ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]
ഭാഗം -II

സി. ടി സ്കാൻ സാധാരണ പോലെയാണ് എന്നാണ് ഞാൻ കരുതിയത്. എഴുതിയ ഡോക്ടറോ രജിസ്റ്റർ ചെയ്യുന്ന കൗണ്ടറിൽ നിന്നോ വേറെ ഒന്നും പറഞ്ഞിരുന്നില്ല. അങ്ങനെ രാവിലെ കൂടെ ഒരാൾ വേണമെന്ന് പറഞ്ഞത് കൊണ്ടു അച്ഛനെയും കൂട്ടി, മോനെ അവന്റെ അച്ഛനെ ഏല്പിച്ചു എത്തി. ആറ്റുകാൽ പൊങ്കാല ദിവസം ആയതുകൊണ്ട് റോഡിൽ തിരക്കും എങ്ങനെയെങ്കിലും ഒരു ഊബർ ഓട്ടോയിൽ കയറി 7.30നു എത്തി. ക്യുവിൽ കയറി ബ്ലഡ് ടെസ്റ്റ് റിപ്പോർട്ട് നോക്കി ക്യാഷ് അടച്ചു. ഇനി കാത്തിരിപ്പു. കറക്റ്റ് 9 ആയപ്പോൾ പേര് വിളിച്ചു. അകത്ത് കയറി മാല, കമ്മൽ, വള, ഹെയർ ക്ലിപ്പ് ഒക്കെ മാറ്റാൻ പറഞ്ഞു. ഇതൊക്കെ ഊരി വയ്ച്ചിട്ടു വന്നൊണ്ട് അതു പ്രശ്നം ഇല്ല. നേരെ റൂമിൽ എത്തി ബെഡിൽ കിടന്നു ആദ്യം നോർമൽ ചെയ്യും, പിന്നെ മരുന്ന് ഇൻജെക്ട് ചെയ്തു ഒരു തവണ കൂടി ഉണ്ടെന്നു. ഞാൻ പറഞ്ഞു എനിക്ക് ഡ്രഗ് അലർജി ഉണ്ടെന്നു, നേരത്തെ പറഞ്ഞില്ല എന്നും പറഞ്ഞു ഡോക്ടർ കുറെ വഴക്ക്. അയാൾ പറഞ്ഞു തീർന്നിട്ട് ഞാൻ പറഞ്ഞു, നിങ്ങളുടെ കൈയിൽ ഇരിക്കുന്ന സി ടി എടുക്കാനുള്ള തുണ്ടിൽ ഡ്രഗ് അലർജി ഡോക്ടർ എഴുതിയിട്ടുണ്ട്. ഒപ്പം അലർജി ടെസ്റ്റ് പേപ്പർ അതിൽ ഉണ്ട്. അതുകൂടാതെ ഇത് രജിസ്റ്റർ ചെയ്യാൻ വന്ന ദിവസം പുറത്തെ സ്റ്റാഫിനോട് വിശദമായി ഞാൻ പറഞ്ഞിരുന്നു എന്നും പറഞ്ഞു. ഇന്നു ചെയ്യാൻ പറ്റില്ല എന്നു ഡോക്ടർ തീർത്തു പറഞ്ഞു. തലേദിവസം അലർജി മെഡിസിൻ കഴിച്ചിട്ട് രാത്രി ഫുഡ് ഒന്നും കഴിക്കാതെയെ ചെയ്യാൻ പറ്റു എന്നു.
