വർഷങ്ങൾക്കപ്പുറമുള്ളൊരു സ്കൂൾ അസംബ്ലി. നീലയും വെള്ളയും നിറങ്ങൾ ചന്തം പകർത്തിയ സ്കൂൾ മുറ്റത്ത് നിന്നും “ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും…. ” എന്ന ഈരടികൾ ശ്രുതിമധുരമായി ഒഴുകി വരുന്നു.
”അറ്റൻഷൻ… സ്റ്റാൻഡ് ഇറ്റ് ഈസ് ” ഉച്ചത്തിൽ മുഴങ്ങുന്നു. സ്കൂൾ ലീഡർ ‘ഡസീറ ‘കൈ നീട്ടിപ്പിടിച്ച് “ഇന്ത്യ എൻ്റെ രാജ്യമാണ്.. ” സ്ഫുടതയോടെ ചൊല്ലിത്തരുന്നു.
പതിയെ പതിയെ നീലയും വെള്ളയും നിരകൾ, വരി തെറ്റാതെ പല വഴിയ്ക്കായി നീങ്ങുന്നു. സ്കൂൾ മുറ്റത്തെ പനിനീർ ചാമ്പയിൽ നിന്നൊരു സുന്ദരി പൂവ്, ഇളം കാറ്റിൽ പിച്ചവച്ച് ചിരിച്ചിളകി താഴോട്ട് വീണത് അപ്പോളായിരുന്നു. അത് കണ്ടതും പത്താം ക്ലാസ്സിലെ ഒരു കുഞ്ഞു കുറുമ്പി വരിയിൽ നിന്നും വഴുതി മാറി ഒറ്റയോട്ടം. തിരിച്ചു വന്നപ്പോൾ കൈ വെള്ളയിൽ കടും റോസ് നിറവും ഇളംപുളിപ്പുമുള്ള സുന്ദരിപ്പൂവ് നാണത്തോടെ തല നീട്ടുന്നു.
മറ്റുള്ളവർ അസൂയയോടെ അവളെ നോക്കി. എന്തായാലും, അവളത് തന്നെ കഴിക്കാൻ വഴി കുറവാണ്. പറ്റും പോലെ പങ്കു വയ്ക്കും എന്ന വിചാരത്തിൽ എല്ലാവരും ക്ലാസ്സ് മുറിയിലേയ്ക്ക്.
നിരതെറ്റിച്ച് ഓടിപ്പോയി ചാമ്പപ്പൂവ് പെറുക്കിയതിന് അടി കിട്ടിയത് പിന്നത്തെ കഥ. പക്ഷേ എത്ര അടി കിട്ടിയാലും ആ ചാമ്പച്ചോടും പൂക്കളും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു ഞങ്ങളെ.
സ്കൂൾ മുറ്റത്തെ ആ പനിനീർ ചാമ്പയെ ചുറ്റിപ്പറ്റിയായിരുന്നു ഏതാനും വർഷങ്ങളിലെ സ്കൂൾ ജീവിതം. അതിൻ്റെ തണലിൽ ഇരുന്നുള്ള വർത്തമാനം പറച്ചിലും വട്ടംചുറ്റിയുള്ള കമ്പയിൻഡ് സ്റ്റഡിയും ഇന്ന് ഗൃഹാതുരത്വം എന്ന വാക്കുമായി കൂട്ടിക്കെട്ടിയിട്ടിരിക്കുകയാണ്. ഒരു ബാക്ടീരിയകളെയും വൈറസിനെയും പേടിക്കാതെ, നിലത്ത് വീഴുന്ന പൂ പെറുക്കിത്തിന്നലായിരുന്നു അതിലേറ്റവും മനോഹരമായിരുന്നത്.
അപ്പോൾ ചാമ്പച്ചോട്ടീന്ന് ഇനി ക്ലാസ്സിൽ കയറിയേക്കാം, വാ പെട്ടെന്ന്.
സ്കൂളിൽ പഠിക്കുമ്പോൾ, ഏറ്റവും ഇഷ്ടമുള്ള, വെള്ളിയാഴ്ച ദിവസത്തെ ക്ലാസ്സ്. എന്തെന്നില്ലാത്ത ഒരു ഉത്സാഹത്തിമിർപ്പായിരിക്കും അന്ന്. ആ വെള്ളിയാഴ്ച
അവസാനത്തെ പീരീഡ് ബയോളജി ആയിരുന്നു. ബയോളജി പഠിപ്പിക്കുന്ന അന്നമ്മ ടീച്ചറിനെയായിരുന്നു സ്കൂൾ പ്രിൻസിപ്പാളിനെക്കാളും ഞങ്ങൾക്ക് പേടിയുണ്ടായിരുന്നത്. ടീച്ചറിൻ്റെ നോട്ടം, അടി, നുള്ള് ഒക്കെയും ഞങ്ങളുടെ പേടിസ്വപ്നങ്ങളായിരുന്നു.
