“ബൗ ബൌ. ”
“ഇൗ നായയെന്താ വല്ലാതെ കുരയ്ക്കുന്നെ അമ്മേ?”
“മഴ വരാൻ പോണുണ്ടാവും. നീ ആ തുണിയൊക്കെ ഇങ്ങേടുത്തോ. ”
“ശരി”
തുണി എടുത്ത് കഴിഞ്ഞതും മഴ പെയ്തിറങ്ങി..
“ഓ, ഇവൻ ആള് കൊള്ളമല്ലോ. ഇതിനെ എവിടുന്ന് വാങ്ങിയതാ?”
അവിടുത്തെ കൊച്ചമ്മ താൻ അവിടെ വന്നു പെട്ട കഥ പറയുന്നത് കേട്ട് ജാക്കി അവിടെ ഇരുന്നു. ഒരു കള്ളന്റെ നായ, ആ കള്ളൻ കക്കാൻ കയറിയ വീട്ടിലെ കാവൽ നായ ആയ കഥ. ആ ഓർമ്മപ്പെടുത്തൽ അവനും സങ്കടമായിരുന്നു. സങ്കടപ്പെടുത്തുന്ന ഓർമ്മകൾക്കാണല്ലോ കനം കൂടുതൽ. അതുകൊണ്ടാവും, അകറ്റി നിർത്താൻ ശ്രമിക്കും തോറും അവ പരമാവധി ശക്തിയോടെ തിരിച്ചു വരുന്നത്.
ആ രാത്രി അവനിന്നും ഓർമ്മയുണ്ട്. കള്ളിന്റെ പുറത്ത് അവന്റെ യജമാനൻ കക്കാൻ ഇറങ്ങിയ ആ രാത്രി. വേണ്ടെന്ന് അവൻ അവന്റെ ഭാഷയിൽ പറഞ്ഞതാണ്. അയാൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല. കുഞ്ഞ് ആവുന്ന മുതൽ കാണുന്നതല്ലെ അവനെ. അവന്റെ കുരയിലെ ഓരോ ഭാവവും അയാൾക്ക് തിരിച്ചറിയാം. പക്ഷേ,എന്ത് പറയാൻ, കള്ള് കൊടുത്ത അമിതമായ ആത്മവിശ്വാസം ചതിച്ചു. അന്ന് അപ്രതീക്ഷിതമായി പെയ്ത മഴയും അതിന് ആക്കം കൂട്ടി. കുറ്റാക്കൂരിരുട്ട് എല്ലാ കള്ളന്മാർക്കും വലിയ ഇഷ്ടമാണല്ലോ.
അന്നൊരു പക്ഷേ, തിരിച്ചിറങ്ങാൻ നേരത്ത് ആ ഇടി വെട്ടിയില്ലായിരുന്നു എങ്കിൽ പിടിക്കപ്പെടുകയില്ലായിരുന്നു. ആ ഇടി വെട്ടൽ ശബ്ദം ആണല്ലോ വീട്ടുകാരെ എണീപ്പിച്ചത്. മിന്നൽ വെളിച്ചത്തിൽ ഇവിടുത്തെ വീട്ടുകാരൻ കള്ളനെ കാണുകയും ചെയ്തു. തോക്കിന്റെ വെടിയൊച്ച കേട്ടത് മാത്രം ഓർമ്മയുണ്ട്. യജമാനനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വെടിയുണ്ട കൊണ്ടത് അവനാണ്. കണ്ണടയുന്നതിന് മുൻപേ, ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഓടുന്ന അയാളെ കണ്ടു. ഇത്രയും കാലം ഒരു നിഴല് പോലെ കൂടെ ഉണ്ടായിരുന്നതാണ്. എന്നിട്ടും..
