Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഏതോ ജന്മ കൽപ്പനയിൽ പോയ് മറഞ്ഞ താരകം
അറിവുകൾ ജീവിതം സംഗീതം സിനിമ

ഏതോ ജന്മ കൽപ്പനയിൽ പോയ് മറഞ്ഞ താരകം

By Jayasree JohnAugust 18, 2025Updated:September 21, 202516 Comments7 Mins Read139 Views
Bookmark Now
Please login to bookmark Close

No account yet? Register

മലയാളികളുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയതിൽ ‘മലയാളത്തിന്റെ ജോൺ വില്യംസ്’ എന്നറിയപ്പെട്ട ജോൺസൺ മാസ്റ്ററോട് എന്നും നാം കടപ്പെട്ടിരിക്കുന്നു.   അനുരാഗിണി ഇതാ, മെല്ലെ മെല്ലെ മുഖപടം, പവിഴം പോൽ, സ്വർണ്ണമുകിലേ, രാജഹംസമേ, ശ്യാമാംബരം, മന്ദാര ചെപ്പുണ്ടോ, പൊന്നുരുകും പൂക്കാലം, തങ്കത്തോണി, കണ്ണീർപ്പൂവിന്റെ, ആടി വാ കാറ്റേ.. എന്നിങ്ങനെ എത്ര പറഞ്ഞാലും പാടിയാലും തീരാത്ത, ലളിത സുന്ദരമായ, ഹൃദയത്തിൽ തൊടുന്ന 700 ൽ പരം മനോഹര ഗാനങ്ങളാണ് ജോൺസൺ മാസ്റ്റർ നമുക്ക് സമ്മാനിച്ചത്. ഗൃഹാതുരത്വത്തിന്റെയും പ്രണയത്തിന്റെയും വിഷാദത്തിന്റെയും വിരഹത്തിന്റെയും ഭാവങ്ങൾക്ക്, മലയാള മനസുകളിൽ ജോൺസൺ മാസ്റ്ററിന്റെ ഈണങ്ങളുടെ മാസ്മരികതയാണ്..

തൃശ്ശൂർ നെല്ലിക്കുന്നിൽ ആന്റണിയുടെയും മേരിയുടെയും പുത്രനായി ജനിച്ച ജോൺസൺ, ഇടവക പള്ളിയിലെ ഗായകസംഘത്തിലൂടെയാണ് തൻ്റെ സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. തൻറെ പതിനഞ്ചാമത്തെ വയസ്സിൽ സുഹൃത്തുക്കളോടൊപ്പം രൂപീകരിച്ച ‘വോയിസ് ഓഫ് തൃശ്ശൂർ’ എന്ന സംഗീത ക്ലബ് പിൽക്കാലത്ത് കേരളത്തിലെ തന്നെ മികച്ച സംഗീത ഗ്രൂപ്പുകളിൽ ഒന്നായി മാറി. പ്രശസ്ത പിന്നണിഗായകൻ പി  ജയചന്ദ്രന്റെ ഗാനമേളകളിൽ ഉപകരണ സംഗീതം കൈകാര്യം ചെയ്തതിലൂടെ ഉള്ള പരിചയം സൗഹൃദമായി മാറിയതാണ് സിനിമ സംഗീത ലോകത്തേക്ക് ശ്രദ്ധ തിരിയാൻ കാരണം. ജയചന്ദ്രനിലൂടെയാണ് ജോൺസൺ മാസ്റ്റർ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുന്നതും അങ്ങനെ മദ്രാസിൽ എത്തിച്ചേരുന്നതും. ശേഷം ചരിത്രം.

ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റായി 4 വർഷം പ്രവർത്തിച്ചതിന് ശേഷം 1978ലാണ് ഭരതന്റെ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കി, സ്വാതന്ത്ര്യ സംഗീത സംവിധായകനായി മാറുന്നത്. 81 ലെ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നു തുടങ്ങിയ ഈ സംഗീതയാത്ര മലയാളികളുടെ സൗഭാഗ്യമായി മാറി.

