കസേരയിൽ ഇരുന്ന ധന്യ ശ്യാമളൻ എന്ന യുവതിക്ക് ബോധം വന്നു. കണ്ണ് കെട്ടി വച്ചതു കൊണ്ട് എവിടെയാണ് താനെന്നു അവൾക്കു വലിയ നിശ്ചയം ഉണ്ടായില്ല. ചുറ്റും നിശബ്ദതയാണ്, അവളുടെ അടുത്താരെങ്കിലുമുണ്ടോയെന്ന് അറിയില്ല. അവളുടെ കൈ വല്ലാതെ വേദനിക്കുന്നു. കൈ ഉയർത്താൻ സാധിക്കുന്നില്ല. പിറകിൽ വച്ച് കൈ രണ്ടും കെട്ടി വച്ചിരിക്കുന്നു. തലയ്ക്കു നല്ല ഭാരം തോന്നുന്നു. എന്താണ് തനിക്ക് സംഭവിച്ചത്.
രണ്ടു ദിവസം മുൻപ് ടി വിയിൽ ഒരു ഫ്ലാഷ് ന്യൂസ് കണ്ടിരുന്നു. ഇങ്ങനെയായിരുന്നു ആ വാർത്ത, നഗരത്തിലെ പ്രശസ്ത അഡ്വക്കേറ്റായ ദേവി ബ്രഹ്മദത്തനെ ആക്രമിക്കാൻ മുതിർന്ന രണ്ടു പേരെ പോലീസ് അന്വേഷിക്കുന്നു. പട്ടണത്തിലെ പോലീസ് ഓഫീസറായ ഇൻസ്പെക്ടർ സഞ്ജീവും കൂട്ടുകാരൻ വിമലും സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്.
ആദ്യമൊരു ഞെട്ടലുണ്ടായെങ്കിലും പിന്നീട് അത് മാറി, കാരണം ഭർത്താവായ വിമലിന്റെ സ്വഭാവം നല്ലത് പോലെ അറിയാം. അയാൾ കാരണം ധന്യയുടെ ജീവിതം പൊറുതി മുട്ടിയിരിക്കുകയായിരുന്നു. ഇപ്പോൾ പുറത്തിറങ്ങാൻ വയ്യാത്ത നാണക്കേടും കൂടിയായി. എല്ലാത്തിനും വിമലിന് കൂട്ട് നില്ക്കുന്നത് അയാളുടെ ആത്മമിത്രമായ സഞ്ജീവാണ്. രണ്ടു പേരുടെയും സ്വഭാവ ദൂഷ്യം കൊണ്ട് ധന്യ പൊറുതി മുട്ടി.
ധന്യക്ക് സഞ്ജീവിനെ പിണക്കാൻ വയ്യ, ഒരർത്ഥത്തിൽ അയാളാണ് ധന്യയുടെ രക്ഷകൻ. ധന്യയെ മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു ഹെയർ സ്റ്റൈലിസ്റ്റ് ആക്കിയത് അയാളാണ്, സിനിമാ ലോകത്തെ അയാളുടെ പിടിപാടുകളാണ് രക്ഷയായത്. ഈ ലോകത്തു മറ്റാർക്കും അറിയാത്ത ഒരു രഹസ്യം കൂടി ധന്യയും സഞ്ജീവും പങ്കു വയ്ക്കുന്നു.
ധന്യയുടെ ഏക മകനായ ഗൗരവ് വിമലിന്റെ മകനല്ല. അത് സഞ്ജീവിന്റെ മകനാണ്, വിവാഹം കഴിഞ്ഞ നാളുകളിൽ വിമലിനെ കുടിപ്പിച്ചു കിടത്തിയിട്ട്, സഞ്ജീവ് ധന്യയെ ഉപയോഗിക്കാറുണ്ടായിരുന്നു. അന്ന് സഞ്ജീവ് അവളുടെ രക്ഷകനായിരുന്നു. വിമലിനെ ചവിട്ടും തൊഴിയുമേറ്റ് കിടന്ന ധന്യയെ കോസ്‌മെറ്റോളജി പഠിപ്പിക്കാൻ വിട്ടതും, ജോലി വാങ്ങി നൽകിയതും, കാർ വാങ്ങി കൊടുത്തതും സഞ്ജീവായിരുന്നു. സഞ്ജീവിന്റെ തീരുമാനങ്ങൾക്ക് വിമൽ ഒരിക്കലും എതിർപ്പ് പറഞ്ഞിരുന്നില്ല.
