രാവിലെ അച്ഛനും, മകനും ഇറങ്ങിപ്പോകുമ്പോൾ ബാക്കിയാകുന്ന ശൂന്യതയിൽ നിന്നും പൂമുഖവാതിലടച്ച്, സിങ്കിൽ കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങളുടെ കലമ്പലുകളിലേക്കു കയറിച്ചെല്ലുമ്പോഴേക്കും അടുക്കളവരാന്തയിലെ അരമതിലിൽ “മണിക്കുട്ടി “ഹാജരുണ്ടാകും.
പിന്നെയങ്ങോട്ട് വിശേഷം പറച്ചിലായി, കഥ പറച്ചിലായി, പാട്ടുപാടലായി.
മണിക്കൂറുകൾ കാറ്റിന്റെ വേഗത്തിലങ്ങോടി പോകുകയും ചെയ്യും
അന്നും മണിക്കുട്ടിയുടെ വിളി കേൾക്കെ ഒരു പാത്രത്തിൽ ഇഡ്ഡലിയും സാമ്പാറുമെടുത്ത് ഇന്ദു തിണ്ണയിലേക്കിറങ്ങിയിരുന്നു.
മണിക്കുട്ടിക്ക് കഴിക്കാനുള്ളത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചുകൊടുത്തു.
“ഇന്നെന്താ മോന്തക്കൊരു വാട്ടം? ഏതാണ്ട് വല്യ ആലോചനയിലാണല്ലോ. ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു”.
ഭക്ഷണംകഴിച്ച് പാത്രവുംകഴുകിവെച്ച് തിണ്ണയിലേക്കുതന്നെ ഇറങ്ങിയിരിക്കുമ്പോൾ മണിക്കുട്ടി ചാഞ്ഞും ചരിഞ്ഞും അവളെയൊന്നു നോക്കി.
എന്ത് പറയാനാ മണിക്കുട്ടി. ഇന്നലെയൊരു കഥ വായിച്ചു. ഒരു ദാക്ഷായണിയുടേം കല്യാണിയുടേം കഥ. അവരങ്ങോട്ട് ഇറങ്ങി പോകുന്നില്ലന്നെ. എന്റെ പിന്നാലേ നടക്കുവാ.
പാവം രണ്ടു പെണ്ണുങ്ങൾ. അതുങ്ങളുടെ ഓരോ കഷ്ടപ്പാടുകൾ. കഥ എഴുതിയവളുടെ ജീവിതം അതിലും കഷ്ടം.എല്ലാം ഓർത്തിട്ട് മനസ്സിനൊരു സുഖമില്ല.
അല്ലേലും പെണ്ണിന്റെ വിധി ഇങ്ങനെയൊക്കെത്തന്നെയാ. കഥയായാലും ജീവിതമായാലും.
ഇന്ദു നെടുവീർപ്പിട്ടുകൊണ്ട് താടിക്ക് കയ്യൂന്നി മുറ്റത്തു തളംകെട്ടിക്കിടക്കുന്ന മഴവെള്ളത്തിലേക്ക് ദൃഷ്ടിയൂന്നി.
ഇങ്ങനെ എങ്ങുംതൊടാതെ പറഞ്ഞുകൂട്ടിയിട്ട് എന്തു കാര്യം. എനിക്ക് മനസ്സിലാകുന്ന പോലെ പറ. എന്നാലല്ലേ കാര്യത്തിന്റെ ഗൗരവമങ്ങോട്ട് പിടി കിട്ടൂ.
അവളുടെ മുഖത്തു നിഴലിട്ട മ്ലാനതയിലേക്ക് കണ്ണെറിഞ്ഞ് മണിക്കുട്ടി തൊണ്ട ചിനക്കി.
ഞാൻ പറയാം. കേട്ടോളൂട്ടോ.
ഇന്ദു ഒന്ന് നിവർന്നിരുന്നു. പിന്നെ മണിക്കുട്ടിക്കാ കഥ പറഞ്ഞു കൊടുക്കാൻ തുടങ്ങി.
കുറെ വർഷങ്ങൾക്കു മുൻപ് നടന്ന കഥയാട്ടോ.
