ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]
ഭാഗം IV
അങ്ങിനെ മെയ് മുപ്പതാം തീയതി അഡ്മിറ്റ് ആകാൻ പുറപ്പെട്ടു. തുണ്ടുകളും സ്കാനിംഗ് റിസൾട്ടും സകല ബ്ലഡ് ടെസ്റ്റ് റിപ്പോർട്ടും റേഷൻ കാർഡ്, ആധാർ ഉൾപ്പടെ ഒരു വലിയ ഫയൽ. കെറ്റിൽ, ഫ്ലാസ്ക്, പാത്രം, സ്പൂൺ, ഗ്ലാസ്, ചോറ്റുപാത്രം, തൂക്കു ചോറ്റുപാത്രം, സ്റ്റീൽ ബോട്ടിൽ, ഡ്രസ്സ്, ബെഡ് ഷീറ്റ്, സോപ്പ്, ചീപ്പ്, പൗഡർ, ക്ലിപ്പ്, മൊബൈൽ, ചാർജർ ഒപ്പം അഞ്ചു പുസ്തകങ്ങളുമായി രാവിലെ 7.30നു മോനും അച്ഛനും കൊണ്ടു മെഡിക്കൽ കോളേജിന്റെ ഒപി ബ്ലോക്കിൽ ആക്കി. വല്ലാത്ത ടെൻഷൻ മോനെ ഓർത്തു, അവൻ അച്ഛൻ ഉള്ളോണ്ട് ടാറ്റാ പറഞ്ഞു ഹാപ്പി ആയി പോയി. കുഞ്ഞമ്മ എന്നെ കാത്തിരുന്നു ഹോസ്പിറ്റലിൽ എന്റെ കൂട്ടിരുപ്പ് പാവത്തിന്റെ ഡ്യൂട്ടി ആണ്.
സീനിയർ ഡോക്ടർ കാണണം, അഡ്മിറ്റ് ആണ് എന്നു പറഞ്ഞു വിളിക്കും എന്നു പറഞ്ഞു. 8നു വന്നിട്ട് 10മണി ആയി വിളിച്ചപ്പോൾ. ടെസ്റ്റ് റിസൾട്ട് നോക്കി ഫുൾ ചെക്കപ്പ് കഴിഞ്ഞു മൂന്നു ബ്ലഡ് ടെസ്റ്റ് എഴുതി ചെയ്തിട്ടു വരാൻ പറഞ്ഞു. ഉച്ച ആയി. റിസൾട്ട് കിട്ടി. അഡ്മിറ്റ് എഴുതി ഒപ്പം ഉപദേശം ജൂൺ രണ്ടിനാണു സർജറി, അസുഖം വരുത്തി വയ്ക്കരുത് എന്ന്. അഡ്മിറ്റ് എഴുതിയാൽ നമ്മൾ അതും കൊണ്ടു വാർഡിൽ പോയി കാണിക്കണം. രണ്ടു ബിൽഡിംഗ് ആണ്. ആകാശപാത എത്തിയാൽ പെട്ടെന്ന് പോകാം. ആദ്യം അതിൽ എത്തണം. അഡ്മിറ്റ് എഴുതി വാങ്ങി തിരികെ വന്നു. ബ്ലഡ് ബാങ്ക് വേറെ കെട്ടിടത്തിൽ. അതിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വന്നു പാസ്സ് വാങ്ങണം. അത് ഡിസ്ചാർജ് വരെ സൂക്ഷിക്കണം, ഇല്ലെങ്കിൽ അകത്തു തന്നെ ഇരിക്കാം. പോയാൽ ഇത് കാണിച്ചേ തിരികെ വരാൻ പറ്റൂ.
