തന്നെ ഒളിഞ്ഞു നോക്കി കൊണ്ട് നടന്നു പോകുന്ന ചെറുപ്പക്കാരെ ദേവി കണ്ടില്ല. അവളുടെ ശ്രദ്ധ മുഴുവൻ തൻ്റെ മുന്നിൽ അനക്കമില്ലാതെ കിടക്കുന്ന ആൻഡ്രുവിൻ്റെ മുഖത്തായിരുന്നു. ഗ്ലാസ് കഷണങ്ങൾ തറച്ച് അയാളുടെ മുഖം മുഴുവൻ മുറിഞ്ഞിരുന്നു. അവൾക്ക് അയാളോട് സ്നേഹവും സഹതാപവും തോന്നി.
മരണ വർത്തയറിഞ്ഞ് ആശ്വസിപ്പിക്കാൻ വന്നവരൊക്കെ പിരിഞ്ഞു തുടങ്ങി. വീട്ടിൽ അടുത്ത ചില ബന്ധുക്കൾ മാത്രമായി. കൊലപാതകത്തിലേക്ക് നയിക്കാൻ പാകത്തിന് ആൻഡ്രുവിന് ഇപ്പോൾ ഒരു ശത്രു ഉണ്ടെന്ന് വിശ്വസിക്കാൻ ആ കുടുംബത്തിനായില്ല. ആൻഡ്രുവിന്റെ കൂടെ ആ രാത്രിയിൽ കാറിൽ ഉണ്ടായിരുന്നത് സഞ്ജീവാണെന്നു എല്ലാവരും കരുതി. അയാളിപ്പോൾ ഓരോരുത്തരെയായി കൊന്നു കൊണ്ടിരിക്കുകയാണ്. കൊലയുടെ കാരണം വ്യക്തമല്ലെങ്കിലും ആദ്യമയാൾ ഒലീവിയ ടീച്ചറെ കൊന്നു, പിന്നെ ദേവിയെ കൊല്ലാൻ ശ്രമിച്ചു, അത് പരാജയപ്പെട്ടു. തുടർന്ന് കൂട്ടാളിയായ വിമലിനെ കൊന്നു, പിന്നെയിപ്പോൾ ആൻഡ്രുവിനെയും……
മദ്യപിച്ചു ബോധം നശിച്ച ആൻഡ്രു, ചിലപ്പോൾ പഴയ പരിചയം വച്ച് അയാളെ കാറിൽ കയറ്റിയതാകും. അയാൾ ആൻഡ്രുവിനെ അപകടത്തിൽ പെടുത്തി കാണും. നല്ലൊരു ഡ്രൈവറായ ആൻഡ്രു ഒരിക്കലും ഇങ്ങനെ ഹാർഷ് ഡ്രൈവ് ചെയ്ത് അപകടം വരുത്തില്ലായെന്ന് ആരോണിന് ഉറപ്പുണ്ടായിരുന്നു. ബുദ്ധിമാനായ സഞ്ജീവ് എന്തെങ്കിലും തന്ത്രത്തിലൂടെ അവന്റെ ശ്രദ്ധ മാറ്റി കാണും, എന്നിട്ട് സഞ്ജീവ് കാറിൽ നിന്നും പുറത്തേയ്ക്കു ചാടി രക്ഷപെട്ടു കാണും.
