പ്രണവിനെ പഴയ പോലെ, ആരോഗ്യത്തോടെ കാണാൻ എല്ലാവരെയും പോലെ ദേവിയും അതിയായി ആഗ്രഹിച്ചു.പ്രണവിന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചതിന്റെ കാരണം കണ്ടെത്താൻ അവൾ തീരുമാനിച്ചു.
“അനൂ ,പ്രണവിനെ ആരാണ് ചതിച്ചതെന്നു നമുക്ക് കണ്ടു പിടിയ്ക്കണം.അതിനു ഞാൻ ഏത് മാർഗ്ഗം വേണേലും സ്വീകരിയ്ക്കാം.”
“നീ എന്ത് ചെയ്യാനാണ് പോകുന്നത്.ഞാൻ പ്രണവിനോട് സംസാരിച്ചിരുന്നു.പ്രണവ് ഒന്നും തുറന്നു പറയുന്നില്ല.പ്രണവ് ആരെയോ ഭയക്കുന്നത് പോലെ എനിക്ക് തോന്നുന്നു.”
“സഞ്ജീവിന്റെ സഹായം തേടിയാലോ, ഒന്നുമില്ലെങ്കിലും അയാളൊരു പോലീസ്കാരനല്ലേ.ഞാൻ തീരുമാനിച്ചെടീ,ഞാൻ അയാളുടെ മെസേജുകൾക്കു ഇന്ന് മുതൽ മറുപടി അയയ്ക്കും.എനിക്ക് അയാളോട് തോന്നിയ പിണക്കം മാറിയതായി നടിക്കും, സ്നേഹം അഭിനയിക്കും.”
“എന്താ നീ ഉദ്ദേശിക്കുന്നത് ഒരു ഹണി ട്രാപ് ആണോ? ചാര വനിത.അവസാനം കളി കാര്യമാകരുത്”
അനുപമ ചിരിച്ചു.
“ഭഗവദ്ഗീതയിൽ കൃഷ്ണൻ പറഞ്ഞിട്ടുണ്ട്,മാർഗ്ഗമല്ല ,ലക്ഷ്യമാണ് പ്രധാനമെന്ന്.അയാളോട് ഹണി ട്രാപ് ഒന്നും നടക്കില്ല മോളെ.ആര് വിചാരിച്ചാലും അയാളൊന്നും തുറന്നു പറയാനും പോകുന്നില്ല.എന്ന് വച്ച് നിരാശ വേണ്ട,നമുക്കൊന്ന് ശ്രമിക്കാം.”
“നമ്മൾ വിജയിക്കുമോ.ആരായാലും പ്രണവിനെ ചതിച്ചവർക്കു അതെ നാണയത്തിൽ മറുപടി കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.പക്ഷെ നീ റിസ്ക് എടുക്കുന്നത് കാണുമ്പോ..”
“റിസ്ക് എടുക്കാതെ ഒന്നും നേടാൻ കഴിയില്ല.നീ ഒന്നിനെയും കുറിച്ച് ചിന്തിച്ചു ആധി പിടിയ്ക്കേണ്ട.ഇത് ഞാൻ നോക്കി കൊള്ളാം ,ഒന്നുമില്ലേലും പ്രണവ് എന്റെ ആദ്യഭർത്താവല്ലേ.അയാൾക്ക് വേണ്ടി എന്തേലും ചെയ്യാൻ നീ എന്നെ ഒന്ന് അനുവദിക്കൂ.”
“ആദ്യഭർത്താവോ? അതെങ്ങനെ, തമാശയ്ക്ക് ആണെങ്കിലും ഇങ്ങനെയൊന്നും പറയരുത്.”
അനുപമ ഞെട്ടിത്തരിച്ച് ദേഷ്യത്തോടെ ദേവിയെ നോക്കി.
