“എന്ത് പറ്റി രാഹുൽ ?എന്താണ് ഈ വണ്ടിയുടെ നമ്പർ?”
ദേവി രാഹുലിനെ കൈ പിടിച്ചു കുലുക്കി. അവൻ എന്തോ ആലോചനയിൽ നിന്നും ഉണർന്നു.
“KL 01 BZ-1105 “
“ഇതിനിപ്പോൾ എന്താ പ്രത്യേകത. “
“ചേച്ചീ അതാണല്ലോ എന്റെ ജന്മ തീയതി. “
ദേവി ആര്യനെ നോക്കി.
“നിങ്ങൾ രണ്ടു പേർക്കും ഇതിലൊന്നും വിശ്വാസമില്ലായെന്നെനിക്കറിയാം. അതാണ് എനിക്കിതു വിശദീകരിക്കേണ്ടി വന്നത്. ഇത് രാഹുലിന്റെ സുഹൃത്തിന്റെ കാറാണെന്നല്ലേ പറഞ്ഞത്. പ്രണവിന്റെ ദുരിതം മാറ്റാൻ പ്രണവിനെ സ്നേഹിക്കുന്ന, സുഹൃത്ത് ദേവി തയാറായി. ദേവിയെ സഹായിക്കാൻ സഹോദര തുല്യനായ രാഹുൽ തയാറായി. രാഹുലിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വാഹനമാണിത്. രാഹുൽ ഇതിൽ സ്ഥിരം യാത്ര ചെയ്യാറുണ്ട്. പക്ഷെ വാഹനത്തിന്റെ നമ്പർ ചോദിച്ചപ്പോൾ രാഹുൽ അത് മറന്നു പോയി. പക്ഷെ എനിക്കറിയാമായിരുന്നു, എന്നെ വിളിക്കാൻ വരുന്ന വാഹനത്തിന്റെ സാരഥിയുടെ ജനന തീയതിയും വാഹന നമ്പറും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാകുമെന്ന്. “
അവിശ്വസനീയമായി ദേവി രാഹുലിനെ നോക്കി. രാഹുൽ പുച്ഛത്തോടെ മുഖം തിരിച്ചു. രാഹുലിന്റെ പ്രതികരണം കണ്ടു ആര്യൻ ഒരു സീൽ ചെയ്ത ചെറിയ എൻവലപ് ഹാൻഡ് ബാഗിൽ നിന്നെടുത്താ ദേവിക്ക് കൈമാറി.
“തുറന്നു വായിക്കൂ. “
അതിൽ ചെറിയ ഭംഗിയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു. ദേവി ആ കുറിപ്പ് ഉച്ചത്തിൽ വായിച്ചു.
“ഞായറാഴ്ച രാവിലത്തെ ഫ്ലൈറ്റിനു ഞാൻ ആദ്യമായി കേരളത്തിൽ കാലുകുത്തും. കേരളത്തിൽ നിന്നൊരു സെലിബ്രിറ്റിക്കു വേണ്ടിയാണ് ഞാൻ പോകുന്നത്. ഇതോടെ എന്റെ പ്രശസ്തി അവിടെയും വ്യാപിക്കും. എയർപോർട്ടിൽ എന്നെ കൊണ്ട് പോകാനായി വരുന്നത് ഒരു യുവതിയും യുവാവും ചേർന്നായിരിക്കും. ചന്ദന നിറത്തിലുള്ള, നീണ്ടമുടിയുള്ള ആ യുവതി പൊതുജനങ്ങളുമായി ഇടപഴകുന്ന ഝോലിയുള്ളവൾ ആയിരിക്കും. യുവാവിന്റെ ജനന തീയതിയും എന്നെ കൊണ്ട് പോകുന്ന കാറിന്റെ നമ്പറും ഒന്ന് തന്നെയാകും. ആദ്യം ദേഷ്യം പ്രകടിപ്പിക്കുമെങ്കിലും അവർ ഞാനുമായി പെട്ടെന്ന് സൗഹൃദത്തിലാകും. “
രാഹുൽ അത് ദേവിയുടെ കയ്യിൽ നിന്നും തട്ടി പറിച്ചു. രാഹുൽ അത് വീണ്ടും വായിച്ചു. അതിന്റെ താഴെ ആര്യൻ എന്ന് ഒപ്പിട്ടിട്ടുണ്ടായിരുന്നു.