വാർഡിൽ പോയി കണ്ടു അഡ്മിറ്റ് ഓക്കെയാക്കി. അവിടുത്തെ അന്തരീക്ഷം, ബാത്ത്റൂം ഒക്കെ കണ്ടപ്പോൾ ആകെ സംശയം. കിടക്കണോ വേണ്ടയോ? ബാത്രൂം ഡോർ ഒക്കെ ഇളകി പോയി. ആവശ്യത്തിന് വെള്ളമില്ല. ചില പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു. രോഗികൾ കുറവാണ്. ഫാൻ, ലൈറ്റ് ഒക്കെയുണ്ട്. ക്ലീൻ ആണ് തറയൊക്കെ. നല്ല തണുപ്പ് ഉണ്ട്. വാർഡിൽ പലർക്കും നല്ല ജലദോഷം ഉണ്ട്. റിസ്ക് എടുക്കാൻ വയ്യ അതുകൊണ്ട് പേ വാർഡ് എടുക്കാം എന്നു തീരുമാനിച്ചു. കാരണം സർജറി ഇപ്പോൾ തന്നെ ചെയ്യാൻ ലേറ്റ് ആയി. ഒപ്പം കൂടെ നിൽക്കാൻ വന്ന ആൾക്ക് എന്തെങ്കിലും ചെറിയ അസുഖം വന്നാൽ വേറെ ആരും ഇല്ല കൂടെ. പിന്നെ തിരികെ പോയിട്ടു രണ്ടാമത് വരേണ്ടി വരും. ജോലിയൊക്കെ മാറ്റി വയ്ച്ചു മോനെ നോക്കാൻ ഹസ് വന്നിട്ടുണ്ട്. എല്ലാർക്കും ഒരുപോലെ പ്രയാസമാകുന്ന സാഹചര്യങ്ങൾ. ഒപ്പം എന്റെ സ്വാർത്ഥ ഉണ്ടതിൽ. മോനും ഞാനും പിരിഞ്ഞു നിന്നിട്ടില്ല. ഒരുപക്ഷെ അവൻ വാശി പിടിച്ചാൽ കൊണ്ടു വന്നു കാണാൻ പറ്റും. വാർഡിൽ ആയാൽ നിയന്ത്രണങ്ങൾ ഉണ്ട്. ഒന്നാമത് അവന്റെ ആരോഗ്യം വയ്ച്ചു അവനെ കൊണ്ട് വരാൻ പറ്റില്ല.
അങ്ങനെ ആദ്യം പോയ ഇഎൻ ടി ഒപിയുടെ മുകളിൽ പോയി പേവാർഡ് കൌണ്ടർ പോയി ഫോം വാങ്ങി പൂരിപ്പിച്ചു. ഡോക്ടരുടെ കൈയിൽ കൊടുത്തു ഒപ്പ് വാങ്ങി. മുകളിൽ കൌണ്ടറിൽ കൊടുത്തു. റൂം നമ്പർ തന്നു, ഒപ്പം ഒരു സ്ലിപ്പും. എന്നിട്ട് താഴെ പേവാർഡ് ഓഫീസിൽ പോയി ചാവി വാങ്ങാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ആ ഓഫീസ് കണ്ടുപിടിക്കാൻ അവിടെ മുഴുവൻ ഒരു മണിക്കൂർ കറങ്ങി. പോരാത്തതിന് മഴയും. കൈയിൽ എന്റെ ബാഗ്, ഫയൽ. കുഞ്ഞമ്മയുടെ കൈയിൽ അവരുടെ ബാഗ് ഇതൊക്കെ കൂടെയുണ്ട്. മുന്നിലൂടെ പോയാലും ആരും കാണില്ല അത്രയ്ക്ക് കുഞ്ഞു ഓഫീസ് ഒരു ഇരുട്ട് മൂലയിൽ! ചെന്നു, ചാവി കിട്ടി, ബെഡ് ഷീറ്റും. ലിഫ്റ്റ് ഉണ്ട് നാലാം നിലയിൽ ആണ്. പക്ഷെ അവിടെ നിന്നും രണ്ടു സ്ലോപ് വഴി പോയാൽ പെട്ടെന്ന് എത്താം. മെഡിക്കൽ കോളേജ് ലിഫ്റ്റ് എപ്പോഴും തിരക്കാണ്. ഒപ്പം രോഗി കുടുങ്ങിയ ചില പ്രശ്നങ്ങൾ ഉണ്ടല്ലോ മുന്നിൽ.