പണ്ട് ധന്യയ്‌ക്കു വിമലിനെ നല്ല ഭയമായിരുന്നു. സിനിമയിൽ പോയതിനു ശേഷം ആ ഭയമൊന്ന് കുറഞ്ഞു വരുകയായിരുന്നു. ഇപ്പോൾ വിമൽ ഒളിവിൽ പോയി എന്ന് കേട്ടപ്പോൾ ഒരു ആശ്വാസം, വിമലെന്ന ശല്യം, അവളുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകത്തുമില്ല, അവൾക്ക് സ്വസ്ഥത ഒരിക്കലും സ്വസ്ഥത കൊടുക്കത്തുമില്ല.
തൻ്റെ ജീവിതത്തിൽ ഇന്ന് എന്താണ് സംഭവിച്ചതെന്നു ധന്യ ഓർത്തു. വിമൽ കൂടെ ഇല്ല എന്ന സന്തോഷത്തിലായിരുന്നു പകൽ മുഴുവൻ, മകനെ സ്കൂളിൽ നിന്നും നേരത്തെ വിളിച്ചു കൊണ്ട് വന്നു, ഐസ് ക്രീം പാർലറിൽ കൊണ്ട് പോയി അവന്റെ ഫേവറൈറ്റ് ഐസ് ക്രീം വാങ്ങി നൽകി, അവനു പുതിയ ഒരു ഡ്രസ്സ് വാങ്ങി, ഇന്ന് നല്ല സന്തോഷത്തിലായിരുന്നു അവൻ.
വീടെത്താറായപ്പോഴാണ്, റോഡിൽ വച്ച് ഒരു ഹിന്ദിക്കാരൻ വഴി ചോദിച്ചത്. പറഞ്ഞത് മനസിലാകാത്തത് കൊണ്ടാകും മതിലരുകിൽ വച്ച്, അയാൾ കാറിലേക്ക് തലയിട്ടു, പെട്ടെന്ന് അയാൾ അവളെ എന്തോ മണപ്പിച്ചു. പിന്നെ അവൾക്ക് ഒന്നും ഓർമ്മ വന്നില്ല.
അപ്പോൾ ??എൻ്റെ മോൻ എന്തിയേ, അവനെന്തു പറ്റി.
“ഗൗരവ് മോനെ, മോനെ….. നീ എവിടെയാ… “
എവിടെ നിന്നോ ഒരു ഞെരക്കം കേട്ടു.
“മോനെ… അമ്മ ഇവിടെ ഉണ്ടെടാ, നീ എവിടാ മോനെ. “
ഒരു മറുപടിയും ഉണ്ടായില്ല. തന്റെ ജീൻസിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ ഉണ്ട്. പക്ഷെ അത് പുറത്തെടുക്കാൻ ഒരു മാർഗ്ഗവുമില്ല. കയ്യും കാലും ബന്ധിച്ചിരിക്കുകയാണ്. കണ്ണ് കാണാമായിരുന്നെങ്കിൽ എങ്ങനെയെങ്കിലും രക്ഷപെടാൻ ശ്രമിച്ചേനെ.
അര മണിക്കൂർ ധന്യ അങ്ങനെ ആ ഇരുപ്പ് തുടർന്നു. ആ മുറിയിലെ ചൂടിൽ അവൾ വിയർത്തു കുളിച്ചു. നാവു വരളുന്നു. വെള്ളം കുടിക്കണം, എന്തെങ്കിലും ചെയ്തേ പറ്റൂ, അല്ലെങ്കിൽ ഇവിടെയിരുന്ന് മരിക്കും. ധന്യ കസേരയിൽ നിന്നുമെഴുന്നേറ്റു വേച്ചു വേച്ചു നടന്നു. അപ്പോൾ കാലുകളിലെ കെട്ടുകൾ അയയാൻ തുടങ്ങി. എവിടെയൊക്കെയോ തട്ടി വീണു. തപ്പി തടഞ്ഞ് നടന്നപ്പോൾ പെട്ടെന്ന് കാലുകൾ സ്വതന്ത്രമായി. കാലിലെ കെട്ടുകൾ അഴിഞ്ഞു പോയിരുന്നു.