ആരുടെ കുറ്റമായാലും അനുഭവിക്കേണ്ടത് നമ്മൾ. വീണ്ടും ഡേറ്റ് തരുന്നിടത്തു ഡേറ്റ് തരില്ല. വീണ്ടും ജൂണിൽ. അച്ഛൻ അയാളോട് ചൂടായി. തെറ്റ് നിങ്ങളുടെ ആണെന്നും രജിസ്റ്റർ എഴുതിയതിൽ അലർജി ഉണ്ടായിട്ടു അവർ അതു പറയാത്തത് കൊണ്ടു ഞാൻ പരാതിപ്പെടും എന്നു പറഞ്ഞതു കൊണ്ടോ അറിയില്ല, ചെയ്യുന്ന ഡോക്ടർ വന്നു ഇടപെട്ടു, പിറ്റേ ദിവസം ഡേറ്റ് തന്നു. ഒപ്പം ഇന്നു രാത്രി 8, 12,2,പിറ്റേന്ന് രാവിലെ 6മണി റൂമിൽ കയറുമ്പോൾ കഴിക്കാൻ ആയി അലർജി ഗുളിക എഴുതി തന്നു. ഒപ്പം 8മണിക് ശേഷം ഫുഡും സ്കാൻ കഴിയും വരെ പാടില്ല എന്നും വെള്ളം ടാബ്ലറ്റ് കഴിക്കാൻ മാത്രം ആവാം എന്നും പറഞ്ഞു. സമയം ഉച്ചക്ക് 12.30 അച്ഛന് പിറ്റേന്ന് ലീവ് ഇല്ല. ഡിസേബിൾ ആയ മോനെ നോക്കാൻ അവന്റെ അച്ഛനെ പറ്റു. അവനെയും കൊണ്ടു ഹോസ്പിറ്റലിൽ വരാനും പറ്റില്ല. ആകെ പ്രശ്നം. അങ്ങിനെ എന്റെ ഫ്രണ്ട് അതിലുപരി മൂത്ത സഹോദരിയെപ്പോലെ കാണുന്നവൾ വരാന്നു പറഞ്ഞു. അങ്ങിനെ വീണ്ടും പിറ്റേ ദിവസം എത്തി.
രാവിലെ 7.30യ്ക്കു ദൂരെ നിന്നും രോഗികൾ എത്തി കാത്തു നിന്നിരുന്നു. റിസപ്ഷനിൽ സ്റ്റാഫിന്റെ ശകാരം ഉറക്കെ കേൾക്കാം. റിസൾട്ട് ആയില്ല ഇത്, പോയിട്ടു പിന്നെ വാ, ഡേറ്റ് ഇല്ല, കാശില്ലെങ്കിൽ നേരത്തെ പറയണ്ടേ, ടെസ്റ്റ് എടുത്തിട്ട് ഒരു മാസമായി, വീണ്ടും എടുക്കു, കാർഡ് ബിപിൽ ആണെങ്കിൽ സീൽ ചെയ്യണം.. ഇങ്ങനെ ഇങ്ങനെ കാര്യങ്ങൾ എല്ലാം ഉറക്കെ ദേഷ്യത്തിൽ ആണ്. അവരെയും എങ്ങനെ കുറ്റം പറയും. റിസൾട്ട് വാങ്ങാൻ, ഡേറ്റ് കൊടുക്കാൻ, തുണ്ട് അടുക്കാൻ, ക്യാഷ് വാങ്ങാൻ, വിവരം പറയാൻ, പേര് വിളിക്കാൻ അവർ മാത്രം. സ്റ്റാഫിന്റെ കുറവ് നന്നെയുണ്ട്. ബിപിൽ കാർഡ് ആണെങ്കിൽ തുക കുറയും. ടെസ്റ്റിന്റെ അതിനു സീൽ വയ്ക്കാൻ ഓഫീസിൽ പോകണം. അതും ഇതും രണ്ടു കെട്ടിടം, വ്യത്യസ്ത നിലകൾ പിന്നെ അവിടെ ഓഫീസ് ടൈമിലെ ആൾക്കാർ വരൂ. ഈ സിടി സെന്റർ തന്നെ അവിടെ ജോലി ചെയ്യുന്ന ബന്ധു ഉള്ളതുകൊണ്ട് കണ്ടു പിടിച്ചു. സാധാരണക്കാർക്ക് മോഹൻലാൽ പറയും പോലെ “ചോദിച്ചു ചോദിച്ചു പോകാം” പിന്നെ സ്റ്റാഫ്, സെക്യൂരിറ്റി ആൾക്കാരോട് തിരക്കിയാലേ എത്തു. കുറച്ചുകൂടി സാധാരണക്കാരന് പ്രാപ്യമാകുന്ന രീതിയിൽ ആക്കണം അവിടത്തെ സംവിധാനങ്ങൾ എങ്കിലും, കാരണം രോഗമെന്നത് പാവപ്പെട്ടവനു ദുരിതമാണ്. അവന്റെ ആശ്രയകേന്ദ്രങ്ങൾ കൂടി ദുരിതം ആകുമ്പോൾ എവിടെ പോകും. മിനിമം സർക്കാർ ഹോസ്പിറ്റലിൽ എങ്കിലും സ്വജനപക്ഷാഭേദം ഒഴിവാക്കണം.
