൾ ഞാൻ സസ്‌പെൻഷനൊക്കെ കഴിഞ്ഞു തിരികെ കോളേജിൽ കയറിയതാ, അപ്പോഴാണ് ഒരു യുട്യൂബ് ചാനൽ പഴയ വീഡിയോ ലീക്ക് ആക്കിയത്. കൃത്യസമയത്ത് വിവരം അറിഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു. ആ വീഡിയോ അവൻ ഷൂട്ട് ചെയ്തതാണ്. അവനല്ലാതെ ആരാണ് വീണ്ടും എനിക്കിട്ടു പണിയുന്നത്. രണ്ടു മാസമായി അവനെക്കുറിച്ചൊരു ന്യൂസുമില്ലെന്നു നീ ഇപ്പോൾ പറയുന്നു. ഇത് കേൾക്കൂ. “
അവൻ ഒരു വോയ്‌സ് മെസേജ് ദേവിയെ കേൾപ്പിച്ചു. അതിൽ ഒരാൾ ഇങ്ങനെ പറയുന്നു.
“ഈ വീഡിയോ ഒരു പെൻഡ്രൈവിൽ എന്റെ ഓഫീസിൽ എത്തിച്ചതാണ്, സോഴ്സ് ഞങ്ങൾക്ക് വ്യക്തമല്ല. ഇതിൽ അമൻ മാത്രമല്ല, നിങ്ങളുടെ ബോസ് സന്ദീപ് ഷെട്ടിയുടെ വിവരം കൂടി പുറത്തു വരുന്നു. ഡോക്ടർ സന്ദീപ് ഷെട്ടി ജോലി ചെയ്യുന്ന മംഗലാപുരത്തെ ആശുപത്രിയുടെ പേരും കൂടി വീഡിയോയിൽ ഉണ്ട്. ഞാൻ സമയത്ത് അറിഞ്ഞത് കൊണ്ട് ടെലികാസ്റ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. സൂക്ഷിക്കണം അമാൻ, നിധിൻ അവനിപ്പോഴും ജീവനോടെയുണ്ട്. “
“ഇനി നീ പറ അവൻ എവിടെയാണെന്ന്. “
“സത്യമാണ് ഞാൻ പറയുന്നത്. നിധിൻ എവിടെയാണെന്ന് എനിക്കറിയില്ല. നിധിൻ ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ല. “
“ആ രാത്രിയിൽ എനിക്ക് നിന്നെയും അവനെയും ആ പാലത്തിൽ നിന്നും ഇടിച്ചിടാൻ കഴിഞ്ഞേനെ, ആ പോലീസ് ജീപ്പ് വന്നില്ലായിരുന്നേൽ നീയും അവനും ഈ വീടിന്റെ ഭിത്തിയിൽ പടമായി ഇരുന്നേനെ. “
അവൻ വീണ്ടും കയ്യിലെന്തോ പൊടി തട്ടിയിട്ട്, മൂക്കിലേക്ക് വലിച്ചു കയറ്റി. കുഞ്ഞിന്റെ കരച്ചിൽ അവൻ ശ്രദ്ധിച്ചതേയില്ല. പക്ഷെ അത് കേട്ട് ദേവിയുടെ ഹൃദയം പൊടിഞ്ഞു. പുറത്തു നിന്ന് മാലതി വാതിലിൽ മുട്ടുന്നു, കുഞ്ഞിന്റെ കരച്ചിൽ കേട്ട് അവർ ദേവിയോട് പെട്ടെന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നു.
“അമ്മേ പോലീസിനെ വിളിക്കൂ. “
പെട്ടെന്ന് അമൻ ഒരു കത്തിയുമായി ചാടി എഴുന്നേറ്റു. കുട്ടിയെ ദേവിയുടെ കയ്യിലേക്ക് എടുത്തെറിഞ്ഞിട്ടു അവൻ വാതിൽ തുറന്നു മുന്നോട്ട് പാഞ്ഞു. വാതിലിൻ്റെ മുന്നിൽ നിന്ന മാലതിയ്ക്ക് നേരെ അവൻ കത്തി വീശി. അവർ ഒഴിഞ്ഞ് മാറിയപ്പോൾ, അവൻ മാലതിയെ തള്ളി താഴെയിട്ടു. റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു സ്പോർട്സ് കാറിലേക്ക് അവൻ കുതിച്ചു പാഞ്ഞു.