പാഠങ്ങൾ പഠിപ്പിക്കുന്നതിൽ, ഗൃഹപാഠം ചെയ്യേണ്ടതിൽ, ഞങ്ങൾ വേണ്ട വിധം പഠിച്ചു കൊണ്ടുവരേണ്ടതിൽ ഒന്നും കടുകോളം പോലും വിട്ട് വീഴ്ചയ്ക്ക്, സ്വതവേ ഗൗരവക്കാരിയായിരുന്ന ടീച്ചർ തയ്യാറല്ലായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ടീച്ചറിനെ കുട്ടികൾക്ക് ഒരുപാട് ഇഷ്ടവുമായിരുന്നു.
ചെറിയൊരു കുന്നിൻ മുകളിലുള്ള സ്കൂളിലേയ്ക്ക്, വളരെ സാവധാനം, ശാന്തതയോടെ ടീച്ചർ കയറി വരുന്നത് ഞങ്ങൾക്കൊരു കാഴ്ചയായിരുന്നു. ആ സ്കൂളിൽ അതിമനോഹരമായി സാരി ഉടുക്കുന്നതും അന്നമ്മ ടീച്ചറായിരുന്നു. കോട്ടൺ, ഓർഗണ്ടി സാരികളും ജോർജ്ജറ്റ്, ഷിഫോൺ സാരികളും അതീവ സൗന്ദര്യത്തോടെ ടീച്ചർ ഞൊറിഞ്ഞുടുത്തിരുന്നു.
ടീച്ചർ ഉടുത്തിരിക്കുന്ന സാരി നോക്കി അന്നത്തെ ടീച്ചറിൻ്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്ന ‘സാരിശാസ്ത്രത്തിൽ ‘അഗ്രഗണ്യരായ മഹതീരത്‌നങ്ങൾ ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടായിരുന്നു. പ്രവചനമനുസരിച്ച് ക്ലാസ്സിൽ ഞങ്ങൾ അങ്ങേയറ്റം അച്ചടക്കം പാലിച്ചു പോന്നിരുന്നു.
സാരികളിൽ, വെളുപ്പിൽ വയലറ്റ് പൂക്കളുള്ള ഒരു ജോർജ്ജറ്റ് സാരിയായിരുന്നു താരം. അതുടുത്ത് വരുന്ന അന്ന് ഏറ്റുമാനൂരമ്പലത്തിലെ ആറാട്ടും കുറവിലങ്ങാട്ട് പള്ളിയിലെ കപ്പല് പ്രദക്ഷിണവും ഒന്നിച്ച് നടക്കും.
എഴുന്നേൽപ്പിച്ച് നിർത്തി, ചോദ്യം ചോദിച്ചിട്ട്, അടിമുടി ഒരു നോട്ടമുണ്ട്. ആ ഒരൊറ്റ നോട്ടത്തിൽ, പഠിച്ചതെല്ലാം ബഹിരാകാശത്തേയ്ക്ക് റോക്കറ്റിൽ പറന്ന് പോകുന്ന അസുഖമുള്ളവരും ക്ലാസ്സിൽ ഉണ്ടായിരുന്നു. ഇമ്പോസിഷനാണെങ്കിൽ മൂന്നക്കത്തിൽ കുറഞ്ഞത് കിട്ടിയ ചരിത്രമില്ല. പക്ഷേ, ഇത്ര സുന്ദരമായി പഠിപ്പിക്കുന്ന ഒരദ്ധ്യാപികയെ വേറെങ്ങും കിട്ടില്ല.
അപ്പോൾ, ടീച്ചറെ മനസ്സിലായല്ലോ അല്ലേ?
’പത്ത് ബി’ യിലെ ബയോളജി ക്ലാസ്സ് അന്ന് ഏതാണ്ട് അവസാനിക്കാറാവുന്നു.
