നാളെ സ്കൂൾ തുറക്കുകയാണ് ചിന്നുവിന് ഈ തവണ ഒരു പുത്തനുടുപ്പിട്ട് ആദ്യ ദിവസം പോകണം എന്നാണ് ആശ. എട്ട് വയസ്സാണ് ചിന്നുവിന്റെ പ്രായം
എന്നാൽ പുത്തനുടുപ്പ് അവൾക്കില്ല. പുത്തനുടുപ്പ് എന്ന് പോയിട്ട് സ്കൂളിൽ വൃത്തിയായി പോകുവാൻ മാത്രം ഭേദപ്പെട്ട ഒരു നല്ല ഉടുപ്പ് പോലുമില്ല. ചിന്നുവിന്റെ അമ്മ സീതക്കും ഈ കാര്യത്തിൽ വലിയ പ്രയാസമുണ്ട്.
സീതയുടെ ഭർത്താവ് മഹേഷ് നാല് കൊല്ലം മുൻപ് പെട്ടന്ന് ഒരു നെഞ്ച് വേദന വന്ന് മരണത്തിന് കീഴടങ്ങി. പൊളിഞ്ഞു വീഴാൻ തക്ക പഴക്കമുള്ള ഓട് ഇട്ട ഒരു കുഞ്ഞ് വാടക വീട്ടിലാണ് ചിന്നുവും അമ്മ സീതയും കഴിയുന്നത്.
ആ വീടിന്റെ തിണ്ണയുടെ ഓരത്ത് മഴ കണ്ട് നിൽക്കുകയാണ് ചിന്നു. പെട്ടന്ന് സീത അവിടേക്ക് വന്നു. പഴയ ഒരു സാരി ചുറ്റിയ വേഷം. സീത പറഞ്ഞു: “വാ മോളേ പോകാം. “
“അമ്മേ എനിക്ക് നാളെ പുത്തനുടുപ്പിട്ട് സ്കൂളിൽ പോണം. “
ഇത് കേട്ട സീത പെട്ടന്ന് ഒരു അങ്കലാപ്പിലായി എന്നിട്ട് പറഞ്ഞു:” മോളേ പുത്തൻ വാങ്ങാൻ ഇപ്പൊ അമ്മയുടെ കയ്യിൽ കാശൊന്നും ഇല്ലല്ലോ, ഒരാഴ്ച കഴിയട്ടെ.. “
ചിന്നുവിന്റെ മുഖത്ത് നിരാശ നിഴലിച്ചു.
“അമ്മേ കഴിഞ്ഞ തവണ സ്കൂളിൽ എന്റെ ക്ലാസ്സിലെ എല്ലാരും പുത്തനിട്ടാ വന്നേ.. ഞാൻ മാത്രവാ പഴേത് ഇട്ടോണ്ട് പോയെ.. “
” മോൾക്ക് അമ്മ ആ മഞ്ഞ ഉടുപ്പ് ഭംഗിയായിട്ട് തേച്ച് ഇട്ട് തരാം.. “
ചിന്നു അതിന് മറുപടി ഒന്നും പറഞ്ഞില്ല തല കുനിച്ചു നിൽക്കുക മാത്രമാണ് ചെയ്തത്.
മകളുടെ നിൽപ്പ് കണ്ട് സീത അവളെ ചേർത്ത് പിടിച്ച് വലത് കവിളിൽ ഒരു ഉമ്മ കൊടുത്തു.
“വാ മോളേ പോകാം. ” സീത കുട നിവർത്തി സീത ചിന്നുവിനെ ചേർത്ത് പിടിച്ച് പുറത്തേക്കിറങ്ങി
കോരിച്ചൊരിയുന്ന മഴയത്ത് അമ്മയും മകളും നടന്ന് നീങ്ങുകയാണ്. എത്ര മഴയാണെങ്കിലും രാവിലെ എട്ട് മണിക്ക് മുന്നേ വലിയവീട്ടിൽ എത്തണം.
ഇല്ലെങ്കിൽ അവിടുത്തെ തോമസും ഗ്രേസി ചേച്ചിയും വഴക്ക് പറയും.