“ആദ്യമായി ഒരു കള്ളത്താലി എന്റെ കഴുത്തിൽ അണിയിച്ചത് പ്രണവാണ് ,പക്ഷെ അത് നാടകത്തിനു സ്റ്റേജിൽ വെച്ചാണെന്ന് മാത്രം.ഞാനന്ന് അയാളെ ചേട്ടാ എന്നൊക്കെ വിളിച്ചിരുന്നു”
“നീ വെറുതെ എന്നെ..ടെൻഷനടിപ്പിച്ചു.”
“അപ്പോൾ നിനക്കവനോട് ഇപ്പോഴും പഴയ പോലെ സ്നേഹമുണ്ടല്ലേ ,അതാണീ പൊസെസ്സീവ്നെസ്സ്.അത് മതി.എല്ലാം പഴയപോലെ ആകണം .”
രഹസ്യം കണ്ടെത്താൻ സഞ്ജീവിന്റെ സഹായം തേടാൻ ദേവി തീരുമാനിച്ചു.ദിവസവും രാവിലെ സഞ്ജീവ് അയയ്ക്കുന്ന മെസേജുകൾ അവൾ അവഗണിച്ചിരുന്നു.അവൾ സഞ്ജീവിന് അങ്ങോട്ടൊരു മെസേജ് അയയ്ക്കാൻ തീരുമാനിച്ചു.മറുപടി വരുമെന്ന് അവൾക്കുറപ്പായിരുന്നു.
മൂന്നാമത്തെ ദിവസം സഞ്ജീവിനൊരു മെസേജ് അയച്ചിട്ട് ദേവി കടൽക്കരയിലെ റെസ്റ്റോറന്റിൽ അയാളെ കാത്തിരുന്നു.മുൻപൊരിക്കൽ അവർ ഇരുന്ന അതേ സീറ്റിൽ തന്നെയാണ് അവളിരുന്നത്.ഖാദി സിൽക്കിന്റെ കറുത്ത സാരി അവളുടെ മിനുസമായ ശരീരത്തു അലസമായി ഒഴുകി കിടന്നിരുന്നു.അവളുടെ നീണ്ട മുടിയിഴകൾ കാറ്റിൽ പാറി പറന്നു കിടന്നു.തന്റെ മുന്നിലിരുന്ന കോൾഡ് കോഫീ അവൾ മെല്ലെ നുണഞ്ഞു കൊണ്ടിരുന്നു.
കടലിനു അഭിമുഖമായിരുന്നത് കൊണ്ട് തന്റെ പിന്നിൽ സഞ്ജീവ് വന്നു നിന്നത് ദേവി കണ്ടിരുന്നില്ല. അവളുടെ മുന്നിലെ കസേര നീക്കി അയാൾ ഇരുന്നപ്പോഴാണ് ദേവി അയാളെ ശ്രദ്ധിച്ചത്.ഇളനീല ഡെനിം ഷർട്ടിലായിരുന്നു അയാൾ,ക്ലീൻ ഷേവ് ചെയ്ത മുഖം,ഡേവിഡ് ഓഫ് കൂൾ വാട്ടറിന്റെ പെർഫ്യൂം ഗന്ധം അവളുടെ ചുറ്റിലും പരന്നു.ദേവി മുഖം ഉയർത്തി അയാളെ നോക്കി പുഞ്ചിരിച്ചു.അവളുടെ ആകർഷകമായ മുഖവും ചിരിയും അയാളെ സന്തോഷിപ്പിച്ചു.
“താൻ വന്നിട്ട് കുറെ നേരമായോ?”
“ആഹ് ,കുറച്ചു നേരമായി.പക്ഷെ കടൽ നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല.”
സഞ്ജീവ് അതിശയത്തോടെ തൻ്റെ പിറകിലുള്ള കടലിലേയ്ക്ക് തിരിഞ്ഞു നോക്കി.
“ഇത്ര നേരം കണ്ടു കൊണ്ടിരിക്കാൻ ഈ കടലിനു അത്ര ഭംഗിയുണ്ടോ?”
“പിന്നെ മനോഹരമായ നീല കടൽ,എന്നിലേയ്ക്ക് കടന്നു വരാൻ ശ്രമിക്കുന്ന കുസൃതികളായ ചെറിയ തിരമാലകൾ,ഇളം കാറ്റിൻ്റെ കയ്യിൽ തിരകൾ കൊടുത്തു വിടുന്ന ചെറിയ ഉപ്പുരുചി.”