“ഇതിലൊക്കെ സത്യമുണ്ടോ. “
രാഹുൽ അതിശയത്തോടെ നോക്കി. ദേവിക്കും അത്ഭുതം തോന്നി. ആര്യൻ അത്ര നിസാരക്കാരനല്ല.
“ഞാൻ സാധാരണ ക്ലൈന്റുകളുടെ പേഴ്‌സണൽ റീഡിങ്ങുകൾ ലൈവ് വീഡിയോ വഴിയാണ് ചെയ്യാറുള്ളത്. അതിൽ എൺപത് -തൊണ്ണൂറു ശതമാനവും കറക്റ്റ് ആയിരിക്കും, പക്ഷെ ചില ആളുകളുണ്ട്, എന്നെ പരീക്ഷിക്കാനായി റീഡിങ് ബുക്ക് ചെയ്യാറുണ്ട്. അവരുടെ റീഡിങ് ചിലപ്പോൾ തെറ്റാറുണ്ട്, ചിലപ്പോൾ മനപ്പൂർവം ഞാൻ തെറ്റിച്ച് പറയാറുണ്ട്. അതിനു കാരണം അവരുടെ മനസിലെ സംശയങ്ങളാണ്. വിശ്വസിച്ചാൽ നൂറു ശതമാനം റിസൾട്ട് ഉണ്ടാകും. പ്രകൃതിയിൽ, പ്രപഞ്ചത്തിൽ എല്ലാത്തിനുമുള്ള മറുപടിയുണ്ട്, പരിഹാരമുണ്ട്. പക്ഷെ അതിന്റെ ഭാഷ മനസിലാക്കാൻ നമുക്ക് കഴിയണം. സാധാരണക്കാർക്ക് അതിനു കഴിയാറില്ല. അതിനാണ് ഞങ്ങളെ പോലെയുള്ളവർ. “
“ഇതൊക്കെ ഒരു കഥയിൽ ഞാൻ കേട്ടിട്ടുണ്ട്. പോകുന്ന വഴിക്ക് പാലുള്ള ഒരു വൃക്ഷത്തിന്റെ ഉണങ്ങിയ ശിഖരത്തിലിരിക്കുന്ന ചെമ്പോത്തിനെ കണ്ട് ഇന്ന് കരിഞ്ഞ പായസം കിട്ടുമെന്ന് പ്രവചിച്ച കഥ. ചെമ്പോത്തിനെ കണ്ടാൽ മധുരവും, പാലുള്ള വൃക്ഷത്തിലിരുന്നത് കൊണ്ട് പാൽ പായസവും ഉണക്ക് ബാധിച്ച ശിഖരം കരിഞ്ഞ പായസവും ഫലം ചെയ്യുന്നു, അത് പോലെയല്ലേ. ആര്യന് ഈ ഫീൽഡിൽ എത്ര വർഷത്തെ എക്‌സ്‌പീരിയൻസ് ഉണ്ട്, എങ്ങനെയാണു ഈ ജോലി തെരെഞ്ഞെടുത്തത്. “
ദേവിക്ക് അറിയാനുള്ള ആകാംഷ കൊണ്ട് അവൾ ആര്യനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
“എന്റെ അച്ഛൻ ഒരു കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. നല്ല കർക്കശക്കാരൻ, ഞങ്ങൾ മക്കൾക്ക് അച്ഛനെ വലിയ പേടിയായിരുന്നു. അമ്മയില്ലാത്ത ഞങ്ങൾ മൂന്ന് ആൺമക്കളെ അച്ഛനും അച്ഛന്റെ അമ്മയുമാണ് വളർത്തിയിരുന്നത്. അച്ഛൻ വീട്ടിലുള്ളപ്പോൾ വായിക്കാനും പഠിയ്ക്കാനും മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളു. മറ്റു കുട്ടികൾ കളിയ്ക്കാൻ പോകുമ്പോൾ ഞങ്ങൾ വിഷമിച്ചു സ്റ്റഡി റൂമിലെ ജനലിലൂടെ പുറത്തേയ്ക്കു നോക്കി കൊണ്ടിരിക്കും. ആരും കാണാതെ ഞാൻ അനിയൻമാരെ കളിയ്ക്കാൻ പറഞ്ഞയച്ചിട്ടു ഞാൻ കാവലിരിക്കും. ഒരിക്കൽ അച്ഛൻ ജോലി കഴിഞ്ഞു മടങ്ങിയപ്പോൾ ഞങ്ങൾ മൂന്നുപേരെയും വീട്ടിൽ കണ്ടില്ല. വടിയുമെടുത്ത് അച്ഛൻ ഞങ്ങളെ തിരക്കി പ്ലേ ഗ്രൗണ്ടിലെത്തി. ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന രണ്ടു അനിയന്മാരും അച്ഛനെ ദൂരെ നിന്നേ കണ്ടിരുന്നു. അവർ അച്ഛനെ പേടിച്ചു ബാറ്റും ബോളും വലിച്ചെറിഞ്ഞു വീട്ടിലേയ്ക്കു ഓടി. ഒരു മരത്തിന്റെ ചുവട്ടിൽ കണ്ണടച്ച് ധ്യാനിച്ച് കൊണ്ടിരുന്ന ഞാൻ അച്ഛനെ കണ്ടതേയില്ല. കയ്യിലിരുന്ന ചൂരൽ കൊണ്ട് അച്ഛനെന്നെ തലങ്ങും വിലങ്ങും തല്ലി ചതച്ചു. ഞാൻ കണ്ണ് തുറന്നതുമില്ല, പ്രതിഷേധിച്ചതുമില്ല, ഓടി രക്ഷപെട്ടതുമില്ല. എന്നെ തല്ലുന്നത് കണ്ടു നാട്ടുകാർ ഓടി കൂടി. എന്റെ ശരീരം പൊട്ടി ചോരയൊഴുകി. കൂടി നിന്ന സ്ത്രീകൾ ആ രംഗം കണ്ടു കരഞ്ഞു. അച്ഛന് നല്ല കുറ്റബോധം ഉണ്ടായി. ഇതൊന്നുമറിയാതെ ഞാൻ ആ മരച്ചുവട്ടിൽ ഇരുന്നു എന്നാണ് മുത്തശി പിന്നീട് പറഞ്ഞ് അറിഞ്ഞത്. “
“എന്തായാലും ആ സംഭവത്തിനു ശേഷം എന്നെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി. ഞാൻ ശകുനമാകുന്നത് നല്ലതാണെന്നു ഗ്രാമവാസികൾ കരുതി. വിശേഷദിവസങ്ങളിൽ അവരെന്നെ വീടുകളിൽ കൂട്ടി കൊണ്ട് പോയി മധുര പലഹാരങ്ങൾ തരാൻ തുടങ്ങി. എന്റെ ചെറിയ പ്രവചനകളൊക്കെ ശരിയാകാൻ തുടങ്ങി. എന്നോടൊപ്പം മരിച്ചു പോയ എന്റെ അമ്മയുടെ ആത്മാവ് കൂടിയിട്ടുണ്ടെന്നു ചിലർ പറഞ്ഞു പരത്തി. ഞാൻ കാരണം അച്ഛന് വല്ലാത്ത നാണക്കേടുണ്ടാക്കി. എന്നെ അച്ഛൻ ഗ്രാമത്തിൽ നിന്നും ദൂരെയുള്ള ബോർഡിങ് സ്കൂളിൽ പഠിയ്ക്കാൻ അയച്ചു. എന്റെ അമ്മയുടെ മുഖച്ഛായയുള്ള ഇളയ അനിയനെ കാണാതിരിക്കാൻ എനിക്ക് വയ്യായിരുന്നു. ഹോസ്റ്റലിലെ മുറിയിൽ കിടന്നു ഞാൻ കരയാൻ തുടങ്ങി. ആരും എന്നെ ശ്രദ്ധിച്ചില്ല. ഹോസ്റ്റൽ വാർഡന് അച്ഛൻ പ്രത്യേക നിർദേശം നൽകിയിരുന്നു. എനിക്കൊരു പരിഗണനയും നൽകരുതെന്ന്. “
“ഞാൻ പട്ടിണി കിടന്നു, രാത്രി മുഴുവൻ ധ്യാനിച്ചു. ധ്യാനത്തിൽ എന്റെ മനസ്സ് അലഞ്ഞ് എന്റെ വീട്ടിലെ മുറിയിലെത്തി. എന്റെ കട്ടിലിൽ എന്റെ അനിയന്മാർ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്നത് ഞാൻ കണ്ടു. അച്ഛന്റെ മുറിയിൽ, അച്ഛൻ കസേരയിലിരിക്കുന്നത് ഞാൻ കണ്ടു. അച്ഛൻ എന്റെയും അമ്മയുടെയും ഫോട്ടോ നെഞ്ചോടു