നിങ്ങൾ പാവാട വിസ എന്ന് കേട്ടിട്ടുണ്ടോ? വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ വഴി അവരുടെ അവരുടെ ജീവിതപങ്കാളികൾക്ക് ലഭിക്കുന്ന വിസയാണ് പാവാട വിസ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ നല്ലൊരു സംഭാവന നൽകിയിട്ടുള്ളതാണ്
ഈ വിസ.
കോട്ടയം ഇന്നത്തെ കോട്ടയമായതിനു പിന്നിൽ, പാലായും തിരുവല്ലയും കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ഇടം പിടിച്ചതിൽ, സ്വന്തം ദിശ തേടി സ്വയം പറന്ന മാലാഖമാരുടെ പങ്ക് വലുതാണ്. എന്നിട്ടും ഒരു പരിഹാസമുണ്ട്
ആ പേരിന്. മുദ്ര ശ്രദ്ധിക്കണം- സ്ത്രീകൾ വഴി ലഭിക്കുന്ന വിസയെ പാവാട വിസ ആകുന്നുള്ളൂ. വിദേശത്ത് ജോലിയുള്ള പുരുഷൻ അവന്റെ ഭാര്യയെ കൊണ്ടുപോകുന്നത് പാന്റ് വിസയിലോ ഷർട്ട് വിസയിലോ അല്ല.
ഒരു സ്ത്രീ തന്റെ ബുദ്ധിശക്തിയും കഠിനാധ്വാനം കൊണ്ട് നേടിയെടുക്കുന്ന ജീവിത പുരോഗതി അങ്ങനെതന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് നമ്മുടെ പൊതുബോധത്തിന്. ഇത് പറയാൻ കാരണം വിമാനപകടത്തിൽ മരിച്ച രഞ്ജിതയെക്കുറിച്ച് തഹസിൽദാർ എഴുതിയ കമന്റ് കണ്ടതുകൊണ്ടാണ്. ( ടിയാൻ ഒരു ആസ്ഥാന കമന്റ തൊഴിലാളിയാണെന്നും ഇതിനേക്കാൾ വലിയ സംഭാവനകൾ നവമാധ്യമ ലോക തന്നിട്ടുള്ളതാണെന്ന് അറിയുന്നു ).
ഈ കമന്റ് രണ്ട് ഭാഗങ്ങൾ ഉണ്ട്. ഒന്ന് സ്ത്രീ എന്ന രീതിയിലുള്ള അധിക്ഷേപം. രണ്ട് അവർ ജനിച്ച സമുദായത്തിന്റെ പേര് ചേർത്ത അപമാനിക്കൽ.
രണ്ടാമത്തെ ഭാഗത്തിലോട്ട് വരാം
നായർ സമുദായത്തിൽ പണ്ട് നിലനിൽക്കുന്ന സമ്പ്രദായമാണ് സംബന്ധം. ഒരു സ്ത്രീക്ക് അവർക്ക് ഇഷ്ടമുള്ള ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാം. അവർ വേണ്ട എന്ന് പറഞ്ഞാൽ പിന്നെ അയാൾക്ക് അവരുടെ ജീവിതത്തിൽ യാതൊരു അവകാശവുമില്ല. സ്ത്രീ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥ. മധുപാലിന്റെ ഒഴിമുറി എന്ന സിനിമ സിനിമ കാണുമ്പോൾ നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാകും.
എന്തായിരുന്നു സംബന്ധം അതിലേക്ക് നയിച്ചത് എന്തായിരുന്നു? അത് ഇല്ലാതായത് എങ്ങനെയാണ്? മനുഎസ് പിള്ളയുടെ “ദന്തസിംഹാസനം”വായിച്ചു നോക്കൂ.. ഉത്തരം കിട്ടും. നമുക്ക് ദന്തസിംഹസനത്തിലേറി ചരിത്രത്തെ വീക്ഷിക്കാം.
