പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് എന്നും നെഞ്ചിനകത്ത് തീയാണ്. പ്രായം പതിനെട്ടു കഴിഞ്ഞാല്‍ അവളെ കെട്ടിച്ചയയയ്ക്കാനുള്ള തത്രപാടിലാണ് അവര്‍.
പഴകിതേഞ്ഞ വൃത്തികെട്ട ഒരു ആചാരമാണ് പെണ്ണുകാണല്‍. ഒരിക്കലും ഒരു ആണുകാണല്‍ ചടങ്ങില്ല. പെണ്ണ് ഒരു കാഴ്ചവസ്തുവിനെപോലെ അണിഞ്ഞൊരുങ്ങി നില്‍ക്കണം
ചായയും മധുരപലഹാരങ്ങളുമായി, തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ വരുന്നത് വരെ എത്ര തവണയാണ് അവർക്ക് ഒരുങ്ങി നിൽക്കേണ്ടി വരുന്നത്.
മാതാപിതാക്കളുടെ ബുദ്ധിമുട്ട് ഓർത്ത്, ഇഷ്ടമില്ലാത്ത ബന്ധങ്ങൾക്ക് പോലും സമ്മതം മൂളുന്നവരാണ് ഭൂരിപക്ഷം പെൺകുട്ടികളും. ആണിന് പെണ്ണിനെ ഇഷ്ടമായാൽ മാത്രം മതിയോ?
ഭൂരിപക്ഷം പെൺകുട്ടികൾക്കും വിദ്യാഭ്യാസം ഉണ്ടായിട്ടുപോലും മാതാപിതാക്കൾ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങൾക്ക് സമ്മതം നൽകുന്നു. ‘സ്ത്രീ തന്നെ ധനം’ എന്ന് ഉറച്ചു പറയുമ്പോഴും, മറ്റൊരു രീതിയിൽ പണവും പൊന്നും സ്ത്രീധനമായി നൽകി പെൺകുട്ടികളെ പറഞ്ഞുവിടുകയാണ്.
ജീവിതകാലം മുഴുവൻ പെൺകുട്ടിയുടെ മാതാപിതാക്കൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ‘സ്ത്രീധനം’ എന്ന പേരിൽ ഒരു പരിചയവുമില്ലാത്തവർക്ക് നൽകേണ്ടി വരുന്നു. പണം കൊടുത്ത് വിൽക്കുന്ന അടിമയാണോ പെൺകുട്ടികൾ?
വിവാഹത്തിന് ഒന്നും ചോദിച്ചിട്ടില്ലെങ്കിൽ പോലും ‘ഇത്ര കൊടുത്തില്ലെങ്കിൽ മോശമല്ലേ’ എന്ന് വിചാരിക്കുന്നവരും ധാരാളമുണ്ട്. ഇതൊരു ദുഷിച്ച വ്യവസ്ഥിതിയാണ്, എത്ര കാലം കഴിഞ്ഞാലും ഇതിന് മാറ്റം വരുന്നില്ല.
വിവാഹത്തിലെ അനാവശ്യ ധൂർത്താണ് മറ്റൊന്ന്. കല്യാണം ലളിതമായി നടത്തണമെന്ന് ആഗ്രഹിച്ചാൽ പോലും, പലരെയും ക്ഷണിച്ചില്ലെന്ന് പറഞ്ഞ് മുഖം വീർപ്പിക്കുന്നവരുണ്ട്. എത്ര വിദ്യാസമ്പന്നരായാലും ഉന്നതകുലത്തിൽ പിറന്നവരായാലും ഇതിനൊരു മാറ്റവുമില്ല.
ആൺവീട്ടുകാർ നേരിട്ട് ചോദിച്ചില്ലെങ്കിൽ പോലും, പെൺകുട്ടിയുടെ വീടും സാഹചര്യങ്ങളും കാണുമ്പോൾ ഇത്രയൊക്കെ സ്ത്രീധനം കിട്ടുമെന്ന ധാരണ അവരുടെ മനസ്സിലുണ്ടാകും. സംസാരത്തിൽ ഒന്നും വേണ്ടെന്ന് പറയുമെങ്കിലും, വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
വിവാഹം കഴിഞ്ഞിട്ടും തീരാത്ത ആവശ്യങ്ങളാണ് വേറൊന്ന്. വിവാഹം കഴിഞ്ഞുപോയില്ലേ, ഇനി അവർ ആവശ്യപ്പെടുന്നത് കൊടുത്തില്ലെങ്കിൽ പെൺകുട്ടിക്ക് ആ വീട്ടിൽ വിഷമം വരരുതല്ലോ എന്ന ചിന്തയിൽ, മാതാപിതാക്കൾ വീണ്ടും കടം വാങ്ങിയോ മറ്റോ അവർ ആവശ്യപ്പെടുന്നതൊക്കെ നൽകുന്നു.