ചേർത്ത് വച്ചിരുന്നു. അച്ഛന്റെ നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടു. എനിക്കെന്തോ നല്ല സമാധാനമായി, അച്ഛൻ എന്നോട് സ്നേഹമാണ്. അച്ഛൻ ഇല്ലാതെ ആയാലും എന്റെ അനിയന്മാരെ കാത്ത് സംരക്ഷിക്കാൻ എന്നെ പ്രാപ്തനാക്കാൻ വേണ്ടിയാണ്, പഠിച്ചു നല്ലൊരു ജോലി മേടിക്കാനാണ് എന്നെ ഗ്രാമത്തിൽ നിന്നും മാറ്റിയത്. “
“പിറ്റേന്ന് മുതൽ ഞാൻ ആ സ്കൂളിലെ നല്ലൊരു വിദ്യാർത്ഥിയായി മാറി. പഠനത്തിൽ മുന്നേറി. എനിക്ക് കണ്ണടയ്ക്കുമ്പോൾ എന്റെ വീട്ടിലെത്താൻ കഴിയുമായിരുന്നു. അതായിരുന്നു എന്റെ സന്തോഷം, എന്റെ ആശ്വാസം. “
“വർഷങ്ങൾ കൊഴിഞ്ഞ് പോയി, ഞാൻ വളർന്നു, എന്റെ ഈ കഴിവ് എന്റെ കൂട്ടുകാർക്കൊന്നും ഇല്ല എന്നറിഞ്ഞപ്പോഴാണ് ഞാൻ അത് സാമ്പത്തിക ലാഭത്തിനു വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയത്. കൂട്ടുകാരുടെ രഹസ്യങ്ങളൊക്കെ അറിഞ്ഞു ഞാൻ വാതു വയ്പ്പ് തുടങ്ങി. ഹോസ്റ്റലിൽ എല്ലാവർക്കും എന്നെ പേടിയായി. എനിക്ക് പ്രേത ബാധയുണ്ടെന്നു അവരൊക്കെ വിശ്വസിച്ചു. എല്ലാവരും എന്നെ ഒറ്റപ്പെടുത്തി. “
“ഞാൻ വീണ്ടും സങ്കടത്തിലായി. എനിക്ക് കണ്ണടച്ചാൽ വീട് കാണാൻ പറ്റാതെയായി. ദിവസേന എന്റെ വീടും അനിയന്മാരെയും അച്ഛനെയും കണ്ടിരുന്ന എനിക്ക് ആ സിദ്ധി നഷ്ടമായി. കുട്ടികളൊക്കെ എനിക്ക് എതിരായി, അവർ കൂട്ടം കൂടി എന്നെ കളിയാക്കാൻ തുടങ്ങി, ഞാൻ ശരിക്കും ഒറ്റപെട്ടു. ആ സമയത്താണ് വാർഡനെ കാണാൻ ഒരു ബാബ വന്നത്. ബാബ എന്നെ പാർക്കിൽ കൂട്ടി കൊണ്ട് പോയി. എന്റെ കഴിവ് കൂടു വിട്ടു കൂടു മാറ്റം എന്ന ആസ്ട്രൽ പ്രോജെക്ഷൻ ആണെന്നും അത് ഇത്ര ചെറിയ പ്രായത്തിൽ ആർക്കും കിട്ടില്ലായെന്നും, ഞാനൊരു പ്രതിഭാധനനായ കുട്ടി ആണെന്നും. ദൈവാനുഗ്രഹം ഉണ്ടെന്നും, ഈ കഴിവ് ഒരിക്കലും ദുരുപയോഗം ചെയ്യാൻ പാടില്ലായെന്നും അദ്ദേഹമെന്നോട് പറഞ്ഞു. “