ധന്യ തപ്പി തടഞ്ഞൊരു മൂലയിലെത്തി. അവിടെ ഭിത്തിയരുകിൽ, ഒരു മൂലയിൽ തന്റെ കൈകളുടെ കെട്ട് ഉരച്ചു ഉരച്ചു അറുത്തു കളയാൻ ധന്യ ശ്രമിച്ചു. കൈ ഉരഞ്ഞു തൊലി പോയി, നീറ്റൽ വന്നിട്ടും അവളതു നിർത്തിയില്ല, കെട്ടഴിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും അവളുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി.
കൈ സ്വതന്ത്രമല്ലാത്തത് കൊണ്ട് അവൾക്ക് ഫോണെടുക്കാൻ സാധിച്ചില്ല. ഫോൺ കുറെ അടിച്ചു നിന്നു. വീണ്ടും ഫോൺ അടിച്ചു തുടങ്ങി, ഇട്ടിരുന്ന ജീൻസിന്റെ ബാക്ക് പോക്കറ്റിൽ തിരുകിയിരുന്ന ഫോൺ എടുക്കാൻ കഴിഞ്ഞില്ല. ധന്യയ്‌ക്കു നല്ല സങ്കടം വന്നു.
അവൾ വീണ്ടും കൈ ഭിത്തിയുടെ മൂലയിൽ ഉരയ്ക്കാൻ തുടങ്ങി. ഒടുവിൽ ഒരു കൈ സ്വതന്ത്രമായി. ധന്യ പോക്കറ്റിൽ നിന്നും ഫോൺ വലിച്ചെടുത്തു. കണ്ണ് കാണാൻ വയ്യാത്തതുകൊണ്ടു അങ്ങോട്ട് ആരുടേയും നമ്പർ ഡയൽ ചെയ്യാൻ കഴിഞ്ഞില്ല.
“മമ്മീ. “
പിറകിൽ നിന്നും ഒരു വിളി ധന്യ ശ്രദ്ധിച്ചു.
“മോനേ…. “
ധന്യ വിളിച്ചു.
“അമ്മേ, അമ്മ എവിടെയാ, എനിക്ക് പേടിയാകുന്നു. “
ഗൗരവിന്റെ വിളി കേട്ട് ധന്യയ്‌ക്കു സന്തോഷമായി. മകനെ നഷ്ടപ്പെട്ടിട്ടില്ല. അവൻ തൻ്റെ കൂടെ തന്നെയുണ്ട്. അവന്റെ ഇപ്പോഴത്തെ അവ്സഥ അറിയാൻ കഴിയാതെ അവൾക്കു വിഷമം തോന്നി. അവൾ കണ്ണിലെ കെട്ട് അഴിക്കാൻ ശ്രമിച്ചു. വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവൾ തൻ്റെ കണ്ണിലെ കെട്ടഴിച്ചു.
ഇരുണ്ട വെട്ടമുള്ള ഒരു മുറി, മുറിയുടെ മൂലയിലെ ഒരു കസേരയിൽ കണ്ണ് മൂടിക്കെട്ടിയ, കയ്യും കാലും കെട്ടിയ നിലയിൽ ഗൗരവിനെ കണ്ടു ധന്യയുടെ നെഞ്ച് പിടഞ്ഞു. അവൾ കുഞ്ഞിനടുത്തേയ്ക്കു ഓടി ചെന്ന് അവൻ്റെ കണ്ണുകളിലെ കെട്ടഴിച്ചു. അവന്റെ കയ്യും കാലും സ്വതന്ത്രമാക്കി. അവൾ മുറിയിൽ നിരീക്ഷണം നടത്തി, തൻ്റെ വീട്.
മറ്റൊരു കസേരയിൽ അനങ്ങാതെ ഇരിക്കുന്ന വിമൽ. അവൾ അയാളുടെ അടുത്തേയ്ക്കു നടക്കാൻ തുടങ്ങിയപ്പോൾ മകന്റെ ചുണ്ടുകൾ വിതുമ്പി.
“മമ്മീ ദാഹിക്കുന്നു, വെള്ളം വേണം. “
ധന്യയും വെള്ളം കുടിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞു. കുഞ്ഞു മകൻ ദാഹിച്ചു തളർന്നിരിക്കുന്നു. അവന്റെ ചുണ്ടുകൾ വരണ്ടിരിക്കുന്നു.