അങ്ങിനെ സ്ലോപ് വഴി പോയി. സ്ലോപ്പിന്റെ രണ്ട് സൈഡിലും മുറുക്കിയും പാൻമസാലയും ചവച്ചു തുപ്പിയിട്ടുണ്ട്. ബീഡിക്കുറ്റി, പാൻ മസാല കവറുകളും. കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പിന്നെ ഇതര സംസ്ഥാനക്കാരും എത്തുന്ന ഹോസ്പിറ്റലൽ ആരും ഒന്നുകൂടി ആലോചിക്കും വരാൻ. പക്ഷെ ഞങ്ങളെ പോലെയുള്ള പാവങ്ങൾക്ക് ആശ്രയവും മാർഗ്ഗവും വേറെ ഇല്ലല്ലോ. റൂമിലെത്തി ബാഗ് വയ്ച്ചു. രണ്ടു കട്ടിൽ, ഒരു ബാത്രൂം. വൃത്തി ഉണ്ട്, വേസ്റ്റ് ബിൻ, ഒപ്പം 5 ലിറ്റർ കുപ്പി വെള്ളം വരുന്ന ഒരു ബോട്ടിൽ മുകൾ ഭാഗം കട്ട് ചെയ്തത് അതിൽ ഫുഡ് അവശിഷ്ടം ഇടാൻ.
അഡ്മിറ്റ് എഴുതി റൂം എടുത്തു. പക്ഷെ രണ്ടു മൂന്ന് ബ്ലഡ് ടെസ്റ്റ് കൂടി സാമ്പിൾ കൊടുത്തു. റിസൾട്ട് 7 മണി ആകും. അതു ഓക്കെയായാലേ ശരിക്കും അഡ്മിറ്റ് ആയിയെന്നു പറയാൻ പറ്റൂ. സാമ്പിൾ കൊടുത്തിട്ടു ഫുഡ് വാങ്ങാൻ പോയി. സമയം 4 മണി കഴിഞ്ഞു. ആകെ കിട്ടിയത് ചപ്പാത്തി. അത് കഴിച്ചിട്ട് റൂമിൽ ഇരുന്നു. സിസ്റ്റർ വന്നു ബികോംപ്ലക്സ് ഗുളിക ഒരു സ്ട്രിപ്പ് തന്നു. രാവിലെ ഫുഡ് കഴിച്ചിട്ട് ഒരെണ്ണം കഴിക്കാൻ പറഞ്ഞു. ഒപ്പം റൂമിൽ തന്നെ ഇരിക്കണം. മാസ്ക് നിർബന്ധമായി വയ്ക്കണം. എന്തെങ്കിലും ചെറിയ ആരോഗ്യ പ്രശ്നം ഉണ്ടായാലും സർജറി നടക്കില്ല എന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നു. എനിക്ക് വേറെ മരുന്നൊന്നും ഇല്ലാത്തതു കൊണ്ടു സിസ്റ്റർ പിന്നെ വന്നില്ല. രാത്രി 8.30യ്ക്ക് ജൂനിയർ ഡോക്ടർ വന്നു ബ്ലഡ് റിസൾട്ട് വന്നു, കുഴപ്പമില്ല എന്നു പറഞ്ഞു.
അങ്ങനെ രാവിലെ 8 മണിക്ക് ഹോസ്പിറ്റലിൽ വന്ന ഞാൻ രാത്രി 8.30നു ഔദ്യോഗികമായി അഡ്മിറ്റ് ആയി. ഒപ്പം സ്പൂൺ കൈയിൽ ഉണ്ടോ എന്നു ഡോക്ടർ ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ രാവിലെ എടുത്തു വയ്ക്കാൻ പറഞ്ഞിട്ട് പോയി. നന്നായി വെള്ളം കുടിക്കണം, ഉറങ്ങണം എന്നൊക്കെ പറഞ്ഞിട്ട് പോയി. രാത്രി ഹോസ്പിറ്റൽ കാന്റീൻ പോയി അപ്പം വാങ്ങിക്കൊണ്ടു വന്നു കഴിച്ചു, മോനെ വീഡിയോകാൾ വിളിച്ചു. അവൻ കുഴപ്പമില്ലാതെ ഇരിക്കുന്നു. മെഡിസിൻ കൊടുക്കാൻ ഫോണിൽ അലാറം സെറ്റ് ചെയ്തിരുന്നു. അതിന്റെ ട്യൂൺ മരുന്നിന്റെ പേരും ഡോസും ആയിരുന്നു. അതുകൊണ്ട് മോന്റെ കാര്യത്തിൽ ആ ടെൻഷൻ ഒഴിവായി.
ഉറങ്ങാൻ കിടന്നു. പക്ഷെ ഉറക്കം വന്നില്ല. മോനെ കാണാൻ തോന്നുന്നു. അവൻ ഓകെയാണ് സന്തോഷത്തിലാണ് ഇതൊക്കെ അറിയാം. പക്ഷെ മനസ്സിൽ വല്ലാത്ത ടെൻഷൻ. എന്തോ വെപ്രാളം ഒക്കെ! ബുക്സ് വായിക്കാനോ മൊബൈൽ നോക്കാനോ പറ്റാത്ത അവസ്ഥ. റൂമിൽ ഇരുന്നും നടന്നും രാവിലേ ആയി. എല്ലാരും പറഞ്ഞു പേ വാർഡ് ആയാൽ ഡോക്ടർ വരില്ല എന്നൊക്കെ. ഓരോ ഫ്ലോറിലും ഒരു നേഴ്സ് ഒരു അറ്റെൻഡർ ഒരു പിജി ഡോക്ടർ ഓരോ വിഭാഗത്തിന്റെയും ഓരോരുത്തർ ഉണ്ടാകുമായിരുന്നു. രാത്രി ഉറങ്ങാതെ മാസ്കും വയ്ച്ചു കഴുത്തിൽ ടവൽ ഇട്ടു ചെവിയിൽ തണുപ്പ് അടിക്കാതെ തൊപ്പിയൊക്കെ വയ്ച്ചു ആര് കണ്ടാലും പേടിക്കുന്ന ലുക്കിൽ ഉറങ്ങാതെ നടന്നപ്പോൾ കണ്ടതാണ്. രാവിലെ പല്ലൊക്കെ തേയ്ച്ചു, പുറം കഴുകി ഡ്രസ്സ് മാറി ഇരുന്നു. സർജറി വരെ തല കുളിക്കണ്ട എന്നു കരുതി വീട്ടിൽ നിന്നും തലയൊക്കെ കഴുകി കുളിച്ചിട്ടാണ് വന്നത്. ഇനി അതിന്റെ പേരിൽ ജലദോഷം വന്നാലോ എന്ന പേടി വേണ്ടല്ലോ.
രാവിലെ സിസ്റ്റർ വന്നിട്ട് പോയി. പിറകെ ജൂനിയർ ഡോക്ടർമാർ വന്നു ബിപി നോക്കി. കേസ് ഷീറ്റ് ടേബിളിൽ വയ്ച്ചു. ഡോക്ടർ ഇപ്പോൾ വരുമെന്ന് പറഞ്ഞു. സമയം 7.45ആയതേയുള്ളു.
(തുടരും…)
(ചിത്രം ഗൂഗിൾ )
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