“എന്നോട് ഇനിയും ആ കഴിവുകൾ തിരികെ കിട്ടാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു. ഞാൻ തലയാട്ടി, ബാബയുടെ കയ്യിൽ തൊട്ടപ്പോൾ എന്റെ കണ്ണിന്റെ മുന്നിൽ മുത്തശ്ശിയും അനിയന്മാരും അച്ഛനുമൊക്കെ ദൃശ്യമായി. അദ്ദേഹമാണ് എന്നെ സ്പിരിച്യുൽ ഹീലിംഗ് പഠിപ്പിച്ചത്. അസ്‌ട്രോളജി, ടാരോ കാർഡ് റീഡിങ്, ധ്യാനം, മാജിക്, ഹിപ്നോട്ടിസം എന്നിവ ഔപചാരികമായി പഠിപ്പിച്ചു. വേനലവധിക്ക് വീട്ടിലെത്തിയപ്പോൾ ഞാൻ എന്റെ അറിവുകൾ അച്ഛനോട് പറയാൻ ആഗ്രഹിച്ചു. അച്ഛൻ അതൊന്നും കേൾക്കാൻ താല്പര്യം കാണിച്ചില്ല. അങ്ങനെ ഇതൊക്കെ ഞാൻ രഹസ്യമായി മനസ്സിൽ സൂക്ഷിച്ചു. “
“എന്റെ ഡിഗ്രി കഴിഞ്ഞ സമയത്ത്, അച്ഛനെന്നെ ടീച്ചർ ട്രെയിനിങ് കോഴ്സിന് ചേരാൻ നിർബന്ധിച്ചു. ഞാൻ സമ്മതിച്ചില്ല, ഞാൻ ബാബയോടു എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അച്ഛന്റെ കോളേജിൽ വേനൽ പരീക്ഷ നടക്കുന്ന സമയമായിരുന്നു. അച്ഛന്റെ ഓഫീസിലെ അലമാര കുത്തി തുറന്നു, ലോക്കറിൽ സീൽ ചെയ്തു വച്ചിരുന്ന ചോദ്യപേപ്പർ ആരോ പുറത്തെടുത്തു. എന്റെ രണ്ടാമത്തെ അനുജൻ ആ സമയത്ത് അച്ഛൻ്റെ കോളേജിലായിരുന്നു പഠിച്ചിരുന്നത്. എല്ലാവരും അവനെയാണ് സംശയിച്ചത്, അച്ഛന്റെ പോക്കറ്റിൽ നിന്നും താക്കോലെടുത്തു അവൻ മുറി തുറന്നു കാണുമെന്നു എല്ലാവരും വിശ്വസിച്ചു. അവനെ പോലീസ് അറസ്റ്റ് ചെയ്യുമെന്നുറപ്പായപ്പോൾ അച്ഛൻ എന്നോട് സഹായത്തിനു അഭ്യർത്ഥിച്ചു. “
“ഞാൻ കണ്ണടച്ച് ബാബയെ ധ്യാനിച്ചു. അച്ഛന്റെ ഓഫീസിലെ പ്യൂൺ ആയ കാശ്യപ് ലാൽ, ചില കുട്ടികളിൽ നിന്നും പൈസ മേടിച്ചു അച്ഛനെ വഞ്ചിച്ചതാണെന്നു എനിക്ക് കാണാൻ സാധിച്ചു. ഞാൻ എല്ലാം അച്ഛനോട് പറഞ്ഞു. ഒടുവിൽ പോലീസ് അച്ഛന്റെ സംശയ പ്രകാരം കാശ്യപിനെ ചോദ്യം ചെയ്തു, അറസ്റ്റ് ചെയ്തു. അങ്ങനെ അച്ഛന് ആ കേസിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞു. ആ സംഭവത്തിനു ശേഷമാണു അച്ഛൻ എന്നെ ഡൽഹിയിൽ പോകാൻ അനുവദിച്ചത്. അവിടെ എനിക്ക് ധാരാളം സിനിമാക്കാരേയും രാഷ്ട്രീയക്കാരേയും ക്ലൈന്റുകളായി ലഭിച്ചു. വളരെ പെട്ടെന്ന് എന്റെ സ്ഥാപനം വളർന്നു. എന്റെ ജന്മ നാടായ ആസാമിൽ ഞാൻ ഒരു അഗതി മന്ദിരം തുടങ്ങി. പാവപ്പെട്ടവർക്കായി കുറെ സ്ഥാപനങ്ങൾ തുടങ്ങി. അതിനുള്ള വരുമാനം ഞാൻ ആസ്‌ട്രോളജി വഴി സമ്പാദിച്ചു. ഇപ്പോൾ ഞാൻ ഹാപ്പിയാണ്, എന്റെ കുടുംബവും. “
“ആസ്ട്രൽ പ്രോജെക്ഷൻ എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നൊരു ആളെ ഞാൻ ആദ്യമായി കാണുകയാണ്. “
ദേവി പറഞ്ഞു.