തോമസിന്റെ ഇളയ സഹോദരൻ സണ്ണിയും കുടുംബവും കാനഡയിൽ നിന്നും വന്നിട്ടുണ്ട്.
അമേരിക്കൻ രാജ്യത്ത് നിന്ന് വന്ന അതിഥികളായത്കൊണ്ട് തന്നെ തോമസ്സും ഗ്രേസിയും അവരെക്കൊണ്ട് ജോലികളൊന്നും ചെയ്യിക്കില്ല.
മാത്രമല്ല തങ്ങളുടെ അപ്പച്ചൻ തോമസിന്റെ കൂടെയായത് കൊണ്ട് എല്ലാ മാസവും നല്ല ഒരു തുക സണ്ണി കാനഡയിൽ നിന്നും തോമസ്സിന് അയച്ചും കൊടുക്കാറുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അവരെ കഴിയും വിധം സന്തോഷിപ്പിച്ച് തിരികെ കാനഡയിലേക്ക് തന്നെ അയക്കാനാണ് ഗ്രേസിയുടെയും തോമസ്സിന്റെയും തീരുമാനം.
സീതയുടെ കുഞ്ഞ് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുണ്ട് വലിയവീട്ടിൽ തോമസിന്റെ വസതിയിലേക്ക്.
ആ അമ്മയും മകളും മഴയത്തും വേഗത്തിൽ വലിഞ്ഞു നടന്ന് കൃത്യം എട്ട് മണിയായപ്പോൾ വലിയവീട്ടിലെത്തി.
സീത ബെൽ അമർത്തി. പെട്ടന്ന് തന്നെ ഗ്രേസ്സി വന്നു വാതിൽ തുറന്നു.
” പെട്ടന്ന് വാ ഇന്ന് രാത്രി ഇവിടെ കുറച്ച് ഗസ്റ്റുകൾ വരുന്നുണ്ട് വീടൊക്കെ അലങ്കോലമായിട്ട് കിടക്കുവാ ആദ്യം ഈ ഹാളൊന്ന് തുടക്കണം. ഇത് കഴിഞ്ഞ് അടുക്കളയിലോട്ട് വാ. “
ഗ്രേസ്സി പറഞ്ഞത് കേട്ട് ചിന്നുവും സീതയും അകത്തേക്ക് കയറി ഹാളിൽ നിന്നു. ഗ്രേസ്സി അടുക്കളയിലേക്കും പോയി.
സീത ചിന്നുവിനോട് പറഞ്ഞു: “മോളേ.. മോളാ സ്റ്റൂളില് പോയിരുന്നോ അമ്മ വെള്ളം എടുത്തിട്ട് വന്ന് ഈ തറ തുടക്കട്ടെ. “
ചിന്നു ഇത് കേട്ട് മം.. എന്ന് മൂളിയ ശേഷം ഹാളിന്റെ മൂലയിൽ കിടന്ന സ്റ്റൂളിൽ ഇരുന്നു.
സീത അകത്തേക്ക് പോയി പെട്ടന്ന് തന്നെ ഒരു ബക്കറ്റിൽ വെള്ളവും തുണിയുമായി വന്നു.
സീത തറയിൽ കുത്തിയിരുന്നു തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ ശേഷം ഹാളിന്റെ ഒരു വശത്തു നിന്നും തറ തുടക്കുവാൻ തുടങ്ങി.
അമ്മയുടെ ജോലി ഒരു കൗതുകത്തോടെ ചിന്നു സ്റ്റൂളിൽ ഇരുന്ന് നോക്കുകയാണ്.
കയ്യിൽ ഒരു ട്രേയുമായി ഗ്രേസ്സി അവിടേക്ക് വന്നു. അവരുടെ കയ്യിലുള്ള ട്രേയിൽ രണ്ട് ഗ്ലാസ്സ് ചായയുണ്ട്. ഗ്രേസി രണ്ട് ഗ്ലാസുകളും ഹാളിൽ കിടന്നിരുന്ന ചെറിയ മേശപ്പുറത്തേക്ക് വെച്ചിട്ട് പറഞ്ഞു.