ധന്യ മുറിയിലെ സ്വിച്ചുകളെല്ലാം ഓണാക്കി. മുറിയിൽ നല്ല വെളിച്ചം പരന്നു. ധന്യ ചുറ്റും ശ്രദ്ധിച്ചു, സ്വന്തം വീട്ടിലെ താഴത്തെ നിലയിലെ ഹാളിലാണ് അവരിപ്പോൾ ഇരിക്കുന്നത്. അവൾ അടുക്കളയിലേയ്ക്ക് ഓടി പോയി ഒരു ബോട്ടിലിൽ വെള്ളം എടുത്തു കൊണ്ട് വന്നു.
തളർന്ന കുഞ്ഞിനെ അവൾ ഉണർത്തി വായിൽ വെള്ളം ഒഴിച്ച് കൊടുത്തു. ഗൗരവ് ക്ഷീണം മാറി നിവർന്നു ഇരുന്നു. ധന്യ ചെറിയ ആശ്വാസത്തോടെ വെള്ളം കുടിച്ചു. അവൾ വിമലിന്റെ നേരെ തിരിഞ്ഞു. ധന്യ വിമലിനെ കുലുക്കി വിളിച്ചു.
“വിമൽ… “
അയാൾ അനങ്ങിയില്ല. ധന്യ അയാളെ നല്ല വണ്ണം കുലുക്കി നോക്കി. അയാളുടെ ശരീരം കസേരയിൽ നിന്നും നിരങ്ങി താഴെ വീണു.
“വിമൽ…… “
ധന്യ നിലവിളിച്ചു. അത് കണ്ടു മകൻ എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്കു നടന്നു. അവളുടെ കാലുകളിൽ കുഞ്ഞു ചുറ്റി പിടിച്ചു. ധന്യ കുഞ്ഞിനെ കെട്ടി പിടിച്ച് ആശ്വസിപ്പിച്ചു. ധന്യ കുഞ്ഞിനെ കസേരയിലെടുത്തിരുത്തി. അവൾ ഫോണെടുത്തു. അവൾ സഞ്ജീവിനെ വിളിച്ചു. സഞ്ജീവിന്റെ ഫോൺ സ്വിച്ച് ഓഫ് എന്ന് വോയിസ് മെസേജ് കിട്ടി.
അവൾ കരഞ്ഞു കൊണ്ട് 100 എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. ഫോണെടുത്തപ്പോൾ അവൾ വിവരം പറഞ്ഞു.
“സാർ ഞങ്ങൾ വീട്ടിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. രക്ഷിക്കണം.
എന്റെ ഭർത്താവിനെ വിളിച്ചിട്ട് അനക്കമില്ല. “
അവൾ വീടിന്റെ മുൻ വാതിലിനടുത്തേയ്ക്കു നടന്നു, വാതിൽ തുറന്നു കിടക്കുകയാണ്. അവൾ ഹൗസിംഗ് കോളനിയിലെ സെക്യൂരിറ്റിക്ക് ഫോൺ ചെയ്തു. അയൽക്കാരൊക്കെ ഓടി കൂടിയപ്പോഴേക്കും പോലീസും സ്ഥലത്തെത്തി. കൂടെ ആംബുലൻസും എത്തി. വിമലിന്റെ ശരീരം പോലീസ് പരിശോധിച്ചു.
“കഴുത്തിൽ എന്തോ കൊണ്ട് മുറുക്കി കൊന്നിരിക്കുന്നു. “
ആംബുലൻസിൽ വിമലിനെ ശരീരം ആശുപത്രിയിലേയ്ക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോയി. ധന്യയെ പോലീസ് ചോദ്യം ചെയ്തു. ധന്യ ആ ദിവസത്തിൽ ഉണ്ടായതൊക്കെ പോലീസിനോട് തുറന്നു പറഞ്ഞു.
