ഒരു വട്ടം കൂടി, ഞാൻ ജനിച്ചു വളർന്ന വീട്ടിൽ നിന്ന് ‘അമ്മേ, ഞാൻ പോണു’ എന്ന് യാത്രാനുമതി വാങ്ങി സ്കൂളിലേയ്ക്കുളള നാട്ടുവഴികളിലൂടെ, ഒരു യാത്ര ചെയ്യാൻ അതിയായ മോഹം.
വീട്ടിൽ നിന്നിറങ്ങി, വടക്കേ വീട്ടിലെ വിലാസിനി ചേച്ചിയുടെ പഞ്ചാര മണൽ മുറ്റത്തൂടെ ഇറങ്ങി, രാഘവ മാമന്റെ കൈതകൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തി നിൽക്കുന്ന കുളത്തിന്റെ വക്കിലൂടെ, നീലപാവാട ഉയർത്തി പിടിച്ച്, തോട് കടന്ന്, പരൽ മീനുകളുടെ യാത്ര ആസ്വദിച്ച്, ചൂരക്കോട് ഭഗവതി ക്ഷേത്ര സന്നിദ്ധിയിൽ എത്തും. അവിടെയെത്തിയാൽ, രണ്ടു കൈയ്യും കൂപ്പി, കണ്ണടച്ച് തൊഴുത് തട്ടകത്തമ്മയോടും യാത്രാനുമതി വാങ്ങി, എന്റെ ഹൈസ് സ്കൂൾ ലക്ഷ്യമാക്കി യാത്ര തുടരും. കൂവാട്ട അ കായിലൂടെ പൂഴി മണലിലൂടെ നടന്ന്, കുറേ വെട്ടുവഴികളും, കഴിഞ്ഞാൽ മൂത്തേടത്ത് ഭുവനേശ്വരി ക്ഷേത്രമായി. പിന്നീട് തെളിനീരൊഴുക്കുളള തോട് കടന്ന്, ചെറിയ ഓലമേഞ്ഞ വീടുകളുടെ മുറ്റത്തുകൂടെ വേണം പോകാൻ. കുറച്ചു കൂടെ ചെന്നാൽ എന്റെ വല്യച്ഛന്റെ വീട്, തൊട്ടടുത്തു തന്നെ എന്റെ അമ്മായിയുടെ വീട്.
അതെല്ലാം കഴിഞ്ഞ് ഇടവഴികളും നടവഴികളും തോടുകളും കഴിഞ്ഞാൽ താനാ പാടമായി. പാടത്തിന്റെ ചെളി പുരണ്ട വരമ്പിലൂടെ പിന്നീടുള്ള തോട് കഴിഞ്ഞാൽ വലിയ വരമ്പായി. താനാ പാടത്തിന്റെ മേൽ കരയിലാണ് ഞങ്ങളുടെ തറവാട്ടമ്പലം. അവിടന്ന് കുറച്ച് കഴിഞ്ഞാൽ ടാറിട്ട റോഡായി. റോഡിന്റെ അരികിലാണ് ഞങ്ങളുടെ സ്കൂൾ. ഓടിട്ട രണ്ടു നില കെട്ടിടം, കളിസ്ഥലം, മുറ്റത്ത് പൂന്തോട്ടം. ഒൻപതരയ്ക്ക് ക്ലാസ്സ് ആരംഭിച്ച്, നാലരയ്ക്ക് സ്കൂൾ വിടും.
സ്കൂൾ കഴിഞ്ഞാൽ, പടിഞ്ഞാറ് ഭാഗത്തുള്ള റോഡിലൂടെയാണ് വീട്ടിലോട്ടുള്ള മടക്കയാത്ര. ടാറിട്ട റോഡിലൂടെ ചെന്നാൽ കണ്ടശ്ശാംകടവ് സെന്റർ, ഫെറോന പള്ളി, പള്ളി സ്കൂൾ, അങ്ങാടി സമുച്ഛയം, കണ്ടശ്ശാംകടവ് പാലം. ഫ്രാൻസിസ് ലയിനിലൂടെ തെക്കോട്ടാണ് നടക്കേണ്ടത്, റോഡിന്റെ സൈഡിലായി ജയശ്രീ ഡോകട്റുടെ ക്ലിനിക്ക്, പടിഞ്ഞാറ് ഭാഗത്ത് കളളുഷാപ്പ്.ആ സമയത്ത് പണി കഴിഞ്ഞ്, അന്തിക്കള്ള് കുടിക്കാനായി ആളുകളുടെ തിരക്ക്.