” രണ്ട് പേർക്കുമുള്ള ചായയാണ് എടുത്ത് കുടിച്ചോ. “
ശേഷം ഗ്രേസ്സി ഹാളിലുള്ള സോഫയിലേക്ക് ചാരി ഇരുന്ന് പത്രം നോക്കുവാൻ ആരംഭിച്ചു.
സീത പതിയെ എഴുന്നേറ്റ് വന്ന് ഒരു ഗ്ലാസ് ചായ എടുത്ത് ചിന്നുവിന് കൊടുത്തിട്ട് പറഞ്ഞു: “മോളേ.. ഗ്ലാസ്സ് പൊട്ടിക്കാതെ സൂക്ഷിച്ചു കുടിക്കണേ. “
ചിന്നു അത് കേട്ട് മൂളിയ ശേഷം ഗ്ലാസ് വളരെ ശ്രദ്ധയോടെ പിടിച്ചു.
സീത വീണ്ടും തറ തുടക്കുവാൻ തുടങ്ങി.
ഇത് കണ്ട ചിന്നു അമ്മയോട് ചോദിച്ചു
” അമ്മ ചായ കുടിക്കുന്നില്ലേ.. ? “
” അമ്മ കുറച്ച് കഴിഞ്ഞ് കുടിച്ചോളാം മോളേ.. “
തറ തുടക്കുന്നതിനിടയിൽ തന്നെ സീത സോഫയിലിരിക്കുന്ന ഗ്രേസ്സിയോട് ചോദിച്ചു
” ചേച്ചി ചിന്നുവിന്റെ സ്കൂൾ നാളെ തുറക്കുവാ.. ഇട്ടോണ്ട് പോകാൻ നല്ല ഉടുപ്പൊന്നും ഇല്ല. ഒരു ഉടുപ്പ് വാങ്ങാനുള്ള കാശ് തരാമോ ? “
പത്രത്തിൽ നിന്നും കണ്ണെടുത്ത ഗ്രേസ്സി ആദ്യം ചിന്നുവിനെ ഒന്ന് നോക്കി പിന്നെ സീതയെ നോക്കി പറഞ്ഞു: ” എന്റെ കയ്യിൽ ഇപ്പൊ ഒരു പൈസയും ഇല്ല സീതേ.. നിന്റെ കൂലി തരുന്നത് എട്ടാം തീയതി അല്ലേ. അന്ന് തരാം. ഇന്നിപ്പോ മെയ് 31 അല്ലേ ആയുള്ളൂ..
നീ അച്ചായനോട് ചോദിച്ചു നോക്ക്. “
ഇത് കേട്ട സീതയുടെ മുഖത്ത് നിരാശയുടെ വേലിയേറ്റം വന്നു ഭവിച്ചു.
പെട്ടന്ന് അകത്തെ മുറിയിൽ നിന്നും അവിടേക്ക് സണ്ണിയും തോമസും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് കടന്ന് വന്നു.
സണ്ണിയും തോമസും ഗ്രേസ്സി ഇരുന്ന സോഫയുടെ അരികിലുള്ള കസേരളിൽ ഇരുന്നു.