“സഞ്ജീവ്. അവനെന്റെ മകനെ കൊന്നതാണ്, അതെനിക്ക് ഉറപ്പാണ്. അവനൊരു ക്രിമിനൽ മനസ്സുള്ള പോലീസുകാരനല്ലേ. അവൻ ദേവിയെ കൊല്ലാൻ ശ്രമിച്ചത് ഈ ലോകം മുഴുവൻ ക്യാമറയിൽ കണ്ടതല്ലേ, അവളെ കൊല്ലാനും മാത്രം എന്ത് വൈരാഗ്യമാണ് അവനവളോട് ഉണ്ടായിരുന്നത്. “
“പപ്പാ അയാൾക്ക് ദേവിയോട് വല്ലാത്ത പ്രണയമായിരുന്നു. മറ്റു പുരുഷന്മാരോട് ദേവി ഇടപെടുന്നതൊന്നും അയാൾക്കിഷ്ടമായിരുന്നില്ല. ഇതിനെക്കുറിച്ച് രാഹുലിനോട് പോലും അയാൾ ഭീഷണിയുടെ സ്വരത്തിൽ പലപ്പോഴും സംസാരിച്ചിരുന്നു. “
“പ്രണയമോ? അവന് എന്ത് പ്രണയം. പ്രണയമെന്താണെന്നു എന്നെ ആരും പഠിപ്പിക്കേണ്ടതില്ല. അവൻ സ്ത്രീകളോട് പൊതുവെ അങ്ങനെയാണ് ഇടപെടാറുള്ളത്. ദേവിയല്ലെങ്കിൽ മറ്റൊരു പെണ്ണ്, അത്രമാത്രം. അവൻ വളർന്നു വന്ന ജീവിത സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. “
ആരോൺ മാലതിയുടെ മുഖത്തേയ്ക്കു നോക്കി.
“ഇനി അവനു ദേവിയോട് കടുത്ത പ്രണയമായിരുന്നുവെന്നു തന്നെ കരുതുക, സ്നേഹിച്ച പെണ്ണിനെ ഇങ്ങനെയാക്കെ ഉപദ്രവിക്കാൻ സ്നേഹമുള്ള ഒരാണിന് കഴിയുമോ?അവളെ കൊല്ലാൻ കഴിയുമോ, വേണ്ട ഒന്ന് നുള്ളി നോവിയ്ക്കാൻ കഴിയുമോ, അവന് ഭ്രാന്താണ് മുഴു ഭ്രാന്ത്. “
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ മാത്യു കിതയ്ക്കാൻ തുടങ്ങി. അത് പിന്നീട് കരച്ചിലായി മാറി. ആരോണും മാലതിയും അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ആൻഡ്രു ആശുപത്രിയിലേക്ക് എന്നും പറഞ്ഞ് ആ വീട്ടിൽ നിന്നിറങ്ങി പോയിട്ട് അപ്പോഴേക്കും ഒരു ദിവസം കഴിഞ്ഞിരുന്നു.
ദേവിയ്ക്ക് ആ വീട്ടിലെ പുതിയ അവസ്ഥ താങ്ങാനായില്ല. ആകെയൊരു മൂകതയാണ് വീട്ടിൽ. രണ്ടു ദിവസമായി അവൾ ആശുപത്രിയിൽ ഒരേ കിടപ്പാണ്. ദേവിയുടെ ജീവന് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് വീട്ടുകാർ ഇപ്പോഴും കരുതുന്നു. സഞ്ജീവ് ഇനിയും പിടിക്കപ്പെട്ടിട്ടില്ല. അയാളിപ്പോഴും ഒളിവിലാണ്. അയാൾ ബുദ്ധിമാനും ക്രൂരനുമാണ്.
അവളുടെ സുരക്ഷയെ കരുതിയാണ്, ആശുപത്രിയിൽ നിന്നും നിർബന്ധിത ഡിസ്ചാർജ് വാങ്ങി വീട്ടിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്. അവളുടെ പരിചരണത്തിനായി കൂടെ എപ്പോഴുമൊരു നഴ്സുമുണ്ട്.
ബെഡിൽ കിടന്നു കണ്ണീർ വാർക്കുന്ന ദേവിയെ കണ്ടു കൊണ്ടാണ് സുമതി മുറിയിലേയ്ക്കു കടന്നു വന്നത്. സുമതി ദേവിയുടെ അടുത്തിരുന്നു.
