തൈലത്തിന്റെ മണമുള്ള ഉറുവാടി ഏടത്തിയെ അറിയോ?
പ്രണയത്തിൻ വേണ്ടി ജീവിതം പോലും ഉഴിഞ്ഞു വച്ച അതീവസുന്ദരിയായ സ്ത്രീയെ?
വല്യോറുമായിട്ടുള്ള പ്രണയത്തിനു ജീവിതം തന്നെ പ്രതിഫലമായി നൽകി അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോ മുക്കിലും മൂലയിലും മനുഷ്യരിലും തന്റെ സാന്നിധ്യം അറിയിച്ചുക്കൊണ്ടിരുന്ന ആ സ്ത്രീ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ്..
ലൈലയെയും കാഞ്ചനമാലയെയും വാഴ്ത്തിപാടിയ നമുക്കൊക്കെ അറിഞ്ഞും എത്രയോ പ്രണയിനികൾ ഇങ്ങനെ ഇവിടെ ജീവിച്ചിരുന്നു.
ഇങ്ങനെ കുറേ മനുഷ്യരുടെ.. ജീവിച്ചിരുന്നതും ഭാവനയിൽ നിന്ന് ഉൾക്കൊണ്ടതുമായ ജീവൻ തുടിക്കുന്ന കുറെയേറെ കഥാപാത്രങ്ങളുടെ ഈറ്റില്ലമാണ് ” ഉറുവാടി” എന്ന പുസ്തകം.
വിമിത’ എന്ന പെണ്ണ് കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കുറെയേറെ കാര്യങ്ങൾ സരസമായി.., ലളിതമായി..,അവരുടെ തന്നെ ഭാഷയിൽ പകർത്തി വച്ചിരിക്കുകയാണ്!
പതിനാറ് കഥകൾ ഉൾപ്പെടുന്ന ഈ കുഞ്ഞിപ്പുസ്തകത്തിൽ നിറയെ നാട്ടിൻപുറത്തെ നന്മകളും കുശുമ്പും പ്രേമവും ജീവിതവും നല്ലതും കെട്ടതുമായ അനുഭവങ്ങളൊക്കെ ചേർന്ന് ജീവിതാഗന്ധമുള്ള കുറേ മനുഷ്യര് പുനർജനിക്കുകയാണ്..
ജീവിക്കുകയാണ്.
പ്രണയവും സ്നേഹവും വിധേയത്വവും ചതിയും മരണവും ഒക്കെ ചേർന്ന് ഒരു ജീവിതത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓരോരോ കാര്യങ്ങൾ തനത് ശൈലിയിൽ എഴുത്തുകാരി ” ഉറുവാടി ” യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്!
അമ്മമ്മ പറഞ്ഞു കൊടുത്ത കഥകൾ കേട്ട് വളർന്ന വന്നൊരു പെൺകുട്ടി, സ്വന്തം ധൈര്യം കൊണ്ട് മാത്രം ജീവിതത്തെ നേരിട്ടത് അവളന്ന് കേട്ട നാടോടിക്കഥകളും തെയ്യക്കഥകളും മനുഷ്യരുടെ അതിജീവനത്തിന്റെ കഥയും ഉള്ളിൽ കനലു പോലെയെരിഞ്ഞിട്ടാണ്!
രാജകുമാരിയെ രക്ഷിക്കുന്ന രാജകുമാരൻ വരുമെന്ന് കരുതി അവൾ കാത്തിരുന്നില്ല.
ഉശിരുള്ള തീയത്തി പെണ്ണിന്റെയും ചെമ്മരത്തിയുടെയും കാർത്ത്യായനിയുടെയും കഥകൾ എഴുതിവയ്ക്കാൻ വേണ്ടി മാത്രം അവൾ മനോധൈര്യം മാത്രം മുതലാക്കി ഒറ്റയ്ക്ക് മുന്നോട്ട് നടന്നു.
ഒറ്റയ്ക്കായ നിമിഷങ്ങളും കരഞ്ഞു തീർത്ത രാത്രികളും മരിക്കണമെന്ന ചിന്തകളെയും മറികടന്ന് അവൾ പൊടി തട്ടിയെടുത്ത എഴുത്തിന്റെ വഴികളിലാകെ പതിഞ്ഞ പാദമുദ്ര അവളുടേത് മാത്രമാണ്.
സ്വപ്നങ്ങളും വിരഹങ്ങളും ചതിയും കുത്തുവാക്കുകളും ഒക്കെ നിറഞ്ഞ ഒരു ശരാശരി ജീവിതത്തിന്റെ നേർക്കാഴ്ചകൾ.
കാഴ്ചയ്ക്കപ്പുറം പ്രേമം .. അതിനുമപ്പുറം ഉടൽദാഹം.നാട്ടിൻപുറത്ത് നന്മകൾ മാത്രമല്ല ഉള്ളത്.. അവിടം സ്വർഗം മാത്രവുമല്ല!