അങ്ങിനെ കാത്തിരുന്നു കാത്തിരുന്നു 11മണിയായി. പേര് വിളിച്ചു ആദ്യം ബെഡ് (മെഷീനിൽ) കിടന്നു സിടി ആദ്യത്തെ ഭാഗം കഴിഞ്ഞു. നേഴ്സ് റൂമിൽ ഇരിക്കാൻ പറഞ്ഞു, ഇരുന്നു. വലിയ സമ്മതപത്രം ഒരു പേപ്പർ ഫോമിലും ഒരു രജിസ്റ്ററ്റിലും എഴുതി. മരുന്ന് ഇൻജെക്ഷൻ ചെയ്യുമ്പോൾ ഹൃദയത്തിനു തകരാർ അങ്ങിനെയൊക്കെ കുറെ കാര്യങ്ങൾ.. അതു എഴുതി തീരുമ്പോൾ രോഗിയും ബന്ധുവും ഒന്നു മടിക്കും ഒപ്പിടാൻ. ഒപ്പിട്ടു കാൻഡില ഇട്ടു. നല്ല വേദന. ഇപ്പോൾ വിളിക്കും എന്നു പറഞ്ഞു. സമയം നീണ്ടു, ചുറ്റും കാൻഡിലയിട്ട ആൾക്കാർ കൂടി വന്നു. സമയം 2.45ആയി എന്റെ ഫ്രണ്ടിന് പോകണം. കുട്ടികൾ 3.30യ്ക്കു എത്തും. വീട്ടിൽ ആരുമില്ല ഒപ്പം എന്റെ മോനു സ്കൂൾ വാർഷികം 4.30യ്ക്കു. ആൾക്ക് ഫാൻസിഡ്രസ്സ് ഉണ്ട്. ഞങ്ങൾ അകത്തു കയറി അവസ്ഥ പറഞ്ഞു. ഇന്നു വരെ മോന്റെ കാര്യം പറഞ്ഞു ഒരു സമയവും ചോദിച്ചിട്ടില്ല. അവൻ ഉണ്ടെങ്കിൽ പോലും ക്യുവിൽ നിൽക്കാറുണ്ട്. പക്ഷെ അവസ്ഥ.. അവർ കുറച്ചു ദേഷ്യപ്പെട്ടു. രോഗികൾ വെയ്റ്റിംഗ് ആണു എന്നൊക്കെ. ഒടുവിൽ ചെയ്യുന്ന ആളോട് കാര്യം പറഞ്ഞു. 10മിനിട്ട് കഴിഞ്ഞു വിളിച്ചു. നേരത്തെ പോലെ കിടന്നു . മെഷീൻ പ്രവർത്തിച്ചു കാൻഡിലയിൽ കൂടി ഒരു ഒറ്റ കുതിപ്പിൽ എന്തോ ഒന്നും നമ്മുടെ ഓരോ ഭാഗത്തെയും ഞരമ്പിൽ കൂടി കടന്നു പോകും. നമ്മൾ ആ സമയത്തു കരുതും ചിലപ്പോൾ യൂറിൻ ഒക്കെ പോയിട്ടുണ്ടാകും എന്നു. നമ്മുടെ കോളയൊക്കെ പൊട്ടിക്കുമ്പോൾ പതഞ്ഞു പൊങ്ങും പോലെ. കഴിഞ്ഞു ഞാൻ എഴുന്നേറ്റു. ഭാഗ്യം പേടിച്ചപോലെ ഷീറ്റ് ഒന്നും നനഞ്ഞില്ല.