ദേവി പൊട്ടിച്ചിരിച്ചു.
“മതിയല്ലേ,ഇനിയും പറഞ്ഞാൽ ഞാൻ ഒരു കവിത എഴുതും.”
“പോരാ പോരാ നിർത്തരുത്.വക്കീലിനും കവിത വഴങ്ങുമോ.”
ദേവി പരിഭവം നടിച്ചു.
“ഇങ്ങനെ കളിയാക്കേണ്ടിയിരുന്നില്ല,നന്നായില്ല എന്ന് പറഞ്ഞാൽ പോരായിരുന്നോ?”
ദേവിയുടെ മുഖം ചുവന്നു തുടുത്തത് കണ്ടു സഞ്ജീവിന്റെ മുഖത്തൊരു ടെൻഷനുണ്ടായി.ദേവിയെ ഒന്ന് ഇണക്കി കൊണ്ട് വന്നതേയുള്ളൂ.പിണക്കം മാറ്റാൻ വന്നിട്ട് ഉടൻ ഉടക്കി പിരിയേണ്ടി വരുമോ.സഞ്ജീവ് തന്റെ കസേര ദേവിയുടെ അടുത്തേയ്ക്കു നീക്കിയിട്ടു.അവളുടെ ശരീരത്തിൽ സ്പർശിക്കാതെയിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു.
“തന്റെ കവിത നന്നായി എന്നാണ് ഞാൻ പറഞ്ഞത്.തനിക്കു വയ്യെങ്കിൽ ഞാൻ ഗദ്യ കവിതയുണ്ടാകും.പോലീസ് കവിത തനിക്ക് സഹിക്കാൻ കഴിയില്ല,ഇടയ്ക്കിടയ്ക്ക് കഥകളി പദങ്ങൾ കൂടിയുണ്ടാകും ,സഹിക്കാൻ കഴിയുമെങ്കിൽ…”
ദേവി മുഖത്തൊരു ചിരി വരുത്തി.
“പറ്റില്ല പറ്റില്ല ഇത്രയും കാല്പനികത നിറഞ്ഞ ഈ സായാഹ്നത്തിൽ ,അതിന്റെ സൗന്ദര്യം ചോരുന്ന വണ്ണം കഥകളി പദങ്ങൾ ആര് പ്രയോഗിച്ചാലും ശിക്ഷാർഹമാണ്.”
“എന്താണാവോ ആ ശിക്ഷ ?”
ദേവി സഞ്ജീവിനെ നോക്കി കണ്ണുരുട്ടി നോക്കി.
“എനിക്ക് ചുറ്റും ഒരു ആയിരം തവണ പ്രദക്ഷിണം വയ്‌ക്കേണ്ടി വരും,”
“അതെനിക്ക് സമ്മതം,ഈ ദേവിയെ അല്ലേ ,ഒരു ഭക്തന് ഇതില്പരം എന്താനന്ദമാണ് വേണ്ടത്.”
ദേവി ഒരു ഹോട്ടൽ സ്റ്റാഫിനെ കൈ വീശി അടുത്തേയ്ക്ക് വിളിച്ചു , സഞ്ജീവിനോട് ചോദിച്ചു.
“ഭക്തനെന്താണ് കഴിക്കാൻ വേണ്ടത്.?എനിക്ക് നല്ല വിശപ്പുണ്ട്.”
“ലഘുവായിട്ടു എന്ത് വേണേലും ഞാൻ കഴിക്കും.”
“എനിക്ക് ഇത്തിരി കഠിനമായി തന്നെ കഴിക്കണം.”
“തനിക്ക് കൊക്കോപ്പുഴുവിന്റെ അസുഖമുണ്ടോ? ഉച്ചക്ക് കഴിച്ചതൊക്കെ ദഹിച്ചു പോയോ?”