പത്മരാജൻ, ഭരതൻ, മോഹൻ, സിബി മലയിൽ, ലോഹിതദാസ്, കമൽ അവരുടെ സിനിമകൾ സ്ഥിരം സാന്നിധ്യം ആയിരുന്നു ജോൺസൺ മാസ്റ്റർ. ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയിൽ ആരംഭിച്ച ജോൺസൺ – പത്മരാജൻ കൂട്ടുകെട്ട് പിന്നീട് വന്ന മിക്ക പത്മരാജൻ സിനിമകളിലും തുടർന്നു. ആടി വാ കാറ്റേ,  പവിഴം പോൽ, ആകാശമാകെ,  പാലപ്പൂവേ, ദേവാങ്കണങ്ങൾ എന്നിങ്ങനെ ഒരുപിടി മനോഹര ഗാനങ്ങളാണ് ഇതിലൂടെ  മലയാളികൾക്ക് ലഭിച്ചത്.

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നിരവധി ചിത്രങ്ങൾക്ക് ഈണം പകർന്നത് ജോൺസൺ മാസ്റ്റർ ആണ്. സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം  ഏറ്റവും കൂടുതൽ ഗാനങ്ങളൊരുക്കിയതും. ഗ്രാമീണ നിഷ്കളങ്കതയുടെ പശ്ചാത്തലത്തിലുള്ള ഈ ലളിതമനോഹര നർമചിത്രങ്ങൾക്ക് പ്രത്യക ചാരുത പകരുന്നതിൽ ജോൺസൺ മാസ്റ്റരുടെ സംഗീതത്തിന്റെ പങ്ക് ചെറുതല്ല. കുന്നിമണി ചെപ്പു തുറന്ന്, ജന്മങ്ങൾ എൻറെ കൺമുന്നിൽ, തങ്കത്തോണി, പള്ളിത്തേരുണ്ടോ, വെള്ളാരപ്പൂമല മേലേ, ആകാശഗോപുരം, താനെ പൂവിട്ട മോഹം, മായപ്പൊന്മാനെ, പീലിക്കണ്ണെഴുതി, തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി, വെണ്ണിലാവോ ചന്ദനമോ, ആദ്യമായ് കണ്ടനാൾ, എത്രനേരമായ് ഞാൻ.. എന്നിങ്ങനെ എത്രയോ മനോഹരമായ ഗാനങ്ങൾ! ഇവയിൽ പല ഗാനങ്ങളും രചിച്ചതും സത്യൻ അന്തിക്കാടാണ് .

ജോൺസൺ മാസ്റ്റർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയിട്ടുള്ളത് കൈതപ്രമാണ്. കൈതപ്രം – ജോൺസൺ കൂട്ടുകെട്ടിൽ 196 ഗാനങ്ങളാണ് പിറന്നത്. കണ്ണീർ പൂവിൻറെ, ശ്യാമാംബരം, തങ്കത്തോണി, ആകാശഗോപുരം, പാതിമെയ് മറഞ്ഞതെന്തേ, മായപ്പൊന്മാനെ, ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ, പാലപ്പൂവേ, മഞ്ചാടി മണികൊണ്ട്, നീലരാവിലിന്നു, മൗനസരോവരം, രാജഹംസമേ, രാഗദേവനും, മധുരം ജീവാമൃത ബിന്ദു, ചന്ദനച്ചോലയിൽ മുങ്ങി നീരാടി, എന്തേ കണ്ണന് കറുപ്പ് നിറം, എന്നിവയെല്ലാം അവയിൽ ചിലതു മാത്രം. ഈ സൂപ്പർഹിറ്റ് ജോഡിയെ ഇവർ രണ്ടുപേരാണെന്നറിയാതെ കൈതപ്രം ജോൺസൺ എന്ന ഒറ്റപേരിൽ വിളിക്കുമായിരുന്നു അക്കാലത്ത് എന്ന് കൈതപ്രം പിന്നീട് പറഞ്ഞിട്ടുണ്ട്.