“ഇതൊക്കെ സത്യമാണെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും. “
രാഹുലിന്റെ സംശയം.
“ആദ്യം രാഹുൽ വിശ്വസിക്കൂ. ഞാൻ തെളിയിച്ചു തരാം. നമ്മൾ പ്രണവിന്റെ വീടെത്താറായോ. അവരുടെ വീടുമായി കണക്ട് ചെയ്യുന്ന എന്തെങ്കിലും വസ്തു എന്റെ കയ്യിൽ തരണം. ഞാൻ ആ വസ്തുവുമായി കണക്ട് ചെയ്തു ആസ്ട്രൽ പ്രൊജെക്ഷൻ ചെയ്തു നോക്കാം. ഞാൻ ഒരു പേപ്പറിൽ ചിലതൊക്കെ എഴുതി നിങ്ങളുടെ കയ്യിൽ തരാം. അത് അവിടെ ചെന്ന് ചെക്ക് ചെയ്താൽ മതി. “
ദേവി തന്റെ ബാഗ് പരിശോധിച്ചു. അനുപമയുടെ ഒരു പഴയ അനലോഗ് വാച്ച് ബാഗിൽ നിന്നും ദേവി പുറത്തെടുത്തു.
“അനുവിന്റേതാണ്, സ്വിസ് മേഡ് വാച്ച് ആണ്, അങ്ങനെ ഞാൻ എടുത്തതാണ്. ഇത് മതിയോ. “
ആര്യൻ ആ വാച്ച് തിരിച്ചും മറിച്ചും നോക്കി.
“ഇത് മതിയാകും. “
ആര്യൻ ആ വാച്ച് ഉള്ളംകൈയിൽ വച്ച് കണ്ണടച്ചിരുന്നു. ദേവി ഉദ്ദ്യേഗത്തോടെ ആര്യനെ തന്നെ നോക്കിയിരുന്നു. രാഹുൽ വളരെ വേഗത കുറച്ചു കാറോടിച്ചു കൊണ്ടിരുന്നു. കണ്ണാടിയിലൂടെ രാഹുലും ആര്യനെ വീക്ഷിച്ചു കൊണ്ടിരുന്നു. ഏകദേശം ആറേഴു മിനുട്ടിനുള്ളിൽ ആര്യൻ കണ്ണ് തുറന്നു. അയാളുടെ കൈയിലെ ലെറ്റർ പാഡിൽ എന്തൊക്കെയോ ഇംഗ്ലീഷിൽ കുത്തി കുറിച്ച് ദേവിയെ ഏൽപ്പിച്ചു.
“ഇപ്പോൾ തുറക്കേണ്ട. ഞാൻ പറയാം. “
പ്രണവിന്റെ വീടിനു മുന്നിൽ കാറെത്തിയപ്പോൾ സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു. കുളിച്ചു സെറ്റും മുണ്ടും ഉടുത്തു ചന്ദനക്കുറിയണിഞ്ഞു വന്ന അനുപമ വാതിൽ തുറന്നു. മാനേജർ അനുപമയുടെ കുട്ടികളെ ഇരു കയ്യിലും എടുത്തു കൊണ്ട് വന്ന്, പുഞ്ചിരിച്ചു നിന്നു. എല്ലാവരും സ്വീകരണ മുറിയിൽ ഇരുന്നു. ആര്യൻ ദേവിയുടെ എതിർവശത്തായി ഇരിപ്പിടം കണ്ടെത്തി.