പെൺമക്കളുള്ള മാതാപിതാക്കൾ വിവാഹത്തോടെ തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നൽകി പാപ്പരായി തീരുന്ന എത്രയോ സംഭവങ്ങളുണ്ട്.
പല പെൺകുട്ടികളും എല്ലാം സഹിച്ച് ജീവിക്കുന്നവരാണ്. തുറന്നു പറഞ്ഞാൽ അവൾ ധിക്കാരിയായി മുദ്രകുത്തപ്പെടും. വിവാഹത്തിന് മുൻപ് പലതും അന്യോന്യം ഉറപ്പിച്ചിരിക്കും. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞാൽ ജോലിക്ക് പോകാൻ സമ്മതിക്കാം എന്നൊക്കെ പറയുമ്പോൾ, വിവാഹശേഷം വാക്കുമാറ്റി അവരെ അടുക്കളയിൽ തളച്ചിടുന്നവരുമുണ്ട്.
ആണുങ്ങൾക്ക് എന്തെങ്കിലും ജോലിയുണ്ടെങ്കിൽ മതി, പെൺകുട്ടികൾക്ക് അവരെക്കാൾ കൂടുതൽ വിദ്യാഭ്യാസം ഉണ്ടായിട്ടുപോലും വീട്ടിലിരിക്കേണ്ട അവസ്ഥയാണ് പലയിടങ്ങളിലും.
പ്രണയവിവാഹമായാലും നിശ്ചയിച്ചുറപ്പിച്ച വിവാഹമായാലും, കല്യാണം കഴിഞ്ഞ് ആൺവീട്ടിലെത്തുന്ന പെൺകുട്ടിക്ക് ആ വീട് തീർത്തും അപരിചിതമാണ്. ആ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ പലർക്കും സമയമെടുക്കും. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതുവരെ സംരക്ഷിക്കുന്നതിന് പകരം, അതൊന്നും മനസ്സിലാക്കാതെ അവരെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഭർത്താക്കന്മാരും അമ്മായിയമ്മമാരും ടിവി സീരിയലുകളിൽ മാത്രമല്ല, നമ്മുടെ ചുറ്റുപാടും ധാരാളമുണ്ട്.
ഭാര്യ തന്റെ വീട്ടിലെ ശമ്പളം പറ്റാത്ത വേലക്കാരിയാണെന്ന് കരുതുന്ന ആണുങ്ങളും, അതിനെ പിന്തുണച്ച്, വന്നു കയറുന്ന പെൺകുട്ടിയുടെ കുറ്റവും കുറവും മാത്രം കാണുന്ന അമ്മായിയമ്മമാരും വിദ്യാഭ്യാസം ഉള്ളവരിൽ പോലും ഉണ്ടെന്നതാണ് യാഥാർത്ഥ്യം.
സ്ത്രീപീഡനങ്ങളും സ്ത്രീധന പീഡനങ്ങളും കാലങ്ങളായി തുടരുന്ന പ്രക്രിയകളാണ്. പല പെൺകുട്ടികളും ഭർത്തൃവീട്ടിലെ പീഡനങ്ങൾ മാതാപിതാക്കളോട് പറയാറില്ല. ഇനി പറഞ്ഞാൽത്തന്നെ, വീട്ടിൽവന്ന് നിന്നാലുള്ള നാണക്കേട് ഓർത്ത് ‘അഡ്ജസ്റ്റ്’ ചെയ്യാൻ പ്രേരിപ്പിക്കാറാണ് പതിവ്. ഇത് പലപ്പോഴും പെൺകുട്ടികളുടെ ജീവിതമാണ് തകർക്കുന്നത്.
വിവാഹം ഒരു നല്ല കുടുംബജീവിതത്തിനുവേണ്ടിയാണ്. എന്നാൽ പലപ്പോഴും അത് ദുരന്തങ്ങൾ സമ്മാനിക്കുന്നു. ഗാർഹിക പീഡനങ്ങളിൽ പലതും വൈകിയാണ് പുറത്തറിയുന്നത്. അപ്പോഴേക്കും ജീവിതം ദുരന്തമായി മാറിയിട്ടുണ്ടാകും.
സ്ത്രീക്കെതിരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും പുതിയ സംഭവങ്ങളല്ല. അതിനുപയോഗിക്കുന്ന പുതിയ ആയുധങ്ങളും മാർഗ്ഗങ്ങളും നമ്മളെ വീണ്ടും ഭയത്തിലാഴ്ത്തുന്നു.
ഓരോ ദിവസവും അറിഞ്ഞും അറിയാതെയും എത്രയെത്ര സ്ത്രീജീവിതങ്ങളാണ് ലോകത്ത് ദുരന്തത്തിൽ കലാശിക്കുന്നത്!