“രണ്ടു ദിവസമായി ഭർത്താവ് വീട്ടിൽ വരാതിരുന്നിട്ട് ധന്യ അന്വേഷിച്ചില്ലേ. “
“സർ വിമൽ ദിവസങ്ങളോളം ഇങ്ങനെ വീട്ടിൽ വരാതെയിരിക്കും, ഒരു പ്രത്യേക സ്വഭാവമാണയാൾക്ക്, വീട്ടിലെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ല, എല്ലാം സഞ്ജീവ് സാറിന് അറിയാം. “
“കഴിഞ്ഞ ദിവസം ഒരു വക്കീലിനെ ആക്രമിച്ച ഒരു കേസ് ഉണ്ടായിരുന്നു വിമലിനെതിരെ, അത് ധന്യ അറിഞ്ഞിരുന്നില്ലേ. “
“ഞാൻ ടി വി യിൽ കണ്ടിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ തമ്മിൽ അത്ര മാനസിക അടുപ്പത്തിൽ ആയിരുന്നില്ല സാർ. “
പോലീസ് പരിശോധനയിൽ മുറ്റത്ത് വന്നു തിരികെ പോയ ജീപ്പിന്റെ ടയർ പാടുകൾ കണ്ടു. അടുത്ത വീട്ടിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇരുട്ടത്ത് വന്നു മടങ്ങിയ ഒരു കറുത്ത കാറും ദൃശ്യമായി. മാവിന്റെ മറ കൊണ്ട്, ആളുകളുടെ മുഖങ്ങളൊന്നും ദൃശ്യങ്ങളിൽ വ്യക്തമായില്ല.
പോലീസ് മുറി മുഴുവൻ പരിശോധിച്ചു. കഴുത്തു മുറുക്കാൻ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന ഒരു മെറ്റൽ വയറിന്റെ ചെറിയ കഷ്ണം അവർക്കു ലഭിച്ചു. കാറിൽ നിന്നും അവരെ മയക്കാൻ ഉപയോഗിച്ച മരുന്ന് മുക്കിയെടുത്ത വെള്ള തൂവാല പോലീസിന് ലഭിച്ചു. പോലീസ് തെളിവുകളുമായി മടങ്ങി പോയി.
റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ധന്യയ്ക്കും മകനും പ്രാഥമിക ശുശ്രുഷ കൊടുത്തു. ധന്യയുടെ ബന്ധുക്കളെ അപകട വിവരമറിയിച്ചു.
ഈ സമയത്ത് ആൻഡ്രൂ ആശുപത്രിയിൽ നിന്നും കാറെടുത്തു റോഡിലേക്കിറങ്ങി. രാത്രി ആയതു കൊണ്ട് റോഡ് വിജനമായി തുടങ്ങി. അവൻ്റെ മുന്നിൽ മരിച്ചു കിടക്കുന്ന വിമലിന്റെ മുഖം തെളിഞ്ഞു.
“അവൻ മരിയ്ക്കേണ്ടവനാണ്, എത്ര പെൺകുട്ടികളെ നശിപ്പിച്ചവനാണ്. അവനെ ഞാൻ തന്നെ കൊന്നത് നന്നായി. ഇനിയെങ്കിലും നിത്യയുടെ ആത്മാവിന് സന്തോഷമാകുമല്ലോ. അവൾക്കു വേണ്ടി ഞാനല്ലേ ആ കർമം നിർവഹിച്ചത്, ഇനിയിപ്പോൾ പോലീസ് കേസായാലും കുഴപ്പമില്ല. കേസിന്റെ കാര്യമൊക്കെ പപ്പയും ചേട്ടനും നോക്കി കൊള്ളും. വാദിച്ചു ജയിപ്പിക്കാൻ ദേവിയുണ്ടല്ലോ. “
അവനു പെട്ടെന്ന് മാലതിയെ ഓർമ്മ വന്നു. പണ്ടൊരിക്കൽ അവർ പപ്പയുടെ ഒപ്പം വീട്ടിൽ കയറി വന്നപ്പോൾ അവരെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ആൻഡ്രു ആയിരുന്നു. ഇപ്പോൾ സങ്കടം തോന്നുന്നു. അന്ന് പ്രശ്നമൊന്നും ഉണ്ടാക്കിയില്ലായിരുന്നെങ്കിൽ പപ്പയ്ക്കും അമ്മയ്ക്കും ഒപ്പം മൂന്ന് മക്കൾ സന്തോഷത്തോടെ ഒന്നിച്ചു വളർന്നേനെ. പെങ്ങളായി ദേവി കൂടെ എന്നും ഉണ്ടായിരുന്നേനെ.
