വിശപ്പിൻ്റെ വിളിയുടെ ഭാഗമായിട്ടാണ് ഞാൻ ഇവിടെ വന്നത്. ഭക്ഷണം കഴിക്കുന്ന സ്ഥലത്താണെങ്കിൽ നല്ല തിരക്ക്. ക്രാഫ്റ്റ് മ്യൂസിയത്തിനോട് ചേർന്നാണ് ഈ സ്ഥലം. എന്നാൽ പിന്നെ മ്യൂസിയം കണ്ടു വരുമ്പോഴേക്കും തിരക്കൊഴിയും എന്ന പ്രതീക്ഷയോടെ മ്യൂസിയത്തിലേക്ക്…..
പേരിൽ സൂചിപ്പിക്കുന്നതു പോലെ,
കരകൗശല വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും പ്രാദേശിക അലങ്കാരങ്ങളുടെയും വൈവിധ്യമാർന്ന മാതൃകകൾ പ്രദർശിപ്പിക്കുന്നതിനും പ്രാദേശിക കരകൗശല വസ്തുക്കളുടെ പാരമ്പര്യം സംരക്ഷിക്കുന്നതിനുമുള്ള ഒരു കേന്ദ്രമാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ 60 വർഷമായി ശേഖരിച്ച വിവിധ കരകൗശല വസ്തുക്കളുടെ ശേഖരങ്ങളാണ് മ്യൂസിയത്തിൽ. വൈവിധ്യമാർന്ന തുണിത്തരങ്ങൾ, വെങ്കലവും ലോഹവുമായ വിളക്കുകൾ, ശിൽപങ്ങൾ, മരം കൊത്തുപണികൾ, മുള കരകൗശലവസ്തുക്കൾ, ടെറാക്കോട്ട പ്രതിമകൾ, ആദിവാസി ചിത്രങ്ങൾ… ഇതെല്ലാം ഇവിടെയുള്ള മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളിലും കാണുന്നതു കൊണ്ട് വലിയ പുതുമ തോന്നിയില്ല.
മഹാരാഷ്ട്രയിൽ നിന്ന് കൊണ്ടുവന്ന പതിനെട്ടാം നൂറ്റാണ്ടിലെ രഥം. ക്ഷേത്രം പോലെയാണ് രഥം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ ശിഖരത്തിൽ വിഷ്ണുവിന്റെ വ്യത്യസ്ത അവതാരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇത്തരം രഥങ്ങളാണ് ക്ഷേത്ര ഘോഷയാത്രകൾക്ക് ഉപയോഗിച്ചിരുന്നത്. ഗുജറാത്തിൽ നിന്നുള്ള 19ാം നൂറ്റാണ്ടിലെ bird house യും മനോഹരമായിട്ടുണ്ട്.കേരളത്തിന്റെ വലിയ ഒരു ഉരുളിയും പ്രദർശനത്തിന് വെച്ചിട്ടുണ്ട്.
മ്യൂസിയത്തിലെ 5 ഏക്കറിൽ ചിതറിക്കിടക്കുന്ന ഒരു ഗ്രാമ സമുച്ചയം ഉണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായ മധ്യ പ്രദേശ്, ഗുജറാത്ത്, ജമ്മു – കാശ്മീർ , ….. അവിടുത്തെ ചാണകം കൊണ്ട് തറ മെഴുകി പുല്ല് അല്ലെങ്കിൽ വൈക്കോൽ കൊണ്ടുള്ള മേൽക്കൂരയുമുള്ള കുടിലുകൾ
അതുപോലെ പശുവിനും മറ്റും വെള്ളവും ഭക്ഷണവും കൊടുക്കാൻ ഉപയോഗിക്കുന്ന വലിയ പാത്രങ്ങളുമൊക്കെയായി ശരിക്കും ഒരു ഗ്രാമീണ പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. സന്ദർശകർ അധികം ഇല്ലാത്തതും അതിന് ആക്കം കൂട്ടിയിരിക്കുന്നു . പശ്ചിമ ബംഗാളിൻ്റെ ഒരു ആരാധനാലയം ആണെന്ന് തോന്നുന്നു. ദേവിയുടെ ബിംബം ഉണ്ട്. നാഗലാൻ്റിലെ കുടിൽ മുള കൊണ്ടുള്ളതാണ്. രാജസ്ഥാനിലെ ഹവേലിയുടെ മോഡലുമുണ്ട്. ആരാധനാലയങ്ങൾ, ഗ്രാമ വാസസ്ഥലങ്ങൾ എന്നിവ ചിത്രീകരിക്കുന്ന ഏകദേശം 15 യോളംനിർമ്മിതികളുണ്ട് ഇവിടെ.
വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള ഫൈൻ ആർട്‌സ് വിദ്യാർത്ഥികൾ സമൃദ്ധമായ മരങ്ങളുടെ തണലിൽ ഇരുന്ന്, സ്കെച്ചിംഗും പെയിന്റിംഗും ചെയ്യുന്നത് കാണാം. അവർക്ക് ബോറടിക്കണ്ട എന്ന് വിചാരിച്ചാവും അണ്ണാറക്കണ്ണന്മാരെല്ലാം അവിടെ ഓടി കളിക്കുന്നുണ്ട്.മ്യൂസിയത്തിൽ ഒരു ഓഡിയോ വിഷ്വൽ റൂമും ഒരു റഫറൻസ് ലൈബ്രറിയും ഉണ്ട് . ഷോപ്പിംഗിനായിട്ട് ധാരാളം കര കൗശല വസ്തുക്കളുടെ കടകളുമുണ്ട്.
1950 കളിലാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. കമലാ ദേവി ചതോപാധ്യായയുടെ പരിശ്രമത്താൽ മ്യൂസിയം നിറയാൻ 30 വർഷമെടുത്തു . പരമ്പരാഗത കലയും കരകൗശലവും സംരക്ഷിക്കുക എന്നതായിരുന്നു തൊഴിലാളികളുടെ പ്രാഥമിക ലക്ഷ്യം. തുടർന്ന്, 1980-കളുടെ അവസാനത്തോടെ, വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമായ വിവിധ ശേഖരങ്ങളോടെ ഈ പ്രദേശം പൂർണ്ണമായി ഡൽഹി നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയമായി വികസിച്ചു.നിലവിൽ ഇന്ത്യാ ഗവൺമെന്റിന്റെ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ മാനേജ്മെന്റിന് കീഴിലാണ്.
പലതവണ ഇതിനോട് ചേർന്നുള്ള ഭക്ഷണശാല സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇന്നാണ് ഈ മ്യൂസിയം കാണാൻ അവസരം കിട്ടിയിട്ടുള്ളത്. അല്ലെങ്കിലും ഓരോന്നിനും അതിന്റേതായ ഒരു സമയം ഉണ്ടല്ലോ…. അല്ലേ😃


6 Comments
നല്ല എഴുത്ത്. കണ്ടവർക്ക് ഓർമ പുതുക്കലും കാണാത്തവർക്ക് അറിവും നൽകുന്ന എഴുത്ത്.
👌❤
Thanks
നല്ല വിവരണം👍❤️
Thanks
👌👍💯❤️🙏
Thanks