ഗ്രേസ്സി തോമസ്സിനോടായി പറഞ്ഞു
” അച്ചായാ ഇവളുടെ കൊച്ചിന് നാളെ സ്കൂൾ തുറക്കുവാ അതിന് ഉടുപ്പ് വാങ്ങാൻ എന്തെങ്കിലും കാശ് ഒണ്ടെങ്കി കൊടുക്കാൻ പറയുന്നു. “
” അയ്യോ കുറച്ചു ദെവസത്തേക്ക് യാതൊരു രക്ഷേമില്ല.. ചെമ്പകശ്ശേരിലെ വാസുദേവന്റെ വസ്തു നമ്മള് വാങ്ങുവാ.. അതിന്റെ അഡ്വാൻസ് രാവിലെ കൊടുക്കണം അതിനൊള്ള കാശു പോലും തികഞ്ഞിട്ടില്ല. “
” അല്ല സ്കൂളിൽ പോകാൻ പുത്തൻ തന്നെ വേണോ? ഞങ്ങളൊക്കെ സ്കൂളിൽ പോകുന്ന കാലത്ത് പഴയതൊള്ളത് ഇട്ടോണ്ടാ പോയെ.. “
രണ്ട് കുട്ടികൾ അവിടേക്ക് ഓടി വന്നു. ഒരാൺ കുട്ടിയും ഒരു പെൺകുട്ടിയും ആൺകുട്ടിക്ക് ഏകദേശം പതിമൂന്നും പെൺകുട്ടിക്ക് എട്ട് വയസ്സും ഉണ്ടാവും. പിറകെ സണ്ണിയുടെ ഭാര്യ ലിസിയും വന്നു ലിസി പിള്ളേരോടായി പറഞ്ഞു: ” എടാ പിള്ളേരേ ഇവിടെ തുടച്ചിടുവാ വെറുതെ ഇതിലെയൊക്കെ ഓടി നടന്ന് വീണ്ടും അഴുക്കാക്കല്ലേ. “
” ഇവിടെ ആർക്കാണ് ഉടുപ്പിന്റെ കാര്യം പറഞ്ഞത്. ഞാൻ റൂമീന്ന് പുറത്ത് വന്നപ്പോ കേട്ടിരുന്നു. “
ഗ്രേസി ഇടപ്പെട്ട് പറഞ്ഞു : ” അത് ഈ സീതയുടെ ഈ ഇരിക്കുന്ന മോൾക്കാണ്. “
” ആണോ എന്നാൽ എന്റെ കൊച്ചിന്റെ ഒരു ഉടുപ്പുണ്ട് അവൾക്കിത്തിരി ടൈറ്റ് ആണ്. അത് വേണമെങ്കി തരാം. പുതിയതാണ് ഒന്നോ രണ്ടോ വട്ടമേ ഇട്ടിട്ടുള്ളൂ. “
” ഈ കൊച്ചിന് എത്ര വയസ്സുണ്ട്? “
” എട്ട് വയസ്സാ.. ” സീത പതിയെ പറഞ്ഞു
” ആ എന്റെ കൊച്ചിനും എട്ട് വയസ്സാണ്. “
” സീതയുടെ ഹസ്ബന്റ് മരിച്ചു പോയതാണ ല്ലേ.. എന്നായിരുന്നു കല്യാണം? “
” എൺപത്തിയൊൻപതിൽ ആയിരുന്നു “
മറുപടി പറയുമ്പോ സീതയുടെ മുഖത്ത് മ്ലാനത നിഴലിച്ചു.
സന്ധ്യാ സമയം തന്റെ ജോലി എല്ലാം തീർത്ത് സീതയും ചിന്നുവും ഇറങ്ങാൻ തുടങ്ങിയപ്പോ വരാന്തയിലേക്ക് ഒരു പൊതിയുമായി ലിസി വന്നു. പൊതി ലിസി സീതയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു: ” ഞാൻ പറഞ്ഞ ഉടുപ്പ് ഇതിലുണ്ട് കൊണ്ട് പൊയ്ക്കോ. “
സീത അത് വാങ്ങി ചിന്നുവിനെ ചേർത്ത് പിടിച്ച് ആ വീടിന്റെ പടികൾ ഇറങ്ങി നടന്നു നീങ്ങി.
പിറ്റേന്ന് അതിരാവിലെ തന്നെ സീതയും ചിന്നുവും ഉണർന്നു. ഇന്നലെ വൈകിട്ട് വീട്ടിൽ വന്നപ്പോ തന്നെ ആ ഉടുപ്പ് എടുത്ത് ഇട്ട് നോക്കിയിരുന്നു. മനോഹരമായ ഓറഞ്ച് നിറത്തിലുള്ള ഉടുപ്പ്.