ഈ ക്രൂരസംഭവങ്ങൾ കാണുമ്പോൾ എന്ത് ധൈര്യത്തിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലിരിക്കുക? ഒരു പുനർചിന്തനത്തിന് വഴിയൊരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമ്മുടെ ചുറ്റുമുള്ള ധാരാളം കുടുംബങ്ങൾക്കും പല പീഡനകഥകളും പറയാനുണ്ടാകും, പക്ഷേ പലരും പറയില്ല. പെൺകുട്ടികൾ അവരുടെ അവസ്ഥകൾ തുറന്നു പറയുക തന്നെ വേണം. തുടർന്നുപോകാൻ കഴിയില്ലെങ്കിൽ, ആ ബന്ധത്തിൽ കടിച്ചുതൂങ്ങി ജീവിതം ദുരന്തമാക്കേണ്ട യാതൊരു കാര്യവുമില്ല. മാതാപിതാക്കൾ അവരോടൊപ്പം നിൽക്കണം, നിയമവ്യവസ്ഥയും.
ഇന്നത്തെ ജീർണ്ണിച്ച കുടുംബ വ്യവസ്ഥിതിയിൽ സ്ത്രീകൾ പുരുഷന്റെ ചൊൽപ്പടിയിലാണ്. ഈ അടിമത്തം നമ്മളറിയുന്നില്ലെന്ന് മാത്രം. വിവാഹം കഴിക്കേണ്ടത് ഒരു ആവശ്യമായി സമൂഹം പണ്ടുമുതലേ കൽപ്പിച്ച ഒരു ചിട്ടയാണ്. ചില ചിട്ടവട്ടങ്ങളും അതിൽ തൂങ്ങിക്കിടക്കുന്നുണ്ട്.
പഴഞ്ചൻ ഏർപ്പാടുകളൊക്കെ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്ത്രീയാണ് ധനം ആണും പെണ്ണും ഇഷ്ടപ്പെട്ട്, ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇണയെ കണ്ടെത്തട്ടെ. വിവാഹം അവസാന വാക്കല്ല. പെൺകുട്ടികൾ സധൈര്യം മുന്നോട്ടു പോകണം, സ്വന്തം കാലിൽ നില്ക്കാൻ പഠിക്കുക. ധൈര്യപൂർവ്വം കാര്യങ്ങൾ പറയാനും പഠിക്കണം. നല്ലരീതിയിൽ ജീവിക്കാൻ കഴിയുമെങ്കിൽ മാത്രം ഒന്നിക്കട്ടെ.


10 Comments
മാറി തുടങ്ങി.. 👍
നല്ല രചന.
നല്ല രചന. വിവാഹം കച്ചവടമാകുന്ന അവസ്ഥയും പ്രായപൂർത്തിയായ സ്ത്രീയുടെ അവകാശവും ഇനിയും ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇതിൽ രണ്ടിലുമുള്ള അപക്വമായ ചിന്താഗതികൾ വിശദീകരിച്ച എഴുത്ത് വളരെ നന്നായിരിക്കുന്നു.👍
👏
അതേ, സത്യം. ചിന്താഗതികൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
ഒരു ഭാഗത്ത് പഴഞ്ചന്‍ സമ്പ്രദായങ്ങള്‍ തുടരുന്നു. മറുഭാഗത്ത് വിദ്യാഭ്യാസവും തൊഴിലും നേടി സ്വന്തം കാലില്‍ നില്‍ക്കുന്ന വനിതകള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. അവര്‍ സ്ത്രീധനം ചോദിച്ചു വരുന്നവരെ തങ്ങള്‍ക്ക് വേണ്ടെന്നു പറയാനുള്ള ആര്‍ജവം കാണിക്കുന്നു. ചെറിയ തോതിലെങ്കിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പ്രതീക്ഷക്ക് വക നല്‍കുന്നു.
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സുഹൃത്തേ
ഇന്ന് കുറെ പെൺകുട്ടികളെങ്കിലും ഇത്തരം അവസ്ഥകളിൽ നിന്നും പുറത്തുകടന്ന് വിദ്യാഭ്യാസവ്യം ജോലിയും കിട്ടിയിട്ടു വിവാഹം കഴിയ്ക്കാൻ ശ്രമിക്കുന്നുണ്ട്. സമൂഹത്തിൻ്റെ മുന്നിൽ അവർ തൻ്റേടികളായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.
നന്നായി എഴുതി🌹👌
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി സുഹൃത്തേ
വളരെ നന്നായി ഈ വിഷയത്തിനെ പറ്റി എഴുതിയിട്ടുണ്ട്.എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മനുഷ്യരുടെ ഒരു അനാചാരമായി മാറി സ്ത്രീ ധനവും അതുമൂലം ഉണ്ടാകുന്ന സ്ത്രീപീഡനങ്ങളും മരണങ്ങളും ആത്മഹത്യകളും.
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി