മുന്നിലെ തീൻ മേശമേൽ കുത്തരിച്ചോറും, വറുത്തരച്ച സാമ്പാറും, നെയ്മീൻ കറിയും, വെളിച്ചെണ്ണ തൂവിയ അവിയലും നിരന്നു.ദേവി തന്റെ ചിന്തകളിൽ നിന്നുമുണർന്നു.അനുപമയുടെ മുന്നിൽ അവൾ സന്തോഷവതിയായി അഭിനയിച്ചു.അജ്ഞാതനെ അവൾ മറക്കാൻ ശ്രമിച്ചു.
പ്രണവിന്റെ മാനേജറിൽ നിന്നും ലഭിച്ച വിവരങ്ങൾക്കായി അവൾ വെബ്‌സൈറ്റിൽ പരതി.ആര്യൻ,ദി മെന്റലിസ്റ്റ് ആൻ്റ് ലൗവ് റീഡർ.വെബ് സൈറ്റിൽ നിന്നും അയാളെ കോൺടാക്ട് ചെയ്യാനുള്ള ഈമെയിൽ വിലാസം ലഭിച്ചു.അന്ന് രാത്രി തന്നെ അവൾ തന്റെ ഈമെയിലിൽ നിന്നും ഒരു മെയിൽ ആര്യന് അയച്ചു.
രാവിലെ വരെ മെയിലിന് മറുപടി ഒന്നും കാണാഞ്ഞപ്പോൾ ദേവി പരിഭ്രമിച്ചു.പ്രണവിനെ വീണ്ടും ആരോഗ്യവാനായി കാണണം,പ്രണവിലൂടെ അജ്ഞാതനെ കണ്ടു പിടിയ്ക്കണം,അനുപമയുടെ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെ,ആരോഗ്യവാനായ പ്രണവിനെ തിരികെ നൽകണം.
മെയിലിനു മറുപടി വരാഞ്ഞതിനാൽ ദേവി പിന്നെ അതിനെക്കുറിച്ചോർത്തതുമില്ല.ഓഫീസിലെ ജോലിയ്ക്കിടക്കു ഫോണിൽ വന്ന ഒരു മെയിൽ നോട്ടിഫിക്കേഷൻ അവൾ കണ്ടു.1111 ഏഞ്ചൽ ലവ് റീഡർ എന്ന് സബ്ജക്ടിൽ കണ്ടപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി.എന്തായിരിക്കും മെയിലിന്റെ ഉള്ളടക്കം ?അവൾ മെയിൽ തുറന്നു നോക്കി.ഞങ്ങളുമായി ഈ വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക. താഴെ ഒരു നമ്പറും കൊടുത്തിരിക്കുന്നു.അവൾ ആ നമ്പർ വാട്സാപ്പിൽ സേവ് ചെയ്തു. ” ദേവി ഫ്രം കേരള ” എന്നൊരു മെസേജ് അയച്ചു.
“എന്താ ചേച്ചീ മുഖത്തൊരു സന്തോഷം.”
“ഒരു മെന്റലിസ്റ്റിന്റെ നമ്പർ കിട്ടി.ഒരു വാട്സപ്പ് മെസേജ് ഇട്ടതാണ്.”
ദേവി ചിരിച്ചു കൊണ്ട് രാഹുലിന് മറുപടി നൽകി.
“ചേച്ചിക്കാണോ മെന്റലിസ്റ്റിന്റെ സഹായം വേണ്ടത്.”
“എനിക്കല്ല,അനുപമയുടെ ആവശ്യമാണ്.പ്രണവിന്റെ രോഗത്തിന് കാരണം ആരുടെയോ ബ്ലാക്ക് മാജിക് ആണെന്ന് ആ മാനേജർ പറഞ്ഞപ്പോൾ.”
“എന്റെ ചേച്ചി ,എന്തൊക്കെ പൊട്ടത്തരമാണ് ഈ പറയുന്നത്.”
“പൊട്ടത്തരമൊന്നുമല്ല.പണ്ട് എനിക്ക് പനി വന്ന്, രാത്രിയിൽ ഉറക്കമൊന്നും വരാതെ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ എന്റെ അച്ഛന്റെ അമ്മ ഭസ്മമെടുത്ത് ജപിച്ചു ശരീരത്തിലൊക്കെ കുറി തൊട്ടു തരും , പിന്നീട് ഞാൻ ആശ്വാസത്തോടെ സുഖമായി കിടന്നു ഉറങ്ങുകയും ചെയ്യും.”