“മോൾ വിഷമിക്കേണ്ട. വാളെടുത്തവൻ വാളാൽ.. എന്നല്ലേ ചൊല്ല്, ആൻഡ്രുവിനും അത് തന്നെ സംഭവിച്ചു. ഇന്നലെ വൈകിട്ട് ഇവിടെ നിന്നും യാത്ര ചോദിച്ചു പോയ ആൻഡ്രു എവിടെ പോയി എന്ന് പോലീസ് അന്വേഷിക്കാത്തത് എന്താണ്. അത് കണ്ടു പിടിച്ചാൽ എല്ലാത്തിനും അവർക്ക് ഉത്തരം കിട്ടില്ലേ. “
“അക്കാ പോലീസ് അത് അന്വേഷിച്ചു കണ്ടെത്തുക തന്നെ ചെയ്യും. എന്റെ സങ്കടം അതല്ല, പഴയ ആൻഡ്രു ആയിരുന്നു മരിച്ചതെങ്കിൽ ഞാൻ സന്തോഷിച്ചേനെ. ഇത്ര നാളും ഞാൻ അയാളെ എന്റെ ശത്രുവിനെ പോലെയാണ് കണ്ടിരുന്നത്, പക്ഷെ ഇപ്പോൾ… എനിക്കൊരു അപകടം പറ്റിയെന്നറിഞ്ഞപ്പോൾ എന്റെ അടുത്തേയ്ക്ക് ഓടി വന്നില്ലേ, ചെയ്ത തെറ്റുകൾക്ക് മാപ്പു പറഞ്ഞില്ലേ. എനിക്കെല്ലാ സഹായവും വാഗ്ദാനം ചെയ്ത് അവർ രണ്ടു പേരും ചേട്ടന്മാരെ പോലെ എൻ്റെ കൂടെ നിന്നില്ലേ. ഇപ്പോൾ അവരിലൊരാൾ കൂടെയില്ല എന്നറിയുമ്പോൾ, ഇനി ഒരിക്കലും മടങ്ങി വരില്ല എന്നോർത്തപ്പോൾ…. “
“മോള് സങ്കടപ്പെടാതെ, കർമ്മഫലം എന്നൊന്നില്ലേ, ആൻഡ്രു മുമ്പ് അത്ര മഹാനൊന്നുമല്ലായിരുന്നല്ലോ, മരണം ആരെയും വിശുദ്ധരാക്കില്ലല്ലോ മോളേ. “
സുമതിയുടെ വാക്കുകൾ ദേവിയെ ചിന്തിപ്പിച്ചു. നിധിന്റെ കുടുംബം തകർത്ത് കളഞ്ഞത് ആരാണ്?അത് ആൻഡ്രു ആയിരുന്നില്ലേ, നിധിൻ മരിക്കുന്നത് വരെ ആൻഡ്രുവിനോടുള്ള പക മനസ്സിൽ വയ്ക്കുമെന്ന് ദേവിയ്ക്കറിയാം. ഇനിയിപ്പോൾ നിധിനെങ്ങാനുമാണോ.. ആ കൊല ചെയ്തത്.
ദേവി അപ്പോൾ ചിന്തിച്ചത് ആ കാറപകടത്തെക്കുറിച്ചാണ്.
ആരായിരിക്കാം ആൻഡ്രുവിൻ്റെ സഹയാത്രികൻ. സീറ്റിൽ കണ്ട നീളൻ കൃത്രിമ മുടിയെക്കുറിച്ച് പോലീസുകാർ പറയുകയുണ്ടായി. ആരായിരിക്കാം വേഷം മാറി യാത്ര ചെയ്തത്. സഞ്ജീവോ? നിധിനോ?അപരിചിതർക്ക് രാത്രിയിൽ ആൻഡ്രു ഒരു ലിഫ്റ്റ് നൽകാൻ ഒരു സാദ്ധ്യതയുമില്ല. അപ്പോൾ ആരായിരിക്കും കൊലപാതകി.