ദാക്ഷായണിയുടെ ഉറ്റ കൂട്ടുകാരിയായിരുന്നു കല്യാണി.മൂന്നാംക്ലാസ്സിൽ വെച്ച് പാവാട പൊക്കി തുടയിൽ നുള്ളിയ മാഷിന് “നീ പുഴുത്തു പോകുമെടാ “എന്നൊരു മുട്ടൻ പ്രാക്കും കൊടുത്ത് ക്ലാസ്സിൽ നിന്നിറങ്ങിപ്പോന്നവളാണ് ദാക്ഷായണി. അവളുടെ ഇറങ്ങിപ്പോക്കിന് കട്ടസപ്പോർട്ടും കൊടുത്ത് കല്യാണിയും കൂടെയിറങ്ങി.
പിന്നെയവർ പഠിക്കാൻ പോയതേയില്ല. പാടത്തും പറമ്പിലും അവരുടേതായ ഒരു ലോകം സൃഷ്ടിച്ചും, മൂത്തു വിളഞ്ഞ നേൽക്കതിരിൽ നിന്ന് പച്ചനെല്ലൂരിത്തിന്നും അവരങ്ങോട്ട് വളർന്നു.
പണിയെടുക്കാൻ പ്രായമായപ്പോ നാട്ടിൽ കിട്ടുന്ന പണിക്കെല്ലാം പോയി കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങളൊക്കെ ഉണ്ടാക്കി വെച്ചു.
ഞായറാഴ്ചകളിൽ, നസീറിന്റെയും ഷീലയുടെയും സിനിമകൾ കണ്ട്, അതിലെ പ്രേമരംഗങ്ങൾ ജീവിതത്തിൽ വന്നു ചേരുന്നത് കിനാവ് കണ്ടു.
കല്യാണിക്ക് “വലിയ കോപ്പുകാരൻ പുരുവൻ ” വരനായി വന്നു.
സദ്യയുണ്ണാൻ വന്നവർക്കൊക്കെ കല്യാണിക്ക് കൈവന്ന ഭാഗ്യത്തെക്കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ലായിരുന്നു.
എന്നിട്ട് കല്യാണിയെ കാത്തിരുന്നതോ…
ഇന്ദു പാതിയിൽ നിർത്തി മണിക്കുട്ടിയെ ഒന്ന് തോണ്ടി.
നീയിതു കേൾക്കുന്നുണ്ടോ, അതോ ഉറക്കം തൂങ്ങുകയാണോ.
ഞാൻ കേൾക്കുന്നുണ്ട് പെണ്ണേ. നീ ബാക്കി പറ.
മണിക്കുട്ടി അവളെനോക്കി കണ്ണുരുട്ടി.
കോപ്പുകാരന്റെ ആദ്യഭാര്യ “ചോന്നമ്മക്കോട്ടത്തിൽ “നിന്ന് എന്തോ കട്ടെടുത്തെന്നും, ചോന്നമ്മ ശപിച്ചപ്പോൾ അവർക്ക് ഭ്രാന്തായി എന്നുമാണ് “ചേയിക്കുട്ടി ” കല്യാണിയോട് പറഞ്ഞിട്ടുള്ളത്.
അവളുടെ ഗതി വരാതിരിക്കാൻ ചോന്നമ്മക്കോട്ടത്തിലേക്കു നോക്കുകപോലും ചെയ്യരുത് എന്നൊരു കർശന നിർദ്ദേശവും കൊടുത്തു.
നാളുകൾ പോകെ അതൊരു കല്ലുവെച്ച നുണയാണെന്ന് കല്യാണിക്ക് ബോധ്യപ്പെടുന്നു.
ദാക്ഷായണിയുടെ കൂടെ കണ്ട സിനിമകളിലൊക്കെയും, ഷീലയെന്ന ഭാര്യ അകമുറിയിൽ നിന്ന് വസ്ത്രം മാറുമ്പോൾ നസീറെന്ന ഭർത്താവ് അവളെ പിന്നിൽ നിന്ന് പൂണ്ടടക്കം കെട്ടിപ്പിടിക്കുകയും, ചുംബനങ്ങൾകൊണ്ട് കോരിത്തരിപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷേ, ജീവിതത്തിൽ കല്യാണിയെന്ന ഭാര്യ വസ്ത്രം മാറുമ്പോൾ നാരായണണെന്ന ഭർത്താവ് വേഗം മുറിവിട്ട് ഇറങ്ങി പോകും.പോകുന്ന പോക്കിൽ ഭാര്യയുടെ നഗ്നത മറ്റാരും കാണേണ്ട എന്ന് ചിന്തിച്ചിട്ടോ എന്തോ മുറിവാതിൽ വലിച്ചടച്ചു കല്യാണിയെ സുരക്ഷിതയാക്കും. രാത്രികളിൽ വീതകുറഞ്ഞ കട്ടിലിൽ ചുമരരികത്തേക്ക്നീങ്ങി കിടന്ന് അവൾക്ക് കിടക്കാനായി ഇടമുണ്ടാക്കി കൊടുക്കുകയും ചെയ്യും.