രാവിലെ കുളിച്ചു റെഡിയായ ചിന്നുവിനെ ഇസ്തിരിയിട്ട ശേഷം ആ ഉടുപ്പ് സീത ധരിപ്പിച്ചു.
“എങ്ങനുണ്ടമ്മേ.. ?”ചിന്നു ചോദിച്ചു.
” ഇപ്പൊ എന്റെ മോളേ കാണാൻ മാലാഖയെപ്പോലുണ്ട്. ” സീത പറഞ്ഞു.
ഇത് കേട്ട ചിന്നുവിന്റെ മുഖത്ത് എന്തെന്നില്ലാത്ത ആഹ്ലാദം തിരതല്ലി..
രണ്ട് പേരും സ്‌കൂളിലേക്ക് നടന്നു. മോളേ സ്കൂളിൽ വിടുന്നത് കൊണ്ട് ഇന്ന് അല്പം താമസിച്ചേ വലിയവീട്ടിലേക്ക് വരൂ എന്ന് ഇന്നലെ ഗ്രേസ്സി ചേച്ചിയോട് പറഞ്ഞിരുന്നു.
സ്കൂളിൽ എത്തിയപ്പോൾ അവിടെ സീതക്ക് പരിചയമുള്ള രണ്ട് രക്ഷിതാക്കളെ കണ്ടു. കൂട്ടത്തിൽ ചിന്നുവിന്റെ കഴിഞ്ഞ കൊല്ലത്തെ ക്ലാസ്സ് ടീച്ചറും അവിടെ നിൽക്കുന്നത് കണ്ടു. സീത ചിന്നുവിനെ ടീച്ചറുടെ അടുത്തേക്ക് കൊണ്ടുപോയി.
” ടീച്ചർ എനിക്ക് ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകേണ്ടതുണ്ട്.
എട്ട് മണിക്ക് ചെല്ലേണ്ടതാ ഇപ്പൊ ഒൻപതര ആയി. ഇവളെ ഒന്ന് ശ്രദ്ധിച്ചേക്കുമോ? “
” അതിനെന്താ അല്ലെങ്കിലും സ്‌കൂളിലേക്ക് കയറിയാൽ പിന്നെ നിങ്ങളുടെ ആവശ്യം
ഇല്ലല്ലോ. പിന്നെ ഞങ്ങളല്ലേ ഇവരെ നോക്കുന്നത്.
ഇത് കേട്ടപ്പോൾ സീതയുടെ മുഖത്ത് തെല്ലൊരാശ്വാസം.
” ആഹാ ചിന്നു ഓറഞ്ചുവൊക്കെ ഇട്ട് സുന്ദരി ആയല്ലോ. ” ടീച്ചർ പറഞ്ഞു.
അമ്മ പോയിട്ട് ഉച്ചക്ക് വിളിക്കാൻ വരാം എന്ന് പറഞ്ഞ് ചിന്നുവിന് ഒരു ഉമ്മയും കൊടുത്ത ശേഷം ടീച്ചറോട് യാത്രയും പറഞ്ഞു സീത പുറത്തേക്ക് പോയി.
അപ്പോഴേക്കും കുറച്ചു കുട്ടികൾ അവിടേക്ക് വന്നു. ചിന്നുവിന്റെ കഴിഞ്ഞ ക്ലാസ്സിൽ പഠിച്ച കുട്ടികളാണവർ. അവർ അവിടെ നിന്ന് കലപില കൂട്ടാൻ തുടങ്ങി.
“പിള്ളേരേ.. ഞാൻ ഹെഡ്മാസ്റ്ററെ ഒന്ന് കണ്ടിട്ട് വരാം നിങ്ങൾ ഇവിടെ നിക്ക് കേട്ടോ. ” ഇത് പറഞ്ഞ് ടീച്ചർ ഹെഡ്മാസ്റ്റർ റൂമിലേക്ക് പോയി.
പിള്ളേരുടെ കലപിലക്കിടയിൽ കുട്ടികൾ പരസ്പരം തങ്ങളുടേത് പുതിയ ഉടുപ്പാണെന്നും ജംഗ്ഷനിൽ വന്ന പുതിയ കടയിൽ നിന്നും മറ്റും വാങ്ങിയതാണെന്നും പറയുന്നുണ്ട്.
