പ്രണയം മഴ പോലെ പെയ്തു
കുളിരിൽ മുക്കിയിരിക്കുന്നു…
വിരഹത്തിന്റെ വേരാഴങ്ങൾ പടരാതെ
എന്നും ചേർത്തു വെക്കുന്ന
പ്രണയത്തിന്റെ മാന്ത്രികത
ഒരുമിച്ചിരിക്കാൻ…
തനിച്ചൊന്നു മിണ്ടാൻ
നെഞ്ചോട് ചേർക്കാൻ…
കഴിയാതെ കഴിയാതെ
വിരഹം പൊതിഞ്ഞു
ഹൃദയം നീറുമ്പോൾ
ആൾക്കൂട്ടത്തിനിടയിൽ നിന്നാരും
കാണാതൊരു നോട്ടം…
സ്നേഹത്താൽ പൂത്തൊരു പുഞ്ചിരി …
വിരഹത്തിന്റെ മഞ്ഞുകണങ്ങളുരുകിയിറങ്ങുന്നു…
ഒരുമിച്ചിറങ്ങി നടക്കാൻ
കൊതിച്ച വഴികളിലും
ഒരുമിച്ചു പോവാനെന്നു
മോഹിച്ചയിടങ്ങളിലും
തനിയെ പോയി നിൽക്കുമ്പോൾ
നെടുവീർപ്പുകൾ ഇല്ല
വേദനകൾ ഇല്ല…
അദൃശ്യമായൊരു സാന്നിദ്ധ്യമായി
കൂടെയുള്ള പോലെ…
കേൾക്കുന്ന പാട്ടിലെ ഈണങ്ങളായി
വായിക്കുന്ന പുസ്തകതാളിലെ
വരികളും വരകളുമായി
ചിന്തകളിലിങ്ങനെ തനിച്ചാക്കാതെ
വിരലുകളിൽ വിരൽ കോർത്ത്
തോളിൽ തല ചായ്ച്
എപ്പോഴും കൂടെ തന്നെ…
തനിച്ചെന്ന തോന്നലിപ്പോൾ
വെള്ളത്തിൽ വരച്ച വരയെന്നപോൽ…
ഇപ്പോൾ… മിണ്ടാതെ മിണ്ടിയും
കാണാതെ കണ്ടുമങ്ങനെ
എപ്പോഴും കൂടെ…
എനിക്കായി മാത്രമുള്ളൊരു പുഞ്ചിരി
അടുത്തൊരു കാഴ്ച വരേക്കും
എന്റേതു മാത്രമായങ്ങനെ
തങ്ങി നിൽക്കുന്നു.
ശരിക്കും പ്രണയത്തിന്റെ
മാന്ത്രികതയിൽ അകപ്പെട്ടിരിക്കുന്നു…
പ്രണയമറിയാത്ത ആരോ പറഞ്ഞു
പ്രണയിക്കാനെപ്പോഴും
കാണണമെന്ന്… മിണ്ടണമെന്ന്
തൊട്ടു തൊട്ടിരിക്കണമെന്ന്..
എന്നാൽ അങ്ങനല്ലെന്ന്
എന്റെ പ്രണയമെന്നോട്…
മുന്നിലില്ലെങ്കിലും കണ്ണിലാ രൂപം…
മിണ്ടിയില്ലേലും മിണ്ടുന്ന പോലെ
തിരിച്ചുമൊത്തിരി മിണ്ടാതെ മിണ്ടുന്നു…
എന്റെയുള്ളിലിത്രയധികം പ്രണയം
കുഴിച്ചുമൂടപ്പെട്ടിരുന്നെന്ന്…
സ്നേഹത്തിനായുള്ള മോഹങ്ങൾ
ഇത്രയധികമായിരുന്നെന്ന്
ഞാനൊരാൾക്ക് പ്രിയമുള്ളവളാകുമ്പോൾ
ഞാൻ ഞാനായി മാറുന്നെന്ന്..
ഉള്ളു നിറയെ നീയുള്ളപ്പോൾ ഞാൻ സന്തോഷവതിയായിരിക്കുന്നുവെന്ന്..


1 Comment
👌👍🙏