നഗരമദ്ധ്യത്തിലെ മരത്തണലിൽ എരിയുന്നവെയിലിലും ഒരിറ്റു തണലിന്റെ സാന്ത്വനത്തിൽ തന്റെ പ്രവൃത്തിയിൽ മുഴുകിയിരിക്കുകയായിരുന്നു മുരുകൻ. ചുറ്റും നിരത്തിയിട്ടിരിക്കുന്ന ചെരിപ്പുകളുടെ കേടുപാടുകൾ അതിവിദഗ്ദ്ധമായി തീർക്കുകയാണയാൾ. ഒപ്പം ഷൂ പോളിഷും കുടകളുടെ റിപ്പയറിംഗും ഉണ്ട്. കാലിൽ കൊലുസ്സും മനോഹരമായ ഡിസൈനർ ചെരിപ്പുമിട്ട് തന്റെയടുത്ത് വന്ന പെൺകുട്ടിക്ക് ബാക്കി കൊടുക്കുന്നുവെന്ന വ്യാജേന മുന്നിലെ ചെറിയ പെട്ടിയിൽ നിന്നും കാശെടുത്തു കൊടുക്കുമ്പോൾ അയാളുടെ കണ്ണുകൾ വാത്സല്യത്താൽ നിറഞ്ഞു. നിറകണ്ണു തുടച്ച് കണ്ണെത്തും ദൂരത്തോളം ആ കാലുകളുടെ ചലനത്തിൽ കണ്ണുനട്ടപ്പോൾ ഉള്ളിൽ തെളിഞ്ഞത് കുഞ്ഞിളം പാദങ്ങളായിരുന്നു.
ഒരു ചെരുപ്പുമായി അടുത്തുവന്ന ഒരാളുടെ ശബ്ദമാണ് അയാളെയുണർത്തിയത്. “താൻ ആളു കൊളളാലോ. ചെരുപ്പ് റിപ്പയർ ചെയ്യാൻ വരുന്നവരെ ഇങ്ങനെ നോക്കിയാൽ താമസിയാതെ ഈ പണി മതിയാക്കി പോവേണ്ടി വരും”. ചുറ്റുമുള്ളവർ തമാശ പോലെയതു ആസ്വദിച്ചപ്പോൾ ഉരുകിയത് ഒരച്ഛന്റെ മനസ്സായിരുന്നു. നോവൊതുക്കിയ പുഞ്ചിരിയിലും മിഴിയിൽ നിന്നടർന്ന നീർത്തുള്ളിയിൽ ഒരായുസ്സിന്റെ ക്ലേശം എരിഞ്ഞടങ്ങി.
വൈകുന്നേരം കയ്യിലെ പൊതിയിൽ എണ്ണപലഹാരവുമേന്തി പാതി തേഞ്ഞ ചെരുപ്പണിഞ്ഞ് വീടണയാൻ ധൃതിയിൽ നടക്കുന്ന അയാൾ ഫുട്പാത്തിലെ നിത്യകാഴ്ചയായിരുന്നു. പക്ഷേ വളർന്നു വരും തോറും മകളുടെ കാഴ്ച്ചപ്പാടുകൾ മാറുകയായിരുന്നു. അച്ഛന്റെ മാറോട് ചേർന്നു അച്ഛന്റെ ഗന്ധം തിരഞ്ഞവൾക്ക് അച്ഛന്റെ വിയർപ്പിന്റെ ഗന്ധം നാറ്റമായി. ആ കൈ സ്നേഹത്തോടെ നീട്ടുന്നത് അറപ്പുളവാക്കുന്നതായി. പണമൊഴികെയെന്തും അവൾക്ക് നികൃഷ്ടമായി തോന്നിത്തുടങ്ങി. മകളിലെ മാറ്റം തിരിച്ചറിയാൻ അമ്മയില്ലാതെ പോയതിന്റെ വേദന ആ അച്ഛന്റെ മനസ്സിനെ നീറ്റിക്കൊണ്ടിരുന്നു. മകളുടെ കൂട്ടുകെട്ടും വഴികളും തെറ്റുന്നത് വേദനയോടെയയാൾ തിരിച്ചറിഞ്ഞു. തിരുത്താൻ ശ്രമിക്കും തോറും വാശിയോടെ തന്നിൽ നിന്നുമകലുന്ന മകളെ അയാൾ ഭീതിയോടെ കണ്ടു.