“ഇതാപ്പോ നന്നായത് ,ഉച്ചക്ക് ലഞ്ച് കഴിക്കാതെ സാറിനേയും കാത്തിരുന്ന ഈ ഞാൻ ആരായി ,ഇതിപ്പോൾ രണ്ടാമത്തെ തവണയാണ് എന്നെ കളിയാക്കുന്നത്.ഞാൻ കഴിക്കാൻ പോകുന്നു.”
ദേവി സഞ്ജീവിനെ അവഗണിച്ചു കൊണ്ട് അവൾക്കു ബട്ടൂരയും ബട്ടർ ചിക്കനും ഓർഡർ ചെയ്തു.
” സഞ്ജുവിന് വേണ്ടത് സഞ്ജു തന്നെ പറ.”
അവൾ സാർ വിളി മാറ്റി സഞ്ജു എന്ന് വിളിച്ചത് സഞ്ജീവിനെ തെല്ലൊന്ന് അമ്പരപ്പിച്ചു.
“എനിക്കും ബട്ടൂര തന്നെ മതി.കൂടെ ഒരു ബീഫ് റോസ്റ്റ്.”
“അങ്ങനെ വഴിക്കു വാ.എന്നും ജിമ്മിലൊക്കെ പോകുന്നതല്ലേ .”
അവൾ സഞ്ജീവിന്റെ ദൃഢമായ കൈകളിലെ പേശികളിൽ തൊട്ടു നോക്കി.
“നാളെ ഒരു അഞ്ചു മിനിറ്റ് കൂടുതൽ വർക്ക് ഔട്ട് ചെയ്തോളു ,ഇതൊക്കെ ബേൺ ആയി പൊയ്ക്കോളും.”
ദേവിയുടെ കര സ്പർശം സഞ്ജീവിനെ തരളിതനാക്കി.അവളുടെ നേർത്ത മുടിയിഴകൾ അയാളുടെ കവിളിൽ സ്പർശിച്ചതും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി.സഞ്ജീവിന്റെ ഭാവവ്യത്യാസങ്ങൾ കാണാത്ത മട്ടിൽ ദേവിയിരുന്നു.
“സഞ്ജു എങ്ങനെയാണ് വന്നത്.കാറിലാണെങ്കിൽ എന്നെ ഒന്ന് അനുപമയുടെ വീട്ടിലെത്തിക്കാമോ.ബുദ്ധിമുട്ടില്ലെങ്കിൽ മതി,അല്ലെങ്കിൽ ഞാൻ ഒരു ഓട്ടോയിൽ പോകാം.”
“എന്ത് ബുദ്ധിമുട്ട് ,കാറിലായാലും ജീപ്പിലായാലും എന്താണ് കുഴപ്പം.”
“ജീപ്പ് ഒഫീഷ്യൽ വാഹനമല്ലേ,അത് വേണ്ട എന്ന് കരുതി പറഞ്ഞതാ.”
“ഞാൻ തന്നെ കാണാൻ എന്റെ സ്വന്തം കാറിലാണ് വന്നത്.തന്റെ കാറിനെന്തു പറ്റി .”
“എന്റെ കാർ സർവീസ് ചെയ്യാൻ കൊടുത്തു.ഞാൻ ആലോചിക്കുകയായിരുന്നു ഈ പോലീസുകാരൊക്കെ അരസികൻമാരാണോയെന്ന്.”
“എന്ത് പറ്റി ,ഞാൻ അവിവേകം എന്തെങ്കിലും പറഞ്ഞോ.എനിക്ക് ഗേൾ ഫ്രണ്ട്സോ ഭാര്യയോ പെങ്ങളോ ഒന്നുമില്ല.അത് കൊണ്ട് എനിക്ക് പെണ്ണുങ്ങളുടെ വൈബ് അത്ര പിടിയില്ല.”
“ഒരു സുന്ദരിയായ പെങ്കൊച്ചുമായി ഡേറ്റിങ്ങിനൊക്കെ വന്നിട്ട് താൻ ,തന്റെ എന്നൊക്കെയുള്ള പ്രയോഗങ്ങൾ ,വെരി അൻറൊമാന്റിക് ,ഒരു പോലീസ് ഓഫീസർ വന്നിരിക്കുന്നു.”
