ചെറുകഥ
****
“ചേച്ചിയും ചിന്തിച്ചു കാണില്ലേ, ഇതെന്തൊരു പെണ്ണാണെന്ന്?”
ഇവളെങ്ങനെ എന്റെ മനസ്സ് വായിച്ചറിഞ്ഞു എന്ന ചിന്തയിൽ അപ്രതീക്ഷിതമായി അവളുടെ വാക്കുകൾ കേട്ടപ്പോൾ ഞെട്ടലുണ്ടായി. എങ്കിലും ഉള്ളിലെ ഭാവം മുഖത്ത് പ്രകടമാകാതിരിക്കാൻ ശ്രമിച്ച് കള്ളം പറഞ്ഞു.
“ഏയ്, എനിക്ക് അങ്ങനൊന്നും തോന്നിയിട്ടില്ല, കുറച്ച് നേരം ഞാൻ എടുക്കട്ടെ കുഞ്ഞിനെ.”
വിഷയം മാറ്റാൻ ശ്രമിച്ചു കൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ എടുക്കാൻ തുനിഞ്ഞു. കൈച്ചൂട് മാറിയതിനാലാകാം അത് കരഞ്ഞു തുടങ്ങിയത്.
കരച്ചിൽ നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ അവൾ കുഞ്ഞിനെ എടുത്ത് മുലയൂട്ടാൻ തുടങ്ങി.
***
ഈ പെണ്ണിനെന്താ ചിരിക്കാൻ പോലും അറിയില്ലേ എന്ന് ചിന്തിച്ചിട്ടുണ്ട് കഴിഞ്ഞു പോയ രണ്ടു ദിവസങ്ങളിലും. പൊയ്മുഖം തീർത്തൊരു ഗൗരവവും, ആരോടെന്നില്ലാത്ത ദേഷ്യവും നിരാശയും വിഷാദവും സങ്കടവും എല്ലാം കൂടിക്കുഴഞ്ഞിരിക്കുന്നതിന്റെ ആകെത്തുകയാണ് അവൾ എന്നാണ് തോന്നിയത്.
തികച്ചും വ്യത്യസ്തമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. സുഹൃത്തുക്കളായ മൂന്ന് കുടുംബങ്ങൾ അടങ്ങുന്ന ഒരു വിനോദയാത്രയിലായിരുന്നു അവർ. ഞങ്ങളുടെയും അവരുടെയും ലക്ഷ്യം സമാനതകൾ കണ്ടതോടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ താമസിച്ചിരുന്ന അതേ റിസോർട്ടിലായിരുന്നു അവരും മുറികൾ ബുക്ക് ചെയ്തിരുന്നത്. പരിചയപ്പെട്ടു വന്നപ്പോൾ അടുത്തടുത്ത ദേശക്കാർ. പിന്നെ മക്കൾ കുടെ ഇല്ലാതിരുന്നതിനാൽ മൂടിക്കെട്ടി ആകെ വിരസമായിരുന്നു. അവരുടെ വാഹനമാണെങ്കിൽ വലിയ ട്രാവലേഴ്സും.
വെറുതെ എന്തിനാ മറ്റൊരു വാഹനം കൂടി, എല്ലാവർക്കും ചേർന്ന് സംഘമായിട്ടങ്ങ് കറങ്ങിയാൽ പോരേ. ഞങ്ങളാണെങ്കിൽ ഇവിടെ ആദ്യമായിട്ടാണ്, എന്ന നിർദ്ദേശത്തിന് മറുത്തൊന്നും പറയാൻ തക്ക കാരണമൊന്നും കണ്ടില്ല. അല്ലെങ്കിലും യാത്രയിൽ ചെറിയ കുട്ടികളൊക്കെ ഉണ്ടെങ്കിൽ ഒരു പ്രത്യേക ആനന്ദവും ആരവവും ഒക്കെയാണ്. രണ്ടുപേരും പരസ്പരം നോക്കി എത്രനേരം, എന്ത് സംസാരിക്കാൻ!