“എല്ലാം താനായിട്ടാണ് നഷ്ടപ്പെടുത്തിയത്. ചെറുപ്പകാലം മുഴുവൻ കുടിച്ചു നശിപ്പിച്ചു. എന്തൊരു പരാജയമാണ് തന്റെ ജീവിതം. “
ആൻഡ്രു കുറ്റബോധത്തോടെ വണ്ടി ഓടിച്ചു.
നല്ല ദാഹവും മൂത്രശങ്കയും തോന്നി. പത്തു മിനുട്ടും കൂടെ പോയാൽ വീടെത്തി. പപ്പാ കാത്തിരിക്കും, വേഗം എത്തണം. ദൂരെ നല്ല നിലാവുണ്ട്. ആൻഡ്രു പാട്ടിന്റെ ഒച്ച കൂട്ടി വച്ചു.
ദൂരെ നിന്ന് ആരോ വണ്ടിക്കു കൈ കാണിക്കുന്ന പോലെ തോന്നി വണ്ടിയവൻ ചവിട്ടി നിർത്തി. ഹെഡ് ലാമ്പിന്റെ വെട്ടത്തിൽ വെളുത്ത് കൊലുന്ന ഒരു പെൺകുട്ടി വണ്ടിക്കു കൈ കാണിച്ചു. മുഖം വ്യക്തമല്ല. ജീൻസും ഷർട്ടുമാണ് വേഷം, നല്ല പൊക്കമുള്ള ചെരുപ്പ്, കയ്യിലൊരു ഹാൻഡ് ബാഗ് പിടിച്ചിരിക്കുന്നു.
“എന്ത് പറ്റി. കുട്ടി ഈ സമയത്തു ഒറ്റയ്ക്ക് എവിടെ പോകുന്നു. “
“വീട്ടിലേക്കാണ് സാർ. എന്നെ ഒന്ന് കൊണ്ടാക്കാമോ. “
“ഞാൻ അടുത്ത ജംഗ്‌ഷൻ വരേയുള്ളു. “
“എന്നെ അവിടെ ഇറക്കിയാൽ മതി. “
അവൾ ആൻഡ്രുവിന്റെ ഇടതു വശത്തെ സീറ്റിൽ കയറിയിരുന്നു.
അവർ പരസ്പരം ഒന്നും മിണ്ടിയതേയില്ല.
“സർ എവിടേയ്ക്ക് പോകുന്നു ഈ സമയത്ത് ?”
ചോദ്യം കേട്ട് ആൻഡ്രു അവളുടെ മുഖത്തേയ്ക്കു നോക്കി. ആ മുഖം ഇപ്പോഴാണവന് വ്യക്തമായത്. നിത്യ!!
ആൻഡ്രു ഒന്ന് ഞെട്ടി. വെപ്രാളത്തിനിടയിൽ അയാളുടെ കാലുകൾ അറിയാതെ
ആക്സിലറേറ്ററിൽ അമർന്നു. വണ്ടിയുടെ വേഗത ക്രമാതീതമായി കൂടി. പുഞ്ചിരിക്കുന്ന നിത്യയുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ ആൻഡ്രുവിന് കഴിഞ്ഞില്ല.
റോഡിൽ നിന്നും വണ്ടി വശത്തുള്ള പറമ്പിലേക്കിറങ്ങി. വേഗത കൂടി കൊണ്ടിരുന്നു. നല്ല വേഗതയിൽ വണ്ടി പറന്നിറങ്ങിയത് പോലെ ഒരു വന്മരത്തിൽ ഇടിച്ചു നിന്നു.
വണ്ടിയുടെ മുൻവശം ഇടിച്ച് തകർത്തു. ആൻഡ്രു ഇരുന്ന സ്ഥലത്തേയ്ക്ക് മരം ഇടിച്ചു കയറിയ പോലെയായി ആ കാഴ്ച. സീറ്റിനും മരത്തിനുമിടയിൽ ആൻഡ്രു ശാന്തനായി ഉറങ്ങി. മുഖത്ത് അങ്ങിങ്ങു തറച്ചു നിൽക്കുന്ന ഗ്ലാസ് കഷണങ്ങൾ അയാളുടെ സുന്ദരമായ മുഖത്തെ വികൃതമാക്കി.
(തുടരും…. )
✍️✍️നിഷ പിള്ള

