ഭാഗം – I
(തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചുള്ള ചർച്ചകൾ ആണല്ലോ ഇപ്പോൾ. കുറച്ചു നാൾ അവിടെ അഡ്മിറ്റ് ആകേണ്ടി വന്നു. അതു കുറച്ചു ഭാഗങ്ങളായി എഴുതാം എന്നു കരുതി. ഞാൻ കണ്ട, അനുഭവിച്ച ഹോസ്പിറ്റൽ അനുഭവങ്ങൾ )
കഴിഞ്ഞു പോയ പത്തു ദിവസത്തെ ആശുപത്രിവാസത്തിന്റെ കഥയാണ് ഇത്. അനുവാദമില്ലാതെ തൊണ്ടയിൽ കുടിയേറി വളരെ പെട്ടെന്ന് തൊണ്ടയും അനുബന്ധ ഭാഗങ്ങളും കീഴടക്കി ടോൺസിലിലൂടെ പുറത്തെത്തിയ ഒരു ഇത്തിൾക്കണ്ണി, അതിനെ ഒഴിവാക്കാൻ ഉള്ള യാത്ര. കഴിഞ്ഞ അഞ്ചു മാസമായി നിരന്തരം ആശുപത്രി കയറിയിറങ്ങി. ഒടുവിൽ അതിനെയങ്ങു ഓപ്പറേഷൻ ചെയ്തു ഒഴിവാക്കാൻ തീയതി കുറിച്ചു കിട്ടി. പ്രശ്നം ഉള്ള ആളെയും ആ ടോൺസിലിനെയും കൂടി എടുത്തു മാറ്റാൻ ആണു പ്ലാൻ. പുള്ളിയെകൊണ്ട് വലിയ ശല്യമൊന്നുമില്ല, രാത്രിയായാൽ ശബ്ദം തീരെയില്ല. ഉറങ്ങുമ്പോൾ ശബ്ദം എന്തിനു എന്ന ചോദ്യം ന്യായമാണ്! രാവിലെ ഒരു ഏഴുമണി ആകുമ്പോൾ ശബ്ദം തിരികെ വരും. ഇടയ്ക്ക് ചെവി അടപ്പും. ഉറക്കെ സൗണ്ട് എടുക്കാൻ കഴിയില്ല. ചൂടു വെള്ളം ഇറക്കാൻ, കട്ടിയുള്ള ആഹാരം ഇറക്കാൻ ഒക്കെ ബുദ്ധിമുട്ട്.
ഒപിയിൽ പോകുമ്പോഴും ടെസ്റ്റ് ചെയ്യാൻ കയറി ഇറങ്ങി മടുത്തു. എന്ത് ചെയ്യാൻ? പൈസ കുറവുള്ള സാധാരണക്കാരൻ കയറി ഇറങ്ങി മടുക്കേണ്ടവനാണ് എന്ന ബോധം ഉണ്ടാക്കി തരുന്ന മറ്റൊരു സർക്കാർ സ്ഥാപനം. അങ്ങനെ അഡ്മിറ്റ് ആകും മുൻപ്, അതായതു മെയ് അവസാനം അഡ്മിറ്റ് ആകാൻ കുറെ ടെസ്റ്റുകൾ… ബ്ലഡ്, യൂറിൻ, അനസ്തീഷ്യ ഡോക്ടർ എഴുതിയ ടെസ്റ്റുകൾ ഇതൊക്കെ മാർച്ച് അവസാനം ചെയ്തു. ഒരു സി. ടി സ്കാൻ എടുത്താൽ എത്രത്തോളം അതു വ്യാപിച്ചു എന്നറിയാം എന്നു ഡോക്ടർക്കു തോന്നി. അങ്ങനെ സി. ടി എഴുതി. അതിൽ ഡേറ്റ് ഇടില്ല അതു സി. ടി ചെയ്യുന്നിടത്തു പോയി വാങ്ങണം. അവിടെ പോയി ക്യു നിന്നു. ഒടുവിൽ ജൂൺ 2 സർജറി ഡേറ്റ് തന്ന എനിക്ക് കിട്ടിയ സി ടി ഡേറ്റ് ജൂൺ രണ്ടു ഉച്ചയ്ക്ക്. അവരുടെ കാലു പിടിച്ചു അവസ്ഥ പറഞ്ഞു. തിരികെ ഡോക്ടറോട് പറഞ്ഞു, ഒരു മാറ്റവുമില്ല. പുറത്തു നിന്നെടുക്കാൻ ഡോക്ടർക്കു താല്പര്യവുമില്ല. ഒടുവിൽ നല്ല ലാബിൽ എടുത്ത് കൊണ്ടു വരാൻ ഡോക്ടർ സമ്മതിച്ചു.