ജോലിക്കാരി കൊണ്ട് വന്ന കോഫി കുടിക്കുന്നതിനിടയിൽ ആര്യൻ ദേവിയോട് കൈ കൊണ്ട് ആംഗ്യത്തിലൂടെ വായിക്കാൻ ആവശ്യപ്പെട്ടു.
“ഇനി തുറന്നോളൂ ദേവി. “
ദേവി തന്റെ കയ്യിലിരുന്ന കുറിപ്പ് ഉറക്കെ വായിക്കാൻ തുടങ്ങി.
“ജോലിക്കാരിയും ആയയും മാനേജരും സെക്യൂരിറ്റിയും പിന്നെ പ്രണവിന്റെ കുടുംബവും അടക്കം എട്ടു പേര് ആ വീട്ടിലുണ്ട്. ഗേറ്റിങ്കൽ നിൽക്കുന്ന സെക്യൂരിറ്റിയുടെ വലത്തേ കാലിന് ഇടത്തേകാലിനേക്കാൾ ലേശം പൊക്കം കുറവായതു കൊണ്ട് അയാൾ നടക്കുമ്പോൾ ഞൊണ്ടലുണ്ട്. വീട്ടിലെ നിറവിളക്കായ അനുപമയെന്ന വീട്ടമ്മ ട്രഡീഷണൽ കേരള വേഷത്തിലാണ്, പർപ്പിൾ കളർ ജാക്കറ്റും പർപ്പിൾ കരയുള്ള കേരള സെറ്റും മുണ്ടുമാണ് വേഷം. ഗൃഹനാഥനായ പ്രണവ്, ആര്യൻ്റെ വരവ് പ്രതീക്ഷിച്ചു ഇന്ന് നേരത്തെ ഉണർന്നിരുന്നു, ഷേവ് ചെയ്ത മുഖം, ഇളം പച്ച ടീഷർട്ടും വെള്ള മുണ്ടുമാണ് വേഷം. പ്രണവിന്റെ മാനേജർ കുട്ടികളെ ഒരുക്കുകയാണ്, അടുക്കളയിൽ ജോലിക്കാരി ആര്യന് വേണ്ടി നോർത്ത് ഇന്ത്യൻ പ്രാതൽ തയാറാക്കുന്ന തിരക്കിലാണ്. അവരെ സഹായിക്കാൻ കുട്ടികളുടെ ആയയും കൂടെ കൂടിയത് കൊണ്ടാണ്, മാനേജർ കുട്ടികളുമായി പ്രണവിന്റെ മുറിയിലെത്തിയത്. ഡോക്ടർമാർ ദിവസങ്ങളെണ്ണി പറഞ്ഞ് വിട്ടിട്ടും, ബന്ധുക്കളെ എല്ലാവരേയും വിവരം അറിയിക്കാൻ പറഞ്ഞിട്ടും ആയുസിന്റെ ബലം കൊണ്ട് മാത്രം ഇപ്പോഴും പ്രണവ് ജീവനോടെയിരിക്കുന്നു. “
ദേവി വായിച്ചു നിർത്തിയപ്പോൾ അനുപമയും രാഹുലും ദേവിയും മാനേജരും അമ്പരപ്പോടെ ആര്യനെ നോക്കി.
“രാഹുലിന് ഇനിയും വിശ്വസമായില്ലെങ്കിൽ ഞാൻ തന്റെ പ്രണയിനിക്കുറിച്ച് പറയാം. രാഹുലിന്റെ വിരലിലെ പേരെഴുതിയ മോതിരത്തിൽ ആര്യൻ നോട്ടമിട്ടു. പുഞ്ചിരിച്ചു കൊണ്ട് വേണ്ടായെന്നു രാഹുൽ തലയാട്ടി.
(തുടരും…. )
✍️✍️നിഷ പിള്ള