കിടപ്പറയിലെ കൊടുംവരൾച്ചയിലും വെട്ടരിവാള് കൊണ്ട് പുരയിടത്തിലെ കാട് വെട്ടിത്തെളിച്ചും, അതിരുകളിലെ കരിമ്പാറക്കല്ലുകളെ പിക്കാസ് കൊണ്ട് കുത്തിയിളക്കി കഷ്ണങ്ങളാക്കിയും കല്യാണി ജീവിതം കൊണ്ടാടി.
അടുക്കള ജോലിയൊന്നും ചെയ്യാതെ പുറംപണികളിൽ ആണിനൊപ്പം നിന്ന് പണിയെടുക്കുന്ന കല്യാണി ചേയിക്കുട്ടിക്കൊരു അത്ഭുതമായിരുന്നു. അവർ തന്റെ ആൺമക്കളെപ്പോലെതന്നെ അവളെയും സ്നേഹിച്ചു.
നാരായണൻ എല്ലാം കണ്ടും കേട്ടും എന്നാലോ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ, നിലമ്പൂർ കാട്ടിലെ വെട്ടാനുള്ള മരങ്ങളുടെ അളവെടുത്തും അതിൽ നിന്ന് കിട്ടാൻ പോകുന്ന സമ്പാദ്യത്തിന്റെ കണക്കെടുത്തും കല്യാണിയുടെ ജീവിതത്തിലേക്ക് വന്നും പോയുമിരുന്നു.
ഒടുവിൽ അനുജൻ ലക്ഷ്മണൻ കല്യാണിയിലെ സ്ത്രീയെ ഉണർത്തിയെന്നറിഞ്ഞ നിമിഷം അയാൾ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി.
ചേയിക്കുട്ടിക്കും എല്ലാമറിയാമായിരുന്നു. മകന് ഒരു ജീവിതം ഉണ്ടായിക്കാണാൻ കൊതിച്ച അമ്മമനം നിസ്സഹായയായിരുന്നു. കല്യാണി ലക്ഷ്മണന്റെ ജീവിതത്തിലേക്ക് കയറിച്ചെല്ലുന്നതിന് തടയിടാൻ, അവർ ലക്ഷ്മണന് വേണ്ടി പുതിയൊരു മരുമകളെ കണ്ടെത്തുന്നു.
ചേയിക്കുട്ടിയുടെ കാലത്ത് ചേട്ടനും അനിയനും കൂടി ഒരൊറ്റ ഭാര്യായിരുന്നു. പക്ഷേ മക്കളുടെ കാര്യത്തിൽ ആ ഒരു രീതി പിന്തുടരാൻ അവർ ആഗ്രഹിച്ചില്ല.
ലക്ഷ്മണൻ കമലയെ താലി ചാർത്തി.
അവന്റെ ജീവന്റെ പാതിയെ ഗർഭത്തിൽ ചുമന്ന് കല്യാണിയും ആ കല്യാണസദ്യയുണ്ടു.
പക്ഷേ കമലയോട് നീതി പുലർത്താൻ ലക്ഷ്മണന് കഴിഞ്ഞില്ല.
ചേയിക്കുട്ടിയുടെ മരണശേഷം വീട്ടിൽ ഒറ്റക്കായിപ്പോയ കല്യാണി തന്റെ മകന് വേണ്ടി പിന്നെയും ജീവിച്ചു കൊണ്ടിരിക്കുന്നു. അനേകമനേകം യാതനകളിലൂടെ. എന്നിട്ട് ആ മകൻ വലുതായപ്പോ ആ അമ്മക്ക് തിരിച്ചു കൊടുത്തതെന്താണെന്നറിയോ മണിക്കുട്ടിക്ക്.
എന്തെ അവൻ കാട്ടിക്കൂട്ടിയെ?
മണിക്കുട്ടി ഇന്ദുവിനെ ഉറ്റുനോക്കി.
കുന്നോളം സങ്കടം വാരിയിട്ട് കൊടുത്തു. അത്ര തന്നെ.
ഉം…
ഇനി അടുത്തത് ദാക്ഷായണിയുടെ വിശേഷം.
അവൾക്ക് പുരുവനായി വന്നത് മദ്രാസിലെങ്ങാണ്ടോ ആണിക്കച്ചവടം ചെയ്യുന്ന ഒരുത്തനായിരുന്നു
അയാൾ ശനിയാഴ്ചകളിൽ വീട്ടിൽ വരികയും ഞായറാഴ്ച തിരിച്ചു പോകുകയും ചെയ്യും.
ദാക്ഷായനിക്ക് ആദ്യമൊക്കെ ആ വരവും പോക്കും വല്യ ഇഷ്ടമായിരുന്നു. പിന്നെ പിന്നെയവൾക്ക് അയാളോട് “ചൊറ “യായി.
അയാൾക്കിഷ്ട്ടപ്പെട്ട കറികളെല്ലാംകൂട്ടിയുള്ള ഊണ് കഴിഞ്ഞാൽ, ദാക്ഷായനിക്ക് അയാളുടെ വക ഔദാര്യം, പതിവ് സാംസ്കാരിക പരിപാടി.. അത് കഴിഞ്ഞാലുടനെ അണ്ടിക്കമ്പനിയിൽ നിന്നും അവൾക്ക് കിട്ടുന്ന വരുമാനത്തിന്റെ, വരവു ചിലവ് കണക്കുകൾ ബോധിപ്പിക്കേണ്ടതുണ്ട്. കണക്കെല്ലാം കൃത്യമായിക്കഴിഞ്ഞാൽ ബാക്കിയുള്ള ചില്ലറയടക്കം അയാളെ ഏൽപ്പിക്കേണ്ടതുമുണ്ട്.
ആണിക്കാരന്റെയാ ആധിപത്യം സ്ഥാപിക്കലിലെ ന്യായാന്യായങ്ങളെ ചികഞ്ഞു നോക്കിയപ്പോൾ, ഇതെവിടുത്തെ എടപാട് എന്നൊരു ചോദ്യമാണ് ദാക്ഷായണിയിൽ വേരൂന്നിനിന്നത്.
അങ്ങേര് ദേഹത്ത് കേറി മറിയുന്നതിനുള്ള കൂലി അങ്ങോട്ടോ ഇങ്ങോട്ടോ എന്നൊരു ചിന്താക്കുഴപ്പത്തിനൊടുവിൽ, ഇങ്ങോട്ടാണ് കിട്ടേണ്ടത് എന്നവളങ്ങ് ഉറപ്പിച്ചു.
അടുത്ത തവണ അയാൾ വന്നപ്പോൾ മുഴുവൻ പൈസയും അവൾ കൊടുത്തില്ല. ബാക്കിയെവിടെ എന്ന ചോദ്യത്തിനു എനിക്കൊരു പശുവിനെ വാങ്ങണം എന്നവൾ അറിയിച്ചു.
അവളുടെ നിസ്സഹകരണം വർധിച്ചു വന്നപ്പോൾ നാട്ടിലെ പേരെടുത്ത പുരുഷന്മാരിൽ പലരുമായും അവൾക്ക് ബന്ധമുണ്ടെന്നു സ്വയം ആരോപിച്ച് തൃപ്തിയടയുന്നു.
പിന്നെയുണ്ടാകുന്ന കശപിശകൾക്കൊടുവിൽ, പശു എന്ന മോഹത്തെ ചവറ്റു കുട്ടയിൽ വലിച്ചെറിഞ്ഞ്, ആണിക്കാരന്റെ ഭാര്യ എന്നൊരൊറ്റ ലേബലിൽ ഒതുങ്ങി അയാളുടെ നാട്ടിലേക്ക് പുറപ്പെടുകയാണി ദാക്ഷായണി.
പുരുഷാധിപത്യം നിറഞ്ഞു നിൽക്കുന്ന ആ വീട് ദാക്ഷായണിക്കൊരു തടവറയാകുന്നു. സ്വന്തം നാടും വീടുമാണ് എന്ന ഗർവ്വിൽ ആണിക്കാരനും ദാക്ഷയണിയെ മര്യാദ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നു.