പൊലീസിന് മന്ത്രി തലത്തിൽ നിന്നും നല്ല സമ്മർദ്ദം വന്നു. ആൻഡ്രുവിന്റെ മരണത്തെക്കുറിച്ചു പെട്ടെന്ന് കാര്യമായ അന്വേഷണം നടത്താൻ. പ്രതിയെ ഉടനടി കണ്ടു പിടിക്കാൻ, അന്വേഷണം മുറുകി. ആൻഡ്രുവിന്റെ മൊബൈൽ ഫോണിൻ്റെ ടവർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ആശുപത്രിയിൽ നിന്നും ആൻഡ്രു നേരെ പോയത് വിമൽ താമസിക്കുന്ന ഹൗസിങ് കോളനിയിലാണ്. അവിടെ അയാൾ ഒരു മണിക്കൂറോളം ചെലവഴിച്ചതായി തെളിവുണ്ട്. അവിടെ വന്നു ചേർന്ന ആ കറുത്ത കാറിലോ ജീപ്പിലോ ആയിരിക്കാം അയാളവിടെ എത്തി ചേർന്നത്.
ആൻഡ്രു എന്തിനാണ് വിമലിന്റെ വീട്ടിലെത്തിയത്. ആൻഡ്രു അവിടെ ഉണ്ടായിരുന്ന സമയത്താണ് വിമലിന്റെ മരണം സംഭവിച്ചത്. വിമലിന്റെ മരണത്തിൽ ആൻഡ്രുവിനും പങ്കുണ്ടാകും. അതിന്റെ പ്രതികാരമായിയിട്ടാകും അതേ ദിവസം തന്നെ ആൻഡ്രു കൊല്ലപ്പെട്ടത്. ആരായിരിക്കും ആൻഡ്രുവിനെ കൊന്നത്? സഞ്ജീവാണോ?അയാളിപ്പോഴും ഒളിവിലാണല്ലോ.
പോലീസുകാരിൽ പലരും ഇപ്പോഴും ആൻഡ്രുവിന്റെ കൊലയ്ക്കു കാരണം സഞ്ജീവാണെന്നു കരുതുന്നു. സഞ്ജീവിനോടൊപ്പം പല സ്റ്റേഷനിലും ജോലി ചെയ്തവർക്ക് സഞ്ജീവിന്റെ യഥാർത്ഥ സ്വഭാവം അറിയാമായിരുന്നു. പൊതുവേ എല്ലാവരോടും ശത്രുതയും വൈരാഗ്യവും ക്രൂരതയും കാണിച്ചിരുന്ന സഞ്ജീവിന്റെ ചരിത്രം പോലീസുകാരുടെ ഇടയിൽ ചർച്ചയുണ്ടായി.
“സഞ്ജീവ് സാർ അങ്ങനെ ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. അദ്ദേഹം നമ്മുടെ മേലുദ്യോഗസ്ഥനാണ്. “
ഇൻസ്‌പെക്ടർ രമേഷ് ചിരിച്ചു കൊണ്ട് പോലീസുകാരോട് ചോദിച്ചു.
“സഞ്ജീവ് സാർ അങ്ങനെ ചെയ്യാൻ സാധ്യതയുണ്ട്. കാരണം വിമൽ സാർ സഞ്ജീവ് സാറിന്റെ അടുത്ത സുഹൃത്താണ്. സഞ്ജീവ് സാർ ഇനിയും പുറത്തു നില്ക്കുന്നത് അപകടമാണ്, കസ്റ്റഡിയിൽ എടുക്കണം. “
ഒരു പോലീസുകാരൻ പറഞ്ഞു.