“അതൊക്കെ മാനസികമായ ഒരു ഷോക്ക് ട്രീറ്റ്മെന്റാണ് ചേച്ചി.ചില സ്ഥലങ്ങളിൽ വെള്ളം മരുന്നെന്ന് പറഞ്ഞ് കൊടുക്കാറുണ്ട്.കുടിക്കുന്ന ആൾ പരിപൂർണമായും ആ വെള്ളത്തിന് മാന്ത്രിക ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു.അയാളുടെ വിശ്വാസം കൊണ്ടും മാനസികമായ കരുത്ത് കൊണ്ടും അയാളുടെ ശരീരം രോഗത്തിനെതിരെ പ്രതികരിക്കുന്നു.അയാൾക്ക് രോഗത്തിൽ നിന്നും വിമുക്തി ഉണ്ടാകുന്നു.അത്രേയുള്ളു കാര്യം.അല്ലാതെ ഇതിൽ അത്ഭുതമൊന്നുമില്ല.”
“അതെന്തെങ്കിലുമാകട്ടെ,ഇത് ഡൽഹിയിലെ വളരെ പ്രശസ്തനായ ഒരാളാണ്. നോർത്ത് ഈസ്റ്റ് സ്റ്റേറ്റിൽ നിന്നാണ് അയാൾ വരുന്നത്.ഡൽഹി ബേസ്ഡ് ആയിട്ടാണ് അയാളുടെ പ്രവർത്തനം.അയാൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ ….ഒരു പക്ഷേ…”
“ചേച്ചി മണിച്ചിത്രത്താഴ് സിനിമ കണ്ടിരുന്നില്ലേ.അതിൽ ആരാണ് നാഗവല്ലിയുടെ മാനസികരോഗം മാറ്റിയത്, ഡോക്ടർ സണ്ണിയോ അതോ മന്ത്രവാദിയോ? ഡോക്ടർ സണ്ണി വെറുതെ മാറ്റിയതൊന്നുമല്ലല്ലോ അതിനു ശക്തമായ മന്ത്രവാദ അന്തരീക്ഷം വേണമായിരുന്നു.അത്രേ ഉള്ളു.ആര്യൻ വരും കുറെ റിച്വൽസ് ഒക്കെ ചെയ്യും,അതൊക്കെ പ്രണവിനെ മാനസികമായും ശാരീരികമായും സ്വാധീനിക്കും ,അയാളുടെ രോഗാവസ്ഥയിൽ മാറ്റം വരും.മരുന്ന് കൊണ്ട് പറ്റാത്തത് മന്ത്രവാദിക്കു പറ്റിയെന്നു പറഞ്ഞു നമുക്ക് നടക്കാം.ചേച്ചി പ്ലാസിബോ എഫക്റ്റ് എന്ന് കേട്ടിട്ടുണ്ടോ.ഗൂഗിളിൽ തെരഞ്ഞാൽ അതെന്താണെന്നു മനസിലാക്കാം.”
“എന്തായാലും അയാൾ വരട്ടെ,നമുക്ക് നോക്കാം,ഞാനെന്തായാലും അവരെ നിരുത്സാഹപ്പെടുത്തുന്നില്ല.മാത്രമല്ല , ഇതൊക്കെ അറിയാൻ എനിക്ക് നല്ല ആകാംക്ഷയുമുണ്ട്.പണ്ട് അച്ഛമ്മ കാട്ടി കൂട്ടിയിരുന്ന ചില ചടങ്ങുകൾ മനസ്സിലോർമ്മയുണ്ട്.”
രാഹുലിനോട് യാത്ര പറയുമ്പോൾ ദേവിയുടെ ഉള്ളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു.എന്തായാലും പ്രണവിനൊരു മാറ്റം വരും,വരണം,വരുത്തണം.
രാത്രിയിൽ വാട്സാപ്പ് മെസേജിനു മറുപടി കിട്ടി.
“നിങ്ങളുടെ സന്ദേശം ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഞങ്ങളുടെ ടീം നിങ്ങളെ ബന്ധപെടുന്നതാണ്.”