കാൻഡില ഊരിയാലേ വീട്ടിൽ പോകാൻ പറ്റു. പിന്നെ ഇന്നലെ എട്ടു മണിക്ക് മുൻപ് വെള്ളം കുടിച്ചതാണ് ആഹാരവും. എന്റെ സുഹൃത്തിനോട് ഞാൻ നിർബന്ധം പോകാൻ പറഞ്ഞു. അവിടെ അച്ഛനും അമ്മയും ഒരു മകളും വന്നിരുന്നു സിടി എടുക്കാൻ, അവരോട് പറഞ്ഞു ഏല്പിച്ചു അവൾ മനസ്സില്ലമനസ്സോടെ പോയി. അവളും ഇതുവരെ ഒന്നും കഴിച്ചിരുന്നില്ല. അരമണിക്കൂർ കഴിഞ്ഞു വീണ്ടും സിസ്റ്ററിനോട് ആവർത്തിച്ചു പറഞ്ഞു, പക്ഷെ അവർ കാത്തിരിക്കൂ എന്നു നല്ല ഭാഷയിൽ പറഞ്ഞു. ഡ്യൂട്ടി അപ്പോൾ മാറിയിരുന്നു. ഞാൻ കുറെ നേരമായി പുതിയ നഴ്സിനോട് ആണു പറഞ്ഞുകൊണ്ടിരുന്നത്. ഡ്യൂട്ടി മാറിയ സിസ്റ്റർ വണ്ടിയുടെ ചാവി എടുക്കാൻ തിരികെ വന്നു, എന്നെ കണ്ടു പോയില്ലേ എന്നു ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. മോന്റെ കാര്യം ഡോക്ടറോട് പറയുന്നത് ഇവർ കേട്ടിരുന്നു. ബാഗ് മാറ്റി മാസ്ക് വയ്ച്ചു അവർ പെട്ടെന്ന് കാൻഡില ഊരി തന്നു. ഞാൻ ഡോക്ടറോട് ഫുഡ് കഴിക്കട്ടെ എന്നു ചോദിച്ചു, കഴിക്കാൻ പറഞ്ഞു. പ്രത്യേകമായി എന്തെങ്കിലും ശ്രദ്ധിക്കണോ എന്നു ചോദിച്ചു, ഒന്നും പറഞ്ഞില്ല.
ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചു ഊബറിൽ കയറി വീട്ടിൽ എത്തി കുളിച്ചു ഫുഡും കഴിച്ചു. വല്ലാത്ത ദാഹം കുറെ വെള്ളം കുടിച്ചു. മോൻ റെഡി ആയിരുന്നു, സ്കൂളിൽ ഫങ്ക്ഷൻ തുടങ്ങി എന്നുള്ള വിളികൾ എത്തി തുടങ്ങി. പെട്ടെന്ന് പരിചയമുള്ള ഓട്ടോ വിളിച്ചു സ്കൂളിൽ എത്തി. ഓട്ടോയിൽ ഇരുന്നു വെള്ളം കുടി തന്നെ ആയിരുന്നു. വീട്ടിൽ നിന്നും കൊണ്ടുപോയ വെള്ളം തീർന്നു. കൈയിൽ വല്ലാത്ത വേദനയും. ഫങ്ക്ഷൻ കഴിഞ്ഞു രാത്രി ആയിരുന്നു. മോനു വിശന്നു. ഇവരൊന്നും കഴിക്കുമ്പോൾ കിളിയെ പോലെ കൊത്തി പറക്കും വിശന്നാൽ കരയും പക്ഷെ ഇത്തിരി കഴിക്കും. പുറത്തുന്നു ഫുഡ് കഴിച്ചു. രാത്രി കുഴപ്പമില്ലായിരുന്നു പക്ഷെ രാവിലെ മുതൽ ക്ഷീണം. കണ്ണിനു ചെറിയ ചുവപ്പും. ഉറക്കം കുറവ് പോലെ ക്ഷീണവും. ഒരു ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതെ ഇരുന്നതാവും എന്നു കരുതി. മോനെയും കൊണ്ടു സ്കൂളിലും തെറാപ്പിയ്ക്കും ഒക്കെ പോയി. രാത്രി ഭയങ്കര ക്ഷീണം തോന്നി ഒരു കട്ടൻ ഒക്കെ ഇട്ടു കുടിച്ചു കിടന്നു.
