രാത്രി ഭക്ഷണവും കഴിച്ച് അടുക്കളയും വൃത്തിയാക്കി മായ സോഫയിൽ വന്നിരിക്കുമ്പോൾ മൊബൈൽ നോക്കി കൊണ്ടിരുന്ന അശോക് അവളുടെ അടുത്ത് വന്നിരുന്നു അവളുടെ കൈ തഴുകി കൊണ്ട് അവൻ പറഞ്ഞു “പ്രായമായി കൈകൾക്കൊക്കെ”
“മനുഷ്യാ നമ്മൾക്കും പ്രായമായി ഇല്ലേ”
അവൾ അവൻ്റെ മടിയിൽ കിടന്നുകൊണ്ട് പറഞ്ഞു. മിണ്ടാതിരിക്കുന്ന മായയെ നോക്കിക്കൊണ്ട് അശോക് ചോദിച്ചു.
“നീ എന്താ ആലോചിക്കുന്നത്”
“അശോകേട്ടാ എൻ്റെ കൂടെയുള്ള നയന ടീച്ചറില്ലേ അവളുടെ കാര്യം ഭയങ്കര കഷ്ടമാണ്”.
“അവൾക്കെന്താ ഞാനിന്നെലെയും ടൗണിൽ വച്ച് അവളുടെ ഭർത്താവിനെ കണ്ടല്ലോ വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഒക്കെ പറഞ്ഞു. ഇപ്പോൾ അവരും നമ്മളെ പോലെ തനിച്ചാണ് വീട്ടിൽ എന്നും പറഞ്ഞല്ലോ”
“അതെ അതുതന്നെയാണ് കാര്യം സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ അവൾക്കവിടെ ഭയങ്കര പ്രശ്നം. മക്കൾ രണ്ടും പഠിക്കാൻ പോയതിനു ശേഷം അവൾ തന്നെയായതു പോലെ തോന്നുന്നെന്നും ഭർത്താവിന് അവളവിടെ ഉള്ളതായി അറിയുന്നു പോലുമില്ലെന്നും പറയുന്നു. ഭക്ഷണം ആകുമ്പോ വിളിച്ചാൽ വരും കഴിക്കും എന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ ആയി”
“നീ വെറുതെ നമ്മളിപ്പോഴും പഴയ കോളേജ് പിള്ളേരാണെന്നും പറഞ്ഞു നടക്കുന്നുണ്ടാകും. അപ്പോൾ അവൾക്ക് അസൂയ കൊണ്ട് പറയുകയാവും.”
“അല്ല അശോകേട്ടാ നമ്മൾ ദിവസവും എന്തൊക്കെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. നിങ്ങൾ ഞാൻ പറയുന്നതൊക്കെയും കേൾക്കുന്നില്ലേ. അഭിപ്രായം പറയുന്നില്ലേ.”
“അത് ഓരോരുത്തരുടെ സ്വഭാവമല്ലേ അതൊക്കെ മാറുമോ”
“മാറും.. അശോകേട്ടനെങ്ങിനെയാ മക്കൾ രണ്ടും ഇവിടുന്ന് പോയതിനു ശേഷം എന്നെ വല്ലാതെ സ്നേഹിക്കുന്നത്. കാര്യങ്ങളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത്. എല്ലാ സ്ഥലങ്ങളിലും ഒന്നിച്ചു പോകുന്നത്. അതൊക്കെയല്ലേ സന്തോഷം”.
“ഞാനും അവനെ പോലെ ആകണമെന്നാണോ നിൻ്റെ ആഗ്രഹം”
“എങ്കിൽ ഞാൻ ഡിപ്രഷൻ വന്നു എന്തെങ്കിലുമൊക്കെ ആകും. ചിലപ്പോൾ പൊട്ടത്തരങ്ങൾ ആയാലും ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ.. അത് പറഞ്ഞു തരുന്നില്ലേ അതൊക്കെ എല്ലാ സ്ത്രീകളം ഭർത്താക്കൻമാരിൽ നിന്നും ആഗ്രഹിക്കില്ലേ”
“അതൊക്കെ ശരിയാ.. എന്നെയും നീ അതേപോലെ കേൾക്കുകയും സ്നേഹിക്കുകയും ചെയ്യുന്നില്ലേ. അവൾ അങ്ങനെ ഒരു ഭാര്യ ആയിരിക്കില്ല. കാരണമുണ്ടാവില്ലേ”
“ഇല്ല അവർ തമ്മിൽ അങ്ങിനെ വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്നാ അവൾ പറയുന്നത്.”