” പത്താം ക്ലാസ്സാണെന്ന് എല്ലാവർക്കും ഓർമ്മ വേണം, ശനിയും ഞായറും അവധിയാണ്. ടെലിവിഷനിൽ സിനിമയുണ്ട്. ഈ ക്ലാസ്സിലെ ഒരൊറ്റ കുട്ടി സിനിമ കാണാൻ പാടില്ല. പഠിക്കണം ആ സമയം കൂടി. ഡയഗ്രമൊക്കെ ആവർത്തിച്ച് വരച്ച് പഠിക്കണം. സിനിമയൊക്കെ പിന്നീടും കാണാം. സിനിമ കണ്ടിട്ട് സ്കൂളിലേയ്ക്കാരും പോരണ്ട. കാണരുത് എന്ന് പറഞ്ഞാൽ കാണരുത്. കേട്ടല്ലോ എല്ലാരും. “
ടീച്ചർ പറഞ്ഞു നിർത്തി. ഞങ്ങൾ വിനയ ബഹുമാനങ്ങളോടെ, അനുസരണയുള്ള കുഞ്ഞാട്ടിൻ പറ്റമായി.
ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച എന്ന നല്ല ദിവസം സമാഗതമായി. പത്താം ക്ലാസ്സായതിനാൽ കറങ്ങി നടക്കൽ അധികമില്ല. എല്ലാവരും ക്ലാസ്സിൽ ഇരുന്ന് പുസ്തകം നിവർത്തി, വായിക്കുന്നത് പോലിരുന്ന് കുശുകുശുക്കുന്നു. മുൻ ബഞ്ചിലിരുന്ന സ്മിത പതിയെ തിരിഞ്ഞ്, എന്നോട് ചോദിച്ചു.
”ജിഷാ, ഇയാള് സിനിമ കണ്ടോ ടീവില്?”
ഞാൻ സിനിമ എന്ന വാക്ക് കേട്ടിട്ടുപോലുമില്ലാത്ത പോലെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. ഞാനുൾപ്പെടെ പലരും അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നത് ഇതേ ചോദ്യമാണെന്ന് എല്ലാവർക്കും മനസ്സിലായി. പക്ഷേ, ആരും സിനിമ കണ്ടവരില്ല.
അല്പസമയം കൂടി കഴിഞ്ഞപ്പോൾ സ്മിത പിന്നെയും,
” എടോ, ആ തമിഴ് സിനിമേല് നായിക നിലത്ത് കിടക്കുമ്പോ, വില്ലൻ കയറി വരുന്ന സീനില്ലേ… അതിലെ നായികേടെ കിടപ്പ് ശ്രദ്ധിച്ചാരുന്നോ?
സിനിമ കാണാത്ത ഞാൻ ആവേശത്തോടെ, “അയ്യോ അതല്ലേ, നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത്. “തുടർന്ന് ഞങ്ങൾ ആ സിനിമയുടെ ഛായാഗ്രാഹനെക്കുറിച്ചും ക്യാമറ അയാൾ എവിടെ വച്ചാണ് ഇത് ഷൂട്ട് ചെയ്തിട്ടുണ്ടാകുക എന്നതിനെക്കുറിച്ചും വളരെ കൂലങ്കഷമായി ചർച്ച ചെയ്തു.
ഇടയ്ക്ക് ഒരു സമാധാനത്തിന്, മറ്റുള്ളവരോടൊക്കെ ചോദിച്ച് നോക്കി, ആരെങ്കിലും സിനിമ കണ്ടവരുണ്ടോ എന്ന്? ഇല്ല, ഒരാൾ പോലുമില്ല, ഞങ്ങളൊഴിച്ച്!
അങ്ങനെ, മണിക്കൂറുകൾ ഓടി തളർന്ന് ലാസ്റ്റ് പീരീഡിലേയ്ക്ക് എത്തി. ശനിയും ഞായറും പോയി തിങ്കളാഴ്ച വന്നതു പോലെ, വെള്ളയിൽ വയലറ്റ് പൂക്കൾ ഉള്ള സാരി ധരിച്ച്, അന്നമ്മ ടീച്ചറും വന്നു. ഗൗരവം വളരെ കൂടുതലാണ്. പുസ്തവും വടിയും മേശപ്പുറത്ത് വച്ചു.
യാതൊരാമുഖവുമില്ലാതെ,
”സിനിമ കണ്ടവർ എണീറ്റ് നിൽക്ക് ” എന്നൊരു പറച്ചിൽ. ഓടി വന്ന് തൊട്ടു തൊട്ടില്ല എന്നാവുമ്പോ ‘ഫ്രീസ്’ പറയുന്ന കളി പോലായി ക്ലാസ്സ്. ആരേലും, ശ്വാസം എടുക്കുന്നുണ്ടോ എന്ന് പോലും സംശയം.
”ആരുമില്ലേ കണ്ടവർ ”? വീണ്ടും ചോദ്യം.