സന്ദർഭത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കാൻ ജോൺസൺ മാസ്റ്ററിനുള്ള അതുല്യവൈഭവം തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിവയുടെ പ്രസിദ്ധമായ പശ്ചാത്തല സംഗീതത്തിലൂടെ നാം കേട്ടറിഞ്ഞതാണ്. മഴയെയും ക്ലാരയെയും, ജയകൃഷ്ണന്റെയും ക്ലാരയുടെയും അനിർവചനീയമായ ബന്ധത്തെയും നാം ഇത്രകണ്ട് സ്നേഹിക്കാൻ കാരണം, പെരുമഴയിലൂടെ കുടയും ചൂടി ക്ലാര നടന്നുവരുമ്പോൾ കേൾക്കുന്ന ആ പശ്ചാത്തല സംഗീതം തന്നെയല്ലേ? പ്രണയത്തിന്റെയും ചേർത്തുനിർത്തലിന്റെയും തീവ്ര ഭാവങ്ങളാണ്, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളുടെ തീം മ്യൂസിക് പകർന്നു തരുന്നത്. വന്ദനത്തിലെ ‘ലാലാ.. ലാലാ’ എന്ന പ്രണയവും വിരഹവും ഇഴ കലർന്ന ബിജിഎം മറ്റൊരു ഉദാഹരണം. അനിർവാച്യമായ അനുഭൂതികൾ പകരുന്ന ജോൺസൺ മാജിക്.

1994, 95 വർഷങ്ങളിൽ പശ്ചാത്തല സംഗീതത്തിന് രണ്ട് തവണ അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. സുകൃതം, പൊന്തന്മാട എന്നീ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.  ഈ വിഭാഗത്തിൽ രണ്ടു തവണ ദേശീയ അവാർഡ് മറ്റൊരു മലയാളിയും കരസ്ഥമാക്കിയിട്ടില്ല.  പൊന്തന്മാടയിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡും അദ്ദേഹത്തിൻറെ ലഭിച്ചിരുന്നു. കേരള സംസ്ഥാന അവാർഡ് 5 തവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. സല്ലാപം, സദയം എന്നീ ചിത്രങ്ങളിലൂടെ രണ്ടുതവണ മികച്ച പശ്ചാത്തല സംഗീതത്തിനും അങ്ങനെ ഒരു അവധിക്കാലത്ത്, മഴവിൽക്കാവടി/വടക്കുനോക്കിയന്ത്രം, ഓർമ്മയ്ക്കായി,  എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനത്തിലൂടെ 3 തവണയും.

ജോൺസൺ മാസ്റ്ററുടെ പ്രിയപ്പെട്ട ഗാനങ്ങൾ ഏതൊക്കെ എന്ന് ചോദിച്ചാൽ ഓരോ മലയാളിയും തിരഞ്ഞെടുക്കുക, വ്യത്യസ്തമായ ഗാനങ്ങളുടെ ഒരു പട്ടികകൾ തന്നെയായിരിക്കും. ഇത്രയധികം മനോഹര ഗാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് സാരം. അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ജനപ്രീതിയും വ്യത്യസ്തതയും മേന്മയും തന്നെയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ഒരിക്കൽ ഒരു അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം തന്നെ, താൻ ഈണം നൽകിയ ഗാനങ്ങളിൽ നിന്ന് തനിക്ക് പ്രിയപ്പെട്ട 13 എണ്ണം തിരഞ്ഞെടുത്തിട്ടുണ്ട്.

1. ആടി വാ കാറ്റേ.. പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ… 

പത്മരാജൻ ചിത്രങ്ങൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകി തുടങ്ങുന്നത് കൂടെവിടെ എന്ന ചിത്രം മുതൽക്കാണ്. ഈ ചിത്രത്തിനു വേണ്ടി ഒഎൻവി കുറുപ്പ് രചിച്ച്  എസ് ജാനകി ആലപിച്ച ഒരു മനോഹര ഗാനമാണ് ഇത്. ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്, പിൽക്കാലത്ത് മലയാളികളുടെ പ്രിയ നായികയായി മാറിയ സുഹാസിനിയും അക്കാലത്തെ യുവത്വത്തിന്റെ പ്രതീകമായി മാറിയ റഹ്മാനും ആണ്. കൂടെവിടെ റഹ്മാന്റെ ആദ്യ സിനിമയും സുഹാസിനിയുടെ ആദ്യ മലയാള സിനിമയും ആയിരുന്നു.

2. നീ നിറയൂ
ജീവനിൽ പുളകമായ്
ഞാൻ പാടിടാം
ഗാനമായ് ഓർമ്മകൾ

പ്രേമ ഗീതങ്ങൾ എന്ന ചിത്രത്തിനുവേണ്ടി ദേവദാസ് ഗാനരചന നടത്തി യേശുദാസ് പാടിയ ഗാനമാണ് “നീ നിറയു”. യമുനാ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ജോൺസൺ മാസ്റ്ററുടെ ആദ്യകാല ഹിറ്റുകളിൽ ഒന്നാണ്. ജോൺസൺ മാസ്റ്റർ ആദ്യമായി ഈണം നൽകിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലെ ഗാനം അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന ജയിൽ, പാർവതി, പ്രേമഗീതങ്ങൾ എന്നീ ചിത്രങ്ങളോടുകൂടിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. യേശുദാസ്, ജോൺസൺ മാസ്റ്റർക്ക് വേണ്ടി ആദ്യമായി പാടുന്നതും ഈ ചിത്രത്തിലാണ്.