അങ്ങനെ ആദ്യത്തെ ദിവസം വലിയ പ്രശ്നമൊന്നുമില്ലാതെ കറങ്ങി തിരിച്ചു റൂമിൽ എത്തി ഫ്രെഷായതിനു ശേഷം ആണുങ്ങൾ അവരുടേതായ സന്തോഷം തേടി ബിയർ കുപ്പിയും ഗ്ലാസുമൊക്കെയായി ബാൽക്കണിയിൽ ഇടം നേടി. അതൊരു ആചാരം പോലെയാണല്ലോ പുരുഷന്മാർക്കിടയിൽ!
പെണ്ണുങ്ങളും കുട്ടികളും മാത്രം റൂമിൽ, കുട്ടികളുടെ കലപില വർത്തമാനവും ഇണക്കവും പിണക്കവും, അവർ സൃഷ്ടിച്ചെടുക്കുന്ന ലോകത്തിൽ സന്തോഷം കണ്ടെത്തുന്നവരാണ് കുഞ്ഞു മക്കൾ. ഞങ്ങളാണെങ്കിൽ പെണ്ണിടങ്ങളെക്കുറിച്ചും, തൊഴിലിടങ്ങളെ കുറിച്ചും എന്തൊക്കെയോ മിണ്ടിപ്പറഞ്ഞിരുന്നു. അപ്പോഴൊക്കെയും എന്റെ നോട്ടം അവളിലായിരുന്നു, അശ്വിനിയിൽ.
ആൾക്കൂട്ടത്തിൽ കൂട്ടം തെറ്റിയ പോലെ മനസ്സ് കൊണ്ട് മറ്റെവിടെയോ അലഞ്ഞു നടക്കുന്ന ചിലരില്ലേ? മറ്റാരാലും നിയന്ത്രിക്കപ്പെടാത്ത പെണ്ണിടങ്ങളിൽ പോലും മനസ്സ് കൊണ്ട് ഒറ്റയായിപ്പോകുന്ന പെണ്ണുങ്ങളില്ലേ! അത്രമേൽ ഘനമേറിയ ചിന്താഭാരങ്ങൾ തലയ്ക്കകം മാന്തിക്കീറുന്നതു പോലെ അവർ ഇടക്കിടെ തല ഒരു വശത്തേക്ക് വെട്ടിക്കുന്നത് കാണാം. അങ്ങനെയായിരുന്നു അവളും, പ്രതീക്ഷ വറ്റിയ പോലെയുള്ള കണ്ണുകൾ കൊണ്ട് എന്തൊക്കെയോ അളന്നു തിട്ടപ്പെടുത്തുന്നതു പോലെ… നെറ്റിത്തടത്തിലെ നേർരേഖയ്ക്കിടയൽ ഇടയ്ക്കിടെ വിള്ളൽ വരുന്നതു പോലെ.
അല്പം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഇടയിൽ നിന്ന് എണീറ്റു പോയവൾ ബാൽക്കണിയിൽ നിന്ന് ആരോടോ ആക്രോശിക്കുന്നതു പോലെ കേട്ടു. ചെന്നു നോക്കുമ്പോൾ അവൻ തല കുമ്പിട്ട് കൂട്ടുകാരുടെ മുന്നിൽ നാണം കെട്ടവനെ പോലെ നിൽക്കുന്നു, അവന്റെ കയ്യിലുണ്ടായിരുന്ന ബിയർ ഗ്ലാസ് തറയിൽ ചിതറിക്കിടക്കുന്നു. അവന്റെ നിൽപ്പ് കണ്ടപ്പോൾ സഹതാപം തോന്നി. കൂട്ടുകാരുടെ കൂടെ ബിയർ കുടിച്ചതിനാണോ ഇവൾ ഇത്രയും വന്യയായത്! അല്പനിമിഷത്തെ ഷോക്കിനു ശേഷം അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് മുറിയിലേക്ക് പോയി.