’ ടീച്ചറിൻ ഭാവം മാറി,
വദനാബുംജം വീർത്തു,
ഞങ്ങളെ കാണുംക്കണ്ണിൽ
കനൽ തുണ്ടെരിഞ്ഞു കത്തി. ‘
ഒന്നോ രണ്ടോ പേരൊഴിച്ച്, പതിയെ പതിയെ ഓരോരുത്തരായി എണീറ്റു. എണീറ്റ് നിന്നപ്പോൾ, കൂട്ടുണ്ടല്ലോ എന്ന ഒരൊറ്റ ആശ്വാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ‘പാർട്ണർ ഇൻ ക്രൈം ‘ എന്നുള്ളത് ഒരൊന്നന്നര സംഭവമാണ് കേട്ടോ.
ടീച്ചർ ക്ലാസ്സാകമാനം വീക്ഷിച്ചു. നിശബ്ദത യാതൊരു മനസാക്ഷിയുമില്ലാതെ ഞങ്ങളെ കൊഞ്ഞനം കുത്തവേ,
”ഒരു സിനിമ കണ്ടവർ ഇരിക്ക് ” എന്ന ഗുരു വചനം മുഴങ്ങി.
ഏതാനും പേർ ഇരുന്നു.
”രണ്ട് സിനിമ കണ്ടവർ ഇരിക്ക് “.
കുറച്ച് കുട്ടികൾ കൂടി ആസനസ്ഥരായി.
” മൂന്ന് സിനിമ കണ്ടവർ ഇരിക്ക് “.
ആ വചനത്തിന് പിന്നാലെയും കുറച്ചു കുട്ടികൾ ഇരുന്നു.
ഞാൻ ഏറു കണ്ണിട്ട് പരിസരം വീക്ഷിച്ചു. ഒരു അഞ്ചോ ആറോ പേരുണ്ടാവും എണീറ്റ് നിൽക്കുന്നത്. നിൽക്കുന്നതെല്ലാം ക്ലാസ്സിലെ ഒന്നാം റാങ്ക് മുതൽ താഴോട്ട് ക്രമമനുസരിച്ചുള്ള പഠിപ്പിസ്റ്റുകൾ.
അന്ന്, തുരുതുരാ സകല വീട്ടിലും ടെലിവിഷൻ ഇല്ല. കേബിൾ, ഡിഷ് അവതാരങ്ങൾ ജന്മമെടുത്തിട്ടില്ല. ചാനലുകൾ തരാതരം ഇല്ല എന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. അതിൽ തന്നെ മലയാളം പറയുന്നത് ഒരെണ്ണം.
ആ ശനിയും ഞായറും ദൂരദർശൻകാർക്ക് ഭ്രാന്തായിരുന്നു. രണ്ടാം ശനി ആയതു കൊണ്ട്, രാവിലെ ഒരു തമിഴ് സിനിമയും വൈകുന്നേരം പതിവ് പോലെ ഹിന്ദി സിനിമയും.
ഞായറാഴ്ച ഉച്ചയ്ക്ക്, അങ്ങ് ഡൽഹീന്ന് മലയാളം സിനിമ കാണിക്കുന്നു. നമുക്ക് വേണ്ടിയല്ലേ, അപ്പോ കാണാതിരിക്കാൻ പറ്റുവോ, നന്ദികേടല്ലേ? പിന്നെ, വൈകുന്നേരം പതിവുള്ള മലയാള സിനിമ. ഇങ്ങനെ ആകെ മൊത്തം നാല് സിനിമകൾ !
എന്നാ, ടീവീടെ മുന്നില് അടയിരിക്കുന്ന മക്കളെ, കാർന്നോന്മാരെങ്കിലും ഏൽപിച്ചു വിടണ്ടെ? ഇക്കൊല്ലം പത്തിലാണ്, ജീവിതം തീരുമാനിക്കുന്ന പരീക്ഷയാണ്, പോയിരുന്ന് പഠിക്കെടീ എന്നും പറഞ്ഞ് രണ്ടെണ്ണം തരണ്ടെ? മക്കടെ ഭാവിയെക്കുറിച്ച് യാതൊരാകു ലതയും ഇല്ലാത്ത മാതാപിതാക്കടെ മക്കളായിപ്പോയി. എന്നാ പറയാനാ?
ഒരൊറ്റ സിനിമ പോലും കാണരുതെന്ന് താക്കീത് തന്നയച്ചിട്ട്, നാല് സിനിമകൾ കണ്ട് യാതൊരുളുപ്പുമില്ലാതെ നിൽക്കുന്ന ഞങ്ങളെ ടീച്ചർ, നോക്കി നിന്നു. ആ മുഖത്ത് നോക്കാനുള്ള ത്രാണിയില്ലാതെ, ടീച്ചറുടെ അടുത്ത നിലപാട് എന്തെന്നറിയാതെ തല കുനിച്ച് നിൽക്കവെയാണ് ആ വാക്കുകൾ മുഴങ്ങിയത്.
