ജീവിച്ചിരിക്കുന്ന കാലത്തോളം നല്ലത് ചെയ്യണം എന്നാണ് അച്ഛൻ പറഞ്ഞത്. അതനുസരിച്ച് തന്നെയാണ് വളർന്നത്. പഠിച്ചത്. ഡിഗ്രിക്ക് റാങ്ക് വരെയുണ്ടായതിനാൽ നല്ല ജോലി ലഭിക്കുമെന്ന് ഉറപ്പായി. പക്ഷെ ഒരു ജോലിയും ഇഷ്ടപ്പെട്ടില്ല.
അപ്പോഴാണ് വ്യത്യസ്തമായ ഒരു തൊഴിൽ കണ്ണിൽ പെട്ടത്. അഡ്വക്കേറ്റ്. അത് കൊണ്ട് ലോ പഠിക്കാൻ തയ്യാറായി. പഠിപ്പ് കഴിഞ്ഞ് ചില വലിയ അഡ്വക്കേറ്റുകളുടെ കീഴിൽ വർഷങ്ങൾ അസിസ്റ്റന്റ് ആയിക്കൂടി. ആയിടയ്ക്ക് ഒരു കണ്ടുപിടുത്തം കൂടി നടത്തി. ക്രൂരന്മാരായ പ്രതികൾക്ക് വേണ്ടി ഹാജരാവാൻ വക്കീലൻമാരില്ല. പ്രമുഖരായവരൊന്നും അവരുടെ വക്കാലത്ത് എടുക്കുകയില്ല. ക്രിമിനൽ അഭിഭാഷകൻ എന്ന പേര് ചാർത്തുന്നതിൽ പലർക്കും അതൃപ്തി. പിന്നെ കേസില്ലാ വക്കീലന്മാർ ഹാജരായാലും കേസ് തോറ്റുപോകുകയാണ്.
അങ്ങനെയാണ് അഡ്വേക്കററ് ബി. സി. ചെങ്ങന്നൂർ എന്ന ബാബു ചെറിയാൻ ആ രംഗത്ത് എത്തുന്നത്. ആളുകളും മാധ്യമങ്ങളും എന്തും പറഞ്ഞോട്ടെ ഒരു കുഴപ്പവുമില്ല. തന്നെ വിശ്വസിച്ചു കേസ് കല്പിക്കുന്ന വരെ ചതിക്കില്ല. ജയിപ്പിക്കുകയും ചെയ്യും. അങ്ങനെ രമ്യകൊലക്കേസിൽ വഴിത്തിരിവ് ഉണ്ടായത്. തൂക്കിലേറ്റാൻ വിധിച്ച പ്രതിയെ ജീവപര്യന്തം ആക്കിമാറ്റാൻ കഴിഞ്ഞു.
പല കേസുകളിലും പ്രതിയേ വെറുതെ വിട്ടു.
പഴയ ചൊല്ല് മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കിൽ ആരേയും കൊല്ലാം. പുതിയ ചൊല്ല് ഇങ്ങനെ. “ലക്ഷക്കണക്കിന് പണവും ബി. സി ചെങ്ങന്നൂരുമുണ്ടെങ്കിൽ ആരെ വേണമെങ്കിൽ കൊല്ലാം” അത് അന്വർത്ഥമാക്കി വക്കീൽ.
വീട്ടിൽ ചെല്ലുമ്പോൾ അമ്മ പറയും “എന്തിനാടാ നീ വെറുതെ ആളുകളുടെ ശാപം വരുത്തി വയ്ക്കുന്നത്? നല്ല കേസുകൾ മാത്രം എടുത്താൽ പോരേ? എനിക്ക് ഒരു സമാധാനം ഇല്ല. നീ പള്ളിയിൽ പോയി കുമ്പസരിക്ക്. പാപങ്ങൾ പോകട്ടെ ” നല്ല സമയത്ത് ഒന്നും പള്ളിയിൽ പോകാത്ത ബാബു ചെറിയാൻ പള്ളിയിലെ പോകാനും പ്രാർത്ഥിക്കാനും കുമ്പസരിക്കാനും പോയത്
തനിക്കു ഇനി അധികകാലം ഇല്ല ഇനി ഈ ഭൂമിയിൽ എന്ന് തിരിച്ചറിഞ്ഞതോടെയാണ്.
വിട പറയും മുൻപെ തനിക്കു താൻ വിജയകരമാക്കിയ കേസുകളിലെ ഇരകളോട് മാപ്പ് പറഞ്ഞെങ്കിൽ മാത്രമേ തനിക്കു സമാധാനത്തോടെ മരിക്കാനാവൂ. കരളിലെ ക്യാൻസർ അവസാന സ്റ്റേജിൽ ആണ്. മരുന്നോ കീമോതെറാപ്പിയോ സർജറിയോ ഒന്നും കാര്യമില്ല. ഇനി മനസ്സമാധാനം കിട്ടാൻ വേണ്ട വഴികൾ എങ്കിലും നോക്കണം.
അങ്ങനെ രമ്യയുടെ അമ്മയേക്കാണാൻ പോയത്. രണ്ട് പേരും കുറെ കരഞ്ഞു. മറ്റ് കേസുകളിലെ ഇരകളുടെ വീട്ടുകാരേയും കണ്ടു മാപ്പ് പറഞ്ഞു. കുമ്പസാരം അതായിരുന്നു.
അഡ്വ. ബി. സി. ചെങ്ങന്നൂർ ഇന്ന് അന്തരിച്ചു. കുറ്റബോധമെല്ലാം മാപ്പ് പറഞ്ഞും പ്രാർത്ഥിച്ചുമൊക്കെ ഇല്ലാതാക്കിയ ശേഷമാണ് മരണം.
മരിച്ചതിന് ശേഷം പലരും കുറ്റം പറയാൻ ഉണ്ടായിരുന്നു എങ്കിലും അയാളുടെ മനസ്സിനെ അതൊന്നും അലട്ടില്ലല്ലോ! ഇനി എന്ത് പറഞ്ഞാലും എന്താണ്!
#എന്റെ രചന
#കഥ
#വിടപറയുംമുമ്പേ
#രചന_രാമചന്ദ്രൻടിവി