ഒരു കുട്ടി പറയുന്നു ഇത് എന്റെ അച്ഛൻ ദുബായ് നിന്നും കഴിഞ്ഞ ആഴ്ച കൊണ്ടുവന്നതാണ് എന്ന്.
കൂട്ടത്തിൽ ഒരു കുട്ടി: ” ചിന്നുവിന്റെ ഈ ഉടുപ്പ് എവിടുന്നാ നമ്മടെ പുതിയ കടേന്നാണോ “?
പെട്ടന്നുള്ള ആ ചോദ്യം കേട്ട് ചിന്നു ഒന്ന് അങ്കലാപ്പിലായി.
എന്നാലും അതേ എന്ന് മറുപടി പറഞ്ഞു.
പിറകിൽ നിന്നും ഒര് അശരീരി വന്നു.
” അയ്യേ ഇത് നമ്മടെ പുതിയ കടേന്നൊന്നും അല്ല വലിയവീട്ടിലെ ഒരു കൊച്ചിന്റെ പഴയ തുണിയാ.. ഇത്. “
“എന്റെ വീടിന് അടുത്താ വലിയവീട്. അവിടെ ഇന്നാള് ഈ ഉടുപ്പിട്ട് ആ കൊച്ചു ഞങ്ങടെ കൂടെ മണ്ണിലൊക്കെ ഉരുണ്ട് കളിച്ചതാ.. “
“ഇവളുടെ അമ്മ അവിടുത്തെ വേലക്കാരിയാ. അവിടുന്ന് കൊടുത്തതാ ഇത്. “
“ഇവൾ നിങ്ങളെ പറഞ്ഞു പറ്റിച്ചതാണേ.. “
ഇത് കേട്ട് കുട്ടികൾ എല്ലാവരും ആർത്ത് ചിരിച്ചു.
ചിന്നുവിന് ഇടിവെട്ടേറ്റപോലെ നിൽക്കാനേ കഴിഞ്ഞുള്ളൂ..
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
പെട്ടന്ന് ബെൽ മുഴങ്ങി. ബെല്ലിന്റെ ശബ്ദം കേട്ട് കുട്ടികൾ ചിതറിയോടി..
ബെൽ കേട്ട ചിന്നു അവിടെ കിടന്ന ഒരു ബെഞ്ചിലേക്ക് യാന്ത്രികമായി ഇരുന്നുപോയി.
രണ്ട് കുട്ടികൾ വീണ്ടും അവിടേക്ക് വരുന്നു.
അവരുടെ ശബ്ദം കേട്ട ചിന്നു അറിയാതെ തന്നെ തന്റെ തല താഴ്ത്തി.


13 Comments
പാവം ചിന്നു 🥲
👍
ചിന്നു മനസ്സ് നോവിച്ചു…… നന്നായെഴുതി👍❤️
Thanks
സങ്കടപ്പെടുത്തുന്ന കഥ👌🌹
👍
നന്നായി എഴുതി.
കുഞ്ഞിന്റെ വിഷമം കുഞ്ഞുങ്ങൾക്ക് മനസ്സിലാവില്ല, മിതിർന്നവരും അത്തരം പ്രവർത്തികൾ ചെയ്യുന്നു എന്നതാണ് സങ്കടം
Thanks
👍❤️
👍❤️
Thanks
നല്ല കഥ. 👌
ബാല്യത്തിൽ ഒരു പുത്തനുടുപ്പു ആഗ്രഹിക്കാത്ത കുഞ്ഞുങ്ങൾ ഉണ്ടാവില്ല. ചിന്നു എന്ന എട്ടു വയസ്സുകാരി ഏറെ വേദനിപ്പിച്ച കഥാപാത്രമായി കഥയിൽ നിറഞ്ഞു.
👌👏
അതെ, കുട്ടികകളുടെ വേദനകളും പ്രതീക്ഷകളും നാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. Thanks.