” നിങ്ങൾ പഠിക്കാനല്ല സ്കൂളിൽ വരുന്നത്. നിങ്ങളെപ്പോലുള്ളവർ പഠിച്ചിട്ടും വല്യ കാര്യമില്ല. എന്തായാലും കണ്ട സിനിമകളിലെ നായികമാരെപ്പോലെ, നിങ്ങൾ എല്ലാവരും, പേര് കേട്ട സിനിമാനടികളായിത്തീരട്ടെ എന്ന് ഞാനാശംസിക്കുന്നു. “
ആ അവസാന വാചകം കേട്ടതും എനിക്ക് ചിരി പൊട്ടി. ചിരിക്കേണ്ട വല്ല കാര്യവുമുണ്ടോ? ബോധമുള്ളോര് ചിരിക്കുമോ?
’വയലറ്റ് പൂക്കളുള്ള ജോർജ്ജറ്റ് സാരി! ‘
പക്ഷേ വരാനുള്ളത് വഴിയിൽ തങ്ങില്ല.
ഞാൻ ബലം പ്രയോഗിച്ച്, ചിരിയെ ബന്ധിച്ച് നിർത്താനുള്ള മന്ത്രം ചൊല്ലി.
ഇതിനിടയിൽ എൻ്റെ മനോമുകുരത്തിലൂടെ, കൂട്ടുപ്രതികളായ സ്മിതയും രാജിയും നിനിയും ജയമോളും രജ്ഞിനിയുമൊക്കെ, ജയലളിതയും ഷീലയും ശാരദയും ശോഭനയും രോഹിണിയുമൊക്കെയായി തകർത്തഭിനയിക്കുകയാണ്.
എനിക്ക് സീമയായാൽ മതിയായിരുന്നു. സീമയുടെ തല അല്പം ചരിച്ചുള്ള ചിരി, അതീവ ഭംഗിയുള്ള കരച്ചിൽ ഇതൊക്കെയായിരുന്നു എനിക്കേറ്റവുമിഷ്ടം. ഇത്ര ഒതുക്കത്തോടെ, തൻമയത്വത്തോടെ കരയുന്ന ഒരൊറ്റ നടിയെ പോലും ഞാനെന്ന സിനിമാഭ്രാന്തി കണ്ടിട്ടില്ലായിരുന്നു. ജയൻ്റെയൊപ്പം ‘കണ്ണും കണ്ണും’ പാടി സ്ലോ മോഷനിൽ പറന്ന് വരികയായിരുന്നു ഞാനെന്ന സീമ.
’നിന്ന് ചിരിക്കുന്നോ? ക്ലാസ്സിൻ്റെ പുറകിൽ പോയി നിൽക്ക് ‘ എന്നൊരാക്രോശം.
ബന്ധിച്ചു നിർത്തിയ ചിരിയെ അന്നമ്മ ടീച്ചർ കണ്ടുപിടിച്ചിരിക്കുന്നു. ഞാൻ വേറേതോ ലോകത്തെ സഞ്ചാരിയായി മാറിക്കഴിഞ്ഞിരുന്നു. ചിരിച്ചു കൊണ്ട് തന്നെ ഞാൻ പെട്ടെന്ന് ഏറ്റവും പിറകിൽ പോയി നിന്നു.
”കൊള്ളാം. എനിക്ക് മാർക്കിടാൻ നിൽക്കുവാണെന്ന് തോന്നുന്നല്ലോ. പുസ്തകം വന്നെടുക്കെടോ. “
അപ്പോഴാണ് ഓർത്തത്. ഞാൻ പുസ്തകം എടുത്തിട്ടില്ല. പിറകിൽ നിൽക്കുന്നവർ പുസ്തകം എടുത്ത് കൈയ്യിൽ പിടിച്ചിരിക്കണം. പുസ്തകം എടുക്കാൻ മുന്നോട്ട് നടന്ന് വരവെ, ഞാൻ എന്നെത്തന്നെ ചതിച്ചു. ബന്ധനമന്ത്രത്തെയൊക്കെ നിർവീര്യമാക്കി, ഒരു വൃത്തികെട്ട ശബ്ദത്തോടെ, ( ഈ സ്റ്റാർട്ടിംങ്ങ് ട്രബിൾ ഒക്കെ ഉള്ള വണ്ടികൾ സ്റ്റാർട്ട് ആകുന്ന പോലൊരു ശബ്ദം) എന്നിലെ ചിരി സ്വതന്ത്രയായി. ക്ലാസ്സിലെ കുറച്ച് കുട്ടികളിലേയ്ക്ക് അത് ഓടിച്ചെന്ന് കയറുകയും ചെയ്തു. ടീച്ചർ സമനില നഷ്ടപ്പെട്ട് അലറി.
”ഗെറ്റ് ഔട്ട് ഫ്രം മൈ ക്ലാസ്സ് “
ഞാൻ പെട്ടെന്ന്, ദ്വാരപാലികയുടെ വേഷം ഏറ്റെടുത്തു. സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഓർത്ത് ഉള്ളിൽ നല്ല പേടിയുണ്ട്. ഹൃദയം ഉണ്ടെന്നും അത് ഇത്രയധികം ശക്തിയായി മിടിക്കുമെന്നും എനിക്ക് തിരിച്ചറിവുണ്ടായി. പക്ഷേ മുഖത്ത് അത് പ്രതിഫലിക്കുന്നില്ല. ചിരി ഒന്നു മായണ്ടേ? എൻ്റെ കരണക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് തന്നെ തോന്നിപ്പോയി.
ചിരിച്ച് മരിച്ച ആരുടെയെങ്കിലും ബാധാവേശം ആണോ ഇത് എന്ന്, എനിക്ക് പേടി കലർന്ന ഒരു സന്ദേഹവുമുണ്ടായി. നിസ്സഹായത, ഭയം ഇതൊക്കെ വാരി മുഖത്ത് പൂശാൻ ശ്രമിച്ചതൊക്കെ വിഫലമായി. ഞാൻ ഒരൊറ്റ ആൾ കാരണം, അന്ന് സിനിമ കണ്ട സകലരും ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു.
ടീച്ചർ പഠിപ്പിച്ച് തുടങ്ങി. ഇടയ്ക്ക് എന്നെ നോക്കിയപ്പോൾ മുഖത്ത് പിന്നെയും ചിരി. ക്ലാസ്സ് നിർത്തി എൻ്റെ അടുത്തേയ്ക്ക് വന്ന ടീച്ചർ പറഞ്ഞു.
”താൻ ആ മുറ്റത്തേയ്ക്കിറങ്ങി നിന്നോ. “
എൻ്റെ നാവിറങ്ങിപ്പോയിരുന്നു. ഞാൻ മിണ്ടാതെ വരാന്തയും കടന്ന്, പടികൾ ഇറങ്ങി ചാമ്പച്ചോട്ടിലേയ്ക്ക് നടന്നു. നടക്കും വഴി എനിക്ക് പിന്നെയും ചിരി അടക്കാൻ വയ്യാതായി. പഞ്ചാബി ഹൗസിൽ നിന്നിറങ്ങി കൊച്ചിൻ ഹനീഫ പോയത് പോലാരുന്നു ആ പോക്ക്.
മറ്റ് ക്ലാസ്സുകളിലെ കുട്ടികൾ കാണുന്നുണ്ടായിരിക്കണം ഇതൊക്കെ. കരഞ്ഞോണ്ട് പോകുന്നത് കണ്ടെന്നൊക്കെ ചില കുട്ടികൾ പിന്നീട് പറഞ്ഞു. ഞാൻ ചിരിക്കുകയാണെന്ന് മനസ്സിലായിട്ടാവണം കൈയ്യിലിരുന്ന ചോക്കെടുത്ത് എൻ്റെ പുറത്തിനിട്ട്, ടീച്ചർ ഒരൊറ്റയേറ്.
ഞാൻ ചാമ്പച്ചോട്ടിൽ പോയിരുന്നു. അവിടെ ഇരുന്നതോടെ, പിടിച്ച് നിർത്തിയത് പോലെ, എൻ്റെ ചിരി നിന്നു. കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. സംഭവിച്ച കാര്യങ്ങളുടെ ഗുരുതരാവസ്ഥ വൈകിയെങ്കിലും മനസ്സിലായി. എൻ്റെ ഭാഗ്യത്തിന് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ അന്ന് ഓഫീസിൽ ഉണ്ടായിരുന്നില്ല. ചാമ്പച്ചോടിൻ്റെ നേരെ എതിർവശമായിരുന്നു ഓഫീസ്.
താമസിയാതെ ബെല്ലടിച്ചു. ദേശീയഗാനം പാടാൻ പോകേണ്ടതായിരുന്നു. പോയില്ല, ചാമ്പച്ചോട്ടിൽ മോങ്ങിക്കൊണ്ടിരുന്നു ഞാൻ. സ്കൂൾ വിട്ട ഉടൻ കൂട്ടുകാരി ജയമോൾ ഓടി അടുത്ത് വന്ന്, “നീയെന്നാ പണിയാ കാണിച്ചത്? ടീച്ചർ പറയാതെ ഇനി ക്ലാസ്സിൽ കയറണ്ട എന്ന് നിന്നോട് പറയാൻ പറഞ്ഞു ” എന്ന് അറിയിച്ചു.
അത്യധികം വ്യസനിച്ച് ഞാൻ വീട്ടിലേയ്ക്ക് പോയി. വീട്ടിൽ ചെന്നപ്പോൾ അമ്മ വീട്ടുകാർ വിരുന്നുകാരായുണ്ട്. കറി വയ്ക്കാൻ കോഴിയെ പിടിക്കാനൊക്കെ ഓടിനടന്ന ബഹളത്തിൽ വ്യസനോം, വിഷാദോമൊക്കെ നാട് വിട്ടു.
ചൊവ്വാഴ്ച രാവിലെ മുതൽ എരിപൊരിസഞ്ചാരം തുടങ്ങി. സ്കൂളിൽ പോകാതിരിക്കാൻ പല വിദ്യകളും പയറ്റിയെങ്കിലും ഒന്നും വിലപ്പോയില്ല. ഞാൻ എന്നെത്തന്നെ കെട്ടി വലിച്ച് കൊണ്ടുവരും വിധം, സ്കൂളിൽ എത്തി.
അര മണിക്കൂറിനകം അറിഞ്ഞ ഒരു വാർത്ത, എന്നെ വീണ്ടും ത്രിശങ്കുവിലാഴ്ത്തി. അന്നമ്മ ടീച്ചർ കുളിമുറിയിൽ തെന്നിവീണ്, കാലൊടിഞ്ഞു. ഇനി കുറെ നാളത്തേയ്ക്ക് ലീവാണ്.
”എടീ, ഭയങ്കരീ.. നീ എന്നതാടീ പ്രാർത്ഥിച്ചത്?” പലരും ചോദിച്ചു.
അന്നും ഇന്നും എനിക്കൊറ്റ ഉത്തരമേയുള്ളൂ. ടീച്ചറിനെ ഒരുറുമ്പ് കടിക്കണം എന്ന് പോലും ഞാൻ പ്രാർത്ഥിച്ചിട്ടില്ല. അന്ന് എന്നെ സംശയിച്ചവർ ഉണ്ടെങ്കിൽ ഇത് വിശ്വസിക്കണേ. അത്രയ്ക്കിഷ്ടായിരുന്നു അന്നമ്മ ടീച്ചറിനെ. എന്നെ അടിക്കുകയോ, നുള്ളുകയോ, വഴക്ക് പറയുകയോ ഒന്നും ചെയ്തിട്ടില്ല. ആദ്യമായി വഴക്ക് പറഞ്ഞത് ആ തിങ്കളാഴ്ചയായിരുന്നു.
പിന്നീട്, ടീച്ചർ സ്കൂളിൽ വന്നു തുടങ്ങിയപ്പോൾ, ഇക്കാര്യമൊന്നും സംസാരവിഷയമായില്ല. ടീച്ചർ മറന്നതാവാൻ വഴിയില്ല. മോഡൽ പരീക്ഷയ്ക്ക്, ബയോളജിക്ക് ഫുൾ മാർക്കുണ്ടായിരുന്നു. സ്റ്റാഫ് റൂമിലേയ്ക്ക് വിളിപ്പിച്ച്, ചിരിച്ചു കൊണ്ട് എന്നെ അഭിനന്ദിച്ചു. കൈത്തണ്ടയിൽ പിടിച്ച്, “നന്നായി പഠിക്കണം” എന്ന് പറഞ്ഞു.
ഇന്നും ആ സന്തോഷം എൻ്റെ ഉള്ളിലുണ്ട്. പത്താം ക്ലാസ്സിലെ വലിയ പരീക്ഷയിൽ ബയോളജിക്ക്, അമ്പതിൽ നാൽപ്പത്തൊമ്പത് മാർക്ക് മേടിച്ച് ഞാൻ ആ സന്തോഷത്തിന് മാറ്റ് കൂട്ടി.
മുകളിലുള്ള ഫോട്ടോ അതേ വർഷം, സ്കൂൾ യുവജനോത്സവത്തിന്, ഞങ്ങൾ സ്വയം പഠിച്ചെടുത്ത നാടകം കളിച്ച് സമ്മാനം കിട്ടിയപ്പോൾ എടുത്തതാണ്. സ്കൂളിലെ വാഴത്തോപ്പിലായിരുന്നു നാടക പരിശീലനം. ആദ്യമായാണ് അഭിനയം സ്റ്റേജിൽ പരീക്ഷിച്ചത്. ടീച്ചറിൻ്റെ അനുഗ്രഹം ഫലിച്ചു. സിനിമാ നടിയായില്ലെങ്കിലും നാടകത്തിൽ പ്രശോഭിച്ചു. പിന്നീട് ചെന്നിടത്തൊക്കെ ഗ്ലിസറിൻ പോലുമില്ലാതെ, കണ്ണീരൊഴുക്കിയൊക്കെ അഭിനയിച്ച് തകർത്തു.
ഈ പടം കാണുമ്പോഴൊക്കെ മേൽ വിവരിച്ച സംഭവവും എൻ്റെ സ്കൂളും കൂട്ടുകാരും അന്നമ്മ ടീച്ചറും മറ്റ് അദ്ധ്യാപകരുമൊക്കെ, വള്ളി പുള്ളി തെറ്റാതെ ഓർമ്മകളിലേയ്ക്ക് കയറി വരും.
ഒരു കുഞ്ഞി ചാറ്റൽ മഴയായ് വന്ന്, ചാഞ്ഞും ചരിഞ്ഞും ആവോളം പെയ്ത്, എന്നെ തണുപ്പിച്ചങ്ങ് പോകും. മഴയുടെ കുളിരെന്നെ വിടാതെ വട്ടം പിടിച്ചങ്ങ് നിൽക്കും. പനിനീർ ചാമ്പപ്പൂവിൻ്റെ ഇളം പുളിപ്പ്, വായിൽ നിറയും.
ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നും. അന്നത്തെ എൻ്റെ ചിരി ടീച്ചറിന് എത്രമാത്രം ഇൻസൽട്ടിംങ്ങ് ആയി തോന്നിയിട്ടുണ്ടാവും? ഇന്ന് കുട്ടികളെ പഠിപ്പിക്കുമ്പോൾ, അവരിലൊരാൾ ക്ലാസ്സിനിടയിൽ, ഒരു തമാശ കമൻറ് പറഞ്ഞാൽപ്പോലും ഞാൻ അസ്വസ്ഥയാവും.
പ്രിയ ടീച്ചർ, വേദനിപ്പിച്ചതിന് മാപ്പ്.
അന്ന് അത്രയും ചിരിച്ചത് എന്തിനായിരുന്നെന്ന് എനിക്കിന്നും അറിയില്ല. പിന്നീടും എനിക്ക് ചിരി നിർത്താൻ ബുദ്ധിമുട്ടുണ്ടായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ആ വക അസുഖമൊന്നുമില്ല. എല്ലാം സുഖപ്പെട്ട്, നോർമലാണ്.
ചില ഓർമ്മകൾ മരിക്കാതിരിക്കുന്നത് എത്ര മനോഹരമാണ് അല്ലേ?


8 Comments
👍👌🙏❤️💯
Thanks a lot
ചില ഓർമ്മകൾ മനോഹരമാണ് ഒപ്പം നൊമ്പരപ്പെടുത്തുന്നതും. എല്ലാം നർമ്മത്തിൽ ചാലിച്ചെഴുതാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.❤️👌
ഇത് മോംസ് പ്രസോയിൽ എഴുതിയിരുന്നോ?
പത്തിലെ എൻ്റെ ബയോളജി ക്ലാസിനെക്കുറിച്ച് ഞാനും ഇവിടെ എഴുതിയിട്ടുണ്ട്.
ചിരി നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് പഠനകാലത്തെല്ലാം ഞാനും അനുഭവിച്ചതാണ്.
സൂപ്പർ സൂപ്പർ ട്ടോ❤️👌🌹
Thank you for the support. മോം സിൽ എഴുതിയത് ആണ്.
വീണ്ടാമതും നർമ്മം 🤣🤣🤣
ഒരു മന:സുഖം.Thank you for the support
ജിഷ വായിച്ചതിൽ നിന്നും ആളെ മനസ്സിലായി- കുസൃതിക്ക് കയ്യും കാലും വച്ച ആളാണല്ലേ– എല്ലാം നർമ്മത്തിൽ ചാലിച്ച് എഴുതാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു. അത് പോട്ടെ ആ ചൊവ്വാഴ്ച രാവിലെ എന്താണ് പ്രാർത്ഥിച്ചത്? 😄
ചുമ്മ പറഞ്ഞതാ- ഒരുപാടിഷ്ടമായി ഈ എഴുത്ത്.👌 ❤️👍
Thank you very much.
ഞാനൊരു പഞ്ചപാവമാണ്.