രാവിലെ ഉണർന്നു ജോലികൾ ചെയ്തു. കണ്ണിന്റെ മങ്ങൽ കാര്യമാക്കിയില്ല. പക്ഷെ കൂടിയിട്ടുണ്ട് എന്നു തോന്നി. അന്ന് മോനു പോകണ്ട അതുകൊണ്ട് എല്ലാം വേഗം ചെയ്തു അവന്റെ കൂടെ ഇരുന്നേ പറ്റു, വീട്ടിൽ ആയാൽ. അവൻ ഉണർന്നു എന്നെ നോക്കി മുഖത്തേയ്ക്ക് ചൂണ്ടി ചിരി. കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണിനു ചുറ്റും നല്ല വീക്കം, കണ്ണൊക്കെ ഏകദേശം ചൈനക്കാരെ പോലെ. ഞാൻ പരിചയമുള്ള ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞു, എല്ലാവരും അലർജി ഉള്ളവർ ആണെങ്കിൽ നിർബന്ധമായും സിടി കഴിഞ്ഞു നന്നായി വെള്ളം കുടിച്ചാലേ ആ ഇൻജെക്ഷൻ ചെയ്ത കോൺട്രാസ്റ്റ് ഡൈ കിഡ്‌നിയിലൂടെ ബോഡിയ്ക്ക് യൂറിൻ ആയി പുറത്തു കളയാൻ സാധിക്കു. അതവർ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞില്ല. വെള്ളം കുടിച്ചിട്ടും കുറവില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാൻ ഡോക്ടർ പറഞ്ഞു. പക്ഷെ വെള്ളം കുടിച്ചു കുടിച്ചു ഉച്ച ആയപ്പോൾ ഒരു വിധം ആശ്വാസമായി. രണ്ടു ദിവസം കൂടി കണ്ണിന് ചുറ്റും തുടിപ്പും കാഴ്ച മങ്ങലും ഒക്കെ ഉണ്ടായിരുന്നു.
എന്ത് ചെയ്യാൻ ആ ഡോക്ടറിനോട് സിടി കഴിഞ്ഞു നമ്മൾ എന്തെങ്കിലും ശ്രദ്ധിക്കണോ എന്നു ചോദിച്ചപ്പോൾ ആ കാൻഡില ഊരിയിട്ട് വീട്ടിൽ പോകാൻ പറഞ്ഞു, അതും നല്ല ദേഷ്യത്തിൽ. എന്തിനും ഗൂഗിൾ സഹായം ചോദിക്കുന്ന ഞാൻ സിടി കഴിഞ്ഞാൽ എന്തൊക്കെ ശ്രദ്ധിക്കണം എന്നു സെർച്ച് ചെയ്തില്ല അതു എന്റെ തെറ്റാണു. എന്റെ കാര്യം ഇങ്ങനെ.. എത്ര രോഗികൾ ഉണ്ടാകും ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നവർ. സാധാരണക്കാരൻ ആരോട് പറയാൻ ആരു കേൾക്കാൻ..
തുടരും…
(ചിത്രം കടപ്പാട് ഗൂഗിൾ )
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