ആർക്കും ഒന്നും മനസ്സിലായില്ല; അതോ ഞങ്ങൾക്ക് മാത്രമാണോ ഒന്നും പിടി കിട്ടാതിരുന്നത് എന്നുമറിയില്ല. കാരണം, അക്കൂട്ടത്തിൽ പുതിയ അംഗങ്ങൾ ഞങ്ങളായിരുന്നു. നാട്ടുകാരെ കിട്ടിയതിന്റെ സന്തോഷത്തിൽ കൂട്ടു ചേർന്നതാണ്.
“ഇനി എല്ലാവരും അവരവരുടെ മുറിയിൽ പോയി വിശ്രമിച്ചോളൂ. വണ്ടി അതിരാവിലെ എത്തും, കറങ്ങാൻ പോകേണ്ടതല്ലേ.” എന്ന് പറഞ്ഞു കൊണ്ട് കുട്ടികളെയൊക്കെ റൂമിലേക്ക് പറഞ്ഞു വിട്ടു. എല്ലാവരും ഗുഡ് നൈറ്റ് പറഞ്ഞു പിരിയുമ്പോൾ ഒരു തരം മൂകത തളം കെട്ടിയിരുന്നു.
റൂമിലെത്തിയിട്ടും മനസ്സ് നിറയെ ആ പെണ്ണായിരുന്നു. എന്തൊരു തലതിരിഞ്ഞ പെണ്ണാണോ എന്തോ!എന്നു പോലും ചിന്തിച്ചു പോയി. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളും അവരായിരുന്നു. ഇത്രയും വൈരുദ്ധ്യം നിറഞ്ഞ ഒരു സൗഹൃദ വലയം എങ്ങനെ രൂപപ്പെട്ടു എന്നതായിരുന്നു സംശയം.
കഴിഞ്ഞ പകലിന്റെ യാത്രയിലുടനീളം അവളുടെ പക്വതയെത്താത്ത പെരുമാറ്റം കണ്ട് അസ്വസ്ഥത തോന്നിയിരുന്നു. യാത്രയോ യാത്രയിലെ കാഴ്ചകളോ ആസ്വദിക്കാതിരിക്കാൻ അവനെ പരമാവധി പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. എങ്ങനെ ഈ പെണ്ണിനെ അവൻ സഹിക്കുന്നു എന്നു പോലും തോന്നിപ്പോയി ഒടുവിൽ. ഇപ്പോഴിതാ, അവൾ കാരണം എത്രപേരുടെ സന്തോഷ നിമിഷങ്ങൾക്ക് വിഘ്നം സംഭവിച്ചിരിക്കുന്നു.
“രാജീവ്, എന്നാലും ആ പെണ്ണിനെന്തായിരിക്കും കുഴപ്പം? ബിയർ കുടിച്ചതിന് ഏതെങ്കിലും ഭാര്യ ഇങ്ങനെയൊക്കെ പ്രതികരിക്കുമോ?”
“ഏയ്, എനിക്ക് തോന്നുന്നില്ല അതാണ് അവളുടെ പ്രശ്നമെന്ന്. പിന്നെ ഞാൻ ഹോട്ട് ഡ്രിങ്ക്സ് ഒന്നും കഴിക്കില്ലെന്ന് പറഞ്ഞതിൻ പ്രകാരം ബിയറിൽ എത്തിയതാണ്. അത് വിട്ടുകളഞ്ഞ് നീ കിടക്കാൻ നോക്ക്, ആർക്കറിയാം ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിൽ എന്തൊക്കെ അറിയാക്കഥകളാണെന്ന്.”