ദേവിയാകട്ടെ കുഞ്ഞിന്റെ കരച്ചിൽ മാറ്റാനായി തന്റെ മാറോടു ചേർത്തു. കുഞ്ഞു കരഞ്ഞ് കരഞ്ഞ് ദേഹം മുഴുവൻ ചുവന്നിരുന്നു. ദേവി കട്ടിലിൽ തളർന്നിരുന്നു കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
മാലതി നിലത്തു നിന്നും ചാടിയെഴുന്നേറ്റു ദേവിയുടെ അരികിലേക്ക് വന്നു.
“എന്താ മോളെ, ആരാണവൻ?”
“ഏതോ മയക്കു മരുന്ന് മാഫിയക്കാരനാണ്.
അടുത്ത വീട്ടിലെ ഡോക്ടർ വന്ന് കുഞ്ഞിനെ പരിശോധിച്ചു. കുട്ടിയെ പാലു കൊടുത്തു ഉറക്കിയതിനു ശേഷം ദേവി അജ്മലിനെ ഫോണിൽ വിളിച്ചു.
“അജ്മൽ നിങ്ങളെ എനിക്ക് അത്യാവശ്യമായി ഒന്ന് കാണണം. “
അജ്മൽ റെസ്റ്റോറന്റ് പൂട്ടി മടങ്ങി വരുമ്പോൾ, ദേവിയെ സന്ദർശിച്ചു.
“അജ്മൽ എനിക്കറിയണം, നിധിൻ എന്തിനാണ് ദുബായിൽ പോയത്. “
“എന്താ ഇപ്പോൾ ഇങ്ങനെയൊരു അന്വേഷണം. ? അവന്റെ വലിയൊരു ആഗ്രഹമായിരുന്നു ദേവിയെയും കൊണ്ട് സ്വസ്ഥമായി ജീവിക്കണമെന്ന്. ഇവിടെ ആരൊക്കെയോ നിങ്ങളുടെ പിറകേയുണ്ടെന്നു അവൻ എപ്പോഴും ഭയപ്പെട്ടിരുന്നു. അവൻ നാട്ടിൽ നിന്നാൽ ഒരു കൊലപാതകി ആകുമോന്ന് അവന് ഭയം ഉണ്ടായിരുന്നു. “
“നിധിൻ ആരെയാണ് ഭയപ്പെട്ടിരുന്നതെന്നു അജ്മലിന് അറിയാമോ. ഇപ്പോൾ നിധിനെ അന്വേഷിച്ചു ഒരാൾ വന്നിരുന്നു. എന്നെ ഭീഷണിപ്പെടുത്തി എന്റെ കുഞ്ഞിനെ അവൻ പിടിച്ചു വച്ചിരിക്കുകയായിരുന്നു. കുഞ്ഞു ഭയന്ന് കരയുകയായിരുന്നു. ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. ഒരു സമാധാനവുമില്ലാത്ത ജീവിതമായി. “
മാലതി പറഞ്ഞിട്ട് വിവരം അറിഞ്ഞു സഞ്ജീവും രാഹുലും വീട്ടിലെത്തി ചേർന്ന്. സഞ്ജീവ് കാമറ ദൃശ്യങ്ങൾ പരിശോധിച്ചു.
“ഇവനെ ഉടനെ പിടിക്കും, ദേവി വിഷമിക്കാതെ. ഞാനൊക്കെ സർവീസിൽ ഇരിക്കുമ്പോൾ ഒരു വീട്ടിൽ വന്നു ഇങ്ങനെയൊക്കെ ചെയ്തിട്ട് അവൻ സുരക്ഷിതനായി നാട്ടിൽ വിലസാമെന്നു കരുതിയാൽ അവനു തെറ്റി.”
“ഇന്ന് ആരുടെയും കണ്ണിൽ പെടാതെ എന്റെ ബെഡ് റൂമിൽ അവൻ കയറി പറ്റിയല്ലോ. “
“ഇന്ന് മുതൽ നൈറ്റ് പെട്രോളിംഗ് ടീമിനോട് ഈ റോഡിൽ പെട്രോളിംഗ് നടത്താൻ പറയാം. വാതിലും ജനലുമൊക്കെ എപ്പോഴും അടച്ചു പൂട്ടി ഇട്ടേക്കണം. “
എല്ലാവരും ധൈര്യം കൊടുത്തെങ്കിലും ദേവിയുടെ മനസ്സിൽ ആശങ്കയായിരുന്നു.
(തുടരും…. )
✍️✍️നിഷ പിള്ള.


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-35 - By Nisha Pillai - കൂട്ടക്ഷരങ്ങൾ