ലാബിലെ തുക കേട്ടു ഞെട്ടി. ഒടുവിൽ അവിടെയുള്ള ജീവനക്കാരുടെ കാരുണ്യം കൊണ്ടു കാര്യം നടന്നു. അവിടെ സ്റ്റാഫ് ആയി ഒരു ബന്ധു ഉണ്ട്. അവർ ആരോടൊക്കെയോ പറഞ്ഞു.. ഒരുപാടു ഓടി. എങ്ങനെയെങ്കിലും സി ടി യ്ക്കു ആറ്റുകാൽ പൊങ്കാലയുടെ അന്ന് ഡേറ്റ് കിട്ടി. അതു ചെയ്യും മുൻപുള്ള ബ്ലഡ് ടെസ്റ്റ് ചെയ്തു. എനിക്ക് മുൾട്ടിപ്പിൾ ഡ്രഗ് അലർജി ഉളള കാര്യം രജിസ്റ്ററിൽ പ്രത്യേകിച്ചു എഴുതി വച്ചു. അങ്ങനെ ആ ദിവസം രാവിലെ 7.30യക്ക് കൂടെ ഒരാളെയും കൂട്ടി റിപ്പോർട്ടുമായി എത്താൻ പറഞ്ഞു. വീണ്ടും എന്തെങ്കിലും കൂടി വേണമോ എന്നു ചോദിച്ചതിനും അലർജിയുടെ കാര്യം ഒന്നും കൂടി അവിടുത്തെ സ്റ്റാഫിനോട് പറഞ്ഞതിനും അവർ വളരെ ചൂടായി ആണു പെരുമാറിയത്. രണ്ടിനേ എമർജൻസി സി ടി യ്ക്കു പറഞ്ഞിട്ട് ഡേറ്റ് ഒന്നും രണ്ടും മാസം കഴിഞ്ഞേ ഡേറ്റ് കൊടുക്കു, ഇത്തിരി സ്വാധീനം ഉണ്ടെങ്കിൽ അതും അവിടെ ഡേറ്റ് ഇടാൻ ഇരിക്കുന്ന സ്റ്റാഫിന്റെ ഇടയിൽ ഉണ്ടങ്കിലേ രക്ഷയുള്ളൂ. ഡോക്ടർമാർ പറഞ്ഞാലും കിട്ടില്ല. സ്റ്റാഫ് വിചാരിച്ചാൽ രണ്ടു ദിവസം അല്ലെങ്കിൽ ഒരാഴ്ച കൊണ്ടു കിട്ടും എന്നത് ഒരു സത്യം.
പാവപെട്ടവന് അവിടെയും നീണ്ട കാത്തിരിപ്പ്. അല്ലെങ്കിൽ കടം വാങ്ങി പുറത്തുന്നു ചെയ്യണം.
(ബാക്കി അടുത്ത ഭാഗം )
(ചിത്രം കടപ്പാട് ഗൂഗിൾ )
ആശുപത്രിയിലെ പത്തു ദിനങ്ങൾ-II
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


4 Comments
Pingback: ആശുപത്രിയിലെ പത്തു ദിനങ്ങൾ-II - By Baahus - കൂട്ടക്ഷരങ്ങൾ
Mm സർജറി കഴിഞ്ഞു
രോഗങ്ങളും ആശുപത്രിവാസവും എന്നും ദുരിതങ്ങളേ തരൂ. പ്രൈവറ്റ് ആണെങ്കിലും പലപ്പോഴും ബുദ്ധിമുട്ടു തന്നെ
രോഗം മാറിയല്ലോ ഇല്ലേ?
❤️❤️
Sugery kazhimju