***
പിറ്റേന്ന് എല്ലാവരും തയ്യാറായി വന്നപ്പോൾ അവൾ മാത്രം തലേന്നത്തെ അതേ വേഷത്തിൽ നിൽക്കുന്നു. മുഖം കണ്ടാൽ രാത്രി ഉറങ്ങിയില്ലെന്ന് മനസ്സിലാകും.
“എന്താ അശ്വിനി തയ്യാറായില്ലല്ലോ?”
“ഞാൻ വരുന്നില്ല ചേച്ചി, കുഞ്ഞിനെയും കൊണ്ട് റൂമിൽ ഇരുന്നോളാം.”
“അതെങ്ങനെ ശരിയാകും? നിനക്ക് തീർത്തും അജ്ഞാതമായ ഒരു സ്ഥലത്ത് ഒറ്റയ്ക്ക്.”
” ഓ! അതിനെന്താ, റൂമിനകത്തല്ലേ. കുഞ്ഞിന് രാത്രിയിൽ പനിച്ചൂടുണ്ടായിരുന്നു. മരുന്ന് കൊടുത്തപ്പോൾ ഭേദമുണ്ട്. പക്ഷെ, വഴിമധ്യേ വീണ്ടും വയ്യായ്ക വന്നാൽ എല്ലാവരുടെയും സന്തോഷത്തിൽ കല്ലുകടിയാകും.”
എന്തോ, അവളെയും കുഞ്ഞിനെയും തനിച്ചാക്കി പോകാൻ മനസ്സ് അനുവദിക്കുന്നില്ല. അവനാണെങ്കിൽ അവളുടെ തീരുമാനത്തിൽ ഒരു പ്രശ്നമുള്ളതായി തോന്നിയതുമില്ല.
“എങ്കിൽ പിന്നെ ഞാൻ ഇവൾക്കും കുഞ്ഞിനും കൂട്ടിരുന്നോളാം. മാത്രമല്ല, ഈ സ്ഥലങ്ങളൊക്കെ ഞാൻ മുൻപും കണ്ടതാണ്.”
രാജീവ് ചോദ്യഭാവത്തിൽ എന്റെ നേർക്ക് നോക്കിയെങ്കിലും ആരും കാണാതെ ഞാൻ കണ്ണിറുക്കി കാണിച്ചു. സഹജീവി സ്നേഹം ഇത്തിരി കൂടുതലാണെന്ന് അറിയുന്നതുകൊണ്ട് പിന്നീട് ഒന്നും ചോദിച്ചില്ല. എല്ലാവരും യാത്രയായതിനു ശേഷം താഴെ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് അവളെയും കൂട്ടി റൂമിലേക്ക് പോയി.
****
“നല്ലൊരു ദിവസത്തെ നശിപ്പിക്കാൻ ഞാൻ നിമിത്തമായി അല്ലേ ചേച്ചി?”
കുഞ്ഞിനെ ഉറക്കി കിടത്തിയതിനു ശേഷം അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“അങ്ങനെയൊന്നും ചിന്തിക്കേണ്ട. നിങ്ങളുടെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല, എന്നാലും, നിന്നെ ഇവിടെ തനിച്ചാക്കി പോകാൻ മനസ്സ് അനുവദിച്ചില്ല. പിന്നെ, തികച്ചും അന്യമായ ഒരിടത്ത് സ്വന്തം ഭാര്യയെ ഒറ്റയ്ക്കാക്കി പോകാൻ ഒരു വിഷമവും തോന്നാത്ത നിന്റെ ഭർത്താവിനെ കുറിച്ച് ഒരു മതിപ്പും തോന്നുന്നില്ല.”
“അങ്ങനെയല്ല ചേച്ചി, സുധിക്ക് എന്നെ വലിയ കാര്യമാണ്. ഞാൻ തന്നെയാണ് നിർബ്ബന്ധിച്ചത്.”
എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നെയല്ലേ പറയാറ്. തന്റെ പുരുഷൻ തെറ്റുകാരനാണെന്ന് സമ്മതിച്ചു തരാൻ പെണ്ണുങ്ങൾക്കെന്തോ ബുദ്ധിമുട്ടാണ്.
“ചേച്ചിക്കറിയോ, അച്ഛനില്ലാത്ത രണ്ടു പെൺ മക്കളിൽ മൂത്തവളാണ് ഞാൻ. അംഗൻവാടിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വളരെ കഷ്ടപ്പെട്ടായിരുന്നു അമ്മ ഞങ്ങളെ പോറ്റി വലുതാക്കിയത്. അച്ഛനെ ഞങ്ങളിൽ നിന്നും തട്ടിയെടുത്തത് മദ്യം എന്ന മാരക വിഷമാണ്. മദ്യത്തിന് അടിമയായ അച്ഛൻ ഞങ്ങൾ മക്കളെയും ഭാര്യയെയും ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു. ഒടുവിൽ മദ്യത്തിന്റെ പിടിയിൽ നിന്നും മോചനം നേടണമെന്ന് തിരിച്ചറിവ് വന്നപ്പോഴാണ് തന്റെ ഭാര്യയോടും മക്കളോടും ചെയ്ത ക്രൂരതയുടെ ആഴവും പരപ്പും അയാൾക്ക് മനസ്സിലായത്. കുറ്റബോധത്താലോ പാപഭാരത്താലോ ഒരു മുഴം കയറിൽ അഭയം തേടുകയായിരുന്നു. കുഞ്ഞു നാളിൽ മനസ്സിൽ ഏൽക്കേണ്ടി വന്ന മുറിവിന്റെ ആഘാതം എന്നോടൊപ്പം വളർന്നു ഭീകര രൂപം പ്രാപിച്ചു.
ഞങ്ങൾ പെണ്ണുങ്ങൾ മാത്രമല്ലേ ഉള്ളൂ, ഒരു ആൺ തുണയാകുമല്ലോ എന്നോർത്തായിരുന്നു പതിനെട്ട് വയസ്സ് തികഞ്ഞയുടനെ അമ്മ എന്റെ വിവാഹം നടത്തിയത്. മദ്യം കഴിക്കുന്നവരെ കാണുന്നത് തന്നെ എനിക്ക് പേടിയാണ്, ചേച്ചി. അങ്ങനെയുള്ള എനിക്ക്…
ബിയർ കഴിക്കുന്നത് കൊണ്ടോ വല്ലപ്പോഴും ഒന്നോ രണ്ടോ പെഗ് കഴിക്കുന്നതു കൊണ്ടോ എന്തെങ്കിലും സംഭവിക്കും എന്നും ഞാൻ കരുതുന്നില്ല. പക്ഷെ, ഇത് അങ്ങനെയല്ല ചേച്ചി, എന്നും കുടിച്ചു കൊണ്ടു മാത്രമേ വീട്ടിൽ വരൂ. മദ്യപിച്ചു കഴിഞ്ഞാൽ ഞാൻ എന്തു പറഞ്ഞാലും കുറ്റമാണ്, ദേഹോപദ്രവം ചെയ്യാനും മടിയില്ലാത്ത ആളാണ്. മകന്റെ എല്ലാ തോന്ന്യവാസത്തിനും മൗനമായി കൂട്ടുനിൽക്കുന്ന അമ്മ.
മദ്യപിക്കാത്ത സമയത്ത് എന്നോടും മക്കളോടും അത്രയ്ക്കും കാര്യമാണ്. പക്ഷെ, ഇന്നലത്തെ പോലെ എന്റെ മുന്നിലിരുന്ന് കഴിക്കുന്നത് കണ്ടാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നു.”
