ജനലഴിയോരം മുഖം ചേർത്തു വച്ച ശ്രീലതയുടെ കവിൾത്തടങ്ങളെ നനച്ചൊഴുകിയ ചുടുകണ്ണുനീരിൽ മഴചാറ്റലുകളുടെ തണുത്തകരങ്ങൾ തഴുകി. സാന്ത്വനങ്ങളുടെ ചേർത്തു നിർത്തലുകളൊന്നും അവളുടെ മാതൃമനത്തെ ശാന്തമാക്കാനുതകിയില്ല. പുറത്തും ആ മനസ്സിലും ശക്തമായ മഴ പെയ്യുകയായിരുന്നു.
ആറുമാസങ്ങൾക്കു മുൻപ് ഒരു സായാഹ്നം. മാന്തോപ്പിൽ തറവാട്ടിൽ വലിയൊരു ചർച്ച നടക്കുകയാണ്. ശ്രീലതയുടേയും അഡ്വക്കേറ്റ് ജനാർദ്ദനന്റേയും മകനായ ശരണിന്റെ ഉപരിപഠനമാണ് വിഷയം. മകനെ തന്റെ അനന്തരാവകാശിയാക്കണമെന്ന അച്ഛന്റെ ആഗ്രഹം തത്ക്കാലം മാറ്റിവെച്ച് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് കോഴ്സിനു ചേർക്കാൻ തീരുമാനിക്കുകയായിരുന്നു. കണക്ക് ഒരു ബാലികേറാമലയായ ശരണിന്റെ ഇഷ്ടം ബിരുദവും ബിരുദാനന്തരബിരുദവും ചെയ്തു, ഇഷ്ടവിഷയത്തിൽ റിസർച്ചൊക്കെ ചെയ്തു, വായനയും എഴുത്തും വരയും അദ്ധ്യാപനവുമൊക്കെയായി ഒരു സ്വതന്ത്രജീവിതമായിരുന്നു.
ക്ളാസുകൾ ആരംഭിച്ചതിനുശേഷം ആദ്യമാദ്യം പ്രതിഷേധങ്ങളുയർത്തിയെങ്കിലും പതിയെ ശരൺ ഉൾവലിയാൻ തുടങ്ങി. ശ്രീലത അതു മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. പഠനത്തിലെ ഉഴപ്പിനെച്ചൊല്ലി വീട്ടിൽ അസ്വാരസ്യങ്ങൾ പുകഞ്ഞു. വീട്ടിൽ നിന്നും ഹോസ്റ്റലിലേക്കുള്ള മാറ്റം ശരണിന്റെ തീരുമാനമായിരുന്നു. എതിർപ്പിനെ നിശബ്ദത കൊണ്ട് തോൽപ്പിച്ച് വീട്ടിൽ നിന്നുമകന്നു. ശ്രീലതയുടെ മാതൃമനം വല്ലാതെ വേദനിച്ചു.
അവൻ പതിയെ നാശത്തിലേക്ക് നടന്നടുക്കുകയാണെന്നാരും തിരിച്ചറിയാതെ പോയി. വിഷാദത്തിലേക്കാഴ്ന്നു തുടങ്ങിയ അവന്റെ മനസ്സിനെ വരുതിയിലാക്കിയ ചില സീനിയർ വിദ്യാർത്ഥികൾ അവനെ മയക്കുമരുന്നിന്റെ ലോകത്തിലേക്ക് കൊണ്ട് പോയി. പണം നിർലോഭം ലഭിക്കുന്നതുകൊണ്ട് അവനെ പരമാവധി ചൂഷണം ചെയ്യാൻ തുടങ്ങി. ചെറിയ അളവിൽ തുടങ്ങി പിന്നീട് അമിതമായ അളവിൽ തന്നെ ലഹരി നൽകിത്തുടങ്ങി. അതിനു പൂർണ്ണമായും അടിമപ്പെട്ടതുകൊണ്ടു തന്നെ എന്തു വില കൊടുത്തും വാങ്ങുന്ന സ്ഥിതിയിലേക്ക് ശരൺ എത്തി. കൈയിലുള്ള പണം തീരുന്ന മുറയ്ക്ക് പണം ലഭിക്കാതായതോടെ വീട്ടിൽ നിന്നും മോഷണവും തുടങ്ങി. വല്ലപ്പോഴും കയറിചെല്ലുന്ന മകൻ മോഷ്ടിക്കുന്നത് ആദ്യമൊന്നും അമ്മയുടെ ശ്രദ്ധയിൽപ്പെട്ടില്ല. മകന്റെ രൂപഭാവങ്ങളിലെ മാറ്റം അമ്മമനസ്സ് പതിയെ തിരിച്ചറിഞ്ഞു. കൂടുതൽ അന്വേഷണം ചെന്നെത്തിയത് ഞെട്ടിപ്പിക്കുന്ന സത്യത്തിലേക്കായിരുന്നു. മറ്റുള്ളവർ സത്യമറിഞ്ഞപ്പോളുള്ള പ്രതികരണം വേദനാജനകമായിരുന്നു. മനുഷ്യജീവി എന്ന പരിഗണന പോലും കൊടുക്കാതെ ഹോസ്റ്റലിൽ നിന്നും മർദ്ദിച്ച് കൂട്ടിക്കൊണ്ടു വന്നു മുറിയിലടച്ചു. അവനു ചികിത്സ നൽകണമെന്ന ശ്രീലതയുടെ ആവശ്യം നിരാകരിക്കപ്പെട്ടു. സമൂഹത്തിലുള്ള സ്ഥാനം നഷ്ടപ്പെടുമെന്ന ചിന്ത ആരേയും അറിയിക്കാതെ പ്രശ്നം ഒതുക്കിത്തീർക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. പക്ഷേ അതിന്റെ അനന്തരഫലങ്ങൾ ഭയാനകമായിരുന്നു. മയക്കുമരുന്ന് ലഭിക്കാതെ ശരണിന്റെ ശരീരവും മനസ്സും പ്രതികരിക്കാൻ തുടങ്ങി. അലറിക്കരഞ്ഞും സ്വയം വേദനിപ്പിച്ചും അവൻ ദിവസം മുഴുവൻ ആ മുറിക്കുള്ളിൽ ഉഴറി നടന്നു. നിസ്സഹായയായി ശ്രീലത ഒരു ചുവരിനപ്പുറം തളർന്നിരുന്നു.
രാവിലെ ശബ്ദമൊന്നും കേൾക്കാത്തതുകൊണ്ട് മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഭീതിദമായിരുന്നു. സ്വയമേൽപ്പിച്ച മുറിവുകളിൽ നിന്നും, കടിച്ചു മുറിച്ച കൈഞരമ്പിൽ നിന്നും രക്തം വാർന്നു ജീവനറ്റു കിടക്കുന്ന ശരണിന്റെ ശരീരം. അതു കണ്ടതും തളർന്നു വീണ ശ്രീലതയെ മുറിയിലേക്ക് മാറ്റി. അപകടമരണമായി രേഖയുണ്ടാക്കി ശവസംസ്ക്കാരവും നടത്തി.
മകന്റെ നഷ്ടത്തിനൊപ്പം ശ്രീലതയിൽ മറ്റൊരു തിരിച്ചറിവുണ്ടാവുകയായിരുന്നു. മിഥ്യാഭിമാനത്തിന്റെ കിരീടം ചുമന്നു നടക്കുന്നവർക്കിടയിൽ നിന്നും രക്ഷനേടണമെന്ന ചിന്ത, അവളെ അഭയാശ്രമത്തിലെത്തിച്ചു. ഒരുപാട് നുണക്കഥകളുടെ പ്രചാരണത്തിലൂടെ മാന്തോപ്പിൽ കുടുംബം ശ്രീലതയുടെ ഇറങ്ങിപ്പോക്കിനെ വെള്ള പൂശാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അഭയാശ്രമത്തിലെ മുറിയിൽ നഷ്ടപ്പെടലിന്റെ നോവിൽ ആർത്തലച്ചു പെയ്യുമ്പോഴും മനസ്സിൽ ഒരുപാട് പേർക്ക് അഭയമാവാനുള്ള ഉറച്ച തീരുമാനം അവൾക്ക് കരുത്തു പകരുകയായിരുന്നു.
***നിഷിബ എം നിഷി ***
#മഴ
#എന്റെരചന


7 Comments
അമ്മ മനസ്സിൻ്റെ ആ പെയ്ത്ത് അവർ കണ്ടിരുന്നുവെങ്കിൽ…… നന്നായെഴുതി👍❤️
തോരാത്ത കണ്ണീർ.. മനോഹരമായ എഴുത്ത് നിഷിബ ❤️❤️
സ്നേഹം 😍
അമ്മ മനസ്സുകൾ പെയ്തു കൊണ്ടേ യിരിക്കും,ഒന്നിനല്ലെങ്കിൽ മറ്റൊന്നിന്
നന്നായിരിക്കുന്നു നിഷീ❤️👌🌹
❤️👍💯
സ്നേഹം 😍
സ്നേഹം 😍