“അതേ സാർ, ഇനിയും കൊലപാതകങ്ങൾ തുടർന്ന് നടന്നാൽ നമ്മുടെ ജോലി കൂടുതലാകും. എത്രയും പെട്ടെന്ന് സഞ്ജീവ് സാറിനെ പിടിയ്ക്കണം. “
“നമ്മുടെ ബോസ് ഒക്കെ ആയിരുന്നു സഞ്ജീവ് സാർ, സാറിനോട് സ്നേഹമുണ്ട്. പക്ഷെ അയാളിപ്പോൾ ഒരു ക്രിമിനലാണ്. നമ്മുടെ നിലനിൽപ്പ് നമ്മൾ നോക്കണ്ടേ സാറേ. “
പോലീസുകാർ എല്ലാം ഒറ്റക്കെട്ടായി സഞ്ജീവിനെതിരെ തിരിഞ്ഞു.
രമേഷ് അതിശയിച്ചു, എത്ര പെട്ടെന്നാണ് എല്ലാവരും സഞ്ജീവിനെതിരെ തിരിഞ്ഞത്. മുൻപൊക്കെ എല്ലാവർക്കും അയാളെ ബഹുമാനമായിരുന്നു, ഭയം കൊണ്ടുള്ള ബഹുമാനം, തനിക്കും അയാളെ ഭയമായിരുന്നു. എല്ലാവരും അയാളെ സഹിക്കുകയായിരുന്നു. ഇനിയിപ്പോൾ അയാളെ സഹിക്കണ്ട ആവശ്യം ആർക്കുമില്ല. അയാളൊരു കുറ്റവാളിയാണ്, അയാൾ സർവീസിൽ നിന്നും താമസിയാതെ പുറത്തു പോകും.
അയാളെ എത്രയും പെട്ടെന്ന് കണ്ടെത്തണം. വീണ്ടും ഹൗസിങ് കോളനിയിൽ പോകണം. വഴിയിലുള്ള സി സി ടി വി ക്യാമറകൾ പരിശോധിക്കണം. ആ വണ്ടികൾ ഏതെന്നു കണ്ടെത്തണം.
വനിതാ എസ് ഐ യും കൂട്ടരും ഒരിക്കൽ കൂടി ദേവിയെ ചോദ്യം ചെയ്യാൻ അവളുടെ വീട്ടിലേയ്ക്കു പോയി. ചോദ്യം ചെയ്യൽ അത്ര സുഗമമല്ല. ആൻഡ്രുവിന്റെ മരണം കൂടി സംഭവിച്ചതോടെ ബന്ധുക്കളും സുഹൃത്തുക്കളും അക്രമാസക്തരാണ്.
പ്രണവിന്റെ വീട്ടിലേയ്ക്കു ഒരു പോലീസ് ജീപ്പ് കയറി പോകുന്നത് അടുത്തുള്ള വാടക വീട്ടിലിരുന്നു കൊണ്ട് നിധിൻ കാണുന്നുണ്ടായിരുന്നു.
“പി ബി, ഒടുവിൽ അവർ ആ കറുത്ത ഹോണ്ട സിറ്റി കണ്ടു പിടിച്ചു. “
“സാരമില്ല, പ്രണവ് നല്ലൊരു അഭിനേതാവാണ്. നമ്മൾ പറഞ്ഞു കൊടുത്തതൊക്കെ അയാൾ അവരോട് പറയും. “
ഏജന്റ് പി ബി യും ഒരു ഹിന്ദിക്കാരനും ജനലിലൂടെ പ്രണവിന്റെ വീടിന്റെ മുറ്റത്തേയ്ക്ക് ഒളിഞ്ഞു നോക്കി കൊണ്ട് നിന്നു. ജീപ്പിൽ നിന്നും മൂന്നു പോലീസ്കാരും കൂടെ ഇൻസ്‌പെക്ടർ രമേഷും ഇറങ്ങി. രമേഷ് കോളിംഗ് ബെല്ലിൽ കയ്യമർത്തി. അവരുടെ മുന്നിൽ വാതിൽ തുറക്കപ്പെട്ടു. അനുപമയാണ് വാതിൽ തുറന്നത്.