ദേവി തന്റെ തലയിൽ കൈ വച്ച് കൊണ്ട് സഞ്ജീവിനെ കളിയാക്കി.അയാൾക്ക് ചിരി വന്നെങ്കിലും അയാൾ ചിരി ഒതുക്കി,അവളെ നോക്കി കണ്ണുരുട്ടി.
കഴിക്കുന്ന സമയത്തൊക്കെ ദേവി വളരെ സരസമായി സംസാരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.മടങ്ങാൻ നേരം സഞ്ജീവ് തന്റെ കാറിന്റെ മുൻവാതിൽ ദേവിയ്ക്കായി തുറന്നു കൊടുത്തു.അവൾ ഇരുന്ന ശേഷം മാത്രമാണ്.അയാൾ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നത്
“എന്താ ഈ സന്ധ്യ സമയത്ത് അനുപമയെക്കാണാൻ പോകുന്നത്”
“ഇന്ന് പകൽ പോകാൻ പറ്റിയില്ല.അവരുടെ ഈ അവസ്ഥയിൽ നമ്മളൊക്കെ അല്ലേയുള്ളു ആശ്വസിപ്പിക്കാൻ.”
“പ്രണവിനിപ്പോൾ ഭേദമായില്ലേ.സർജറി കഴിഞ്ഞു ഞാനൊന്നു പോയി കണ്ടിരുന്നു.പഴയ ആളേയല്ല ,ആളാകെ മാറി.മെലിഞ്ഞു നിറം മങ്ങി ,കവിളൊട്ടിയ രൂപം.എത്ര സുന്ദരനായിരുന്നു അയാൾ.”
“പറഞ്ഞിട്ടെന്താ,ഓരോരോ അബദ്ധങ്ങളിൽ ചെന്ന് ചാടിയാൽ..”
“അബദ്ധങ്ങളോ? രോഗങ്ങൾ ആകസ്മികമായി വരുന്നതല്ലേ ,അതെങ്ങിനെ അബദ്ധങ്ങളാകും .”
“രോഗങ്ങൾ വരുന്നതാണ്,പക്ഷെ അതിന്റെ കാരണങ്ങൾ ചില ശ്രദ്ധക്കുറവുകൾ കൊണ്ട് ആയിക്കൂടെ.”
“ദേവി എന്താ പറഞ്ഞു വരുന്നത്?”
“എനിക്കുറപ്പില്ല.എന്നാലും എന്റെ ഒരു സംശയം ഞാൻ പറയാം.നല്ല ആരോഗ്യദൃഢഗാത്രനായ ഒരാൾ.ഒരു പാർട്ടിയിൽ പോയി ആഹാരവും ഡ്രിങ്ക്‌സും കഴിക്കുന്നു.പാർട്ടി കഴിഞ്ഞു അയാൾ കുഴഞ്ഞു വീഴുന്നു.ലഹരികൊണ്ടാണെന്നു കൂടെയുള്ളവർ കരുതുന്നു,പിറ്റേ ദിവസം മുതൽ ത്വക്കു രോഗങ്ങൾ കണ്ട് തുടങ്ങുന്നു .”
“മൂത്രം പോകാതെ അയാളുടെ വയർ വീർക്കുന്നു ,ശ്വാസം മുട്ടലുണ്ടാകുന്നു,പരിശോധനയിൽ വൃക്ക പ്രവർത്തനരഹിതമാണെന്നു കണ്ടെത്തുന്നു.ഒരു ദിവസം കൊണ്ട് ഒരു മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കാൻ കാരണമായതെന്തോ അയാളുടെ ഉള്ളിലെത്തി,ആര് കൊടുത്തു? എങ്ങനെ കൊടുത്തു?”
“എന്നിട്ട് സംശയം തോന്നിയിട്ടും അവർ പരാതി ഒന്നും നൽകിയില്ലേ .”