ഒരു അച്ഛനും സഹിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പലതവണ അയാൾ മകളെ കണ്ടു. തന്റെ നല്ല പാതി തന്നെ ഏൽപ്പിച്ചിട്ടു പോയ നിധി കരിക്കട്ടയായി മാറുന്നത് നിസ്സഹായനായി കണ്ടു നിൽക്കേണ്ടി വന്നു. പക്ഷേ അവഹേളനങ്ങൾ സഹിച്ചു കൊണ്ടുള്ള സമയബന്ധിതമായ ഇടപെടലിലൂടെ പല അപകടസാഹചര്യങ്ങളിലും മകൾക്ക് തുണയായി അയാൾ.
അങ്ങനെ മാസങ്ങൾ കടന്നു പോയി. മകളെക്കുറിച്ചുള്ള ആശങ്കകളിൽ അയാൾ ഏറെ തളർന്നു. സ്വന്തം ജോലിയിൽ പോലും മനസ്സർപ്പിക്കാനാവാതെ പലപ്പോഴും കുത്തുവാക്കുകൾക്കിരയാവേണ്ടി വന്നു. എന്തുകൊണ്ടാണെന്നറിയില്ല മകളിൽ പതിയെ മാറ്റങ്ങൾ കണ്ടു തുടങ്ങി. അവൾ പലതും തിരിച്ചറിയാൻ തുടങ്ങി. അകൽച്ച കാണിക്കുന്നുണ്ടെങ്കിലും കൂട്ടുകെട്ടുകളിൽ നിന്നൊക്കെ അകന്നു മാറാൻ തുടങ്ങി. പതിയെ വീട്ടിൽ വീണ്ടും സമാധാനം കളിയാടാൻ തുടങ്ങി. സ്നേഹത്തോടെയുള്ള വാക്കുകൾക്ക് മൂളലാണെങ്കിലും മറുപടി ലഭിച്ചു തുടങ്ങി. അങ്ങനെ ഒരു ദിവസം മകളേയും കൂട്ടി പുറത്തേക്കു പോവാനുള്ള ചിന്തയിൽ നേരത്തെ ജോലി തീർത്തു വീട്ടിലേക്ക് വന്ന മുരുകൻ കാണുന്നത് മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന രണ്ടു പേരെയാണ്. അവളുടെ കൂട്ടുകെട്ടിൽപ്പെട്ടവർ തന്നെയാണ് അവരെന്നയാൾ തിരിച്ചറിഞ്ഞു. ചെറുത്തു നിൽപ്പിന്റെ വീറോടെ അവരിൽ നിന്നും രക്ഷപ്പെടാൻ പൊരുതുന്ന മകളെ കണ്ടപ്പോൾ അയാൾ തകർന്നു പോയി. പെട്ടെന്ന് കൈയിൽ കിട്ടിയ ഇരുമ്പുവടിയെടുത്ത് അവരെ നേരിട്ടു. പെട്ടെന്നുള്ള ആക്രമണമായതുകൊണ്ട് അവർ പതറിപ്പോയി. എന്നാൽ രണ്ടുപേരും തിരിച്ചടിച്ചു. ഇരുമ്പുവടി കൊണ്ടു തലയ്ക്കടിയേറ്റ് അയാൾ കുഴഞ്ഞു വീണു. അതു കണ്ട രണ്ടു പേരും ഓടി രക്ഷപ്പെട്ടു. അയാൾക്കരികിലേക്ക് ഓടിയെത്തിയ മകളുടെ മടിയിൽ തലവെച്ച് അന്ത്യശ്വാസം വലിക്കുമ്പോഴും മകളെക്കുറിച്ചുള്ള ആശങ്കയായിരുന്നു ആ അച്ഛന്റെ മനസ്സിൽ. സംഭവത്തിൽ കേസന്വേഷണം നടത്തുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തു.
വർഷങ്ങൾക്കിപ്പുറം ആ വീടിന്റെ ഉമ്മറത്ത് ഇന്നും പാതിതേഞ്ഞ ആ ചെരിപ്പുകൾ സംരക്ഷണകവചം പോലെ നിലകൊള്ളുന്നു. അച്ഛന്റെ സാന്നിധ്യം കണികണ്ടുണർന്നാ മകൾ എന്നും ജീവിതവഴികളിൽ കരുത്തു നേടുന്നു.
****നിഷിബ എം നിഷി ****


7 Comments
നല്ല കഥ👍🌹
Nice 👍
Good👌
സ്നേഹം 😍
നല്ല കഥ❤️👌🌹
👍👌🙏❤️💯🙏🙏
സ്നേഹം 😍