നായർ യുവാക്കൾ പരമ്പരാഗതമായിതിരുവിതാംകൂർ മഹാരാജാവിന്റെ പടയാളികളായിരുന്നു. ആൺകുട്ടികളെ എട്ടു വയസ്സ് തികയുമ്പോഴേക്കും കളരികളിൽ പരിശീലനത്തിന് അയക്കുന്നു. അവരുടെ പിന്നീടുള്ള ഒരേയൊരു തൊഴിൽ യുദ്ധമുറകൾ സ്വീകരിക്കുക എന്നതാണ്. അങ്കത്തട്ടിൽ വാളാൽ മരിക്കുക എന്നത് ഒഴികെ മറ്റേ വിധത്തിലുള്ള മരണവും അവർക്ക് അപമാനകരമായിട്ടാണ് കരുതി പോകുന്നത്. യുദ്ധവൈദഗ്ദ്യത്തിനും രക്തച്ചൊരിച്ചിലുകൾക്കും വേണ്ടിയുള്ള പ്രയാണങ്ങൾക്കിടയിൽ വിവാഹജീവിതം നയിക്കാനും സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്താനും അവർക്ക് സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ നടന്നിരുന്നതുപോലെ ഒരു പുരുഷന് ഒരു സ്ത്രീയെ “വിവാഹം ചെയ്ത്”അവരുടെ കുട്ടികളുമായി കുടുംബം രൂപീകരിച്ചിരുന്നില്ല. പകരം അവർ സ്ത്രീയുടെ ജന്മഗൃഹത്തിൽ ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം സന്ദർശനം നടത്തി പോന്നു. അതിലുണ്ടായിരുന്ന കുട്ടികൾ മുഴുവനായി സ്ത്രീയുടെ ചുമതലയായിരുന്നു. ഈ രീതി അനുസരിച്ചു പുരുഷൻ ഒരിക്കലും വീട്ടുകാരൻ ആയിരുന്നില്ല അവർ യുദ്ധോപകരണങ്ങൾ മാത്രമായിരുന്നു. കുടുംബവും പിന്തുടർച്ചയും എല്ലാം സ്ത്രീകളുടെ ചുമതല പുരുഷന്മാരുടെ അഭാവത്തിൽ അവർ വലിയ സ്ഥാപനങ്ങൾ നടത്തുകയും സ്വന്തം കാര്യം സ്വാതന്ത്രത്തോടെ നോക്കി നടത്തുകയും ചെയ്തു.
നമ്പൂതിരി കുടുംബങ്ങളിൽ മൂത്തമകൻ മാത്രമേ സ്വന്തം ജാതിയിൽ നിന്ന് വേളി കഴിക്കാൻ അനുവദിച്ചിരുന്നുള്ളൂ ബാക്കി എല്ലാരും നാട്ടിലെ സവർണ്ണ മരുമക്കത്തായ കുടുംബങ്ങളിൽ നിന്ന് സംബന്ധം തുടങ്ങി. കുടുംബസ്വത്തു സംരക്ഷിക്കാനും കൂടിയായിരുന്നു ഈ സംവിധാനം. ഇളയ നമ്പൂതിരിയുടെ മക്കൾ അവരുടെ അമ്മയുടെ കുടുംബത്തിൽ ആയതുകൊണ്ട് അവർക്ക് സ്വത്ത് അവകാശപ്പെടാനാകില്ല.
സംബന്ധം എന്ന ആശയത്തെ പരിഹസിക്കുന്നവർ അത് സ്ത്രീകൾക്ക് നൽകുന്ന സ്വത്വബോധവും സുരക്ഷിതത്വവും കാണുന്നില്ല. അതുവഴി ഉണ്ടായ സാംസ്കാരിക സങ്കലനവും കാണുന്നില്ല. വൈധവ്യം മഹാദുരന്തം ഒന്നുമായിരുന്നില്ല ഈ സമ്പ്രദായത്തിൽ. സ്ത്രീകൾക്കും പുരുഷന്മാരെ പോലെ സ്വന്തം ശരീരത്തിലും ലൈംഗിക ആവശ്യങ്ങളിലും പൂർണ്ണമായ അധികാരം നൽകിയിരുന്നു.
വിദേശികൾക്ക് വലിയ കൗതുകമായിരുന്നു ഈ സമ്പ്രദായം. ഇതിൽ പ്രചോദിതനായി ജെയിംസ് ലോറൻസ് എഴുതിയ The Emperors of Nair and utopian romance എന്ന പുസ്തകമുണ്ട്. സംബന്ധം എന്ന ആശയംകേൾക്കുമ്പോൾ പരിഹസിച്ചു ചിരിക്കുന്ന ആധുനിക പുരോഗമന സിംഹങ്ങളെ… സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്ന ആദ്യകാല ആധികാരിക കൃതികൾ ഒന്നായിരുന്നു ഇതെന്നറിയുക.
സംബന്ധം എന്നത് പരിഹസിക്കപ്പെടുന്ന ലൈംഗിക വൈകൃതമല്ല മറിച്ച് ആധുനിക സ്ത്രീ പുരുഷ സമത്വവാദത്തോടെ ചേർന്ന് നിൽക്കുന്ന ആശയമാണ്.ഏതു കാര്യത്തിനെന്ന പോലെ ഇതിനും ചില ദൂഷ്യ വശങ്ങൾ ഉണ്ടായിരുന്നു.