“അമ്മേ, ദാ കുട്ടൂസൻ കരയുന്നു. ഞാൻ ആദ്യയിട്ടാ ഒരു നായ കരയുന്നത് കാണുന്നെ. ”
ഇവിടുത്തെ ചെറിയ കൊച്ചാണ്. കിങ്ങിണി എന്നാണ് അവളെ വിളിക്കുക. അവള് പറഞ്ഞത് കേട്ടാണ് അവനെ ഇവിടെ നിർത്താൻ വീട്ടുകാർ സമ്മതിച്ചത്. ആദ്യമൊക്കെ കുട്ടൂസൻ എന്ന് വിളിക്കുമ്പോൾ അവൻ മുരളാറുണ്ടായിരുന്നു. തന്റെ പേര് ജാക്കി എന്നാണെന്ന് ഉറക്കെ പറയാൻ ശ്രമിച്ചിട്ടുണ്ട്. ആര് മനസ്സിലാക്കാൻ. വെടി കൊണ്ട മുറിവ് കഴുകി മരുന്ന് വച്ച് തരുമ്പോഴും അവള് എപ്പോഴും ഒപ്പം ഉണ്ടാകും. അവനെ വെറും ഒരു നായയായി കാണാതെ, ഒരു സുഹൃത്ത് ആയി കണ്ട ഒരേ ഒരാൾ. ബാക്കിയെല്ലാവർക്കും അവൻ വെറും കള്ളന്റെ നായ ആയിരുന്നു. വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്ന് ആരൊക്കെയോ ഇടക്കിടക്ക് പറയുന്നത് അവൻ കേട്ടില്ലെന്ന് വച്ചു. ഇല്ല, ആരുമായിട്ടും ഇനി അധികം അടുപ്പം വേണ്ട. അത് വിഷമം മാത്രമേ തിരിച്ച് തരൂ എന്ന് അവൻ സ്വയം ബോധിപ്പിക്കാൻ ശ്രമിച്ചു.
**** ****
അവളുടെ നിലവിളി കേട്ടാണ് മയക്കത്തിൽ നിന്ന് എണീറ്റത്. വീടിനുള്ളിൽ എന്തോ ബഹളം നടക്കുന്നു. ജനൽ വഴി നോക്കിയ അവൻ കണ്ടത് കിങ്ങിണിയുടെ കഴുത്തിൽ കത്തി വച്ച് ഒരാൾ നിൽക്കുന്നതാണ്. വീട്ടുകാർ മുഴുവൻ അവളെ ഒന്നും ചെയ്യല്ലേ, എന്ത് വേണമെങ്കിൽ തരാം എന്ന് കേഴുന്നുണ്ട്. ഉണ്ട ചോറിന് നന്ദി കാട്ടാൻ ഉള്ള ആഗ്രഹത്തോടെ, അവൻ അകത്ത് കയറി. എത്ര പൂട്ടിയിട്ട വീടിന് അകത്ത് കയറാനും അവനെ ആരും പഠിപ്പിക്കേണ്ട ല്ലോ.
കള്ളന്റെ നേരെ കുറച്ച് ചാടിയ അവനെ നോക്കി അയാൾ ഒന്ന് ചൂളമടിച്ചു. ആ താളവും, അത് മൂളിയ ആളെയും തിരിച്ചറിയാൻ അവന് ബുദ്ധിമുട്ടുണ്ടായില്ല. പണ്ടത്തെയും ഇപ്പോഴത്തേയും യജമാനൻമാരുടെ ഇടയിൽപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ അവൻ നിന്നു. ആരെ സഹായിക്കണമെന്നോ ആരെ തഴയണമെന്നോ അവന് മനസ്സിലായില്ല. മനുഷ്യർ പറയാറുള്ള ബന്ധങ്ങൾക്കിടയിലെ ബന്ധനം എന്നത് ഇതാണോ.