“പ്രണവ് ഇല്ലേ ഇവിടെ. “
പ്രണവ് ഇറങ്ങി വന്നു. എല്ലാവരും കസേരയിൽ ഇരുന്നു. ജോലിക്കാരി അവർക്കായി ചായ കൊണ്ട് കൊടുത്തു.
“പ്രണവ്, നിങ്ങളുടെ കുടുംബത്തിൽ കയറി ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ എനിക്കിഷ്ടമല്ല, പിന്നീട് ഇതൊക്കെ വൈറൽ ന്യൂസ് ആയി മാറും.. ചോദിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു. “
“എന്താ സാർ. “
“പ്രണവിന്റെ കറുത്ത ഹോണ്ട സിറ്റി കാർ എവിടെ?”
“അത് ദേവി കിടന്നിരുന്ന ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ കിടക്കുകയാണ് സാർ. അനുപമ ആ കാർ ദേവിയെ കാണാൻ വീട്ടിൽ നിന്നും എടുത്തു കൊണ്ട് പോയതാണ്. മടങ്ങി വന്നത് എന്റെ കാറിലാണ്. ഞങ്ങൾ അവിടെ നിന്നും ഒന്നിച്ചൊരു പാർട്ടിയിൽ പങ്കെടുക്കാൻ പോയി. രണ്ട് ദിവസമായി കാർ അവിടെ കിടക്കുന്നു. ഇന്നലെ പോയി എടുക്കാമെന്ന് കരുതിയതാണ്, അപ്പോഴാണ് ആൻഡ്രുവിന്റെ മരണവും ദേവിയുടെ തിടുക്കത്തിലുള്ള ഡിസ്ചാർജും നടന്നത്. കാറിപ്പോഴും അതേ പാർക്കിംഗ് സ്ലോട്ടിൽ കിടപ്പുണ്ട്. ഞാനിന്നലെ തന്നെ അവരെ വിളിച്ചു അന്വേഷിച്ചിരുന്നു. എന്താ സാർ. “
“ആ കാറിന്റെ കീ എവിടെ. “
“അതൊക്കെ സുരക്ഷിതമായി അനുപമയുടെ കയ്യിലുണ്ട്. “
പ്രണവ് അനുപമയെ വിളിച്ചു.
“നമ്മുടെ കറുത്ത കാറിന്റെ താക്കോലെവിടെ. “
അനുപമ തന്റെ ഹാൻഡ് ബാഗിൽ നിന്നും കീ എടുത്തു പ്രണവിന് കൊടുത്തു.
“ഇതിനൊരു സ്പെയർ കീ കാണില്ലേ. “
“ഇല്ല സാർ, ആ കീ ഞാൻ ആശുപത്രിയിൽ കിടന്നിരുന്ന സമയത്ത് അനുപമയുടെ കയ്യിൽ നിന്നും നഷ്ടപെട്ടിട്ടുണ്ട്. ഞങ്ങളിവിടൊക്കെ കുറെ അന്വേഷിച്ചു, പിന്നെ ഞങ്ങൾ ആ കാര്യം മറന്നു. “
“വിമലിന്റെ വീടിനടുത്തുള്ള റോഡിൽ കിടക്കുന്ന പ്രണവിന്റെ കാർ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രണവ് പറഞ്ഞതെല്ലാം ഞാൻ വിശ്വസിച്ചിട്ടില്ല. “