കുറച്ചങ്ങു പോയാൽ കപ്പേള, കപ്പേളയുടെ കുറച്ച് കിഴക്കുഭാഗത്ത് പത്യാല കാർത്ത്യായനി ക്ഷേത്രം. ക്ഷേത്രാങ്കണത്തിൽ, കുശലങ്ങൾ പറയാനായി എന്റെ വല്യച്ചൻ, നാരായണൻ വൈദ്യർ, കൃഷ്ണാപ്പൻ, ദാമോദര മാമൻ അങ്ങിനെ കുറെ പേർ ഒത്തുകൂടിയിട്ടുണ്ടാകും. വലിയ ക്ഷേത്ര കുളവും, ചുറ്റിലും തെങ്ങിൽ തോപ്പുകളുടെ പച്ചപ്പ്. പിന്നീട് കരി കൊടി റോഡിലൂടെ നടന്നാൽ പുലാമ്പുഴ കടവെത്തി. പുഴയുടെ കാറ്റേറ്റ്, പുഴയോട് രണ്ട് കിന്നാരമോതി, കടുത്തുകാരനോട് സൗഹൃദം ഭാവിച്ച്, കിഴക്കേ ഭാഗത്ത് എത്തിയാൽ ഞാൻ പഠിച്ച് പോന്ന മാങ്ങാട്ടുകര എൽപി സ്കൂളായി. പിന്നീട് തെക്കോട്ടു തിരിഞ്ഞാൽ വീട്ടിലേയ്ക്ക് എത്തിച്ചേരാൻ അധികനേരമില്ല.
പിന്നീട് പൂരക്കോട് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്കലെത്തി. ആൽമരങ്ങൾ ദളമർമരങ്ങളാൽ കിന്നാരം ചോദിച്ചു. എത്തീല്ലെ? പടിഞ്ഞാറ് ഭാഗത്ത് മീനാക്ഷി യേടത്തി യുടെ ചായക്കട, വായനശാല, റേഷൻ കട, കർഷക സഹകരണ സംഘം എന്നിവയൊക്കെയുണ്ട്. ഒരു ചാല് കടന്നാൽ കൊച്ചു പാടമായി. കൊയ്ത്തു കാലം. കറവ് കഴിഞ്ഞ പൂവാലി പയ്യിനെ പോലെ പാടം വിസ്തരിച്ച് കിടക്കുന്നു. നെല്ല് വിളഞ്ഞ് കിടക്കുമ്പോൾ മഞ്ഞ പവിഴപ്പാടമാണ്. കൊയ്ത്തു കഴിഞ്ഞാൽ പാടം ഫുട്ബോൾ ഗ്രൗണ്ടാകും. അവിടെ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നുണ്ട്. പാടത്തിനിരുക്കരയിലും പരിസരവാസികൾ കളികാണുന്നതിനായി എത്തിച്ചേരും. കൊച്ചു പാടത്തിന്റെ കിഴക്കേ കരയിലാണ് ഞാൻ ജനിച്ചു വീർന്ന വീട്. ഓർമ്മകളിലൂടെ, ഒരു നീല പാവാടക്കാരിയായി മധുരസ്മമണകൾ അയവിറക്കി, ചിന്തകളിലൂടെ ഒരു മനോഹര യാത്ര ചെയ്തു. ഒരിക്കലും അക്കാലം തിരിച്ച് കിട്ടില്ല, എന്നറിഞ്ഞിട്ടും വെറുതെ ഓർമിക്കാൻ ഒരു മോഹം.
<!– wp:paragraph –>
#ഒരുവട്ടംകൂടി
<!– /wp:paragraph –>


6 Comments
മനോഹരം.
ഒരു ഗ്രാമത്തിന്റെ ഭംഗി, അണുവിട വിടാതെ പകർത്തിയിരിക്കുന്നു.
👏👍
ഓർമ്മകൾക്കെന്തു മധുരം❤️👍
👌👌👌
ഒരു വട്ടം കുട്ടിക്കാലത്തേക്കെത്തിച്ചു.
മധുരിക്കും ഓർമ്മകൾ❤️❤️❤️
👌👍♥️💯
ബാല്യം എന്ന സുന്ദരകാലം ഒരിക്കലും നമ്മുടെ ഉള്ളിൽ നിന്നും വിട്ടുപോവില്ല.
മനോഹരം 👌👌