തല്ക്കാലം ആരെയും ഈ വിവരം അറിയിക്കുന്നില്ല.അവർ വിളിക്കട്ടെ.രാത്രി ഒരു എട്ടു മണി ആയപ്പോൾ ഒരു പെൺകുട്ടിയുടെ ഫോൺ കാൾ വന്നു.
“ഞാൻ സൊണാലി,ആര്യൻ സാറിന്റെ ഓഫീസിൽ നിന്നാണ്.ദേവി മാഡത്തോട് സംസാരിക്കണം .”
സൊണാലി ദേവിയോട് ഏകദേശം അരമണിക്കൂർ ഫോണിൽ സംസാരിച്ചു.എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചു.അതെല്ലാം അവർ ഫയലാക്കി ആര്യൻ സാറിന്റെ മേശപ്പുറത്തു വയ്ക്കും.അദ്ദേഹത്തിന്റെ അന്തർജ്ഞാനത്തിൽ അദ്ദേഹം ഓരോ കേസുകളും പഠിച്ചു മറുപടി നൽകും.ചിലതു നേരിട്ട് പോയി കാണും.ചിലപ്പോൾ അവിടെ താമസിച്ചു ചില കർമ്മങ്ങൾ ചെയ്തു മാറ്റും.അതിന് ലക്ഷങ്ങളാണ് ഫീസ്.എന്തായാലും നൂറു ശതമാനം പരിഹാരമാണ് അവർ വാഗ്ദാനം ചെയ്യുന്നത്.
സൊണാലി ഫോൺ വച്ചിട്ട് പോയി.ഇനി ആര്യന്റെ ഊഴമാണ്.അയാൾ മേശമേലിരിക്കുന്ന ഫയലുകളിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുക്കും
അയാൾ കണ്ണടച്ചിരുന്ന് ,അയാളുടെ ഇന്റ്യൂഷൻ ഉപയോഗിച്ച് ഒരു ഫയലെടുക്കുന്നു.അയാൾ അതിൽ സൊണാലി കുറിച്ചിട്ടിരിക്കുന്ന സൂചനകൾ വായിക്കുന്നു.അതിൽ നിന്നും അയാൾക്ക് തോന്നുന്ന ഉപായങ്ങൾ അയാൾ ഫയലിൽ കുറിക്കുന്നു.അത് സൊണാലി വഴി ക്ലൈന്റിനെ അറിയിക്കുന്നു.ചില പ്രശ്നങ്ങൾക്കു പരിഹാരങ്ങൾ ആര്യൻ നേരിട്ട് വിളിച്ചു പറയുന്നു.ചില പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ പ്രശ്നസ്ഥലത്തു എത്തണമെന്ന് ആര്യന് തോന്നിയാൽ അയാൾ നേരിട്ട് വിളിച്ചു ക്ലൈന്റിനെ അറിയിക്കുന്നു.അവർ ആവശ്യപ്പെട്ടാൽ,നേരിട്ട് സ്ഥലം സന്ദർശിച്ചു അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുന്നു.അതാണ് അവരുടെ പ്രീമിയം സർവീസ്.
ദേവി സൊണാലിയുടെ മെസേജ് കാത്തിരുന്ന് ഉറങ്ങി പോയി.രാവിലെ ഉണർന്നു മെയിൽ ചെക്ക് ചെയ്തു, മെയിൽ ഒന്നും ഉണ്ടായിരുന്നില്ല.രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രണവിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന വിഷമമാണ് ദേവിക്ക്.
ഓഫീസിലിരിക്കുമ്പോഴാണ് ഒരു അപരിചിത നമ്പറിൽ നിന്നും കാൾ വന്നത്.വായിച്ചു കൊണ്ടിരുന്ന നിയമപുസ്തകം മേശമേൽ വച്ച് ദേവി ഫോൺ അറ്റൻഡ് ചെയ്തു.
“ആര്യൻ ,ദി സ്പിരിച്വൽ ഹീലർ.എനിക്ക് ദേവിയോട് സംസാരിക്കണം.”
നല്ല ഇംഗ്ലീഷിലാണ് അയാൾ സംസാരിച്ചു തുടങ്ങിയത്.
“ദേവിയാണ് സംസാരിക്കുന്നത്.”