“അവളോട് ഒന്നും നോക്കാതെ കുറച്ച് സമയം ഒന്നിച്ചിരുന്നു വർത്തമാനം പറയാൻ പറ.. അല്ലേൽ കുറച്ച് നാൾ ലീവെടുത്ത് ഒരു യാത്രയൊക്കെ പ്ളാൻ ചെയ്യാൻ പറയൂ.”
“അയാൾക്ക് മൊബൈലും പിന്നെ വേറെയാരെങ്കിലും സംസാരിക്കാനുമുണ്ടെങ്കിൽ അന്നത്തെ ദിവസം അതു മതിയെന്നാ അവൾ പറയുന്നത്”
“രാത്രി അവർ തന്നെയല്ലേ കെട്ടിപ്പിടിച്ചങ്ങ് കിടക്കണം കാര്യങ്ങളെല്ലാം പറയണം”
” അതും അയാൾക്കിഷ്ടമല്ല അവൾ തൊടുന്നതുപോലും അയാൾ ഇഷ്ടപ്പെടുന്നില്ല പോലും. അവൾക്കിപ്പോൾ ആകെ വിഷമം പോലെയാണ്”
“ഞാൻ സംസാരിക്കട്ടെ അവളുടെ ഭർത്താവ് രാജുവിനോട് ”
” അയ്യെ അവളിക്കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞതറിഞ്ഞാൽ ചിലപ്പോൾ അയാൾ ദേഷ്യപ്പെടും”
“എന്നാൽ അവരോട് ഒരു കൗൺസിലിംഗ് നോക്കാൻ പറയൂ.”
“ഞാൻ പറഞ്ഞിട്ടുണ്ട് അവൾ നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്.”
അവൾ അയാളെ മുറുകെ കെട്ടിപിടിച്ചു എന്തിനോ അവൾ കരയുകയായിരുന്നു.
“അതിന് നീ എന്തിനാ കരയുന്നത്”
“ദൈവം ഇതുപോലെ ഒരാളെ എനിക്ക് തന്നതിന് എൻ്റെ സന്തോഷം കൊണ്ടാണ് . വെറുതെയാണെന്നു നമ്മൾ വിചാരിക്കുന്ന സ്നേഹം പോലും കിട്ടുവാനും കൊടുക്കുവാനും എത്ര കൊതിക്കുന്നവരുണ്ട്. ഒരേ വീട്ടിനുള്ളിൽ വെറുതെയിങ്ങനെ നീറി നീറി കഴിയുന്നവരുണ്ട് അത് നോക്കുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാൻമാരാണ്”.
അവളുടെ മൊബൈൽ റിംഗ് ചെയ്തു.
” മോനാകും നിങ്ങളൊന്നെടുക്ക് ഞാനൊന്ന് മുഖം കഴുകി വരട്ടെ”
“ആ മോനേ എന്തായി നിൻ്റെ വണ്ടി ശരിയായോ……
അങ്ങനെ പോകുന്ന അവരുടെ വർത്തമാനങ്ങൾ അവൾ പിന്നെയും അവളുടെ കൊച്ചു ലോകത്തെത്തി.


4 Comments
👍🙏
മനോഹരമായ എഴുത്തു ❤️❤️😊
ശരിക്കും… കൂടെയുള്ളവരും ഒറ്റപ്പെടുത്തുമ്പോഴാണ് ഇത് മാനസികമായ തലത്തിലേക്ക് പോകുന്നത്.
നല്ല രചന.
ഇതാണോ പ്രശ്നം, എന്ന് തോന്നുവെങ്കിലും ഒററപ്പെടൽ വലിയ പ്രശ്നമാണ്. മക്കൾ ദൂരെ പോകുന്ന ഇന്നത്തെ കാലത്ത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം.
👏👍