മനുഷ്യനുള്ള കാലത്തോളം
ചതിയും കൊലയും ആചാരമാണ്.
ജീവിക്കാനുള്ള ത്വരയിൽ ഓരോന്ന് വെട്ടിപ്പിടിച്ചും തകിടം മറിച്ചും മനുഷ്യര് മുന്നോട്ട് കേറി പോകുമ്പോൾ തകർന്ന് പോകുന്ന ജീവിതത്തെ ഒതുക്കി കൂട്ടിപ്പിടിച്ച് ബാക്കിയുള്ളോരൊക്കെ ഒരൊറ്റ പോക്കാണ്.
ആരും നിൽക്കുന്നില്ല.
അതാണല്ലോ വേണ്ടതും.!
ലഹരി കൊണ്ട് ജീവിതം നഷ്ടപ്പെട്ടവനും ആ ലഹരിയെ തന്നെ ജീവിതമാക്കിയവനും പിന്നെ പ്രേമം ലഹരിയായവനും അങ്ങനെ കുറേ മനുഷ്യരു ടെ ആഘോഷമാണീ കടലാസ്സുകൾ നിറയെ.
അതിൽ കണ്ണീരുണ്ടാവും..പതിഞ്ഞ ശ്വാസമുണ്ടാവും ..വീണിടത്ത് നിന്ന് എണീറ്റ് നടന്ന അടയാളങ്ങളുണ്ടാകും!
ഞാവൽപഴക്കറ പറ്റിയ വെള്ളവിരി പോലെ മനസ്സിൽ കുറേ അടയാളങ്ങൾ ബാക്കിയാക്കി കുറേ കഥകളും കഥാപാത്രങ്ങളും നമുക്കൊപ്പം സഞ്ചരിക്കും ഈ പുസ്തകം വായിച്ച് മടക്കി കഴിയുമ്പോൾ!
ഉറുവാടി ഒരു ഓർമ്മപ്പെടുത്തലാണ്..!
കുറേ കാലങ്ങളുടെ , പഴമ മുറ്റിയ വീടുകളുടെ അകത്തളത്തിൽ അരങ്ങേറിയ സംഭവങ്ങളുടെ ഓർമ്മയെഴുത്താണ്!
ജീവനുള്ള ഭാഷയിൽ ജീവിതം പറഞ്ഞു തീർക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ കഥകളാണ്!
ചിലരുടെയൊക്കെ സ്വപ്നങ്ങളും….!
പിൻ കുറിപ്പ് :
സുഹൃത്ത് ആയത് കൊണ്ടല്ല ശരിക്കും അത്രയും നല്ലത് ആയത് കൊണ്ടാണ് ഈ പുസ്‌തകത്തിനു ഈ റിവ്യൂ ഇടുന്നത്!
നമ്മൾ കേട്ടതൊക്കെയാകും. കാരണം എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും ഇത്തരം അനുഭവങ്ങളിലൊന്നെങ്കിലും കടന്ന് വന്നിട്ടുണ്ടാകും.
അതിനെ പുതുമയോടെ നാട്ടുഭാഷയിൽ
മനസ് കുളിർപ്പിക്കും വിധത്തിൽ എടുത്ത് നിരത്തുന്ന രീതി കൊണ്ടാണ് ” ഉറുവാടി ” വിത്യസ്തമാകുന്നത്.
ഈ വായന ..ഈ പുസ്തകം ആരെയും നിരാശരാക്കില്ലെന്ന് ഉറപ്പ്!!
#പുസ്തകാസ്വാദനം
#ഉറുവാടി
#വിമിതജിജീബ്
” ഉറുവാടി ”
പായൽ ബുക്ക്സ്
പുസ്തകം ആവശ്യമുള്ളവർ +91 83049 24661 എന്ന നമ്പറിൽ 190 രൂപ (including delivery charge) gpay ചെയ്ത ശേഷം അതിന്റെ സ്ക്രീൻ ഷോട്ടും അഡ്രസ്സും അയച്ച് തരേണ്ടതാണ്. 🙏


2 Comments
നല്ല വായനാനുഭവം നൽകുന്ന കഥകൾ ഉറുവാടിയിൽ കാണുമെന്ന് ഈ കഥാകാരിയുടെ മുൻഎഴുത്ത് വായിച്ചിട്ടുള്ളവർക്ക് ഉറപ്പാണ്.
പുസ്തകം പരിചയപ്പെടുത്തിയതിന് 🙏 Anju.
ഒത്തിരി നന്ദി അഞ്ചുവേ 😍😍😍 സ്നേഹം .ഉറുവാടി എന്റെ ജീവിതം തന്നെയാണ് .