നിന്റെയുള്ളിൽ ഞാൻ എത്രമാത്രമുണ്ടെന്ന്
അറിയാനുള്ള ശ്രമത്തിലാണു ഞാൻ …
നിന്റെ കണ്ണുകളിലൂടെ,
നിന്റെ ചിന്തകളിലൂടെ
നിന്റെ വിചാരങ്ങളിലൂടെയെല്ലാം
എന്നെ നോക്കിക്കാണാൻ
ശ്രമിക്കുകയാണു ഞാൻ …
ആദ്യമൊക്കെ നിന്റെ കണ്ണുകളിലൂടെ
എന്നെ നോക്കി കാണാൻ ശ്രമിക്കുമ്പോൾ
എന്നെ എനിക്കൊട്ടും
ഇഷ്ടമാവുന്നേ ഇല്ലായിരുന്നു ….
എന്നാലിപ്പോൾ ഇടക്കിടക്കൊക്കെ
ഇത്തിരി ഇഷ്ടം തോന്നി തുടങ്ങിയിരിക്കുന്നു…
എന്താണ് എന്നെ ഇത്രമേൽ
നിന്നിലേക്ക് ചേർത്തു വച്ചത്
എന്റെ കണ്ണുകളിൽ നോക്കുമ്പോൾ
നിന്റെ ചുണ്ടുകളിൽ പുഞ്ചിരി മൊട്ടിടുന്നതെങ്ങനെയാണ്
എന്റെ കവിതകളിലൂടെ ഞാൻ
മനസിൽ നിന്നകറ്റുന്ന
ഉന്മാദത്തിന്റെയലകൾ
അതു വായിക്കുന്ന നിന്റെ മനസിൽ അലയടിക്കുന്നതെപ്രകാരമാണ്..
എനിക്കു പ്രണയമല്ല സൗഹൃദമാണു വേണ്ടതെന്ന്…, അതല്ല
വാത്സല്യമാണ് വേണ്ടതെന്ന് പറയാതെയറിയുന്നതെങ്ങനെയാണ് …
കൈകൾ കോർത്തുപിടിക്കുമ്പോൾ
സങ്കടങ്ങളിൽ ചേർത്തു നിർത്തി
നെറുകിൽ ചുംബിക്കുമ്പോൾ
കണ്ണുകളിങ്ങനെ ഈറനാവുന്നതെന്തിനാണ്…
അങ്ങനെയങ്ങനെ ഒരുപാടന്വേഷണങ്ങൾ …
നിന്റെയുള്ളിൽ ഞാനെത്രയാഴത്തിൽ
പതിഞ്ഞിരിക്കുന്നുവെന്നറിയാൻ
നിന്റെ മനസിന്റെയടിത്തട്ടിലെത്തി
നിൽക്കുകയാണ് ഞാൻ …
എന്നിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല …
മരണത്തിനപ്പുറവും നീയെന്നെ ഇതുപോലെ
ചേർത്തുപിടിക്കുമോ എന്ന ചോദ്യം
ഇടനെഞ്ചിൽ കുരുങ്ങി കിടക്കുന്നു….
നിന്റെ കണ്ണുകളിലൂടെ
എന്നെ നോക്കി കാണുമ്പോൾ
ഞാനെങ്ങനെ മരണത്തെ കുറിച്ച് പറയും…
നിനക്ക് മരണത്തെ കുറിച്ച്
ചിന്തിക്കുന്നതു പോലും ഇഷ്ടമല്ലല്ലോ…..
അല്ലെങ്കിലും നിന്റെയുള്ളിലിങ്ങനെ അളന്നെടുക്കാനാവാത്ത ആഴത്തിൽ
പതിഞ്ഞു കിടക്കുമ്പോൾ പിന്നെ
ഞാനെന്തിനാണു മരണത്തെയോർക്കുന്നത്…..


1 Comment
സ്നേഹിക്കാനും ചേർത്തുപിടിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ മരണത്തെക്കുറിച്ച് ചിന്തിക്കകയേ അരുത്. അത് അതിൻെറ സമയമാകുമ്പോൾ വന്നുകൊള്ളട്ടെ- അുവരെ സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കണം- എല്ലാ നന്മകളും നേരുന്നു. 👍❤️