“സർ കോടതിയിൽ തെളിവുകൾക്കാണല്ലോ പ്രധാന്യം. അനുപമ കാറും കൊണ്ട് പോകുന്നതും കാർ ആശുപത്രിയിൽ പാർക്ക് ചെയ്യുന്നതും എല്ലാം അവിടത്തെ ക്യാമറയിൽ പതിഞ്ഞു കാണുമല്ലോ. ഞങ്ങൾ പങ്കെടുത്ത പാർട്ടി ദൃശ്യങ്ങളും ക്യാമറയിൽ ഉണ്ട്. ഒരു പക്ഷെ, ഞങ്ങളുടെ കാർ പോലെ മറ്റൊരു കാർ ആയി കൂടെ സാർ. ഞങ്ങളെ ഇതിൽ പെടുത്താനായി മറ്റാരെങ്കിലും… “
പോലീസ് പരിശോധനയിൽ പ്രണവിന്റെ കാർ ആശുപത്രി മുറ്റത്ത് കിടപ്പുണ്ട്. ആ സമയത്ത് ആൻഡ്രുവിന്റെ കാറിനടുത്തായി കറുത്ത മറ്റൊരു കാർ കിടക്കുന്നതും, അതിൽ ആൻഡ്രു കയറുന്നതും തെളിവായി ക്യാമറയിൽ നിന്നും കിട്ടി. അപ്പോഴും പ്രണവിൻ്റെ കാർ അവിടെ തന്നെ കിടക്കുകയാണ്. ആൻഡ്രു കയറി പോയത് മറ്റൊരു ഹോണ്ട സിറ്റി കാറിലാണ്. പക്ഷേ രണ്ടിനും ഒരേ നമ്പർ, പ്രണവിൻ്റെ നമ്പർ ഫേക്ക് ആയി മറ്റേ കാറിലും ഉപയോഗിച്ചിരിക്കുന്നു.
പോലീസ് ജീപ്പിൽ കയറിയപ്പോൾ ഒരു പോലീസ് കാരൻ തൻ്റെ അഭിപ്രായം പങ്ക് വച്ചു.
“ഇതിൽ പ്രണവ് സാറിന് പങ്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രണവ് സാറ് ഒരു സെലിബ്രിറ്റി ആയത് കൊണ്ട് മനപ്പൂർവം ആരോ അദ്ദേഹത്തെ പെടുത്താനായി ചെയ്തതാകും. “
“പക്ഷേ ആരെയും നമുക്ക് ഒരു മുൻവിധിയോടെ സമീപിക്കാൻ കഴിയില്ലല്ലോ. “
ഈ സമയം വാടക വീട്ടിലെ ഒരു ബെഡ് റൂമിൽ കസേരയിൽ ബന്ധിതനായി സഞ്ജീവ് ഇരുന്നു. രണ്ട് ദിവസമായി ഭക്ഷണം ലഭിക്കാത്തതിനാൽ അയാളാകെ തളർന്നിരുന്നു. കൈകാലുകളിലെ കെട്ടഴിച്ചാൽ പോലും ഓടി രക്ഷപ്പെടാൻ ആകാത്ത വണ്ണം ക്ഷീണിതനായി അയാൾ ചുണ്ടുകൾ അനക്കി.
“വെള്ളം വെള്ളം. “
“ലോ പാനി. “
ഹിന്ദിക്കാരൻ ഒഴിച്ച് കൊടുത്ത വെള്ളം സഞ്ജീവ് ആർത്തിയോടെ കുടിച്ചു. അയാളുടെ തളർച്ചയൊന്ന് മാറിയപ്പോൾ അയാൾ അലറി.
“എന്നെയൊന്ന് കെട്ടഴിച്ച് വിടടാ പട്ടികളെ. ഞാനൊന്ന് പുറത്ത് വരട്ടെ, എല്ലാത്തിനെയും ഞാൻ. “
കവിളിൽ ആഞ്ഞൊരടി കിട്ടിയതോടെ സഞ്ജീവിൻ്റെ ബോധം പോയി. കസേരയിൽ നിന്നും വീഴാൻ തുടങ്ങിയ സഞ്ജീവിനെ നിധിൻ കസേരയിൽ കെട്ടി വച്ചു.
“തീർത്തേക്കണം നായിൻ്റെ മോനേ. “
തിരിഞ്ഞ് നോക്കിയപ്പോൾ ദേഷ്യം തീരാതെ തരിച്ച് നിൽക്കുന്ന ഏജൻ്റ് പി ബി യെ ആണ് കണ്ടത്.
(തുടരും…. )
✍️✍️നിഷ പിള്ള

