സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ —
മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന് നനയാതെ വായിച്ചു തീർക്കാനാവില്ല. എങ്കിലും ജീവിതത്തിൽ തീരെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ നിരാശയുടെ പടുകുഴിയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നീങ്ങുന്ന ഇപ്പോഴത്തെ പുതു തലമുറയ്ക്ക് സുജയുടെ ഈ രചന വലിയൊരു മാതൃക മാത്രമല്ല ഒരു പാഠപുസ്തകം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം.
ജീവിതത്തിലുടനീളം ഏറ്റ കനത്ത പ്രഹരങ്ങളെ,പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച ഒരു എഴുത്തുകാരി.ആരുടെ മുമ്പിലും തോൽക്കാൻ എനിക്ക് മനസ്സില്ല .എന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് മനസിലുറപ്പിച്ച് വീറും വാശിയോടും കൂടി ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്ന ശക്തയായ കഥാകൃത്ത്.
അക്ഷന്തവ്യമായ ചിലരുടെയൊക്കെ അശ്രദ്ധമൂലം തൻറെ ജീവിതത്തിൽ തന്നെ സംഭവിച്ച കാര്യങ്ങളുടെ നേർപകർപ്പാണ് രചയിതാവ് ഇവിടെ തുറന്നു കാണിക്കുന്നത്. ലളിതവും മനോഹരവുമായ ആഖ്യാനശൈലിയും മികച്ച വായനാനുഭവവും പങ്കു വെക്കുന്നു.
ജീവിത പ്രാരാബ്ദങ്ങൾ തന്നെ നോക്കി പല്ലിളിച്ചപ്പോൾ ഗൾഫിലേക്ക് ചേക്കേറിയ സുജ ഒറ്റയ്ക്ക് പൊരുതി നേടിയ ജീവിതമായിരുന്നു അത്. നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾ മാടിനെ പോലെ പണിയെടുത്ത് ചോദിക്കുന്നവർക്ക് ഒക്കെ വാരിക്കോരി കൊടുത്ത് ഇടവേളകളിൽ മാത്രം വല്ലപ്പോഴും തന്നെ എന്നും സ്നേഹിച്ചിരുന്ന അക്ഷരങ്ങളോട് കൂട്ടു കൂടി ജീവിതത്തിൻറെ നടവഴികളിൽ കണ്ടുമുട്ടിയ കുറച്ചുപേരുടെ ജീവിതങ്ങൾ കുത്തിക്കുറിച്ച് കഥകളാക്കി.ജീവിതം ഒരുവിധം ശാന്തമായി ഒഴുകുന്നു. ഔദ്യോഗിക ജീവിതത്തിൻറെ തിരക്കുകൾ മാറ്റിവെച്ച് മകളോടും കൊച്ചു മക്കളോടുമൊപ്പം കുറച്ചുനാൾ സന്തോഷമായി ചെലവഴിക്കാൻ പ്രവാസ ജീവിതത്തിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത് നാട്ടിലെത്തിയ സുജയെ അപ്പോൾ അതാ ഒരു കൊതുകിന്റെ രൂപത്തിൽ സങ്കടങ്ങൾ പെരുമഴപോലെ പെയ്യിക്കാൻ എത്തുന്നു.
നീണ്ട ആശുപത്രി വാസങ്ങൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹമസൃണമായ ഇടപെടലുകൾ, ഒടുവിൽ ലോകം തൻറെ മുമ്പിൽ ഇരുട്ടിലായി എന്ന ആ സത്യത്തെ അംഗീകരിച്ച് ആ പതിവ് ശൈലിയിൽ ജീവിതത്തിൻറെ വെല്ലുവിളികൾ ഏറ്റെടുത്ത് ചുറ്റുമുള്ളവർക്ക് കൂടി ധൈര്യം കൊടുത്ത് ചങ്കുറപ്പോടെ മുന്നോട്ട്…….
വ്യത്യസ്തമായ ജീവിതത്തിൻറെ ഒരു രണ്ടാം അധ്യായം ഇവിടെ തുടങ്ങുന്നു എന്നു പറയാം. പൂത്തുമ്പിയെ പോലെ പാറി നടന്നിരുന്ന ആൾ ചിറകൊടിഞ്ഞു കട്ടിലിൽ മാത്രം അഭയം കണ്ട ദിവസങ്ങൾ. ചുറ്റിലും അന്ധകാരം മാത്രം. എല്ലാ മനുഷ്യർക്കും ഒരേ മുഖം. മഴ ഭംഗിയും വർണ്ണങ്ങളും മനസ്സിൽ മാത്രം കാണാൻ ശീലിച്ചു തുടങ്ങിയ ദിനങ്ങൾ. നാമമാത്ര പരിചയം മാത്രം ഉള്ള ഫേസ്ബുക് സൗഹൃദങ്ങളുടെ സ്നേഹമസൃണമായ അന്വേഷണങ്ങൾ. ഫോൺ ചെയ്തവരിൽ ഒരാൾ പോലും സഹതപിച്ചില്ല. പകരം മുങ്ങിചാകാൻ തുടങ്ങുന്നവന് കച്ചി തുരുമ്പ് എറിഞ്ഞു കൊടുക്കുന്നതുപോലെ പോസിറ്റീവ് ചിന്തകൾ മാത്രം മനസ്സിൽ കുത്തി നിറച്ചു കൊണ്ടിരിക്കുന്നു.അത് വരെ പരിചയപ്പെട്ടവരിൽ നിന്നെല്ലാം വ്യത്യസ്ത സ്വഭാവമുള്ള മുഖപുസ്തകസൗഹൃദങ്ങൾ.
ഈ പ്രതിസന്ധികളെ ഒക്കെ തരണംചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ തനിക്കുണ്ടായ തിരിച്ചറിവ് വലുതാണെന്ന് സുജ മനസ്സിലാക്കി. ആരായിരുന്നു തന്റെ യഥാർത്ഥ സുഹൃത്ത്? ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയ ദിവസങ്ങൾ.
പതുക്കെ പതുക്കെ മനസ്സാന്നിധ്യം കൈവിടാതെ പിന്നീട് ഒരു പുസ്തകം ഇറക്കുക എന്ന ആ സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഒരുപക്ഷേ ഇത്രയും വർഷങ്ങൾ കൂടി ഗൾഫിൽ വന്നും പോയും ഇരുന്ന് അവസാനിക്കുമായിരുന്ന ജീവിതം അന്ന് മുതൽ ഗതി മാറി ഒഴുകാൻ തുടങ്ങി. അമ്മയുടെ അത്യുത്സാഹം കണ്ട് മകൾ അമലയും മരുമകൻ അനീഷും അമ്മയോടൊപ്പം തന്നെ നിന്നു.
അക്ഷരലോകത്ത് നിന്ന് ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ എഴുത്ത് സൗഹൃദങ്ങൾ.”കൂടിളക്കി തൻറെ കുഞ്ഞിനെ പറക്കാൻ പ്രാപ്തനാക്കുന്ന കഴുകനെപോലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മബലം നൽകി നമ്മളെ ഉയരങ്ങളിലേക്ക് നയിക്കുന്ന ദൈവത്തിൻറെ കരങ്ങൾ എത്രയോ മഹനീയം!”


2 Comments
സുജ പാറു കണ്ണിലിന് ഒരു ബിഗ് സല്യൂട്ട് ആ നിശ്ചയ ദാർഢ്യത്തിന്🙏👌👍💯
നല്ല രചന