വീടിന്റെ പിന്നാമ്പുറത്ത് പടർത്തിയിട്ട പാവൽ വള്ളികൾക്കിടയിൽ നിന്നൊരു സെൽഫിയെടുത്ത് അവൾക്ക് അയച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ അത് സൂം ചെയ്ത് എന്റെ തന്നെ മുഖം ഒന്ന് നോക്കിയത്.
“എന്നാലും ആ വിഷ്ണൂനെ പ്രേമിക്കാൻ ഓൾക്കെന്താ പ്രാന്ത് ണ്ടാ?”
എന്നു അവളുടെ രണ്ടു മൂന്ന് സുഹൃത്തുക്കൾ പറഞ്ഞു ഞാൻ തന്നെ കേട്ടിട്ടുണ്ട്. എന്നാലും അവൾക്കെങ്ങനെയാണ് ഈ എന്നെ ഇഷ്ടായത്?
ഞാൻ പിന്നെയും പിന്നെയും ആലോചിച്ചു.
പുരുഷന്മാർക്ക് ലോകം കല്പിച്ചു നൽകിയ യാതൊരു ഗുണഗണങ്ങളും എനിക്കുണ്ടായിരുന്നില്ല. കുട്ടിക്കാലം മുതലേ ഞാൻ ഒരു ശോഷിച്ച ഉടലിന്റെ ഉടമയായിരുന്നു. പല പെൺകുട്ടികളോടും ഇഷ്ടം തോന്നിയിരുന്നെങ്കിലും അവർക്ക് അരികിലെത്തുമ്പോഴേക്കും മുട്ടു വിറയലും പല്ല് കിരുകിരുക്കുകയും ചെയ്യുന്നതു കൊണ്ട് അതൊന്നും പുറത്തേക്കെത്തിയില്ല.
അല്ലെങ്കിലും പുറത്തെത്തിയാലും വല്യ ഉപകാരങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു എന്നുറപ്പാണ്. ഉടുപ്പഴിച്ചാൽ എല്ലുകൾ എണ്ണിയെടുക്കാൻ പറ്റുമെന്ന് ഇടയ്ക്കിടെ അമ്മ തന്നെ പറയാറുണ്ടായിരുന്നല്ലോ.
ആകാര ഭംഗിയും മസിൽ പെരുപ്പവും കൊണ്ട് നിരന്നു നിൽക്കുന്ന പുരുഷകേസരികൾക്കിടയിൽ പുരുഷന്റെ പു പോലും ഉച്ചരിക്കാൻ ശേഷിയില്ലാത്ത ഒരുവനായിരുന്നല്ലോ താൻ.
കാലം ലേശം മിനുക്കുപണികൾ നടത്തിയെങ്കിലും മനസിന്റെ ലോലതയ്ക്ക് യാതൊരു വ്യത്യാസവും വന്നിരുന്നില്ല.
ആരെങ്കിലും കനപ്പിച്ചൊന്നു നോക്കിയാൽ…
മൂർച്ചയുള്ളൊരു വാക്ക് പറഞ്ഞാൽ…
ഹൃദയം വെട്ടിപ്പിളരുന്ന പോലെ നോവുന്ന തന്നെപ്പോലെ ഒരുവന് ഈ ലോകത്ത് ജീവിച്ചു പോകാൻ തന്നെ പ്രയാസമായിരുന്നു.
പ്രശ്നങ്ങൾ നേരിടാനാവാതെ എത്ര ജോലി മാറിയെന്നു എനിക്ക് തന്നെ കൃത്യമായി അറിയില്ല.
“അച്ഛന് വയ്യാതായി. താഴെയുള്ള രണ്ടു പെൺപിള്ളേരെ നോക്കണ്ടത് നീയല്ലേ ”
എന്ന കടമ ഇടയ്ക്കിടെ അടിച്ചേൽപ്പിക്കുന്ന അമ്മയെയും ബന്ധുമിത്രാദികളും ഏത് സാഹചര്യത്തിലും എന്ത് ജോലിയും ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. മറ്റുള്ളവരുടെ കാർക്കശ്യവും ദേഷ്യവും സഹിക്കാൻ സാഹചര്യങ്ങളുടെ കാഠിന്യം നിർബന്ധിക്കുമ്പോഴും ഉള്ളു ഒന്ന് തൊട്ടാൽ കിഴിഞ്ഞു പോകുന്നത്ര പതുത്തതായിരുന്നു.
കഷ്ടപ്പെട്ട് പഠിച്ചു ഉയർന്നൊരു ഉദ്യോഗത്തിൽ കയറിയിട്ടും കളിയാക്കലിന് ഒരു കുറവുണ്ടായിരുന്നില്ല.
“ഈ വിഷ്ണു എന്ത് പതിഞ്ഞ ശബ്ദത്തിലാ സംസാരിക്കണേലേ … “രേഷ്മ ഇടയ്ക്കിടയിടെ കളിയാക്കും.
“ഇവനേയ് പെണ്ണാവേണ്ടതായിരുന്നൂന്നാ എനിക്ക് തോന്നണേ.. ദൈവത്തിന് എന്തോ ഒരു പെശക്
പറ്റീട്ടുണ്ട്.” ആശയുടെ കമന്റ്.
ബസ്സ്റ്റോപ്പിൽ ഒരു പണിയുമില്ലാതെ വായ് നോക്കി നിൽക്കുന്ന ചെക്കന്മാരെ നോക്കി ഒരു ചളിപ്പുമില്ലാതെ കമന്റ് പറഞ്ഞു ചിരിക്കുന്ന അവളുമാരെ രണ്ടു വർത്താനം പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറയാനുള്ള ധൈര്യമില്ലാത്തതു കൊണ്ട് ഉള്ളിലടക്കിപ്പോന്നു.
ഈ സംഘർഷങ്ങളുടെ നടുവിലേക്കാണ് അക്കൗണ്ട്സിൽ നിന്നും ട്രാൻസ്ഫറായിപ്പോയ ബാലകിരണിന് പകരം മുഖത്തു മായാത്തൊരു പുഞ്ചിരി കൊളുത്തിവെച്ച് അവൾ കടന്നു വരുന്നത്.
കാണുമ്പോഴൊക്കെയും ആ ചിരി കൃത്യമായി പതിച്ചു വെച്ച പോലെ മുഖത്തുണ്ടാകും.
ഇത്രേം ഭംഗിയുള്ളൊരു ചിരി മുൻപ് കാണാത്തത് പോലെ ഇടയ്ക്കിടെ അവളെ പാളി നോക്കാൻ തുടങ്ങി.
വർഷങ്ങൾക്ക് മുൻപ് കൂടെ പഠിച്ചിരുന്ന ശ്യാമയോട് ഇഷ്ടം പറഞ്ഞപ്പോൾ
“നിന്നെപ്പോലൊരു പാവത്തം പിടിച്ചോനെ ഒക്കെ പ്രേമിക്കാൻ പറ്റുമോടാ? ഒരാളെന്നെ മോശായിട്ടൊന്ന് കമന്റടിച്ചാൽ ഒരക്ഷരം മിണ്ടാനുള്ള ശേഷി നിനക്കുണ്ടോ? ”
എന്നു പറഞ്ഞവൾ പുച്ഛിച്ചു തള്ളുമ്പോൾ ഉടുപ്പുകൾ അഴിഞ്ഞു ആൾക്കൂട്ടത്തിന് മുൻപിൽ നഗ്നനായവനെപ്പോലെ അറപ്പുളവാക്കുന്നൊരു ജാള്യത വന്നു പൊതിഞ്ഞു. അതീപ്പിന്നെ ഒരു പെണ്ണിനോടും ഇഷ്ടം തോന്നാൻ മനസിന് ശക്തിയുണ്ടായിരുന്നില്ല. ഇന്നും അതോർക്കുമ്പോൾ ഉള്ളിലൊരു മിന്നൽപ്പിണർ പിടഞ്ഞുണരും.
ഒരിക്കൽ വീട്ടിൽ നിന്നും ലഞ്ച് എടുക്കാൻ മറന്നു. പുറത്തേക്ക് കഴിക്കാനിറങ്ങുമ്പോഴാണ് പുറകിൽ നിന്നൊരു ചോദ്യം.
“സാർ, അങ്ങനെ ആരോടും മിണ്ടില്ലേ?
തിരിഞ്ഞു നോക്കുമ്പോൾ ഹർഷയാണ്.
മറുപടി പറയണോ വേണ്ടയോ എന്നൊന്നാലോചിച്ചു.
“ആവശ്യത്തിന്…” പതിഞ്ഞ ശബ്ദം അവളിൽക്കൂടിയും പരിഹാസത്തിനു കാരണമായേക്കുമോ എന്നോർത്ത് മറുപടി ഒറ്റവാക്കിലൊതുക്കി.
സംസാരിക്കാൻ ടാക്സൊന്നും കൊടുക്കേണ്ടാട്ടോ വിഷ്ണു സാർ. ” അവൾ ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് എനിക്കും ചിരി വന്നു.
‘ഹർഷ കഴിക്കാനിറങ്ങിയതാണോ?” ഒന്നും ചോദിക്കേണ്ടെന്നു പലതവണ മനസിലുറപ്പിച്ചിട്ടും കെട്ടുപൊട്ടിച്ചെന്ന പോലെ വാക്കുകൾ പുറത്തേക്ക് വന്നു.
“അതേന്നേയ്… ലഞ്ച് എടുക്കാൻ മറന്നോയി.സാറും കഴിക്കാനിറങ്ങിയതാണോ?
”
“ഞാനും എടുക്കാൻ മറന്നു ”
“എങ്കിപ്പിന്നെ ഒരുമിച്ചാകാം. ദാസേട്ടന്റെ കടേല് നല്ല ഊണ് കിട്ടും ”
ഒ. കെ അല്ലേ? എന്നൊന്നു ചോദിക്കുക പോലും ചെയ്യാതെ അവൾ മുന്നിൽ നടന്നു. ഞാൻ അവളെ പിന്തുടർന്നു. അവിടെത്തും വരെയും തിരിച്ചു പോകുമ്പോഴും ഞങ്ങൾ ഒരുപാട് സംസാരിച്ചു കൊണ്ടേയിരുന്നു. ഒരു ദിവസത്തേക്കൊരു മാറ്റം. അന്ന് അത്രയേ കരുതിയുള്ളൂ. എന്നാൽ പിന്നീട് ഇടയ്ക്കൊക്കെ നേരിലും ഫോണിലും സംസാരം പതിവായി.
“വിഷ്ണു സാറിന്റെ ശബ്ദം കേട്ടിരിക്കാൻ നല്ല രസമാണ് ട്ടോ ”
ഒരിക്കൽ അവൾ പറഞ്ഞത് കേട്ട്
നേരാംവണ്ണം സംസാരിക്കാനുള്ള ശേഷി പോലുമില്ലെന്ന് മറ്റുള്ളവർ പുച്ഛിച്ചു തള്ളുന്ന എന്നെക്കുറിച്ചു തന്നെയാണോ എന്നോർത്തു അത്ഭുതം തോന്നി.
എന്നോട് ഹർഷ സംസാരിക്കുമ്പോൾ ഒരിക്കലും ഈ സംസാരം നിന്നു പോകരുതേ എന്നു ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. കാത്തുകാത്തൊരു കൂട്ട് കിട്ടിയ ഏതൊരു മനുഷ്യനും അത് നഷ്ടപ്പെടരുതേ എന്നു പ്രാർത്ഥിക്കില്ലേ?
ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും വേരുകൾ ആഴത്തിലോടാൻ ഒരായിരം അപകർഷതകൾ കൊണ്ട് ഒരിക്കലും കരുതില്ലാതെ പോയ മനസ് എങ്ങനെയോ അവളിലേക്ക് ചേക്കേറാൻ തുടങ്ങി.
“എന്താണിപ്പോ നിന്റെ മുഖത്ത് ഈയെടെ ആയിട്ടൊരു തെളിച്ചോം മിനുക്കോം ഒക്കെ വന്നിട്ടിണ്ട്ല്ലാ.. വല്ല ക്രീമും വാരിപ്പൊത്തണുണ്ടോ?” എന്നു അയലത്തെ നബീസൂട്ടി പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചപ്പോഴാണ് ഒരുപാട് കാലങ്ങൾക്ക് ശേഷം ഞാൻ കണ്ണാടിയിലെന്നെ നോക്കിയത്.
എന്തോ ഒരു മാറ്റം വന്നിട്ടുണ്ട്. എനിക്ക് തന്നെ ബോധ്യമായി. പ്രണയം എല്ലാ മനുഷ്യരെയും സുന്ദരികളും സുന്ദരന്മാരുമാക്കും എന്നു കാസനോവ സിനിമയിൽ ലാലേട്ടൻ പറഞ്ഞതാണെനിക്ക് ഓർമ്മ വന്നത്.
എങ്ങനെയെങ്കിലും ഹർഷയോട് ഈ കാര്യം അവതരിപ്പിക്കാനൊരുങ്ങുമ്പോഴാണ്
ഐ ലവ്യൂന്നെഴുതി ചൊവപ്പും റോസും നിറത്തിൽ കുറെ ലവ് ചിഹ്‌നവുമിട്ട് അവളുടെ രണ്ടു മൂന്ന് മെസ്സേജ് ഇൻബോക്സിൽ കണ്ടത്.
വെള്ളത്തീന്ന് കരയിൽ പിടിച്ചിട്ട മീനെപ്പോലെ ഉള്ളിങ്ങനെ പിടയ്ക്കുന്നത് എനിക്കു തൊട്ടറിയാമായിരുന്നു. അവളോടെനിക്ക് ഇഷ്ടമുണ്ടായിരുന്നെങ്കിലും അവൾക്കിങ്ങോട്ട് ഇഷ്ടം തോന്നാനുള്ളൊരു സാധ്യതയും എനിക്ക് തോന്നിയിട്ടേയില്ല.
ഉറക്കെ സംസാരിക്കാനറിയാത്ത..
ആണുങ്ങൾക്ക് ലോകം കല്പിച്ചു നൽകിയ
ആകാര ഭംഗിയും പേശീബലവും കൈമുതലായില്ലാത്ത…
പ്രത്യേകമായിട്ട് എടുത്തു പറയാൻ
ഒരു കഴിവും സാവിശേഷതകളുമില്ലാത്ത
എന്നെപ്പോലെ ഒരുവനോട് ഹർഷയെപ്പോലൊരു
മിടുക്കിക്ക് പ്രേമം തോന്നാനോ?
ചിലപ്പോ എന്റെ തോന്നലാണെങ്കിലോ..
മെസ്സേജുകളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിച്ചു നോക്കി. സത്യമാണെന്നു വിശ്വസിപ്പിക്കാൻ പാകത്തിന് രണ്ടുമൂന്ന് മെസ്സേജ് കൂടി അവൾ അയച്ചിട്ടിരുന്നു.
അവളോട് തിരികെ ഇഷ്ടം പറയുമ്പോൾ ഒന്നേ തനിക്ക് ചോദിക്കാനുണ്ടായിരുന്നുള്ളൂ..
എന്തുകൊണ്ട് എന്നെ തെരഞ്ഞെടുത്തു? ഉള്ളിനെ കുഴക്കിക്കൊണ്ടേയിരുന്ന ആ ചോദ്യം ഞാൻ അവൾക്ക് നേരെ തൊടുത്തു വിട്ടു.
സ്നേഹം തോന്നാൻ അങ്ങനെ ഒരു കാരണമൊക്കെ വേണോ? ഒരാളോട് സ്നേഹം തോന്നുന്നു. അത്രേം പോരേ?
അവളുടെ ചോദ്യത്തിന് എത്ര തെരഞ്ഞിട്ടും എനിക്ക് മറുപടി കിട്ടിയില്ല. എങ്കിലും കാലാകാലങ്ങളായി ചുറ്റുമുള്ളവർ എനിക്ക് സമ്മാനിച്ച ന്യൂനതകളുടെ അഴിയാക്കുരുക്കുകൾ ഞാൻ അവൾക്ക് മുന്നിലേക്ക് വലിച്ചിട്ടു.
എല്ലാ അപകർഷതകളും കുടഞ്ഞിട്ട് വല്ലാത്തൊരു നോവോടെ ഞാനിരിക്കുമ്പോൾ കസേര വലിച്ചിട്ട് അവളെന്റെ തൊട്ടടുത്തു വന്നിരുന്നു. രണ്ടു കൈകൾ കൊണ്ടും എന്റെ മുഖം പൊതിഞ്ഞു പിടിച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചു.
“ഇത്രേം മൃദുലതയുള്ളൊരു മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. ഒരു പുരുഷനോ സ്ത്രീയോ നിർവചിക്കപ്പെട്ടിരിക്കുന്ന ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കേണ്ടതാണെന്ന് എനിക്കൊരിക്കലും തോന്നീട്ടില്ല വിഷ്ണൂ…
എന്റെ കണ്ണിൽ നിങ്ങൾ എല്ലാം തികഞ്ഞൊരു മനുഷ്യനാണ്. എനിക്കത്രേം മതി ”
അവളത് പറഞ്ഞു നിർത്തുമ്പോൾ ഞാൻ കരയുകയായിരുന്നു.
പൊതു സ്ഥലങ്ങളിൽ പുരുഷന്മാർ കരയാൻ പാടില്ലെന്ന താക്കീത് അവളെനിക്ക് നൽകിയില്ല.
പകരം എന്റെ കൈയിൽ അവളുടെ കൈ ചേർത്തുപിടിച്ചു തലോടിക്കൊണ്ടേയിരുന്നു.
ഇരുളിലൊളിഞ്ഞിരിക്കുന്ന ഒരു നുള്ള് വെളിച്ചത്തെ തേടിയുള്ള എന്റെ യാത്ര അവിടെയവസാനിച്ചു.
കാലം എനിക്കു സമ്മാനിച്ച എല്ലാ മുറിവുകളെയും അവൾ സ്നേഹം കൊണ്ട് മായ്ച്ചുകളഞ്ഞു.
ഓർമ്മകളിൽ മുങ്ങിയങ്ങനെ സ്വയംമറന്ന് നിൽക്കുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടിനൊപ്പം മിന്നുന്ന നക്ഷത്രം പോലെ ചിരിക്കുന്ന അവളുടെ ഫോട്ടോ തെളിഞ്ഞു വന്നു.
✒️ വീണ സിങ്കാരൂ
സ്


10 Comments
ഹൃദ്യം❤️👍
മനോഹരം 👌
സ്നേഹം ❤️
നന്ദി ❤️
😍❤
സൂപ്പർ 👍👍👍
Nice👌💗🥰
😍
മനോഹരം
നല്ല കഥ❤️👌🌹