“നിങ്ങളുടെ പ്രശ്നങ്ങൾ ഞാൻ വായിച്ചു.നിങ്ങളുടെ ഭർത്താവിന് വേണ്ടിയാണോ നിങ്ങൾ ഹീലിംഗ് ആവശ്യപ്പെടുന്നത്.അയാളുടെ ചുറ്റും ഡാർക്ക് എനർജി സാന്നിധ്യം ഞാൻ കാണുന്നു.കരിഞ്ഞമണമാണ് കണ്ണടയ്ക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടത്.
“എന്റെ ഭർത്താവിന് വേണ്ടിയല്ല,എന്റെ സുഹൃത്തിന്റെ ഭർത്താവിന് വേണ്ടിയാണ്.”
“അയാളുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെയുണ്ട്?തനിയെ നടക്കാൻ സാധിക്കുന്നുണ്ടോ അയാൾക്ക്,എന്തായിരുന്നു അയാളുടെ പ്രൊഫെഷൻ “
“അയാൾക്കു ബെഡിൽ നിന്നും തനിയെ എഴുന്നേൽക്കാൻ സാധിക്കുന്നില്ല.ആഹാരം കഴിക്കാൻ പോലും സാധിക്കുന്നില്ല.ആരോഗ്യം വല്ലാതെ ക്ഷയിച്ചു.അയാളൊരു സിനിമാ നടനായിരുന്നു.”
“ഞാൻ നേരിട്ട് അയാളെ കാണാൻ വരുന്നുണ്ട്.തീയതി അറിയിക്കും,എനിക്കുള്ള യാത്ര,താമസ സൗകര്യവും ഫ്ലൈറ്റ് ടിക്കറ്റും ഒരുക്കണം.അത് എൻ്റെ ഓഫീസിൽ അറിയിക്കണം.അഡ്വാൻസ് പേയ്മെന്റ് ചെയ്യണം.ഞാൻ വരുന്നത് വരെ ചെയ്യാനുള്ള ചില കർമങ്ങൾ പറഞ്ഞു തരാം.”
“സൊണാലി വിളിച്ചു എല്ലാം വിശദമായി പറഞ്ഞു തരും.”
ഫോൺ കട്ട് ചെയ്തു അരമണിക്കൂർ കഴിഞ്ഞപ്പോൾ സൊണാലിയുടെ കാളും പിന്നീട് ഈമെയിലും വന്നു.ഒരാഴ്ച ചെയ്യേണ്ട ചില ആചാരക്രമങ്ങൾ അവൾ പറഞ്ഞു തന്നു.
ഇതൊക്കെ അനുപമയെ പറഞ്ഞു പഠിപ്പിക്കണം.ഉച്ചയ്ക്ക് ദേവി ഓഫീസിൽ നിന്നുമിറങ്ങി.പോകുന്ന വഴി സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കുന്ന കടയിൽ കയറി.സുഗന്ധമുള്ള ചില ഇലകൾ,റോസ് മേരി,കുന്തിരിക്കം എന്നിവ വാങ്ങി.
നേരെ പ്രണവിന്റെ മുറിയിലേയ്ക്കു നടന്നു.പ്രണവ് നല്ല ഉറക്കത്തിലാണ്.ദേവി അനുവിനെ തേടി അടുക്കളയിലേയ്ക്ക് നടന്നു.അവിടെ ദേവി സ്വയം ചില പൊടികൾ തയാറാക്കി.പിന്നീട് ദേവി അനുപമയേയും കൂട്ടി പ്രണവിന്റെ സമീപം എത്തി.കയ്യിലിരുന്ന പാത്രത്തിൽ കറുവ പട്ടയും മുട്ടത്തോടും കല്ലുപ്പും പൊടിച്ച മിശ്രിതവുമായി പ്രണവിൻ്റെ കട്ടിലിനെ ദേവി വലം വച്ചു .അനുപമ അത്ഭുതത്തോടെ ദേവിയെ നോക്കി നിന്നു.പാത്രം അനുപമയെ ഏൽപ്പിച്ചു, അവളുടെ ചെവിയിൽ ദേവി എന്തൊക്കെയോ സ്വകാര്യമായി പറഞ്ഞു.