“പ്രണവിനിപ്പോഴും അഭിമാനം,കരിയർ എന്നൊക്കെയുള്ള ചിന്തകളാണ്.ഒരു പക്ഷെ അയാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നെങ്കിൽ ഇതൊക്കെ പോലീസ് അന്വേഷിച്ച് കണ്ട് പിടിച്ചേനെ,ഓ അതും ഉണ്ടാകില്ല,എതിർഭാഗത്തും ശക്തരല്ലേയുള്ളത്.”
“നീ എന്താ പറയുന്നത്, പരാതി നൽകാതെ പോലീസ് എങ്ങനെ ഇടപെടാനാണ്.ഒരു പക്ഷെ അത് ചെയ്ത ആളെ പ്രണവിന് അറിയാമായിരിക്കും.അയാൾ ഈ ഫീൽഡിലേയ്ക്ക് മടങ്ങി വന്നിട്ട് പകരം ചോദിക്കാനാകും.”
“എനിക്ക് പ്രതീക്ഷയില്ല.ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ഇനിയൊരു മടങ്ങി വരവ് അയാൾക്കുണ്ടാകുമെന്നു തോന്നുന്നില്ല.”
പ്രണവിനെ കണ്ടപ്പോൾ സഞ്ജീവിന്റെ മുഖം മങ്ങുന്നത് ദേവി ശ്രദ്ധിച്ചു.സഞ്ജീവ് പ്രണവിന്റെ അടുത്തൊരു കസേരയിലിരുന്നു.അയാൾക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ല.സഞ്ജീവിൻ്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയത് അയാളുടെ പേർസണൽ മാനേജർ ആയിരുന്നു.
അടുക്കളയിൽ വച്ച് അനുപമ ട്രേയിൽ വച്ച ചായക്കപ്പ് ദേവി കയ്യിലെടുത്തു.
“സഞ്ജുവിന് ഞാൻ കൊടുക്കാം.”
അനുപമ ഞെട്ടലോടെ ദേവിയെ നോക്കി,പിന്നെയവൾ പൊട്ടിച്ചിരിച്ചു.
“എന്ത് സഞ്ജുവോ?എന്റെ ദേവി നിന്നെ എനിക്ക് മനസിലാകുന്നില്ല.ആണുങ്ങളെ വശത്താക്കാൻ നിന്നെപ്പോലെ ആർക്കും കഴിയില്ലല്ലോ.”
“ഇനി നീ കൂടി മാത്രമേ അത് പറയാൻ ബാക്കി ഉണ്ടായിരുന്നുള്ളു അനു ,നിന്റെ ഭർത്താവിനെ ഞാൻ തിരിച്ചു തന്നല്ലോ.”
ദേവി മുഖം തിരിച്ചു.
“അയ്യോ നീ പിണങ്ങല്ലേ ,നീ ചീത്തയാണെന്നല്ല,നിന്റെ ആ കഴിവ് അപൂർവ്വമാണെന്നാണ് ഞാൻ പറഞ്ഞത്.നിന്റെ ആ ഗന്ധം വല്ലാതെ …”
“എന്തോന്നാ എന്തോന്നാ.എടീ ,ദേവി വെറുതെ ഒന്നും ചെയ്യില്ല എന്ന് നീ മനസിലാക്കിക്കോ.”
ദേവിയും അനുപമയും കൂടി പ്രണവിന്റെ മുറിയിലേയ്ക്ക് പ്രവേശിച്ചു.സഞ്ജീവിന്റെ മുന്നിൽ കണ്ണീർ വാർത്തു കിടക്കുന്ന പ്രണവിനെ കണ്ടു ദേവിയ്ക്ക് സങ്കടം തോന്നി.അവൾ വിനീത വിധേയയായി ,കയ്യിലിരുന്ന ചായക്കപ്പ് സഞ്ജീവിനു കൈമാറി.സഞ്ജീവ് അവളെ സ്നേഹത്തോടെ നോക്കി
(തുടരും….)
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-42 - By Nisha Pillai - കൂട്ടക്ഷരങ്ങൾ