ഒടുവിലെപ്പോഴോ മനസ്സിന്റെ സമനില തെറ്റിയ ദാക്ഷായണി അവിടുന്നിറങ്ങി സ്വന്തം തട്ടകത്തിൽ തന്നെ തിരിച്ചെത്തുന്നു.
വീണ്ടുമവൾക്ക് കൂട്ട് കല്യാണി മാത്രമായി.
കെട്ടിയിറങ്ങിപ്പോയ പെണ്ണുങ്ങൾക്ക് സ്വന്തം നാടും വീടും അന്യമായി പോകുന്നത് എത്ര വേദനാജനകമാണല്ലേ.
വേറെയും ഒരുപാട് കഥാപാത്രങ്ങളുണ്ട്ട്ടോ ഈ കൂട്ടത്തിൽ.കുഞ്ഞിപ്പെണ്ണ്, അവളുടെ ചിത്രൻ കൊച്ചാട്ടനും, പട്ടാളക്കാരനും, പിന്നെ കിണറ്റിൽ ചാടി മരിച്ച നാരായണന്റെ അമ്മ.. അങ്ങനെ ഒരുപാട് പെണ്ണുങ്ങൾ. അവരുടെയെല്ലാം കഥയാണിത്.
നിനക്ക് ഞങ്ങളെപ്പോലെ വായിക്കാനാകുമായിരുന്നെങ്കിൽ എന്ത് രസമായിരുന്നു.
അവൾ മണിക്കുട്ടിയെ നോക്കി ചിരിച്ചു.
മണിക്കുട്ടി അവളുടെ പാത്രത്തിൽ അവശേഷിച്ച ഇഡ്ഡലി കഷ്ണങ്ങൾ കൊക്കിലൊതുക്കുകയായിരുന്നു.
അതവളുടെ കുഞ്ഞുങ്ങൾക്കുള്ളതാണെന്ന് ഇന്ദുവിന് മനസ്സിലായി.
മക്കളെന്ന പ്രതീക്ഷയിൽ കുരുങ്ങി ജീവിതം ഹോമിക്കുന്ന സ്ത്രീ ജന്മങ്ങളിൽ ഒരുവൾ തന്നെ മണിക്കുട്ടിയും.
കാലിൽ മുറുകിക്കിടന്നു വേദനിപ്പിക്കുന്ന ചങ്ങലപ്പൂട്ടുകളെ പൊട്ടിച്ചെറിയാൻ ആഗ്രഹിച്ചാലും അതിനു കഴിയാതെ പോകുന്ന പെൺ ജീവിതങ്ങൾ..
പിന്നേയ് മണിക്കുട്ടി, ഇതൂടെ കേൾക്കൂട്ടോ, ദാക്ഷായണിക്ക് ഭ്രാന്തിളകുമ്പോൾ ആണിക്കാരനെ വിളിക്കുന്നത് മുട്ടൻ തെറികളാ. അതെനിക്ക് പെരുത്തിഷ്ടായി. അവനത് കിട്ടേണ്ടതായിരുന്നു.
ഇന്ദുവിന്റെ ചിരി മണിക്കുട്ടിയുടെ ചുണ്ടുകളിലേക്കും പടർന്നു കയറുന്നതറിഞ്ഞ് ഇന്ദു പിന്നെയും ഉറക്കെയുറക്കെ ചിരിച്ചു.
മണിക്കുട്ടിയുടെ ചിറകടിയൊച്ച അകന്നകന്നു പോയപ്പോൾ കല്യാണിയെയും ദാക്ഷായണിയെയും അപ്പുറവും ഇപ്പുറവും നിറുത്തി മുഷിഞ്ഞ തുണികൾ അലക്കാൻ തുടങ്ങി.
#എന്റെരചന
#വായന ദിനം


3 Comments
മനോഹരം. ആഴത്തിലുള്ള വായന. നല്ല അവതരണം
വായിച്ച പുസ്തകമാണ് ….. മണിക്കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന രീതിയിലുള്ള ആസ്വാദനം നന്നായിട്ടുണ്ട്🌹👍
നല്ല വിവരണം സിന്ധൂ
പുസ്തകം വായിച്ചതുപോലെ❤️👌🌹