“മുട്ടത്തോട് പ്രകൃതിദത്തവും ജൈവികവുമായ വസ്തുവാണ്.അത് മനുഷ്യരെ പ്രകൃതിയുമായി ബന്ധിപ്പിക്കുവാൻ സഹായിക്കുന്നു.മുട്ടയ്ക്ക് സംരക്ഷണഗുണമുണ്ട്.നെഗറ്റീവ് എനർജികളെ ,എന്റിറ്റികളെ ഒക്കെ അകറ്റാൻ മന്ത്രവാദത്തിൽ മുട്ടത്തോട് ഉപയോഗിക്കുന്നു.”
“ഇതൊരു പരിഹാരമല്ല,അവസ്ഥ വഷളാക്കാതെ ഈ മുട്ടത്തോട് സംരക്ഷിക്കും.ഈ മുറി ഇപ്പോഴും സുഗന്ധപൂരിതമാക്കി വയ്ക്കണം.രാവിലെയും വൈകിട്ടും പ്രണവിനെ ഒരു വീൽ ചെയറിലിരുത്തി പൂന്തോട്ടത്തിൽ കൊണ്ട് പോകണം.പ്രകൃതിയുമായി ഇപ്പോഴും അടുപ്പമുണ്ടാക്കണം.എല്ലാ പ്രശ്നത്തിനും പരിഹാരം പ്രപഞ്ചത്തിലുണ്ട്.ശുദ്ധമായ വായുവും വെള്ളവും വേണം.അടച്ച മുറിയെക്കാൾ തുറന്ന അന്തരീക്ഷമനു നല്ലത്.”
“നീയെന്താ ദേവി ഇങ്ങനൊക്കെ പറയുന്നത്.”
“എന്റെ പൊന്നേ നീ പേടിച്ചോ?,ബാധ കയറിയതൊന്നുമല്ല.ആര്യന്റെ ഓഫീസിൽ നിന്നും അറിയിച്ചതാണ് ഇതൊക്കെ ചെയ്യണമെന്ന്.അയാൾ വരുന്നത് വരെ ജൈവിക ഊർജം ചോരാതെ നോക്കണമെന്ന്.എനിക്കൊന്നും മനസിലായില്ല ,എന്തായാലും അയാൾ വരട്ടെ.എനിക്കിപ്പോൾ നല്ല പ്രതീക്ഷയുണ്ട്.എല്ലാം ശരിയാകും.”
അനുപമ മറുപടിയൊന്നും പറഞ്ഞില്ല.അവൾ നിറഞ്ഞ കണ്ണുകളോടെ ദേവിയെ നോക്കി നിന്നു.ഓടി വന്നു ദേവിയെ കെട്ടി പുണർന്നു.
“ദേവി നീ പറയുന്നതൊക്കെ എനിക്ക് വിശ്വാസമാണ്.നീ ഇപ്പോൾ രാത്രിയാണെന്നു പറഞ്ഞാൽ പോലും ഞാൻ അത് വിശ്വസിക്കും,ഞാൻ എന്റെ കണ്ണുകൾ അടച്ചു ഇരുട്ടാകും.”
“മോള് കണ്ണുകൾ അടയ്‌ക്കേണ്ട.തലയുയർത്തി കണ്ണുകൾ തുറന്നു പിടിച്ചാൽ മതി.”
ദേവി അന്ന് രാത്രി മുഴുവൻ കേസിന്റെ ആലോചനയിലായിരുന്നു.എല്ലാവരും ഉറങ്ങുമ്പോൾ , രാത്രിയുടെ ഏകാന്തതയിൽ ഉണർന്നിരിക്കാനാണ് അവൾക്കിഷ്ടം.പഠിക്കുമ്പോൾ മുതലേ അതാണ് ശീലം.കേസ് ഫയലുകൾ നോക്കി ഇരുന്നു മടുത്തപ്പോൾ അവൾ വെള്ളം കുടിക്കാനായി എഴുന്നേറ്റു .വെള്ളമെടുത്ത് അടുക്കളയിൽ നിന്നും പുറത്തു വന്നപ്പോഴാണ്,ജനലിനടുത്തൊരു നിഴലനക്കം.ആരോ നടന്നു നീങ്ങുന്ന കാലൊച്ച.