എങ്ങനെയാണു സംബന്ധം ഇല്ലാതായത്?
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇതിന് മാറ്റം വന്നത്.
കൊളോണിയൽ കാലത്ത് യുദ്ധങ്ങൾ ഇല്ലാതായി. നായർ റെഗുലേഷൻ ആക്ട് അനുസരിച്ച് പിതൃസ്വത്ത് ഭാഗിക്കമെന്നായി. നായർ പുരുഷന്മാർ പുറമേ പോയി പുതിയ ഇംഗ്ലീഷ് സ്കൂളുകളിലും കോളേജുകളിലും പഠിക്കുകയും വൈദേശികമായി അഭിപ്രായങ്ങളുമായി കൂട്ടുമുട്ടുകയും ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അതൊന്നു കൂടി ഓർമിക്കേണ്ടതാണ്. വിക്ടോറിയൻ സദാചാര സങ്കല്പം അവരെ സ്വാധീനിക്കുകയും വ്യക്തിസ്വാതന്ത്രത്തിന്റെ രുചിഅറിയുകയും ചെയ്തു. അവർ കൂട്ടുകുടുംബം എന്ന ആശയത്തോട് യോജിച്ചില്ല. തന്റെ “നെറ്റിയിലെ വിയർപ്പ് കൊണ്ടും” സ്ത്രീയെ നിയന്ത്രിയ്ക്കാനും സ്വന്തം സ്വത്വത്തെ പുനരധിവസിപ്പിക്കാനും നൂതന വിക്ടോറിയൻ ലോകത്തിന്റെ ബഹുമാനം പിടിച്ചു വരാനും നായർ യുവാക്കൾ നിർബന്ധതിരായി. നായർ സ്ത്രീകൾക്ക് ആകട്ടെ വിനയവതികളും നിഷ്ക്രിയയും സംരക്ഷിക്കപ്പെടേണ്ടത് ഉള്ളവളുമായി സ്വയം സ്വന്തം പ്രതിച്ഛായ മാറ്റിയെഴുതേണ്ടി വന്നു.
ഡാർവിന്റെ പ്രകൃതിനിർധാരണ സിദ്ധാന്തം പ്രകാരം സാമർത്ഥ്യം ഉള്ളവർ അതിജീവിക്കുമല്ലോ? അന്നത്തെ പ്രബല സവർണ സമൂഹമായ ബ്രാഹ്മണർ ജനസംഖ്യയിൽ വളരെ പിന്നോക്കം പോകുകയും എന്നാൽ നായർ സമൂഹം ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുകയും ചെയ്യുന്നതിന്കാരണം സംബന്ധമാണ്. ഭക്ഷണം വസ്ത്രം പാർപ്പിടം എന്നത് പോലെ തന്നെ ഒരു അടിസ്ഥാന ആവശ്യമായി ലൈംഗികതയെ കണ്ടുകൊണ്ട് ഒരു സമൂഹം എടുത്ത വളരെ ബുദ്ധിപൂർവ്വമായ ഒരു സമ്പ്രദായം. ചരിത്രബോധമുള്ള ഒരു മനുഷ്യൻ അതിനെ കാണേണ്ടത് അങ്ങനെയാണ്.
ഒരു സ്ത്രീയ്ക്ക് ഒന്നിലേറെ ജീവിതപങ്കാളികൾ എന്ന രീതി മറ്റു സമുദായങ്ങളിലും ഉണ്ടായിരുന്നു. അടുത്ത തലമുറ എന്നതു ഏതു സമൂഹത്തിന്റേയും അവശ്യമാണല്ലോ. പക്ഷെ ഈ പേരിൽഇന്നും പഴി കേൾക്കുന്നത് നായർ സ്ത്രീകൾ മാത്രമാണെന്നതാണ് വിചിത്രം.
ചരിത്രത്തെ ഒരു മനുഷ്യന്റെ കണ്ണുകൾ കൊണ്ടു വായിച്ചാൽ പാരമ്പര്യത്തെ ഓർത്തു അഭിമാനമോ അപമാനമോ തോന്നേണ്ട കാര്യമില്ല.
രഞ്ജിതയ്ക്ക് ആദരാഞ്ജലികൾ 🙏.ഒപ്പം അധ്വാനിച്ചു ജീവിയ്ക്കുന്ന എല്ലാ മനുഷ്യർക്കും അഭിവാദ്യങ്ങൾ.


4 Comments
നന്നായി എഴുതി..
നന്നായി എഴുതി 👍
നന്നായെഴുതി❤️👍
നന്നായി….വളരെ നന്നായി.. അഭിനന്ദനങ്ങൾ …