അഴുക്കു ചാലിൽ നിന്ന് രക്ഷിച്ച് ഇക്കാണുന്ന കോലത്തിൽ എത്തിച്ചത് അയാളാണ്. നാട്ടുകാർക്ക് അയാൾ കള്ളനായിരിക്കാം. പക്ഷേ,തനിക്ക് സ്വന്തമെന്ന് പറയാൻ അയാളെ ഉണ്ടായിരുന്നുള്ളൂ. ആ ദാമു കള്ളന്റെ നായ എന്ന പേരിൽ ആണ് അവൻ അറിയപ്പെട്ടിരുന്നത്. അയാളുടെ ചൂളമടിയിൽ ഓടിയെത്താൻ അവനെ എത്ര ഇഷ്ടമായിരുന്നു. എത്ര അകലെ നിന്നും ആ താളം അവൻ തിരിച്ചറിയുക തന്നെ ചെയ്യും.
അവന്റെ നോട്ടം കിങ്ങിണിയിലേക്ക് ആയി. എപ്പോഴും ചിരിച്ചു കാണാറുള്ള അവളുടെ മുഖത്ത് ഇപ്പോള് ഭയമാണ്. കണ്ണീർ ഒലിച്ചിറങ്ങി ആ മുഖമാകെ മാറിയിരിക്കുന്നു. താൻ സഹായിക്കും എന്ന് അവള് പ്രതീക്ഷിച്ചിരുന്നോ?
അവളുടെ അച്ഛൻ അവിടെയുള്ള സ്വർണ്ണവും പണവും എല്ലാം ഒരു ബാഗിൽ നിറയ്ക്കുന്നുണ്ട്. നിറഞ്ഞ ബാഗ് കണ്ടിട്ടും മതി വരാതെ കിങ്ങിണിയുടെ കഴുത്തിലെ മാല വലിച്ചു പൊട്ടിച്ചു അയാള്. ചോര പൊടിഞ്ഞ അവളുടെ ഉറക്കെയുള്ള നിലവിളി അവനെ ധർമ്മസങ്കടത്തിൽ നിന്ന് ഉണർത്തി.
ഒറ്റ ചാട്ടത്തിന് കള്ളന്റെ നേരെ ചാടിയ അവൻ അയാളുടെ കയ്യിലെ കത്തി തട്ടി തെറിപ്പിച്ചു. അവന്റെ ആ പ്രവൃത്തിയിൽ കൂടുതൽ ഞെട്ടിയത് കള്ളനാണ്. അയാളുടെ കൈ കടിച്ച് പറിക്കുമ്പോൾ കിങ്ങിണിയുടെ കണ്ണീരോലിപ്പിച്ച മുഖം മാത്രമായിരുന്നു അവന്റെ മനസ്സിൽ. കിങ്ങിണിയുടെ അച്ഛൻ വേഗം അയാളെ കെട്ടിയിട്ടു . പോലീസ് കൊണ്ട് പോകുമ്പോൾ അയാൾ അവശനായിരുന്നു.
“താങ്ക്യൂ കുട്ടൂസാ, നീ ഞങ്ങളുടെ നായ ആണെന്ന് ഇന്ന് തെളിയിച്ചു”. എന്ന് കിങ്ങിണി യുടെ അച്ഛൻ പറയുമ്പോഴും അവന്റെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുക യായിരുന്നു. ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി. കുഴഞ്ഞു മറിഞ്ഞ മനസ്സുമായി.


7 Comments
Thank you
മൃഗങ്ങൾ മാത്രമല്ല, മനുഷ്യരും ശരിതെറ്റുകളുടെ വിവേചനത്തിൽ കുഴങ്ങാറുണ്ട്. നല്ല എഴുത്ത്.👌
Thank you
അതേ , പലപ്പോഴും ശരിതെറ്റുകൾ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കും..നന്നായി എഴുതി..
Thank you
തന്നെ സുഹൃത്തായി കണ്ട ആ കുഞ്ഞു മുഖമല്ലേ അവൻ്റെ മനസ്സിൽ വരുകയുള്ളൂ…… നന്നായെഴുതി👍❤️
Thank you