പേടി കാരണം ദേവി വിയർത്തു.അടുത്ത വീട്ടിലെ ഗൂർഖയോട് ഈ വീടും പരിസരവും ഒന്ന് നിരീക്ഷയ്ക്കണമെന്നു പറഞ്ഞിട്ടുണ്ട്.ഇടയ്ക്കു ചില ദിവസങ്ങളിൽ അശോകദാസ് വരാറുണ്ട്.ഇന്ന് അവർ രണ്ടുമില്ലേ ?,അവൾ ധൈര്യപൂർവം മാസ്റ്റർ സ്വിച്ച് ഓൺ ചെയ്തു എല്ലാം വിളക്കുകളും തെളിച്ചു.പിന്നവൾക്കു ഉറങ്ങാൻ സാധിച്ചില്ല.രാത്രി മുഴുവനും തോക്കും പിടിച്ചു അവൾ സ്വീകരണമുറിയിലിരുന്നു.
അടുത്ത രണ്ടു ആഴ്ച ,അതിനുള്ളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം.ആര്യൻ വന്നു പ്രണവിന്റെ പ്രശ്നം പരിഹരിക്കണം.പ്രണവിൽ നിന്നും കിട്ടുന്ന വിവരങ്ങൾ വച്ച് വേണം അഞ്ജാതനെ അന്വേഷിച്ച് തുടങ്ങാൻ.അപ്പോഴേക്കും ന്യൂസ് പേപ്പർ ബോയ് വരും.അജ്ഞാത ശത്രുവിനെ പോലീസിൽ ഏൽപ്പിക്കണം.പിന്നെ മോൾക്കും അമ്മയ്ക്കുമൊപ്പം സ്വസ്ഥമായ ഒരു ജീവിതം തുടങ്ങണം.അതാണ് ദേവിയുടെ അവശേഷിക്കുന്ന സ്വപ്നം.
“മോള് ഉറങ്ങിയില്ലേ.”
അമ്മയാണ് പിറകിൽ.ദേവി ഭയന്ന് തിരിഞ്ഞു നോക്കി.
“ആരോ വീടിനു പുറത്തുണ്ട്.കാൽപ്പെരുമാറ്റം ഞാൻ കേട്ടു.ഞാൻ ഒരു തോക്കുമായി ഇവിടെ കാത്തിരുന്നതാണ്.ഗൂർഖയുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് എല്ലാ ലൈറ്റും തെളിച്ചത്.
അമ്മ അപ്പോൾ തന്നെ മാത്യുവിനെ വിളിച്ചു,പോലിസിൽ അറിയിച്ചു.
മാലതി ദേവിയുടെ അടുത്ത വന്നിരുന്നു.
“നിനക്കെന്താ ഇത്ര പേടി.നീ ഒരു വക്കീലല്ലേ.ഇങ്ങനെയാണോ ഈ അവസരങ്ങളിൽ പെരുമാറേണ്ടത്.”
ദേവി അമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു പോയി.
“എന്റെ മകളെ ഓർത്താണ് എനിക്ക് പേടി.ഇതുവരെ ധൈര്യത്തോടെ നിന്നു.എന്നിട്ടും കണ്മുൻപിൽ വച്ചല്ലേ എനിക്കെല്ലാം നഷ്ടപെട്ടത്.ഇപ്പോൾ എനിക്ക് രാത്രികളെ പേടിയാണ്.കണ്ണടച്ചാൽ കൈലാസനും തടയണയും ,നിധിന്റെ കരിഞ്ഞ ശരീരവുമൊക്കെയാണ്.എല്ലാം അവസാനിപ്പിക്കണം.എല്ലാ സ്ത്രീകളെയും പോലെ മനസമാധാനത്തോടെ ജീവിക്കണം.”
“എല്ലാം ശരിയാകും മോളേ.”
മാലതി വാത്സല്യത്തോടെ ദേവിയുടെ മുടിയിഴകളിൽ തലോടി.ഒത്തിരി ബാല്യകാല ട്രോമകളിലൂടെ കടന്നു പോയ കുട്ടിയാണ്.താനാണ് തെറ്റുകാരി.തനിക്കിനി അവൾ മാത്രമേയുള്ളു.
“ഈ അമ്മ ജീവനോടെ ഉള്ളത് വരെ നിനക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ല.”
മാലതി കുനിഞ്ഞു അവളുടെ ശിരസ്സിൽ ഉമ്മ വച്ചു.
(തുടരും…)
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -45 - By Nisha Pillai - കൂട്ടക്ഷരങ്ങൾ