3. സ്വപ്നം വെറുമൊരു സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

പ്രേമ ഗീതങ്ങൾ എന്ന സിനിമയിലെ തന്നെ മറ്റൊരു പ്രസിദ്ധഗാനമാണിത്. പീലു രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം എഴുതിയിരിക്കുന്നത് ദേവദാസും ആലപിച്ചിരിക്കുന്നത് യേശുദാസും ജാനകിയും ചേർന്നുമാണ്. സ്വപ്നം എന്ന വാക്കിൽ തുടങ്ങുന്ന പല്ലവിയുള്ള പാട്ട്  ഉണ്ടാക്കാമോ എന്ന സംവിധായകൻ ബാലചന്ദ്രമേനോന്റെ ചോദ്യത്തിന് ഉത്തരമായി ജോൺസനും ദേവദാസും  കൂടി സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്.  പ്രേം നസീറിന്റെ മകനായ, അടുത്തിടെ അന്തരിച്ച ഷാനവാസിനൊപ്പം അംബികയാണ് ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

4. പൂവേണം പൂപ്പടവേണം… പൂവിളിവേണം

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ഭരതൻ ചിത്രത്തിലേതാണ്  ഈ ഗാനം. യേശുദാസും ലതികയും ചേർന്ന് മനോഹരമാക്കിയ ഈ ഗാനത്തിന്റെ വരികൾ ഒ എൻ വി കുറുപ്പിന്റേതാണ്. ജോൺസൺ മാസ്റ്ററിന്റെ ആദ്യ ഹിറ്റായ ‘പാർവതി’യുടെ സംവിധായകനും ഭരതൻ ആയിരുന്നു. ആ ചിത്രത്തിലെ ‘കുറുനിരയോ’ എന്ന ഗാനം റിക്കോഡിങ്ങിന് ശേഷം ആദ്യമായി കേട്ടപ്പോൾ ഭരതൻ  ഓടിച്ചെന്നു ജോൺസനെ കെട്ടിപ്പിടിച്ചു മൂർധാവിൽ ഉമ്മവച്ച്  “എടാ, നീയാണ് മന്നൻ. ഇനിയങ്ങോട്ട് നിന്റെ സംഗീതകാലം.” എന്ന് പറഞ്ഞത്രേ. എന്തായാലും ഭരതന്റെ വാക്കുകൾ യാഥാർഥ്യമായി എന്നതിന് നമ്മളെല്ലാം സാക്ഷികൾ.

5. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലേതുതന്നെയാണ് ഈ ഗാനവും. എഴുതിയിരിക്കുന്നത് ഒഎൻവിയും പാടിയിരിക്കുന്നത് യേശുദാസും.

”ഒരു കുടന്ന നിലാവിന്റെ കുളിരു കോരി

നെറുകയിൽ അരുമയായ് കുടഞ്ഞതാരോ”

എന്ന് കേൾക്കുമ്പോൾ, ഒരു പ്രണയമഴ നനഞ്ഞ ഫീൽ നിങ്ങൾക്ക്  തോന്നുന്നെങ്കിൽ അതിന്റെ പേരാണ് ജോൺസൺ മാജിക്.

6. ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി

കാറ്റത്തെ കിളിക്കൂട് എന്ന ഭരതൻ ചിത്രത്തിലേതാണ് ഈ ഗാനം. കാവാലം നാരായണപ്പണിക്കരുടെ  വരികൾക്ക് ജോൺസൺ മാസ്റ്റർ ഈണം പകർന്നപ്പോൾ തന്നെ, ‘അസാധ്യമായിട്ടുണ്ട്. ഇതിൻറെ പശ്ചാത്തലത്തിൽ വീണ മാത്രം മതി’ എന്ന് ഭരതൻ പറഞ്ഞത്രേ.. ഉടൻതന്നെ വീണ പാർത്ഥസാരഥിയെ വിളിച്ചു വരുത്തുകയും ചെയ്തു.  വീണപാർത്ഥസാരഥി എന്ന പാച്ച, വൃന്ദാവനസാരംഗ രാഗത്തിൽ ഒരു ചെറിയ ബിറ്റ് വായിച്ചു കേൾപ്പിക്കുന്നതിൽ നിന്നാണ് സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഈ ഗാനം പിറന്നത്. ജാനകിയമ്മയുടെ മധുരമായ സ്വരവും വീണാനാദവും ഇഴകലർന്ന ഈ ഗാനം മാസ്മരികമായ ഒരനുഭൂതിയാണ് പകരുന്നത്. വീണയെ ഇത്രയധികം ആവാഹിച്ച ആ മറ്റൊരു ചലച്ചിത്രഗാനം മലയാളത്തിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇതോടൊപ്പം തന്നെ എടുത്ത് പറയേണ്ട മറ്റൊരു സംഗതിയാണ്, വീണയെ നാമൊരിക്കലും ചിന്തിക്കാത്ത രീതിയിൽ ഉപയോഗിച്ച ജോൺസൺ  മാസ്റ്ററുടെ വൈഭവം. മണിച്ചിത്രത്താഴിലെ ഭീതിജനകമായ സീനുകളിൽ നാം കേൾക്കുന്ന പശ്ചാത്തലസംഗീതത്തിൽ വീണയാണ് മുന്നിട്ടു നിൽക്കുന്നത്. മറ്റൊരു ജോൺസൺ മാജിക്. വീണാനാദത്തിന് ഭയപ്പെടുത്താൻ കഴിയുമെന്ന് ആര് കരുതി!

7. ദേവാങ്കണങ്ങളിൽ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്

പത്മരാജന്റെ ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലെ  ഈ ഹിറ്റ് ക്ലാസിക് ഗാനം ജോൺസൺ മാസ്റ്ററുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി പറയപ്പെടുന്ന ഒന്നാണ്. കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം കേൾവിക്കാരനെ സംഗീതത്തിന്റെ ദേവാങ്കണങ്ങളിൽ എത്തിക്കുന്നുണ്ട്. ഈ ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. യേശുദാസിന്റെ ശബ്ദഗാംഭീര്യം ഈ ഗാനത്തിനു ഒരു പ്രത്യക ഭാവം നൽകുന്നു.

 ഈ പാട്ടിൻറെ ഉത്ഭവ സമയത്തെ ഒരു കഥ, കൈതപ്രം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗാനം ചിട്ടപ്പെടുത്തി കഴിഞ്ഞ സമയത്ത് ഞാൻ ഗന്ധർവന്റെ പ്രൊഡ്യൂസർ ആയ ഗുഡ് നൈറ്റ് മോഹന്റെ ചില സുഹൃത്തുക്കൾക്ക്  പാട്ട് വേണ്ടത്ര ക്ലാസിക്കൽ ആയില്ല എന്നൊരു തോന്നൽ ഉണ്ടായി. പാട്ട് മാറ്റണം എന്നായി അവസാനം.. ഈ ഘട്ടത്തിൽ ’ഈ പാട്ട് പടത്തിലില്ലെങ്കില്‍ ഏറ്റവും നഷ്ടം നിങ്ങള്‍ക്കായിരിക്കും. അതല്ല, മാറ്റിയേ പറ്റൂ എന്നാണെങ്കില്‍ എന്നെ മാറ്റിയേക്ക് മോഹന്‍. പപ്പേട്ടന്‍ പറഞ്ഞ ആ സിറ്റുവേഷനില്‍ ഇതിലും നല്ലൊരു ട്യൂണ്‍ ഈ ഹാര്‍മോണിയത്തില്‍ വരില്ല.’ എന്ന് ജോൺസൺ മാസ്റ്റർ പറഞ്ഞുവെന്നും അതോടെ ഈ ഗാനം തന്നെ ചിത്രത്തിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് കഥ. ഇന്ന്, ദേവാങ്കണങ്ങൾ ഇല്ലാത്ത  ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമ ചിന്തിക്കാൻ നമുക്ക് കഴിയുമോ? അത്രയ്ക്കും ഈ ഗാനം മലയാളികളുടെ സിരകളിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.

8. സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ

ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്കരൻ  രചിച്ച് ജാനകിയമ്മ പാടിയ ഒരു മനോഹര ഗാനമാണ് ഇത്.

“കരഞ്ഞോളൂ; പക്ഷെ ശബ്ദം പുറത്തുകേൾക്കരുത്. നേർത്ത മഴയായി അകത്ത് പെയ്തുകൊള്ളട്ടെ കണ്ണീർ” എന്നാണ് ഈ ഗാനം റെക്കോർഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ജാനകിയമ്മയോട് ജോൺസൺ മാസ്റ്റർ പറഞ്ഞത്. ഒരു തേങ്ങൽ പോലെ ആസ്വാദക മനസ്സിലേക്ക് അരിച്ചുകയറാൻ ഈ ഗാനത്തിന് കഴിഞ്ഞതിനു കാരണം ഈ പ്രതിഭകളുടെ സാന്നിധ്യമാണ് എന്നുറപ്പിക്കാം.

9. തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

ആഹ്ലാദം തുള്ളി തുളുമ്പുന്ന ഈ ഗാനം മഴവിൽക്കാവടി ചിത്രത്തിന് വേണ്ടി കൈതപ്രം രചിച്ച്  കെ എസ് ചിത്ര പാടിയതാണ്. 1989 ലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ചിത്രയ്ക്ക് നേടിക്കൊടുത്തതും ഈ  ഗാനം തന്നെ. ജോൺസൺ മാസ്റ്റർക്ക് ഈ ചിത്രത്തിലൂടെ  മികച്ച സംഗീതസംവിധായകനുള്ള അവാർഡും ലഭിച്ചിരുന്നു.

10. സുന്ദരിപ്പൂവിനു നാണം
സുന്ദരിപ്പൂവിനു നാണം എന്തോ
മിണ്ടുവാൻ കാറ്റിനു മോഹം

എൻറെ ഉപാസന എന്ന ചിത്രത്തിനുവേണ്ടി പൂവച്ചൽ ഖാദർ രചിച്ച് എസ് ജാനകി പാടിയതാണ് ഈ ഗാനം. ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിലെ വില്ലൻ പരിവേഷമുള്ള നായകൻ മമ്മൂട്ടി ആണെങ്കിലും, ഈ  ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് നവസ് ഷായും സുഹാസിനിയുമാണ്.

11. ശ്യാമാംബരം നീളേ
മണിമുകിലിൻ ഉള്ളിൽ
തുടിയുണരും നേരം

ഈ ഗാനം അർഥം എന്ന മമ്മൂട്ടി ചിത്രത്തിലേതാണ്. കൈതപ്രം രചിച്ച് യേശുദാസ് പാടിയ ഈ ഗാനം ഭീംപ്ലാസി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സത്യൻ അന്തിക്കാടാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

12. എന്തേ കണ്ണന് കറുപ്പ് നിറം….
കാളിന്ദിയിൽ കുളിച്ചതിനാലോ…

പല കാരണങ്ങൾ കൊണ്ടും ജോൺസൺ മാസ്റ്റർ സംഗീത സംവിധാനത്തിൽ നിന്നും മാറി നിന്ന കാലഘട്ടമായിരുന്നു 2002 – 2006. നാലുവർഷത്തെ ഈ ഇടവേളയ്ക്കുശേഷം ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്. ‘ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലെ പാട്ടുകൾക്ക് ജോൺസൺ മാസ്റ്റർ തന്നെ ഈണം പകരണം’ എന്ന രഞ്ജൻ പ്രമോദിന്റെ സ്നേഹനിർബന്ധമാണ് ഈ മനോഹരമായ പാട്ട് മലയാളികൾക്ക് ലഭിക്കാൻ കാരണമായത്. ‘എന്തേ കണ്ണന് കറുപ്പ് നിറം’ എന്ന് കൈതപ്രം എഴുതിയപ്പോൾ ജോൺസൺ മാസ്റ്ററുടെ നൽകിയ മനോഹരമായ ഈണത്തിൽ പാടി യേശുദാസ് ഈ ഗാനത്തെ അവിസ്മരണീയമാക്കി.

13. ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ

ജയരാജ് സംവിധാനം ചെയ്തു സംവിധായകൻ രഞ്ജിത്ത് നായകനായി അഭിനയിച്ച ഗുൽമോഹർ എന്ന ചിത്രത്തിലെതാണ് ഈ ഗാനം. വിജയ് യേശുദാസും ശ്വേതാ മോഹനനും ചേർന്ന് പാടിയിരിക്കുന്നതിന്റെ വരികൾ ഒഎൻവി കുറുപ്പിന്റേതാണ്.

2011 ഓഗസ്റ്റ് 18ന് ജോൺസൺ മാസ്റ്റർ നമ്മെ വിട്ടുപോയി. പക്ഷെ, മലയാളികൾക്ക് നൽകിയ അനശ്വരഗാനങ്ങളിലൂടെ അദ്ദേഹം എന്നും ഇവിടെയുണ്ടാവും.

“എതോ ജന്മകൽപ്പനയിൽ

ഏതോ ജന്മവീഥികളിൽ

ഇന്നും നീ വന്നു”

<!– wp:paragraph –>

ചിത്രത്തിന് കടപ്പാട് : മാധ്യമം

<!– /wp:paragraph –>

<!– wp:paragraph –>

<!– /wp:paragraph –>

Post Views: 51
6
Jayasree John

Editorial Team

16 Comments

  1. JINU JAMES on October 22, 2025 2:41 PM

    💖🙏

    Reply
    • Jayasree John on October 22, 2025 3:24 PM

      🙏🏽

      Reply
  2. PM Radhakrishnan on September 28, 2025 10:05 PM

    ജോൺസൻ മാസ്റ്ററെക്കുറിച്ചുള്ള ഈ വിപുലമായ പഠന-ഗവേഷണ റിപ്പോർട്ടിന് എൻ്റെ വിനീതമായ കൂപ്പുകൈ..

    Reply
    • Jayasree John on October 22, 2025 3:24 PM

      ഒത്തിരി സന്തോഷം 🙏🏽

      Reply
  3. Sabira latheefi on September 22, 2025 7:08 PM

    ഫിലിം എൻസൈക്കിളോപീഡിയ ❤️❤️

    Reply
    • Jayasree John on October 22, 2025 3:25 PM

      ❤️

      Reply
  4. Joyce on August 19, 2025 6:08 PM

    പ്രതിഭയുടെ കൈയ്യൊപ്പു പതിഞ്ഞ ഒരു പിടി ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച ജോൺസൺ മാഷെ കുറിച്ചുള്ള അനുസ്മരണം ഉചിതമായി.🙏
    അഭിനന്ദനങ്ങൾ!

    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
    അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
    ”ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
    നെറുകയിൽ അരുമയായ് കുടഞ്ഞതാരോ”

    പ്രിയപ്പെട്ട ഈ ഗാനം കേൾക്കുമ്പോൾ മനോഹരമായ Lyrics നെ അതിമനോഹരമാക്കുന്നത് വാക്കുകൾക്ക് വരദാനമായി ലഭിക്കുന്ന സംഗീതമാണെന്ന് തോന്നാറുണ്ട്.

    Reply
    • Jayasree John on October 22, 2025 3:25 PM

      തീർച്ചയായും. എന്തുമാത്രം മനോഹര ഗാനങ്ങൾ ആണല്ലേ❤️

      Reply
  5. മിനി സുന്ദരേശൻ on August 19, 2025 2:19 AM

    🙏🌹

    Reply
    • Jayasree John on August 19, 2025 11:53 AM

      😍

      Reply
    • Jayasree John on October 22, 2025 3:26 PM

      ❤️

      Reply
  6. Ramakrshnan on August 18, 2025 8:43 PM

    🙏

    Reply
    • Jayasree John on August 19, 2025 11:55 AM

      🙏

      Reply
  7. Nishiba M on August 18, 2025 1:19 PM

    നോവിന്റെ തന്ത്രികൾ മീട്ടി എങ്ങോ ഫോയ് മറഞ്ഞ താരകം. ആഴത്തിലറിഞ്ഞെഴുതിയ എഴുത്ത്…🙏

    Reply
    • Jayasree John on August 19, 2025 11:54 AM

      സ്നേഹം 😍

      Reply
      • PM Radhakrishnan on September 28, 2025 10:06 PM

        ജോൺസൻ മാസ്റ്ററെക്കുറിച്ചുള്ള ഈ വിപുലമായ പഠന-ഗവേഷണ റിപ്പോർട്ടിന് എൻ്റെ വിനീതമായ കൂപ്പുകൈ..

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.