അവളുടെ കണ്ണുകളിൽ ഒരു സങ്കടക്കടൽ തന്നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് തോന്നി. പാവം, ജീവിതത്തെ പേടിയോടെ നോക്കി കാണുന്ന അനേകം പെണ്ണുങ്ങളിൽ ഒരുവൾ. ഒരാളുടെ പുറം കാഴ്ചയിൽ എത്ര പെട്ടെന്നാണ് നമ്മൾ വിധിയെഴുതുന്നത്.
ഇടക്ക് ഞെട്ടിയുണർന്ന കുഞ്ഞിന്റെ അരികിലായി അവൾ മുട്ടുകുത്തി ഇരുന്നു. അവളെ തന്നെ നോക്കിക്കൊണ്ട് ജനലരികിൽ ഒരു കസേരയിൽ ഞാനും…
എന്തു നല്ല ഈണത്തിലാണ് കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നത്. അത്രയും മാധുര്യമുള്ള ശബ്ദം, നന്നായി പാടുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ സുധിക്ക് ഞാൻ പാടുന്നതൊന്നും ഇഷ്ടമല്ലെന്ന് സങ്കടത്തോടെ പിറുപിറുത്തു.
പാട്ട് പാടുന്നതിനു പോലും വിലക്കോ? ഇന്നലെ മുതൽ അവളെ കുറിച്ച് എന്തൊക്കെ തെറ്റായി ചിന്തിച്ചു കൂട്ടി. ഒരുപിടി നഷ്ട സ്വപ്നങ്ങളും, അതിലുപരി പേടിസ്വപ്‌നങ്ങളും കൈമുതലായിട്ടുള്ള അനേകം പെണ്ണുങ്ങളിൽ ഒരുവൾ.
ഇനിയും എന്തൊക്കെ ഇഷ്ടങ്ങൾ ആ പെണ്ണിന്റെ ഉള്ളിൽ അകാലചരമം പ്രാപിച്ചിട്ടുണ്ടാകും! ഒരു പുസ്തകവും അതിന്റെ പുറംചട്ട പ്രകാരം വിധിക്കരുത് എന്നത് സത്യമാണ്, ഉൾപ്പേജുകളിൽ ഓരോന്നും ഓരോ കഥകളായിരിക്കും, കണ്ണീരുപ്പിന്റെയും ചോരയുടെയും മണമുള്ള അക്ഷരങ്ങളാൽ രചിക്കപ്പെട്ട കഥകൾ.
✍️©️രതി രമേഷ്
#നഷ്ടസ്വപ്നങ്ങൾ


5 Comments
നന്നായി എഴുതി
മദ്യം വില്ലനാകുന്ന പെൺജീവിതങ്ങൾ ഒരുപാടുണ്ട്. എന്നത്തേയും പോലെ നല്ല എഴുത്ത്.👍❤
ആൾക്കൂട്ടത്തിൽ കൂട്ടം തെറ്റിയ പോലെ അലഞ്ഞുതിരിയുന്ന മനസ്സുമായിരിക്കുന്ന ആ പെൺകുട്ടി മനസ്സിൽ നിന്നുമായുന്നില്ല. എന്തെല്ലാം വികാരങ്ങളാവും അവളുടെ ഹൃദയത്തിൽ അലയടിച്ചുയരുന്നത്. ഇങ്ങനെ മറ്റുള്ളവരുടെ കണ്ണിൽ നല്ലപിള്ള ചമഞ്ഞിരിക്കുന്ന ഒരുപാടു ഭർത്താക്കന്മാരുണ്ട്. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന മദ്യാസക്തി എത്ര പെൺകുട്ടികളെ കണ്ണീരു കുടിപ്പിക്കുന്നുണ്ടാവും.?
നന്നായി എഴുതി രതീ.👌
❤️🌹
മദ്യം എത്രയോ കുടുംബങ്ങളെ പ്രശ്നത്തിലാക്കുന്നുണ്ട്. നന്നായി എഴുതി.
നല്ല വളരെ നല്ല എഴുത്ത്💯❤️👍🙏💯🙏